ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
വാഷിങ്ടൺ : രാജ്യത്തെ നടുക്കിയ ക്യാപിറ്റോൾ കലാപത്തിനായി ജനങ്ങളെ പ്രേരിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. യുഎസ് ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിൽ 197നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്. പത്തു റിപ്പബ്ലിക്കൻ സ്ഥാനാർഥികളും ഡെമോക്രാറ്റുകൾക്കൊപ്പം ചേർന്നു. ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നേരത്തെ തള്ളിയിരുന്നു. ഇതോടെയാണ് യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികളിലേക്കു കടന്നത്. അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയപ്പെടുന്ന പ്രസിഡന്റ് കൂടിയാണ് ട്രംപ്. ട്രംപ് ഇനിയും സെനറ്റിൽ വിചാരണ നേരിടേണ്ടതായി വരും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.

അതേസമയം ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെതിരായി പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപ് അടുത്ത ബുധനാഴ്ച സ്ഥാനം ഒഴിയാനിരിക്കുകയാണ്. 20നു നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ സാഹചര്യത്തിൽ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. കോൺഗ്രസിലെ വോട്ടെടുപ്പിന് ശേഷം പുറത്തിറക്കിയ വീഡിയോയിൽ ട്രംപ് തന്റെ അനുയായികളോട് സമാധാനപരമായി തുടരാൻ ആഹ്വാനം ചെയ്തുവെങ്കിലും ഇംപീച്ച് ചെയ്യപ്പെട്ടുവെന്ന കാര്യം പരാമർശിച്ചിട്ടില്ല. “എന്റെ യഥാർത്ഥ പിന്തുണക്കാരാരും ഒരിക്കലും രാഷ്ട്രീയ അതിക്രമത്തെ അംഗീകരിക്കില്ല.” ട്രംപ് കൂട്ടിച്ചേർത്തു.

ഇംപീച്ച്മെന്റ് നടപടി പൂർത്തിയായാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, 1958 ലെ ഫോർമർ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച്, മുൻ പ്രസിഡന്റുമാർക്ക് അനുവദിക്കുന്ന പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും. ഇംപീച്ച്‌മെന്റിലൂടെ ഒരു യുഎസ് പ്രസിഡന്റിനെയും ഇതുവരെ സ്ഥാനത്തു നിന്ന് നീക്കിയിട്ടില്ല. ട്രംപിനെ 2019 ൽ സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി. 1998 ൽ ബിൽ ക്ലിന്റണെയും 1868 ൽ ആൻഡ്രൂ ജോൺസണെയും അങ്ങനെ തന്നെ.
അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കൂടിയ മരണനിരക്കിനാണ് ഇന്നലെ യുകെ സാക്ഷ്യംവഹിച്ചത്. ഇന്നലെ മാത്രം 1564 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേസമയം കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത് 47525 പേർക്കാണ്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 3,164,051 ആയി ഉയർന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും മാരകമായ ആഴ്ചയിലൂടെയാണ് ബ്രിട്ടൻ കടന്നുപൊയ്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ശരാശരി മരണസംഖ്യ 931 ആണ്. ഇന്നലത്തെ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ യുകെയിലെ കൊറോണ വൈറസ് ബാധ മൂലമുള്ള മരണനിരക്ക് 84767 ആണ്.എന്നാൽ വൈറസ് ബാധിതരുടെ ശരിക്കുമുള്ള മരണനിരക്ക് ഒരു ലക്ഷത്തിൽ കൂടുതലാണെന്നത് പ്രസ്സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. ഇത് ഔദ്യോഗിക കണക്കുകളെക്കാൾ വളരെ കൂടുതലാണ്.

