ബോൺമൗത്ത്:- യുകെയിലെ ബോൺമൗത്തിൽ താമസിച്ചിരുന്ന കാഞ്ഞരപ്പിള്ളിക്ക് അടുത്തുള്ള തമ്പലക്കാട് സ്വദേശിയുമായ ഷാജി ആന്റണി (55) മരണമടഞ്ഞു. തമ്പലക്കാട്ടുള്ള വെട്ടം കുടുംബാംഗമാണ് പരേതനായ ഷാജി. 2003 കാലഘട്ടത്തിലാണ് ഷാജി യുകെയിൽ എത്തുന്നത്. റോയൽ മെയിൽ ജീവനക്കാരനായിട്ട് ജോലി ചെയ്‌തിരുന്നത്.
ഭാര്യ മേഴ്സി ഷാജി കോഴിക്കോട് തറപ്പേൽ കുടുംബാംഗമാണ്. 2 കുട്ടികളാണുള്ളത്, കെവിൻ ഷാജി (21) എബിൻ ഷാജി (14).
ഷാജി ആന്റണിയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : പ്രധാനമന്ത്രി ബോറിസ് ജോൺസൻ, തന്റെ പദ്ധതിയിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ രാജ്യത്തിന് 30,000 ജീവൻ കൂടി നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രഞ്ജർ. രോഗത്തോടുള്ള ജോൺസന്റെ സമീപനം മാറ്റണമെന്ന് വിദഗ്ധർ അറിയിച്ചു. “ഒരു ദിവസം 100 മുതൽ 150 വരെ മരണങ്ങൾ തുടരുകയാണെങ്കിൽ, 9 മാസങ്ങൾ കൊണ്ട് അത് 30,000 ത്തിലധികം മരണങ്ങളാവും.” ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ പ്രവർത്തന ഗവേഷണ പ്രൊഫസർ ക്രിസ്റ്റീന പഗെൽ മുന്നറിയിപ്പ് നൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നേരത്തേ എടുത്തുകളഞ്ഞതിന് സർക്കാരിനെ നിശിതമായി വിമർശിച്ച സ്വതന്ത്ര സേജ് ഗ്രൂപ്പിലെ അംഗം കൂടിയാണ് പ്രൊഫസർ ക്രിസ്റ്റീന. “സൂപ്പർ സാറ്റർഡേ” എന്ന് വിളിക്കപ്പെടുന്ന ജൂലൈ 4 ന് പബ്ബുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയവ വീണ്ടും തുറന്ന് പ്രവർത്തിക്കുമ്പോൾ രാജ്യം ഉയർത്തുന്ന അപകടസാധ്യത വലുതാണെന്നും അവർ പറഞ്ഞു.
അണുബാധകൾ ഇനി കുറയാതിരിക്കുകയും പരിശോധനയും പൂർണ്ണമായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അപകടസാധ്യതകൾ ഉയരും. ” പ്രൊഫ. പഗെൽ മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധിയിൽ നിന്നും രാജ്യം പൂർണമായി മുക്തി നേടിയിട്ടില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനു ശേഷം മറ്റു രാജ്യങ്ങളിൽ കേസുകൾ വർദ്ധിച്ചു. വേനൽക്കാലത്തിന്റെ അവസാനത്തോടെ, അടുത്ത ഒമ്പത് മാസത്തേക്കുള്ള വ്യക്തമായ പദ്ധതി കൊണ്ടുവരണമെന്ന് ബ്രിസ്റ്റോൾ സർവകലാശാലയിലെ പൊതുജനാരോഗ്യ പ്രൊഫസർ ഗബ്രിയേൽ സ്കാലി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. അടുത്ത വാരാന്ത്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ നീക്കുമ്പോൾ കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
മാർഗനിർദേശങ്ങൾ പാലിക്കാതെയുള്ള ഒത്തുചേരൽ, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തികൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുമെന്ന് ലണ്ടൻ റെസ്റ്റോറന്റിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിൽ നിന്ന് പുറത്തുവരുന്ന മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ അപേക്ഷിച്ച് യുകെയിൽ അണുബാധ വളരെ ഉയർന്ന തലത്തിലാണ്. എല്ലാവരുടെയും ശ്രമഫലമായി കോവിഡ് -19 കുറഞ്ഞുവെങ്കിലും ഇപ്പോഴും നിലവിലുണ്ട്. സാമൂഹിക അകലം പോലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കേസുകൾ വീണ്ടും ഉയരും.” പ്രൊഫസർ ക്രിസ് വിറ്റി ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടനിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ കഴിഞ്ഞ ദിവസങ്ങളിൽ, കനത്ത ചൂടിൽ നിന്നും രക്ഷനേടുന്നതിനായി വെസ്റ്റൺ – സൂപ്പർ – മേയർ കടൽ തീരത്തേക്ക് എത്തിയ ടൂറിസ്റ്റുകൾ മണ്ണിലും ചെളിയിലും അകപ്പെട്ടു. നൂറിലധികം ആളുകളാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടണിലെ ഹെയ്ത്രോ എയർപോർട്ടിൽ ഇന്നലെ നിലവിലെ ഏറ്റവും ഉയർന്ന താപനിലയാണ് 33 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ചൂടിൽ നിന്നും രക്ഷനേടുന്നതിനായി ആണ് ടൂറിസ്റ്റുകൾ പലരും കടൽ തീരത്ത് എത്തി വെള്ളത്തിൽ ഇറങ്ങിയത്.
