Main News

സ്വന്തം ലേഖകൻ

വിവാദപരമായ ട്രോളുകൾക്കും, വ്യക്തി അധിക്ഷേപങ്ങൾക്കും വഴിവെച്ച യുവമിഥുനങ്ങളുടെ പോസ്റ്റ് വെഡ്‌ഡിങ് അഥവാ ഹണിമൂൺ ഫോട്ടോഗ്രാഫി റിപ്പോർട്ട് ചെയ്ത് ബിബിസി.
നവദമ്പതികളുടെ അടുപ്പം വരച്ചിടുന്ന ചിത്രങ്ങൾ വാഗമണിലെ ടീ പ്ലാൻറ്റേഷനിലാണ് ഷൂട്ട് ചെയ്തത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ്ഷൂട്ട്‌ സുഹൃത്തായ അഖിൽ കാർത്തികേയന്റെ, വെഡ്ഡിംഗ് സ്‌റ്റോറിസ് ഫോട്ടോഗ്രഫിയാണ് ചെയ്തത്.

കോവിഡ് 19 ന്‍റെ വ്യാപനത്തോടെ കൂടുതല്‍ വിപുലമായ വിവാഹം നടത്താന്‍ കഴിഞ്ഞിരുന്നില്ല . കഴിഞ്ഞ സെപ്തംബര്‍ 16 നാണ് വിവാഹം കഴിഞ്ഞത് . 50 ആളുകളെ ക്ഷണിക്കാൻ ഉള്ള അനുവാദം മാത്രമേ പോലീസ് നൽകിയിരുന്നുള്ളൂ. അതിനാൽ വളരെ ചുരുങ്ങിയ ചടങ്ങുകൾ മാത്രം ഉള്ള വിവാഹമാണ് നടത്തിയത്. വിവാഹത്തിന് അധികം ഫോട്ടോകൾ എടുക്കാൻ പറ്റാഞ്ഞത് കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള ഫോട്ടോഷൂട്ട് ആവണം തങ്ങളുടേതെന്ന ആശയമായി മുന്നോട്ടുവന്നത് ഋഷി തന്നെയാണ്. ഋഷി ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്നു, ലക്ഷ്മി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദധാരിയാണ്.

വളരെ റൊമാന്റിക് ആയ അടുപ്പമുള്ള ഫോട്ടോ ഷൂട്ട് ആണ് പ്ലാൻ ചെയ്തത്, അവർ തങ്ങിയ ഹോട്ടലിൽ നിന്നും വെള്ള നിറത്തിലുള്ള പുതപ്പുകളും കംഫർട്ടുകളും കടം വാങ്ങി വാഗമണ്ണിലെ തേയിലത്തോട്ടത്തിൽ ദമ്പതിമാർ, ചിരിക്കുന്നതും, പിന്നാലെ ഓടുന്നതും, ആലിംഗനം ചെയ്യുന്നതും മറ്റും ആയ ഒരുപിടി ചിത്രങ്ങളാണ് ഷൂട്ട് ചെയ്തത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കമന്റുകൾ ആണ് ലഭിച്ചതെന്ന് ഋഷി പറയുന്നു. വീട്ടുകാർക്ക് കാര്യം പറഞ്ഞപ്പോൾ മനസ്സിലായി, പിന്നെ പാരമ്പര്യവാദികളായ ചില ബന്ധുക്കൾ എതിർപ്പും കൊണ്ട് രംഗത്ത് വന്നിരുന്നു.

കേട്ടാലറയ്ക്കുന്ന കമന്റുകൾ ആണ് കമന്റ് ബോക്സിൽ തെളിഞ്ഞത്. ആക്രമണത്തിൽ അധികവും ലക്ഷ്മിക്ക് നേരെയായിരുന്നു. ബോഡി ഷെയ്മിങ് നടത്തി, ഒരു മുറിയെടുത്തൂടെ എന്ന് ആക്ഷേപിച്ചു, നിങ്ങൾ ചെയ്യുന്നത് സംസ്കാരത്തിന് എതിരാണെന്നും, നമുക്ക് ഇങ്ങനെയൊരു പാരമ്പര്യം ഇല്ലെന്നും തുടങ്ങി തുടർച്ചയായി രണ്ടു ദിവസം ഇരുവരെയും ആക്രമിച്ചു. പോണോഗ്രഫി ചിത്രങ്ങളിൽ അഭിനയിക്കാൻ പോയിക്കൂടെ എന്നും, കോണ്ടം പരസ്യം ആണോ എന്നും പലരും ചോദിക്കുന്നുണ്ടായിരുന്നു. ചിലരുടെ കമന്റുകൾ ആകട്ടെ അങ്ങേയറ്റം അശ്ലീലവും. എന്നാൽ അതിന് ശേഷം ഒരുപാട് ആൾക്കാർ സപ്പോർട്ടുമായി രംഗത്തെത്തി. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ എടുക്കാനും, പങ്കുവെക്കാനും എല്ലാ അവകാശവും ഉണ്ടെന്നും, ചിത്രങ്ങൾ മനോഹരമാണെന്നും, വ്യത്യസ്തമാണെന്നും കുറെയേറെ പേർ അഭിനന്ദിച്ചു.

എന്തൊക്കെ പ്രശ്നമുണ്ടായാലും ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കില്ല എന്നാണ് ഇരുവരുടെയും അഭിപ്രായം. അത് തോറ്റു കൊടുക്കുന്നതിനു തുല്യമാണ്. ഞങ്ങളുടെ ചിത്രങ്ങളിൽ ഒരു പാകപ്പിഴയും കാണാനാവുന്നില്ല. വിമർശിക്കുന്നവരുടെ എല്ലാം ഉള്ളിൽ എന്താണെന്ന് എല്ലാവർക്കും നന്നായി അറിയാം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള ഉത്സാഹമാണിതെന്നും, ഇവർക്കൊക്കെ രണ്ടുദിവസം കഴിയുമ്പോൾ വിമർശിക്കാനും ആഘോഷിക്കാനും അടുത്ത വിഷയം കിട്ടുമ്പോൾ പൊയ്ക്കൊള്ളും എന്നും. സമൂഹത്തിൽ നടക്കുന്ന കടുത്ത അനീതികൾക്കെതിരെ ഒരു വാക്ക് പോലും തിരിച്ചു പറയാത്തവരാണ് തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

സ്വന്തം ലേഖകൻ

യു കെ :- രണ്ടു മൈൽ ദൂരം യാത്രയ്ക്കായി ഊബർ ടാക്സി വിളിച്ച യാത്രക്കാരനോട് 111 പൗണ്ട് തുക ഈടാക്കി ഡ്രൈവർ. എട്ടു മിനിറ്റ് മാത്രം സമയമെടുത്ത യാത്രയ്ക്കാണ് സാധാരണയിൽ നിന്നും 23 ഇരട്ടി തുക ഡ്രൈവർ ഈടാക്കിയത്. പതിനെട്ടുകാരനായ മാറ്റ് ബെന്നെറ്റ് എന്ന വ്യക്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പബ്ബിൽ നിന്നും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കായി ആണ് അദ്ദേഹം ഊബർ ടാക്സിയെ ആശ്രയിച്ചത്. മദ്യപിച്ചിരുന്നതിനാൽ രാത്രിയിൽ അദ്ദേഹം ഇത്രയും തുക ഈടാക്കിയ കാര്യം ശ്രദ്ധിച്ചിരുന്നില്ല. അടുത്ത ദിവസം രാവിലെയാണ് അദ്ദേഹം ഈ കാര്യം മനസ്സിലാക്കുന്നത്.

നിരവധി തവണ ഇതേ യാത്രയ്ക്കായി താൻ ഊബർ ടാക്സിയെ ആശ്രയിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം തനിക്ക് ഉണ്ടാകുന്നതെന്ന് മാറ്റ് ബെനറ്റ്‌ പറഞ്ഞു. നാല് മുതൽ ഏഴ് പൗണ്ട് വരെ മാത്രമാണ് സാധാരണയായി ഈ യാത്രയ്ക്ക് തന്നിൽ നിന്ന് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലബിങ് അപ്പ്രെന്റിസിഷിപ് കഴിഞ്ഞു നിൽക്കുന്ന മാറ്റിന്, ജോലി ഒന്നും തന്നെ ഇല്ല. അതിനാൽ തന്നെ ഇത്രയും തുക തനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പരാതി അദ്ദേഹം ഊബർ ടാക്സിയുടെ ഓഫീസിൽ വിളിച്ച് അറിയിച്ചപ്പോൾ, തികച്ചും ന്യായമായ തുകയാണ് ഈടാക്കിയതെന്നായിരുന്നു പ്രതികരണം. രാത്രി 10 മണിക്ക് ശേഷം ഉള്ള യാത്രയായതിനാൽ ആണ് ഇത്രയും തുക ഈടാക്കിയിരുന്നതെന്ന് ഊബർ ഓഫീസ് ജീവനക്കാർ പറഞ്ഞതായി മാറ്റ് ബെനറ്റ്‌ പറഞ്ഞു. എന്നാൽ പിന്നീട് ഈ പ്രതികരണം ഊബർ ഓഫീസ് തിരുത്തി. മാറ്റിനോട് അധികമായി ഈടാക്കിയ തുക തിരിച്ചു നൽകിയിരിക്കുകയാണ് ഊബർ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കോവിഡുമായി പോരാട്ടത്തിലായിരുന്ന എബ്രഹാം സ്‌കറിയ (65) അവസാനം മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന എബ്രഹാം സ്‌കറിയ ഇന്ന് പതിനൊന്നുമണിയോട് കൂടിയാണ് മരണമടഞ്ഞത്.

സിപാപ് മെഷീൻ റ്റൊളറേറ്റ്    ചെയ്യാൻ പറ്റാത്തതിനാൽ വെന്റിലേറ്ററിൻെറ സഹായം എബ്രഹാം സ്‌കറിയ ആവശ്യപ്പെട്ടപ്രകാരമാണ്    നൽകിയത്. ഭാര്യ കുഞ്ഞുമോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിട്ട് ജോലി ചെയ്യുകയാണ്.  പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ.

ലിവർപൂളിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്ന എബ്രഹാം സ്‌കറിയ ലിവർപൂളുകാരുടെ പ്രിയപ്പെട്ട  അവറാച്ചനായിരുന്നു. ലിവർപൂൾ ഐൻട്രി ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം സ്‌കറിയ അഡ്മിറ്റ്‌ ചെയ്യപ്പെട്ടിരുന്നത്.   ലിവർപൂളിൽ കോവിഡിൻെറ താണ്ഡവം തുടരുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു മലയാളി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എബ്രഹാം സ്‌കറിയയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ഫ്രാൻസ് :- ഫ്രഞ്ച് സിറ്റിയായ ലയനിൽ ഗ്രീക്ക് ഓർത്തോഡോക്സ് വൈദികനു നേരെ വെടി വെയ്പ്പ്. വെടിവെച്ച ശേഷം ഉടൻ തന്നെ ആക്രമണകാരി സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ആക്രമണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ആരംഭിച്ചു കഴിഞ്ഞു. തെക്കൻ നഗരമായ നീസിൽ മൂന്നു പേരെ പള്ളിക്കകത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് കുറച്ചു ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ വൈദികൻ ആക്രമണത്തിനിരയായിരിക്കുന്നത്.ഇതിനെ ഒരു ഇസ്ലാമിക തീവ്രവാദ ആക്രമണമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ വിശേഷിപ്പിച്ചത്. ആരാധനാലയങ്ങൾ സംരക്ഷിക്കാനും മറ്റും നിരവധി പട്ടാളക്കാരെ അധികമായി നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മൂന്നു മണിയോടുകൂടി വൈദികൻ പള്ളി അടക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ വെടിയുതിർക്കപ്പെട്ടത്. വെടിവെച്ച ശേഷം ഉടൻ തന്നെ ആക്രമണകാരി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതായി പോലീസ് അധികൃതർ പറഞ്ഞു. ദൃക്‌സാക്സാക്ഷികളുടെ വിവരണമനുസരിച്ച് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി ലയനിലെ പബ്ലിക് പ്രോസിക്യൂട്ടർ നിക്കോളാസ് ജാകുറ്റ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ കയ്യിൽ ആയുധം ഒന്നും ഉണ്ടായിരുന്നില്ല.ഇദ്ദേഹം തന്നെയാണോ ആക്രമണകാരി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

ആക്രമണത്തിനിരയായ വൈദികന്റെ പേര് നികോളാസ് കക്കവേലക്കിസ്‌ എന്നാണെന്നു പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.വയറ്റിൽ ആഴത്തിൽ രണ്ടുതവണ അദ്ദേഹത്തിന് വെടിയേറ്റതായി അധികൃതർ അറിയിച്ചു. ഫ്രാൻസിലെ ജനങ്ങൾക്ക് എല്ലാവർക്കും തന്നെ അവരുടെ വിശ്വാസങ്ങൾ പിന്തുടരാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് ഉറപ്പുനൽകി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

രാജ്യത്തെ രോഗപ്രതിരോധ സംവിധാനങ്ങളെ എല്ലാം വെല്ലുവിളിച്ച് കുതിച്ചുയരുന്ന കൊറോണ വൈറസ് ബാധയെ തടയാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എൻ എച്ച് എസിന് നേരിടേണ്ടി വന്നേക്കാവുന്ന അനാരോഗ്യകരവും ധാർമികവുമായ ദുരന്തം ഒഴിവാക്കാനായി ആണ് രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇക്കൊല്ലത്തെ ക്രിസ്മസ് വളരെ വ്യത്യസ്തമായിരിക്കും” പക്ഷേ ഇപ്പോൾ നാലാഴ്ച രാജ്യം പൂർണമായി അടച്ചിടുന്നത് കൊണ്ട് ക്രിസ്മസിന് ഒരുപക്ഷേ കുടുംബങ്ങൾക്ക് പരസ്പരം ഒത്തുചേരാനായേക്കാം. വ്യാഴാഴ്ച തുടങ്ങി പബ്ബുകൾ റസ്റ്റോറന്റുകൾ ജിമ്മുകൾ, അത്യാവശ്യ സാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ എന്നിവ അടച്ചിടണം. പക്ഷേ മുൻപത്തെ ലോക്ക്ഡൗണിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ തുറന്നു പ്രവർത്തിക്കും. ഡിസംബർ 2 നു ശേഷം കർശനമായ നടപടികൾ പിൻവലിക്കുമെന്നും പ്രദേശങ്ങൾ ടയർ സമ്പ്രദായത്തിലേക്ക് തിരിച്ചു പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ ലോക്ക്ഡൗൺ ബിസിനസ് മേഖലയിൽ ഉണ്ടാക്കാവുന്ന ആഘാതത്തെ കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും താൻ ക്ഷമചോദിക്കുന്നു എന്നും ജോൺസൺ പറഞ്ഞു. എന്നാൽ നവംബർ അവസാനം വരെ 80 ശതമാനം വേതനം തൊഴിലാളികൾക്ക് നൽകുന്ന ഫർലോഗ് സിസ്റ്റം നടപ്പാക്കുന്നതായിരിക്കും. കഴിഞ്ഞ ഏപ്രിലിൽ കണ്ടതിനേക്കാൾ വളരെ ഉയർന്ന മരണനിരക്കും, രോഗവ്യാപനവുമാണ് കണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. താരതമ്യേന കുറവ് രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുള്ള സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ആശുപത്രികളിൽ പോലും സൗകര്യങ്ങൾ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും നമ്മുടെ ആരോഗ്യ സംവിധാനത്തിനും ഇതിനെ നേരിടാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതിയ ലോക്ക്ഡൗൺ നിബന്ധനകൾ ഇങ്ങനെ

