Main News

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ബ്രിട്ടീഷുകാരുടെ ഈസ്റ്റർ ആഘോഷം പ്രതിസന്ധിയിലായിരിക്കുകയാണ്. രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോകുന്നതിനാൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നില്ല. സൂപ്പർമാർക്കറ്റ് ചോക്ലേറ്റ് റീട്ടെയിലർ ആയ ഹോട്ടൽ ചോക്ലേറ്റ് മൂന്നാഴ്ച മുമ്പ് യുകെയിലെ എല്ലാ സ്റ്റോറുകളും അടച്ചിരുന്നു. എന്നിരുന്നാലും ഈസ്റ്റർ മുട്ടകളുടെ ഓൺലൈൻ വിൽപ്പന വർദ്ധിക്കുന്നതായി സൂപ്പർമാർക്കറ്റുകൾ അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഈസ്റ്റർ മുട്ടകൾ ഞങ്ങൾ വിറ്റതായി ബോസ് ആംഗസ് തിർ‌വെൽ പറഞ്ഞു. ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം ഓൺലൈൻ ഓർഡറുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് തോൺടൺസും പറഞ്ഞു. പുതിയ ഓർ‌ഡറുകൾ‌ സ്വീകരിക്കുന്നതിനായി തോൺടൺസ് ഓരോ ദിവസവും വെറും രണ്ട് മണിക്കൂർ തങ്ങളുടെ വെബ്‌സൈറ്റ് തുറക്കുന്നുണ്ട്. പ്രത്യേകിച്ചും ഈസ്റ്റർ മുട്ടകളുടെ ആവശ്യം കഴിഞ്ഞ വർഷത്തേക്കാളൊക്കെ ഏറെയാണെന്ന് സൂപ്പർമാർക്കറ്റുകൾ വ്യക്തമാക്കി.

ഈസ്റ്റർ, ബ്രിട്ടനിലെ വലിയ കച്ചവടമായി മാറിക്കഴിഞ്ഞു. ഈസ്റ്റർ ആഘോഷിക്കുന്നതിനായി 2019 ൽ ഉപഭോക്താക്കൾ 1.1 ബില്യൺ പൗണ്ട്, ഇനങ്ങൾ വാങ്ങാൻ ചെലവഴിച്ചുവെന്ന് ഗവേഷണ സ്ഥാപനമായ മിന്റൽ പറഞ്ഞു. അതിൽ 206 മില്യൺ പൗണ്ട് ഈസ്റ്റർ മുട്ടകൾക്കായി മാത്രം ചെലവഴിച്ചു. ഹോട്ടൽ ചോക്ലേറ്റ് വ്യത്യസ്തമായ ഒരു രീതിയാണ് സ്വീകരിക്കുന്നത്. ആളുകൾക്ക് ഓൺലൈനിൽ വാങ്ങാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ പട്ടിക അവർ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി യുകെയിലുടനീളമുള്ള സൂപ്പർമാർക്കറ്റുകളിൽ ഈസ്റ്റർ മുട്ടയ്ക്ക് വ്യാപകമായി ഇളവ് നൽകിയിട്ടുണ്ട്. ചോക്ലേറ്റ് നിർമ്മാതാവ് കിന്നർട്ടൺ, സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ബ്രാൻഡഡ് ഈസ്റ്റർ മുട്ടകൾ പലതും ഉണ്ടാക്കുന്നുണ്ട്. ഒപ്പം ഓൺലൈനിലൂടെയും അത് വാങ്ങാവുന്നതാണ്. സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഉൽ‌പ്പന്നങ്ങൾ‌ വാങ്ങാൻ കഴിയുന്നില്ലെങ്കിൽ‌ ഉപഭോക്താക്കൾക്ക് നേരിട്ട് ഓർ‌ഡറുകൾ‌ നൽ‌കുന്നതിനായി ഒരു പുതിയ ഓൺലൈൻ ഷോപ്പ് കിന്നർ‌ട്ടൺ‌ ആരംഭിച്ചു.

