ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിൽ വൻ മയക്കുമരുന്ന് കടത്ത് കണ്ടെത്തി. നൂറു മില്യൺ പൗണ്ടിൻെറ കൊക്കയിനാണ് പിടിച്ചെടുത്തത്. രണ്ടുമാസത്തിനുള്ളിൽ ലണ്ടൻ ഗ്രേറ്റ് വെയിൽ നിന്ന് കണ്ടെത്തിയ രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയിൽ കണ്ടെത്തിയത് ഒരു ടൺ കൊക്കെയിനാണ്. ബനാന പൾപ്പിനുള്ളിലൊളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കൊളംബിയയിൽ നിന്ന് ബെൽജിയത്തിലേയ്ക്ക് അയച്ച കണ്ടെയ്നറിൽ നിന്നാണ് ബോർഡർ ഫോഴ്സ് മയക്കുമരുന്ന് കണ്ടെടുത്തത്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വളം വെച്ചു കൊടുക്കുന്നതും ജീവിതങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്ന് അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. മയക്കുമരുന്ന് വേട്ടയിലൂടെ യുകെയിലെയും വിദേശത്തെയും കുറ്റവാളികൾക്ക് ശക്തമായ സന്ദേശം നൽകാൻ സാധിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു. യുകെയിലേയ്ക്ക് മയക്കു മരുന്ന് വരുന്നത് തടയാൻ സാധ്യമായ എല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

അടുത്തയിടെ കണ്ടെത്തിയ മയക്കുമരുന്ന് കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാൽ നാഷണൽ ക്രൈം ഏജൻസി രണ്ടു കേസുകളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവരുടെ അന്തിമലക്ഷ്യം യുകെ അല്ലെങ്കിലും കുറച്ചെങ്കിലും രാജ്യത്ത് വിറ്റഴിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു എന്നാണ് കരുതപ്പെടുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലോകത്തു തന്നെ ആദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറുകയാണ്. മുൻഗണനാ ക്രമമനുസരിച്ച് വാക്‌സിൻ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം തന്നെ കോവിഡ് വാക്സിൻ സ്വീകർത്താക്കൾക്ക് രാജ്യത്ത് പുതിയ ഐഡി കാർഡ് നിലവിൽ വരുമെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അതുപോലെ തന്നെ സൂപ്പർമാർക്കറ്റ്, പബ്ബുകൾ തുടങ്ങിയ പൊതുഇടങ്ങളിലെ പ്രവേശനത്തിന് വാക്സിൻ സ്വീകരിച്ചു എന്നുള്ള ഐഡി കാർഡ് നിർബന്ധമാക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.

നാളെ ഫൈസർ വാക്സിൻ വിതരണം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവർക്ക് കാർഡുകൾ നൽകാൻ തുടങ്ങും. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിൻെറ കാർഡ് ഉപയോഗിച്ച് യുകെയിലെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്ന് വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവെർലി പറഞ്ഞു. ആത്യന്തികമായി ഈ കാർഡുകൾ ആളുകളുടെ ജീവിതത്തെയും സമ്പദ് വ്യവസ്ഥയും സാധാരണനിലയിലേക്ക് കൊണ്ടുവരാനായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പ്രതിരോധ കുത്തിവെയ്പ്പിന് ശേഷം ലഭിക്കുന്ന കാർഡുകൾ വ്യാജമായി നിർമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ജനങ്ങളുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്താൻ വാക്സിനേഷൻ കാർഡുകൾ ഉപയോഗിക്കപ്പെടില്ലെന്ന് ഗവൺമെൻറ് ഉറപ്പാക്കേണ്ടതുണ്ട് എന്ന് ടോറി മുൻ മന്ത്രി ഡേവിഡ് ജോൺസൺ ആവശ്യപ്പെട്ടു. വാക്സിനേഷനെ അനുകൂലിക്കുമ്പോഴും റസ്റ്റോറന്റോ തിയേറ്ററോ പോലുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് കാർഡ് നിർബന്ധമാക്കുന്നതിനെ പലരും വിമർശനബുദ്ധിയോടെയാണ് സമീപിക്കുന്നത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ ഷെഫീൽഡിൽ താമസിക്കുന്ന ജെറി ജോസ്, ജീവിതത്തിൽ നേരിട്ട വലിയ വെല്ലുവിളിയെ വിശ്വാസത്തിന്റെ കരുത്ത് കൊണ്ട് മാത്രം അതിജീവിച്ചതെങ്ങനെയെന്ന് തുറന്നു പറയുകയാണ്. നേഴ്സായിരുന്ന ഭാര്യ യുകെയിലേക്ക് പ്രവാസ ജീവിതത്തിന് ഒരുങ്ങി, ഏജൻസിയുമായി ബന്ധപ്പെട്ട് പണം നൽകി യാത്രയ്ക്കൊരുങ്ങി ഇരുന്ന നേരത്താണ് സന്തോഷമുള്ള ഒരു വാർത്ത തേടിയെത്തിയത്, ഗർഭിണിയാണ്.