എന്നാൽ അവിടെ മണ്ണിലും ചെളിയിലും പല ടൂറിസ്റ്റുകളും പുതഞ്ഞു പോവുകയായിരുന്നു. അപകടത്തിൽപെട്ടവരെ രക്ഷിക്കുന്നതിനായി കോസ്റ്റ് ഗാർഡുകൾ ഉടൻ തന്നെ എത്തി. നിരവധി ആളുകളാണ് ബീച്ചിൽ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലരുടെയും കയ്യിൽ കൊച്ചു കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.
ജനങ്ങൾ ഇത്തരത്തിൽ അപകടത്തിൽ ആകരുതെന്നും, ജാഗ്രത പാലിക്കണമെന്നും ഉള്ള നിർദ്ദേശങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും നൽകിയിട്ടുണ്ട്. അപകടത്തിൽപെട്ട ആർക്കും തന്നെ സാരമായ പരിക്കുകളില്ല.
ഡോക്ടർ എ. സി. രാജീവ് കുമാർ
പ്രവാസികളെല്ലാം വളരെയധികം ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ഒരു ഫലമാണ് ചക്ക. ചക്കപ്പഴവും ചക്കപ്പുഴുക്കും കഴിക്കാനായി മാത്രം ചക്കയുടെ സീസണിൽ നാട്ടിൽ പോകുന്ന യുകെ മലയാളികൾ വരെ ഉണ്ട്. കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക ഭക്ഷണപദാർത്ഥങ്ങളും യുകെയിലെ ഷോപ്പുകളിൽ ലഭ്യമാണെങ്കിലും ചക്ക വളരെ വിരളമായിട്ട് മാത്രമാണ് ലഭിക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ചക്ക പഴത്തിൻെറ വില കേട്ടാൽ നമ്മൾ എല്ലാവരും ഞെട്ടും. പുറംതോടുള്ളപ്പെടെയുള്ള ചക്കയ്ക്ക് കിലോയ്ക്ക് 250 രൂപയിലേറെയാണ് വില. ഏഷ്യൻ ഷോപ്പിൽനിന്ന് 2 കിലോ ചക്ക മേടിച്ചിട്ട് ഇരുപത് ചുള മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന പരാതി പറയുന്ന മലയാളികളുമുണ്ട്. ചക്കപ്പുഴുക്കിനായിട്ട് യുകെ മലയാളികളുടെ ആശ്രയം വളരെ വിരളമായിട്ട് ഏഷ്യൻ ഷോപ്പുകളിൽ വരുന്ന ഫ്രോസൻ ചക്കയാണ്. എന്നാൽ മലയാളികൾക്ക് ചക്കയോടുള്ള ആത്മബന്ധത്തെക്കാളുപരിയായി ചക്ക നമ്മുടെ ഭക്ഷണമാകേണ്ടതിൻെറ ആവശ്യകതയെക്കുറിച്ചാണ് ഡോക്ടർ എ. സി. രാജീവ് കുമാർ വായനക്കാരുമായി പങ്കുവെയ്ക്കുന്നത്
നമ്മുടെ നാട്ടിൽ കേരളത്തിൽ സർവ്വ സാധാരണം ആയി ഉപയോഗിച്ചു വന്ന ഒരു ഫലം ആണ് ചക്ക. ഏതാണ്ട് ആറു മാസക്കാലം പട്ടിണി അകറ്റാൻ കേരളീയരെ സഹായിച്ച ചക്ക ഒരു കാലത്ത് അവഗണനയുടെ പിന്നാമ്പുറത്തതായിരുന്നു. എന്നാൽ സിഡ്‌നി സർവകലാശാലാ ഗവേഷകർ ഈ അത്ഭുത ഫലത്തെ കുറിച്ച് നടത്തിയ പഠനത്തെ തുടർന്ന് ഈ ഫലത്തിൻെറ ഔഷധഗുണം ലോകശ്രദ്ധ നേടി. അരിയുടെയോ ഗോതമ്പിന്റെയോ ഗ്ലൈസിമിക് ഇൻഡക്‌സിനേക്കാൾ കുറഞ്ഞ ചക്ക ഉപയോഗിക്കുന്നതാണ് നന്ന് എന്ന കണ്ടെത്തൽ പ്രമേഹ ബാധിതർക്ക് ആശ്വാസം ആണ് .
എന്റെ കുട്ടിക്കാലത്ത് അല്പം അകലെ ഉള്ള ഒരമ്മൂമ്മ വീട്ടിൽ വരുമായിരുന്നു. വന്നാലുടൻ ഒരു ചാക്ക് എടുത്തു പറമ്പിൽ ആകെ നടക്കും. പ്ലാവിൻ ചുവട്ടിൽ നിന്ന് ചക്കക്കുരു പെറുക്കി ചാക്ക് നിറച്ചതും ആയിട്ടാവും വൈകിട്ട് പോകുക. ഒരു ദിവസം അമൂമ്മയോട് ഈ ചക്കക്കുരു എന്തിനാ എന്നു ചോദിച്ചു. ഉണക്കി പൊടിച്ചു പുട്ട് ഉണ്ടാക്കും എന്ന് പറഞ്ഞു.” അയ്യേ അതെന്തിന് കൊള്ളാം ” എന്ന് ചോദിച്ചപ്പോൾ “ഇതിൽ വിറ്റാമിൻ ഈറു ഉണ്ട് ” എന്നാണ് അമ്മൂമ്മ പറഞ്ഞത്. തൊണ്ണൂറ്റി എട്ട് വയസ്സ് വരെ രോഗമൊന്നും ഇല്ലാതെ ജീവിച്ചു ആ അമ്മൂമ്മ.
ഇന്ന് ചക്കയെ പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നു വരുന്നു. മനുഷ്യ ആരോഗ്യത്തിന് അവശ്യം ആയ പോഷകങ്ങളും ജീവകങ്ങളും ധാതു ലവണങ്ങളും ഫയ്‌റ്റോകെമിക്കൽസ് എന്നിവയാൽ സമൃദ്ധമാണ് ചക്ക. ചക്കയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ ആവും. പുറത്തെ മുള്ള് കളഞ്ഞു, ചക്ക മടൽ, അകത്ത് ചക്ക ചുള, ചുളക്ക് ചുറ്റും ഉള്ള ചകിണി, നടുക്ക് ചുള പറ്റി പിടിച്ചിരിക്കുന്ന കൂഞ്ഞി, മാംസളമായ ചുളയുടെ ഉള്ളിൽ ഉള്ള ചക്കക്കുരു, പഴുത്ത പ്ലാവില, പ്ലാവില ഞെട്ട് ഇവയെല്ലാം ഉപയോഗ യോഗ്യം ആണ്.
ചക്കക്കുരു ഉണക്കി പൊടിച്ചു പാലിൽ കുടിക്കുന്നത് ജരാ നരകൾ അകറ്റി ത്വക് സൗന്ദര്യത്തെ വർധിപ്പിക്കാനിടയാക്കും. ഉത്കണഠ, മാനസിക സംഘർഷം, രക്ത കുറവ്, കാഴ്ചത്തകരാർ എന്നിവ അകറ്റാൻ സഹായിക്കും. ദഹനശേഷി മെച്ചപ്പെടുവാനും മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ചക്കയുടെ ഉപയോഗം സഹായിക്കും. ശരീര ഭാരം കുറയ്ക്കുവാനും നന്നെന്ന് പറയപ്പെടുന്നു.
പഴുത്താൽ ദൃഢത ഉള്ള ചുളയോട് കൂടിയ വരിക്കചക്കയും, ദൃഢത കുറഞ്ഞ മൃദുവും വഴുവഴുപ്പും ഏറെ നാരുള്ളതുമായ കൂഴ എന്നിങ്ങനെ രണ്ടിനം ചക്ക ആണ് കണ്ടു വരുന്നത്. ചക്ക ഉപ്പേരി വറുക്കാൻ വരിക്ക ഇനവും, ചക്ക അപ്പം ഉണ്ടാക്കാൻ കൂഴ ഇനവും സാധാരണ ഉപയോഗിക്കുന്നു. ചക്ക ശർക്കരയും ചേർത്ത് വരട്ടി ചക്ക വരട്ടി എന്ന ജാം പോലെയുള്ള വിഭവം ഏറെ ജനപ്രിയമാണ്. പച്ച ചക്ക ചുള വെക്കും മുമ്പുള്ള ഇടിച്ചക്ക, ഇറച്ചി മസാല ചേർത്ത് കറിയോ, മസാല ആയോ ഉപയോഗിച്ചു വരുന്നു. വിളഞ്ഞ ചക്കയുടെ ചുള എന്നിവ അവിയൽ, എരിശ്ശേരി എന്നിവയ്ക്കും ഉപയോഗിക്കുന്നു. ചകിണി തോരനായോ, കൂഞ്ഞി ഇറച്ചി മസാല ചേർത്ത് കറി ആയിട്ടോ ഉപയോഗിക്കാം. ചക്കക്കുരു മെഴുക്കുപുരട്ടി, തേങ്ങാ അരച്ചു കറി എന്നിവയ്ക്കും നന്ന്. ചക്ക പുഴുക്കും കഞ്ഞിയും നാടൻ വിഭവം ആയിരുന്നു.