എന്നിരുന്നാലും, യു‌എസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐ‌ആർ‌ഐയുടെ കണക്കനുസരിച്ച്, മാർച്ച് 28 വരെയുള്ള മൊത്തത്തിലുള്ള ഈസ്റ്റർ മിഠായി വിൽപ്പന 17% കുറഞ്ഞു. ഈസ്റ്റർ മുട്ടകൾക്ക് ആവശ്യം ഏറുന്നുണ്ടോയെന്നറിയാൻ അടുത്ത കുറച്ച് ദിവസങ്ങൾ കൂടി വേണ്ടിവരുമെന്ന് മിസ് കാറ്റൺ കൂട്ടിച്ചേർത്തു. യുകെയിലെ ഉപഭോക്തൃ ചെലവുകളിൽ കൊറോണ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കണ്ടെത്തുന്നതിനായി മിന്റൽ പ്രതിവാര സർവേ നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ, ബ്രിട്ടീഷ് ഉപഭോക്താക്കളിൽ നാലിലൊന്ന് പേരും ഓൺലൈൻ ഷോപ്പിംഗ് വർദ്ധിപ്പിച്ചുവെന്ന് അതിൽ പറയുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഓരോ ദിവസവും ലോകം കൺതുറക്കുന്നത്   കോവിഡ് -19ന്റെ ഭീകര കഥകൾ കേട്ടുകൊണ്ടാണ്. കേരളത്തിൽ സ്ഥിതി മെച്ചപ്പെടുന്നെങ്കിലും ലോകമെമ്പാടും പ്രവാസികൾ അധിവസിക്കുന്ന പലസ്ഥലങ്ങളിലും ഓരോ ദിവസവും മരണ നിരക്ക് കൂടുകയും പല രാജ്യങ്ങളിൽനിന്നും പ്രവാസിമലയാളികളുടെ പേരുകൾ അതിലുൾപ്പെടുകയും ചെയ്യുന്നതിൻെറ ഞെട്ടലിലാണ് മലയാളികൾ എല്ലാവരും. കോവിഡ് -19 അറുപത് വയസ്സിനുമുകളിലുള്ളവരെ കൂടുതലായി ബാധിക്കുമെന്ന കണക്കുകളും പഠനങ്ങളും പുറത്തു വന്നിരുന്നു. പല രാജ്യങ്ങളിലും ആതുരശുശ്രൂഷ രംഗത്ത് പ്രായാധിക്യം ഉള്ളവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കുന്നില്ല എന്നുള്ള പരാതികൾ പരക്കെ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആതുരശുശ്രൂഷ രംഗത്ത് പ്രത്യാശയുടെ പൊൻകിരണങ്ങൾ സമ്മാനിച്ച് ബ്രിട്ടനിൽ 101 വയസ്സുള്ള കീത്ത് വാട്സൺ കൊറോണാ വൈറസിനെ അതിജീവിച്ചത്. ഇതോടുകൂടി യുകെയിലെ കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായമുള്ള വ്യക്തിയായി അദ്ദേഹം. കഴിഞ്ഞ മാസം റെഡ്ഢിച്ചിലുള്ള അലക്സാഡ്ര ആശുപത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്

ഇതേസമയം കൊറോണ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം ചെന്ന വ്യക്തി 107 വയസ്സുകാരിയായ ഡച്ച് വനിത കോർനെലിയ റാസ്ആണ്. അവരുടെ കൂടെ നഴ്സിങ് ഹോമിൽ ഉണ്ടായിരുന്ന 40 പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും അതിൽതന്നെ 12 പേർ കോവിഡ് -19 മൂലം മരിക്കുകയും ചെയ്തു. അതേസമയം വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോർനെലിയ റാസ് തന്റെ 107 -ആം വയസ്സിലും കോവിഡ് -19 അതിജീവിച്ചു.

ഇന്ത്യയിൽ കേരളത്തിൽനിന്നുള്ള റാന്നി സ്വദേശിയായ 93 വയസ്സുകാരനായ തോമസ് എബ്രഹാമാണ് കൊറോണാ വൈറസിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി. അദ്ദേഹത്തിനും ഭാര്യയായ 88 വയസ്സുകാരിയായ മറിയാമ്മയും കൊറോണ വൈറസ് ബാധിതരായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യയും രോഗമുക്തി ആയി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പ്രായമായ ഈ വ്യക്തികളുടെ അത്ഭുതകരമായ അതിജീവനം ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഊർജവും ആത്മവിശ്വാസവും നൽകുന്നതാണ് .

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

പ്രായഭേദമില്ലാതെ തന്നെ ലോക് ഡൗൺ കാലത്തെ വെറുതെ വീട്ടിലിരിപ്പ് പലർക്കും ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പ്രമേഹം ഹൃദ്രോഗം പ്രഷർ കൊളസ്റ്ററോൾ അമിത വണ്ണവും ഭാരവും ഒക്കെ ആയി കഴിഞ്ഞവർ ഏറെ വിഷമത്തിൽ ആണ്. ആശങ്ക വേണ്ട, ആയുർവേദ സിദ്ധ യോഗ വിദഗ്ദ്ധർ നിങ്ങൾക്ക് ഒപ്പമുണ്ട്. വിളിക്കുക ആവശ്യമായ നിർദേശങ്ങൾ ലഭ്യമാക്കും.
പ്രഭാത സവാരി, നിത്യേന രാവിലെ നടക്കാൻ പോയിരുന്നവർ അത് മുടങ്ങിയത് രോഗ വർദ്ധന ഉണ്ടാക്കിയിട്ടുണ്ടോ എന്ന ആശങ്ക. റോഡിലൂടെ തന്നെ നടക്കണം എന്നില്ല. വീട്ടിൽ മുറികളിൽ, മുറ്റത്ത് ടെറസിൽ ഒക്കെയും ആവാം. ഒരു നിശ്ചിത സമയം രാവിലെയും വൈകിട്ടും അത്താഴം കഴിഞ്ഞും നടപ്പ് ആവാം. അത്താഴം കഴിഞ്ഞു അരക്കാതം നടപ്പ് പഴയ കാലത്തു ഉള്ളവരുടെ ശീലം ആയിരുന്നു. പ്രമേഹ രോഗികൾക്ക് പ്രത്യേകിച്ച് ഏറ്റവും നന്ന്.

സ്‌കൂൾ പഠന കാലത്തെ ഡ്രിൽ എക്സർസൈസ് മറന്നിട്ടിയുണ്ടാവില്ലല്ലോ. കൈകൾക്കും കാലുകൾക്കും വ്യായാമം നൽകും വിധം ഉയർത്തുക താഴ്ത്തുക വശങ്ങളിലേക്ക് തിരിയുക, കുനിഞ്ഞു പാദങ്ങളിൽ മുട്ടു മടക്കാതെ തൊടുക ഇങ്ങനെയുള്ളവ അര മണിക്കൂർ ചെയ്യുക. തനിയെ ബോറടിക്കുന്നവർ വീട്ടിൽ ഉള്ള കുട്ടികളെയോ മറ്റോ കൂടെ കൂട്ടുക. രാവിലെയും വൈകിട്ടും കൃത്യമായി ചെയ്യുക.

യോഗാസനങ്ങൾ ചെയ്യാനറിയാവുന്നവർ പ്രഭാതത്തിലും സായാഹ്നത്തിലും ഒഴിഞ്ഞ വയറിൽ അര മണിക്കൂർ സമയം ആവുന്ന യോഗാസനങ്ങൾ അഞ്ച് പത്തു തവണ വീതം ചെയ്യുക. അതല്ല പഠിച്ചു തുടങ്ങണോ? നിങ്ങളുടെ അടുത്ത് തന്നെ സഹായിക്കാൻ ആളുണ്ട്. വിളിക്കുക ആവശ്യമായ നിർദേശങ്ങളും സഹായവും ലഭ്യമാക്കും. വീട്ടിൽ തന്നെ ഉചിത വ്യായാമത്തിന് സൗകര്യമൊരുക്കുക.

ഇടയ്ക്കിടെ എന്തെങ്കിലും വറപൊരി കടികൾ പലർക്കും ശീലമാണ്. അങ്ങനെ ഉള്ളവർ പ്രധാന ഭക്ഷണത്തിന്റെ അളവ് കുറക്കണം. വറത്തു പൊരിച്ചവ വേണ്ട. പേരക്ക ക്യാരറ്റ് വെള്ളരിക്ക, ഓമയ്ക്ക എന്നിവ നുറുക്കിയതോ, ചെറുപയർ, ഉലുവ, മുതിര കുതിർത്ത്തോ മുളപിച്ചതോ, ചുവന്ന അവിൽ,മലർ, ഉണക്ക മുന്തിരി എന്നിവ കുറേശ്ശേ ഇടയ്ക്കിടെ കഴിക്കുക. മോരിൻ വെള്ളം, ചുക്ക് വെള്ളം, മല്ലി വെള്ളം, ജീരക വെള്ളം, മല്ലി തുളസിയില ജീരകം കുരുമുളക് എന്നിവയിട്ട് തിളപ്പിച്ച വെള്ളം, ആ വെള്ളത്തിൽ ഉണ്ടാക്കിയ കരുപ്പെട്ടി കാപ്പി, ജിൻജർ ടീ എന്നിവ കുടിക്കാം. തക്കാളി ചുവന്നുള്ളി വെളുത്തുള്ളി ചെറുപയർ കുരുമുളക് ഇഞ്ചി എന്നിവ തിളപ്പിച്ചുള്ള സൂപ്പ് ഏറെ ഗുണകരമാകും.

 

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയും ഇന്ത്യയും ഉൾപ്പെടെ ഒട്ടുമിക്ക ലോകരാജ്യങ്ങളും കൊറോണ വൈറസ് വ്യാപനം തടയാനായി ലോക് ഡൗണിലാണ്. അത്യാവശ്യ സാഹചര്യത്തിലൊഴിച്ച് യാത്ര ചെയ്യാൻ പാടില്ല. സ്വഭാവികമായും വാഹനങ്ങൾ ദിവസങ്ങളോളം ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെനാൾ ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ വാഹനങ്ങളുടെ ഉപയോഗക്ഷമതയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.

വാഹനങ്ങൾ ഉപയോഗിക്കാതിരിക്കുമ്പോൾ ബാറ്ററിയുടെ ചാർജ് കുറയാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒന്നു രണ്ട് പ്രാവശ്യമെങ്കിലും നമ്മുടെ വാഹനങ്ങൾ 10 മിനിറ്റ് എങ്കിലും സ്റ്റാർട്ട് ചെയ്തിടുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി. വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എയർകണ്ടീഷൻ അടക്കമുള്ള എല്ലാ സംവിധാനങ്ങളും പ്രവർത്തിപ്പിക്കണം. വാഹനം ചെറുതായി മുന്നോട്ടും പുറകോട്ടും ഓടിക്കുന്നത് ടയറുകളുടെ ഫ്ലാറ്റ് സ്പോട്ട് ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.

കുറേ ദിവസങ്ങളിലേക്ക് വാഹനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ സുരക്ഷിതമായി പാർക്കു ചെയ്യുന്നത് പ്രധാനമാണ്. ഒരിക്കലും ചെരിവുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. മേൽക്കൂരയുള്ള പാർക്കിങ് സ്പേസ് ഉണ്ടെങ്കിൽ അതാണ് ഉചിതം. ഫ്ളാറ്റുകളിലും മറ്റും അത് ലഭ്യമല്ലെങ്കിൽ ഉചിതമായ കവർ ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. ഉപയോഗിക്കുന്നില്ലെങ്കിലും ചെളിയും അഴുക്കും പക്ഷി കാഷ്ടവും വീണ് കാറിന്റെ പെയിന്റിന് നാശനഷ്ട മുണ്ടാകാതിരിക്കാൻ പതിവായി കഴുകുന്നത് മുടക്കരുത്.

ദീർഘനാളിൽ പാർക്ക് ചെയ്യേണ്ടിവരുമ്പോൾ ഹാൻഡ് ബ്രേക്ക് ഇടുന്നതിനേക്കാൾ ഉചിതമാണ് വാഹനം ഗിയറിയിൽ ആക്കി പാർക്ക് ചെയ്യുന്നത്. ലോക് ഡൗൺ എല്ലാവർക്കും പലവിധ ബുദ്ധിമുട്ടുകളാണ് സമ്മാനിക്കുന്നത്. സാമ്പത്തികമായ ബാധ്യത അതിലൊന്നു മാത്രം. വാഹന ഉപയോക്താക്കൾ അല്പം ശ്രദ്ധ ചെലുത്തിയാൽ ലോക് ഡൗൺ പീരിയഡ് കഴിയുമ്പോൾ വാഹനങ്ങൾ കേടായതിന്റെ പേരിൽ മുടക്കേണ്ട പണം ലാഭിക്കാം. ലോക് ഡൗൺ പീരിയഡിൽ ഉപയോഗിക്കാതിരിക്കുന്നതു മൂലം മൂന്നുകോടി വാഹനങ്ങൾ നിഷ്ക്രിയമാകുമെന്നാണ് ഏകദേശ കണക്ക്. നമ്മുടെ വാഹനം അതിൽ ഒന്നാകാതിരിക്കട്ടെ.

ഡെർബി: അനുദിന വാർത്താമാധ്യമങ്ങൾ നോക്കുവാനുള്ള മനശക്തിപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സാഹസാഹര്യത്തിലൂടെയാണ് പ്രവാസികളായ മലയാളികൾ കടന്നു പോകുന്നത്. കോവിഡ് എന്ന മഹാമാരി വിവരണാധീനമായ പ്രഹരമാണ് മാനവകുലത്തിന് നൽകികൊണ്ടിരിക്കുന്നത്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ നാട് വിടേണ്ടിവന്ന മലയാളികൾ ഇന്ന് വേദനകളുടെ മുനമ്പിൽ നിൽക്കുകയാണ്. ഒരു വേദന മാറും മുൻപേ മറ്റൊന്ന് എന്ന് ദുഃഖവെള്ളിയാഴ്ച പ്രാർത്ഥിക്കുന്നതുപോലെ മരണങ്ങൾ ഒന്നൊന്നായി കടന്നു വരുകയാണ്.

യുകെയിലെ മലയാളികളുടെ  ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി ഡെർബിയിൽ താമസിക്കുന്ന സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. കുറച്ചു ദിവസമായി വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരുന്ന സിബി അൽപം മുൻപ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊവിഡ് 19 ബാധയെ തുടര്‍ന്ന് സിബിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ഇന്നലെ കാർഡിയാക് അറസ്ററ് ഉണ്ടായതാണ് ആരോഗ്യനില വഷളാവുന്നതിനും ഇപ്പോൾ മരണത്തിനും കാരണമായിട്ടുള്ളത് എന്നാണ് അറിയുന്നത്. കിഴകൊമ്പ് മോളെപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ സിബി. കറുകുറ്റി സ്വദേശിനിയായ ഭാര്യ അനുവും രണ്ട് മക്കളും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. 13ഉം അഞ്ചും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് ഇവർക്കുള്ളത്.

കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശിയാണ് പരേതനായ സിബി. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്. സിബിയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായി മാറിക്കഴിഞ്ഞു. രണ്ടര ആഴ്ച മുമ്പ് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ബ്രിട്ടനിൽ തുടർന്നുവരികയാണ്. എന്നാൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ ചൂട് കൂടുന്നതിനാൽ ആളുകൾ സർക്കാരിന്റെ കൊറോണ വൈറസ് നിയമങ്ങൾ പാലിക്കുകയും ഈസ്റ്റർ വാരാന്ത്യത്തിൽ വീട്ടിൽ തന്നെ തുടരുകയും വേണമെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 25° സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചില പോലീസ് സേനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ ലംഘിക്കുവർക്ക് പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ റോഡുകളിൽ പട്രോളിംഗ് നടത്തുമെന്ന് ഡെവൺ ആന്റ് കോൺ‌വാൾ പോലീസിന്റെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ അറിയിച്ചു. ലോക്ക്ഡൗൺ നടപ്പാക്കുന്നതിനായി പോലീസിന് സർക്കാറിന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഭാവത്തിൽ ലോക്ക്ഡൗൺ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അടിയന്തര കോബ്ര കമ്മിറ്റിയുടെ വെർച്വൽ മീറ്റിംഗിൽ ഡൊമിനിക് റാബ് അദ്ധ്യക്ഷനാകും.

എന്നാൽ വെയിൽസിൽ, ലോക്ക്ഡൗൺ നിയമങ്ങൾ ഇതിനകം തന്നെ നീട്ടിയിട്ടുണ്ട്. അതേസമയം ലോക്ക്ഡൗൺ ഇനിയും ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ നടക്കാൻ സാധ്യതയുണ്ടെന്നു സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം 881 പേർ മരിച്ചു. സ്കോട് ലാൻഡിൽ 81 മരണങ്ങൾ ഉണ്ടായി. ഇതോടെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 7,978 ആയി ഉയർന്നു. ഇന്നലെ 4,344 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ആകെ രോഗബാധിതർ 65,077 ആയി ഉയർന്നു. ഈയടുത്ത ദിവസങ്ങളിൽ മരണമടഞ്ഞവരിൽ സ്വിൻഡോണിലെ ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ ഡോക്ടർ എഡ്മണ്ട് അഡെഡെജിയും (62) ഉൾപ്പെടുന്നു. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ തീവ്രപരിചരണത്തിൽ ചികിത്സ തുടരുന്ന ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.

ബുധനാഴ്ച 15ഓളം പേർ ല്യൂട്ടനിലെ ഒരു കെയർ ഹോമിൽ വെച്ച് രോഗബാധിതരായി മരണപ്പെട്ടിരുന്നു. കെയർ ഹോമുകളിൽ കൊറോണ വൈറസ് പടരുന്നത് തടയാൻ കൂടുതൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അൽഷിമേഴ്‌സ് സൊസൈറ്റി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്കിന് കത്തെഴുതി. രോഗത്തിൽ നിന്ന് സുഖം പ്രാപിച്ച 101 കാരനെ വോർസെസ്റ്റർഷയറിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു എന്ന വാർത്ത ആശ്വാസം പകരുന്നതാണ്. ആഗോളതലത്തിൽ ഇതുവരെ 95,735 മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. ഒപ്പം ആകെ കേസുകളുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു.

സ്വന്തം ലേഖകൻ

പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും ആശുപത്രിയിൽ തുടരുകയാണെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. വൈകുന്നേരത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റി, സൂക്ഷ്മമായ നിരീക്ഷണത്തിന് വേണ്ടിയാണിത്.” അദ്ദേഹം വളരെ സന്തോഷവാനാണെന്നും വക്താവ് അറിയിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനുശേഷം പത്താമത്തെ ദിവസമായ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് വെന്റിലേറ്റർ നൽകിയിരുന്നില്ലെന്നും, സ്റ്റാൻഡേർഡ് ഓക്സിജൻ ട്രീറ്റ്മെന്റ് ആണ് നൽകിയതെന്നും മുൻപ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആരോഗ്യം അഭിവൃദ്ധിപ്പെട്ടു വരികയാണെന്നും, അദ്ദേഹത്തിന് നല്ല പുരോഗതി ഉണ്ടെന്നും, എൻ എച്ച് എസ് നൽകുന്ന സേവനം സ്തുത്യർഹമാണെന്നും മന്ത്രിയുടെ വക്താവ് കൂട്ടിച്ചേർത്തു.


ജോൺസനെ വാർഡിലേക്ക് മാറ്റിയത് ഒരു സന്തോഷകരമായ വാർത്തയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തെ ആരോഗ്യവകുപ്പിന്റെ ലോകോത്തരമായ പരിചരണം മൂലം അദ്ദേഹം മടങ്ങി വരവിന്റെ പാതയിലാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു. അതേസമയം ദുരന്തനിവാരണ സേനയുടെ മുൻ നിര പ്രവർത്തകർക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ട് മൂന്നാംഘട്ട ‘ ക്ലാപ് ഫോർ കെയറേഴ്സ് ‘ നടത്തി.

ഇതുവരെ 7, 978 പേരാണ് യുകെയിൽ വൈറസ് ബാധ മൂലം മരണപ്പെട്ടത് . ജോൺസൻെറ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് പ്രധാനമന്ത്രിപദം വഹിച്ചു വരുന്നു. നമ്മൾ എല്ലാവരും ചേർന്ന് നടത്തിയ ത്യാഗത്തിന്റെ ഫലം കണ്ടു വരികയാണെന്നും, അത് തുടരണമെന്നും, ജനങ്ങളെല്ലാം ദയവായി ഗവൺമെന്റ് നിർദേശങ്ങൾ പാലിച്ച് വീട്ടിലിരുന്നു സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോൺസൺ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കട്ടെ, രാജ്യത്തിന്റെ ഭാവിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും റാബ് കൂട്ടിച്ചേർത്തു. ലോകം മുഴുവൻ ഒന്നരക്കോടിയിലധികം ജനങ്ങളാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയത്. മിക്ക രാജ്യങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സാധാരണയായി പെസഹാ വ്യാഴാഴ്ച ബ്രിട്ടനിലെ രാജകുടുംബത്തിന്റെ തലവൻ ചില പ്രത്യേക ശുശ്രൂഷകളിലും, സേവനങ്ങളിലും ഏർപ്പെടുക പതിവാണ്. ഇതിലൊന്നാണ് എല്ലാവർഷവും പെസഹ വ്യാഴാഴ്ച ബ്രിട്ടണിൽ ഉടനീളമുള്ള പെൻഷൻകാർക്ക് പ്രത്യേകം തയ്യാറാക്കിയ പണം രാജ്ഞി നൽകുക പതിവായിരുന്നു. എന്നാൽ ഇത്തവണ കൊറോണ ബാധമൂലം ഈ പതിവ് നടന്നില്ല. വിൻഡ്സർ കാസ്റ്റ്ലിലെ സെയിന്റ് ജോർജ് ചാപ്പലിൽ നടക്കുന്ന പെസഹായുടെ ശുശ്രൂഷയിൽ എല്ലാവർഷവും 188 ഓളം പെൻഷൻ ഉടമകൾ എത്തിയിരുന്നു. എന്നാൽ ഇത്തവണ ഈ പതിവ് നടക്കാത്ത സാഹചര്യത്തിൽ, എല്ലാവർക്കും തപാലിൽ അഞ്ച് പൗണ്ടും, അതോടൊപ്പം അഞ്ച് പെൻസും അയച്ചു കൊടുക്കുകയാണ് രാജകുടുംബം.


എല്ലാ വർഷത്തെയും പോലെ പെസഹായുടെ ശുശ്രൂഷ നടക്കാത്തതിലുള്ള ഖേദവും കത്തിലൂടെ രാജ്ഞി അറിയിക്കുന്നുണ്ട്. എല്ലാവർക്കും വ്യക്തിപരമായി സമ്മാനം തരുവാൻ കഴിയുന്ന സാഹചര്യം നിലവിലില്ല. യേശുക്രിസ്തുവിന്റെ സേവന മനോഭാവത്തെ വിളിച്ചോതുന്ന പെസഹാ തിരുനാളിൽ, എല്ലാവർക്കും പരസ്പരം പ്രാർത്ഥിക്കാം എന്ന് രാജ്ഞി ഓർമിപ്പിക്കുന്നു.

