Main News

സ്വന്തം ലേഖകൻ

ചൈന : ദേശീയ ഡിജിറ്റൽ കറൻസിയുടെ സർക്കുലേഷനായി ചൈന നിയമങ്ങൾ തയ്യാറാക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ അടിസ്ഥാന വികസനം പൂർത്തിയാക്കിയതായി റിപ്പോർട്ട്. ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനോട് കൂടുതൽ അടുക്കുന്നുവെന്ന് ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബാങ്ക് ഇപ്പോൾ സർക്കുലേഷനായി നിയമനിർമ്മാണം നടത്തുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ യുവാൻ എങ്ങനെയായിരിക്കുമെന്ന് നിരവധി പേറ്റന്റുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ലോകമെമ്പാടുമുള്ള കൂടുതൽ സെൻ‌ട്രൽ ബാങ്കുകൾ‌ പലിശനിരക്ക് പൂജ്യമായി കുറയ്ക്കുകന്നതിനാൽ ചൈന, അവരുടെ ഡിജിറ്റൽ കറൻസിയുടെ ആരംഭം ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ പി‌ബി‌ഒസി അതിന്റെ ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നത് ത്വരിതപ്പെടുത്തണമെന്ന് സിംഗ്ഹുവ സർവകലാശാലയിലെ അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലോക്ക്‌ചെയിനിന്റെ ഡയറക്ടർ കാവോ യാൻ പറഞ്ഞു. ഡിജിറ്റൽ യുവാൻ ഏറെക്കുറെ തയ്യാറാണെന്ന് സെൻട്രൽ ബാങ്കിന്റെ പേയ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മു ചാങ്ചുൻ 2019 ഓഗസ്റ്റിൽ പറയുകയുണ്ടായി. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ ഗവേഷണം, പരിശോധന, പരീക്ഷണങ്ങൾ, വിലയിരുത്തലുകൾ, അപകടസാധ്യത തടയൽ എന്നിവ ആവശ്യമാണെന്ന് ഗവർണർ യി ഗാംഗ് പിന്നീട് വ്യക്തമാക്കി.

ചൈനയുടെ സെൻട്രൽ ബാങ്ക്, ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് ഏകദേശം 84ഓളം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് അലിബാബ, ടെൻസെന്റ്, ഹുവാവേ, ചൈന മർച്ചന്റ്സ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്വകാര്യ കമ്പനികൾ ചൈനയുടെ ഡിജിറ്റൽ കറൻസിയുടെ വികസനത്തിൽ പങ്കാളികളായിട്ടുണ്ട്. ഇഷ്യു, ട്രാൻസാക്ഷൻ റെക്കോർഡിംഗ്, ഡിജിറ്റൽ വാലറ്റുകൾ ഉൾപ്പെടെ ഡിജിറ്റൽ കറൻസിയുടെ നിരവധി മേഖലകൾ ഈ പേറ്റന്റുകൾ ഉൾക്കൊള്ളുന്നു.

ലണ്ടൻ: കൊറോണ പ്രതിരോധ കവചം ഭേദിച്ചു ലോകമെങ്ങും പടരുകയാണ്. എല്ലാ രാജ്യങ്ങളും സർവ്വ ശക്തിയുമായി പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. മിക്ക രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്‌തിട്ടും മഹാമാരിയുടെ പകർച്ച ഇപ്പോഴും നടക്കുന്നു. നോക്കി നിൽക്കുമ്പോൾ രോഗം മിക്ക രാജ്യങ്ങളിലും പിടിമുറുക്കുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‌ കൊറോണ സ്ഥിരീകരിച്ചതോടെ മന്ത്രിസഭയിലെ എത്ര പേർക്ക് പകർന്നിട്ടുണ്ടാകും എന്ന പരിശോധനയിലാണ് ഭരണനേതൃത്വം. പ്രധാനമന്ത്രി രോഗബാധിതനായതോടെ എല്ലാ ദിവസവും നടക്കുന്ന വാർത്താസമ്മേനത്തിന്റെ ചുമതല ക്യാബിനറ്റ് മന്ത്രി മൈക്കിൾ ഗോവിന് നൽകിയിരിക്കുകയാണ്. ഇന്നത്തെ വാർത്താസമ്മേനത്തിൽ അറിയിച്ചതുപോലെ മൂന്നോ നാലോ ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുകയാണ് എന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് രോഗ ലക്ഷണങ്ങൾ കാണിച്ചതോടെ ഐസൊലേഷനിൽ ആണ് ഇപ്പോൾ ഉള്ളത്.

യുകെയിലെ മരണസംഖ്യ ഇന്ന് 181 വർദ്ധിച്ച് ആകെ മരിച്ചവരുടെ എണ്ണം 759 ലേക്ക് എത്തിയിരിക്കുന്നു.

ബിർമിങ്ഹാമിലുള്ള നാഷണൽ എക്സിബിഷൻ സെന്റർ, മാഞ്ചെസ്റ്ററിലുള്ള സെൻട്രൽ കൺവെൻഷൻ സെന്റർ എന്നിവ കൊറോണ രോഗികൾക്കുള്ള ആശുപത്രിയായി മാറ്റാൻ ഉള്ള തീരുമാനം പുറത്തുവന്നു.

അടുത്ത ആഴ്ചയോടെ നാഷണൽ ഹെൽത്ത് സർവീസിൽ ഉള്ള എല്ലാവരെയും കൊറോണ ടെസ്റ്റിന് വിധേയമാക്കും. ഇതിൽ ക്രിട്ടിക്കൽ കെയർ നഴ്‌സ്, ഇറ്റൻസീവ് കെയർ സ്റ്റാഫ്, ജി പി മാർ, ആംബുലൻസ് വർക്കേഴ്‌സ് എന്നിവർ ഉൾപ്പെടുന്നു. ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് ഇന്നത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതെ സമയം ബിർമിങ്ഹാം എയർപോർട്ട് ഹ്രസ്വകാല മോർച്ചറി ആക്കാനുള്ള തീരുമാനവും ഉള്ളതായി ഈവെനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 12,000 ബോഡികൾക്കുള്ള സൗകര്യം ആണ് ചെയ്യുന്നത്.

യൂറോപ്പ്യൻ യൂണിയനിൽ നിന്നും വിട്ട യുകെ, മറ്റ് രാജ്യങ്ങളിൽ നിന്നും യുകെയിലുള്ള വർക്കേഴ്‌സിനു സ്ഥിരതാമസമാക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഇങ്ങനെ തപാലിൽ അയച്ച അപേക്ഷകൾ തിരിച്ചയക്കുന്നതോടൊപ്പം കൂടുതൽ അപേക്ഷകൾ സ്വീകരിക്കുന്നതും നിർത്തിവെച്ചിരിക്കുകയാണ്. 3.3 മില്യൺ ആളുകളാണ് വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ഇത്. ഇത് കൂടുതൽ കാലതാമസം ഉണ്ടാക്കും എന്ന് ഉറപ്പായി. നാട്ടിൽ നിന്നും പുതുതായി എത്തിച്ചേരേണ്ട നേഴ്‌സുമാരുടെ വിസയുടെ കാര്യത്തിലും കാലതാമസം ഉണ്ടാകാനുള്ള സാഹചര്യവും ഉടലെടുത്തിട്ടുണ്ട്.

നേരെത്തെ അറിയിച്ചതിൽ നിന്നും വ്യത്യസ്തമായി കാൻസർ രോഗികൾക്കുള്ള ഓപ്പറേഷനുകൾ കൂടി മാറ്റുന്നു എന്ന വാർത്ത ബിബിസി റിപ്പോർട് ചെയ്‌തു. മൂന്ന് മാസത്തോളം കാലതാമസം ആണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

ഇറ്റലിയിൽ 919 പേരാണ് ഇന്ന് മാത്രം മരിച്ചത്. ഇതുവരെയുള്ള ഏറ്റവും വലിയ വർദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

 

പടനയിക്കുന്ന പട നായകന്മാർ ഒന്നടങ്കം കൊറോണ വൈറസിന് കീഴടങ്ങിയതിന്റെ ആശങ്കയിലാണ് ബ്രിട്ടൻ.  ബോറിസ് ജോൺസനു പിന്നാലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും കോവിഡ് – 19 സ്ഥിരീകരിച്ചു. പൂർണവിശ്രമത്തിനുള്ള ഉപദേശം ലഭിച്ചതായി ഹാൻകോക്ക് ട്വിറ്ററിൽ കുറിച്ചു.  ലഘുവായ രീതിയിലുള്ള രോഗലക്ഷണങ്ങളേ അദ്ദേഹത്തിന് ഉള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത വ്യാഴാഴ്ചയോടെ തന്റെ ഐസോലേഷൻ തീരും എന്ന പ്രത്യാശയിലാണ് അദ്ദേഹം.

 

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‌ കൊറോണ വൈറസ് ബാധിച്ചു . കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റീവാണെന്നും , കൊറോണ ബാധയുടെ ചെറിയ ലക്ഷങ്ങൾ ബോറിസ് ജോൺസനിൽ കണ്ടു തുടങ്ങിയതായും ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വൈറ്റി പ്രസ്താവനയിൽ അറിയിച്ചു .

കഴിഞ്ഞ 24 മണിക്കൂറുകളായിട്ട്  കൊറോണ വൈറസ് ബാധയുടെ ലക്ഷങ്ങളായ പനിയും ചുമയും തുടങ്ങിയിരുന്നു . അതുകൊണ്ട് തന്നെ താൻ സെൽഫ് ഐസൊലേഷനിലേയ്ക്ക് മാറുകയാണെന്നും എന്നാൽ വീട്ടിൽ ഇരുന്നുകൊണ്ട് ഗണ്മെന്റിനൊപ്പവും , നിങ്ങളോടൊപ്പവും ചേർന്ന് നിന്ന് കോറാണയ്ക്കെതിരെ പോരാടുമെന്നും ബോറിസ് ജോൺസൺ വീഡിയോ കോൺഫറൻസിലൂടെ അറിയിച്ചു .

കോവിഡ് 19 സ്ഥിരീകരിച്ച താൻ പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും അറിയിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. പനിയും ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ സ്വയം ഐസൊലേഷനിലായിരുന്നു. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഔദ്യോഗിക വസതിയില്‍ ഇരുന്നുകൊണ്ട് വീഡിയോ കോണ്‍ഫറസിലൂടെ ചുമതലകള്‍ നിറവേറ്റുമെന്നും ബോറിസ് ജോണ്‍സന്‍ അറിയിച്ചു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്തതിന് ശേഷമാണ് ബോറിസിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

[ot-video]

[/ot-video]

സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടനിൽ കൊറോണവൈറസ് സംഹാരതാണ്ഡവം തുടരുന്നു. ഇന്നലെ മാത്രം ബ്രിട്ടനിൽ രോഗം ബാധിച്ച് മരിച്ചവർ 115 പേരാണ്. ഇതോടെ 578 പേർ ഇതുവരെ മരണപെട്ടുകഴിഞ്ഞു. ഒപ്പം ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 2, 389 കേസുകളും ചേർത്ത് രോഗബാധിതരുടെ എണ്ണം 11,658 ആയി ഉയർന്നു. പ്രതിദിനം ഇത്രയധികം മരണങ്ങളും കേസുകളും ഉണ്ടാകുന്നത് രാജ്യത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഇറ്റലിക്കോ യുഎസ്എയ്‌ക്കോ സമാനമായ സാഹചര്യത്തിലേക്ക് ബ്രിട്ടൻ നീങ്ങുമോയെന്ന് ഏവരും ഭയപ്പെടുന്നു. എന്നാൽ ആ അവസ്ഥയിലേക്ക് ബ്രിട്ടനെ തള്ളിവിടാതിരിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ബോറിസ് ജോൺസണും സംഘവും. കൊറോണ വൈറസ് പ്രതിസന്ധി നേരിടാൻ 10,000 വെന്റിലേറ്ററുകൾ നിർമിക്കാൻ ബ്രിട്ടീഷ് ഇൻവെന്റർ സർ ജെയിംസ് ഡിസൈന്റെ നേതൃത്വത്തിലുള്ള കമ്പനിയോട് സർക്കാർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് പുതിയ തരം വെന്റിലേറ്റർ രൂപകൽപ്പന ചെയ്തതായി കമ്പനി അറിയിച്ചു. ഇതിന്റെ ഉല്പാദനത്തിന് രണ്ടാഴ്ചത്തോളം സമയം വേണ്ടിവരുമെന്ന് അവർ അറിയിച്ചു. നിലവിൽ എൻ‌എച്ച്‌എസിൽ വെറും 8,000 വെന്റിലേറ്ററുകളാണുള്ളത്. ആഭ്യന്തര, അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന് 8,000 കൂടി വാങ്ങാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. വൈറസ് ബാധിതരെ ചികിത്സിക്കാൻ എൻ‌എച്ച്‌എസിന് കുറഞ്ഞത് 30,000 എങ്കിലും ആവശ്യമാണെന്ന് ഇത് വെളിവാക്കുന്നു.

അതേസമയം സ്വയം തൊഴിൽ ചെയ്യുന്ന രോഗബാധിതരെ ലോക്ക്ഡൗൺ കാലത്ത് പിന്തുണയ്ക്കാൻ പുതിയ പാക്കേജ് ചാൻസിലർ റിഷി സുനക് അവതരിപ്പിച്ചു. രോഗം ബാധിച്ചവർക്കുള്ള സഹായം കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഉണ്ടായിരിക്കുമെന്നും ഇത് ലോകത്തിലെ ഏറ്റവും ഉദാരമായ പാക്കേജുകളിലൊന്നാണെന്നും റിഷി സുനക് പറഞ്ഞു. ക്ലീനർമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, സംഗീതജ്ഞർ, ഹെയർഡ്രെസ്സർമാർ തുടങ്ങിയവർക്ക് ഈ പാക്കേജ് സഹായമാകും. ഈ ജോലിക്കാരുടെ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ ശരാശരി പ്രതിമാസ ലാഭത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗ്രാന്റ് ലഭിക്കുക. നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജനുവരി 31 നഷ്‌ടമായ ആർക്കും ഈ പദ്ധതി നഷ്‌ടപ്പെടാതിരിക്കാനായി റിട്ടേൺ സമർപ്പിക്കാൻ നാല് ആഴ്ച സമയമുണ്ട്. സ്വയംതൊഴിലാളികളായ 95% പേർക്കും ഈ സഹായം സഹായിക്കുമെന്ന് ചാൻസലർ പറഞ്ഞു. ശരാശരി 200,000 പൗണ്ടിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് ഈ സഹായം ലഭിക്കില്ല. യോഗ്യതയുള്ളവരെ എച്ച്എം‌ആർ‌സി ബന്ധപ്പെടുകയും പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുകയും ചെയ്യും. 3.8 ദശലക്ഷം ആളുകൾ ഈ പദ്ധതിക്ക് അർഹരാണെന്ന് ട്രഷറി അധികൃതർ കരുതുന്നു. കൊറോണ വൈറസ് മൂലം വരുമാനം നഷ്ടപ്പെട്ടുവെന്ന് അപേക്ഷകർ ഒരു ഓൺലൈൻ ഡിക്ലറേഷൻ ഫോം വഴി അപേക്ഷകർ തെളിയിക്കേണ്ടതുണ്ട്. മെയ് മുതൽ മൂന്നുമാസം വരെ പരിരക്ഷ നൽകുമെങ്കിലും ജൂൺ തുടക്കത്തിൽ മാത്രമേ വരുമാന സഹായ ഗ്രാന്റുകൾ നൽകാൻ തുടങ്ങുകയുള്ളൂവെന്ന് ട്രഷറി പറഞ്ഞതിനെ തുടർന്ന് വിമർശനം ഉയർന്നു.

കൊറോണ വൈറസ് വാക്സിൻ കണ്ടെത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ധനസഹായമായി യുകെ, 210 മില്യൺ ഡോളർ പ്രഖ്യാപിച്ചു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ദേശീയ ആരോഗ്യ സേവനത്തെ പിന്തുണയ്ക്കാൻ 560,000 പേർ സന്നദ്ധത പ്രകടിപ്പിച്ചതായി ആരോഗ്യമന്ത്രി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. ഇത് അതിശയകരമായ വാർത്തയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലോകരാജ്യങ്ങളെല്ലാം കൊറോണ വൈറസ് വ്യാപനത്തിൽ തകർന്നടിയുകയാണ്. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. ആകെ മരണങ്ങൾ 25000ത്തോട് അടുക്കുന്നു. അമേരിക്കയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,000 ആണ്. ആകെ 85000 കേസുകൾ ആയതോടെ ചൈനയേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മുന്നിലെത്തി.