ബെറി ഇനത്തിൽ പെട്ട പഴം തന്നെ ആണ് ചക്ക. ജാക്ക് ഫ്രൂട്ട്, ജാക്ക് ട്രീ എന്നൊക്കെ അറിയപ്പെടുന്ന ഈ സവിശേഷ വൃക്ഷം ഫലദായകവും ജീവകം സി, പൊട്ടാസ്യം, ഭക്ഷ്യ യോഗ്യമായ നാരുകൾ എന്നിവ അടങ്ങിയത് ആയതിനാൽ ആവണം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടാൻ ഇടയായത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം ആകാൻ ഇടയുള്ള ഫലം എന്ന നിലയിൽ നടക്കുന്ന ഗവേഷണങ്ങളിൽ പുതിയ കണ്ടെത്തൽ ഏറെ പ്രയോജനപ്പെടുന്നു. കീമോ തെറാപ്പിയുടെ ദൂഷ്യ ഫലങ്ങൾ അകറ്റാൻ സഹായിക്കുന്നു എന്ന കണ്ടെത്തൽ ലോകത്തിന് വലിയ അനുഗ്രഹം ആകും.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
സ്വന്തം ലേഖകൻ
ഗ്ലാസ്‌ഗോ : ഗ്ലാസ്‌ഗോ സിറ്റി സെന്ററിൽ നടന്ന ആക്രമണത്തിൽ മൂന്നു പേർ കുത്തേറ്റ് മരിച്ചു. പ്രാഥമിക റിപ്പോർട്ടിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ഗ്ലാസ്‌ഗോ സിറ്റി സെന്ററിലെ ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നതായി പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനും കുത്തേറ്റതായി സ് കോട്ടിഷ് പോലീസ് ഫെഡറേഷൻ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ഇപ്പോഴും പോലീസ് തുടരുന്നുണ്ട്. പോലീസ് സ് കോട്ട്‌ലൻഡിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും പൊതുജനങ്ങൾക്ക് അപകടമില്ലെന്നും പറഞ്ഞു. സ്ഥിതിഗതികളെക്കുറിച്ച് സർക്കാരിനെ അറിയിക്കുകയാണെന്ന് സ് കോട്ടിഷ് ജസ്റ്റിസ് സെക്രട്ടറി ഹംസ യൂസഫ് ട്വീറ്റ് ചെയ്തു.
സമീപത്തെ ഓഫീസ് കെട്ടിടത്തിൽ നിന്ന് സംഭവം കണ്ട ക്രെയ്ഗ് മിൽറോയ്, ആംബുലൻസുകളിൽ നാല് പേരെ കൊണ്ടുപോയതായി പറഞ്ഞു. “ആഫ്രിക്കൻ വംശജനായ ഒരു മനുഷ്യൻ ചെരുപ്പില്ലാതെ നിലത്ത് കിടക്കുന്നതായി കണ്ടു. അദ്ദേഹത്തിന് സമീപം ആരോ ഉണ്ടായിരുന്നു.” പിഎ വാർത്താ ഏജൻസിയോട് സംസാരിച്ച മിൽറോയ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഗ്ലാസ്‌ഗോ സിറ്റി സെന്റർ അടച്ചുപൂട്ടി. റിപ്പോർട്ടുകൾ ശരിക്കും ഭയാനകമാണെന്നും പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു.
പാർക്ക് ഇൻ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സംഭവം നടന്നത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് അഭയാർഥികളെ പാർപ്പിക്കാൻ ഉപയോഗിക്കുന്ന നിരവധി ഹോട്ടലുകളിൽ ഒന്നാണ് പാർക്ക് ഇൻ ഹോട്ടൽ. പ്രധാനമന്ത്രി ബോറിസ് ജോൺസണും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും ഈ അപ്രതീക്ഷിത ആക്രമണത്തിൽ ഖേദം പ്രകടിപ്പിക്കുകയും അടിയന്തര സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. സംഭവം നടന്ന പ്രദേശത്തുനിന്നും മാറി നിൽക്കാൻ പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെടുന്നുണ്ട്.
സ്വന്തം ലേഖകൻ
ബോൺമൗത്ത് : ലോക്ക്ഡൗണിൽ ലഘൂകരണം ഏർപ്പെടുത്തിയതോടെ ആയിരകണക്കിന് ആളുകളാണ് പ്രതിദിനം ഇംഗ്ലണ്ടിലെ കടൽത്തീരങ്ങളിൽ എത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾ അവഗണിക്കുന്നത് തുടരുകയാണെങ്കിൽ ഇംഗ്ലണ്ടിലെ ബീച്ചുകൾ അടയ്ക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് മുന്നറിയിപ്പ് നൽകി. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിനമായ ഇന്നലെ, പൊതുജനങ്ങളുടെ വൻ തിരക്കാണ് ബീച്ചുകളിൽ കാണപ്പെട്ടത്. സൗത്ത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ താപനില 33.3° സി (91.94 എഫ്) ആയി ഉയർന്നു. : “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബീച്ചുകളിൽ, പ്രത്യേകിച്ച് ബോൺമൗത്തിലും സാൻഡ്‌ബാങ്കുകളിലും കണ്ട രംഗങ്ങൾ ഞങ്ങളെ അമ്പരപ്പിക്കുന്നു. “നിരവധി ആളുകളുടെ നിരുത്തരവാദപരമായ പെരുമാറ്റവും പ്രവർത്തനങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. ” കൗൺസിൽ നേതാവ് വിക്കി സ്ലേഡ് പറഞ്ഞു.
‘ഒരു പ്രധാന സംഭവമായി’ പല നേതാക്കന്മാരും ഇതിനെ വിലയിരുത്തി. ഗതാഗതം തടസപ്പെടുത്തുകയും മാലിന്യങ്ങൾ വലിച്ചെറിയുകയും നിയമവിരുദ്ധമായി വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്ത ജനക്കൂട്ടത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെ അപലപിച്ച കൗൺസിൽ അധിക പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃത പാർക്കിങ്ങിന് 558 പേർക്കോളം പോലീസ് പിഴ ഇടാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യ പ്രതിസന്ധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് പോകുമ്പോൾ സാമൂഹിക അകലം പാലിക്കാൻ നാം ബാധ്യസ്ഥരാണെന്ന് ഹാൻകോക്ക് പറഞ്ഞു. “ഈ വൈറസിനെ നേരിടുന്നതിൽ നമ്മൾ യഥാർത്ഥ പുരോഗതി കൈവരിച്ചു. എല്ലാവരുടെയും കഠിനാധ്വാനം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. ദയവായി ജാഗ്രത പാലിച്ച് ജീവൻ രക്ഷിക്കുക.” ഹാൻകോക്ക് കൂട്ടിച്ചേർത്തു.
കേസുകളുടെ എണ്ണത്തിൽ വർധനവ് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കേസുകളുടെ എണ്ണം ഉയരുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റിയും മുന്നറിയിപ്പ് നൽകി. “ചൂടേറിയ സമയത്ത് എല്ലാവരും കടൽത്തീരത്തേക്ക് പോകും. എന്നാൽ ഏറ്റവും സുരക്ഷിതമായി അത് ചെയ്യേണ്ടതുണ്ട്. കാരണം രോഗം ഇപ്പോഴും നമ്മെ വിട്ടുപോയിട്ടില്ല.” ക്രിസ് ട്വീറ്റ് ചെയ്തു.
സ്വന്തം ലേഖകൻ
മേരിലബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത, മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആയിരുന്ന ക്ലയർ കോണർ പ്രസിഡന്റ് ആകുന്നത്. 2000 ത്തിനും 2006നും ഇടയിൽ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന ക്ലയർ കോണർ ഇപ്പോൾ ഇസിബിയുടെ വനിതാ ക്രിക്കറ്റ് മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്. 43 കാരിയായ ക്ലയർ കോണർ അടുത്ത വർഷം ഒക്ടോബറിൽ ചുമതലയേൽക്കും.
ചരിത്രത്തിലെ ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്ത എംസിസി പ്രസിഡന്റ് ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര കൊറോണ വൈറസ് കായികരംഗത്തും ഏൽപ്പിച്ച ആഘാതത്തെ തുടർന്ന് 12 മാസം കൂടി ഇപ്പോഴത്തെ പ്രസിഡണ്ട് പദവിയിൽ തുടരും. എം സി സി യുടെ അടുത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ക്ലയർ കോണർ പ്രതികരിച്ചു.” ക്രിക്കറ്റ് ജീവിതത്തെ പലതരത്തിൽ മാറ്റി മറിച്ചിട്ടുണ്ട്, എന്നാൽ ഇത്തരം ഒരു അത്ഭുതകരമായ പദവി ലഭിച്ചതിൽ വലിയ സന്തോഷം”.
