ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും(55) കാമുകി കാരി സിമൻസും(31) വിവാഹിതരാകാൻ പോകുന്നു. കഴിഞ്ഞവർഷം അവസാനം വിവാഹനിശ്ചയം കഴിഞ്ഞതായി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കാരി അറിയിച്ചു. തങ്ങൾക്ക് കുഞ്ഞു പിറക്കാൻ പോകുകയാണ്. വേനലാരംഭത്തിൽ കുഞ്ഞു പിറക്കുമെന്നും പോസ്റ്റിൽ കാരി വെളിപ്പെടുത്തി. ജോൺസന്റെ മൂന്നാം വിവാഹമാണിത്. അലീഗ്ര ഒവനാണു ആദ്യ ഭാര്യ. അഞ്ച് വർഷം നീണ്ട ദാമ്പത്യബന്ധം 1993ൽ അവസാനിച്ചു. അതേവർഷം ഇന്ത്യൻ വേരുകളുളള മറീന വീലറെ വിവാഹം ചെയ്തു. നാലു മക്കളുള്ള ആദ്യ ദാമ്പത്യബന്ധം 2018ൽ അവസാനിച്ചു.
അതിന്റെ വിവാഹമോചന നടപടികൾ അവസാന ഘട്ടത്തിലാണ്. 2019 ജൂലൈയിലാണ് പ്രധാനമന്ത്രി ജോൺസൺ 31 വയസുകാരി കാരിക്കൊപ്പം ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിലുള്ള ഔദ്യോഗിക വസതിയിലേക്കു മാറിയത്. 173 വർഷത്തിനിടെ ബ്രിട്ടനു ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രഥമവനിത കാരിയാണ്. കാരിയെ വിവാഹം കഴിച്ചാൽ പ്രധാനമന്ത്രി പദത്തിലിരിക്കെ പുനർവിവാഹം ചെയ്യുന്ന രണ്ടാമത്തെ ആളാകും ബോറിസ് ജോൺസൺ. 1769ൽ അഗസ്റ്റസ് ഹെൻറി ഫിറ്റ്സ്റോയിയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരിക്കെ മുമ്പ് പുനർവിവാഹം ചെയ്തത്.
സ്വന്തം ലേഖകൻ
ബ്രിട്ടീഷ് ടൗണുകളെ മുഴുവനായി പ്രളയത്തിലാഴ്ത്തിയ ജോർജ് കൊടുങ്കാറ്റ് ഇനി വരാനിരിക്കുന്ന കനത്ത മഞ്ഞുവീഴ്ചക്ക് മുന്നോടി എന്ന് സൂചന. പുതുതായി പണിത വീടുകൾ ഉൾപ്പെടെ കനത്ത വെള്ളപ്പൊക്കത്തിൽ മുഴുവനായി മുങ്ങിയ ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. മണിക്കൂറിൽ 70എംപിഎച്ച് കാറ്റും കനത്ത മഴയും ഇനിയും ഉണ്ടാവാൻ സാധ്യത. നോർത്ത് ഇംഗ്ലണ്ടിൽ ഇപ്പോൾ തന്നെ 185 ഫ്ലഡ് അലർട്ടുകൾ നിലവിലുണ്ട്. പ്രളയവും അതുമൂലമുണ്ടായ നാശനഷ്ടങ്ങളും വിശ്വസിക്കാനാവാത്തതാണെന്ന് ഈസ്റ്റ് യോർക്ക്ഷെയർകാരനായ കെവിൻ പറഞ്ഞു. തങ്ങളുടെ എല്ലാം വീടുകൾ മുങ്ങി കൊണ്ടിരിക്കുകയാണെന്നും, അത്രയധികം ആളുകൾ വസിച്ചിരുന്ന ഒരു സ്ഥലമാണ് ഇത് എന്ന് ഇപ്പോൾ വിശ്വസിക്കില്ല എന്നും കാതറിൻ പറഞ്ഞു.

78 വീടുകളും ബിസിനസ് സ്ഥാപനങ്ങളും പ്രളയത്തിൽ നശിച്ചു. നെറ്റ് ഓഫീസിലെ ചീഫ് മെട്രോളജിസ്റ്റായ ഫ്രാങ്ക് സൗണ്ടേഴ്സ് പറയുന്നത് ഇംഗ്ലണ്ടിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു ദിവസം കൊണ്ട് തന്നെ രണ്ടാഴ്ച പെയ്യാനുള്ള മഴ ലഭിച്ചു കഴിഞ്ഞു എന്നാണ്. സെവേറിന്, ഐറീ തുടങ്ങിയ നദികളുടെ തീരത്ത് താമസിക്കുന്നവർക്കാണ് കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. സ്ഥലം എംപി ആയ ആൻഡ്ര്യൂ പേഴ്സി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഗവൺമെന്റ് നിർദ്ദേശങ്ങൾ നൽകുകയും, ചെയ്തു. ഫ്ളഡ് റിസോഴ്സുകൾ കൃത്യമായ രീതിയിൽ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കോട്ട്ലൻഡിലെ ചില ഭാഗങ്ങളിലും നോർത്തേൺ ഇംഗ്ലണ്ടിലും ശക്തമായ കാറ്റ് തുടരുന്നുണ്ട്, മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട യെല്ലോ വാണിംങ് പലയിടങ്ങളിലും നിലവിലുണ്ട്. ലോക്കൽ അതോറിറ്റിയുടെ പ്ലാനിംഗ് ഡെവലപ്മെന്റ് ഹെഡ്ഡായ സ്റ്റീഫൻ ഹണ്ട് പറയുന്നത് ജലനിരപ്പ് ഉടനെയൊന്നും താഴാൻ സാധ്യതയില്ല എന്നാണ്, എങ്കിലും വരുംദിവസങ്ങളിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ദക്ഷിണ കൊറിയ : മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതി പടർത്തി കോവിഡ് 19. ആസ്ട്രേലിയയിലും യു.എസിലും ആദ്യ മരണം സ്ഥിരീകരിച്ചു. 2900ൽ ഏറെ രോഗികളാണ് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾക്കിടെ വീണ്ടും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന ചൈനയ്ക്കു പുറമെ, ദക്ഷിണ കൊറിയ, ഇറാൻ, ഇറ്റലി രാജ്യങ്ങളിലാണ് കോവിഡ്-19 ആശങ്ക ഏറ്റവും കൂടുതൽ. 86000ത്തോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 79000ത്തിൽ അധികം പേരും ചൈനയിലാണ്. 7,300ലേറെ പേർ അതിഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ചൈനീസ് ആരോഗ്യ അധികൃതർ അറിയിച്ചു.

ഇതിനിടെ ഇരുപതിലേറെ പേർ മരണപ്പെട്ട ദക്ഷിണകൊറിയയിൽ സ്ഥിതി കൂടുതൽ വഷളായി. ക്രിസ്ത്യൻ വിഭാഗമായ ഷിൻചിയോഞ്ചി സംഘത്തിലെ അംഗങ്ങൾ ചൈനയിലെ വൂഹാൻ സന്ദർശിച്ച് മടങ്ങിയെത്തിയതോടെയാണ് ദക്ഷിണ കൊറിയയിൽ രോഗം പടർന്നത്. രാജ്യത്തെ മൊത്തം രോഗികളിൽ 60 ശതമാനത്തിലേറെയും ഈ വിഭാഗക്കാരാണ്. ഷിൻചിയോഞ്ചി ചർച്ചിന്റെ സ്ഥാപകനായ ലീ മാൻ-ഹീ ആണ് വിവാദനായകൻ. കഴിഞ്ഞ മാസം തെക്കൻ നഗരമായ ഡേഗുവിൽ ഷിൻചിയോഞ്ചി ചർച്ച് അംഗങ്ങൾക്ക് രോഗം ബാധിച്ചതായി അധികൃതർ പറയുന്നു. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ആ വിഭാഗത്തിലെ 12 നേതാക്കൾക്കെതിരെ സിയോൾ സിറ്റി സർക്കാർ ഇന്നലെ പ്രോസിക്യൂട്ടർമാർക്ക് നിയമപരമായ പരാതി നൽകി. നരഹത്യ, പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മതവിഭാഗത്തോടുള്ള ജനങ്ങളുടെ ദേഷ്യം പരാതിയിൽ പ്രതിഫലിക്കുന്നുവെന്ന് സിയോളിലെ ബിബിസിയുടെ ലോറ ബിക്കർ പറയുന്നു. ഒപ്പം നേതാവ് ലീ മാൻ-ഹീ, താൻ മിശിഹയാണെന്ന് അവകാശപ്പെടുന്നു. സഭയിലെ 230,000 അംഗങ്ങളുമായി അഭിമുഖം നടത്തിയതിൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ഏകദേശം 9,000 പേർ പറഞ്ഞു.

റോമൻ കത്തോലിക്കാ പള്ളികൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പ്രധാന പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകൾ ഞായറാഴ്ചത്തെ ആരാധനകൾ റദ്ദാക്കുകയും ബുദ്ധമത പരിപാടികൾ എല്ലാം നിർത്തലാക്കുകയും ചെയ്തു. സാംസങ്, ഹ്യുണ്ടായ് കമ്പനികളും അടച്ചു. ഇതുവരെ 3,730 കേസുകളും 21 മരണങ്ങളും ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് ഏറ്റവും അപകടകരമായ സാഹചര്യത്തിലെത്തിയെന്നും ഇനി ഏതുവിധേനയും പടരാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 60ലേറെ രാജ്യങ്ങളിലാണ് ഇതിനകം രോഗം കണ്ടെത്തിയത്. അതീവജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ ഈ രോഗത്തെ നേരിടുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പുറത്തേക്ക് എന്ന സൂചനകൾ ശക്തം. സഹപ്രവർത്തകരായ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രീതിയുടെ പെരുമാറ്റം തികച്ചും മോശമാണെന്ന് ആരോപണങ്ങളാണ് ആഭ്യന്തരസെക്രട്ടറിക്കെതിരെയുള്ളത്. പ്രീതി അപമാനിച്ചതായി പറയപ്പെടുന്ന മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് റൂട്നം രാജിവെച്ചു. ഇതിനിടയിലാണ് പ്രീതിക്കെതിരെ മൂന്ന് വർഷം മുൻപ് പരാതികൾ ഉള്ളതായ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. ബിബിസിയും മിററും മറ്റുമാണ് ഈ തെളിവുകൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ ഗവൺമെന്റ് ഈ തെളിവുകളെ സംബന്ധിച്ച് ഇതുവരെ ഒരു വെളിപ്പെടുത്തലുകളും നടത്തിയിട്ടില്ല. ആഭ്യന്തരവകുപ്പും പ്രീതിയെ സംബന്ധിച്ച ഈ ആരോപണങ്ങൾക്കുമേൽ മൗനമായി ഇരിക്കുകയാണ്.

ഡൗണിങ് സ്ട്രീറ്റ് നടത്തിയ പ്രസ്താവനയിൽ ക്യാബിനറ്റിലെ ഓരോ അംഗത്തിനും മേൽ പ്രധാനമന്ത്രിക്ക് ശക്തമായ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കി. എന്നാൽ പ്രീതി പട്ടേലിന്റെ പേർ എടുത്തു പറഞ്ഞില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ പ്രസ്താവനയിൽ പ്രീതി പട്ടേലിനുമേൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു.

പ്രീതി പട്ടേലിനെതിരെയുള്ള ആരോപണത്തിനു മേൽ അന്വേഷണം നടത്തണമെന്ന ആവശ്യം ലിബറൽ ഡെമോക്രാറ്റുകൾ ഉയർത്തിയിരിക്കുകയാണ്. അങ്ങനെയെങ്കിൽ പ്രീതി പട്ടേൽ പുറത്തേക്ക് എന്ന സൂചനകളാണ് ലഭിക്കുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ചരിത്രകാരിയും, പ്രശസ്ത ക്ലാസ്സിസിസ്റ്റുമായിരിക്കുന്ന മേരി ബേർഡിനെ മ്യൂസിയം ട്രസ്റ്റുകളുടെ പുതിയ ലിസ്റ്റിൽ നിന്നും ഡൗണിങ് സ്ട്രീറ്റ് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ.ബ്രെക്സിറ്റിനെതിരെയുള്ള ശക്തമായ നിലപാടുകൾ മൂലം ആണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഈ നടപടി വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. തെരേസ മേയുടെ സമയത്താണ് മ്യൂസിയം ട്രസ്റ്റികളുടെ ഈ ലിസ്റ്റ് രൂപീകരിച്ചത്. ഇത്തരത്തിലൊരു നടപടി മ്യൂസിയത്തിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുമെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.മ്യൂസിയം ട്രസ്റ്റികളുടെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ശക്തമായ പങ്കാളിത്തമുണ്ട്.

തെരേസ മേയുടെ കാലത്ത് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ, മേരിയുടെ പേര് മുൻനിരയിൽ തന്നെയാണ്. എന്നാൽ ഏപ്രിൽ 2019 -ൽ ഈ ലിസ്റ്റ് ഒന്ന് പുനഃപ്രസിദ്ധീകരിച്ചപ്പോൾ മേരിയുടെ പേര് നീക്കം ചെയ്തു. ഡൗണിങ് സ്ട്രീറ്റ് പേര് നീക്കം ചെയ്താലും, മ്യൂസിയത്തിന് സ്വന്തമായി 10 പേരെ തിരഞ്ഞെടുക്കാനുള്ള അധികാരം ഉണ്ട്.

ബ്രെക്സിറ്റിനെതിരെയുള്ള തന്റെ ശക്തമായ നിലപാടുകൾ കൊണ്ട് മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മേരി ബേർഡ്. മുൻ പ്രധാനമന്ത്രിയായ തെരേസ മേയുടെ ബ്രെക്സിറ്റ് അനുകൂല നിലപാടുകളെയും ഇവർ ചോദ്യം ചെയ്തിരുന്നു. ഇത്തരം നിലപാടുകളുടെ പേരിലാണ് ഇപ്പോൾ മേരി മാറ്റി നിർത്തപ്പെട്ടിരിക്കുന്നത്.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവാഹിതനാകുന്നു. കഴിഞ്ഞ വർഷം മുതൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന 31കാരിയായ കാമുകി കാരി സൈമണ്ട്സ് ആണ് വധു. രണ്ടര നൂറ്റാണ്ടിനിടക്ക് ആദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചുമതലയിലിരിക്കെ വിവാഹിതനാകുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അവിവാഹിതരായ ഒരുമിച്ച് താമസിക്കുന്നതിെൻറ ആദ്യ ദമ്പതികളാണ് ബോറിസും കാരിയും. ഇരുവരുടെയും വക്താവാണ് വിവാഹിതരാകുന്ന കാര്യം മാധ്യമങ്ങളോട് അറിയിച്ചത്. നേരത്തെ രണ്ട് തവണ വിവാഹിതനായിരുന്ന 55 കാരനായ ബോറിസ് ജോൺസണ് നാലു കുട്ടികളുണ്ട്. 26 കാരിയായ വധുവുമായി 2018 ലാണ് വിവാഹ മോചിതനായത്.
ജോജി തോമസ്.
അടുത്തയിടെ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിൻ ഒരു പുതുയുഗപ്പിറവിക്ക് നാന്ദിയാവേണ്ടതാണ് കാരണം വർഗീയതയും, പ്രാദേശിക വാദങ്ങളും, ജാതി സമവാക്യങ്ങളും ദീർഘനാളായി ഫലം നിർണയിച്ചിരുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ വികസന അജണ്ട പ്രധാന തെരഞ്ഞെടുപ്പ് വിഷയമായത് എന്തുകൊണ്ടു പുരോഗമനപരമാണ്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി ഡൽഹിയിൽ നടന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് 70 നിയമസഭാ മണ്ഡലങ്ങളിൽ 60 നേടി വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ കാരണമായത്.
സേവനം അവകാശമാക്കിയ ആം ആദ്മി പാർട്ടിയുടെ സർക്കാർ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ വൻ പുരോഗതിയാണ് രാജ്യതലസ്ഥാനമായ ഡൽഹിയേ നയിച്ചത്. സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കിയ കേജ്രിവാളിന്റെ നിശ്ചയദാർഢ്യം ഒരു അഴിമതി രഹിത ഭരണം ഇന്ത്യയിൽ സാധ്യമാക്കാൻ കഴിയുമെന്ന് രാജ്യത്തിന് കാട്ടിക്കൊടുത്തു.

അടുത്തകാലത്തായി രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നൽകാനുള്ളത് വികസനത്തിന്റെ സന്ദേശമല്ല മറിച്ച് വെറുപ്പിന്റെയും, ഭിന്നിപ്പിന്റെയുമാണ്. അതുകൊണ്ടു തന്നെയാണ് ഡൽഹി നിയമസഭയിലേക്ക് വികസനവും, അഴിമതിരഹിത ഭരണവും വാഗ്ദാനം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട കെജ് രിവാളും കൂട്ടരും വ്യത്യസ്തരാകുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനിടയിൽ വിഭാഗീയത ആളിക്കത്തിച്ചും, രാമക്ഷേത്ര നിർമാണത്തിനുള്ള ഓർഡിനൻസ് പാസാക്കിയും ഭൂരിപക്ഷ സമുദായത്തെ കുടെ നിർത്താൻ ശ്രമിച്ച പ്രധാന എതിരാളികളായ ബി.ജെ.പി ക്ക് ജനങ്ങൾ നൽകിയ സന്ദേശമാണ് രാമക്ഷേത്രത്തേക്കാൾ പ്രധാനം ജനക്ഷേമം ലക്ഷ്യമാക്കിയുള്ള സദ്ഭരണമുള്ള രാമരാജ്യമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന്. വരുംകാലങ്ങളിൽ വികസനവും അഴിമതിരഹിത സദഭരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂലമായി ജനങ്ങൾ ചിന്തിക്കാൻ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് കാരണമായാൽ അത് ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു പുതിയ യുഗപ്പിറവിക്ക് കാരണമാകും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള് സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
സ്വന്തം ലേഖകൻ
പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധർ.
ചരിത്രത്തിലേക്കും ഏറ്റവും നനഞ്ഞൊലിച്ച ഫെബ്രുവരിയെന്ന് മെട് ഓഫീസ്. തുടർച്ചയായ നാലാം ആഴ്ചയും ബ്രിട്ടനിൽ കനത്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു. യുകെ യിലെ ശരാശരി മഴ 202.1മിമി ആണ്. ഇത് മുൻകാല റെക്കോർഡുകൾ ഭേദിക്കുന്നവയാണ്.

സൗത്ത് വെയിൽസ് പോലീസ് പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൗത്ത് വെസ്റ്റ് ഫയർ റെസ്ക്യു സർവീസ് മാത്രം 72ഓളം കോളുകൾ അറ്റൻഡ് ചെയ്തു. എമർജൻസി സർവീസുകൾ ലോക്കൽ അതോറിറ്റി പ്ലാനിങ് ഡിപ്പാർട്മെന്റ്കൾക്ക് ഒപ്പം ചേർന്ന് ആരോഗ്യമേഖല ഉൾപ്പെടെ സമന്വയിച്ചു പ്രവർത്തിക്കാനും നാശനഷ്ടങ്ങൾ കുറയ്ക്കാനും രംഗത്ത് എത്തിയിരുന്നു. സംഭവസ്ഥലങ്ങളിൽ പകൽ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നത് പോലെ, രാത്രിയും പ്രവർത്തനസജ്ജമാണ്.

മഴ നിലയ്ക്കാനും, കരകവിഞ്ഞൊഴുകിയ പുഴകൾ പൂർവ സ്ഥിതിയിലാകാനും ഉടനെ സാധ്യത ഉണ്ടെന്ന് സൂപ്രണ്ട് ആൻഡി കിങ്ഡം അറിയിച്ചു.വെയിൽസിൽ മാത്രം എട്ടോളം ഫ്ളഡ് വാണിംങ്ങും 25 ഫ്ളഡ് അലേർട്ടും ഇപ്പോൾ നിലവിലുണ്ട്. രാജ്യത്തിന്റെ പലയിടങ്ങളിലും യെലോ അലെർട്ട് നിലനിൽക്കുന്നു.രാജ്യത്തു മുഴുവനായി 80 ഫ്ളഡ് വാണിംങ്ങുകളും 200ഓളം അലെർട്ടുകളും നിലനിൽക്കുന്നു.യോർക്ക് ഷെയറിലെ പലയിടങ്ങളിലും വെള്ളം തടയാൻ 4 ടണ്ണോളം മണൽ ചാക്കുകൾ ഉപയോഗിച്ചിരിക്കുകയാണ്.സമാന സാഹചര്യം ആണ് പലയിടത്തും നില നിൽക്കുന്നത്.

സ്വന്തം ലേഖകൻ
ലണ്ടൻ : ചോക്ലേറ്റ് കമ്പനി ആയ മാർസ് അവരുടെ റിവേൽസ് എന്ന ഉത്പന്നം തിരിച്ചുവിളിച്ചിരിക്കുന്നു. ചോക്ലേറ്റിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന കാരണത്താലാണ് ഇതിപ്പോൾ തിരിച്ചുവിളിക്കുന്നത്. ലോഹ കഷണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ ചോക്ലേറ്റ് ഭക്ഷിക്കുന്നത് സുരക്ഷിതമല്ല. അത് കഴിക്കരുതെന്ന് മാർസ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതേ ഉല്പന്നത്തിന്റെ എല്ലാ പാക്കറ്റുകളിലും ഈ പ്രശ്നം കാണാൻ കഴിയുന്നില്ല. 006C2SLO00, 006D1SLO00 എന്നീ ബാച്ച് കോഡുകൾ ഉള്ളവയാണ് ബാധിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം 2021 ജനുവരി 31 ന് മുമ്പുള്ള 101 ഗ്രാം പാക്കറ്റുകളും കമ്പനി തിരിച്ചുവിളിച്ചു. മറ്റൊരു പാക്കേജുകളും പ്രശ്നമുള്ളതല്ലെന്ന് കമ്പനി അറിയിച്ചു.

ഉപഭോക്താക്കളുടെ താല്പര്യം കണക്കിലെടുത്താണ് ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതെന്ന് മാർസ് അറിയിച്ചു. ഒപ്പം ക്ഷമ ചോദിക്കാനും കമ്പനി തയ്യാറായി. യുകെയിലെ ഒട്ടുമിക്ക കടകളിലും മാർസ് റിവേൽസ് ലഭ്യമാണ്. ഒപ്പം ആമസോൺ, ടെസ്കോ, മോറിസൺസ് എന്നിവിടങ്ങളിലും റിവേൽസ് സുലഭമായി കിട്ടും. എന്നാൽ ബാധിക്കപ്പെട്ട ഉത്പന്നങ്ങൾ ഇനിമുതൽ കടകളിൽ ലഭ്യമാകില്ല. ലോഹ കഷ്ണങ്ങൾ ഉൾപ്പെട്ട ചോക്ലേറ്റ് വാങ്ങിയർക്ക് 0800 952 0084 എന്ന നമ്പറിൽ വിളിക്കുകയോ www.mars.co.uk/contactus എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം. കമ്പനി അതിനുള്ള പരിഹാരമാർഗങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

ഫാ. ഹാപ്പി ജേക്കബ്ബ്
പരിശുദ്ധമായ നോമ്പിന്റെ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുവാൻ നാം ഒരുങ്ങുകയാണ്. കാനാവിലെ കല്യാണത്തിന് പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ രൂപാന്തരഭാഗം ചിന്തയിലൂടെ കടന്നുവരികയും അതനുസരിച്ച് വലിയ നോമ്പ് അനുഗ്രഹമായി നാമോരോരുത്തരുടെയും രൂപാന്തരത്തിന് കാരണമാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ ആഴ്ച നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 12 മുതൽ 16 വരെയുള്ള വാക്യങ്ങൾ ആണ്.
കർത്താവ് തന്റെ പ്രേക്ഷിത പ്രവർത്തനത്തിലൂടെ ജനങ്ങളുമായി അടുത്ത് പെരുമാറുകയും അവർക്ക് വേണ്ട സ്വർഗ്ഗീയമായ കൃപകൾ സ്വായത്തമാക്കുവാൻ വഴി ഒരുക്കുകയും അതിലേക്കു അവരെ ആഹ്വാനം ചെയ്യുകയും, താൻ തന്നെയാണ് യഥാർത്ഥ വഴി എന്ന് അവർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു . ഇത്തരുണത്തിൽ കർത്താവ് കടന്നു പോകുന്ന വഴിയിൽ കുഷ്ഠ രോഗം ബാധിച്ച ഒരു മനുഷ്യൻ ഇരിക്കുന്നത് അവൻ കാണുകയും രോഗത്തെ അവൻ സൗഖ്യമാക്കുകയും ചെയ്യുന്ന ഒരു വേദഭാഗം ആണ് ഇവിടെ ഇവിടെ നാം ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്.
കർത്താവേ അവിടുത്തേക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് ഉള്ള പരിപൂർണ്ണമായ വിശ്വാസം അതാണ് ഈ ഭാഗത്ത് കാണുന്നത്. കാരണം മറ്റൊന്നുമല്ല, നാം ഒക്കെ സൗഖ്യം എന്നത്, നമ്മുടെ കഴിവ്, പ്രാപ്തി ഒന്നും അല്ല പകരം അവിടുത്തെ കൃപ മാത്രം എന്ന് തിരിച്ചറിയുവാൻ കഴിയണം.
ഇന്ന് നമ്മുടെ ലോകത്ത് ധാരാളം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കാണുകയും ഓരോ ദിനവും പുതിയതും ആധുനികവുമായ പല പല പ്രസ്ഥാനങ്ങളും ഉയർന്നു വരികയും ചെയ്യുന്നുണ്ട്. അത് നമുക്ക് നല്ലവണ്ണം അറിയുകയും അതിലൊക്കെ നാം ഭാഗമായി തീരുകയും ചെയ്യുന്നു. എന്നാൽ അതിൽ എവിടെയെങ്കിലും ആരുടെയെങ്കിലും രോഗങ്ങളെ സൗഖ്യം ആക്കുവാൻ ഞാൻ ഉറപ്പുതരുന്നു എന്ന ഒരു ഭാഗം ഇല്ല. നമുക്ക് ബോധ്യം ഇല്ല. കാരണം നാം കാണുന്ന, ഇന്ന് നാം അനുഭവിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് നമുക്ക് പ്രാധാന്യം ഉള്ളത്. അത് അല്ലാതെ മറ്റുള്ളവരുടെ ചിന്തകൾ, വേദനകൾ ,രോഗങ്ങൾ, നമുക്ക് അൽപ്പനേരത്തെ അനുകമ്പ അല്ലാതെ ഒരു ഭേദം വരുത്തുവാൻ നമുക്ക് കഴിയില്ല എന്ന് നാം മനസ്സിലാക്കണം.
ഇവിടെ ഈ മനുഷ്യൻ മറ്റെല്ലാ മാർഗ്ഗങ്ങളിൽ നിന്നും സൗഖ്യം ലഭിക്കാതെ വന്നപ്പോൾ ഇനി ഒരേ ഒരു മാർഗ്ഗം മാത്രമേ മുമ്പിൽ ഉള്ളൂ എന്ന് പൂർണ്ണമായി മനസ്സിലാക്കുകയും, കർത്താവ് കടന്നുവന്നപ്പോൾ അവന്റെ മുമ്പാകെ കർത്താവേ അവിടേക്ക് മനസ്സിൽ ഉണ്ടെങ്കിൽ എന്നെ സൗഖ്യം ആക്കുവാൻ കഴിയും എന്ന് അവൻ വചിക്കുന്നു. അപ്പോൾ കർത്താവ് അവനോട് എനിക്ക് മനസ്സുണ്ട് നീ സൗഖ്യം ആവുക. അങ്ങനെ അവൻ സൗഖ്യപ്പെടുകയും അവനെ പിൻപറ്റുകയും ചെയ്തു. കർത്താവ് അവനോട് പറഞ്ഞു നീ പോയി നിന്നെ തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുകയും, മോശ കല്പിച്ചതുപോലെ ഉള്ള പരിഹാരം നടത്തുകയും ചെയ്യുക. അവൻ അപ്രകാരം ചെയ്യുകയും കർത്താവിനെ പിൻപറ്റുകയും ചെയ്തു.
ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ധാരാളം കഠിനമായ രോഗങ്ങൾ നമുക്ക് കാണാം. അതിൻപ്രകാരം നാമോരോരുത്തരും രോഗങ്ങൾ ബാധിച്ചവരും ആണ്. പലതും ഈ മനുഷ്യന്റെ കുഷ്ഠരോഗത്തേക്കാൾ കാഠിന്യം ഏറിയതും, അതും സാധാരണ ചികിത്സാരീതികൾ ഫലിക്കാത്ത അവസ്ഥയിലുമാണ് ആണ്. അത് എപ്രകാരം എന്ന് നാം ഒന്ന് ചിന്തിക്കുവാനും ഉള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. അത് നമ്മുടെ ബലഹീനതകൾ, നമ്മുടെ ദുഷ് ചിന്തകൾ, നമ്മുടെ സ്വയം ആയ ഭാവങ്ങൾ എല്ലാം ഈ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണ്. ഇവിടെ മാനുഷികമായി ഒരു ചെറിയ പ്രവർത്തനം നമ്മുടെ ഭാഗത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. അതിനുള്ള അവസരമാണ് ആണ് ഈ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.
നമ്മുടെ പ്രവർത്തനങ്ങളും നമ്മുടെ ശ്രമങ്ങളും കർത്താവിന്റെ സന്നിധിയിൽ ആകുമ്പോൾ തീർച്ചയായും അവൻ നമ്മോടു പറയും മകനേ മകളെ നിന്റെ രോഗം സൗഖ്യം ആക്കാം. അവിടെയും നാം ശ്രദ്ധിക്കേണ്ടത് ദൈവത്തെ കൂടുതൽ അറിയുവാനും കൂടുതൽ അവന്റെ സന്നിധിയിൽ അടുത്തു വരുവാനും ഈ കൃപകൾ കാരണം ആകണം. അപ്രകാരം അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതം കർത്താവ് നമുക്ക് നൽകട്ടെ. മനുഷ്യരാൽ ആട്ടി അകറ്റുകയും, സമൂഹത്തിൽനിന്ന് ഒറ്റപ്പെടുകയും ചെയ്യുന്ന വിഷാദഭാവം ഉള്ള മക്കൾ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അവരുടെ രോഗമോ, രോഗലക്ഷണമോ കണ്ടാൽ നാം മനസ്സിലാക്കുകയാണെങ്കിൽ അവരെ ദൈവസന്നിധിയിൽ എത്തിക്കുവാനുള്ള ഉള്ള ഉത്തരവാദിത്വവും നമുക്ക് ഉണ്ട്. എന്നാൽ നാം പ്രാപിച്ചത് പോലും നാം മനസ്സിലാക്കാതെ പോകുമ്പോൾ ഈ നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഒരിക്കൽ നീയും ഇത് പോലെ രോഗി ആയിരുന്നു . എന്നാൽ ദൈവം നിന്നെ അതിൽനിന്നൊക്കെ വിമുക്തമാക്കി. ഇപ്പോൾ നീ ആയിരിക്കുന്ന അവസ്ഥയിൽ ആക്കിയതിന്റെ ഉദ്ദേശം നീയും രക്ഷയുടെ സന്ദേശം സ്വീകരിക്കുവാനും പകർന്നു കൊടുക്കുവാനും ആയിട്ടാണ്.
ഈ നോമ്പ് നമ്മെ പാപ രോഗങ്ങളിൽനിന്ന് വിമുക്തം ആക്കി അനുഗ്രഹത്തിന്റെ നല്ല ദിനങ്ങൾ നമുക്ക് നൽകട്ടെ. അതോടൊപ്പം തന്നെ കഷ്ടതയിലും, ഭാരത്തിലും, പ്രയാസത്തിലും കഴിയുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുവാൻ സാധ്യമാകണം. അപ്പോൾ മാത്രമാണ് നോമ്പ് പൂർണ്ണമാകുന്നത്. എന്നാൽ പലപ്പോഴും നമ്മുടെ കാര്യങ്ങൾ വിസ്മരിക്കുകയും സമൂഹത്തോടുള്ള നമ്മുടെ കടപ്പാട് മറന്നു പോവുകയും ചെയ്യുന്നു. ഇന്നു ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത് കയ്യെത്തി സഹായിക്കുവാൻ നമുക്ക് സാധിച്ചില്ലെങ്കിലും അവരെ ഓർത്ത് പ്രാർത്ഥിക്കുവാനും ഓരോ വിശുദ്ധ ബലിയിലും അവരുടെ പേരുകൾ എത്തിക്കുവാനും നമുക്ക് കഴിയണം. അവരുടെ ജീവിതങ്ങൾ കർത്താവ് കാണുവാൻ നാം കാരണം ആകണം. ഓരോ ദിവസവും നാം ഉപവസിക്കുമ്പോൾ ഭക്ഷണം വർജ്ജിക്കുപോൾ മറ്റുള്ളവരെ ഓർക്കുവാനും , അവരുടെ കഷ്ടങ്ങളിൽ പങ്കുകാരും ആകണം.
നാം അധിവസിക്കുന്ന ഈ സമൂഹത്തിൽ ഇന്ന് ഉണ്ടാകുന്ന ഈ രോഗങ്ങൾ നമ്മൾ മൂലമാണോ എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണ്. ഈ കുഷ്ഠരോഗിയുടെ സൗഖ്യദാനത്തെക്കുറിച്ച് മനസ്സിലാക്കുമ്പോൾ നമ്മുടെ പ്രാർത്ഥനകളും അപേക്ഷകളും ദൈവം കൈകൊണ്ട് നമ്മുടെ പാപ രോഗങ്ങളെ സൗഖ്യമാക്കുകയും അനേകർക്ക് അതിലൂടെ ആശ്വാസവും സൗഖ്യവും ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .അങ്ങനെ അനുഗ്രഹിക്കപ്പെട്ട നല്ല ദിവസങ്ങൾ നമുക്ക് ലഭിക്കുവാൻ ദൈവം കൃപ ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നോമ്പിന്റെ അനുഭവത്തിൽ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ തൽക്കാലം ഈ ഭാഗം നിർത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
ശുദ്ധമുള്ള നോമ്പേ സമാധാനതാലേ വരിക!
സ്നേഹത്തോടെ…

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.