വൈറസ് വ്യാപനത്തിൻെറ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ കൂടുതൽ ജീവനുകൾ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടെന്നത് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ മെഡിക്കൽ ഡയറക്ടർ യൊവോൺ ഡോയ്ൽ പറഞ്ഞു. ഓരോ ദിവസവും കൂടുതൽ ആളുകൾ കോവിഡ്-19 മൂലം മരണമടയുന്നത് ഭയാനകമാണെന്ന് അവർ കൂട്ടിച്ചേർത്തു. കോവിഡ് -19 ബാധിച്ച മൂന്നിലൊരാൾ രോഗലക്ഷണം കാണിക്കുന്നില്ല എന്നത് വൈറസ് വ്യാപനത്തിൻെറ തീവ്രത കൂട്ടാൻ ഒരു കാരണമായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും വീടുകളിൽ പരമാവധി കഴിയുന്നത് രോഗവ്യാപനതോത് കുറയ്ക്കുമെന്ന് ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിൽ എൻഎച്ച്എസുമായി സഹകരിക്കുന്നതിന് യുകെയിലെ വൻ സൂപ്പർമാർക്കറ്റ് ശൃംഖലകളിലൊന്നായ അസ്ഡയെ തെരഞ്ഞെടുത്തു. അസ്ഡയുടെ ബെർമിങ്ഹാം ബ്രാഞ്ചാ യിരിക്കും ഈ രീതിയിലുള്ള ആദ്യത്തെ വാക്സിനേഷൻ സെൻറർ ആയി പ്രവർത്തിക്കുക . ഇത് വളരെ അഭിമാനാർഹമായ കാര്യമാണെന്ന് അസ്ഡ സിഇഒയും പ്രസിഡന്റുമായ റോജർ ബർൺലി പറഞ്ഞു. എൻഎച്ച്എസിൻെറയും സർക്കാരിനെയും പ്രതിരോധകുത്തിവെയ്പ്പ് വേഗത്തിലാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിൻ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ അസ്ഡയുടെ ഭാഗത്തുള്ള രാജ്യവ്യാപകമായ സജ്ജീകരണങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് വേഗത്തിലാക്കാൻ സഹായിക്കുമെന്ന് കരുതപ്പെടുന്നു. വാക്‌സിനേഷൻ കേന്ദ്രത്തിനായി ബർമിംഗ്ഹാം ബ്രാഞ്ചിനെ തയാറാക്കാനുള്ള ഒരുക്കങ്ങൾ അസ്ഡ ആരംഭിച്ചുകഴിഞ്ഞു. ആഴ്ചയിൽ 7 ദിവസവും രാവിലെ എട്ടു മണി മുതൽ വൈകിട്ട് എട്ടു മണിവരെ പ്രതിരോധകുത്തിവെയ്പ്പ് ഇവിടെനിന്നും നൽകാനാണ് തീരുമാനം. എൻ എച്ച് എസിൻെറയും സർക്കാരിൻെറയും സഹകരണത്തോടെ കുത്തിവെയ്പ്പ് നൽകാൻ സാധിക്കുന്ന തങ്ങളുടെ മറ്റു ബ്രാഞ്ചുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് അസ്ഡ. ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ പ്രതിരോധകുത്തിവെയ്പ്പ് കൂടുതൽ ആൾക്കാർക്ക് നൽകുന്നതിനെ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു .
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി നിയമങ്ങൾ കർശനമായി പാലിക്കാൻ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിയമങ്ങൾ നടപ്പിലാക്കാൻ പോലീസ് സ്വീകരിക്കുന്ന നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമങ്ങൾ ലംഘിക്കുന്ന ന്യൂനപക്ഷം രാജ്യത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തെ അപകടത്തിലാക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനായി യുകെയിൽ ഉടനീളം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏകദേശം 45,000 ത്തോളം പെനാൽറ്റി നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇന്നലെ 1,243 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പുതിയതായി 45533 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്. അതേസമയം വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. 145,076 പേർക്ക് കൂടി വാക്‌സിൻെറ ആദ്യ ഡോസും 20768 പേർക്ക് രണ്ടാം ഡോസും നൽകാൻ കഴിഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടുകൂടി ആദ്യ ഡോസ് ലഭിച്ചവരുടെ എണ്ണം 2431648 ആയും രണ്ടാം ഡോസ് ലഭിച്ചവരുടെ എണ്ണം 412167 ആയും ഉയർന്നു.