വീട്ടിലിരുന്ന് ജോലിയും പഠനവും ചെയ്യാൻ കഴിയാത്തവർക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. അത്യാവശ്യ സാധനങ്ങൾ, മരുന്നുകൾ, ഭക്ഷണം എന്നിവ വാങ്ങാൻ പുറത്തുപോകാം. മറ്റുള്ളവരെ സഹായിക്കാനോ വോളണ്ടിയർ ആയോ പുറത്തുപോകാം, ഭക്ഷണം പാഴ്സൽ നൽകുന്ന ഇടങ്ങൾ,ക്ലിക് ആൻഡ് കളക്ട് ഷോപ്പിങ് സെന്ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കാം. വിനോദ കേന്ദ്രങ്ങൾ എല്ലാം അടച്ചിടും. രോഗപ്രതിരോധ ശേഷി കുറവുള്ളവരോ പെട്ടെന്ന് രോഗബാധ ഏൽക്കാൻ സാധ്യതയുള്ളവരോ ആയ വ്യക്തികൾ കൂടുതൽ ശ്രദ്ധിക്കണം.

ഇംഗ്ലണ്ടിനെ പോലെ തന്നെ ഫ്രാൻസിലും ജർമനിയിലും ഉയർന്ന കേസുകളാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോക്ക്ഡൗൺ എന്ന തീരുമാനം ആഴ്ചകൾക്ക് മുൻപേ തന്നെ എടുക്കേണ്ടതായിരുന്നു എന്നാണ് ലേബർ പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടത്.

വരും ദിനങ്ങളിൽ ഏകദേശം നാലായിരത്തോളം പേർ ദിനംപ്രതി രോഗബാധിതരാവാനുള്ള സാഹചര്യമുണ്ട്. ഇത് പരമാവധി ഒഴിവാക്കാൻ പൗരൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതേസമയം സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിൽ പല വിദഗ്ധരും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈറസ് ഇത്രപെട്ടെന്ന് രാജ്യത്തെമ്പാടും വ്യാപിക്കാൻ സ്കൂളുകൾ കാരണമായത് മറക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്നത് രാജ്യത്തോടും,പുതിയ തലമുറയോടും ചെയ്യുന്ന ദ്രോഹം ആണെന്ന് അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. 11,000 ആൾക്കാർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്, അതിൽ 978 പേർ വെന്റിലേറ്ററുകളിലാണ്. യുകെയിൽ ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 1,011,660 കടന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറ് നിന്നെത്തുന്ന ഐഡൻ കൊടുങ്കാറ്റ് രാജ്യത്താകമാനം ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അയർലണ്ടിനും ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ തീരത്തും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിലും വെയിൽസിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം, യാത്രാ തടസ്സം എന്നിവ ഉണ്ടായേക്കാം. മോശം കാലാവസ്ഥ വാരാന്ത്യത്തിന്റെ ഭൂരിഭാഗവും നീണ്ടുനിൽക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ചില പ്രദേശങ്ങളിൽ വെള്ളപൊക്കം ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ചീഫ് മാർട്ടിൻ യംഗ് പറഞ്ഞു. വെയിൽസിലും നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാച്ചുറൽ റിസോഴ്‌സസ് വെയിൽസിന്റെ ഡ്യൂട്ടി ടാക്ടിക്കൽ മാനേജർ ഗാരി വൈറ്റ് പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും ഇതിനകം സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായി. ഞായറാഴ്ച ഉച്ച മുതൽ രാത്രി വരെ നോർത്ത് വെസ്റ്റ് സ്കോട്ട്ലൻഡിൽ വളരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു.

സ്വന്തം ലേഖകൻ

ബെർലിൻ :- നിരവധി വർഷങ്ങൾ നീണ്ടുനിന്ന നിർമാണപ്രവർത്തനങ്ങൾക്ക് ശേഷം ബർലിനിലെ ബ്രാൻഡൻബർഗ് വില്ലി ബ്രാൻറ്റ് എയർപോർട്ട് ശനിയാഴ്ച പ്രവർത്തനമാരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി ആക്ടിവിസ്റ്റുകളാണ് രംഗത്തെത്തിയത്. നിരവധിപേർ പ്ലക്കാർഡുകളുമായി ടെർമിനലുകളിലും മറ്റും പ്രതിഷേധിച്ചു. മറ്റുചിലർ പെൻഗ്വിൻ പക്ഷിയുടെ വസ്ത്രം ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്. 2006ലാണ് എയർപോർട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആദ്യമായി ആരംഭിച്ചത്. 2011 ൽ എയർപോർട്ട് തുറക്കാനാണ് തീരുമാനിച്ചതെങ്കിലും, ടെക്നിക്കൽ പരമായും, കൺസ്ട്രക്ഷൻ പരമായും നിരവധി പ്രശ്നങ്ങൾ ഉടലെടുത്തതാണ് തുടക്കം നീണ്ടു പോകുവാനുള്ള കാരണം. എയർപോർട്ടിന്റെ നിർമാണപ്രവർത്തനങ്ങൾ നീളുന്നത് ജർമ്മനിയുടെ കാര്യക്ഷമതയെ തന്നെ ബാധിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കെല്ലാം തന്നെയാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.

എയർപോർട്ടിൽ ആദ്യമായി ലാൻഡ് ചെയ്തത് ഒരു ഈസി ജറ്റ് ഫ്ലൈറ്റ് ആണ്. ജർമനിയുടെ പ്രധാന വിമാനത്താവളമായ ടെഗെൽ എയർപോർട്ടിൽ നിന്നുമുള്ള ഒരു സ്പെഷ്യൽ സർവീസ് ആയിരുന്നു ഇത്. അതിനുശേഷം ഒരു ലുഫ്താൻസയുടെ ഫ്ലൈറ്റും ഉടൻ തന്നെ ലാൻഡ് ചെയ്തു. കൊറോണ മൂലം ഉള്ള പ്രശ്നങ്ങൾ എയർപോർട്ട് ഇൻഡസ്ട്രിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ലുഫ്താൻസ സി ഇ ഒ കാർസ്റ്റൻ സ്ഫോർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ എയർപോർട്ട് തുറന്നത് ഈ മേഖലയ്ക്ക് പുതിയ ഉത്തേജനം പകരും എന്നും അദ്ദേഹം പറഞ്ഞു.

എയർപോർട്ട് മൂലമുണ്ടാകുന്ന കാലാവസ്ഥ പ്രശ്നങ്ങൾക്കെതിരെ ആണ് നിരവധി ആക്ടിവിസ്റ്റുകൾ പ്രതിഷേധം നടത്തിയത്. കൊറോണ ബാധ വളരെ സാരമായി തന്നെ സാമ്പത്തിക മേഖലയെ എല്ലാം തന്നെ ബാധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ജർമനിയിലെ പുതിയ എയർപോർട്ടിൻെറ ആരംഭം.

ഡോ. ഐഷ വി

കപ്പലിൽ വന്ന സാധനങ്ങൾ രാജ്യാന്തര നിയമമനുസരിച്ച് കപ്പലിൽ നിന്നും കരയിലിറക്കുന്നതിനായി കരയിൽ നിന്നും രണ്ട് നോട്ടിക്കൽ മൈൽ ദൂരത്തു വച്ചു തന്നെ കപ്പൽ എല്ലാ സാമഗ്രികളോടും കൂടി സാധനങ്ങൾ ഇറക്കേണ്ട രാജ്യത്തെ കപ്പിത്താന്മാർക്ക് കൈമാറിയതോടെ ആ കപ്പലിലെ കപ്പിത്താന്മാരും ജീവനക്കാരും രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് സ്വതന്ത്രരാകാറുണ്ട്. ചിലർ കര കാണാനും സാധനങ്ങൾ വാങ്ങാനും മറ്റുവിനോദങ്ങൾക്കുമായി സമയം മാറ്റി വയ്ക്കാറുണ്ട്. ലോജിസ്റ്റിക്കിലെ ശ്രീ ജോയി ജോൺ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. ചരക്ക് കപ്പലിൽ വന്ന നാവികർക്ക് ചില സഹായങ്ങൾ ആവശ്യമുണ്ടെന്ന് അപ്പോഴാണ് സുഹൃത്ത് ജോയി ജോണിനെ അറിയിച്ചത്. കുടുംബം നാട്ടിലായതിനാൽ തിരക്കിട്ട് താമസ സ്ഥലത്തേയ്ക്ക് പോയിട്ട് പ്രത്യകിച്ച് കാര്യമൊന്നുമില്ല. എന്നാൽ പിന്നെ ഈ നാവികർക്കൊപ്പം കുറേ സമയം ചിലവാക്കാമെന്ന് ജോയി ജോൺ തീരുമാനിച്ചു.

ജോയി ഒന്നു ഫ്രഷായി വന്നപ്പോഴേക്കും പ്ലാസ്റ്റിക് കുട്ടകൾ നിറച്ച് സാമാന്യം വലിയ മീനും കൊഞ്ചുമായി നാവിക സംഘം തയ്യാർ. ഇത്രയും മത്സ്യങ്ങൾ ഇവർക്ക് കടലിൽ വച്ച് പാചകം ചെയ്ത് ഭക്ഷിക്കാനായിരിക്കുമെന്ന് ജോയി ഊഹിച്ചു. ആഥിതേയ രാജ്യത്തിന്റെ കപ്പലിൽ അവർ ഉൾക്കടലിലേയ്ക്ക് ഒരു യാത്ര പോയി. ഇവരുടെ പക്കൽ മത്സ്യബന്ധനത്തിനുള്ള സാമഗ്രികളും ഉണ്ടായിരുന്നു. കരയിൽ നിന്നും രണ്ട് മൂന്ന് കിലോമീറ്റർ ദൂരത്തിലെത്തിയപ്പോൾ നാവികർ കൂടെ കൊണ്ടു വന്ന ഉണങ്ങിയ പഴങ്ങളും മറ്റും ഭക്ഷിച്ച ശേഷം എല്ലാവരും ഒന്നു ഉഷാറായി. കരയിൽ രാജാക്കന്മാർ വനാന്തരങ്ങളിൽ നായാട്ടിന് പോകുന്ന പ്രതീതിയാണ് ജോയിക്ക് ഈ യാത്രയെ പറ്റി തോന്നിയത്. വനത്തിനും നിഗൂഢതകളുണ്ട്. കടലിനും. വനത്തിന് വന്യതയുണ്ട്. കടലിന് അതിന്റേതായ ഘോരതയും ശാന്തതയും ആ യാത്രയിൽ അവർക്ക് അനുഭവപ്പെട്ടിരുന്നു.

എല്ലാവരും ഉഷാറായപ്പോൾ നാവികരിൽ ചിലർ നേരത്തേ കരുതിയിരുന്ന നല്ല മുഴുത്ത ചെമ്മീനുകളെ കടലിൽ എറിയാൻ തുടങ്ങി. ഇത്രയും കഷ്ടപ്പെട്ട് പിടിച്ച് കരയിലെത്തിച്ച ചെമ്മീനുകളെ എത്ര നിസ്സാരമായാണ് ഇവർ കടലിൽ എറിഞ്ഞു കളയുന്നതെന്ന് ജോയി ചിന്തിച്ചു. ഒരു ഘട്ടത്തിൽ തന്റെ സന്ദേഹം പങ്കു വച്ച ജോയിയോട് അവരിൽ ഒരാൾ പറഞ്ഞു. നിങ്ങളുടെ മതം അനുശാസിക്കുന്നില്ലേ ചെതുമ്പലും ചിറകുമുള്ള കടൽ ജീവികളെയാണ് ഭക്ഷിക്കേണ്ടതെന്ന് . അതുപോലെ ഞങ്ങളുടെ മതവും അനുശാസിക്കുന്നുണ്ട് ഇത്തരം ജീവികളെ ഭക്ഷിക്കരുതെന്ന്. ജോയിക്ക് ആ വാക്കുകൾ ഒരു ഓർമ്മപെടുത്തൽ ആയിരുന്നു. ഒപ്പം തിരിച്ചറിവും. ചെമ്മീനുകൾ കപ്പലിന് സമീപമെത്തിയ കടൽ ജീവികൾക്ക് ഭക്ഷണമായി തീർന്നു കഴിഞ്ഞപ്പോൾ കപ്പലിൽ കരുതിയിരുന്ന മറ്റു മത്സ്യങ്ങളുടെ ഊഴമായി. നാവികരിൽ ഒരാൾ ആ വലിയ മത്സ്യങ്ങളെ വെട്ടി നുറുക്കി കടലിലേയ്ക്ക് എറിഞ്ഞു കൊണ്ടിരുന്നു. അതിലേയ്ക്ക് ആകൃഷ്ടരായി എത്തിയ ചില വലിയ മീനുകളെ മറ്റൊരു നാവികൻ ചെറിയൊരു വലയിട്ട് പിടിച്ച് കപ്പലിലാക്കി. പഴയവയെ കളഞ്ഞിട്ട് പുതിയ മത്സ്യത്തെ ഭക്ഷിക്കാനായിരിക്കും ഒരുക്കമെന്ന് ജോയി ചിന്തിച്ചു. എന്നാൽ അപ്പോഴും തെറ്റി. ജോയിയെ അമ്പരപ്പിച്ചു കൊണ്ട് നാവികർ അവയെയും വെട്ടി നുറുക്കി കടലിൽ എറിഞ്ഞു. അപ്പോൾ കപ്പലിന് ചുറ്റും ജലത്തിൽ ചുവപ്പ് നിറം പടരാൻ തുടങ്ങിയിരുന്നു.

കപ്പലിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെ ഒരു തിരയിളക്കം. ദൂരദർശിനിയിലൂടെ നോക്കിയ കപ്പിത്താൻ അതൊരു വമ്പൻ സ്രാവാണെന്ന് ഉറപ്പിച്ചു. മൂന്ന് കിലോമീറ്റർ അകലെ വച്ചു തന്നെ ചോരയുടെ മണം തിരിച്ചറിയാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ. പിന്നെ വൈകിയില്ല. ആ തിരയിളക്കും കപ്പിലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. കിട്ടിയ അവസരത്തിൽ ഒരു വടത്തിലൂടെ കപ്പലിന്റെ വശത്തിലൂടെ പുറത്തേയ്ക്കിറങ്ങയ നാവികൻ പാഞ്ഞടുത്ത സ്രാവിന്റെ ദേഹത്തേയ്ക്ക് നല്ല മൂർച്ചയ്യുള്ള കണ്ടി കൊണ്ട് ഒരൊറ്റ വെട്ട്. മനുഷ്യന്റേതു പോലെ ഒരു നിലവിളി കേട്ട് പുറത്തേക്ക് നോക്കിയ ജോയി കാണുന്നത് കടലിലെ ശോണിമയാണ്. കൂടെ സ്രാവിന്റെ ദീനരോദനവും നിമിഷങ്ങൾ കൊണ്ട് അകലേയ്ക്ക് നീങ്ങിയ സ്രാവ് കലി പൂണ്ട് കപ്പലിനടുത്തേയ്ക്ക് പാഞ്ഞടുത്തു. അണയാൻ പോകുന്ന ദീപം ആളിക്കത്തും പോലെ. അപ്പോഴേയ്ക്കും നാവികർ തയ്യാറായിരുന്നു. അവരിട്ട വൻ വലയിൽ സ്രാവ് കുടുങ്ങിയിരുന്നു. രക്ഷപെടാനുള്ള അവസാനശ്രമമെന്നോണം അത് വലയോട് കൂടി കപ്പലിനെ വലം വയ്ക്കാൻ തുടങ്ങി. അവസാന നിമിഷംവരേയും പോരാടി നിൽക്കുക എന്നത് വിജയിക്കാൻ അതി തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരാളുടേയും ശ്രമമാണ്. സ്രാവിനെ വലിച്ചെടുക്കാൻ നാവികർ നന്നേ പാടുപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിൽ അധികമെടുത്തു ആ സ്രാവിനെ പിടിച്ച് കപ്പലിൽ ഇടാൻ. സ്രാവ് കപ്പലിനകത്തായി കഴിഞ്ഞപ്പോൾ കപ്പിത്താന്മാരും കൂട്ടരും കൂടി സ്രാവിന്റെ ചിറകുകൾ വാലുകൾ എന്നിവ മാത്രം അരിഞ്ഞെടുത്തു. പിന്നീട് സ്രാവിനെ പിടിച്ചതിനെക്കാൾ കഷ്ടപ്പെട്ട് അവർ അതിനെ കടലിലേയ്ക്ക് തള്ളി.

കുറച്ചു കഴിഞ്ഞപ്പോൾ ജീവനറ്റ സ്രാവിന്റെ ശരീരത്തെ ചെറു മീനുകൾ ആഹരിയ്ക്കാൻ തുടങ്ങി. നിയതിയുടെ നിയമം അങ്ങിനെയാണ്. ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുന്നു. ഇവിടെ കുഞ്ഞു മീനുകളെ ഭക്ഷിച്ച് സ്ഥൂലശരീരിയായ വമ്പൻ സ്രാവിനെ ചെറു മീനുകൾ ആഹരിയ്ക്കുന്നു. കുറച്ചുനേരം ഇതൊക്കെ നോക്കി നിന്ന ജോയിക്ക് ഒരു സംശയം ഇത്രയും കഷ്ടപ്പെട്ട് പിടിച്ചെടുത്ത സ്രാവിന്റെ മാംസളമായ യാതൊരു ഭാഗവും ഉപയോഗിക്കാതെ അതിന്റെ ഒട്ടും മാംസളമല്ലാ വാലും ചിറകും ഭദ്രമായി പൊതിഞ്ഞ് ഫ്രീസറിൽ വച്ചതെന്തേ? സംശയ നിവാരണത്തിന് ജോയി കപ്പിത്താനെ തന്നെ സമീപിച്ചു. അദ്ദേഹം പറഞ്ഞു ഇതിന്റെ ചിറകിനും വാലിനും വല്യ വിലയാണ്. അമേരിക്കയിൽ ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുമ്പോൾ ഉള്ളിൽ അലിഞ്ഞ് ചേർന്ന് ശരീരത്തിന്റെ ഭാഗമാകാൻ കഴിയുന്ന നൂലുണ്ടാക്കാൻ പറ്റിയതാണ് സ്രാവിന്റെ ഈ ഭാഗങ്ങളെന്ന്.

കപ്പൽ തിരിച്ച്‌ കരയോടടുക്കുമ്പോൾ കുഞ്ഞ് മീനുകൾക്ക് ആഹാരമുകുന്ന വമ്പൻ സ്രാവിനെ കുറിച്ചായിരുന്നു ജോയിക്ക് ചിന്ത

(ഇത് ഞങ്ങളുടെ കോളേജിലെ പിറ്റി എ പ്രസിഡന്റ് ശ്രീ ജോയി ജോൺ പറഞ്ഞു തന്ന സംഭവ കഥയാണ്.)

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

ഷിബു മാത്യൂ.
സത്യം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.
മാർപ്പാപ്പ പറഞ്ഞതെന്ത്? ഇഷ്ടപ്പെട്ട മാധ്യമം പറയുന്നത് വിശ്വസിക്കുന്നതിനപ്പുറം എന്താണ് ഉള്ളത്?? ഇതല്ല സഭയുടെ വിശ്വാസ സത്യം. തെറ്റിധാരണകൾ മാറ്റേണ്ടതുണ്ട്. പാപ്പ പറഞ്ഞതിൻ്റെ അർത്ഥം മലയാളത്തിൽ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്. അതുകൂടി കാണണം. മുൻ വിധിയാണ് എന്തിനും കാരണം. സഭയുടെ സത്യങ്ങളിൽ കൂട്ടിച്ചേർക്കേണ്ടപ്പെടേണ്ട ആവശ്യങ്ങളില്ല. മീഡിയയിൽ വന്ന കാര്യങ്ങൾ സഭയുടെ പ്രവർത്തനങ്ങളെ ഒരിക്കലും ബാധിക്കില്ല.

മാനുഷീകമായ പരിഗണന കൊടുക്കണം എന്നാണ് പാപ്പാ ആഗ്രഹിച്ചത്.
പരിശുദ്ധ പാപ്പ പറഞ്ഞതിനെ ലോകം വളച്ചൊടിച്ചപ്പോൾ വ്യക്തമായ നിർവജനം കൊടുക്കുകയാണ് ഫാ. ബിനോയ് ആലപ്പാട്ട്.
ഫാ. ബിനോയ് പറഞ്ഞത് കേൾക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബഹാമസ് : ജയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച സ്കോട്ടിഷ് ചലച്ചിത്ര ഇതിഹാസം ഷോൺ കോണറി (90) അന്തരിച്ചു. അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ കോണറിയുടെ വിടവാങ്ങൽ ചലച്ചിത്രലോകത്തിന് തീരാനഷ്ടമാണ്. ബഹമാസിൽ വച്ചായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. കുറച്ചു നാളായി രോഗബാധിതനായിരുന്നു. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജയിംസ് ബോണ്ടായി വേഷമിട്ടത്. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷോൺ കോണറിയാണ്. ഡോക്ടർ നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോൾഡ് ഫിങ്കർ, തണ്ടർബോൾ, യു ഒൺലി ലീവ് ടൈ്വസ്, ഡയമണ്ട് ആർ ഫോറെവർ, നെവർ സേ നെവർ എഗെയിൻ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങൾ. ജയിംസ് ബോണ്ട് ചിത്രങ്ങൾക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബർ, ഇൻഡ്യാന ജോൺസ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

1988 ൽ ‘ദി അൺടച്ചബിൾസ്’ എന്ന ചിത്രത്തിൽ ഐറിഷ് പോലീസുകാരനായി വേഷമിട്ട ഷോൺ ആ വർഷത്തെ ഓസ്കാർ അവാർഡ് കരസ്ഥമാക്കിയിരുന്നു. ഓസ്‌കാറിന് പുറമെ ബാഫ്ത, ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 1930 ഓഗസ്റ്റ് 25 ന് സ്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് ഷോൺ കോണറി ജനിച്ചത്. തോമസ് ഷോൺ കോണറി എന്നാണ് മുഴുവൻ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തിൽ സർ പദവി അദ്ദേഹത്തിന് സമ്മാനിച്ചു. 1986-ൽ ഇറ്റാലിയൻ നോവലിസ്റ്റായ ഉംബർട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാൻസിസ്കൻ സന്യാസിയുടെ വേഷത്തിൽ തിളങ്ങിയ കോണറി, ‘ദ റോക്ക്’ എന്ന ചിത്രത്തിൽ 13 വർഷത്തിനു ശേഷവും അതേ ഭാവപ്രകടനത്തോടെ സ്ക്രീനിൽ നിറഞ്ഞുനിന്നു. ഒട്ടേറെ ആനിമേഷൻ സിനിമകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയും കോണറി ലോകസിനിമാപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി.

എഡിൻ‌ബറയിലെ ചേരികളിൽ ദാരിദ്ര്യത്തിനു സമാനമായ സാഹചര്യങ്ങളിലാണ് കോണറി വളർന്നത്. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുൻപ് പാൽ വിൽപനക്കാരൻ, ലൈഫ് ഗാർഡ്, ശവപ്പെട്ടിക്കടയിലെ ജീവനക്കാരൻ തുടങ്ങിയ തൊഴിലുകൾ അദ്ദേഹം ചെയ്തു. ബോഡി ബിൽഡിങ് ചെയ്തിരുന്ന അദ്ദേഹത്തിന് അത് സിനിമയിലെത്തുന്നതിന് സഹായകരമായി. 1989 ൽ പീപ്പിൾ മാഗസിൻ അദ്ദേഹത്തെ “ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സി മനുഷ്യൻ” എന്ന് പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സായിരുന്നു. 2003 ൽ ഇറങ്ങിയ ദ ലീഗ് ഓഫ് എക്സ്ട്രാഓർഡിനറി ജെന്റിൽമെൻ ആയിരുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രം. ചിത്രത്തിന്റെ സംവിധായകനുമായുള്ള തർക്കത്തെത്തുടർന്ന് കോണറി സിനിമകളിൽ നിന്ന് വിരമിക്കുകയായിരുന്നു. ബ്രിട്ടീഷ് ഏജന്റ് 007 എന്ന പേരിൽ ആരാധകർ ഇനിയദ്ദേഹത്തെ മനസിലേറ്റും.

RECENT POSTS
Copyright © . All rights reserved