” നാം എത്ര ദൂരം നടന്നു തീർത്തു എന്ന് അറിയാൻ സഞ്ചരിച്ച വഴികളിലേക്ക് ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. ആദ്യമായി ഞാൻ ലോർഡ്‌സ് സന്ദർശിച്ചത് കണ്ണുകളിൽ നക്ഷത്ര തിളക്കമുള്ള ക്രിക്കറ്റിനോട് അമിതാവേശമുള്ള ഒമ്പതുവയസ്സുകാരി പെൺകുട്ടിയായിട്ടായിരുന്നു. ആ സമയത്ത് സ്ത്രീകൾക്ക് ലോങ്ങ് റൂമിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കാലം മാറി, ഒരുപാട് കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചു. തനിക്ക് ലഭിച്ചിരിക്കുന്ന ഈ അവസരത്തിനോട് ഞാൻ പൂർണമായും നീതി പുലർത്തും, ക്രിക്കറ്റിൽ ഏറ്റവുമധികം സ്വാധീനം പുലർത്തുന്ന ക്ലബ്ബായ എം സി സി യിലെ പ്രധാനപ്പെട്ട ചുമതല വഹിക്കാനും കൂടുതൽ മികച്ച, ഇൻക്ലൂസീവ് ആയ ഒരു ഭാവി നിർമ്മിച്ചെടുക്കാനും നമുക്ക് കഴിയണം.
ക്ലയർ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് സംഗക്കാര പറഞ്ഞു. ക്രിക്കറ്റിന്റെ ആഗോള സ്വീകാര്യതയ്ക്ക് ക്ലബ്ബിന് കാര്യമാത്രമായ പങ്കുണ്ട്. ക്ലയറിന്റെ സ്വാധീനം അതിൽ നിർണായകമായ പങ്കുവഹിക്കുമെന്ന കാര്യം തീർച്ചയാണ്. നിയുക്ത പ്രസിഡണ്ട് എന്ന നിലയിൽ, ചുമതലയേൽക്കും മുൻപ് തന്നെ ക്ലെയറിന് ധാരാളം കടമകൾ നിർവഹിക്കാനുണ്ട്.
സ്വന്തം ലേഖകൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ ചാമ്പ്യൻമാരായി ലിവർപൂൾ. ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ 2-1 നു തോൽപ്പിച്ചതോടെയാണ് ലിവർപൂൾ കിരീടധാരികളായത്. മുപ്പത് വർഷത്തിനു ശേഷം ആദ്യമായാണ് ലിവർപൂൾ ചാമ്പ്യന്മാർ ആകുന്നത്. ഈ സീസണിൽ നടന്ന 31 മത്സരങ്ങളിൽ, 28 എണ്ണത്തിലും ലിവർപൂൾ ജയിച്ചിരുന്നു. രണ്ടെണ്ണം സമനിലയിൽ അവസാനിക്കുകയും, ഒരെണ്ണത്തിൽ മാത്രം തോൽക്കുകയും ചെയ്തു. ഇതോടെയാണ് ലിവർപൂളിന് കിരീട സാധ്യത തെളിഞ്ഞത്. ബുധനാഴ്ച ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മത്സരത്തിൽ 4-0 ത്തിനു ലിവർപൂൾ വിജയികളായതോടെയാണ് കിരീടത്തിലേക്കുള്ള തേരോട്ടം സുഗമമായത്.
ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്ത്യൻ പുലിസിക്കിന്റെ ഗോൾ ചെൽസിയെ ലീഡിലെത്തിച്ചു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ബ്രൂയ്നെയുടെ ഗോൾ സിറ്റിയുടെ തിരിച്ചുവരവിന് പ്രതീക്ഷ നൽകി. എന്നാൽ പിന്നീട് ലഭിച്ച പെനാൽറ്റിയിൽ, ചെൽസി 3 പോയിന്റ് നേടിയതോടെയാണ് വിജയം ഉറപ്പിച്ചത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയും മത്സരങ്ങൾ ബാക്കിയാണ്. ബുധനാഴ്ച നടന്ന മത്സരത്തോടെ തന്നെ ഇവർ ഇപ്പോൾ ഏകദേശം കിരീടം ഉറപ്പിച്ചിരുന്നു. ഇപ്പോൾ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതോടെ ലിവർപൂൾ കിരീടധാരികളായി മാറി.