പരിചയമില്ലാത്ത ജീവിത സാഹചര്യങ്ങൾ ഉള്ള യുകെയിൽ പോകുമ്പോൾ ശാരീരിക അസ്വസ്ഥതകളും, കുട്ടിയെ നേരാംവണ്ണം നോക്കാനുള്ള സാഹചര്യങ്ങളും വളരെ കുറവ്, അല്ലെങ്കിൽ യുകെയിലെ ജീവിത ശൈലികളിൽ ഉള്ള അജ്ഞത എന്നിവ ഞങ്ങക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കാതെ വന്നു. എങ്കിലും ഉദരഫലം ദൈവീക വരമാണ് എന്ന് ഞങ്ങൾ വിശ്വസിച്ചു. അങ്ങനെ യുകെയിലെ ജോലി ഇപ്പോൾ വേണ്ട എന്ന തീരുമാനത്തിൽ എത്തി. ഈ തീരുമാനത്തെ ചില കൂട്ടുകാർ എതിർത്തിരുന്നു. ജോലിയാണ് വലുത് എന്നും, ഇനിയൊരു അവസരം ഉണ്ടായില്ലെങ്കിലോ എന്നും നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. എന്നാൽ കുഞ്ഞാണ് വലുത് എന്ന തീരുമാനത്തിൽ, ഏജൻസിക്കു കൊടുത്ത പണം പോലും ഉപേക്ഷിച്ച് ഞങ്ങൾ ഇരുവരും ഉറച്ച മനസ്സോടെ യുകെ യാത്ര കുഞ്ഞിന് വേണ്ടി ഉപേക്ഷിച്ചു.
എന്നാൽ രണ്ടരമാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് ഭാര്യക്ക് ചിക്കൻപോക്സ് ബാധിക്കുന്നത്. ശരീരം മുഴുവൻ പൊട്ടിയൊഴുകുന്ന വ്രണങ്ങളുമായി സഹനത്തിന്റെ അങ്ങേയറ്റത്തെ വഴികളിലൂടെ സഞ്ചരിച്ചു ജെറിയും ഭാര്യയും. പിന്നീട് ഗർഭാവസ്ഥയിലെ സ്കാനിംഗ് എല്ലാം നടത്തിയത് ബാംഗ്ലൂരിൽ ഉള്ള ഒരു ആശുപത്രിയിൽ ആയിരുന്നു. സ്‌കാൻ റിപ്പോർട്ട് ജെറിയുടെയും ഭാര്യയുടെയും വിഷമം വർദ്ധിപ്പിക്കുന്നതായിരുന്നു. കുട്ടിക്ക് ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും, അതിനാൽ അബോർഷൻ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത ജീവിതത്തിലെ നിമിഷങ്ങൾ. യുകെ യാത്രപോലും വേണ്ടെന്ന് വച്ച ഞങ്ങൾക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു.
