Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണാ വൈറസ് മൂലമുണ്ടായ പ്രതിസന്ധിയെ തരണം ചെയ്യാൻ എൻഎച്ച്എസിന് 3 ബില്യൺ പൗണ്ട് അധികമായി അനുവദിച്ചതായി ചാൻസിലർ ഋഷി സുനാക് അറിയിച്ചു. രാജ്യത്തിൻെറ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കർശനമായ നിയന്ത്രണങ്ങളും വേണ്ടി വരുമെന്നുള്ള സൂചനയും അദ്ദേഹം നൽകി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണും തൊഴിൽ നഷ്ടങ്ങളും മറികടക്കാൻ ലോകരാജ്യങ്ങൾ പെടാപ്പാടു പെടുമ്പോൾ യുകെയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഈ അവസരത്തിലാണ് യുകെയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കർശന നടപടികളിലൂടെ മുന്നോട്ടു പോകേണ്ടതായി വരും എന്ന മുന്നറിയിപ്പ് ചാൻസിലർ ഋഷി സുനാക് നടത്തിയത്.

പുതിയതായി അനുവദിക്കപ്പെട്ട 3 ബില്യൺ പൗണ്ടിൻെറ സഹായത്തോടെ മുടങ്ങിക്കിടക്കുന്ന ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ആരോഗ്യ പരിരക്ഷകൾ നടപ്പിലാക്കാൻ എൻഎച്ച്എസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ എൻഎച്ച്എസിന് വീഴ്ച സംഭവിച്ചു എന്ന് പരക്കെ ആക്ഷേപം ഉണ്ടായിരുന്നു. ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ഫെബ്രുവരിയിൽ 15000 ആയിരുന്നെങ്കിൽ  സെപ്റ്റംബർ ആയപ്പോൾ 140,000 ആയി കഴിഞ്ഞിരുന്നു.

22.3 ബില്യൺ പൗണ്ടാണ് യുകെ ഒക്ടോബറിൽ വായ്പയെടുത്തത്. ഇതോടെ പൊതുമേഖല കടം 2 ട്രില്യൺ. പൗണ്ട് ആയി ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് അടുത്തവർഷത്തോടെ ചെലവ് ചുരുക്കലും നികുതി വർദ്ധനവും ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ചാൻസിലർ മുന്നറിയിപ്പ് നൽകിയത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജനറൽ മെഡിസിൻ ഫിസിഷ്യനായ ഡോക്ടർ അരുൺ എൻ മാധവനും സംഘവും നടത്തിയ വസ്തുതാപരമായ അന്വേഷണത്തിലാണ് കേരളം കോവിഡ് മരണനിരക്ക് മറച്ചുവെക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത്. പഠനസംഘം മാർച്ച് മുതൽ ഏഴ് പ്രാദേശിക പത്രങ്ങളും, 5 ന്യൂസ് ചാനലുകളും ജില്ലാതലത്തിൽ പഠനത്തിന് വിധേയമാക്കി കണക്കുകൾ സ്പ്രെഡ് ഷീറ്റിൽ രേഖപ്പെടുത്തുകയായിരുന്നു. എണ്ണം രേഖപ്പെടുത്താനുള്ള വളരെ കൃത്യവും സുതാര്യവുമായ മാർഗ്ഗമാണിതെന്ന്, ഇന്ത്യയുടെ അംബിഷ്യസ് മില്യൺ ഡെത്ത് സ്റ്റഡി നടത്തിയ ടോറോണ്ടോ യൂണിവേഴ്സിറ്റി പ്രൊഫസറായ പ്രഭാത് ജാ സാക്ഷ്യപ്പെടുത്തുന്നു.

അവരുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ഇതുവരെ 3,356 മരണങ്ങളാണ് നടന്നത്, എന്നാൽ മാർച്ച് മുതൽ നടന്ന മരണങ്ങളിൽ ഔദ്യോഗികമായി 1,969 എണ്ണം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

ഇന്ത്യയിൽ 8.9 മില്യൺ വ്യക്തികൾക്ക് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് കഴിഞ്ഞു, യുഎസിന് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ നില. ഇതുവരെ 130,000 മരണങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞു. അതായത് മരണനിരക്ക് 1.5 ശതമാനത്തിൽ കുറവ് മാത്രമാണ്. പക്ഷേ സംസ്ഥാനങ്ങൾ പൊതുവേ കോവിഡ് മരണത്തിന്റെ കണക്കുകൾ മറച്ചുവെക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

” സംസ്ഥാനം കോവിഡ് മരണങ്ങളിൽ ഏറിയ പങ്കിനെയും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ” ഡോക്ടർ മാധവൻ പറയുന്നു. മരണത്തിന് തൊട്ടുമുൻപ് കോവിഡ് നെഗറ്റീവ് സ്ഥിതീകരിച്ചവരുടെയും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെയും കണക്കുകൾ കേരളം ഉൾപ്പെടുത്തുന്നില്ല. തന്റെ ക്ലിനിക് സന്ദർശിച്ച 65 നും 78 നും മധ്യേ പ്രായമുള്ള മൂന്ന് പേർക്ക് കോവിഡ് ബാധിച്ച് മരിച്ചെന്നും, ഔദ്യോഗികമായി അത് എണ്ണിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ എത്ര കേസുകൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാവും.

കേരളം കണക്കുകളുടെ കാര്യത്തിൽ ശ്രദ്ധ വെക്കാൻ കഴിയാത്ത ഒരു സംസ്ഥാനമല്ല, മികച്ച ആരോഗ്യ സംവിധാനങ്ങളും ടെക്നോളജിയും ഭരണസംവിധാനങ്ങളും നിലനിൽക്കുന്ന സംസ്ഥാനത്ത്, 2018 ലെ നിപ്പ വൈറസ് ബാധയെ പോലും ഫലപ്രദമായി ചെറുത്തതാണ്. രാജ്യമൊട്ടാകെ കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോഴും ആദ്യപാദങ്ങളിൽ ചെറുത്തുനിൽക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു എന്നാൽ ഒക്ടോബറോടെ കേസുകളുടെ എണ്ണം അര ലക്ഷത്തിൽ കവിഞ്ഞു. ക്യാൻസർ ഹൃദയാഘാതം പോലെയുള്ള രോഗങ്ങൾ ഉണ്ടായിരുന്നവർ മരിക്കുമ്പോൾ അത് കൊറോണ കേസുകളുടെ പരിധിയിൽ ഉദ്യോഗസ്ഥർ കണക്കാക്കുന്നില്ല. ഇത്തരത്തിൽ 30 % മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. പ്രാദേശിക ഇലക്ഷനുകൾ മുന്നിൽ നിൽക്കുമ്പോൾ കണക്കുകൾ മറച്ചുവെക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കണം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോകമെങ്ങുമുള്ള ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ മലയാളികൾക്കുള്ള സ്ഥാനം അനിഷേധ്യമാണ്. യുകെയിലെ സ്ഥിതിയും വ്യത്യസ്തമല്ല . കരുതലിലും പരിചരണത്തിലും പ്രാഗത്ഭ്യത്തിലും മലയാളി മാലാഖമാർ എന്നും മുൻപിലാണ്.

ലോകമെങ്ങുമുള്ള മലയാളികൾക്ക് പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ലണ്ടനിൽ പോർട്ട്സ്മത്ത് എൻഎച്ച്എസ്സിൽ ജോലിചെയ്യുന്ന മാത്യു സെബാസ്റ്റ്യൻ. ചങ്ങനാശ്ശേരി മാടപ്പള്ളി വെണ്ണാലിയിൽ വലിയപറമ്പിൽ മാത്യു സെബാസ്റ്റ്യൻ ലണ്ടനിൽ വരുന്നതിനുമുമ്പ് യുഎസിൽ സഹാമസിലുള്ള സഹാമസ് ഹാർട്ട് കെയർ സെൻററിലെ ലാബ് കോർഡിനേറ്ററായിരുന്നു. അങ്ങനെയാണ് ഷോൺ കോണറിയുടെ മെഡിക്കൽ സംഘത്തിൽ ഉൾപ്പെടാനുള്ള ഭാഗ്യം മാത്യുവിന് കരസ്ഥമായത്.

തങ്ങളുടെ ചികിത്സയുടെ ഫലമായി ആരോഗ്യം വീണ്ടെടുത്ത് സംസാരിക്കുന്ന ഷോൺ കോണറിയെ കണ്ടപ്പോൾ മനസ്സിലേയ്ക്ക് ഓടിയെത്തിയത് വെള്ളിത്തിരയിലെ ആ ഇതിഹാസത്തെ തന്നെയായിരുന്നു. നിശ്ചയദാർഢ്യത്തിൻെറ ആൾരൂപം. ചിരപരിചിതനായ സുഹൃത്തിനെ എന്നപോലെ ചേർത്തുനിർത്തി എടുത്ത ഫോട്ടോയുടെ മധുര സ്മരണ ഇന്നും മാത്യുവിൻെറ മനസ്സിലുണ്ട്. പിന്നീട് ജോലിസംബന്ധമായി മാത്യു ഭാര്യ സിൽവിയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്ക് താമസം മാറി. പക്ഷേ പഴയ ജോലിസ്ഥലത്തെ സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിൽ ഷോൺ കോണറിയുടെ രോഗവിവരം അന്വേഷിക്കാൻ മാത്യു മറന്നിരുന്നില്ല. കഴിഞ്ഞ ഒക്ടോബർ 31ന് അരങ്ങൊഴിഞ്ഞ ഇതിഹാസത്തിനെ പരിചരിച്ച ഓർമ്മ ഇപ്പോഴും മാത്യുവിൻെറ മനസ്സിൽ ഒളിമങ്ങാതെയുണ്ട്.

ഡോ. ഐഷ വി

നമ്മൾ സാധാരണ കഴിക്കുന്ന വിശിഷ്ടമെന്നോ വിലകൂടിയതെന്നോ കരുതുന്ന ഭക്ഷണ പദാർത്ഥങ്ങളെ അപേക്ഷിച്ച് പതിൻ മടങ്ങ് പോഷക മൂല്യമുള്ള ഒരു ഭക്ഷ്യ വസ്തുവാണ് മുരിങ്ങയില. ഒന്നോ രണ്ടോ മുരിങ്ങയെങ്കിലും വീട്ടുവളപ്പിൽ വളർത്തിയാൽ ഓരോ കുടുംബത്തിനും ആവശ്യമായ ഇലക്കറിയും പച്ചക്കറിയും( മുരിങ്ങക്കായ) ലഭിക്കും. മുരിങ്ങയില പറിച്ചെടുത്താൽ മൂന്ന് മണിക്കൂറിനകം ഉപയോഗിക്കുമെന്ന് കേട്ടിട്ടുണ്ട്. മൂന്നു മണിക്കൂർ കഴിയുമ്പോഴേയ്ക്കും പുതുമ നഷ്ടപ്പെട്ട് ഇലയും തണ്ടും ഉതിർന്നു വീഴുന്ന സ്ഥിതിയിലാകും. പിന്നെ തോരൻ വയ്ക്കുന്ന സമയത്ത് തണ്ടും കൂടി ഇലയോടൊപ്പം പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് വയറിളകുന്നതിലേയ്ക്ക് നയിക്കാം.

മുരിങ്ങയില ഞങ്ങൾ ഉള്ളിലാക്കാൻ വേണ്ടി കുട്ടിക്കാലം മുതൽ അമ്മ പല ആഹാരരൂപത്തിലും ഞങ്ങൾക്ക് തന്നിട്ടുണ്ട്. അതിൽ ആദ്യത്തെ ഓർമ്മ കാസർഗോഡ് നെല്ലികുന്നിലെ ഗിൽഡിന്റെ നഴ്സറിയിൽ പഠിക്കുന്ന കാലത്തുള്ളതാണ്. അല്പം മധുരമുള്ള ഓർമ്മയാണത്. നഴ്സറിയുടെ പുറകു വശത്തുള്ള കളിസ്ഥലത്തിന്റെ അതിരിൽ ഉള്ള ഒരു മുരിങ്ങയിൽ നിന്നും ഇലകൾ ശേഖരിച്ച് കൊണ്ടുവന്ന് ശ്രദ്ധയോടെ ഇലകൾ ഇറുത്തെടുത്ത് കഴുകി അതിൽ ശർക്കര പൊടിച്ചത് തേങ്ങ ചിരകിയത് ചെറിയ ഉള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത് ഏലക്കായ പൊടിച്ചത് എന്നിവ നന്നായി ചേർത്തിളക്കി വയ്ക്കും. വാഴയിലയിൽ അരിമാവ് കുഴച്ചതോ ഗോതമ്പ്മാവ് കുഴച്ചതോ നന്നായി പരത്തി അതിൽ നേരത്തേ തയ്യാറാക്കി വച്ചിരിയ്ക്കുന്ന മുരിങ്ങയില കൂട്ട് വാരി വച്ച് നിരത്തി മടക്കി ആവിയിൽ പുഴുങ്ങിയോ ഇരുമ്പ് ചട്ടിയിൽ നിരത്തി അതിനുമുകളിൽ വെള്ളം നിറച്ച ഒരു കലം ഭാരമായി വച്ച് പരുവത്തിന് തിരിച്ചും മറിച്ചും വച്ച് ചുട്ടെടുക്കുകയോ ചെയ്യും. അല്പ സമയം കഴിഞ്ഞാൽ ഞങ്ങൾക്ക് കഴിക്കാനുള്ള പോഷക സമൃദ്ധമായ നാലുമണി പലഹാരമായ ഇളം ചൂടുള്ള ഇലയട തയ്യാർ. ആദ്യമൊക്കെ കഴിക്കാൻ മടിച്ചെങ്കിലും അമ്മയുടെ സ്നേഹപൂർവ്വമായ നിർബന്ധം കൂടിയാകുമ്പോൾ ഞങ്ങൾ അത് മുഴുവൻ കഴിക്കും.

മറ്റൊന്ന് അല്പം പുളിയും ഉപ്പും കലർന്ന ഓർമ്മയാണ്. ചിറക്കര ത്താഴത്ത് താമസിക്കുമ്പോൾ മുരങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് അതിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിച്ച് അല്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഗ്ലാസ്സുകളിലേയ്ക്ക് പകർന്ന് ഞങ്ങൾക്ക് കുടിക്കാൻ തരും. ഈ പാനീയം വിറ്റാമിനുകൾ നിറഞ്ഞതും അമിത രക്ത സമ്മർദ്ദത്തെ ഒഴിവാക്കുന്നതുമാണ്.

മറ്റൊന്ന് ഒഴിച്ചു കറിയാണ്. ഒന്നോ രണ്ടോ പിടി മുരിങ്ങയില കടുക് വറുത്ത് അതിലിട്ടിളക്കി വാടുമ്പോൾ തോരന്റെ അരപ്പും വെളളവും ഉപ്പും ചേർത്ത് തിളപ്പിച്ച് കറിയാക്കും. മറ്റു ഒഴിച്ചു കറികൾ ഇല്ലെങ്കിലും ചോറുണ്ണാം. അടുത്തത് തോരനാണ്. കർക്കടക മാസമൊഴികെ മറ്റെല്ലാ മാസങ്ങളിലും ഞങ്ങളുടെ വീട്ടിൽ മുരിങ്ങയില ഉപയോഗിക്കാറുണ്ട്. മുരിങ്ങക്കാ സാമ്പാർ. അവിയൽ. തീയൽ എന്നിവയിൽ ചേർത്തും തോരനായും അമ്മ ഞങ്ങൾക്ക് തരാറുണ്ട്. തോരൻ രണ്ട് വിധത്തിൽ തയ്യാറാക്കും, ഒന്ന് കായ് ഒരു വിരൽ നീളമുള്ള കഷണങ്ങളായി മുറിച്ച് നെടുകെ കീറി വേകിച്ച് തോരനാക്കും. മറ്റൊന്ന് നെടുകെ കീറിയ മുരിങ്ങക്കായുടെ മാംസളമായ ഭാഗം മാത്രം ഒരു തവി കൊണ്ട് നീക്കിയെടുത്ത് തോരൻ വയ്ക്കുന്ന വിധമാണ്. കൊച്ചു കുട്ടികൾക്ക് അതാണ് കൂടുതൽ ഇഷ്ടപ്പെടുക.
ഞങ്ങളുടെ വീട്ടിൽ നീണ്ടതും കുറിയതും ചെറുതും വണ്ണമുള്ളതുമായ വിവിധയിനം മുരിങ്ങകളുണ്ട്. ഇലകളും ധാരാളം. ചിലപ്പോൾ ഇലകൾ ഉണക്കിപൊടിച്ച് സൂക്ഷിക്കാറുണ്ട്. ഇത് സൂപ്പാക്കി കഴിച്ചാൽ പ്രസവിച്ച അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുo. സൂപ്പ് , ജ്യൂസ് കേക്ക് മറ്റ് പലഹാരങ്ങൾ എന്നിവയിൽ ചേർത്തും മുരിങ്ങയിലപ്പൊടി ഉപയോഗിക്കാവുന്നതാണ്.

കുട്ടിക്കാലത്തെ മറ്റൊരനുഭവം : ഒരു ദിവസം എന്റെ കാൽ മുട്ടിൽ നല്ല നീര്.. അച്ഛൻ അമ്മയോട് പറഞ്ഞു: അല്പം മുരിങ്ങപ്പട്ട ബട്ടികൊണ്ടുവരാൻ. അമ്മ അത് കൊണ്ടു വന്നപ്പോൾ അച്ഛൻ പറഞ്ഞു: അത് നന്നായി അരയക്കാൻ. അരച്ച ശേഷം അത് വെണ്ണയിൽ കുഴച്ച് നീരുള്ള ഭാഗത്ത് പുരട്ടി തന്നു. അല്പം ചൂട് കൂടുതൽ ആണെങ്കിലും കാലിലെ നീര് വേഗത്തിൽ മാറി.

പ്രായപൂർത്തിയായ ശേഷമുള്ള ഒരനുഭവമാണ്. പല വാടക വീടുകളിലും കറങ്ങിയ ശേഷമുളള അവസ്ഥ എന്നത് ദീർഘ നാളായി നിലനിൽക്കുന്ന കാൽമുട്ട് വേദനയായിരുന്നു. ഒരു സ്റ്റെപ്പിറങ്ങണമെങ്കിൽ വേദനിയ്ക്കുമോ എന്ന് ഭയന്ന് ഇറങ്ങേണ്ട അവസ്ഥ. അങ്ങിനെ നാട്ടിൽ സ്വന്തം വീട്ടിൽ താമസിക്കാൻ അവസരം വന്നു. പറമ്പിൽ ഉള്ള മുരിങ്ങക്കായ ഞങ്ങൾ തന്നെ ഉപയോഗിച്ചു രണ്ട് ദിവസം മുരിങ്ങക്കായ ധാരാളം കഴിച്ച ശേഷമുള്ള അനുഭവം എന്നെ അതിശയിപ്പിച്ചു. രണ്ടു കാലുകളും ഒരുപോലെ ഉപയോഗിച്ച് പടികൾ കയറാനും ഇറങ്ങാനും സാധിക്കുന്നു. ഈ അനുഭവത്തോടു കൂടി എപ്പോൾ മുരിങ്ങ ഒടിഞ്ഞ് വീണാലും അതിന്റെ കമ്പുകൾ മുഴുവൻ കുഴിച്ചു വയ്ക്കുന്ന രീതി ഞാൻ പ്രാവർത്തികമാക്കി. അങ്ങനെ പറമ്പിൽ ധാരാളം മുരിങ്ങയായി. എന്റെ മുട്ടുവേദനയ്ക്ക് പരിഹാരവും.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യൂറോപ്യൻ യൂണിയൻ കരാർ നിബന്ധനകൾക്ക് വിധേയമായി വ്യാപാരം തുടരാൻ ബ്രിട്ടനും കാനഡയും പരസ്പരം സമ്മതിച്ചു. കാനഡയുമായുള്ള പുതിയ കരാറിനായി ചർച്ചയ്ക്ക് വഴിയൊരുക്കുന്നതായി യുകെ സർക്കാർ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന് പുറത്തുള്ള ഒരു ജീവിതം യാഥാർഥ്യമാക്കാൻ വ്യാപാര ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ കാനഡയുമായി ഇടക്കാല കരാർ ഒപ്പിട്ടത്. യൂറോപ്യൻ യൂണിയൻ നിബന്ധനകൾക്ക് കീഴിലാണ് ഇരുവരും വ്യാപാരം തുടരുക. ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയുമായി ട്രാൻസ്-അറ്റ്ലാന്റിക് വ്യാപാരം ഉറപ്പാക്കുന്നതാണ് ഈ കരാറെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അഭിപ്രായപ്പെട്ടു. “ഇലക്ട്രിക് കാറുകൾ മുതൽ വീഞ്ഞ് വരെ ബ്രിട്ടൻ കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നത്തെ കരാർ ഈ വ്യാപാരം ശക്തിപ്പെടുന്നതിന് സഹായകമാകും.” അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം ആദ്യം മുതൽ കാനഡയുമായി പുതിയതും മികച്ചതുമായ ഒരു വാണിജ്യ ഇടപാടിന്റെ പ്രവർത്തനം ആരംഭിക്കാൻ ബ്രിട്ടൻ സമ്മതിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിലും പ്രധാന പങ്കു വഹിക്കും. തുടർച്ചയായുള്ള ഇടപാടിനെ സ്വാഗതം ചെയ്തുകൊണ്ട്, യുകെയുമായുള്ള ഒരു പുതിയ സമഗ്ര വ്യാപാര കരാർ ചർച്ചയ്ക്ക് വർഷങ്ങളെടുക്കുമെന്ന് ട്രൂഡോ നിർദ്ദേശിച്ചു. ഈ കരാറിനെ ഊഷ്മളമായി സ്വാഗതം ചെയ്യുമെന്ന് ബ്രിട്ടീഷ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഡയറക്ടർ ജനറൽ ആദം മാർഷൽ പറഞ്ഞു. എന്നാൽ തുർക്കി, സിംഗപ്പൂർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന രാജ്യങ്ങളുമായി സമാനമായ ഇടപാടുകൾ അടിയന്തിരമായി ആവശ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

യൂറോപ്യൻ യൂണിയനുമായി ഒരു കരാറുണ്ടാക്കണമെന്ന തന്റെ ആഗ്രഹം, മാർഷൽ ആവർത്തിക്കുകയുണ്ടായി. കഴിഞ്ഞ മാസം ജപ്പാനുമായി ബ്രിട്ടൻ വ്യാപാര കരാർ ഒപ്പുവെച്ചിരുന്നു. അതിനുശേഷമാണ് ഇന്ന് ഈ വ്യാപാര കരാറിലേക്ക് യുകെ എത്തുന്നത്. ബോറിസ് ജോൺസനും കനേഡിയൻ കൗണ്ടർപാർട്ട് ജസ്റ്റിൻ ട്രൂഡോയും ഇന്ന് ഒരു കരാറിൽ മുദ്രവെച്ചതായി ഡിപ്പാർട്ട്‌മെന്റ് ഫോർ ഇന്റർനാഷണൽ ട്രേഡ് (ഡിഐടി) അറിയിച്ചു. ഭാവിയിലെ ചർച്ചകൾ ‘ഡിജിറ്റൽ വ്യാപാരം, സ്ത്രീ സാമ്പത്തിക ശാക്തീകരണം, പരിസ്ഥിതി’ എന്നിവയിൽ കൂടുതൽ ശക്തിപ്പെടുമെന്ന് മന്ത്രിമാർ കരുതുന്നു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : യുകെയിലുടനീളം കൊറോണ വൈറസ് വാക്സിനേഷൻ സെന്ററുകൾ ആരംഭിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക്. രാജ്യത്തുടനീളമുള്ള സൈറ്റുകളിലും ആശുപത്രികളിലും ജിപികളിലും ആളുകൾക്ക് വാക്സിനേഷൻ നൽകും. ഫൈസർ-ബയോടെക് വാക്സിൻ ഫലപ്രദമാണോയെന്ന് വിലയിരുത്താൻ മെഡിക്കൽ റെഗുലേറ്ററോട് സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. റെഗുലേറ്റർ അംഗീകരിച്ചാൽ വാക്സിനേഷൻ അടുത്ത മാസം ആരംഭിക്കുമെന്ന് ഹാൻ‌കോക്ക് പറഞ്ഞു. വാക്സിൻ കുത്തിവയ്പ്പിന്റെ ഭൂരിഭാഗവും പുതുവർഷത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ പുതുതായി 20,252 കേസുകളും 511 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തു.

ഫൈസർ-ബയോ‌ടെക് വാക്സിൻ -70 സെൽഷ്യസിൽ സൂക്ഷിക്കേണ്ടത് വലിയൊരു വെല്ലുവിളിയാണെന്നും എന്നാൽ എൻഎച്ച്എസ് അതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഡൗണിംഗ് സ്ട്രീറ്റിൽ സംസാരിച്ച ഹാൻകോക്ക് പറഞ്ഞു. എൻ‌എച്ച്‌എസ് ജീവനക്കാർക്കായി ആശുപത്രികളിൽ വാക്സിനേഷൻ ഹബുകളും സ്ഥാപിക്കുന്നുണ്ട്. സ്പോർട്സ് ഹാളുകൾ പോലുള്ള സ്ഥലങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയും. ആളുകൾക്ക് എപ്പോൾ പ്രതിരോധ കുത്തിവയ്പ് നൽകാമെന്ന ചോദ്യത്തിന്, അത് വാക്സിനുകൾ നിർമ്മിക്കുന്ന വേഗതയെ ആശ്രയിച്ചിരിക്കുമെന്നാണ് ഹാൻകോക്ക് മറുപടി പറഞ്ഞത്. “എല്ലാ വാക്സിനുകളുടെയും നിർമ്മാണ പ്രക്രിയ ബുദ്ധിമുട്ടുള്ളതും അനിശ്ചിതത്വവുമാണെന്ന് ഞങ്ങൾക്കറിയാം. അതിനാൽ കഴിയുന്ന വേഗതയിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ ഞാൻ എൻഎച്ച്എസിനോട് ആവശ്യപ്പെട്ടു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈസർ-ബയോ‌ടെക് വാക്സിൻ വിലയിരുത്താൻ സ്വതന്ത്ര മെഡിക്കൽ റെഗുലേറ്ററായ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയോട് സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹാൻ‌കോക്ക് സ്ഥിരീകരിച്ചു. വാക്സിൻ നിർമ്മാതാക്കൾ യുഎസിൽ അംഗീകാരത്തിനായി അപേക്ഷിച്ചതിനെത്തുടർന്ന് ഈ പ്രക്രിയ ആരംഭിക്കാനുള്ള ആത്മവിശ്വാസം യുകെ സർക്കാരിനു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചതായുള്ള ആരോപണം നേരിട്ട ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ രാജി ഉണ്ടാവുകയില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രീതി പട്ടേലിനെതിരായുള്ള ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അലക്സ്‌ അലൻ രാജിവെച്ചു. ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്തുനിന്നും മിനിസ്റ്റീരിയൽ കോഡ് ലംഘിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടെ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വിശ്വാസക്കുറവും സർക്കാരിന് ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്തുനിന്നും തന്റെ പദവിക്കു യോജിച്ച പ്രവർത്തനങ്ങൾ അല്ല ഉണ്ടായതെന്ന, ആരോപണത്തെക്കുറിച്ച് അന്വേഷിച്ച പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അലക്സ്‌ അലൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായ ആരോപണത്തെ തുടർന്ന് പ്രീതി പട്ടേൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഉപദേഷ്ടാവ് തയ്യാറാക്കിയ റിപ്പോർട്ട് തള്ളിക്കളയുന്നതായും, ആഭ്യന്തര സെക്രട്ടറിയുടെ പ്രവർത്തനങ്ങൾ നൂറ് ശതമാനം വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

ആഭ്യന്തര സെക്രട്ടറിക്ക് എതിരായ ആരോപണങ്ങളിൽ സത്യസന്ധത ഇല്ലെന്ന് വരുത്തിതീർക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതായുള്ള ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്. അലക്സ് അലന്റെ രാജിയുടെ പിന്നിലും പ്രധാനമന്ത്രിയുടെ സമ്മർദ്ദം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ഈ പ്രവർത്തനം, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് സിവിൽ സെർവന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡേവ് പെൻമാൻ ആരോപിച്ചു.

തന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് മാപ്പ് പറയുന്നതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

മാർപാപ്പയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് മോഡലിൻെറ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തതിനെക്കുറിച്ച് വത്തിക്കാൻ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച തൻറെ ഫോട്ടോയ്ക്ക് മാർപാപ്പയുടെ ലൈക്ക് ദൃശ്യമായതിനെ തുടർന്ന് താൻ സ്വർഗ്ഗത്തിൽ പോകുന്നു എന്ന് ബ്രസീലിയൻ മോഡൽ നതാലിയ ഗാരിബോട്ടോ തമാശരൂപേണ പ്രതികരിച്ചതിനുശേഷമാണ് സംഭവം ചർച്ചയായത്.

സംഭവത്തിൽ മാർപാപ്പയ്ക്ക് പങ്കില്ലെന്ന് വത്തിക്കാൻ വക്താവ് പറഞ്ഞു. മാർപാപ്പയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിൻെറ ഉത്തരവാദിത്വം നല്കപ്പെട്ടിരിക്കുന്നത് ഒരു കമ്മ്യൂണിക്കേഷൻ ടീമിനാണ്.

മാർപാപ്പയുടെ അക്കൗണ്ടിൽനിന്ന് ലൈക്ക് ചെയ്തിരിക്കുന്ന ഫോട്ടോയിൽ മോഡൽ നതാലിയ ഗാരിബോട്ടോ അല്പ വസ്ത്രധാരിയായി ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം പ്രസ്തുത ഫോട്ടോ അൺലൈക്ക് ചെയ്തതായി കാത്തോലിക്ക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രസ്തുത സംഭവത്തിന് ശേഷം നതാലിയ ഗാരിബോട്ടോയുടെ മാനേജ്മെൻറ് കമ്പനിക്ക് വൻ പ്രചാരമാണ് ലഭിച്ചത്. പോപ്പിൽ നിന്ന് ആശീർവാദം ലഭിച്ചു എന്നാണ് ചിത്രം വീണ്ടും പങ്കു വച്ചതിനു ശേഷം കമ്പനി അടിക്കുറിപ്പ് നൽകിയത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ബ്രിട്ടനിൽ ഹൗസിംഗ്  മാർക്കറ്റ്   വൻ   പ്രതിസന്ധി നേരിടുകയാണെന്ന  റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ചിരുന്നു. കോവിഡ് 19 മൂലമുള്ള സാമ്പത്തികബാധ്യത ഏറ്റവും കൂടുതൽ വേട്ടയാടിയ ഒരു മേഖലയാണ് ഹൗസിംഗ് മാർക്കറ്റ്. വീടും വസ്തുവും വാങ്ങുന്നവർക്ക് ആവശ്യമായ ലോണുകൾ നൽകുന്ന ലെൻഡർമാർ വസ്തുവിന്റെ പകുതി വില കണക്കാക്കി മാത്രമേ ലോൺ ഇടപാടുകൾ ഇപ്പോൾ നടത്തുന്നുള്ളൂ. അതിനാൽ തന്നെ വീടും വസ്തുവും മറ്റും വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഈ പ്രതിസന്ധിയെ മലയാളിയുടെ മിടുക്ക് കൊണ്ട് മറികടക്കാൻ ശ്രമിക്കുകയാണ് ഡാർബി ഷെയറിൽ താമസിക്കുന്ന ശ്രീകാന്തും ഭാര്യ സൂര്യമോളും. 170,000 പൗണ്ട് മാർക്കറ്റ് വിലയുള്ള 3 ബെഡ് റൂം വീട് നറുക്കിട്ട് വിൽക്കാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.

കഴിഞ്ഞ ജൂൺ മാസം മുതൽ വീട് വില്പനയ്ക്ക് ശ്രമിച്ചിട്ട് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെ ഒരു രീതി പരീക്ഷിക്കാൻ ഇവർ മുതിർന്നത്. പ്രമുഖ റാഫിൾ കമ്പനിയുടെ സഹായത്തോടെ വിൽക്കുന്ന ടിക്കറ്റ്ഒന്നിന് 5 പൗണ്ട് ആണ് വില. 15,000 പൗണ്ട് മെയിന്റനൻസ് തുകയും വിജയിക്ക് വീടിനൊപ്പം ലഭിക്കും. 10,000 പൗണ്ടാണ് രണ്ടാം സമ്മാനം. മൊത്തം 60,000 ടിക്കറ്റാണ് വിൽപ്പനക്ക് ഉള്ളത്. 5000 പൗണ്ട് തുക ചെസ്റ്റർഫീൽഡിലെ ഹോംലസ് ചാരിറ്റിക്ക് നൽകാനും മുഴുവൻ ടിക്കറ്റ് വിറ്റുപോയാൽ പദ്ധതി ഇട്ടിരിക്കുകയാണ് ശ്രീകാന്ത്.

നാഷണൽ ലോട്ടറികളിൽ ദശലക്ഷങ്ങൾ പങ്കെടുക്കുമ്പോൾ 60,000 ടിക്കറ്റുകൾ മാത്രം വിൽപ്പനയ്ക്ക് ഉള്ളതുകൊണ്ട് വിജയസാധ്യത പങ്കെടുക്കുന്നവർക്ക് കൂടുതലാണെന്ന് ശ്രീകാന്ത് പറയുന്നു. ഇനിയും ടിക്കറ്റ് വിറ്റ് കിട്ടുന്ന തുക വീടിൻറെ വിലയേക്കാൾ കുറവാണെങ്കിൽ ഒന്നാം സമ്മാനകാരനെ കാത്തിരിക്കുന്നത് ടിക്കറ്റുകൾ വിറ്റ തുകയുടെ 75 ശതമാനം ആണ്. ബാക്കി 25 ശതമാനം റാഫിൾ കമ്പനിക്ക് ലഭിക്കും. റാഫിൾ കമ്പനിയുടെ ഓക്ഷൻ ലിങ്കിലെ ചെറിയ ഒരു ചോദ്യത്തിന് ഉത്തരം നൽകി ടിക്കറ്റ് നമ്മൾക്ക് കരസ്ഥമാക്കാം. ഒരുപക്ഷേ ക്രിസ്മസ് ദിനത്തിലെ ഭാഗ്യവാൻ നമ്മളാകാം. സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രചാരം ലഭിച്ചാൽ മുഴുവൻ ടിക്കറ്റും വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീകാന്തും സൂര്യമോളും. ആലപ്പുഴ കൊറ്റംകുളങ്ങര തുണ്ടത്തിൽ കെ.എസ്. ബാലചന്ദ്രന്റെ മകനായ ശ്രീകാന്തിൻെറ ആഗ്രഹം വീടു വിറ്റ്, മകളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ യോജിച്ച മറ്റൊരു സ്ഥലത്തേക്ക് മാറുക എന്നതാണ്.

ഈ ലിങ്കിലൂടെ നിങ്ങൾക്കും അഞ്ചു പൗണ്ട് മുടക്കി റാഫിളിൽ പങ്കെടുക്കാം.

https://raffall.com/36604/enter-raffle-to-win-house-and-15k-spending-money-hosted-by-sreekanth-balachandran

Copyright © . All rights reserved