ഡോ. ഐഷ വി

യുവജനോത്സവ ദിവസം പ്രസംഗ മത്സരത്തിന് എന്റെ പേര് സുദർശനൻ സർ മൂന്ന് തവണ അനൗൺസ് ചെയ്തു. എട്ടാം ക്ലാസ്സുകാരിയായ ഞാൻ മത്സര വേദിയിലേയ്ക്ക് എത്തിയില്ല. എന്റെ കൂട്ടുകാരികൾ കരുതിയത് ഞാൻ സദസ്സിലെവിടെയോ പമ്മിയിരിയ്ക്കുകയായിരുന്നുവെന്നാണ്. മത്സരത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ പേര് കൊടുത്തതായിരുന്നു. എന്നാൽ അന്നേരം കിട്ടുന്ന വിഷയത്തെ കുറിച്ച് സംസാരിക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു കിടുകിടുപ്പ് . അങ്ങനെ ഞാൻ മത്സര ദിവസം സ്കൂളിൽ പോയില്ല. അമ്മയോട് ഒരു കാരണവും പറഞ്ഞു: കാൽമുട്ട് വേദനയാണെന്ന്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗാന്ധിജിയെ കുറിച്ച് അമ്മ എഴുതി തയ്യാറാക്കിത്തന്ന പ്രസംഗം ഞാൻ വായിച്ച് പഠിച്ച് സ്കൂളിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ സഭാകമ്പമായിരുന്നില്ല എന്റെ പ്രശ്നം . അറിവില്ലായ്മയായിരുന്നു. അതിനാൽ എന്റെ വായനയുടെ ആഴവും പരപ്പും കൂട്ടാൻ ഞാൻ എന്നും ആവുന്നത്ര പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഏതാണ്ട് ആ കാലഘട്ടത്തിൽത്തന്നെ “ബഹിരാകാശവും മാനവരാശിയും” എന്ന വിഷയത്തെ കുറിച്ച് ജില്ലാതലത്തിൽ “നാസ” നടത്തിയ പ്രസംഗ മത്സരത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഞാൻ തന്നെ എഴുതി തയ്യാറാക്കി സുദർശനൻ സാർ തിരുത്തിത്തന്ന പ്രസംഗമായിരുന്നു അത്. ഞങ്ങളുടെ സ്കൂളിനെ(ഭൂതക്കുളം ഗവ.ഹൈസ്കൂൾ) പ്രതിനിധീകരിച്ച് ഞാനും എംപി മധുവുമാണ്. പങ്കെടുത്തത്.

സാധാരണ ഞങ്ങളുടെ സ്കൂളിൽ നടത്തിയിരുന്ന പ്രസംഗ മത്സരങ്ങളിൽ മധുവിന്റെ ജ്യേഷ്ഠൻ എംപി .ഗോപകുമാറിനായിരുന്നു ഒന്നാം സ്ഥാനം. ഗോപകുമാർ പത്താം ക്ലാസ്സ് കഴിഞ്ഞ് പോയപ്പോൾ അനുജൻ മധുവിനായി ഒന്നാം സ്ഥാനം. ജില്ലാ തല മത്സരം ഗവ.ഗേൾസ് ഹൈസ്കൂളിൽ വച്ചായിരുന്നു. അന്ന് എനിയ്ക്ക് കൂട്ടു വന്നത് അച്ഛന്റെ അമ്മാവന്റെ മകൻ രഘുമാമനും എന്റെ അമ്മയുമായിരുന്നു. പ്രസംഗം കഴിഞ്ഞു. മത്സര ഫലം അറിഞ്ഞു. ഞാനോ മധുവോ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വന്നതേയില്ല. തിരിച്ച് പോരുന്നതിന് മുമ്പ് രഘുമാമൻ വിധികർത്താക്കളുടെ അടുത്തു പോയി ഞങ്ങളുടെ പോയിന്റ് എത്രയെന്ന് അന്വേഷിച്ചിരുന്നു. മധുവിനേക്കാൾ രണ്ട് പോയിന്റ് എനിക്ക് കൂടുതലായിരുന്നു. ഈ അറിവ് എനിക്ക് നൽകിയ ആത്മവിശ്വാസം ചില്ലറയായിരുന്നില്ല. എങ്കിലും സ്കൂളിൽ നിന്ന് പിരിയുന്നതുവരേയാ കോളേജ് തലത്തിലോ തത്സമയം വിഷയം തന്ന് പ്രസംഗിക്കേണ്ട മത്സരങ്ങളിലൊന്നിലും ഞാൻ പങ്കെടുത്തിരുന്നില്ല. വിഷയ- ആശയ ദാരിദ്യമായിരുന്നു എന്റെ പ്രശ്നം.

എന്നാൽ കോളേജിൽ പഠിക്കുന്ന കാലത്ത് 1986 – ൽ ഹാലിയുടെ ധൂമകേതു(Hali’s Commet 75-76 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയോട് അടുത്തു വരും. 2061 ലാണ് ഇനി വരിക.) ഭൂമിയുടെ അടുത്തു വന്നപ്പോൾ അതേ കുറിച്ച് 1000 ശാസ്ത്ര ക്ലാസ്സുകൾ എടുക്കാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഞാനും കൂട്ടുകാരികനകലതയും കൂടി പഠിച്ച് തയ്യാറായി വിവിധ സ്കൂളുകളിലും കോളേജുകളുമായി ഏതാനും ക്ലാസ്സുകൾ എടുത്തിരുന്നു. അത്തരം ക്ലാസ്സുകളിൽ അനുവാചകരെ പിടിച്ചു നിർത്തുന്നത് ഞങ്ങൾ ക്കല്പം ശ്രമകരമായ കാര്യമായിരുന്നു. പ്രത്യേകിച്ച് ധാരാളം പേർ തിങ്ങി നിറഞ്ഞ സദസ്സുള്ളപ്പോൾ. പ്രസന്റേഷൻ , വിഷ്വൽ ടൂൾസ്, സ്റ്റി മുലസ് വേര്യേഷൻ , വോയിസ് മോഡുലേഷൻ തുടങ്ങിയ പൊടിക്കൈകൾ കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പിന്നീട് ഞങ്ങൾ മനസ്സിലാക്കി.

ഞാനാദ്യം, ശ്രദ്ധയോടെ ശ്രവിച്ച പ്രസംഗം ചിറയ്ക്കര ഗവ സ്കൂളിലെ വാർഷികത്തിനായിരുന്നു. അന്ന് എന്റെ അനുജനും കൂട്ടുകാരും “ഫയൽ പാമ്പ്” എന്ന പേരിൽ ഒരു നിഴൽ നാടകം അവതരിപ്പിച്ചിരുന്നു. ചിറയ്ക്കര സ്കൂളിലെ അധ്യാപകനും ഭൂതക്കുളം സ്കൂളിലെ ഗോമതി ടീച്ചറിന്റെ ഭർത്താവുമായിരുന്നു നാടകം എഴുതിയതും കുട്ടികളെ പരിശീലിപ്പിച്ചതും. അതിനാൽ അമ്മ ഞങ്ങളേയും കൂട്ടി നേരത്തേ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ചിറക്കര ക്ഷേത്രത്തിന് മുന്നിലെ കളിത്തട്ടായിരുന്നു വേദി. ക്ഷേത്രാങ്കണത്തിൽ സദസ്യരും. രാത്രിയിൽ നടന്ന പരിപാടിയുടെ ഉത്ഘാടന ചടങ്ങു മുതൽ ഞാൻ ശ്രദ്ധയോടെ പ്രസംഗങ്ങൾ കേട്ടു. അതിൽ എനിയ്ക്ക് പേരറിയാത്ത പ്രസംഗകന്റെ വാക്കുകൾ ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ മാസ്മരികശക്തി അനുവാചകരുടെ ഹൃദയങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്നത് കൊണ്ടാകാം ഞാൻ ഇന്നും ആ പ്രസംഗം ഓർക്കുന്നത്. ഒരു കഥാതന്തു ആ പ്രസംഗത്തിലുണ്ടായിരുന്നു. അതിന്റെ രത്നചുരുക്കം ഇങ്ങിനെയായിരുന്നു. ഒരാളുടെ കണ്ണ് കെട്ടിയിട്ട് ദൂരെയൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി കുറേ കല്ലുകൾ ചാക്കിലേയ്ക്ക് വാരിയിടാൻ ഏൽപ്പിയ്ക്കുന്നു. കൂർത്ത കല്ലുകൾ വാരിയിടുന്നതിന് പുറമേ അയാൾ തന്നെ അത് ചുമക്കേണ്ടിവരുമെന്നതിനാലും അയാൾ വളരെ കുറച്ച് കല്ലുകൾ മാത്രമേ ചാക്കിലേയ്ക്ക് വാരിയിട്ടുള്ളൂ. ചാക്ക് കെട്ടുമായി തിരികെയെത്തിയയാൾ നേരം വെളുത്തപ്പോൾ ചാക്കഴിച്ചു നോക്കി. അതിൽ നല്ലതുപോലെ തിളങ്ങുന്ന രത്നങ്ങളായിരുന്നു. ഇതുപോലെയാണ് പല വിദ്യാർത്ഥികളുടെ കാര്യവും . കൂർത്ത കല്ലാണെന്നു കരുതി വിദ്യയാർജ്ജിയ്ക്കണ്ട സമയത്ത് ആർജ്ജിയ്ക്കാതിരിയ്ക്കുന്ന വിദ്യാർത്ഥി താൻ എടുക്കാതെ പോയ രത്ന കല്ലുകളെ(അറിവ്) ഓർത്ത് ദുഃഖിക്കേണ്ടി വരുമെന്നും അതിനാൽ കിട്ടുന്ന അവസരങ്ങൾ വിദ്യാർത്ഥികൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗ സന്ദേശം.

ലോക പ്രശസ്തമായ പല പ്രസംഗങ്ങളുണ്ട്. യേശുദേവൻ, മുഹമ്മദ് നബി, സ്വാമി വിവേകാനന്ദൻ എന്നിവരൊക്കെ അനുവാചകരെ ഹഠദാകർഷിച്ചവരാണ്. ചിലപ്രസംഗങ്ങൾ ശ്രോതാക്കളുടെ ചിന്തകളേയും വിചാരങ്ങളേയും മാറ്റിമറിയ്ക്കാൻ തക്കതായിരിയ്ക്കും . ജൂലിയസ് സീസറിലെ മാർക്കാന്റണിയുടെ പ്രസംഗം അത്തരത്തിലുള്ളതാണ്. ചില പ്രസംഗങ്ങൾ ശ്രോതാക്കളിൽ പുതിയ അവബോധവും വേറിട്ട ചിന്തകളും സൃഷ്ടിയ്ക്കാം. അത്തരത്തിലൊന്നാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റ പ്രസംഗം. ശ്രീ സുകുമാർ അഴീക്കോട് ധാരാളം ശ്രോതാക്കളുള്ള പ്രസംഗകനായിരുന്നു ആധ്യാത്മിക പ്രഭാഷണങ്ങൾ ഭക്തജനങ്ങളിൽ ശാന്തിയും സമാധാനവും ഉണർവും അറിവും സൃഷ്ടിയ്ക്കാം.

പ്രസംഗങ്ങൾ രാഷ്ട്രീയ പ്രസംഗം , അക്കാദമിക പ്രസംഗം, അനുശോചന പ്രസംഗം, അനുമോദന പ്രസംഗം , അനുസ്മരണ പ്രസംഗം ഉത്ഘാടന പ്രസംഗം , സാംസ്കാരിക പ്രസംഗം എന്നിങ്ങനെ സന്ദർഭവും സാഹചര്യവുമനുസരിച്ച് മാറി മാറി വരാം. ഒരു ചടങ്ങിൽ ഈശ്വര പ്രാർത്ഥന, സ്വാഗത പ്രസംഗം, . അധ്യക്ഷ പ്രസംഗം, മുഖ്യപ്രഭാഷണം , ഉദ്ഘാടന പ്രസംഗം, ആശംസാ പ്രസംഗം , കൃതജ്ഞത എന്നിവ മൊത്തമായോ ഭാഗികമായോ വരാം.

ഏതായാലും വിഷയത്തെ കുറിച്ച് നല്ല ധാരണയുണ്ടാക്കൽ, അടുക്കും ചിട്ടയുമായി ക്രമീകരിയ്ക്കൽ, ലളിതവും സുന്ദരവും പൂർണ്ണതയുള്ളതുമായ ഭാഷയിൽ അവതരിപ്പിയ്ക്കൽ, ശബ്ദവും ആംഗ്യവും ക്രമീകരിയ്ക്കൽ എന്നിവയെല്ലാം പ്രസംഗത്തെ മികവുറ്റതാക്കുന്നു. നീട്ടിപ്പരത്തി പ്രസംഗിയ്ക്കാൻ താരതമ്യേന എളുപ്പമായിരിയ്ക്കും. എന്നാൽ എല്ലാ പ്രധാന വിഷയങ്ങളും കുറഞ്ഞ സമയത്തിൽ ഭംഗിയായി അവതരിപ്പിയ്ക്കുന്നതാണ് ശ്രമകരം. എഴുതി തയ്യാറാക്കിയില്ലെങ്കിലും നന്നായി മനനം ചെയ്യാൻ കഴിഞ്ഞാൽ അത് നല്ല പ്രസംഗമായിരിക്കും.

സ്കൂളിലും കോളേജിലും ഞാൻ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തില്ലെങ്കിലും പിൽക്കാലത്ത് മുന്നറിയിപ്പോടു കൂടിയും അല്ലാതെയും ധാരാളം പ്രസംഗങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.