സ്വന്തം ലേഖകൻ

24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്യപ്പെട്ടവരിൽ കോവിഡ് 19 പോസിറ്റീവ് ആയത് ഒരു വലിയ സംഖ്യ. അതിൽ പലരും ഐസൊലേഷൻ വാർഡുകളിൽ തുടർന്നവരാണ്. ഹെയർഫോർഡ്ഷയറിലും വോർസെസ്റ്റർഷയറിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. യുകെയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൊത്തം 49 പേരാണ് പോസിറ്റീവ് ആയത്, അതിൽ ഗ്ലൗസെസ്റ്റർഷെയറിലെ റോയൽ ഹോസ്പിറ്റലിൽ കഴിഞ്ഞ ആഴ്ച ചികിത്സയിലായിരുന്ന ഒരു മുതിർന്ന പൗരൻ മരണപ്പെട്ടു.

വോർസെസ്റ്റർഷെയറിലെ അതിർത്തിക്കുള്ളിൽ 38 കേസുകളുണ്ട്, ഹെയർഫോർഡ്ഷയറിൽ 15ഉം സൗത്ത് ഗ്ലൗസെസ്റ്റർഷെയറിൽ 19 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിൽ‌ട്ട്ഷയറിൽ 34 കൊറോണ കേസുകളും, സ്വിൻഡനിൽ ഏഴും, ഓക്സ്ഫോർഡ്ഷയറിൽ 69 കേസുകളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാജ്യത്തുടനീളം സ്കൂളുകൾ മുഴുവൻ അടച്ചിട്ടിരിക്കുകയാണ്. എൻ എച്ച് എസ് രാജ്യത്തെ ജനങ്ങളോട് വീട്ടിനുള്ളിൽ തന്നെ ഇരിക്കാനും രോഗ ബാധ തടയാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാൻകോക്ക്, കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 422 ആയി ഉയർന്നെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരണസംഖ്യ കുറയ്ക്കാനായി ദയവുചെയ്ത് സഹകരിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച നൈറ്റിംഗേൽ ഹോസ്പിറ്റൽ എന്ന പേരിൽ 4000 രോഗികളെ ഉൾക്കൊള്ളാവുന്ന പുതിയ ഒരു ആശുപത്രി ഈസ്റ്റ് ലണ്ടനിൽ തുറന്നതായി അദ്ദേഹം പറഞ്ഞു.

ഗ്ലൗസെസ്റ്റർ ഷെയറിൽ 234000 ആളുകൾ കൊറോണ വൈറസ് മൂലം രോഗബാധിതരാവാൻ സാധ്യത ഉള്ളവരാണ്. എന്നാൽ യുകെ നടത്തിയ അലംഭാവപരമായ നിലപാടാണ് ഇത്രയധികം രോഗം പടർന്നു പിടിക്കാൻ കാരണമായതെന്ന് ഇറ്റലിയുടെ സയന്റിഫിക് അഡ്വൈസർ ആയ വാൾട്ടർ റിക്കാർഡി ആരോപിച്ചു. ഒരു പത്ത് ദിവസം മുൻപ് എങ്കിലും യുകെ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമായിരുന്നില്ല എന്നും, ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം കുറയുന്നത് കണ്ടെങ്കിലും നേരത്തെ യുകെ ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടത് ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ആശ്വാസം പകർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ തീരുമാനം.ജോലിക്ക് വരുന്ന സ്റ്റാഫുകളുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസ് ഒഴിവാക്കിയ ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയായി 50 പൗണ്ട് മുതൽ 200 പൗണ്ട് വരെ പാർക്കിംഗ് ഫീസ് ആയി സ്റ്റാഫുകൾ നൽകേണ്ടിയിരുന്നു. ഇതിനെതിരെ 415000 ത്തോളം സ്റ്റാഫുകൾ ചേർന്ന് ഒപ്പിട്ട പെറ്റീഷൻ സർക്കാരിന് സമർപ്പിച്ചിരുന്നു. കോവിഡ് ബാധ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളിലുള്ള കാർ പാർക്കിംഗ് ഏരിയകളും എൻഎച്ച്എസ് സ്റ്റാഫുകൾക്ക് സൗജന്യമായി നൽകുമെന്ന് നാഷണൽ കാർപാർക്കിംഗ് ഏജൻസി അറിയിച്ചു. എൻഎച്ച്എസ് സ്റ്റാഫുകൾ ചെയ്യുന്ന സേവനങ്ങൾ വലിയതാണെന്നും, അവരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.

അതിനാൽ തന്നെ ഇവരുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസുകൾ ഇളവാക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. 405,000 ത്തോളം വരുന്ന എൻഎച്ച്എസ് സ്റ്റാഫുകൾക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൻ നന്ദി അർപ്പിച്ചു. ഇവർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ ബാധയെത്തുടർന്ന് ബ്രിട്ടണിൽ ഇതുവരെ 578 പേരാണ് മരണപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി കാലഘട്ടത്തിൽ എൻഎച്ച്എസ് സ്റ്റാഫുകൾക്ക് പ്രചോദനം നൽകുന്നതിനായി ആളുകൾ എല്ലാവരും വീടുകൾക്ക് പുറത്തിറങ്ങി കൈയ്യടിച്ച് അവരെ പ്രോത്സാഹിപ്പിച്ചു. അയർലൻഡിൽ മാത്രം 19 പേരാണ് കൊറോണ ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ടുദിവസം പിന്നിട്ടിരിക്കുന്നു. ലോകമെങ്ങും 90 രാജ്യങ്ങളിലായി 1 കോടികണക്കിന് ജനങ്ങളാണ് രോഗം പടരാതിരിക്കാൻ വീടുകളിൽ തന്നെ കഴിയുന്നത്. ഈ അവസരത്തിലാണ് ലോകമെമ്പാടുമുള്ള പത്ര മാധ്യമങ്ങളുടെ അച്ചടിയും വിതരണവും സജീവ ചർച്ചയാകുന്നത്. ന്യൂസ് പേപ്പറുകൾ കൊറോണ വൈറസ് വാഹകരും അല്ലെന്നുമുള്ള ചർച്ചകൾ പത്രമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളും പൊടിപൊടിക്കുകയാണ്. ചെമ്പിൽ 4 മണിക്കൂറും, കാർഡ് ബോർഡിൽ 1 ദിവസവും, പ്ലാസ്റ്റിക്കിൽ 3 ദിവസവും കൊറോണാ വൈറസിന് അതിജീവിക്കാമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാവിലെ വീട്ടുപടിക്കൽ വരുന്ന പത്രക്കടലാസിലൂടെ വൈറസ് പകരും എന്ന രീതിയിലുള്ള സമൂഹമാധ്യമ പ്രചാരണത്തെ നേരിടാൻ ഒട്ടുമിക്ക അച്ചടി മാധ്യമങ്ങളും വാർത്തകൾ നൽകുകയും വീഡിയോകൾ പുറത്തിറക്കുകയും ചെയ്തിരുന്നു.

പത്രക്കടലാസ് കൊറോണ വൈറസ് പടരാൻ സഹായിക്കുമോ എന്നുള്ള കാര്യം ശാസ്ത്രം തെളിയിക്കട്ടെ. പക്ഷേ മലയാളം യുകെ ചർച്ചയാക്കുന്നത് അതീവ ഗുരുതരാവസ്ഥയിൽ വാർത്താ ശേഖരണം, അച്ചടി, പത്ര വിതരണം തുടങ്ങി മാധ്യമരംഗത്ത് ജോലി എടുക്കേണ്ടി വരുന്ന മനുഷ സഹോദരങ്ങളെക്കുറിച്ചാണ്. മാധ്യമ രംഗത്തെ മത്സരത്തിന്റെ ഭാഗമായി മുക്കിനും മൂലയിലും ഓടിനടന്ന് സെൻസിറ്റീവായ വാർത്തകൾ കണ്ടെത്തേണ്ടി വരുന്ന മാധ്യമ   സുഹൃത്തുക്കൾ. പുറത്തുപറയാൻ പറ്റാത്ത ഈ വൈഷമ്യമാണ് പല പത്രപ്രവർത്തക സുഹൃത്തുക്കളും മലയാളം യുകെയുമായി പങ്കു വച്ചിരിക്കുന്നത് . ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് പത്രവിതരണ ക്കാരാണ്. രാവിലെ എത്തുന്ന പത്രക്കെട്ടുകൾ പലപ്പോഴും ബസ്റ്റാൻഡ് പോലുള്ള വൃത്തിഹീനമായ സ്ഥലങ്ങളിൽ കൂട്ടം കൂടിയിരുന്ന് തരംതിരിച്ച് ലക്ഷോപലക്ഷം വീടുകളിൽ എത്തിക്കുമ്പോൾ എങ്ങനെ അവരും അവരുടെ കുടുംബാംഗങ്ങളും രോഗ സാഹചര്യങ്ങളിൽ നിന്ന് മുക്തരാണെന്ന്  പറയാൻ സാധിക്കും? ഒന്നിൽ കൂടുതൽ വായനക്കാരുടെ ശ്വാസ നിശ്വാസങ്ങൾ ഏറ്റുവാങ്ങിയ പത്രക്കടലാസ് രോഗമുക്തമാണോ?

എല്ലാ ദൃശ്യമാധ്യമങ്ങൾക്കും തന്നെ ഓൺലൈൻ ന്യൂസ് പോർട്ടലുകളും ന്യൂസ് ചാനലുകളും ഉണ്ട്. ലോക് ഡൗൺ പീരിഡിലെങ്കിലും വാർത്തകളും വിശേഷങ്ങളുമായി ജനങ്ങൾ ന്യൂസ് പോർട്ടലുകളെ ആശ്രയിക്കട്ടെ. നിർദേശങ്ങൾ പാലിക്കൂ നിങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പത്രപ്രവർത്തകരെയും, പത്ര വിതരണക്കാരെയും, മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന എല്ലാവരെയും കൂടി ഉദ്ദേശിച്ചാണ് എന്ന് മറക്കാതിരിക്കുക. ലോക് ഡൗൺ പീരിഡിൽ അച്ചടിമാധ്യമങ്ങൾ ഇല്ലെങ്കിലും വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചേരും.

സ്വന്തം ലേഖകൻ

ലണ്ടൻ : കൊലയാളി വൈറസ് ബ്രിട്ടന് കനത്ത ഭീഷണിയായി മാറുന്നു. ലോക്ക്ഡൗൺ അടക്കമുള്ള നടപടികൾ രാജ്യം സ്വീകരിച്ചിട്ടും ഇന്നലെ മാത്രം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1452 ആണ്. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 9529 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 43 മരണങ്ങൾ ഉണ്ടായി. ഇതോടെ ആകെ മരണസംഖ്യ 465ലേക്കും ഉയർന്നു. കേസുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ വർധനവ് അധികാരികളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതേസമയം കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ആളുകളുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. 504,303 പേർക്കും ഈ അവസ്ഥയിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത അറിയിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം സേവനത്തിലേക്ക് മടങ്ങിവന്ന എല്ലാ മുൻ എൻ എച്ച് എസ് ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.11,000 ത്തോളം മുൻ ഡോക്ടർമാർ ആരോഗ്യ സേവനത്തിലേക്ക് മടങ്ങിയെത്തും. കൂടാതെ അവരെ സഹായിക്കാൻ 24,000 അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളും ഒരുങ്ങിയിട്ടുണ്ട്.

