ന്യൂസ് ഡെസ്ക് , മലയാളം യുകെ
വിദേശ എൻ എച്ച് എസ് ജീവനക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ പദ്ധതി . കൊറോണ മൂലം മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അനിശ്ചിതകാലത്തേക്ക് രാജ്യത്ത് തുടരാം. കൊറോണ വൈറസ് മൂലം മരണപ്പെടുന്ന എൻ എച്ച് എസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതിയിൽ കൂടുതൽ തൊഴിൽ മേഖലകളെ ഉൾപ്പെടുത്തി. ക്ലീനർമാർ, പോർട്ടർമാർ, സോഷ്യൽ കെയർ സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള തൊഴിലാളികളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് സർക്കാർ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇത്തരം ജോലിക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം സർക്കാർ കൈകൊണ്ടത്. കോവിഡ് മൂലം മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ബ്രിട്ടനിൽ അനിശ്ചിതകാലത്തേക്ക് തുടരാനുള്ള അവകാശം നൽകുന്നതാണ് ഈ പദ്ധതി. ഇതുമൂലം പി ആർ ഇല്ലാതെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ കോവിഡ് മൂലം മരണമടഞ്ഞാൽ അവരുടെ കുടുംബാംഗങ്ങളെ പിആർ നൽകി ആദരിക്കും
കൊറോണയോട് പോരാടി ജീവൻ വെടിയുന്ന എൻ എച്ച് എസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽതന്നെ ഈയൊരു പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. വളരെയേറെ ആളുകളെ ഉൾകൊള്ളുന്നതിനാൽ പദ്ധതി വിപുലീകരിക്കാൻ സാധിക്കില്ലെന്ന് പ്രീതി പട്ടേൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മരണമടയുന്ന വിദേശ സ്റ്റാഫുകളുടെ കുടുംബാവസ്ഥ കണക്കിലെടുത്താണ് ആഭ്യന്തര സെക്രട്ടറി ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കുന്നത്.
വിദേശ സാമൂഹ്യ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മറ്റ് മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഒരു വർഷത്തേക്ക് സൗജന്യ വിസ എക്സ്റ്റൻഷനുകൾ അനുവദിക്കുന്നതിനായി ഒരു പദ്ധതി രൂപീകരിക്കുകയാണെന്ന് കഴിഞ്ഞ മാസം സർക്കാർ അറിയിച്ചിരുന്നു. എൻഎച്ച്‌എസിലും സ്വതന്ത്ര മേഖലയിലും ജോലി ചെയ്യുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തുമെന്ന് ആഭ്യന്തര കാര്യാലയം അറിയിച്ചു. വിസ എക്സ്റ്റൻഷൻ സമയത്ത് യോഗ്യതയുള്ളവരെ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജിൽ നിന്നും ഒഴിവാക്കും. കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ നിന്ന് പോരാടുന്ന വിദേശ എൻ എച്ച് എസ് ഉദ്യോഗസ്ഥരെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്ന സർക്കാർ നടപടി പ്രശംസനീയമാണ്.
സ്വന്തം ലേഖകൻ
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെ മനപ്പൂർവം രോഗം പകർത്തുക എന്ന ഉദ്ദേശത്തിൽ ചുമക്കുകയും തുമ്മുകയും ചെയ്യുന്നവർക്കുള്ള ജയിൽവാസം ഇരട്ടിപ്പിച്ചു. ശിക്ഷ ഒരു വർഷത്തിൽ നിന്നും രണ്ട് വർഷമാക്കി ഉയർത്തുന്നതായി ഹോം സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി എമർജൻസി സർവീസ് പ്രവർത്തകരുടെ നേരെ ഈ വിധം മനസാക്ഷിയില്ലാതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവർ, മുഴുവനായുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അവർ ഓർമ്മിപ്പിച്ചു.
എമർജൻസി സർവീസിൽ ജോലി ചെയ്യുന്നവർക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് ഒരു വർഷം തടവ് എന്ന നിയമം 2018 ലാണ് നിലവിൽ വന്നത്. ആറു മാസം മുതൽ ഒരു വർഷം വരെയാണ് നിലവിൽ തടവ്, എന്നാൽ ഇനിമുതൽ അത് നിർബന്ധമായും രണ്ടുകൊല്ലം ആയിരിക്കുമെന്ന് മിസ് പട്ടേൽ എൽ ബി സി റേഡിയോ പ്രക്ഷേപണത്തിൽ പറഞ്ഞു. നിക് ഫെറാരി എന്ന അവതാരകൻെറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ” പ്രതികൾ അറസ്റ്റ് ചെയ്യപ്പെടും, കോടതി നടപടികൾ നേരിടേണ്ടി വരും, മജിസ്ട്രേറ്റ് കോർട്ടിൽ ശിക്ഷിക്കപ്പെടും” എന്നും പട്ടേൽ പറഞ്ഞു.
ചില കച്ചവടക്കാരിൽ നിന്നും ഇംഗ്ലണ്ടിലെ സാധാരണക്കാർ വാങ്ങി ഉപയോഗിക്കുന്ന കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റിനെതിരെ മുന്നറിയിപ്പ് നൽകി എൻഎച്ച്എസ് അധികൃതർ . ഒരു വ്യക്തിക്ക് മുൻപ് വൈറസ് ബാധ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് അറിയുന്ന ആന്റിബോഡി ടെസ്റ്റുകളെ വിദഗ്ധർ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ സ്റ്റീഫൻ പോവിസ് പറഞ്ഞു. എൻഎച്ച്എസിലൂടെ ഈ ടെസ്റ്റുകൾ പൊതു ജനങ്ങൾക്ക് നൽകി വരുന്നില്ലെങ്കിലും, നിലവിൽ ഇത് മാർക്കറ്റിൽ ലഭ്യമാണ്. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും, തൊണ്ടയിൽ നിന്നോ മൂക്കിനുള്ളിൽ നിന്നോ സാമ്പിളുകൾ ശേഖരിക്കുന്ന സ്വാബ് ടെസ്റ്റ് ആണ് നിലവിലുള്ളത്. രണ്ടാമത്തെ ടെസ്റ്റ് ആയ, ആന്റിബോഡി ടെസ്റ്റ് വൈറസ് ബാധിച്ച വ്യക്തിയുടെ ശരീരത്തിൽ സ്വമേധയാ ഉണ്ടാവുന്ന ആന്റി ബോഡികൾ പരിശോധിച്ച് റിസൾട്ട് കണ്ടെത്തുന്നതാണ്. ഇത്തരം ഒരു കിറ്റിന് 69 പൗണ്ടാണ് വില. വാങ്ങുന്നവർ വീട്ടിൽനിന്ന് രക്ത സാമ്പിൾ എടുത്ത് ലാബുകളിലേക്ക് അയച്ചാലാണ് ഫലം അറിയാൻ കഴിയുക. എന്നാൽ ഈ ടെസ്റ്റിനെ പറ്റി പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവ എത്ര മാത്രം മെച്ചമാണെന്ന് തിരിച്ചറിയുന്നതിനു മുൻപ് ജനങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് എന്നും വിദഗ്ധർ പറയുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്നുണ്ടായ നിയന്ത്രണങ്ങളെ എല്ലാം ലംഘിച്ചുകൊണ്ട്, ഇംഗ്ലണ്ടിൽ ഉടനീളമുള്ള ബീച്ചുകളിൽ വൻ ജനത്തിരക്ക്. ഡെവോണിൽ ജനങ്ങൾ എത്തിയ കാറുകൾ എല്ലാംകൂടി വൻ ട്രാഫിക്ക് ബ്ലോക്കാണ് സൃഷ്ടിച്ചത് എന്ന് പോലീസ് അധികൃതർ പറഞ്ഞു. കോൺവോളിലെ പെറാൻപോർത് ബീച്ചിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്. തെളിഞ്ഞ കാലാവസ്ഥ എസ്സെക്സിലുള്ള സൗത്ത്എൻഡ് ബീച്ചിലും സന്ദർശകരുടെ എണ്ണം വർദ്ധിപ്പിച്ചു. ലിങ്കൻഷെയറിലെ സ്കേഗ്നെസ്സിലുള്ള ബീച്ചിൽ ശുചിയിടങ്ങൾക്കു മുൻപിൽ 40 മിനിറ്റ് നീണ്ട ക്യൂ രേഖപ്പെടുത്തി.
ഡെവോണിലെ സൗന്റോൺ ബീച്ചിലെ കാർപാർക്കിങ്ങിൽ ഓഗസ്റ്റ് മാസത്തിലെ പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കിലോമീറ്ററുകളോളം നീളത്തിൽ അവിടെ കാറുകൾ പാർക്ക് ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു. പലരും നിർദ്ദേശങ്ങൾ ലംഘിച്ച് ഇടുങ്ങിയ റോഡുകളിലും മറ്റും കാറുകൾ പാർക്ക് ചെയ്ത് ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചു. സെഫ്റ്റനിൽ സമീപത്തുള്ള ബീച്ചിൽ പോകുവാനായി ജനങ്ങൾ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകളിൽ വരെ കാറുകൾ പാർക്ക് ചെയ്തതായി ലോക്കൽ ഡെമോക്രസി റിപ്പോർട്ടിംഗ് സർവീസ് റിപ്പോർട്ട് ചെയ്തു. നോർഫോക്കിൽ രണ്ട് ദിവസത്തിൽ ഇടയ്ക്ക് ഇതുവരെ മുപ്പതോളം രക്ഷാപ്രവർത്തനങ്ങൾ നടന്നതായി കോസ്റ്റ്ഗാർഡ് റെസ്ക്യൂ ടീം അറിയിച്ചു.
ബ്രിട്ടനിൽ ഇതു വരെ 248000 ത്തോളം കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുപ്പത്തി അയ്യായിരത്തോളം പേർ കൊറോണ ബാധമൂലം മരണപ്പെട്ടു. ജനങ്ങൾ ലോക് ഡൗൺ നിയമങ്ങളെ എല്ലാം മറന്നു കൊണ്ട് കൂട്ടത്തോടെ ബീച്ചുകളിലും മറ്റും എത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം കൂട്ടം കൂടലിനെതിരെ പല ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
സ്വന്തം ലേഖകൻ
ബെർലിൻ : ജർമൻ നിയോബാങ്ക് ആയ ബിറ്റ്വാല 4.3% പലിശ സഹിതം ബിറ്റ്കോയിൻ അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നു. ബിറ്റ്വാലയിലെ എല്ലാ 80000 ഉപയോക്താക്കൾക്കും ഇപ്പോൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ബിറ്റ്‌കോയിൻ വാങ്ങാനും കൈവശം വെക്കാനും പലിശ നേടാനും സാധിക്കും. ഒരു അക്കൗണ്ടിൽ ബിറ്റ്‌കോയിൻ നിക്ഷേപിക്കുന്നതിന് പലിശ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ക്ലാസിക് ഫിയറ്റ് ബാങ്ക് ആണ് ബിറ്റ്വാല. ഒപ്പം പ്രമുഖ ജർമൻ ബാങ്ക് ആയ സോളാരിസ് ബാങ്ക് എജിയുടെ ലൈസൻസിനു കീഴിൽ 32 യൂറോപ്യൻ രാജ്യങ്ങളിൽ ഫിയറ്റ്, ക്രിപ്റ്റോകറൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഉപയോക്താക്കൾക്ക് 30 യൂറോ വിലയുള്ള ബിറ്റ്‌കോയിൻ വാങ്ങാനും അക്കൗണ്ടിൽ സൂക്ഷിക്കാനും കഴിയും. അതുപോലെ ഫണ്ടുകൾ ഉടനടി യൂറോയിലേക്ക് പരിവർത്തനം ചെയ്യാനും സാധിക്കും. “ഇപ്പോൾ കൂടുതൽ ആളുകൾ ബിറ്റ്കോയിനിൽ വിശ്വസിക്കുന്നു. ക്രിപ്റ്റോ വായ്പകൾ നൽകുന്ന ലോകത്തെ പ്രമുഖരായ സെൽഷ്യസ് നെറ്റ് വർക്കുമായി ഞങ്ങൾ ഇപ്പോൾ പങ്കാളികളാണ്. ഇതിലൂടെ ഞങ്ങളുടെ ഉപയോക്താക്കൾ എവിടെയായിരുന്നാലും അവർക്ക് ബിറ്റ്കോയിൻ ഹോൾഡിങ്ങുകൾ പ്രയോജനപ്പെടുത്താം. ” ;ബിറ്റ്വാല സിഇഒ ബെൻ ജോൺസ് പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഫിയറ്റ്, ക്രിപ്റ്റോ വ്യവസായങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിയോബാങ്ക് സ്റ്റാർട്ട്‌അപ്പുകൾ ഉയർന്നുവന്നത്. എന്നാൽ കുറച്ചുപേർക്ക് മാത്രമേ മുഴുവൻ ബാങ്കിംഗ് ലൈസൻസുകളും നേടാൻ കഴിഞ്ഞിട്ടുള്ളൂ.
സ്വന്തം ലേഖകൻ
ലണ്ടൻ : സ്വന്തം ജീവന് വില നൽകാതെ കൊറോണയ്ക്കെതിരെ പോരാടിയ ആരോഗ്യപ്രവർത്തകരുടെ മരണസംഖ്യ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പുറത്തുവിട്ടു. ഇതുവരെ 312 ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായി ജോൺസൻ അറിയിച്ചു. ഇതിൽ 181 എൻ എച്ച് എസ് സ്റ്റാഫുകളും 131 സാമൂഹ്യ പരിപാലന പ്രവർത്തകരും ഉൾപ്പെടുന്നു. കൊറോണയോട് പോരാടി ജീവൻ വെടിഞ്ഞ എല്ലാ ആരോഗ്യപ്രവർത്തകരെ അനുസ്മരിച്ചതൊടൊപ്പം അവരുടെ കുടുംബങ്ങളോടും പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ഈ മരണങ്ങളിൽ നൂറിലേറെ പേർ വിദേശത്തുനിന്ന് ഉള്ളവരാണ്. സർക്കാർ കണക്കുകൾ പ്രകാരം യുകെയിലെ കൊറോണ വൈറസ് മരണസംഖ്യ 35,341 ആണ്. ഇതിൽ ആശുപത്രി മരണങ്ങൾ, കെയർ ഹോം മരണങ്ങൾ, സാമൂഹിക മരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. എന്നിരുന്നാലും രാജ്യത്തെ കൊറോണ വൈറസ് മരണങ്ങളുടെ യഥാർത്ഥ എണ്ണം 55,000 ൽ താഴെ ആയിരിക്കുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
അതേസമയം കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പോരാടുന്ന വിദേശ എൻ എച്ച് എസ് ജീവനക്കാർ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് അടയ്ക്കണമെന്ന നടപടിയിൽ പ്രധാനമന്ത്രി ഉചിതമായ തീരുമാനം കൈകൊള്ളുന്നില്ലെന്ന് ലേബർ പാർട്ടി വിമർശിച്ചു. ഈയൊരു തീരുമാനം പുനഃപരിശോധിക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പിഎംക്യുവിൽ അഭിപ്രായപ്പെട്ടു. കോവിഡ് -19 ബാധിച്ച് ഏഷ്യൻ കറുത്ത വംശജർ മരിക്കാൻ ഏറെ സാധ്യതയുള്ളതിനാൽ അവർക്ക് പരിശോധന ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ലക്ഷക്കണക്കിന് കെയർ ഹോം സ്റ്റാഫുകളെയും ജീവനക്കാരെയും പരിശോധിക്കുന്നുണ്ടെന്നും രാജ്യത്തൊട്ടാകെയുള്ള പരിശോധന ഈ മാസം അവസാനത്തോടെ 200,000 ആയി ഉയരുമെന്നും ജോൺസൺ അറിയിച്ചു. രണ്ട് ആഴ്ചത്തെ പാർലമെന്റ് അവധിയ്ക്ക് മുമ്പുള്ള അവസാന പിഎംക്യുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലണ്ടൻ: വന്ദേ ഭാരത് മിഷനുമായി ബന്ധപ്പെട്ട് ഹീത്രു വിമാനത്താവളത്തിൽ നിന്നും 333 യാത്രക്കാരുമായി മുംബൈ വഴി ഇന്നലെ കൊച്ചിയിലേക്ക് പറന്നിരുന്നു. ലണ്ടന്‍ ഹൈക്കമ്മിഷനും എയര്‍ ഇന്ത്യയും തമ്മിലുണ്ടായ ആശയവിനിമയത്തിലെ പാളിച്ച കാരണം യാത്രയ്ക്ക് തയാറെടുത്തുവന്ന ഇരുപത്തഞ്ചുപേര്‍ക്ക് നാട്ടിലേക്ക് മടങ്ങാൻ ഉള്ള അവസരം നിഷേധിക്കപ്പെട്ടു. വന്ദേ ഭാരത് പദ്ധതിയില്‍പ്പെടുത്തി കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 1.15ന് ഹീത്രൂവിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്രതിരിച്ചത്.
333 യാത്രക്കാരുമായി ലണ്ടനില്‍ നിന്നുള്ള എ–വണ്‍ 130 വിമാനം മുംബൈ വഴി കൊച്ചിയിലേക്കും തുടർന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വിജയവാഡയില്‍ എത്തുന്നതോടെയാണ് ഈ വിമാനത്തിന്റെ സര്‍വീസ് പൂര്‍ത്തിയാകുന്നത്. എന്നാൽ മുംബൈയിൽ നിന്നും രണ്ട് കണക്ഷൻ ഫ്ലൈറ്റുകൾ ആണ് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 2.45 ന് മുംബൈയിലെത്തിയ വിമാനം അവിടെ നിന്ന് 4.45 ന് പുറപ്പെട്ട് രാവിലെ 6.45 നാണ് കൊച്ചിയിലെത്തിയത്. 596 പൗണ്ടാണ് ഓരോ യാത്രക്കാരനില്‍ നിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കുന്നത്. ബിസിനസ് ക്ലാസിന് 1493 പൗണ്ടും.
നോർക്ക രജിസ്‌ട്രേഷൻ, ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ്‌സൈറ്റ് എന്നിവയിലൂടെ തിരികെ പോകാന്‍ താല്‍പര്യമറിയിച്ച് പേര് റജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്നും ജോലി നഷ്ടപ്പെട്ടവർ, ഗര്‍ഭിണികള്‍, രോഗികള്‍, ചികില്‍സയ്ക്കും മരണാനന്തരചടങ്ങുകള്‍ക്കും എത്തേണ്ടവര്‍, വീസ കാലാവധി അവസാനിച്ചവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാണ് മുൻഗണന ക്രമം.
ഈ ക്രമമനുസരിച്ചു രജിസ്റ്റർ ചെയ്ത എല്ലാവരെയും എംബസ്സിയിൽ നിന്നും ബന്ധപ്പെടുകയും അതിനുശേഷം ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരുടെ പൂർണ്ണമായ ലിസ്റ്റ് എയർ ഇന്ത്യക്ക് കൊടുക്കുകയുമാണ് ഹൈ കമ്മീഷൻ ചെയ്യുന്നത്. പിന്നീട് ഇങ്ങനെ കൊടുക്കുന്ന ലിസ്റ്റിൽ ഉള്ളവരെ എയർ ഇന്ത്യ ബന്ധപ്പെടുകയും പണം വാങ്ങി യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു. ഇതാണ് വന്ദേ ഭാരത് മിഷനുമായി നടക്കുന്ന നടപടി ക്രമം.
എംബസിയില്‍ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും എന്നാല്‍ എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത മുപ്പതുപേര്‍ തങ്ങള്‍ക്ക് ലഭിച്ച ഇ–മെയില്‍ അറിയിപ്പും അതോറിറ്റി ലെറ്ററുമായി എയര്‍പോര്‍ട്ടില്‍ ഇന്നലെ എത്തിയത് ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച എയര്‍ ഇന്ത്യ അധികൃതര്‍ ഒടുവില്‍ ഒഴിവുണ്ടായിരുന്ന ഏതാനും ടിക്കറ്റുകള്‍ വനിതകള്‍ക്ക് നല്‍കി ബാക്കി 25 പേരെ തിരിച്ചയച്ചു. എന്നാൽ എവിടെയാണ് തെറ്റ് പറ്റിയത് എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ഹൈ കമ്മീഷൻ ഷോർട്ട് ലിസ്റ്റ് ചെയ്‌ത് എയർ ഇന്ത്യക്ക് അയച്ച ലിസ്റ്റ് എങ്ങനെ ഇത്തരത്തിൽ കലാശിച്ചു എന്നത് ഇപ്പോൾ വ്യക്തമല്ല. വിമാനത്തിന്റെ വിവരം കൊടുത്തപ്പോൾ കാപ്പാസിറ്റിയിൽ വന്ന തെറ്റാണോ എന്ന് അധികൃതർ പറഞ്ഞിട്ടില്ല. ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിബന്ധനകള്‍ക്കിടയിലും മണിക്കൂറുകള്‍ കാറോടിച്ചും വന്‍തുക ടാക്‌സിക്കൂലി നല്‍കിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകള്‍ കാത്തുനിന്നശേഷം ഒടുവില്‍ നിരാശരായി മടങ്ങിയത്.
ഹൈക്കമ്മിഷന്റെ പിടിപ്പുകേടാണ് ഇതിനുപിന്നിലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ഇനിയൊരു വിമാനം ഈ ഘട്ടത്തില്‍ കേരളത്തിലേക്കോ വിജയവാഡയിലേക്കോ ഇല്ലെന്നതും നറുക്കുവീണിട്ടും യാത്ര മുടങ്ങിയവരുടെ സങ്കടം ഇരട്ടിയാക്കി. ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഒന്‍പതാമത്തെ സ്‌പെഷ്യല്‍ വിമാനമാണ് ഇന്നലെ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനകം രണ്ടായിരത്തി അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ക്കാണ് പ്രത്യേകവിമാനങ്ങളില്‍ നാട്ടിലെത്താന്‍ അവസരം ലഭിച്ചത്. ഇല്ലാത്ത പണം മുടക്കി എയർപോർട്ടിൽ എത്തിവർക്ക് തിരിച്ചു പോകേണ്ടിവന്നത് എംബസിയുടെ പിടിപ്പുകേടായി നിലനിൽക്കുന്നു.
യുകെയിൽ നിന്നും കേരളത്തിലേക്ക് ഡയറക്റ്റ് വിമാനം എന്നൊക്കെ വീമ്പിളക്കിയവരും നേട്ടമായി ചിത്രീകരിച്ചവരും പേര് പറഞ്ഞു കൊടുത്ത് പറയിച്ചവരും ഇതുമായി ഒരക്ഷരം ഉരിയാടിയിട്ടില്ല… എന്തായാലും നടൻ തിലകന്റെ സിനിമയിലെ സംഭാഷണം പോലെ …. പവനായി ശവമായി…
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടീഷ് അദ്ധ്യാപകർക്ക് പാഠമാക്കാൻ ഇതാ ഫ്രഞ്ച് മാതൃക. സ്കൂളുകളിലേക്ക് തിരിച്ചെത്തിയ വിദ്യാർത്ഥികളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഫ്രഞ്ച് സ്കൂൾ അധികൃതർ നടപ്പിലാക്കുന്നുണ്ട്. 40000 സ്കൂളുകളിലും നഴ്സറികളിലും ആയി ഏകദേശം 1.4 മില്യൺ കുട്ടികൾ കഴിഞ്ഞാഴ്ച തിരികെയെത്തി. അവിടെയെല്ലാം ആയി 70 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്കൂളുകൾ തുറന്നതിന് ശേഷവും ഫ്രാൻസിൽ കോവിഡ് കേസുകളിൽ അധികം വർധനവില്ല. 22 യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളിലെ സ്കൂളുകൾ വീണ്ടും തുറന്നതിലൂടെ കൊറോണ വൈറസ് കേസുകളിൽ വർദ്ധനവുണ്ടായിട്ടില്ലെന്ന് വിദഗ്ധർ പറഞ്ഞു. കർശനമായ സാമൂഹിക അകലം, മാസ്ക് ധരിക്കുക, പരിശോധന തുടങ്ങിയ നടപടികളിലൂടെയാണ് ഫ്രാൻസിൽ ബാക്ക് ടു സ്കൂൾ പദ്ധതി വിജയിച്ചത്. അതേസമയം യുകെയിൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർത്ഥികളുടെ സുരക്ഷയിൽ മാതാപിതാക്കൾ ആശങ്കാകുലരാണ്. സ്കൂളുകൾ തുറക്കുന്നതിനുമുമ്പ് ഉത്തരം നൽകേണ്ട 169 ചോദ്യങ്ങൾ അടങ്ങിയ 22 പേജുള്ള രേഖകൾ യൂണിയനുകൾ സർക്കാരിന് മുമ്പിൽ ഹാജരാക്കി.
കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും അതിനാൽ തന്നെ സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞു. എന്നാൽ ചില സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ വിസമ്മതിക്കുന്നു. സ്കൂളുകൾ വീണ്ടും തുറക്കുന്ന 20-ലധികം യൂറോപ്യൻ യൂണിയൻ സംസ്ഥാനങ്ങളിൽ അധ്യാപകർക്കും കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ചെറിയ അപകടസാധ്യത മാത്രമേയുള്ളൂവെന്ന് വിദഗ്ദ്ധർ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ വിരൽചൂണ്ടുന്നത് ദശലക്ഷക്കണക്കിന് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്കൂളുകളിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുമോ എന്നതാണ്. ഫ്രാൻസിൽ രാജ്യത്തെ നാലിലൊന്ന് കുട്ടികൾ സ്കൂളിലേയ്ക്ക് മടങ്ങി. വീണ്ടും തുറന്നതിനുശേഷം 50 ഓളം സ്കൂളുകളിൽ 70 കൊറോണ വൈറസ് കേസുകളുണ്ടെന്ന് ഫ്രാൻസ് വിദ്യാഭ്യാസ മന്ത്രി ജീൻ-മൈക്കൽ ബ്ലാങ്കർ പറഞ്ഞു. ഇതിന്റെ ഫലമായി 70 സ്കൂളുകൾ അടച്ചു. “ഞങ്ങളുടെ നടപടികൾ ഞങ്ങൾ പറഞ്ഞതുപോലെ കർശനമാണെന്ന് ഇത് കാണിക്കുന്നു.” അദ്ദേഹം പറഞ്ഞു. വടക്കൻ പട്ടണമായ റൂബൈക്‌സിൽ ഏഴ് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. അവിടെ ഒരു ആൺകുട്ടിക്ക് മാത്രമേ രോഗം ബാധിച്ചിട്ടുള്ളൂവെങ്കിലും മറ്റ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തിയിരുന്നു. കർശനമായ ആരോഗ്യ നടപടികൾ നടപ്പാക്കുന്ന സ്കൂളുകൾക്കുള്ളിൽ കോവിഡ് -19 പടർന്നു പിടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിൽ 11 വയസ്സിനു മുകളിലുള്ള എല്ലാ സ്കൂൾ കുട്ടികൾക്കും മാസ്കുകൾ നിർബന്ധമാണ്. അതിനു താഴെ പ്രായമുള്ള കുട്ടികൾക്കും ആവശ്യമെങ്കിൽ ഉപയോഗിക്കാം. 15 കുട്ടികളിൽ കൂടുതൽ ക്ലാസ്സിൽ അനുവദിക്കുന്നില്ല. ഒരു ഡെസ്‌കിൽ ഒരു കുട്ടി മാത്രം. കൊറോണ വൈറസിന്റെ ഒരൊറ്റ കേസുള്ള ഏത് സ്കൂളും ഉടനടി അടയ്ക്കുകയും രോഗിയെ ഒറ്റപ്പെടുത്തുകയും വീണ്ടും തുറക്കുന്നതിന് മുമ്പ് പ്രദേശങ്ങൾ വൃത്തിയാക്കുകയും ചെയ്യുന്നു. ഫ്രാൻസിന്റെ ഈ നടപടികൾ ബ്രിട്ടനും മാതൃകയാക്കിയാൽ കുട്ടികളുടെ സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കാൻ കഴിയും. ഡെൻമാർക്ക് ഒരു മാസം മുമ്പ് പ്രൈമറികളും നഴ്സറികളും വീണ്ടും തുറന്നു. അതുപോലെ തന്നെ മുതിർന്ന വിദ്യാർത്ഥികൾക്കായി ജർമ്മനിയും സ്കൂളുകൾ തുറന്നു. യുകെയിൽ സ്കൂളുകൾ തുറക്കാൻ ഇനി 12 ദിവസം മാത്രം അവശേഷിച്ചിരിക്കെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന കർശന നടപടികൾ സർക്കാർ ഒരുക്കേണ്ടതുണ്ട്.
സ്വന്തം ലേഖകൻ
ഒൻപതു മില്യണോളം വരുന്ന തങ്ങളുടെ ഉപഭോക്താക്കളുടെ വിവരം ചോരും മട്ടിലുള്ള വളരെ സങ്കീർണമായ സൈബർ അറ്റാക്ക് നടന്നതായി ഈസി ജെറ്റ് അറിയിച്ചു. 2,208ഓളം യാത്രക്കാരുടെ, ഇമെയിൽ അഡ്രസ്സുകളും, യാത്രാവിവരണവും, ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നത്. യുകെയുടെ ഇൻഫർമേഷൻ കമ്മീഷൻ ഓഫീസിൽ വിവരം അറിയിച്ചതായി കമ്പനി വക്താവ് പറഞ്ഞു. ജനുവരി തുടക്കത്തോടെയാണ് സൈബർ ആക്രമണത്തെ കുറിച്ച് എയർ ജെറ്റിന് വിവരം ലഭിക്കുന്നത്. എന്നാൽ ബാങ്ക് ഡീറ്റെയിൽസ് ചോർച്ചയെക്കുറിച്ച് ഏപ്രിലിൽ മാത്രമാണ് ഉപഭോക്താക്കൾക്ക് വിവരം നൽകാൻ സാധിച്ചത്. ഹാക്ക് ചെയ്തവർ വളരെ സങ്കീർണമായ രീതിയിലാണ് കാര്യങ്ങൾ നിർവഹിച്ചിരിക്കുന്നത്, അതിനാൽ ഏതൊക്കെ വിവരങ്ങൾ എന്തിനൊക്കെ വേണ്ടിയാണ് ചോർന്നത് എന്ന് അന്വേഷിക്കാനും, ആരെയൊക്കെ ബാധിച്ചു എന്നറിയാനും സമയമെടുക്കും. അന്വേഷണം ശരിയായ രീതിയിൽ പുരോഗമിച്ചാൽ മാത്രമേ ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാൻ സാധ്യമാകൂ. ചോർത്തിയ വിവരങ്ങൾ എന്തിനൊക്കെ ഉപയോഗിക്കാം എന്ന കാര്യത്തിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
സി വി വി നമ്പർ എന്നറിയപ്പെടുന്ന മൂന്ന് ഡിജിറ്റൽ സെക്യൂരിറ്റി കോഡുകൾ ആണ് ക്രെഡിറ്റ് കാർഡുകളിൽ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിലൊന്ന് കാർഡിൻെറ പിന്നിലുള്ള നമ്പരാണ്. ഇത് ഉപയോഗിച്ച് കാർഡ് ഉടമ അറിയാതെ ലോൺ എടുക്കുകയോ, സാധനങ്ങൾ വാങ്ങുകയോ ചെയ്യാം. ഇപ്പോൾ ഹാക്ക് ചെയ്തവർ ഉപയോഗിച്ചില്ലെങ്കിൽ കൂടിയും ഇത് മറ്റു ക്രിമിനലുകൾക്ക് വിൽക്കാൻ സാധിക്കും. കാർഡ് ബ്ലോക്ക് ചെയ്യുകയും പാസ്സ്‌വേർഡ് മാറ്റുകയുമാണ് ഇതിൽ നിന്ന് രക്ഷപെടാനുള്ള വഴി. എന്നാൽ ലോക്ക്ഡൗൺ മൂലം, ബാങ്കുകൾ പരിപൂർണ സജ്ജമായി തുറന്നു പ്രവർത്തിക്കാത്തതിനാൽ, ഇതിനു മുടക്കം നേരിടും. ഇമെയിൽ ഐഡികൾ മോഷ്ടിക്കപ്പെട്ട ഉപഭോക്താക്കളോട് ദുരുപയോഗം സാധ്യതയുള്ളതിനാൽ കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെയ് 26 ഓടെ എല്ലാ യാത്രക്കാരിലേക്കും വിവരങ്ങൾ എത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
ഹാക്കർമാർ വ്യക്തിഗതവിവരങ്ങളെക്കാൾ ഉപരി കമ്പനി വിവരങ്ങൾക്കാണ് പ്രാധാന്യം നൽകിയതെന്ന് കരുതപ്പെടുന്നു. കാരണം, ഇതുവരെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈസി ജെറ്റിന്റെയോ ഈസി ജെറ്റ് ഹോളിഡേയ്സിന്റെയോ പേരിൽ വരുന്ന ഇമെയിലുകൾ ഇനിമേൽ ശ്രദ്ധിക്കണം. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോദിച്ചുകൊണ്ട്, ബാങ്കിൽ നിന്നോ, എയർലൈനിൽ നിന്നോ ഉള്ള ഈമെയിലുകൾക്ക് മറുപടി അയക്കരുത്. ഗൂഗിൾ ഓരോദിവസവും നൂറു മില്യണോളം ഫിഷിംഗ് ഇമെയിലുകൾ ബ്ലോക്ക് ചെയ്യുന്നുണ്ട്. കോവിഡ് 19 മൂലം ഒട്ടനേകം യാത്രക്കാർ ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്തത് ഹാക്കർമാരെ സഹായിച്ചിരിക്കാം എന്ന് കരുതുന്നു.
കൊറോണ മഹാമാരി മൂലം തകർച്ചയുടെ വക്കിൽ നിൽക്കുന്ന വിമാനക്കമ്പനിക്ക് ഏറ്റ മറ്റൊരു കനത്ത ആഘാതമാണ് ഇത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ, സുരക്ഷിതമല്ലാത്ത വ്യക്തിഗത സുരക്ഷാഉപകരണങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കമ്പനികൾ നിർമ്മിക്കുന്നതായി ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്. ലോക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെത്തുടർന്ന്, ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്ന പലരും സുരക്ഷിതമല്ലാത്ത പിപിഇ കിറ്റുകൾ ആണ് ധരിക്കുന്നത് എന്നതിന്റെ ശക്തമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ചതും, കൃത്യമായ രേഖകൾ ഇല്ലാത്തതുമായ പിപിഇ കിറ്റുകൾ ധാരാളമായി വിറ്റ് പോകുന്നതായി ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ടും സാക്ഷ്യപ്പെടുത്തുന്നു . ഫെയ്സ് മാസ്ക്കുകൾ, കണ്ണുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ ഗോഗിളുകൾ മുതലായവയ്ക്ക് സി ഇ മാർക്ക് അത്യന്താപേക്ഷിതമാണ്. സ്റ്റാൻഡേർഡ് ബോഡിയുടെ പരിശോധനയ്ക്ക് വിധേയമായതാണെന്നും, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടതാണെന്നുമാണ് ഈ മാർക്ക് തെളിയിക്കുന്നത്. എന്നാൽ ഇതൊന്നുമില്ലാത്ത ഫെയ്സ് മാസ്ക്കുകളും മറ്റുമാണ് ആളുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിക്കുന്ന കിറ്റുകൾ ഉപയോഗിക്കുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണി ആകുമെന്ന് എൻഎസ്എഫ് ഇന്റർനാഷണൽ സീനിയർ ഡയറക്ടർ ജെയിംസ് പിങ്ക് സാക്ഷ്യപ്പെടുത്തുന്നു. പല കമ്പനികളും ഇത് വാണിജ്യ വൽക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിനായി 14 മില്യൺ പൗണ്ട് അധികം നീക്കിവെക്കുന്നതായി കഴിഞ്ഞ ആഴ്ച വാണിജ്യമന്ത്രി അലോക് ശർമ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തുക ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ പ്രവർത്തനങ്ങൾക്ക് അപര്യാപ്തമാണെന്ന് എംപിമാർ പറഞ്ഞു .
2009- ൽ 139 മില്ല്യൻ പൗണ്ടാണ് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ പ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കി വച്ചിരുന്നത്. എന്നാൽ 2019 – 20 കാലഘട്ടത്തിൽ വെറും 129 മില്യൻ പൗണ്ട് മാത്രമാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ മാറ്റി വെച്ചിരിക്കുന്നത് എന്ന് എംപിമാർ പറഞ്ഞു . ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 14 മില്യൺ പൗണ്ട് വെട്ടിക്കുറച്ച സഹായങ്ങൾക്ക് അടുത്തുപോലും എത്തുകയില്ല എന്ന് ലേബർ പാർട്ടി എംപി ഡാൻ ജാർവ്സ് കുറ്റപ്പെടുത്തി. ഈ പ്രതിസന്ധിയെ തരണം ചെയ്യുവാനുള്ള എല്ലാ പ്രവർത്തനങ്ങളും ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവിൻെറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സംഘടനയുടെ വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷം തൊഴിൽ ആനുകൂല്യങ്ങൾ അവകാശപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവ്. ഏപ്രിലിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ അവകാശപ്പെടുന്നവരുടെ എണ്ണം 2.1 ദശലക്ഷമായി ഉയർന്നു. ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുമ്പ് തൊഴിൽ അവസരങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു. എന്നാൽ തൊഴിലാളി മേഖല കൂടുതൽ വഷളാകാൻ പോകുന്നുവെന്ന് രാഷ്ട്രീയക്കാരും വിശകലന വിദഗ്ധരും അഭിപ്രായപ്പെടുന്നു. തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് വർക്ക് ആന്റ് പെൻഷൻ സ്റ്റേറ്റ് സെക്രട്ടറി തെരേസ് കോഫി ഇന്ന് ബിബിസിയോട് പറഞ്ഞു. റെസല്യൂഷൻ ഫൗണ്ടേഷന്റെ പ്രത്യേക പഠനമനുസരിച്ച് , കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ചെറുപ്പക്കാർക്ക് ജോലി നഷ്‌ടപ്പെടുകയോ വരുമാനം കുറയുകയോ ചെയ്യാം. 18 നും 24 നും ഇടയിൽ പ്രായമുള്ളവരിൽ ഒരാൾ രോഗം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ളതിനേക്കാൾ വരുമാനം വളരെ കുറവാണ് നേടുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു.
മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ യുകെയിലെ തൊഴിലില്ലായ്മ 50,000 വർദ്ധിച്ച് 1.35 മില്യൺ ആയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായി അവർ കണക്കാക്കുന്നു. വരും മാസങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമായേക്കാമെന്ന് അവർ അഭിപ്രായപ്പെടുന്നു. സർക്കാരിന്റെ ഫർലോ സ്‌കീം കൂടി ഇല്ലായിരുന്നുവെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമായിരുന്നു. തൊഴിലില്ലായ്മ 10% ത്തിൽ കൂടുതലായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഡയറക്ടർ ജഗ്ജിത് ചദ്ദ ബിബിസിയോട് പറഞ്ഞു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ജോലി ഒഴിവുകളുടെ എണ്ണത്തിലും കുറവുണ്ടായി. തൊഴിൽ വിപണിയിൽ ഗണ്യമായ മാന്ദ്യത്തിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും സർക്കാരിന്റെ പിന്തുണാ പാക്കേജ് ഇതിന്റെ ആഘാതം കുറയ്ക്കുന്നു. ജോലി നഷ്‌ടപ്പെടുന്നവർക്ക് മറ്റു ജോലികൾ ചെയ്യാനുള്ള ഒഴിവുകളും കുറവാണ്. തൊഴിൽ മേഖല ഓഗസ്റ്റിൽ ഘട്ടംഘട്ടമായി തിരികെവരുമ്പോൾ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ആശങ്കകളുണ്ട്.
ഓരോ ആഴ്ചകളിലെ വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള എസ്റ്റിമേറ്റുകൾ സൂചിപ്പിക്കുന്നത് മാർച്ച് അവസാന വാരത്തിൽ ജോലി ചെയ്ത മണിക്കൂറുകൾ കുറഞ്ഞതാണ് ഇടിവുണ്ടാകാൻ കാരണം എന്നാണ്. പകർച്ചവ്യാധി കാരണം നിരവധി പേർ ആദ്യമായി ആനുകൂല്യ വ്യവസ്ഥയിലേക്ക് വരുന്നുണ്ടെന്ന് തെരേസ് കോഫി പറഞ്ഞു. തൊഴിലില്ലായ്മ ആനുകൂല്യത്തിനായി ക്ലെയിം ചെയ്യുന്നത് ക്ഷേമ വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി കണക്കാക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. “നമ്മൾ നേരിടുന്ന പ്രതിസന്ധിയുടെ കാഠിന്യം എത്രത്തോളമാണെന്ന് ഈ കണക്കുകൾ വെളിപ്പെടുത്തുന്നു.” ;ഷാഡോ വർക്ക് & പെൻഷൻ സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് അറിയിച്ചു.