ഇതിനിടെ വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ലെന്ന നിലപാടുമായി കൂടുതൽ ഷോപ്പുകൾ രംഗത്തുവന്നു. ടെസ്‌കോ, അസ്ഡ, വെയിട്രോസ് തുടങ്ങിയ ഷോപ്പുകൾ മാസ്ക് ധരിക്കാത്തവരെ ഷോപ്പിങ്ങിന് അനുവദിക്കില്ലെന്ന് അറിയിച്ചു. നേരത്തെതന്നെ മോറിസൺസും സൈൻസ്ബറിയും സമാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. ഷോപ്പുകളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കാൻ ശ്രമിക്കുന്നില്ലെന്ന് വിമർശനങ്ങൾ നേരത്തെ ഉയർന്നുവന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കൊറോണ ബാധ തടയാൻ സർക്കാർ രൂപീകരിച്ചിരിക്കുന്ന നിയമങ്ങൾ ജനങ്ങൾക്ക് അറിവില്ലാത്തത് വിഡ്ഢിത്തമാണെന്നും, നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയും, പിഴയും ഉണ്ടാകുമെന്ന് ബ്രിട്ടന്റെ മെട്രോപൊളിറ്റൻ പോലീസ് മേധാവി ക്രെസ്സിഡ ഡിക്ക് അറിയിച്ചു. കൊറോണ ബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ആളുകൾ നിയമംലംഘിച്ച് പലയിടത്തും വീടുകളിൽ പാർട്ടികൾ നടത്തുകയും മറ്റും ചെയ്യുന്നതായി പൊലീസിന് അറിവ് കിട്ടിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് പോലീസ് മേധാവി നൽകുന്നത്. പുറത്ത് സഞ്ചരിക്കുന്നവർ മാസ്ക് നിർബന്ധമായും ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

എന്നാൽ കോവിഡ് നിയമങ്ങൾ ലംഘിച്ച്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഭവനത്തിൽ നിന്ന് ഏഴ് മൈൽ ദൂരെ സൈക്കിളിങ് നടത്തിയത് വിവാദമായിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നിയമലംഘനം നടത്തിയിട്ടില്ലെന്നും, ഇത്തരത്തിൽ പ്രഭാതസവാരിയും മറ്റും അനുവദിച്ചിട്ടുള്ളത് ആണെന്നും പോലീസ് മേധാവി അറിയിച്ചു. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും പ്രധാനമന്ത്രിയെ അനുകൂലിച്ച് സംസാരിച്ചു. ജനങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ച് പ്രഭാതസവാരിയും മറ്റും നടത്താനുള്ള അനുമതി ഉണ്ടെന്ന് അവർ പറഞ്ഞു.

ഇംഗ്ലണ്ടിൻെറ തെക്കൻ ഭാഗങ്ങളിലും, വടക്കൻ ഭാഗങ്ങളിലും ആണ് ഇപ്പോൾ കൊറോണ ബാധ ഏറ്റവും കൂടുതൽ വർദ്ധിക്കുന്നത്. ചൈനയിലെ പോലെ തന്നെ കർശനനിയമങ്ങൾ നടപ്പിലാക്കണമെന്ന ആവശ്യം പലഭാഗങ്ങളിൽനിന്നും ഉയർന്നുവരുന്നുണ്ട്. കോവിഡ് വാക്സിൻ ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
സ്വന്തം ലേഖകൻ
മാരകവിഷം കുത്തിവെച്ചു വധശിക്ഷ നടത്താൻ വിധിക്കപ്പെട്ട പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്നും, തന്നെ എന്തിനാണ് സ്റ്റേറ്റ് വധശിക്ഷയ്ക്ക് വിധിച്ചത് എന്ന് മനസ്സിലാക്കാനുള്ള മാനസികാരോഗ്യം ഇല്ലെന്നും വാദിച്ചാണ് വധശിക്ഷ മാറ്റിവെച്ചത്. 52 കാരിയായ ലിസയ്ക്ക് വധശിക്ഷ വിധിച്ചിരുന്നത് ചൊവ്വാഴ്ച (ജനുവരി 12) ആയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഏക സ്ത്രീയാണ് ഇവർ. ഇന്ത്യാനയിലെ ടെറെ ഹൌടെ ഫെഡറൽ ജയിലിലാണ് ലിസ ഇപ്പോൾ കഴിയുന്നത്.
ജഡ്ജ് ജെയിംസ് പാട്രിക് പ്രതിക്ക് വധശിക്ഷയുടെ കാരണമോ, നിയമവശങ്ങളോ മനസ്സിലാക്കാനുള്ള മാനസിക നിലവാരം ഇല്ല എന്ന വാദം അംഗീകരിക്കുകയായിരുന്നു. ഒപ്പം തന്നെ സുപ്രീംകോടതി ഇടപെടലുകൾ ഇല്ലാതിരുന്നാൽ ട്രംപ് വൈറ്റ് ഹൗസ് വിടും വരെ വധശിക്ഷകൾ മാറ്റിവെക്കാൻ ആണ് സാധ്യത. അമേരിക്കയിൽ 70 കൊല്ലങ്ങൾക്കപ്പുറം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ വനിതയാണ് ലിസ.

കൻസാസിലെ സ്വന്തം വീട്ടിൽ നിന്ന് 170 മൈൽ അകലെയുള്ള സ്കിഡ്മോറിൽ, 2004 ഡിസംബറിൽ പൂർണ്ണ ഗർഭിണിയായിരുന്ന ഡോഗ് ബ്രീഡർ ബോബി ജോ സ്റ്റിന്നെറ്റിനെ സന്ദർശിക്കാൻ ലിസ എത്തിയിരുന്നു. എന്നാൽ പട്ടിക്കുട്ടിയെ വാങ്ങാൻ എന്ന വ്യാജേന എത്തിയ ലിസ 23കാരിയായ ബോബിയുടെ കഴുത്തിൽ കയറിട്ട് കുരുക്കിയതിനു ശേഷം കൈവശമുണ്ടായിരുന്ന കത്തികൊണ്ട് വയറു കീറി സിസേറിയൻ നടത്തി, പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെയുംകൊണ്ട് കടന്നുകളയുകയായിരുന്നു.

സ്വന്തമായി നാലു മക്കളുള്ള ലിസ രണ്ടുപേരെ തനിക്കൊപ്പം വിട്ടുകിട്ടാനായാണ് ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തതെന്ന് സമ്മതിച്ചിരുന്നു. പ്രസവ കിറ്റിന് ഓർഡർ നൽകിയിരുന്നതായും, സിസേറിയൻ ചെയ്യേണ്ടതെങ്ങനെ എന്ന് കമ്പ്യൂട്ടറിൽ സെർച്ച് ചെയ്തിരുന്നതായും തെളിവുകൾ ലഭിച്ചിട്ടുണ്ട്.
അതേസമയം സംഭവം നടക്കുന്ന കാലയളവിൽ ലിസ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പ്രതിയുടെ മാനസികനില തകരാറിലായിരുന്നെന്നും വക്കീൽ കെല്ലി ഹെൻറി കോടതിയോട് പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് രോഗവ്യാപനം അതിതീവ്രമായി വ്യാപിക്കുകയാണ് ബ്രിട്ടനിൽ. ഒരു വശത്ത് ലോക്ക്ഡൗണും അതിശക്തമായ നിയന്ത്രണങ്ങളുമായി വൈറസ് വ്യാപനം തടയുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും. രാജ്യമൊട്ടാകെ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതുവരെ ഈ നിയന്ത്രണങ്ങൾ തുടരാനുള്ള സാധ്യതയിലേക്കാണ് വിദഗ്ധർ വിരൽചൂണ്ടുന്നത്.

കൊറോണയിൽ ബ്രിട്ടന് നഷ്ടമായത് ഒട്ടേറെ ജീവനുകളാണ്. ലോകമഹായുദ്ധത്തിനുശേഷം മരണനിരക്കിൽ ഇത്രയും കുതിച്ചുകയറ്റം മുമ്പെങ്ങും ഉണ്ടായിട്ടില്ല എന്ന റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മരണ നിരക്ക് കുറയ്ക്കുന്നതിൽ കൈവരിച്ച നേട്ടങ്ങൾ കോവിഡ്-19 മൂലം നിഷ്പ്രഭമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ യുകെയിൽ ഉടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലാറ്ററൽ ഫ്ലോ മാസ് ടെസ്റ്റിംഗിനെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കോവിഡ് 19 രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെയും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാൻ സുപ്രധാനമായ നീക്കത്തിലൂടെ ഗവൺമെന്റ് തീരുമാനിച്ചിരുന്നു. 30 മിനിറ്റുനുള്ളിൽ ഫലം തരുന്ന റാപ്പിഡ് ഫ്‌ളോ ടെസ്റ്റാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ റാപ്പിഡ് ഫ്‌ളോ ടെസ്റ്റിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഗുണനിലവാരമില്ലെന്നും തെറ്റായ ഫലങ്ങളാണ് കാണിക്കുന്നതെന്നുമുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.
അനുപമ എസ് ബട്ട്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ ഇപ്പോൾ കടന്നുപോകുന്നത് കൊറോണ വൈറസ് വ്യാപനത്തിൻെറ ഏറ്റവും മൂർധന്യാവസ്ഥയിലെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പ്രസ്താവിച്ചു. രാജ്യത്തെ എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതുവരെ ജനങ്ങൾ കോവിഡ്-19 പ്രോട്ടോകോൾ പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എല്ലാവർക്കും പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള പദ്ധതി ഇതിനോടകം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ 2.3 ദശലക്ഷം ആൾക്കാർക്കാണ് രാജ്യത്ത് ആദ്യത്തെ കോവിഡ് വാക്സിൻ ലഭിച്ചത്. ഇതിൽ ചിലർക്കൊക്കെ പ്രതിരോധകുത്തിവെയ്പ്പിൻെറ രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ട്. ആദ്യ ഡോസ് ലഭിച്ച് നിശ്ചിത ഇടവേളയ്ക്ക് ശേഷം രണ്ടാം ഡോസു കൂടി നൽകുന്നതോടെയാണ് പ്രതിരോധകുത്തിവെയ്പ്പ് പൂർത്തീകരിക്കപ്പെടുന്നത്.

വൈറസ് വ്യാപനം തടയുന്നതിനായി ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകളെ മാറ്റ് ഹാൻകോക്ക് തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇംഗ്ലണ്ടിൻെറ ചീഫ് മെഡിക്കൽ ഓഫീസ് പ്രൊഫസർ ക്രിസ് വിറ്റിയും സമാനമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോവിഡ് 19 ബാധിച്ച് 529 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. പുതിയതായി 46167 പേർക്ക് കൂടി വൈറസ് ബാധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

ഇതിനിടെ വൈറസ് വ്യാപനം തടയുന്നതിനുള്ള കർശന നടപടികളുമായി കൂടുതൽ ഷോപ്പുകൾ രംഗത്തുവന്നു. തങ്ങൾ നൽകുന്ന ഫേസ് മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്ന കസ്റ്റമറിനെ മോറിസൺസ് തങ്ങളുടെ ഷോപ്പുകളിൽ പ്രവേശനം അനുവദിക്കില്ല എന്ന് അറിയിച്ചു. സമാനമായ തീരുമാനവുമായി സൈൻസ്ബറിയും മുന്നോട്ട് വന്നിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കപ്പെടുന്നില്ല എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പല കടകളിലും നിയമങ്ങൾ കർശനമായി നടപ്പാക്കുന്നില്ലെന്ന് സർക്കാരിന് ആശങ്കയുണ്ടെന്ന് വാക്സിനേഷൻ വിതരണത്തിൻെറ ചുമതല വഹിക്കുന്ന മന്ത്രി നാദിം സഹാവി അഭിപ്രായപ്പെട്ടിരുന്നു. കടകളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് അതാത് ഷോപ്പുകളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഉയർന്ന പലിശനിരക്ക് സർക്കാർ കടം തിരിച്ചടയ്ക്കുന്നതിനുള്ള ചെലവ് വർധിപ്പിക്കുമെന്ന് ചാൻസലർ റിഷി സുനക്. കുറഞ്ഞ പലിശനിരക്ക് നിൽക്കുന്നതിനാൽ തന്നെ സർക്കാർ വായ്പയെടുക്കൽ തടയണമെന്ന് സിറ്റി എഎമ്മിന്റെ ദി സിറ്റി വ്യൂ പോഡ്കാസ്റ്റിനോട് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ പലിശനിരക്ക് നിലവിൽ 0.1 ശതമാനത്തിലാണ്.

പൊതു ധനസഹായം കാലക്രമേണ സുസ്ഥിരമായി കൈകാര്യം ചെയ്യേണ്ട ബാധ്യതയുണ്ടെന്ന് സുനക് പറഞ്ഞു. കോവിഡ് -19 കേസുകളുടെ വർദ്ധനവ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ മയപ്പെടുത്തുന്നതിനായി സുനക് ചൊവ്വാഴ്ച ബിസിനസുകൾക്കായി 4.6 ബില്യൺ പൗണ്ടിന്റെ പിന്തുണാ പാക്കേജ് പുറത്തിറക്കി.

ഏപ്രിൽ അവസാനം വരെ പ്രവർത്തിക്കുന്ന ജോബ് പ്രൊട്ടക്ഷൻ സ്കീം ഉൾപ്പെടെ 280 ബില്യൺ പൗണ്ട് മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് അടിയന്തിര സഹായം അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് മൂന്നാം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ എല്ലാ ബിസിനസുകളും വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനെ മറികടക്കുകയെന്ന പ്രധാന ലക്ഷ്യത്തോടുകൂടിയാണ് ചാൻസലർ സപ്പോർട്ട് പാക്കേജുകൾ അവതരിപ്പിച്ചത്.
ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം
യു കെ :- ജീവിതകാലം മുഴുവനും പതിനായിരം പൗണ്ട് വീതം മാസം ലഭിക്കുന്ന നാഷണൽ ലോട്ടറിയുടെ ‘സെറ്റ് ഫോർ ലൈഫ് ‘ സ്കീം നേടിയത് 21കാരനായ ഇഷ്ടിക പണിക്കാരൻ ജെയിംസ് ഇവാൻസ്. തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം വിശ്വസിക്കാനാവാതെ, കൂട്ടുകാരോടു പോലും ഇവാൻ രണ്ടാഴ്ച ഈ വിവരം മറച്ചു വച്ചു. പിതാവിന്റെ ബിസിനസിന് വേണ്ടി, ഇഷ്ടികപണിയും മറ്റും ചെയ്യുന്ന ഇവാൻസ് അപ്രതീക്ഷിതമായാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. എന്നാൽ പിറ്റേ ദിവസം താൻ ടിക്കറ്റ് എടുത്തത് പോലും ഓർക്കാതെ, മെയിൽ ചെക്ക് ചെയ്തപ്പോഴാണ് തനിക്ക് സമ്മാനം ലഭിച്ചു എന്ന വിവരം ഇവാൻസ് അറിയുന്നത്. ഉടൻതന്നെ ലോട്ടറി ഏജൻസിയെ വിളിച്ചു വിവരം അന്വേഷിച്ചു, തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് ഇവാൻസ് ഉറപ്പിച്ചു.

എന്നാൽ കൂട്ടുകാരോട് പോലും ഇദ്ദേഹത്തിന് സമ്മാനം ലഭിച്ച വിവരം പറയുവാൻ സാധിച്ചില്ല. അത്രയ്ക്കും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് തനിക്ക് ഈ നേട്ടം ഉണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സമ്മാനം ലഭിച്ചു എങ്കിലും താൻ തികച്ചും ഒരു സാധാരണ ജീവിതം നയിക്കാൻ ആണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം കാനഡയിലേക്ക് ഒരു സ്ക്കിയിങ് ട്രിപ്പ് പോകുവാൻ ആണ് ഇവാൻസ് ആദ്യം ആഗ്രഹിക്കുന്നത്. തന്റെ പിതാവ് തന്നോട് ജോലി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, താൻ അത് ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന് ഇവാൻസ് മാധ്യമങ്ങളോട് പറഞ്ഞു.

ഓൺലൈനായി നാഷണൽ ലോട്ടറിയുടെ ആപ്പിലൂടെ ആണ് ടിക്കറ്റ് ഇവാൻസ് എടുത്തത്. അപ്രതീക്ഷിതമായ നേട്ടം കൈവരിച്ച സന്തോഷത്തിലാണ് ഇവാൻസ്.