Main News

നോട്ടിംഗ്ഹാം : ടയർ 3 നിയന്ത്രണത്തിന് കീഴിലുള്ള നോട്ടിംഗ്ഹാമിലെ ക്രിസ്മസ് മാർക്കറ്റ് തുറന്ന് 24 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടി. ജനതിരക്ക് കാരണമാണ് മാർക്കറ്റ് അടച്ചുപൂട്ടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. നാട്ടുകാരുടെ പ്രകോപത്തെത്തുടർന്ന് ഈ വർഷം വിപണി അടച്ചിടുമെന്നും അധികൃതർ വെളിപ്പെടുത്തി. സാമൂഹിക അകലം പാലിക്കാതെ നൂറുകണക്കിന് ആളുകളാണ് ഓൾഡ് മാർക്കറ്റ് സ്ക്വയറിൽ ഒത്തുകൂടിയത്. അടച്ചുപൂട്ടേണ്ടി വന്ന തീരുമാനത്തിൽ മാർക്കറ്റ് നടത്തുന്ന മെല്ലേഴ്സ് ഗ്രൂപ്പ് ഖേദം പ്രകടിപ്പിച്ചു. ഒരു സമയം മാർക്കറ്റിൽ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാനും ഇത് തുടർച്ചയായി നിരീക്ഷിക്കാനും പദ്ധതികളുണ്ടെന്ന് നോട്ടിംഗ്ഹാം സിറ്റി കൗൺസിലുമായുള്ള സംയുക്ത പ്രസ്താവനയിൽ, മെല്ലേഴ്സ് ഗ്രൂപ്പ് പറഞ്ഞു. എന്നിരുന്നാലും, ഇവ ഫലപ്രദമായി നടപ്പാക്കാൻ ഏറെ ബുദ്ധിമുട്ടാണ്.

“മാർക്കറ്റ് സന്ദർശിക്കാനിരിക്കുന്ന നിരവധി ആളുകൾക്കും സ്റ്റാൾ ഉടമകൾക്കും ഈ തീരുമാനം വളരെയധികം നിരാശ സൃഷ്ടിക്കുമെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ജനതിരക്ക് കാരണം മാർക്കറ്റ് പ്രവർത്തിപ്പിക്കാൻ കഴിയാതെ വരുന്നു.” മെല്ലേഴ്സ് ഗ്രൂപ്പ് കൂട്ടിച്ചേർത്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ദിവസം മുഴുവൻ മാർക്കറ്റിലുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് പറഞ്ഞു. നാലാഴ്ചത്തെ ദേശീയ ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വന്ന പുതിയ കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായാണ് നഗരം ടയർ 3 നിയന്ത്രണത്തിൽ എത്തിയത്.

അനിവാര്യമല്ലാത്ത കടകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കാൻ അനുവദിച്ചിട്ടും പലരും ജാഗ്രത പാലിച്ചതിനാൽ പ്രതിവർഷം 29 ശതമാനം ഇടിവുണ്ടായതായി റീട്ടെയിൽ അനലിസ്റ്റുകളുടെ ഷോപ്പർട്രാക്ക് വ്യക്തമാക്കി. ദേശീയതലത്തിൽ കഴിഞ്ഞ ശനിയാഴ്ച ഷോപ്പർ ട്രാഫിക്കിൽ 193 ശതമാനം വർദ്ധനവുണ്ടായപ്പോൾ ലോക്ക്ഡൗണിന്റെ ആഘാതം പലരും ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് റീട്ടെയിൽ കൺസൾട്ടന്റ് ആൻഡി സമ്പർ പറഞ്ഞു. ക്രിസ്മസ് കാലം എത്തിയതോടെ പ്രാധാന നഗരങ്ങളിൽ എല്ലാം ജനതിരക്ക് വർധിച്ചുവരികയാണ്. എന്നാൽ ബിസിനസ് നഷ്ടമാവാത്ത രീതിയിൽ ഇത് എങ്ങനെ നിയന്ത്രിക്കാമെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.

സ്വന്തം ലേഖകൻ

യു കെ :- കർഷക വിരുദ്ധ നിയമങ്ങൾ ഇന്ത്യൻ സർക്കാർ പാസാക്കിയതിനെതിരെ ഇന്ത്യയിൽ നടന്നു വരുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടനിൽ ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം. കൊറോണ നിയന്ത്രണങ്ങൾ പാലിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്ത 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും, നാലുപേർക്ക് പിഴ ഈടാക്കുകയും ചെയ്തു. ഇന്ത്യ ഗവൺമെന്റ് പാസാക്കിയ പുതിയ കർഷക നിയമപ്രകാരം, കർഷകർക്ക് തങ്ങളുടെ വിളകൾക്ക് ലഭിച്ചിരുന്ന താങ്ങുവില നഷ്ടമാകും. ഈ നിയമത്തിന്റെ ഭാഗമായി കർഷകരുടെ വിളകൾ വാങ്ങാൻ കൂടുതൽ പ്രൈവറ്റ് കമ്പനികൾക്ക് അവസരമുണ്ടാകും. ഇതിനെതിരെയാണ് കർഷക പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ നടന്നുവരുന്നത്. എന്നാൽ പുതിയ നിയമങ്ങൾ കർഷകർക്ക് തങ്ങളുടെ വിളകൾ വിൽക്കുവാൻ കൂടുതൽ വിപണി അവസരങ്ങൾ തുറന്നു നൽകുകയാണ് ചെയ്യുന്നതെന്ന് ഗവൺമെന്റ് അറിയിച്ചു.

യുകെ യിൽ നടന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങൾ യു കെ സിഖ് ഫെഡറേഷൻ പങ്കുവെച്ചിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതിഷേധത്തെ വളരെ കൃത്യമായ സമീപനത്തോടെയാണ് പോലീസ് അധികൃതർ നേരിട്ടത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രതിഷേധങ്ങൾ നല്ലതല്ല എന്ന് പോലീസ് കമാൻഡർ പോൾ ബ്രോഗ്ഡൻ വ്യക്തമാക്കി.

കൊറോണാ നിയമങ്ങൾ പാലിക്കാതെ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ നിന്ന് പിഴ ഈടാക്കിയതായി അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ കൃത്യമായി കൊറോണ നിയന്ത്രണങ്ങൾ പാലിക്കണമെന്ന ശക്തമായ നിർദേശവും പൊലീസ് അധികൃതർ നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ആറുവർഷമായി വാൻ ഹൗസിൽ മാത്രം ജീവിച്ച് ലോകം ചുറ്റുന്ന ബ്രിട്ടീഷ് ദമ്പതിമാരിൽ ഭാര്യയായ എസ്തറിനെ കാണാതായത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു. എസ്തറിനെ പൈറീനീസിൽ വച്ചാണ് ട്രക്കിങ്ങിനിടെ കാണാതായത്. പൈറീനീസ് പർവ്വതനിര സ്പെയിനിനും ഫ്രാൻസിനും ഇടയിൽ 430 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതും സമുദ്രനിരപ്പിൽ നിന്ന് 3400 മീറ്ററിൽ അധികം ഉയരത്തിലുള്ളതുമാണ് . എന്നാൽ വിപുലമായ രീതിയിലുള്ള തിരച്ചിലിന് ശേഷവും കണ്ടെത്താൻ സാധിക്കാത്തത് ദുരൂഹത സൃഷ്ടിച്ചിരിക്കുകയാണ് . ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാം എന്ന സംശയമാണ് കുടുംബാംഗങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് പൈറീനീസ് മലനിരകളിലെ ട്രക്കിങ്ങിനിടയിൽ എസ്തറിനെ കാണാതായത്. ആദ്യം എസ്തർ അപകടത്തിൽ പെട്ടതാണെന്ന് സംശയിച്ചെങ്കിലും അവസാനമായി ലിഫ്റ്റ് നൽകിയ സഹയാത്രികനെ കണ്ടെത്താൻ പോലീസ് പരാജയപ്പെട്ടതിനെ തുടർന്നാണ് എസ്തറിൻെറ ആൻറി എലിസബത്ത് വോൾസി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മോശം കാലാവസ്ഥയ്ക്കിടയിലും എസ്തറിനെ കാണാതായതായി കരുതുന്ന സ്ഥലത്ത് ഹെലികോപ്റ്ററുകളുടെയും പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളുടെയും സഹായത്തോടെ മൗണ്ടൻ റെസ്ക്യൂ യൂണിറ്റുകളിൽ നിന്നുള്ള പതിനഞ്ചോളം വിദഗ്ധർ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ എസ്തറിനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.

എസ്തറിൻെറയും പങ്കാളിയായ ഡാൻ കോൾഗേറ്റിൻെറയും വാൻ ഹൗസിലെ സഞ്ചാരത്തിൻെറ കഥ മലയാളംയുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അധികം താമസിയാതെ തന്നെ എസ്തറിനെ കാണാതായ വാർത്ത അവൾ അവസാനമായി തൻെറ പങ്കാളിക്ക് വാട്സാപ്പിൽ അയച്ച ചിത്രം സഹിതം വാർത്തയായത് ദുഃഖത്തോടെയാണ് ലോകമെങ്ങുമുള്ള യാത്രാപ്രേമികൾ ശ്രവിച്ചത് .

ന്യൂസ് ഡെസ്ക് , മലയാളം യുകെ

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന റാന്നി സ്വദേശി തിയ്യാടിക്കൽ സാജു നിര്യാതനായി. മോട്ടോർ ന്യൂറോൺ അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വിറ്റ്നി കമ്മ്യൂണിറ്റി ഹോസ്പിറ്റൽ നഴ്സായ മിനിയാണ് ഭാര്യ. സാജു മിനി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൾ ബോണ്‍സ്മൗത്തില്‍ നിയമ വിദ്യാര്‍ത്ഥിയും മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ആണ്. സാജു ഓക്സ്ഫോർഡ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സഭാംഗമാണ്.

സാജുവിന്റെ കുടുംബം ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിലാണ് താമസം. യുകെയില്‍ തന്നെ സംസ്‌കാരം നടത്താനാണ് ആലോചിക്കുന്നത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുത്തിരിക്കുകയാണ്. സാജുവിന്റെ സഹോദരിയും കുടുംബവും താമസിക്കുന്നതും ഓക്‌സ്‌ഫോര്‍ഡില്‍ തന്നെയാണ്.

സാജുവിൻെറ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലോക്ക്ഡൗൺ ഡിസംബർ -2ന് അവസാനിച്ചെങ്കിലും യുകെയിൽ ഉടനീളം വൈറസ് വ്യാപനത്തിൻെറ തോതനുസരിച്ച് നിയന്ത്രണങ്ങൾ തുടരുകയാണ്. പലസ്ഥലങ്ങളിലും നിയന്ത്രണങ്ങളെ കുറിച്ച് കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്മസ് കാലത്ത് എത്രമാത്രം തങ്ങളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായുള്ള പുനസമാഗമം സാധ്യമാകും എന്നുള്ളത് ഈ നിയന്ത്രണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത് . സാമാന്യ യുക്തിക്ക് നിരക്കാത്ത  പല നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട് .

വിചിത്രമായ  നിയന്ത്രണത്തിൽ വലയുന്ന ലീഡ്സിലെ ദമ്പതികളുടെ അനുഭവമാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലീഡ്സിൽ താമസിക്കുന്ന ഫിലിപ്പ്,ഷീല ദമ്പതിമാരുടെ വീട് ടയർ -2വിൽ ആണെങ്കിലും അവരുടെ പൂന്തോട്ടം ടയർ -3 നിയന്ത്രണ പരിധിയിലാണ്. അതുകൊണ്ട് തന്നെ ലോക്ക്ഡൗണിനു ശേഷം ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ മൂലം ഇവർ സ്വയം ഒറ്റപ്പെടലിന് വിധേയരായി ഇരിക്കേണ്ടതായി വരും.

വെസ്റ്റ് യോർക്ക്ഷെയറിലെ ഓറ്റ്ലിയിലുള്ള ഇവരുടെ വീട് ലീഡ്സ് സിറ്റി കൗൺസിലും ഹാരോഗേറ്റ് ബൊറോ കൗൺസിലും തമ്മിൽ വിഭജിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇതിൻറെ ഫലമായി ലീഡ്സ് ദമ്പതികളുടെ വീട് ടയർ -2വിലും പൂന്തോട്ടം ടയർ -3 യിലുമാണ്. ഏറ്റവും പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ടയർ -2വിലെ ആളുകൾക്ക് 6 ഔട്ട്ഡോർ ഗ്രൂപ്പുകളുമായി കണ്ടുമുട്ടാൻ കഴിയും. എന്നാൽ ടയർ 3 യിലെ താമസക്കാർക്ക് പൊതു ഇടങ്ങളിൽ മാത്രമേ മറ്റുള്ളവരുമായി കണ്ടുമുട്ടാൻ സാധിക്കുകയുള്ളൂ

സ്വന്തം ലേഖകൻ

യു കെ :- ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാരക്കരാറിനെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, യൂറോപ്യൻ യൂണിയൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ്‌ ഉർസുള വോൺ ഡർ ലെയെനുമായുള്ള അവസാനവട്ട ചർച്ചകൾ തിങ്കളാഴ്ച നടക്കും. ഇരുവരും ഇതുവരെ നടത്തിയ ചർച്ചകളിൽ അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം നീണ്ട ഫോൺ കോൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയോടെ സമവായത്തിൽ എത്തിയില്ലെങ്കിൽ കരാറുകൾ ഒന്നുമില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ പടിയിറങ്ങും.

ബ്രിട്ടൻ പ്രധാനമന്ത്രി തന്റെ നിലപാടുകളിൽ അയവു വരുത്താനുള്ള സാധ്യത കുറവാണ്. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെ ഇതിനെതിരെ ശക്തമായ നിലപാടുകൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, യൂറോപ്പ്യൻ യൂണിയൻ പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷം, ഇരുവരും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. നിരവധി അതിപ്രധാനമായ കാര്യങ്ങളിൽ ഇനിയും സമവായത്തിൽ എത്തിയിട്ടില്ലെന്ന് ഈ പ്രസ്താവനയിൽ പറയുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഒരു കരാർ ഉണ്ടാവുക അസാധ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പിന്നീട് പറഞ്ഞു.

ഫ്രാൻസും തങ്ങളുടെ തീരുമാനം കടുപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ താല്പര്യത്തെ മാനിക്കാതെ ഉള്ള കരാറാണ് രൂപപ്പെടുന്നതെങ്കിൽ, ഉറപ്പായും ഫ്രാൻസ് ശക്തമായി എതിർക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ അറിയിച്ചു.ബ്രിട്ടന്റെ തീരുമാനങ്ങളെ മാനിക്കുന്ന കരാറിൽ മാത്രമായിരിക്കും പ്രധാനമന്ത്രി ഒപ്പിടുക എന്ന് ടോറി എംപി പീറ്റർ ബോൺ വിശ്വാസം പ്രകടിപ്പിച്ചു. അവസാന തീരുമാനം എന്തായിരിക്കും എന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ.

സ്വന്തം ലേഖകൻ

പൊതുജനങ്ങൾക്ക് കോവിഡ് വാക്സിനോടുള്ള മനോഭാവം മാറ്റിയെടുക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടുകൊണ്ട് രാജകുടുംബത്തിലെ മുതിർന്ന വ്യക്തികളായ 94 കാരിയായ രാജ്ഞിക്കും 99 കാരനായ പ്രിൻസ് ഫിലിപ്പിനും വാക്സിൻ നൽകും. സാധാരണക്കാർക്കൊപ്പം വരി നിന്ന് ലഭിക്കുന്ന അവസരത്തിലൂടെയാണ് ഇരുവർക്കും വാക്സിൻ നൽകുകയെന്നും, പ്രത്യേക പരിഗണന ഇക്കാര്യത്തിൽ ഉണ്ടാവുകയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം രാജ ദമ്പതിമാർ പൊതുജന മധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് തെറ്റായ വിവരങ്ങൾ പടരുന്നത് തടയാൻ ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധർ ഉറപ്പുനൽകുന്നുണ്ട്. വാക്‌സിനേഷനെതിരെ ഇപ്പോൾതന്നെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണങ്ങൾ പല കോണുകളിലും നടക്കുന്നുണ്ട്.

രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളായ ഇരുവർക്കും വാക്സിൻ നൽകുന്നത് ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ചും വയോജനങ്ങൾക്ക് ഇടയിൽ വാക്സിന് കൂടുതൽ സ്വീകാര്യത നൽകുമെന്നാണ് പ്രതീക്ഷ. ഇരുവരുടെയും ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് വാക്സിൻ സ്വീകരിക്കാൻ തീരുമാനിച്ചത്. കെയർ ഹോമുകളിലും മറ്റും താമസിക്കുന്ന 80 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്കാണ് ആദ്യപാദത്തിൽ വാക്സിൻ നൽകുക. അബദ്ധ പ്രചാരകരുടെ വാക്കുകൾ വിശ്വസിച്ചു കോവിഡ് വാക്സിനിൽ നിന്നും ജനങ്ങൾ അകന്നു നിൽക്കുന്നത് ഭരണാധികാരികൾക്കും ശാസ്ത്രജ്ഞന്മാർക്കും തലവേദന സൃഷ്ടിച്ചിരുന്നു.

അതേസമയം ഇത്തരം കാര്യങ്ങളിലേക്ക് രാജകുടുംബത്തിന് വലിച്ചിഴയ്ക്കുന്നത് അവരെ അനാവശ്യമായി രാഷ്ട്രീയ വൽക്കരിക്കുന്നതിന് തുല്യമാണെന്ന് സഭാ സാമാജികരിൽ ചിലർ അഭിപ്രായപ്പെട്ടു. അത് അവരുടെ മെഡിക്കൽ പ്രൈവസിയിലേക്ക് ഇടിച്ചു കയറുന്നതിനു തുല്യമാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.1957 ൽ സമാനമായ രീതിയിൽ ചാൾസ് രാജകുമാരനും, ആൻ രാജകുമാരിയും പോളിയോ വാക്സിൻ സ്വീകരിച്ചിരുന്നു. അത് വാക്സിന് കൂടുതൽ ജനസമ്മതി ലഭിക്കുന്നതിനും ജനങ്ങളുടെ അകാരണമായ ഭയം അകറ്റുന്നതിനും സഹായിച്ചിരുന്നു. രാജകുടുംബത്തിലെ മറ്റുള്ളവർക്കാവട്ടെ സമാനമായ പ്രായക്കാർക്ക് വാക്സിൻ ലഭിക്കുമ്പോൾ മാത്രമാവും സ്വീകരിക്കാനാവുക. വില്യം രാജകുമാരൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടന്ന വാക്സിൻ പരീക്ഷണങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും ഇടയ്ക്കിടെ സന്ദർശിക്കുകയും ചെയ്തിരുന്നു.

ഡോ. ഐഷ വി

ഞങ്ങൾ ചിരവാത്തോട്ടത്ത് അമ്മയുടെ വീട്ടിൽ താമസിക്കുന്ന കാലം. ഒരവധി ദിവസം ഞങ്ങൾ കുട്ടികൾ പറമ്പിൽ കളിച്ച് തിമർത്ത് മുറ്റത്തേയ്ക്ക് കയറി. സമയം സന്ധ്യയാകാറായി. അമ്മയും അമ്മാമയും വീട്ടിനകത്തുണ്ട്. അപ്പി മാമൻ ഊന്നിൻ മൂട്ടിൽ വല്യമാമന്റെ ആശുപത്രിയിൽ ലാബ് ടെക് നീഷ്യനായി ജോലി നോക്കുകയാണ്. രാത്രി എട്ടു മണി കഴിഞ്ഞേ വീട്ടിലെത്തൂ. പത്മനാഭൻ മേസ്തിരിയും ജനാർദ്ദനൻ പിള്ള ചേട്ടനും ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയി. അക്കാലത്ത് ആ വീട്ടിലെ പറമ്പിൽ വിളയുന്ന മുഴുവൻ സാധനങ്ങൾക്കും വിപണി തേടി അലയേണ്ട പ്രശ്നമേയില്ലായിരുന്നു. എല്ലാം വാങ്ങാൻ ആളുകൾ വീട്ടിൽ എത്തുമായിരുന്നു. എല്ലാം വീട്ടിൽ നിന്നു തന്നെ വിറ്റുപോവുകയും ചെയ്തിരുന്നു. സാധനങ്ങൾ തൂക്കിയിരുന്ന ത്രാസ് എരിത്തിലിലായിരുന്നു. സാമാന്യം വലിയ ത്രാസിന്റെ സാധനങ്ങൾ വയ്കുന്ന തട്ട് പലക കൊണ്ടുള്ളതായിരുന്നു. പകൽ മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്ത ത്രാസ് സ്വതന്ത്രമാകുന്നത് സന്ധ്യ മയങ്ങുമ്പോഴേയ്ക്കാണ്. അങ്ങനെ സ്വതന്ത്രമാകുന്ന ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടുന്നത് നാലു വയസ്സുള്ള അനുജത്തിയുടെ വിനോദമായിരുന്നു. ആട്ടി വിടുന്നത് എന്റെയും അനുജന്റെയും.

പകൽ സമയത്ത് ഊഞ്ഞാലാടാൻ പത്മനാഭൻ മേസ്തിരി ഞങ്ങളെ അനുവദിയ്ക്കില്ല. വിരട്ടിയോടിയ്ക്കും .പത്മനാഭൻ മേസ്തിരിയുള്ളപ്പോൾ കഷായപ്പുരയിൽ കയറാൻ ചെന്നാലും ഇതു തന്നെയായിരുന്നു അനുഭവം.
അങ്ങനെ കളി കഴിഞ്ഞ് മുറ്റത്തെത്തിയ അനുജത്തിയ്ക്ക് ത്രാസിൽ കയറിയിരുന്ന് ഊഞ്ഞാലാടാനുള്ള മോഹമുദിച്ചു. അങ്ങനെ ഞങ്ങൾ എരിത്തിലിലേയ്ക്ക് കയറി. എരിത്തിലിലെ ഹാളിന്റെ ഒരറ്റത്താണ് പത്തായം. വീര ശൂരനായ പട്ടിയെ പത്തായത്തിന്റെ കാലിൽ ചങ്ങലയിട്ട് കെട്ടിയിട്ടുണ്ട്. രാത്രി മാത്രമേ അവനെ തുറന്ന് വിടുകയുള്ളൂ. അത് എരിത്തിലിൽ നിന്ന് മരുന്നിടിക്കുന്ന പുരയുടെ അപ്പുറത്ത് നിൽക്കുന്ന പ്ലാവിലേയ്ക്ക് വലിച്ചു കെട്ടിയ നെടുനീളൻ കമ്പിയിലൂടെ മാത്രം. രാത്രി സ്വതന്ത്രനാക്കുന്ന “ടൈഗർ” ( പട്ടിയാണെങ്കിലും പേരങ്ങനെയാണ്.) നെടുനീളൻ കമ്പിയിലൂടെ കോർത്തിട്ട ചങ്ങലയോടുകൂടി ഓടി നടക്കും. ആരെങ്കിലും വരുന്നെന്ന് സംശയം തോന്നിയാൽ ഗാംഭീര്യത്തോടെ കുരയ്ക്കും.

ഞങ്ങൾ എരിത്തിലിലെത്തിയപ്പോൾ ടൈഗർ പത്തായത്തിനും ഭിത്തിയ്ക്കും ഇടയ്ക്കുള്ള സ്ഥലത്തു കിടന്നുറക്കമാണ്. അനുജത്തി ത്രാസിന്റെ തട്ടിൽ കയറിയിരുന്നു. ഞങ്ങൾ അവളെ ആട്ടി വിട്ടു. അങ്ങനെ കുറച്ചു നേരമായപ്പോൾ ആട്ടിവിട്ട ദിശ അല്പം മാറിപ്പോയി അനുജത്തിയും ത്രാസും കൂടി പട്ടിയുടെ ദേഹത്ത് ചെന്നിടിച്ചു. അവൻ ഉണർന്നു. അന്നേരം ഒന്ന് മുരണ്ടു. വീണ്ടും ഇതാവർത്തിച്ചു. ഇങ്ങനെ ഊഞ്ഞാലാട്ടം മൂന്നാല് പ്രാവശ്യം കൂടി നീണ്ടു. “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന പഴഞ്ചൊല്ലുപോലെ, അതുവരെ ക്ഷമിച്ച ടൈഗർ ഞൊടിയിടയിൽ അനുജത്തിയെ വലിച്ച് താഴെയിട്ട് പത്തായത്തിന്റേയും ഭീത്തിയുടേയും ഇടയിട്ട് കടിച്ച് കീറാൻ തുടങ്ങി. നിസ്സഹായരായ ഞാനും അനുജനും നിലവിളിയ്ക്കാൻ തുടങ്ങി. അമ്മാമ്മ ഓടിവന്ന് പട്ടിയുടെ പക്കൽ നിന്നും ധീരമായി കുട്ടിയെ മോചിപ്പിച്ചു. അനുജത്തിയെ അമ്മയുടെ കൈയ്യിൽ ഏൽപ്പിച്ച ശേഷം അമ്മാമ്മ നിന്ന നിൽപ്പിൽ മൂലക്കടവരെ ഓടി. അന്ന് ആ ഗ്രാമത്തിൽ ഏറ്റവുമടുത്ത് ടാക്സി കാറുകൾ ലഭ്യമായിരുന്ന സ്ഥലം മൂലക്കടയാണ്. കാറുമായി തിരികെയെത്തിയ അമ്മാമ അമ്മയെയും അനുജത്തിയേയും കൂട്ടി ഊന്നി ൻ മൂട്ടിലെ വല്യമാമന്റെ ആശുപത്രിയിലേയ്ക്ക് യാത്രയായി. ഞാനും അനുജനും വീട്ടിലിരുന്നു. കുറേ നേരം കഴിഞ്ഞപ്പോൾ അവർ മടങ്ങിയെത്തി. അനുജത്തിയുടെ മുഖത്തും മുതുകത്തും തലയിലും പട്ടിയുടെ ആക്രമണമേറ്റ ഭാഗത്ത് സ്റ്റിച്ചിട്ടിട്ടുണ്ട്. തലയിൽ അളളിയതാകണം നെടുനീളത്തിൽ രണ്ട് മുറിവുകൾ സ്റ്റിച്ചിട്ടിരുന്നു.

കുറേ ദിവസം കഴിഞ്ഞു. സ്റ്റിച്ചെടുത്ത മുറിവുകൾ ഉണങ്ങി കഴിഞ്ഞപ്പോൾ ഒരു ദുരന്ത സന്ധ്യയുടെ സ്മരണയെന്ന പോലെ തഴമ്പുകൾ അവളുടെ ദേഹത്ത് നില നിന്നു. മുമ്പ് ചിക്കൻ പോക്സ് വന്ന് മറു ദണ്ഡിച്ച് വടുക്കൾ ഉണ്ടായതിന് പുറമേയായിരുന്നു ഇത്.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

വെസ്റ്റ് യോർക്ക്ക്ഷെയറിലെ ഹാലിഫാക്സിൽ ഒരു വീട്ടിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൻെറ ഫലമായി വീട് മുഴുവനായും അഗ്നിക്കിരയായി. ഭൂകമ്പം പോലുള്ള പ്രകമ്പനങ്ങൾ സ്ഫോടനത്തിൻെറ ഫലമായി ഉണ്ടായി എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിരവധി ഫയർ യൂണിറ്റുകൾ കിണഞ്ഞ് പരിശ്രമിച്ചാണ് തീയണയ്ക്കാൻ സാധിച്ചത്. സ്ഫോടനം നടന്ന ഭവനത്തിൻറെ ചുറ്റുമുള്ള 6 വീടുകളിൽ നിന്ന് എല്ലാവരെയും മുൻകരുതലിൻെറ ഭാഗമായി അടിയന്തരമായി ഒഴിപ്പിച്ചു. ഇവരിൽ 98 വയസ്സുള്ള ഒരു വയോധികനും ഉൾപ്പെടുന്നു .

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം ദമ്പതികളും മകനും ആയിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. തീ പൂർണമായും അണയ്ക്കാൻ സാധിച്ചു എന്നും പ്രദേശം പൂർണമായും സുരക്ഷിതമാണെന്നും വെസ്റ്റ് യോർക്ക്ക്ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പറഞ്ഞു . സ്ഫോടനത്തിൻെറ കാരണങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്. മൂന്നു മൈലുകൾക്കപ്പുറം വരെ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കെയർഹോമുകളിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രീതിയ്ക്ക് അന്തിമാനുമതി നൽകിയതായി മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർ‌എ) അറിയിച്ചു. എന്നിരുന്നാലും യുകെയിൽ വാക്‌സിൻ സ്വീകരിക്കുന്നതിലെ മുൻഗണനാക്രമത്തിൽ ആദ്യ സ്ഥാനത്തായിരുന്ന കെയർഹോം അന്തേവാസികൾക്ക് പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കാൻ രണ്ടാഴ്ച സമയമെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വാക്‌സിൻ വിതരണം നടത്തിയാലും ശീതകാലത്ത് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാവുകയില്ല എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നടത്തി കഴിഞ്ഞാലും വൈറസിനെ പൂർണ്ണമായും തുടച്ചു നീക്കാമെന്ന് കരുതാനാവില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു.

ഡിസംബർ 14 മുതൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും 80 വയസിന് മുകളിലുള്ള പൗരന്മാർക്ക് പ്രതിരോധകുത്തിവെയ്പ്പ് അറിയിച്ചെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഫൈസർ വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതുകൊണ്ട് കൈകാര്യം ചെയ്യുന്ന രീതിയ്ക്ക് റെഗുലേറ്റരുടെ അന്തിമാനുമതി ലഭ്യമാക്കേണ്ടതുണ്ട്.

8 ലക്ഷം ഫൈസർ വാക്സിൻ യുകെയിൽ എത്തിച്ചേർന്നത് കടുത്ത ആത്മവിശ്വാസവും നൽകുന്നുവെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. വർഷാവസാനത്തോടെ കൂടുതൽ ഡോസുകൾ എത്തിച്ചേരുമെങ്കിലും എത്ര ഡോസുകൾ ലഭ്യമാകും എന്നതിനെകുറിച്ച് വ്യക്തത വന്നിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയും ചൊവ്വാഴ്ച പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

ഇതിനിടെ ആർ നമ്പർ 0.8 നും 1 നും ഇടയിലായി കുറഞ്ഞതായി ഗവൺമെൻറ് അറിയിച്ചു. കോവിഡ് ബാധിച്ച് പുതുതായി റിപ്പോർട്ട് ചെയ്ത 504 മരണങ്ങൾ കൂടി ഉൾപ്പെടുത്തി യുകെയിലെ മൊത്തം മരണസംഖ്യ 60617 ആയി

RECENT POSTS
Copyright © . All rights reserved