ചാൾസ് രാജകുമാരനും ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ സിംഹാസനം വരെയും കൊറോണ ഭീഷണിയിൽ ആയിക്കഴിഞ്ഞു. നെഗറ്റീവ് പരീക്ഷിച്ച ഭാര്യ കാമില്ലയ്ക്കൊപ്പം സ്കോട്ട്‌ലൻഡിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ് അദ്ദേഹം. രോഗഭീതിയെത്തുടർന്ന് രാജകൊട്ടാരത്തിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുണ്ടായി. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് പോലും രാജ്ഞിയെ കാണുന്നതിന് നിയന്ത്രണങ്ങളുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി ഏപ്രിൽ 21 വരെ പാർലമെന്റ് അടച്ചുപൂട്ടി. പകർച്ചവ്യാധിയെ നേരിടാനുള്ള അടിയന്തര നിയമങ്ങൾ ഇരുസഭകളിലൂടെയും നടപ്പാക്കിയ ശേഷമാണ് ഒരുമാസത്തോളം പാർലമെന്റ് അടച്ചിടാനുള്ള തീരുമാനം സർക്കാർ കൈക്കൊള്ളുന്നത്. ലോക്ക്ഡൗൺ ദിനങ്ങളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. ബ്രിട്ടനുപിന്നാലെ ഇന്ത്യയിലും ലോക്ക്ഡൗൺ നടപ്പിലാക്കി. മൂന്നാഴ്ചത്തേക്കാണ് രാജ്യം അടച്ചുപൂട്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 12 മരണങ്ങളും 657 കേസുകളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തിൽ മരണസംഖ്യ ഇരുപതിനായിരം കടന്നു. 21,200 പേരാണ് ഇതിനകം മരണപെട്ടിരിക്കുന്നത്. 468, 905 പേർക്ക് രോഗം പിടിപെട്ടുകഴിഞ്ഞു. ഭയാനകമായ അന്തരീക്ഷത്തിലൂടെയാണ് ഇറ്റലി കടന്നുപോകുന്നത്. 7,500 മരണങ്ങൾ ഇതുവരെ സംഭവിച്ചുകഴിഞ്ഞു. ഇന്നലെ മാത്രം 5000ത്തോളം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിക്ക് പുറമെ സ്പെയിൻ, ജർമ്മനി, ഇറാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും കനത്ത ഭീഷണിയിലാണ്.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധ സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തിൽ, മോട്ടോർ വാഹന ഉടമകൾക്ക് ആശ്വാസമായി ബ്രിട്ടീഷ് സർക്കാരിന്റെ പ്രഖ്യാപനം. എം ഒ റ്റി ടെസ്റ്റിംഗ് ചെയ്യുവാൻ ആറുമാസത്തെ കാലാവധിയാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച, മാർച്ച്‌ 30ന് കാലാവധി തീരുന്ന വാഹനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇതോടെ അവശ്യ സേവനങ്ങൾക്ക് ഒരു മുടക്കവും വരത്തില്ലെന്നു ഗവൺമെന്റ് വക്താവ് അറിയിച്ചു. കാറുകൾക്കും,മോട്ടോർ സൈക്കിളുകൾക്കും, വാനുകൾക്കും എല്ലാം ഈ നിയമം ബാധകമാണെങ്കിലും, വാഹനങ്ങൾ എല്ലാം തന്നെ അത്യാവശ്യം റോഡിലൂടെ ഓടുന്നതിനാവശ്യമായ കണ്ടീഷനിൽ ആയിരിക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്. അത്യാവശ്യം റിപ്പയർ വർക്കുകൾക്ക് ഗ്യാരേജുകൾ എല്ലാം തന്നെ തുറന്ന് പ്രവർത്തിക്കുന്നതാണ്. സുരക്ഷിതമല്ലാത്ത വാഹനങ്ങൾ നിരത്തിലൂടെ ഓടിച്ചാൽ ഡ്രൈവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതാണ്.

നമ്മൾ സുരക്ഷയ്ക്കാണ് മുഖ്യ പ്രാധാന്യം കൊടുക്കേണ്ടത് എന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് അറിയിച്ചു. എം ഒ റ്റി ടെസ്റ്റിങ്ങിനു ആവശ്യമായ കാലാവധി നീട്ടിയതിനനുസരിച്ച്, ഇൻഷുറൻസ് കാലാവധികളും നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 30 മുതലാണ് ഈ നിയമം നടപ്പിലാക്കുന്നത്.

തിങ്കളാഴ്ചക്ക് മുൻപ് ഈ നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ആവശ്യമായ ചർച്ചകൾ വേണ്ടപ്പെട്ട ഡിപ്പാർട്ട്മെന്റുകളുമായി നടത്തും. നിയമം നടപ്പിലാക്കുന്നതിന് മുമ്പ് യാത്രചെയ്യുന്നവർക്ക് ടെസ്റ്റിംഗ് ബാധകമായിരിക്കും. എന്നാൽ ജനങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ ശ്രദ്ധിക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന ആളുകളുടെ വാഹനങ്ങൾക്ക് പ്രത്യേകം ഇളവുകൾ അനുവദിക്കും. ഡ്രൈവിംഗ് ടെസ്റ്റുകളും, ലോറി, ബസ്, ട്രെയിൻ കോച്ചുകൾ എന്നിവയുടെ ടെസ്റ്റിങ്ങുകളും മറ്റും മൂന്നുമാസത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഈ നിയമത്തെ എല്ലാവരും സ്വാഗതം ചെയ്തിരിക്കുകയാണ്. രോഗം പകരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും ജനങ്ങൾ എടുക്കണമെന്നും ട്രാൻസ്പോർട്ട് സെക്രട്ടറി ഓർമ്മിപ്പിച്ചു.

RECENT POSTS
Copyright © . All rights reserved