സ്വന്തം ലേഖകൻ
ബ്രിക്സ്റ്റൺ : ബ്രിക്സ്റ്റണിൽ ഇന്നലെ രാത്രി നടന്ന അനധികൃത പാർട്ടിയിൽ സംഘർഷം. ജനങ്ങളുമായി ഏറ്റുമുട്ടിയ 22 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഏഞ്ചൽ ടൗൺ എസ്റ്റേറ്റിനടുത്തുള്ള ഓവർട്ടൺ റോഡിൽ നടന്ന സംഗീത പരിപാടിയിൽ ആയിരങ്ങളാണ് ഒത്തുകൂടിയത്. സംഘർഷത്തെ തുടർന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും പങ്കെടുത്ത രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കുകളില്ല. ഏറ്റുമുട്ടലിനിടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. “ഭയാനകമായ രംഗങ്ങളായിരുന്നു ഇന്നലെ രാത്രി അരങ്ങേറിയത്. പോലീസിനെതിരായ അതിക്രമങ്ങൾ അനുവദിക്കില്ല. ” ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ആളുകൾ പ്രദേശം വിടാൻ വിസമ്മതിച്ചതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പോലീസ് വാഹനങ്ങളും തല്ലിത്തകർക്കുകയുണ്ടായി.
പോലീസ് പോയതിനുശേഷം, കാണികളിൽ ചിലർ പരസ്പരം പോരടിക്കുന്നതായി വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ആക്രമണം അങ്ങേയറ്റം നിന്ദ്യമായിരുന്നുവെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. “ഇത് തീർത്തും നീചമായ പ്രവർത്തിയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ, രാജ്യം മുഴുവൻ നമ്മുടെ പോലീസ് ഉദ്യോഗസ്ഥരെ പ്രശംസിക്കാൻ ഒത്തുചേർന്നിരുന്നു. ഞാൻ ഉടൻ തന്നെ മെറ്റ് കമ്മീഷണറെ സമീപിക്കും.” അവർ ട്വീറ്റ് ചെയ്തു. പോലീസിനെതിരായ അതിക്രമങ്ങൾ അനുവദിക്കില്ലെന്നും കോവിഡ് 19തിനിടയിലുള്ള ഒത്തുചേരലുകൾ നിരുത്തരവാദപരവും മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്നതുമാണെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. രോഗഭീതി നിലനിൽക്കുന്ന ഈ സമയത്ത് വലിയ ഒത്തുച്ചേരലുകൾ ആശങ്ക വിതയ്ക്കുകയാണ്. രോഗം പടരാതിരിക്കാനും എൻഎച്ച്‌എസിനെ സംരക്ഷിക്കാനുമായി പൊതുജനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ കടമയെന്ന് മെറ്റ് പോലീസ് കമാൻഡർ കോളിൻ വിൻഗ്രോവ് പറഞ്ഞു. നിയമവിരുദ്ധമായ സമ്മേളനങ്ങൾക്കെതിരെ കർശന നിയന്ത്രണങ്ങൾ സ്വീകരിക്കുവാൻ പോലീസ് ഒരുങ്ങുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കൺസർവേറ്റീവ് ദാതാവായ റിച്ചാർഡ് ഡെസ്മോണ്ടിന് പുതിയ ഭവന വികസനത്തിന് അനുമതി നൽകാനുള്ള ഭവന നിർമ്മാണ സെക്രട്ടറി റോബർട്ട് ജെൻറിക്കിന്റെ തീരുമാനത്തെച്ചൊല്ലി പല വിമർശനങ്ങളും പൊട്ടിപുറപ്പെട്ടുകഴിഞ്ഞു. കൂടുതൽ രേഖകൾ പുറത്തുവിട്ട ശേഷം രാജിവയ്ക്കാനുള്ള സമ്മർദ്ദത്തിലാണ് ജെൻറിക്ക്. ഒരു ബില്യൺ പൗണ്ടിന്റെ സ്വത്ത് വികസനത്തിനുള്ള പ്ലാനിംഗ് തീരുമാനം വേഗത്തിൽ നടപ്പാക്കണമെന്ന് നിർബന്ധിച്ചതായി പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. കിഴക്കൻ ലണ്ടനിലെ വെസ്റ്റ്ഫെറി വികസനം അടുത്ത ദിവസം ഒപ്പുവെക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആഗ്രഹിക്കുന്നതായി ഭവന, കമ്മ്യൂണിറ്റി, തദ്ദേശഭരണ മന്ത്രാലയത്തിലെ ഒരു സിവിൽ സർവീസ് എഴുതി. അതിനാൽ തന്നെ റിച്ചാർഡ് ഡെസ്മോണ്ടിന്റെ കമ്പനിയ്ക്ക് കമ്മ്യൂണിറ്റി ഇൻഫ്രാസ്ട്രക്ചർ ലെവി ഒഴിവാക്കാൻ സാധിക്കും. റിച്ചാർഡ് ഡെസ്മോണ്ടിന് 45 മില്യൺ പൗണ്ട് നികുതി ലാഭിക്കാൻ വേണ്ടി വിവാദപരമായ വികസനം വേഗത്തിൽ നടപ്പിലാക്കാൻ ജെൻറിക് എങ്ങനെയാണ് നിർബന്ധിതനായതെന്ന് പുതിയ രേഖകൾ വെളിപ്പെടുത്തുന്നു.
കിഴക്കൻ ലണ്ടൻ വികസന പദ്ധതിയിൽ ഒപ്പിടാൻ ജെൻറിക്കിനെ പ്രേരിപ്പിച്ചതെങ്ങനെയെന്ന് ബുധനാഴ്ച രാത്രി പുറത്തിറക്കിയ 129 പേജുള്ള കത്തുകളും ഇമെയിലുകളും വാചക സന്ദേശങ്ങളും വിശദീകരിച്ചു. 1,500 വീടുകൾക്കുള്ള പദ്ധതി അംഗീകരിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഡെസ്മണ്ട് കൺസർവേറ്റീവ് പാർട്ടിക്ക് വ്യക്തിപരമായി 12,000 ഡോളർ നൽകിയതായി ഹൗസിംഗ് സെക്രട്ടറി ആരോപിച്ചു. തീരുമാനം നിയമവിരുദ്ധമാണെന്ന് സമ്മതിച്ചുകൊണ്ട് ജെൻറിക്കിന് സ്വന്തം അംഗീകാരം റദ്ദാക്കേണ്ടിവന്നു. കിഴക്കൻ ലണ്ടനിലെ മുൻ അച്ചടിശാലയായ വെസ്റ്റ്ഫെറി പ്രിന്റ് വർക്ക്സിൽ 500 അപ്പാർട്ട്മെന്റ്, 44 നിലകളുള്ള വികസനത്തിന് അംഗീകാരം നൽകാനുള്ള കൗൺസിലിന്റെയും സർക്കാരിന്റെ പ്ലാനിംഗ് ഇൻസ്പെക്ടറേറ്റിന്റെയും തീരുമാനം ജെൻറിക് അസാധുവാക്കി. ഒരു സംവാദവും വോട്ടെടുപ്പും ഇന്നലെ ജെൻറിക് അഭിമുഖീകരിക്കുകയുണ്ടായി. ജനുവരി 15 ന് മുമ്പായി തങ്ങൾക്ക് അനുമതി ലഭിക്കണമെന്ന് ഡിസംബർ 23 ന് ഡെസ്മണ്ട് മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. 2019 നവംബറിൽ ടോറി പാർട്ടി ധനസമാഹരണത്തിന് തൊട്ടുപിന്നാലെ ജെൻറിക്കും ഡെസ്മണ്ടും തമ്മിൽ കൈമാറിയ വാചക സന്ദേശങ്ങളും രേഖകളിൽ ഉൾപ്പെടുന്നു.
എങ്കിലും രേഖകൾ അനുസരിച്ച്, മാർച്ചിൽ സൈറ്റ് സന്ദർശനവും കൂടുതൽ ആശയവിനിമയങ്ങളും നടന്നിട്ടില്ല. ജെൻറിക്കിന്റെ നിലപാട് പൂർണമായും അംഗീകരിക്കാനാവില്ലെന്ന് ലിബറൽ ഡെമോക്രാറ്റ് എംപി ലയല മൊറാൻ പറഞ്ഞു. “ഒരു ടോറി ദാതാവിനെ ദശലക്ഷക്കണക്കിന് നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ ജെൻറിക്ക് സഹായിച്ചു എന്ന് ഈ രേഖകൾ വെളിപ്പെടുത്തുന്നു. ടോറി പാർട്ടി 12,000 ഡോളർ മാത്രമാണ് സമ്പാദിച്ചത്, പക്ഷേ റിച്ചാർഡ് ഡെസ്മോണ്ട് 40 മില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു. വ്യക്തമായ അധികാര ദുർവിനിയോഗം പോലെ പൊതുജനങ്ങൾ കരുതും. റോബർട്ട് ജെൻറിക് രാജി വയ്ക്കണം. കൺസർവേറ്റീവ് പാർട്ടി ഈ സംഭാവന തിരികെ നൽകണം. ”അവർ കൂട്ടിച്ചേർത്തു.