പള്ളിയിലും, കമ്മ്യൂണിറ്റി സർവീസുകളിലും പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നവർക്കാണ് ഈ സമ്മാനം സാധാരണയായി ലഭിക്കുന്നത്. സമ്മാനം ലഭിച്ചവരുടെ ചിത്രങ്ങൾ രാജകുടുംബം പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ, മണി അടിക്കുന്നതിൽ പ്രഗത്ഭനായ വ്യക്തി, 101 വയസ്സുള്ള ജോൺ ബ്രോക്കും ഉൾപെടുന്നു. തന്റെ ഏഴാം വയസ്സ് മുതൽ ഇദ്ദേഹം പള്ളിയിൽ മണി അടിക്കാൻ തുടങ്ങിയ വ്യക്തിയാണ്.

അഖിൽ മുരളി

ദൈവപുത്രനായവതരിച്ചോരു
ദേവ, നിൻതിരുമുമ്പിൽ
വണങ്ങി ഞാൻ വരച്ചീടുന്നൊരു
കുരിശ്ശെൻ ഹൃത്തിലായ്.
മനുഷ്യജന്മങ്ങൾക്കു നേർവഴി-
യേകുവാൻ കുരിശ്ശിൽ തൻ
ജീവിതം ഹോമിച്ചയീശോ,
സ്നേഹസിംഹാസനമേകിടാം
നിനക്കായ്‌.

യീശാ നീ വഹിച്ചൊരു കുരിശ്ശു
നിന്നുടെ പാപത്തിൻ ഫലമോ?
ഇന്നുഞാനറിയുന്ന, തെന്നുടെ പാപ
ത്തിൻ അടയാളമല്ലോ.

സഹനമാർഗ്ഗത്തിലൂടെയരുളി നീ
നിത്യനിർമല ജീവിത കവാടത്തി-
ലേക്കൊരുനറു വെളിച്ചവും , ജന്മ
മഹത്വത്തിൻ പൊരുളിനാൽ
മാതൃകയേകിയ നിന്നോർമകൾ
കാൽവരിമലയിൽ സ്മരണയായു-
ർന്നിടും.

കാൽവരിക്കുരിശ്ശിൽപ്പിടഞ്ഞൊ-
രെൻ ദേവ, ഇന്നീ നൂറ്റാണ്ടിൽ
നിൻ മക്കൾ തേങ്ങുന്നു
മഹാവ്യാധിയാൽ.

ദുഃഖവെള്ളി, നിന്മേനി നോവേറ്റ
നൊമ്പരവേളക, ളിന്നറിയുന്നു
മഹാവ്യാധിയാൽ മാലോകരെന്നുമേ.

നാഥാ, മനുഷ്യനാൽ ശിക്ഷയേറ്റു
നീ കാൽവരിയിൽ,
കൈകൂപ്പിക്കേഴുന്നു ദേവ, ഞങ്ങളാൽ
ഞങ്ങൾ പീഢിതരാകുമീ
മരണഭയത്താൽ.

പെസഹാ വ്യാഴസ്മരണിയിൽ
ഭുജിക്കുന്നൊരപ്പവും,
കുരിശ്ശിൽ തറച്ചനിന്മേനിയു-
മിന്നൊരോർമ്മയായ് മാറവേ,
മഹാവ്യാധിയേറ്റു ഞാൻ കേഴവേ
ഉയർത്തെഴുന്നേറ്റുദിച്ചുയർന്നു നീ
മഹാമാരിയേയകറ്റിയരുളണേ
മഹാപ്രഭോ നിൻ ചൈതന്യമെന്നുമേ.

അഖിൽ മുരളി

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.

തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

ചിത്രീകരണം : അനുജ കെ

 

സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 ബാധിച്ച് യുകെയിൽ ഇന്നലെ മാത്രം മരണമടഞ്ഞവർ 938 പേർ. മരണനിരക്ക് ഓരോ ദിവസവും കുത്തനെ ഉയരുകയാണ്. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിലെ ആകെ മരണങ്ങളുടെ എണ്ണം ഇപ്പോൾ 7,097 ആണ്. ഡിസംബറിൽ പകർച്ചവ്യാധി ആരംഭിച്ച ചൈനയുടെ ഇരട്ടിയാണ് ഇത്. ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,491 പേർക്കാണ്. ഇതോടെ ബ്രിട്ടനിലെ ആകെ രോഗബാധിതരുടെ എണ്ണം 60,733 ആയി ഉയർന്നു. മാർച്ച്‌ 27ന് ഇറ്റലിയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ട മരണങ്ങളെക്കാൾ അധികമാണ് ഇന്നലെ യുകെയിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് ആശുപത്രികളിൽ 828 പേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. 22 നും 103 നും ഇടയിൽ പ്രായമുള്ള രോഗികളിൽ 42 പേർ ആരോഗ്യവാന്മാരായിരുന്നു. മറ്റ് 110 മരണങ്ങൾ സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരണസംഖ്യ ഏറുന്ന നിമിഷത്തിലും ബ്രിട്ടിഷ് ജനതയ്ക്ക് ആശ്വസിക്കാൻ ഇന്നലെ ഒരു വാർത്ത പുറത്തുവന്നു; രോഗം തീവ്രമായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നു. 10 ദിവസമായി പനി ബാധിച്ച് ഐസൊലേഷനിൽ ആയിരുന്ന പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രി ആണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണത്തിൽ രണ്ട് രാത്രികൾ കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ചാൻസലർ റിഷി സുനക് അറിയിച്ചു. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ടീമുമായി ജോൺസൻ കിടക്കയിൽ ഇരുന്ന് ഇടപഴകുന്നതായും സുനക് പറഞ്ഞു.

കൊറോണ വൈറസ് മരണങ്ങൾ അതിതീവ്രമായി തന്നെ വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ തിങ്കളാഴ്ച പിൻവലിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അടുത്ത തിങ്കളാഴ്ച യുകെയുടെ ലോക്ക്ഡൗൺ അവസാനിക്കുന്നത് ഡൗണിംഗ് സ്ട്രീറ്റ് പരിഗണിച്ചേക്കില്ല , അത് മൂന്നാഴ്ച കൂടി നീട്ടാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച നടക്കുന്ന ഒരു ഉന്നത തല മീറ്റിംഗിൽ ഈ കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും സുനക് പറഞ്ഞു. ലോക്ക്ഡൗൺ നിയമങ്ങൾ ഉടൻ തന്നെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ മുന്നറിയിപ്പ് നൽകി. രോഗവ്യാപനം നിയന്ത്രണാതീതമല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് സർക്കാർ ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡ്വൈസർ പ്രൊഫസർ ഏഞ്ചല മക്ലീൻ പറഞ്ഞു. പകർച്ചവ്യാധികൾക്കിടയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ 750 മില്യൺ ഡോളർ ഫണ്ടിംഗ് പാക്കേജും ചാൻസലർ പുറത്തിറക്കി. ലണ്ടനിൽ ഒമ്പത് ബസ് തൊഴിലാളികൾ ഉൾപ്പെടെ 14 പൊതുഗതാഗത ഉദ്യോഗസ്ഥർ രോഗം ബാധിച്ച് മരിച്ചു. ഡ്രൈവറുടെ അടുത്ത് പോകുന്നത് ഒഴിവാക്കാൻ ചില ബസുകൾ പിൻവാതിലിലൂടെ മാത്രം യാത്രക്കാരെ ബസ്സിൽ കയറാൻ അനുവദിക്കുന്നതായി മേയർ പറഞ്ഞു. ഹോം ഡെലിവറി ആവശ്യകത നിറവേറ്റാൻ കഴിയാത്തതിനാൽ മിക്ക ഭക്ഷണങ്ങളും സ്റ്റോറിൽ നിന്ന് തന്നെ വാങ്ങേണ്ടിവരുമെന്ന് സൂപ്പർമാർക്കറ്റ് ടെസ്‌കോ പറഞ്ഞു.

ആഗോളതലത്തിൽ മരണസംഖ്യ 88,433 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ മാത്രം 6,397 പേരാണ് മരിച്ചത്. അമേരിക്കയിൽ 1,925 പേരും സ്പെയിനിൽ 747 ഇറ്റലിയിൽ 542 പേരും ഇന്നലെ മരണപെട്ടു. ആകെ മരണസംഖ്യയിൽ അമേരിക്കയും സ്പെയിനും ഒപ്പത്തിനൊപ്പമാണ്. ഇറ്റലിയിൽ ഇതുവരെ 17,669 പേർക്ക് ജീവൻ നഷ്ടപെട്ടുകഴിഞ്ഞു. ലോകത്താകെയുള്ള രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. മൂന്നുലക്ഷത്തിൽ അധികം പേർക്ക് അസുഖം ഭേദമായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം ആറായിരത്തോട് അടുക്കുന്നു. 178ഓളം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചുകഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved