സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയുടെ കൊറോണ വൈറസ് അലേർട്ട് ലെവൽ നാലിൽ നിന്ന് മൂന്നായി കുറച്ചു. ലോക്ക്ഡൗണിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കുന്നതിനുള്ള നടപടിയാണിത്. പുതിയ രോഗികൾ, ആശുപത്രി പ്രവേശനങ്ങൾ, മരണങ്ങൾ എന്നിവ ഗണ്യമായി കുറഞ്ഞിരുന്നു. പുതിയ ജോയിന്റ് ബയോസെക്യൂരിറ്റി സെന്റർ ഈ മാറ്റം ശുപാർശ ചെയ്യുകയും ക്രിസ് വിറ്റി ഉൾപ്പെടെ യുകെയിലെ നാല് ചീഫ് മെഡിക്കൽ ഓഫീസർമാർ അംഗീകരിക്കുകയും ചെയ്തു. അടുത്തയാഴ്ച തുടക്കത്തിൽ തന്നെ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് അധികൃതർ പറഞ്ഞു. വീണ്ടും തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്ന പബ്ബുകളെയും മറ്റും സഹായിക്കുന്നതിനായി കമ്മ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെൻറിക് പ്രത്യേക നിയമനിർമ്മാണം നടത്തുന്നുണ്ട്. അടുത്ത മാസം തന്നെ രണ്ട് മീറ്റർ അകലത്തിൽ മാറ്റം വരുമെന്നും അതിനാൽ കൂടുതൽ ബിസിനസുകൾ ആരംഭിക്കാമെന്നും ജോൺസൺ ശക്തമായ സൂചന നൽകി.
കൊറോണ വൈറസ് അലേർട്ട് ലെവൽ കുറച്ചതിനുശേഷം രണ്ട് മീറ്റർ അകലം പാലിക്കൽ നിയമം ഒരു മീറ്ററായി കുറയ്ക്കാമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. മറ്റ് മുൻകരുതലുകൾ നിലവിലുണ്ടെങ്കിൽ നിയന്ത്രണത്തിൽ അയവുവരുത്തുവാൻ കഴിയുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കെട്ടിടങ്ങൾ ശരിയായ വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പുവരുത്തുക, മാസ്കുകളുടെ ഉപയോഗം അല്ലെങ്കിൽ ആളുകൾ പരസ്പരം അടുത്തിരിക്കുന്ന ഇടങ്ങളിൽ സ്‌ക്രീനുകൾ സ്ഥാപിക്കുക തുടങ്ങിയ മുൻകരുതലുകൾ ഇതിൽ ഉൾപ്പെടുന്നു. ഇനിയും പ്രാദേശിക ലോക്ക്ഡൗൺ ആവും രാജ്യത്ത് നടപ്പിലാകുക എന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. അലേർട്ട് ലെവൽ കുറച്ചതിൽ താൻ സന്തോഷവാനാണെന്നും ഹാൻകോക്ക് അറിയിച്ചു.
അതേസമയം ഇംഗ്ലണ്ടിലെ എല്ലാ വിദ്യാർത്ഥികളും സെപ്റ്റംബർ മുതൽ സ്കൂളിലേക്ക് മടങ്ങിയെത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളെയും സ്കൂളിലേക്ക് തിരികെകൊണ്ടുവരുവാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ നടപടികളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസം ആരംഭിക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഒരു മില്യൺ പൗണ്ട് ധനസഹായം പ്രഖ്യാപിച്ചു. കോവിഡ് സമയത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങൾ അനുസരിച്ച്, ക്ലാസുകളിൽ 15 വിദ്യാർത്ഥികളെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സെപ്റ്റംബർ മുതൽ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയാണെന്ന് വില്യംസൺ പറഞ്ഞു. 30 കുട്ടികൾക്ക് വരെ ഒരു സമയം ക്ലാസ്സിൽ ഇരിക്കുവാനുള്ള രീതിയിലേക്ക് ക്രമീകരിക്കും. എന്നാൽ നിർദേശങ്ങൾ ആലോചിച്ചിട്ടില്ലെന്ന് അധ്യാപക യൂണിയനുകൾ പറഞ്ഞു. “ഒരു ക്ലാസ് മുറിയിൽ 30 കുട്ടികളുണ്ടെങ്കിൽ സാമൂഹിക അകലം പാലിക്കാനാവില്ല.” നാഷണൽ എഡ്യൂക്കേഷൻ യൂണിയന്റെ (എൻയുയു) ജോയിന്റ് ജനറൽ സെക്രട്ടറി കെവിൻ കോർട്ട്നി അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി അസോസിയേഷന് പ്രത്യേക പരാമർശം. കൊറോണ കാലത്തിനിടയിൽ സമൂഹത്തിലെ ദുർബലരായ ആളുകൾക്കു സഹായം നൽകിയതിനാലാണ് ഈസ്റ്റ് ഹാമിന്റെ എംപി സ്റ്റീഫൻ ടിംസ് മലയാളി അസോസിയേഷന് നന്ദി പറഞ്ഞത്. “പൊതു ഫണ്ടുകളിലേക്ക് യാതൊരു സഹായവും നൽകരുത്” എന്ന വ്യവസ്ഥ താൽക്കാലികമായി പിൻവലിക്കണമെന്ന് സ്റ്റീഫൻ ടിംസ് എംപി ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ദുർബലരായ എല്ലാ വ്യക്തികളും പിന്തുണ ലഭിക്കുവാൻ അർഹതയുള്ളവരാണ്. താത്കാലിക ഇമിഗ്രേഷൻ സ്റ്റാറ്റസിൽ രാജ്യത്ത് കഴിയുന്നവർക്ക് ബാധകമായ അവസ്ഥയാണ് നോ റീകോഴ്‌സ് ടു പബ്ലിക് ഫണ്ട്‌സ് (എൻആർപിഎഫ്). യൂണിവേഴ്സൽ ക്രെഡിറ്റ് ഉൾപ്പെടെ ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുകയില്ല. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശജരെ കൊറോണ വൈറസ് എങ്ങനെ ബാധിക്കുമെന്നുള്ള ചർച്ചയ്ക്കിടെ സ്റ്റീഫൻ ടിംസ് എംപി ഈ ജനങ്ങളുടെ ദുരവസ്ഥ എടുത്തുകാട്ടി.
ഏകദേശം 10 ലക്ഷത്തോളം ആളുകൾക്ക് സാർവത്രിക ക്രെഡിറ്റ് ആക്‌സസ് ചെയ്യാൻ കഴിയില്ല. ഈ അവസ്ഥ ഒഴിവാക്കുന്നതിന് ഒരു അപേക്ഷ നൽകാൻ വെബ്സൈറ്റിൽ ഫോം ഉണ്ടെങ്കിലും മറുപടി ലഭിക്കാൻ ഏകദേശം രണ്ട് മാസം സമയമെടുക്കും. ബുദ്ധിമുട്ടിൽ കഴിയുന്നവർക്ക് ഇത് പ്രായോഗികമായ നടപടിയല്ല. അതിനാൽ തന്നെ കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ ഇത് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് എംപി ആവശ്യപ്പെട്ടു. സമൂഹത്തിലെ ദുർബലരായ ആളുകളെ സഹായിക്കുന്നതിനുള്ള പരിശ്രമത്തിനും സംഭാവനയ്ക്കും യുകെയിലെ മലയാളി അസോസിയേഷൻ, തമിഴ് സംഘം, ഇബ്രാഹിം മോസ്ക് തുടങ്ങിയ സംഘടനകൾക്ക് ടിംസ് നന്ദി പറഞ്ഞു.
പകർച്ചവ്യാധിയുടെ സമയത്ത് മലയാളി അസോസിയേഷൻ സൗജന്യ ഭക്ഷണ വിതരണം നടത്തിയിരുന്നു. ലോക്ക്ഡൗൺ ആരംഭിച്ചതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ചകളിൽ പാകം ചെയ്യാത്ത ഭക്ഷണവും വെള്ളിയാഴ്ച്ചകളിൽ പാകം ചെയ്ത ഭക്ഷണവും അടങ്ങിയ കിറ്റുകൾ അവർ വിതരണം ചെയ്തിരുന്നു. ബിബിസി ഉൾപ്പെടെയുള്ള ചാനലുകളിൽ മലയാളി അസോസിയേഷന്റെ ഈ പ്രവർത്തനം വാർത്തയായി വന്നു. എൻആർപിഎഫ് വ്യവസ്ഥ നീക്കംചെയ്യണമെന്ന് കൗൺസിലുകളെ പ്രതിനിധീകരിക്കുന്ന ലോക്കൽ ഗവൺമെന്റ് അസോസിയേഷനും അഭ്യർത്ഥിച്ചു. എൻആർപിഎഫ് അവസ്ഥയിലുള്ള ധാരാളം ആളുകൾ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് പകർച്ചവ്യാധിയുടെ സമയത്ത് പിന്തുണയ്ക്കായി കൗൺസിലുകളെ സമീപിച്ചിരുന്നു. എൻആർപിഎഫ് വ്യവസ്ഥ താൽക്കാലികമായി നിർത്തിവച്ചാൽ ആളുകൾക്ക് ക്ഷേമ ആനുകൂല്യങ്ങൾ അക്സസ്സ് ചെയ്യാൻ കഴിയും. അതിനാൽ തന്നെ അവർക്ക് ഭവനരഹിതരായി കഴിയേണ്ടി വരില്ല.
സ്വന്തം ലേഖകൻ
ലെസ്റ്റർ സിറ്റി : ലെസ്റ്ററിലും വെസ്റ്റ് യോർക്ക്ഷെയറിലും കൊറോണ വൈറസ് അതിവേഗം പടർന്നുപിടിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ലെസ്റ്ററിൽ സ്ഥിരീകരിച്ച 2,494 കോവിഡ് കേസുകളിൽ 25% കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി. അതേസമയം, അസ്ഡ സ്റ്റോറുകളുടെ വിതരണക്കാരായ വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂസ്ബറിക്കടുത്തുള്ള ക്ലെക്ക്ഹീറ്റനിലെ കോബർ ഫാക്ടറിയിൽ നിരവധി കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലെസ്റ്ററിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 658 കേസുകളാണ്. സംഖ്യ താരതമ്യേന ചെറുതാണെന്നും എന്നാൽ ആശങ്കയുണ്ടെന്നും ലെസ്റ്റർ സിറ്റി കൗൺസിലിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഇവാൻ ബ്രൗൺ പറഞ്ഞു. ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രോഗം പൊട്ടിപുറപ്പെട്ടതിനെത്തുടർന്ന് വെസ്റ്റ് യോർക്ക്ഷെയറിലെ ഇറച്ചി സംസ്കരണ പ്ലാന്റ് താൽക്കാലികമായി അടയ്ക്കുകയാണെന്ന് വ്യാഴാഴ്ച വൈകുന്നേരം അസ്ഡ അറിയിച്ചു.
“കോബർ സൈറ്റിലെ ജോലിക്കാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചയുടനെ പ്രാദേശിക അതോറിറ്റിയുമായും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായും സഹകരിച്ച് എല്ലാ ജോലിക്കാരെയും ഞങ്ങൾ പരിശോധിക്കുകയുണ്ടായി. രോഗബാധിതരെ സംരക്ഷിക്കുന്നതിനും കൂടുതൽ പ്രക്ഷേപണം തടയുന്നതിനുമായി സൈറ്റ് അടച്ചിരിക്കുകയാണ്. ” പ്രസ്താവനയിൽ ഇപ്രകാരം പറഞ്ഞു. ക്ലെക്ക്ഹീറ്റനിലെ ഇറച്ചി സംസ്കരണ പ്ലാന്റ് ഉൾപ്പെടുന്ന ബാറ്റ്‌ലി ആന്റ് സ്‌പെന്റെ എംപിയായ ട്രേസി ബ്രാബിൻ, രോഗം പൊട്ടിപുറപ്പെട്ടതിൽ തനിക്ക് നിരാശയുണ്ടെന്ന് അറിയിച്ചു. രോഗം പൊട്ടിപ്പുറപ്പെട്ട ഉടനെ ആവശ്യമായ മുൻകരുതൽ സ്വീകരിച്ച പ്രാദേശിക അധികാരികളെയും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെയും ഹാൻകോക്ക് പ്രശംസിച്ചു.
കഴിഞ്ഞ ദിവസം വെയിൽസിലെ രണ്ട് ഫുഡ് പ്രോസസ്സിംഗ് പ്ലാന്റുകളിലെ തൊഴിലാളികൾക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. തണുത്തതും നനഞ്ഞതുമായ അന്തരീക്ഷത്തിൽ കൊറോണ വൈറസ് അതിവേഗം വ്യാപിക്കും. ഇതാണ് ഇറച്ചി ഫാക്ടറികളിൽ രോഗം പടർന്നുപിടിക്കാനുള്ള പ്രധാന കാരണം. തിരക്കേറിയ ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുവാനും കഴിയുന്നില്ല. വൈറസിന് നിലനിൽക്കാനും അതിവേഗം വ്യാപിക്കുവാനും അനുയോജ്യമായ ഇടങ്ങളാണ് ഇറച്ചി സംസ്കരണ പ്ലാന്റുകൾ എന്ന് ലിവർപൂൾ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനും സർക്കാരിന്റെ ഉപദേശകനുമായ പ്രൊഫ. കലം സെംമ്പിൾ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ലോകത്തിലെ ഏറ്റവും മികച്ച പത്ത് യുവപ്രതിഭകളുടെ കൂട്ടത്തിലേക്ക് ചേക്കേറാൻ യുകെ മലയാളിയും. ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) സ്പോൺസർ ചെയ്യുന്ന ജെസിഐ TOYP (Ten Outstanding Young Persons of the World) വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന 40 വയസ്സിനു താഴെയുള്ള 10 പേരെ തിരഞ്ഞെടുക്കുകയാണ്. ഇതിന്റെ ആദ്യ ഇരുപതിലാണ് യുകെ പ്രവാസി മലയാളിയായ പ്ലാസ്റ്റിക് സർജൻ ഡോ. ജജിനി വർഗീസ് ഇടം നേടിയത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന 10 പേർക്കാവും പുരസ്‌കാരം നൽകുക. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നതനുസരിച്ച് ഒരു അന്താരാഷ്ട്ര ജഡ്ജിങ് പാനൽ മികച്ച 10 യുവപ്രതിഭകളെ തിരഞ്ഞെടുക്കും.
ഡോ. ജജിനി വർഗീസ്
കേരളത്തിലെ ഹരിപ്പാട്, മറ്റം സ്വദേശിനിയായ ഡോ. ജജിനി കുവൈറ്റിൽ ആണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജോർജ് വർഗീസ് – മറിയാമ്മ വർഗീസ് ദമ്പതികളുടെ മകളാണ് ജജിനി. ജെറി വർഗീസും ജെസ്വിൻ വർഗീസും സഹോദരങ്ങളാണ്. ജെറി അമേരിക്കയിലും ജെസ്വിൻ കുവൈറ്റ് എയർവേയ്‌സിൽ ജോലി ചെയ്യുന്നു. ഇരുവരും ഏറോനോട്ടിക്കൽ എഞ്ചിനീയർമാരാണ്. ഡോക്ടർ ആയ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ലണ്ടനിലാണ് ജജിനി ഇപ്പോൾ താമസിക്കുന്നത്.
ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് ആദ്യ പത്തിലേക്ക് എത്തിയാലാണ് പുരസ്‌കാരം ലഭിക്കുക. അതിനാൽ തന്നെ ഓരോ വോട്ടും നിർണായകമാണ്. ജജിനി വർഗീസിന്റെ ഈ നേട്ടം ഓരോ പ്രവാസി മലയാളിയ്ക്കും അഭിമാനം പകരുന്നു. ഡോ. ജജിനി വർഗീസിന് വോട്ട് രേഖപ്പെടുത്തുവാനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. വോട്ടെടുപ്പ് 2020 ജൂൺ 22 തിങ്കളാഴ്ച അവസാനിക്കും.
https://toyp.jci.cc/
മലയാളം ന്യൂസ് സ്പെഷ്യൽ: ജോജി തോമസ്
പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് പാകിസ്ഥാനെ മുഖ്യശത്രുവായി കാണാനായിരുന്നു താല്പര്യം. ദേശീയത ഉയർത്താനും, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും നല്ലത് പാകിസ്ഥാനെ മുഖ്യ ശത്രുപക്ഷത്ത് നിർത്തുക എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം. എന്നാൽ പൊള്ളയായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി ശത്രു രാജ്യത്തെ യാഥാർത്ഥ ബോധത്തോടെ തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്ന പ്രതിരോധമന്ത്രിമാരായിരുന്നു ജോർജ് ഫെർണാണ്ടസും, എ കെ ആൻറണിയും. ഇതിൽതന്നെ എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന നാളുകളിൽ ഇന്ത്യയുടെ പ്രധാന ഭീഷണി ചൈനയിൽ നിന്നാണന്ന തിരിച്ചറിവിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ രൂപീകരണം. എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് അതിർത്തിയിലേയ്ക്ക് സേനയേയും, യുദ്ധസാമഗ്രികളും അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നതും, യുദ്ധസമാന സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചതും .
രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് മൗണ്ടൻ സ്ട്രൈക് കോറിനു രൂപം നൽകാൻ തീരുമാനം എടുത്തപ്പോൾ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. 45,000 പേർ വീതമുള്ള രണ്ട് ഡിവിഷനുകൾ രൂപീകരിക്കാനുള്ള വൻസാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്തു നിന്നുള്ള എതിർപ്പിന് കാരണമായത്. 60,000 കോടി രൂപയാണ് മൗണ്ടൻ സ്‌ട്രൈക് കോറിന്റെ രൂപീകരണത്തിനായത് . മൗണ്ടൻ സ്‌ട്രൈക് കോർ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ ചൈന രൂപീകരണ കാലത്തു തന്നെ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബംഗാളിലെ പാണാഗസ് , പഞ്ചാബിലേ പഠാൻകോട്ട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി സ്ട്രൈക് കോർ രൂപീകരിച്ചത്. മൗണ്ടൻ സ്ട്രൈക് കോറിലേ 15,000 ത്തോളം സേനാംഗങ്ങൾ ലഡാക്ക് കേന്ദ്രമായി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്തായാലും ചൈനയുമായുള്ള അഭിപ്രായഭിന്നതകൾ യൂദ്ധ സമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോൾ എ.കെ ആന്റണിയുടെ ദീർഘവീക്ഷണം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുകയാണ്. സേനയിൽ ഒരു റാങ്കിന് ഒരു പെൻഷൻ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എ. കെ ആൻറണിയാണ്. കളങ്കമില്ലാത്ത പ്രതിച്‌ഛായ ഒരു പരിധിവരെ പ്രതിരോധ മന്ത്രിയായിരിക്കെ സുഗമമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കാൻബറ : ഇനിയും എത്രയെത്ര പ്രവാസികൾ ചൂഷണത്തിനിരയാകും? സ്വന്തം കുടുംബം രക്ഷിക്കാൻ അന്യനാട്ടിൽ പണിയെടുക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും പലപ്പോഴും നാം അറിയാതെ പോകുന്നു. എന്നാൽ ജോലിസ്ഥലത്ത് ചൂഷണം നേരിടുന്നവരുടെ ശബ്ദമാവുകയാണ് നീനുമോൾ എബ്രഹാം എന്ന മലയാളി യുവതി. ഓസ്ട്രേലിയ കാൻബറയിലെ മലയാളി റെസ്റ്റോറന്റിൽ ഷെഫ് ആയി ജോലി ചെയ്ത നീനുമോൾ, താൻ നേരിട്ട ദുരനുഭവങ്ങളും പിന്നീട് നേടിയെടുത്ത നീതിയും വിശദീകരിക്കുകയുണ്ടായി. വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി നീനുമോളുടെ ശമ്പളം തിരിച്ചുപിടിച്ച സംഭവത്തിൽ മലയാളിയുടെ റെസ്‌റ്റോറന്റിന് പിഴ ശിക്ഷ വിധിച്ചു. 2018 മെയ് മുതൽ കാന്‍ബറയിലെ ബിന്നീസ് കാത്തീറ്റോ എന്ന മലയാളി റെസ്‌റ്റോറന്റിൽ ജോലി ചെയ്തുവരികയായിരുന്നു നീനുമോൾ. ന്യൂസിലാൻഡിൽ നിന്ന് താത്കാലിക വിസയിൽ ആണ് കാൻബറയിൽ എത്തിയത്. ഭർത്താവും രണ്ട് മക്കളും ഉൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് നീനുമോൾ ഓസ്ട്രേലിയയിൽ വന്നത്. വര്‍ഷം 55,000 ഡോളര്‍ ശമ്പളം നല്‍കും എന്ന കരാറിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും ഓരോ രണ്ടാഴ്ച കൂടുമ്പോഴും 511.40 ഡോളര്‍ വീതം പണമായി റെസ്റ്റോറന്റ് ഉടമകള്‍ തിരികെ വാങ്ങിയെന്ന് നിനുമോള്‍ ആരോപിച്ചു. നികുതി അടയ്ക്കാനാണ് ഈ പണം എന്ന വ്യാജേന തിരികെ വാങ്ങുകയായിരുന്നുവെന്ന് നീനുമോൾ വെളിപ്പെടുത്തി.
നീനുമോൾ
കരാറിൽ ആഴ്ച 38 മണിക്കൂർ ജോലിചെയ്യണമെന്ന് ആയിരുന്നുവെങ്കിലും 70 മണിക്കൂർ വരെ പണിയെടുത്തു. ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടതായി വന്നു. എന്നാൽ അതിന് അധിക ശമ്പളം നൽകാൻ ഉടമകൾ തയ്യാറായില്ല. അവധിയെടുക്കാൻ അനുവാദം ഇല്ലായിരുന്നുവെന്നും ഒരു ദിവസം അവധിയെടുത്താൽ 100 ഡോളർ തിരികെ നൽകണമായിരുന്നുവെന്നും നീനുമോൾ വെളിപ്പെടുത്തി. ഈ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും, വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി നീനുമോൾ ട്രൈബ്യൂണലില്‍ പറഞ്ഞു. 2019 ജനുവരി 13 ന് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മെഡിക്കൽ ലീവ് എടുത്ത ദിവസമാണ് തന്നെ പിരിച്ചുവിട്ടതെന്ന് നീനുമോൾ വെളിപ്പെടുത്തി. കാരണം കൂടാതെ പെട്ടെന്ന് തന്നെ പിരിച്ചുവിടുകയായിരുന്നു. ഇതിനെത്തുടർന്ന് യുണൈറ്റഡ് വോയിസ് യൂണിയനെ സമീപിക്കുകയും അതുവഴി മനുഷ്യാവകാശ ലംഘനത്തിന് പരാതിപ്പെടുകയുമായിരുന്നു.
ബിന്നീസ് കാത്തീറ്റോ റെസ്‌റ്റോറന്റിന്റെ മുൻപിൽ നീനു മോൾ.
നിനുമോള്‍ക്ക് നല്‍കിയിരുന്ന ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം തിരിച്ചുപിടിക്കുകയും, അധിക സമയം ജോലിയെടുപ്പിക്കുകയും ചെയ്തു എന്ന് ട്രൈബ്യൂണല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 17,940 ഡോളർ നഷ്ടപരിഹാരം നല്‍കാന്‍ റെസ്റ്റോറന്റ് ഉടമ റോസ് തോമസിനോടും, ഭര്‍ത്താവ് ബിന്നി ബാബുവിനോടും ആവശ്യപ്പെട്ടത്. ശമ്പള കുടിശ്ശികയും, മാനനഷ്ടത്തിനുള്ള പരിഹാരവുമായി 13,320 ഡോളറും, നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടതിന്റെ കുടിശ്ശികയായി 4,620 ഡോളറുമാണ് നല്‍കേണ്ടത്. മോശം ഷെഫ് ആയിരുന്നു നീനുമോൾ എന്നും ഭക്ഷണം പാകംചെയ്യാൻ അറിയില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമകൾ വാദിച്ചു. എന്നാൽ ന്യൂസിലാൻഡിൽ 4 വർഷം ഷെഫ് ആയി ജോലിചെയ്ത ശേഷമാണ് നീനുമോൾ കാൻബറയിൽ എത്തിയത്. നടപടിയിൽ സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ ചൂഷണം നേരിടുന്ന മറ്റുള്ളവര്‍ക്കും മുന്നോട്ടുവരാന്‍ ഈ ഉത്തരവ് പ്രചോദനമാകുമെന്നും നീനുമോൾ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ബിന്നിസ് കത്തിറ്റോ എന്ന റെസ്‌റ്റോറന്റ് പിന്നീട് പൂട്ടിയിരുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- മികച്ച സേവനങ്ങൾക്ക് ബ്രിട്ടീഷ് എമ്പയർ മെഡലിന് അർഹയായ നേഴ്സ് നെയോമി ബെന്നെറ്റ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. 2019-ൽ തനിക്കെതിരെ നടന്നത് വംശീയ അധിക്ഷേപം എന്ന് ആരോപിച്ചാണ് നെയോമി രംഗത്തുവന്നിരിക്കുന്നത്. വാഹനത്തിന്റെ ഗ്ലാസ്സിലെ നിറം അമിതമാണ് എന്നാരോപിച്ചാണ് നെയോമിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ പോലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യുന്നത് തടസ്സമുണ്ടാക്കി എന്ന ആരോപണവും പിന്നീട് നെയോമിക്കെതിരെ ചേർക്കപ്പെട്ടു. തന്നെ വളരെ മനുഷ്യത്വരഹിതമായാണ് കാറിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതെന്ന് നെയോമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ നിറത്തിന്റെ പേരിലാണ് തന്നോട് ഇത്രയും അപമര്യാദയായി പെരുമാറിയതെന്നും, ഒരു വെള്ളക്കാരനാണ് ആ കാറിലുണ്ടായിരുന്നതെങ്കിൽ ഇത് ആയിരിക്കുകയില്ല പോലീസിന്റെ സമീപനമെന്നും നെയോമി ആരോപിക്കുന്നു.
കാറിൽ നിയമവിരുദ്ധമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും, മനഃപ്പൂർവമായി നെയോമിയെ പിടിച്ചു വയ്ക്കുകയായിരുന്നു. ഇത് തനിക്ക് മാത്രമല്ല, നിരവധി കറുത്തവർഗക്കാർ ദിവസവും നേരിടുന്ന പ്രശ്നമാണെന്ന് നെയോമി വ്യക്തമാക്കുന്നു. താൻ ആ രാത്രിയിൽ അനുഭവിച്ച വേദനയും ഭയവും വിവരിക്കാവുന്നതിലുമപ്പുറമാണ്. ഇതിനെതിരെ ഇപ്പോൾ നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് നെയോമി.
ആളുകളുടെ നിറം അനുസരിച്ചാണ് പോലീസുകാരുടെ പെരുമാറ്റമെന്നും, ഇത് ഒരുതരത്തിലും അംഗീകരിക്കുവാൻ സാധിക്കുകയില്ല എന്ന് നെയോമി പറയുന്നു. ജനങ്ങളുടെ അവകാശങ്ങൾ തുല്യമാണെന്നും അത് തുല്യമായി പാലിക്കപ്പെടേണ്ടതാണെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെയോമി വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ലണ്ടൻ : രണ്ടാം ലോകമഹായുദ്ധ കാലത്തും കൊറോണ വൈറസ് പ്രതിസന്ധിഘട്ടത്തിലും രാജ്യത്തിന് പ്രത്യാശയുടെ സന്ദേശം പകർന്നു നൽകിയ സംഗീതത്തിനുടമ, ഡെയിം വേറ ലിൻ അന്തരിച്ചു. 103 വയസ്സായിരുന്നു. 1940 യുദ്ധകാലത്ത് സൈനികരുടെ മനോവീര്യം വളർത്തിയ “വി വിൽ മീറ്റ് എഗൈൻ ” എന്ന സംഗീതം ആലപിച്ചത് ലിൻ ആയിരുന്നു. സേനയുടെ പ്രണയിനി എന്നു വിളിപ്പേരുള്ള വേറ ലിന്നിന്റെ സംഗീതം, പ്രതിസന്ധി കാലത്ത് രാജ്യത്തിന് താങ്ങായി മാറിയിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന എന്റർടൈനറിൽ ഒരാൾ ആയ വേറയുടെ മരണം തങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സൈനികരും വേറയുടെ ഗാനം ആസ്വദിച്ചിരുന്നു. സംസ്കാരചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും.
ആറ് ആഴ്ച മുമ്പ്, വിഇ ദിനത്തിന്റെ 75-ാം വാർഷികത്തിന് മുന്നോടിയായും കോവിഡ് പടർന്നുപിടിച്ച സമയത്തും ലിന്നിന്റെ വാക്കുകൾ രാജ്യത്തിന് പ്രത്യാശ പകർന്നുനൽകിയിരുന്നു. യുദ്ധകാല ക്ലാസിക് ആയ “വി വിൽ മീറ്റ് എഗൈൻ” ഇപ്പോൾ നമുക്ക് പ്രത്യാശ പകർന്നു നൽകുന്നുവെന്ന് ഏപ്രിലിൽ എലിസബത്ത് രാജ്ഞി പറയുകയുണ്ടായി. ജീവകാരുണ്യ പ്രവർത്തനത്തിലും ശ്രദ്ധയൂന്നിയ വേറ സ്ഥാപിച്ച ‘ഡെയിം വേറ ലിൻ ചിൽഡ്രൻസ് ചാരിറ്റി’, സെറിബ്രൽ പാൽസിയുള്ള കുട്ടികളെ സഹായിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. 1917 ൽ ലണ്ടനിലെ ഈസ്റ്റ് ഹാമിൽ ജനിച്ച വെറയുടെ ആലാപന മികവ് ചെറുപ്പത്തിൽത്തന്നെ ജനശ്രദ്ധ നേടിയിരുന്നു. പതിനൊന്നാം വയസ്സിൽ ഒരു നർത്തകിയും ഗായികയും എന്ന നിലയിൽ മുഴുവൻ സമയ ജീവിതം നയിക്കാൻ അവൾ സ്കൂൾ വിട്ടു. 1939 ൽ ഡെയ്‌ലി എക്സ്പ്രസ് നടത്തിയ ഒരു വോട്ടെടുപ്പിൽ, സൈനികർ അവരുടെ പ്രിയപ്പെട്ട എന്റർടെയ്‌നറായി വേറയെ തിരഞ്ഞെടുക്കുകയുണ്ടായി. രാജ്യത്തിന്റെ പ്രയാസ ഘട്ടങ്ങളിൽ പ്രത്യാശ പകർന്നുനൽകിയ ഗായികയെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അനുസ്മരിച്ചു. “അവളുടെ ശബ്ദം വരും തലമുറകളുടെ ഹൃദയങ്ങളെ ഉണർത്തും.” അദ്ദേഹം പറഞ്ഞു. വേറയുടെ ഗാനങ്ങൾ 1940 തിലേതുപോലെ തന്നെ 2020 ലും രാജ്യത്തോട് സംസാരിക്കുന്നുവെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ പറഞ്ഞു. “ഈ ഗായികയെ ഞാൻ എത്രമാത്രം ആരാധിച്ചുവെന്ന് വിശദീകരിക്കാൻ വാക്കുകൾ ഇല്ല.” ;കഴിഞ്ഞ മാസം വിഇ ദിന വാർഷികത്തിനായി വെറയുടെ യുദ്ധകാല ക്ലാസിക്കുകൾ അവതരിപ്പിച്ച ഗായിക കാതറിൻ ജെങ്കിൻസ് പറഞ്ഞു.
വി വിൽ മീറ്റ് എഗെയ്ൻ, ദി വൈറ്റ് ക്ലിഫ്സ് ഓഫ് ഡോവർ തുടങ്ങിയ ഗാനങ്ങൾക്കൊപ്പം, രണ്ടാം ലോക മഹായുദ്ധസമയത്ത് വിദേശത്തുള്ള സൈനികർക്കും സ്വദേശികളായ സാധാരണക്കാർക്കും പ്രചോദനമായ ഗായികയുടെ മരണം രാജ്യത്തിന് തീരാനഷ്ടമാണ്. രണ്ടാഴ്ച മുമ്പ്, തന്റെ 103-ാം ജന്മദിനത്തിൽ വേറ ഒരു സന്ദേശം അയച്ചിരുന്നു. ഈ പ്രയാസകരമായ ഘട്ടങ്ങളിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ കണ്ടെത്താൻ പൊതുജനങ്ങളോട് അവൾ ആവശ്യപ്പെട്ടു. 1930 കളുടെ അവസാനത്തിൽ റേഡിയോ പ്രക്ഷേപണത്തോടൊപ്പം ബാൻഡുകളുമായി ചേർന്നു പാടാനും തുടങ്ങി. എന്നാൽ അവളുടെ യുദ്ധകാല ഗാനങ്ങളാണ് പ്രശസ്തി നേടിയത്. 1941ൽ ഹാരി ലൂയിസിനെ വിവാഹം ചെയ്തു. “വേറ കൂടുതൽ കാലം ജീവിക്കുമെന്ന് ഞാൻ കരുതി. ബർമയിൽ എനിക്ക് പ്രചോദനമായി തീരുകയും ജീവിതത്തെ സ്വാധീനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു വെരാ.” സർ ടോം മൂർ പറയുകയുണ്ടായി.
ജോജി തോമസ്
മഹത്തായ ത്യാഗത്തിന്റെയും, നിബന്ധനകളില്ലാത്ത ദൈവിക സ്നേഹത്തിൻെറയും പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകവും ത്യാഗവും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും തിരുഹൃദയത്തിന്റെ രൂപം ഭവനത്തിൻെറ പ്രധാനഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട് 7. 30 ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ ഭവനങ്ങളെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുകെയിൽ വിശ്വാസികൾ. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കഷ്ടതകളുടെയും, മഹാമാരിയുടെയും കാലഘട്ടത്തിൽ വിശ്വാസികൾക്ക് ആത്മീയ വഴികളിലൂടെ എങ്ങനെ മാനസിക പിന്തുണ നൽകാനാവും എന്നതിൻെറ ഏറ്റവും വലിയ നേർക്കാഴ്ചയാവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠ.
ഇതിനോടകം രൂപതയിലെ എല്ലാ ഭവനങ്ങളിലും ഓൺലൈനിലൂടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠയുടെ സന്ദേശം എത്തി കഴിഞ്ഞു. ബ്രിട്ടനിലുള്ള ആയിരക്കണക്കിന് ഭവനങ്ങളാണ് തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്. തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വിശ്വാസികൾ ഒരുങ്ങുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മോൺസിണോർ ആന്റണി ചുണ്ടെലിക്കാട് പ്രത്യേക വീഡിയോ സന്ദേശം നൽകിയിരുന്നു അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഭവനങ്ങളെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോൺ. ആന്റണി ചുണ്ടെലിക്കാട് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.
സ്വന്തം ലേഖകൻ
വെയിൽസ് : മാർക്ക്സ് & സ്പെൻസർ എന്നിവയുൾപ്പെടെയുള്ളവർക്ക് ഇറച്ചി വിതരണം ചെയ്യുന്ന ചിക്കൻ ഫാക്ടറിയിൽ കൊറോണ വൈറസ് പടർന്നുപിടിച്ചു. പ്രോസസ്സിംഗ് പ്ലാന്റിലെ തൊഴിലാളികളിൽ നാലിലൊന്ന് ആളുകൾ സെൽഫ് ഐസൊലേഷനിൽ ആണ്. നോർത്ത് വെയിൽസിലെ ലാൻഗെഫ്‌നിയിലെ 2 സിസ്റ്റേഴ്സ് ഫാക്ടറിയിൽ പടർന്നുപിടിച്ച കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 13 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. 100ഓളം ആളുകളോട് സെൽഫ് ഐസൊലേഷനിൽ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും അവരുടെ സഹപ്രവർത്തകർ കമ്പനിയിൽ നിന്ന് വിട്ടുനിൽക്കുന്നതും മറ്റു ജീവനക്കാരെ ഭയപ്പെടുത്തുന്നുവെന്ന് യുണൈറ്റ് യൂണിയന്റെ റീജിയണൽ ഓഫീസർ പാഡി മക്നോട്ട് പറഞ്ഞു.
“ഇത് വളരെ ഭയപ്പെടുത്തുന്ന സമയമാണ്. ആളുകൾക്ക് ആശങ്കയുണ്ട്. എന്നാൽ കമ്പനിയെ കഴിയുന്നത്ര സുരക്ഷിതമായ അന്തരീക്ഷമാക്കി മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. സ്റ്റാഫുകളെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.” മക്നോട്ട് പറഞ്ഞു. 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പ് ഫാക്ടറി ഉടമ കോവിഡ് കേസുകളുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. യുകെയിലെ ഏറ്റവും വലിയ ഭക്ഷ്യ ഉൽപാദകരിൽ ഒന്നാണ് ഈ കമ്പനി. യുകെയിൽ ഉപയോഗിക്കുന്ന ചിക്കൻ ഉത്പന്നങ്ങളിൽ മൂന്നിലൊന്ന് ഭാഗം എല്ലാദിവസവും 2 സിസ്റ്റേഴ്സ് ഉല്പാദിപ്പിക്കുന്നതാണ്. ലാൻഗെഫ്‌നിയിലെ 2 സിസ്റ്റേഴ്സ് പ്ലാന്റിലെ കൊറോണ വൈറസ് കേസുകൾ ഒരു മുൻഗണന വിഷയമായി കൈകൊണ്ട് ആവശ്യമായ നടപടികൾ ചെയ്യുമെന്ന് ഐൽ ഓഫ് ആംഗ്‌ലെസി കൗണ്ടി കൗൺസിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നു.
“ഉത്തരവാദിത്തമുള്ള ഒരു ബിസിനസ്സ് എന്ന നിലയിൽ ഞങ്ങളുടെ പ്രധാന മുൻഗണന ജോലിസ്ഥലം സുരക്ഷിതമാക്കുകയും ലാൻഗെഫ്‌നിയിലെ എല്ലാ സഹപ്രവർത്തകരെയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ്. കാരണം സൈറ്റിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഞങ്ങൾ മൂന്ന് മാസമായി വിജയകരമായി പ്രവർത്തിക്കുന്നു.” 2 സിസ്റ്റേഴ്സ് വക്താവ് അറിയിച്ചു. കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ സാമൂഹിക അകലം പാലിക്കൽ നിയമം കർശനമാക്കിയിട്ടുണ്ടെന്നും താപനില പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.