ആ സമയത്ത് ബാംഗ്ലൂരിൽ ഉള്ള സി എസ് റ്റി ധ്യാന മന്ദിരത്തിലെ ജോർജ് പൂതക്കുഴി അച്ചന്റെ സഹായിയും, ഡ്രൈവറുമായി ജോലിചെയ്തിരുന്ന, പള്ളിയിലെ ശുശ്രൂഷകളിൽ സഹായങ്ങൾ ചെയ്തു പോന്നിരുന്ന ജെറി, അച്ചന്റെ അടുക്കലേക്ക് ഓടിയെത്തി. നിങ്ങൾ പ്രാർത്ഥിക്കുക ദൈവം ഒരു തീരുമാനം എടുക്കട്ടെ എന്ന് അച്ചൻ ആശ്വസിപ്പിച്ചു. അതിനു ശേഷം ഇരുവരും എന്നും കുർബാനയിൽ പങ്കെടുക്കാനും പോകുമായിരുന്നു. നിത്യവും ഏറെ നേരം ദൈവസന്നിധിയിൽ പ്രാർത്ഥനയോടെ ചെലവഴിച്ചു. പിന്നീട് ആത്‌മീയ ഗുരുവായ ഫാദർ ആന്റോ തെക്കൂടൻ (സി എം ഐ ) ഫോണിൽ വിളിച്ചു സാഹചര്യം പറഞ്ഞു. അപ്പോൾ പൂനയിൽ ആയിരുന്ന അച്ചനോട് ഞങ്ങളെ ഒരു തീരുമാനം എടുക്കാൻ സഹായിക്കുമോ എന്ന് ചോദിച്ചു?
അച്ചൻ പ്രാർത്ഥനക്ക് ശേഷം, പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സുരക്ഷിതമായ ഒരു കുഞ്ഞിനെ ആണ് കാണുന്നത് എന്നും, നിങ്ങളുടെ കുഞ്ഞിനെ ഈശോ തന്നതാണെന്നും, മനസ്സുനിറഞ്ഞ് ഇരു കൈകളും നീട്ടി സ്വീകരിക്കണമെന്നും അച്ചൻ ജെറിയോടും ഭാര്യയോടും ആയി പറഞ്ഞു. അതോടെ എന്ത് കുറവുകൾ ഉണ്ടായാലും കുഞ്ഞിനെ വളർത്താൻ ജെറിയും ഭാര്യയും സന്തോഷത്തോടെ പ്രതിജ്ഞയെടുത്തു. തുടർ ചികിത്സകളും പ്രസവവും മൂവാറ്റുപുഴയിലെ നിർമ്മല ആശുപത്രിയിൽ ആയിരുന്നു. പ്രസവശേഷം കാണാൻ വന്ന ബന്ധു കുഞ്ഞിനെ കയ്യിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കുന്നത് ജെറി ജോസ് ഓർമ്മിക്കുന്നു. കുഞ്ഞിന് ഒരു വിധത്തിലുള്ള അപാകതകളും ഉണ്ടായിരുന്നില്ല.
കുഞ്ഞിന് ഒരു വയസ്സായ ശേഷം ഒരു രൂപപോലും ചെലവില്ലാതെ ഇരുവർക്കും വർക്ക് പെർമിറ്റുമായി യു കെയിലെത്താൻ കഴിഞ്ഞു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് ചിലവില്ലാതെ വീണ്ടും യുകെയിൽ എത്തുവാനുള്ള അവസരം ഉണ്ടായത്.
വൈകല്യങ്ങളും ബുദ്ധിയും ഉണ്ടാവുകയില്ല എന്ന് ഡോക്ടർ പറഞ്ഞ കുട്ടി രണ്ടാം ക്ലാസ്സ് മുതൽ എന്നും പഠനത്തിൽ മുൻപന്തിയിൽ ആയിരുന്നു. എല്ലാ പരീക്ഷകളിലും ഉന്നത വിജയം നേടിയ അവൻ ഇപ്പോൾ യുകെയിലെ ലണ്ടനിൽ ഉള്ള ജോൺ ഫിഷർ സ്കൂളിൽ പത്താം ക്ലാസിന് ശേഷം ജിസിഎസ്ഇയ്ക്ക് പഠിക്കുന്നു.
മിടുക്കനായ അവൻ പഠിക്കുന്ന സ്കൂളിലേക്ക് എടുക്കുന്ന ടീച്ചറിനെ പോലും ഇന്റർവ്യൂ ചെയ്യുന്ന അത്രയും ബുദ്ധിയുള്ള കുട്ടിയായാണ് ഇപ്പോൾ വളരുന്നത്. സ്‌കൂൾ ഒരു ടീച്ചറിനെ നിയമിക്കാൻ തീരുമാനിച്ചപ്പോൾ അവർ എടുത്ത ഒരു തീരുമാനം വളരെ വ്യത്യസ്തമായിരുന്നു. ഈ സ്‌കൂളിൽ പഠിക്കുന്ന മിടുക്കരായ മൂന്ന് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു അതിൽ ഒരാൾ ജോഷ്വാ ജെറി ആയിരുന്നു, മൂന്ന് ക്ലാസ്സുകളിൽ ആയി ഇരുത്തി. ജോലി തേടി വന്ന മൂന്ന് പേർ ഓരോ മണിക്കൂർ ഇവരുടെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികൾ റിപ്പോർട്ട് എഴുതി സ്‌കൂൾ അധികൃതർക്ക് കൊടുക്കുന്നു.
ഇംഗ്ലീഷുകാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ളവർ പഠിക്കുന്ന ജോൺ ഫിഷർ, ലണ്ടനിലെ അറിയപ്പെടുന്ന സ്‌കൂളിലെ ടീച്ചറിനെ നിയമിക്കാൻ മലയാളിയായ ജോഷ്വാ ജെറിയുടെ ചോദ്യത്തിന് ഉത്തരം നൽകുന്നവർക്കായിരുന്നു. എൻ്റെ കുട്ടിയുടെ മഹത്വം പറയാനല്ല മറിച്ചു ദൈവ പരിപാലന നമ്മളെ തേടി വരും എന്ന് പറയുവാൻ ആണ് ഇത് പറയുന്നത്… ജെറി തുടർന്നു. കുറവുകൾ മാത്രമേ ഉണ്ടാവൂ എന്ന് ഡോക്ടർ പറഞ്ഞ കുഞ്ഞ് ടീച്ചറിനെ ഇന്റർവ്യൂ ചെയ്യുന്ന ബുദ്ധികേന്ദ്രമായ സാഹചര്യം.
ഓരോ പരിമിതികളുടെ പേരിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവം തരുന്ന സമ്മാനങ്ങളായ കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കുന്നവരോട്, അദ്ദേഹം പറയുന്നു ” പരീക്ഷണ ഘട്ടങ്ങളിൽ തളരാതിരിക്കുക, യേശുവിൽ ഭരമേൽപിക്കുക. അവൻ വഴി കാണിച്ചു തരും”
വീഡിയോ കാണാം…
[ot-video][/ot-video]
നോട്ടിംഗ്ഹാം : ടയർ 3 നിയന്ത്രണത്തിന് കീഴിലുള്ള നോട്ടിംഗ്ഹാമിലെ ക്രിസ്മസ് മാർക്കറ്റ് തുറന്ന് 24 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടി. ജനതിരക്ക് കാരണമാണ് മാർക്കറ്റ് അടച്ചുപൂട്ടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നാട്ടുകാരുടെ പ്രകോപത്തെത്തുടർന്ന് ഈ വർഷം വിപണി അടച്ചിടുമെന്നും അധികൃതർ വെളിപ്പെടുത്തി. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് ഓൾഡ് മാർക്കറ്റ് സ്ക്വയറിൽ ഒത്തുകൂടിയത്. അടച്ചുപൂട്ടേണ്ടി വന്ന തീരുമാനത്തിൽ മാർക്കറ്റ് നടത്തുന്ന മെല്ലേഴ്സ് ഗ്രൂപ്പ് ഖേദം പ്രകടിപ്പിച്ചു. ഒരു സമയം മാർക്കറ്റിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനും ഇത് തുടർച്ചയായി നിരീക്ഷിക്കാനും പദ്ധതികളുണ്ടെന്ന് നോട്ടിംഗ്ഹാം സിറ്റി കൗൺസിലുമായുള്ള സംയുക്ത പ്രസ്താവനയിൽ, മെല്ലേഴ്സ് ഗ്രൂപ്പ് പറഞ്ഞു. എന്നിരുന്നാലും, ഇവ ഫലപ്രദമായി നടപ്പാക്കാൻ ഏറെ ബുദ്ധിമുട്ടാണ്.

“മാർക്കറ്റ് സന്ദർശിക്കാനിരിക്കുന്ന നിരവധി ആളുകൾക്കും സ്റ്റാൾ ഉടമകൾക്കും ഈ തീരുമാനം വളരെയധികം നിരാശ സൃഷ്ടിക്കുമെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ജനതിരക്ക് കാരണം മാർക്കറ്റ് പ്രവർത്തിപ്പിക്കാൻ കഴിയാതെ വരുന്നു.” മെല്ലേഴ്സ് ഗ്രൂപ്പ് കൂട്ടിച്ചേർത്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ദിവസം മുഴുവൻ മാർക്കറ്റിലുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു. നാലാഴ്ചത്തെ ദേശീയ ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വന്ന പുതിയ കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായാണ് നഗരം ടയർ 3 നിയന്ത്രണത്തിൽ എത്തിയത്.

അനിവാര്യമല്ലാത്ത കടകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കാൻ അനുവദിച്ചിട്ടും പലരും ജാഗ്രത പാലിച്ചതിനാൽ പ്രതിവർഷം 29 ശതമാനം ഇടിവുണ്ടായതായി റീട്ടെയിൽ അനലിസ്റ്റുകളുടെ ഷോപ്പർട്രാക്ക് വ്യക്തമാക്കി. ദേശീയതലത്തിൽ കഴിഞ്ഞ ശനിയാഴ്ച ഷോപ്പർ ട്രാഫിക്കിൽ 193 ശതമാനം വർദ്ധനവുണ്ടായപ്പോൾ ലോക്ക്ഡൗണിന്റെ ആഘാതം പലരും ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് റീട്ടെയിൽ കൺസൾട്ടന്റ് ആൻഡി സമ്പർ പറഞ്ഞു. ക്രിസ്മസ് കാലം എത്തിയതോടെ പ്രാധാന നഗരങ്ങളിൽ എല്ലാം ജനതിരക്ക് വർധിച്ചുവരികയാണ്. എന്നാൽ ബിസിനസ് നഷ്ടമാവാത്ത രീതിയിൽ ഇത് എങ്ങനെ നിയന്ത്രിക്കാമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.
സ്വന്തം ലേഖകൻ
യു കെ :- കർഷക വിരുദ്ധ നിയമങ്ങൾ ഇന്ത്യൻ സർക്കാർ പാസാക്കിയതിനെതിരെ ഇന്ത്യയിൽ നടന്നു വരുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടനിൽ ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം. കൊറോണ നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്ത 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും, നാലുപേർക്ക് പിഴ ഈടാക്കുകയും ചെയ്തു. ഇന്ത്യ ഗവൺമെന്റ് പാസാക്കിയ പുതിയ കർഷക നിയമപ്രകാരം, കർഷകർക്ക് തങ്ങളുടെ വിളകൾക്ക് ലഭിച്ചിരുന്ന താങ്ങുവില നഷ്ടമാകും. ഈ നിയമത്തിന്റെ ഭാഗമായി കർഷകരുടെ വിളകൾ വാങ്ങാൻ കൂടുതൽ പ്രൈവറ്റ് കമ്പനികൾക്ക് അവസരമുണ്ടാകും. ഇതിനെതിരെയാണ് കർഷക പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ നടന്നുവരുന്നത്. എന്നാൽ പുതിയ നിയമങ്ങൾ കർഷകർക്ക് തങ്ങളുടെ വിളകൾ വിൽക്കുവാൻ കൂടുതൽ വിപണി അവസരങ്ങൾ തുറന്നു നൽകുകയാണ് ചെയ്യുന്നതെന്ന് ഗവൺമെന്റ് അറിയിച്ചു.

യുകെ യിൽ നടന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങൾ യു കെ സിഖ് ഫെഡറേഷൻ പങ്കുവെച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതിഷേധത്തെ വളരെ കൃത്യമായ സമീപനത്തോടെയാണ് പോലീസ് അധികൃതർ നേരിട്ടത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രതിഷേധങ്ങൾ നല്ലതല്ല എന്ന് പോലീസ് കമാൻഡർ പോൾ ബ്രോഗ്ഡൻ വ്യക്തമാക്കി.

കൊറോണാ നിയമങ്ങൾ പാലിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ നിന്ന് പിഴ ഈടാക്കിയതായി അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ കൃത്യമായി കൊറോണ നിയന്ത്രണങ്ങൾ പാലിക്കണമെന്ന ശക്തമായ നിർദേശവും പൊലീസ് അധികൃതർ നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ആറുവർഷമായി വാൻ ഹൗസിൽ മാത്രം ജീവിച്ച് ലോകം ചുറ്റുന്ന ബ്രിട്ടീഷ് ദമ്പതിമാരിൽ ഭാര്യയായ എസ്തറിനെ കാണാതായത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. എസ്തറിനെ പൈറീനീസിൽ വച്ചാണ് ട്രക്കിങ്ങിനിടെ കാണാതായത്. പൈറീനീസ് പർവ്വതനിര സ്പെയിനിനും ഫ്രാൻസിനും ഇടയിൽ 430 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്ററിൽ അധികം ഉയരത്തിലുള്ളതുമാണ് . എന്നാൽ വിപുലമായ രീതിയിലുള്ള തിരച്ചിലിന് ശേഷവും കണ്ടെത്താൻ സാധിക്കാത്തത് ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണ് . ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാം എന്ന സംശയമാണ് കുടുംബാംഗങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് പൈറീനീസ് മലനിരകളിലെ ട്രക്കിങ്ങിനിടയിൽ എസ്തറിനെ കാണാതായത്. ആദ്യം എസ്തർ അപകടത്തിൽ പെട്ടതാണെന്ന് സംശയിച്ചെങ്കിലും അവസാനമായി ലിഫ്റ്റ് നൽകിയ സഹയാത്രികനെ കണ്ടെത്താൻ പോലീസ് പരാജയപ്പെട്ടതിനെ തുടർന്നാണ് എസ്തറിൻെറ ആൻറി എലിസബത്ത് വോൾസി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മോശം കാലാവസ്ഥയ്ക്കിടയിലും എസ്തറിനെ കാണാതായതായി കരുതുന്ന സ്ഥലത്ത് ഹെലികോപ്റ്ററുകളുടെയും പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളുടെയും സഹായത്തോടെ മൗണ്ടൻ റെസ്ക്യൂ യൂണിറ്റുകളിൽ നിന്നുള്ള പതിനഞ്ചോളം വിദഗ്ധർ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ എസ്തറിനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.

എസ്തറിൻെറയും പങ്കാളിയായ ഡാൻ കോൾഗേറ്റിൻെറയും വാൻ ഹൗസിലെ സഞ്ചാരത്തിൻെറ കഥ മലയാളംയുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അധികം താമസിയാതെ തന്നെ എസ്തറിനെ കാണാതായ വാർത്ത അവൾ അവസാനമായി തൻെറ പങ്കാളിക്ക് വാട്സാപ്പിൽ അയച്ച ചിത്രം സഹിതം വാർത്തയായത് ദുഃഖത്തോടെയാണ് ലോകമെങ്ങുമുള്ള യാത്രാപ്രേമികൾ ശ്രവിച്ചത് .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
അസുഖ ബാധിതനായി ചികിത്സയിലായിരുന്ന റാന്നി സ്വദേശി തിയ്യാടിക്കൽ സാജു നിര്യാതനായി. മോട്ടോർ ന്യൂറോൺ അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വിറ്റ്നി കമ്മ്യൂണിറ്റി ഹോസ്പിറ്റൽ നഴ്സായ മിനിയാണ് ഭാര്യ. സാജു മിനി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൾ ബോണ്‍സ്മൗത്തില്‍ നിയമ വിദ്യാര്‍ത്ഥിയും മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ആണ്. സാജു ഓക്സ്ഫോർഡ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സഭാംഗമാണ്.
സാജുവിന്റെ കുടുംബം ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിലാണ് താമസം. യുകെയില്‍ തന്നെ സംസ്‌കാരം നടത്താനാണ് ആലോചിക്കുന്നത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുത്തിരിക്കുകയാണ്. സാജുവിന്റെ സഹോദരിയും കുടുംബവും താമസിക്കുന്നതും ഓക്‌സ്‌ഫോര്‍ഡില്‍ തന്നെയാണ്.
സാജുവിൻെറ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലോക്ക്ഡൗൺ ഡിസംബർ -2ന് അവസാനിച്ചെങ്കിലും യുകെയിൽ ഉടനീളം വൈറസ് വ്യാപനത്തിൻെറ തോതനുസരിച്ച് നിയന്ത്രണങ്ങൾ തുടരുകയാണ്. പലസ്ഥലങ്ങളിലും നിയന്ത്രണങ്ങളെ കുറിച്ച് കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് കാലത്ത് എത്രമാത്രം തങ്ങളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായുള്ള പുനസമാഗമം സാധ്യമാകും എന്നുള്ളത് ഈ നിയന്ത്രണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് . സാമാന്യ യുക്തിക്ക് നിരക്കാത്ത പല നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട് .
വിചിത്രമായ നിയന്ത്രണത്തിൽ വലയുന്ന ലീഡ്സിലെ ദമ്പതികളുടെ അനുഭവമാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലീഡ്സിൽ താമസിക്കുന്ന ഫിലിപ്പ്,ഷീല ദമ്പതിമാരുടെ വീട് ടയർ -2വിൽ ആണെങ്കിലും അവരുടെ പൂന്തോട്ടം ടയർ -3 നിയന്ത്രണ പരിധിയിലാണ്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണിനു ശേഷം ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ മൂലം ഇവർ സ്വയം ഒറ്റപ്പെടലിന് വിധേയരായി ഇരിക്കേണ്ടതായി വരും.

വെസ്റ്റ് യോർക്ക്ഷെയറിലെ ഓറ്റ്ലിയിലുള്ള ഇവരുടെ വീട് ലീഡ്സ് സിറ്റി കൗൺസിലും ഹാരോഗേറ്റ് ബൊറോ കൗൺസിലും തമ്മിൽ വിഭജിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇതിൻറെ ഫലമായി ലീഡ്സ് ദമ്പതികളുടെ വീട് ടയർ -2വിലും പൂന്തോട്ടം ടയർ -3 യിലുമാണ്. ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ടയർ -2വിലെ ആളുകൾക്ക് 6 ഔട്ട്ഡോർ ഗ്രൂപ്പുകളുമായി കണ്ടുമുട്ടാൻ കഴിയും. എന്നാൽ ടയർ 3 യിലെ താമസക്കാർക്ക് പൊതു ഇടങ്ങളിൽ മാത്രമേ മറ്റുള്ളവരുമായി കണ്ടുമുട്ടാൻ സാധിക്കുകയുള്ളൂ
സ്വന്തം ലേഖകൻ
യു കെ :- ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാരക്കരാറിനെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, യൂറോപ്യൻ യൂണിയൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുള വോൺ ഡർ ലെയെനുമായുള്ള അവസാനവട്ട ചർച്ചകൾ തിങ്കളാഴ്ച നടക്കും. ഇരുവരും ഇതുവരെ നടത്തിയ ചർച്ചകളിൽ അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം നീണ്ട ഫോൺ കോൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയോടെ സമവായത്തിൽ എത്തിയില്ലെങ്കിൽ കരാറുകൾ ഒന്നുമില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ പടിയിറങ്ങും.

ബ്രിട്ടൻ പ്രധാനമന്ത്രി തന്റെ നിലപാടുകളിൽ അയവു വരുത്താനുള്ള സാധ്യത കുറവാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെ ഇതിനെതിരെ ശക്തമായ നിലപാടുകൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, യൂറോപ്പ്യൻ യൂണിയൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷം, ഇരുവരും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. നിരവധി അതിപ്രധാനമായ കാര്യങ്ങളിൽ ഇനിയും സമവായത്തിൽ എത്തിയിട്ടില്ലെന്ന് ഈ പ്രസ്താവനയിൽ പറയുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഒരു കരാർ ഉണ്ടാവുക അസാധ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പിന്നീട് പറഞ്ഞു.

ഫ്രാൻസും തങ്ങളുടെ തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ താല്പര്യത്തെ മാനിക്കാതെ ഉള്ള കരാറാണ് രൂപപ്പെടുന്നതെങ്കിൽ, ഉറപ്പായും ഫ്രാൻസ് ശക്തമായി എതിർക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ അറിയിച്ചു.ബ്രിട്ടന്റെ തീരുമാനങ്ങളെ മാനിക്കുന്ന കരാറിൽ മാത്രമായിരിക്കും പ്രധാനമന്ത്രി ഒപ്പിടുക എന്ന് ടോറി എംപി പീറ്റർ ബോൺ വിശ്വാസം പ്രകടിപ്പിച്ചു. അവസാന തീരുമാനം എന്തായിരിക്കും എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ.