Main News

ആതിര സരാഗ്, ഗോപിക. എസ്

ഇന്ന് മലയാള സാഹിത്യത്തിൽ മുഴങ്ങിക്കേൾക്കുന്ന പേരുകളിലൊന്നാണ് വി. ജെ. ജെയിംസിന്റേത്. കോട്ടയം വാഴപ്പള്ളി സ്വദേശിയായ ഇദ്ദേഹം 2019 ലെ വയലാർ അവാർഡ് നേടി തന്റെ യശസ്സ്  വർധിപ്പിച്ചിരിക്കുകയാണ്. പുറപ്പാടിൻറെ  പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം പ്രണയോപനിഷത്ത്, നിരീശ്വരൻ,  ആന്റിക്ലോക്ക് എന്നിവയാണ് പ്രധാന കൃതികൾ.

* മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ ഒ.വി.വിജയൻ, അക്കിത്തം, എം.കെ.സാനു,  ലളിതാംബിക അന്തർജ്ജനം തുടങ്ങിയവർ നേടിയ വയലാർ അവാർഡിന് അർഹനാകുക എന്നത് ഒരു വലിയ ഉത്തരവാദിത്വത്തിലേക്കല്ലേ നയിക്കുന്നത് ?

ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നും ഉത്തരവാദിത്വത്തോടെയാണ് ഞാനെന്റെ രചനകളെ സമീപിച്ചിരിക്കുന്നത്. അവാർഡിനെ ഒരു ഭാരമായി കരുതേണ്ടതില്ല. എന്നും പൂർണ്ണ ഉത്തരവാദിത്വത്തോടെ രചനകളെ സമീപിക്കണം എന്നാണ് എന്റെ ആഗ്രഹം.

* ശാസ്ത്രവും ദാർശനികതയും വിളക്കിച്ചേർത്ത് കൊണ്ടുപോകാൻ പ്രയാസമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഒരു ശാസ്ത്രജ്ഞനായും  സാഹിത്യകാരനായും ഒരുപോലെ ശോഭിക്കാൻ താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് സാധിക്കുന്നത്?

ശാസ്ത്രവും സാഹിത്യവും പരസ്പരപൂരകങ്ങളാണ്. അവയെ രണ്ടായി കാണേണ്ടതില്ല. ശാസ്ത്രം എന്നും എന്നെ തുണച്ചിട്ടേ ഉള്ളൂ. ശാസ്ത്രജ്ഞനായ അബ്ദുൾ കലാം ഒരു കവി കൂടിയായിരുന്നു. ശാസ്ത്രം ഇഴപിരിയാത്ത രീതിയിൽ  സാഹിത്യത്തിൽ അന്തർലീനമായിരിക്കുന്നു.

* അങ്ങയുടെ മിക്ക കൃതികളിലും പ്രകൃതി ഒരു പ്രധാനഘടകമാണ്. പ്രകൃതിയിലേക്ക് മടങ്ങിപ്പോകണം എന്ന സന്ദേശമാണോ  അങ്ങ് നൽകാൻ ആഗ്രഹിക്കുന്നത് ?

മനുഷ്യശരീരം പ്രകൃതിയുടെ ഒരു തുടർച്ചയാണ്. അതുകൊണ്ടുതന്നെ ഒരു മടങ്ങിപ്പോക്ക് എന്നതിനേക്കാളുപരി പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്ന ആശയമാണ് ഞാൻ മുന്നോട്ടുവയ്ക്കുന്നത്. അവയെ രണ്ടായി കാണേണ്ടതില്ല.

* ഒരു ഉപദേശകരീതിയിൽ തന്റെ രചനകളെ സമീപിക്കുന്ന ഒരു വ്യക്തിയല്ല താങ്കൾ. പക്ഷേ ‘പ്രണയോപനിഷത്ത്’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ഒരു ഉപദേശകരീതിയിൽ ഉള്ളതാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. താങ്കൾ എങ്ങനെ അതിനെ നോക്കിക്കാണുന്നു?

സിനിമ ഒരു വാണിജ്യകലയാണ്. തിരക്കഥാകൃത്ത് ‘പ്രണയോപനിഷത്ത്’ എന്ന കഥയെ ഒരു സിനിമയുടെ രീതിയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു. ഒരു വായനക്കാരൻ എന്നുള്ള നിലയിൽ അദ്ദേഹത്തിന് കഥ ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാം. ഞാൻ അതിൽ പ്രണയത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

* പുറപ്പാടിന്റെ പുസ്തകം,  ദത്താപഹാരം എന്നിവയിലെല്ലാം ഒരു യാത്ര പശ്ചാത്തലം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. താങ്കളുടെ യാത്രകൾ എന്തെങ്കിലും പുസ്തകരചനയെ സ്വാധീനിച്ചിട്ടുണ്ടോ?

ജീവിതം തന്നെ ഒരു യാത്രയല്ലേ.  ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള ഒരു  യാത്ര മാത്രമാണ് ജീവിതം. അതുകൊണ്ടുതന്നെ യാത്ര എന്നത്  രചനയിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. പല ആശയങ്ങളും ശക്തമായി അവതരിപ്പിക്കാൻ യാത്ര പശ്ചാത്തലം  സഹായകമാകുന്നു.

* എല്ലാ എഴുത്തുകാരും രാഷ്ട്രീയനിലപാട് തുറന്ന് പ്രകടിപ്പിക്കുന്നവരാണ്. താങ്കളുടെ രാഷ്ട്രീയനിലപാട് എന്താണ്?

എന്റെ രാഷ്ട്രീയനിലപാട് എന്റെ  പുസ്തകങ്ങളിൽ നിന്ന് വ്യക്തമാണ്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെ കൂടി ഉൾപ്പെടുന്ന ഒരു സമഭാവനയാണ് എന്റെ രാഷ്ട്രീയം. ഒരാൾ വെറുത്തുകൊണ്ട് മറ്റൊന്നിനൊപ്പം നിൽക്കുക എന്നത് സമഭാവനയല്ലല്ലോ. എല്ലാവർക്കുമൊപ്പം എത്തുന്നതാണ് എന്റെ രാഷ്ട്രീയം.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.

 

 

ഗോപിക. എസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..

പി. ഡി. ബൗസാലി

പതിനാറാം തീയതി രാവിലെ പത്തുമണിയോടുകൂടി നൈസായിലെ ഇനിയാതതൻ സത്രത്തിൽ നിന്നും ഞങ്ങൾ കേപ്പ് ടൗണിലേക്കു യാത്ര തിരിച്ചു. അഞ്ചര മണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ അഗൽഹാസ് (Agalhas )എന്ന സ്ഥലത്തു വന്നു. അവിടെ ഇന്ത്യൻ മഹാസമുദ്രത്തിൻെറ തീരത്തായി ഒരു ലൈറ്റ് ഹൗസുണ്ട്. ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി നിന്നാൽ ഇന്ത്യൻ മഹാ സമുദ്രവും, ആ സ്ഥലത്തിനു ചുറ്റുമുള്ള പട്ടണങ്ങളും മറ്റും കാണാം. ഈ സ്ഥലത്തിൻെറ ഒരു പ്രത്യേകത ഈ ലൈറ്റ് ഹൗസിനടുത്താണ് ഇന്ത്യൻ മഹാസമുദ്രവും അറ്റ്ലാന്റിക് സമുദ്രവും ഒത്തു ചേരുന്ന സംഗമ സ്ഥാനം. സൗത്താഫ്രിക്കയുടെ ഏറ്റവും തെക്കേ അറ്റമാണ് ഈ സംഗമസ്ഥാനം. അവിടെ പ്രത്യേകമായി അടയാളപ്പെടുത്തിയ ഒരു സ്ഥാനമുണ്ട്. നമ്മൾ നിന്നാൽ ഒരു കാല് ഇന്ത്യൻ മഹാസമുദ്രവും മറ്റേ കാല് അറ്റ്ലാന്ററിക് സാമുദ്രത്തിന്റെ ഭാഗത്തുമാണ്. ധാരാളം സന്ദർശകർ അവിടെ നിന്നു ഫോട്ടോയെടുക്കുന്നുണ്ടായിരുന്നു. തറയിൽ പ്രത്യേകമായ Indian ocean/ Atlantic ocean എന്ന് വലിയ അക്ഷരത്തിൽ പെയിന്റ് ചെയ്തിട്ടുണ്ട്. രണ്ടു സമുദ്രങ്ങളിലെയും ഓളങ്ങൾ തമ്മിൽ തഴുകുന്ന സ്ഥലത്ത് ഞങ്ങൾ കുറച്ചു സമയം ചിലവഴിച്ചു.

അവിടെ നിന്നും ഞങ്ങൾ Hermanus (ഹെർമാനസ്‌ ) എന്ന പട്ടണത്തിലേക്കു പോയി. രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് ഹെർമാനാസിത്തിലെത്തിയത്, നല്ല വീതിയുള്ള ടാറിട്ട റോഡാണ്. ഒരു പ്രത്യേകതയെടുത്തു പറയുവാനുള്ളത് മണിക്കൂറുകളോളം യാത്ര ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്നത് റോഡിന്റെ ഇരുവശവും മരുഭൂമിപോലെ, ഒരു വശം പാറക്കൂട്ടങ്ങളും മലകളും നിറഞ്ഞ വരണ്ട ഭൂമി. മറുവശവും ഏതാണ്ട് അതുപോലെ തന്നെ. മണിക്കൂറുകളോളം യാത്ര ചെയ്തു കഴിയുമ്പോഴാണ് മനുഷ്യവാസമുള്ള സ്ഥലങ്ങൾ കാണുന്നത്. ഞങ്ങൾ ഹെർമാനസിൽ താമസിച്ചു. ഈ സ്ഥലത്തിന്റെ പ്രത്യേകത, ഇതിനടുത്തുള്ള കടൽ ഭാഗത്ത്‌ ധാരാളം തിമിംഗലങ്ങൾ ഉണ്ട് (Whale Watch Area). പിറ്റേദിവസം തിമിംഗലങ്ങളെ കാണാൻ പോകാനായിരുന്നു ഞങ്ങളുടെ പ്ലാൻ. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ അന്നുരാവിലെ കടൽ പ്രഷുബ്ദമാവുകയും, തിമിംഗലങ്ങളെ കാണാറുള്ള സ്ഥലത്തേക്കുള്ള ബോട്ട് യാത്ര നിരോധിക്കുകയും ചെയ്തതിനാൽ ഞങ്ങൾ തിമിംഗലങ്ങളെ കാണാതെ യാത്ര തുടർന്നു മണിക്കൂറുകളോളം യാത്ര ചെയ്തു വൈകിട്ട് 9. 30മണിയോടുകൂടി കേപ് ടൗണിനു കുറച്ചു ദൂരത്തുള്ള കോ മിററി (Khommitte ) എന്ന സ്ഥലത്തുള്ള സെന്റ് ജോസഫ് സെമിനാരിയോട് ചേർന്നുള്ള ഗസ്റ്റ് റൂമുകളിൽ താമസിച്ചു.

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ മുൻ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ പ്രസിഡന്റ് , FISAT സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

കലോത്സവ നഗരിയിൽ നിന്ന് മലയാളം യുകെ ന്യൂസ് ടീം.

ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരി തെളിഞ്ഞു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ദീപം തെളിയ്ച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി നിശ്ചയിച്ചതിൽ പ്രകാരം രാവിലെ എട്ടു മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഗ്ലാസ്‌ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാൻ ലിവർപൂളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം ലിവർപൂളിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യുന്നു . പ്രോട്ടോ സിഞ്ചെല്ലൂസ് വെരി .റവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ വെരി .റവ. ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് , വെരി .റവ . ഫാ. സജി മലയിൽപുത്തൻ പുരയിൽ , കലോത്സവം ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് സി .എസ് .ടി , അസോസിയേറ്റ് ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറ , ചാൻസിലർ വെരി . റവ . ഫാ. മാത്യു പിണക്കാട്ട് , കലോത്സവം ചീഫ് കോഡിനേറ്റേഴ്‌സ് ആയ സിജി വൈദ്യാനത്ത് , റോമിൽസ് മാത്യു എന്നിവർ സമീപം .

മുൻ നിച്ഛയ പ്രകാരം ക്യത്വം ഒമ്പതു്മ്പത് മണിക്ക് തന്നെ കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടന്നു. ഔപചാരികമായ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിലവിളക്ക് തെളിയിച്ച് നിർവ്വഹിച്ചു. -ദൈവവചനം ആഘേഷമാക്കണ്ടതിന്റെ ആവശ്യകത മാർ ജോസഫ് സ്രാമ്പ്രിക്കൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടി കാട്ടി. ബെബിൾ കലോൽസവത്തിന്റെ പ്രാഥമിക ലക്ഷ്യം തന്നെ ദൈവവചനത്തിന്റെ ആലോഷമാണ്. ദൈവവചനം ഹൃദയത്തിൽ സൂക്ഷിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ബൈബിൾ കലോൽസവ വേദിയിലേയ്ക്കു് എത്തികൊണ്ടിരി ക്കുന്നത്. പ്രധാന വേദിയിലേകൃള്ള ഗതാഗത നിയന്ത്രണത്തിന് ലോക്കൽ പോലിസിന്റെ സഹായമുള്ളത് ബൈബിൾ കലോൽസവത്തിൽ പങ്കെടുക്കാൾ എത്തിയവർക്ക് സഹായകരമായി. ബൈബിൾ കലോത്സവംമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ മലയാളം യകെയിൽ ഉടൻ അപ് ലോഡ് ചെയ്യുന്നതായിരിക്കും.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ :കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്നു എന്ന് ചാരിറ്റി എൻഎസ്പിസിസിയുടെ വെളിപ്പെടുത്തൽ. 2018 – 19 വർഷത്തിൽ 4500ൽ അധികം കുട്ടികളാണ് ചൈൽഡ്‌ലൈനിലേക്ക് വിളിച്ചത്. കഴിഞ്ഞ വർഷങ്ങളേക്കാൾ 16%ത്തിന്റെ വർധനവ്. ഇത് ആശങ്ക ഉളവാകുന്ന ഒന്നാണെന്നു അവർ പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ ചെറുക്കാൻ അധ്യാപകർക്ക് മികച്ച പരിശീലനം ആവശ്യമാണെന്നും ചാരിറ്റി പറഞ്ഞു. ഓൺലൈൻ ഗെയിമുകളും സമൂഹമാധ്യമങ്ങളും വഴിയാണ് അത്തരക്കാർ കുട്ടികളെ കണ്ടെത്തുന്നത്.

ചൈൽഡ്‌ലൈന്റെ തലവൻ ഷോൺ ഫ്രിയൽ പറഞ്ഞു ; “ലൈംഗിക അതിക്രമങ്ങളിലെ വർദ്ധനവ് വളരെ പ്രധാന്യം അർഹിക്കുന്നു. ഒരു കുട്ടി, താൻ ചൂഷണത്തിന് ഇരയാകുവാണെന്നത് മനസ്സിലാക്കുന്നതും അത് വെളിപ്പെടുത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.” അധ്യാപകർക്ക് മികച്ച രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസ പരിശീലനം ആവശ്യമാണെന്നും എൻ‌എസ്‌പി‌സി‌സി അഭിപ്രായപ്പെട്ടു.

2020ൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ നിർബന്ധിത ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന ആശയത്തെ ഫ്രിയേൽ സ്വാഗതം ചെയ്തു. അടുത്ത വർഷം സെപ്റ്റംബർ മുതൽ പ്രായത്തിന് അനുയോജ്യമായ രീതിയിൽ ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തന്റെ പന്ത്രണ്ടാം വയസ്സിൽ ഓൺലൈൻ ചാറ്റിങ് വഴി ഒരു പുരുഷൻ തന്നെ ചൂഷണം ചെയ്തു എന്ന് 22 കാരിയായ ലൂസി വെളിപ്പെടുത്തി. മാറുന്ന സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി സ്കൂളുകൾ മാറേണ്ടതുണ്ടെന്ന് അവൾ സ്കൈ ന്യൂസിനോട് പറഞ്ഞു. 19 വയസ്സിൽ താഴെ ഉള്ളവർക്കായി കഴിഞ്ഞ വർഷം 250, 281 കൗൺസിലിംഗ് ക്ലാസുകൾ നടത്തുകയുണ്ടായി. 1986 മുതൽ ചൈൽഡ്‌ലൈൻ പ്രവർത്തിച്ചു വരുന്നു. മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ പങ്കുവെക്കാൻ ധാരാളം കുട്ടികൾ ചൈൽഡ്‌ലൈനിലേക്ക് വിളിക്കുന്നുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ജനറൽ ഇലക്ഷനിൽ വിജയിക്കുകയാണെങ്കിൽ 2030ഓടെ രാജ്യത്തെ മുഴുവൻ വീടുകളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും ഫ്രീ ഫുൾ ഫൈബർ ബ്രോഡ്ബാൻഡ് നൽകുമെന്ന വാഗ്ദാനവുമായി ലേബർ പാർട്ടി രംഗത്ത്. പദ്ധതിയുടെ ഭാഗമായി ബി ടി ദേശീയ വൽക്കരിക്കും എന്നും പദ്ധതിക്ക് ആവശ്യമായ ചെലവുകൾ ടെക് ഭീമൻ മാരിൽ നിന്നും ടാക്സിനത്തിൽ ലഭ്യമാക്കുമെന്നും പാർട്ടി പറഞ്ഞു. രാജ്യം മുഴുവൻ 20 ബില്യൻ പൗണ്ട് ചെലവിൽ മിഷനറി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി നടപ്പിലാക്കുമെന്ന് ഷാഡോ ചാൻസിലർ ജോൺ മക്‌ഡോന്നേൽ ഉറപ്പുനൽകി. എന്നാൽ കൊക്കിലൊതുങ്ങാത്തത് എന്നാണ് പദ്ധതിയെപ്പറ്റി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടത്.

നിലവിൽ ബ്രോഡ്ബാൻഡുകൾ തീരെ ലഭ്യമല്ലാത്ത ഇടങ്ങളിൽ ആദ്യം സൗകര്യം നൽകാൻ ശ്രമിക്കുമെന്ന് പാർട്ടി വാഗ്ദാനം നൽകുന്നു. പദ്ധതി വഴി ഷെയർ ഹോൾഡേഴ്സിന് ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടം ഗവൺമെന്റ് ബോർഡുകൾ വഴി പരിഹരിക്കുമെന്നും, ബി ടി യിലെ തൊഴിലാളികൾക്ക് പെൻഷൻ കാര്യം പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഗ്രീൻ ട്രാൻസ്ഫോർമേഷൻ ഫണ്ടിൽനിന്ന് ആവശ്യമായ ഫണ്ട് വകയിരുത്തും എന്ന് മാക്ഡോന്നേല്സ് പറഞ്ഞു.

എന്നാൽ പദ്ധതിയുടെ ചിലവ്, പ്രവർത്തനം എന്നിവ കൃത്യമായി വിലയിരുത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ബ്രോഡ്ബാൻഡ് ദാതാക്കൾ ബ്രിട്ടീഷ് ബ്രോഡ്ബാൻഡിനോട്‌ സഹകരിക്കുന്നില്ല എങ്കിൽ അവയെ പൊതുസ്ഥാപനങ്ങൾ ആക്കാനും ആലോചനയുണ്ട്. യുകെയിലെ മില്യൻ കണക്കിന് വരുന്ന ബ്രോഡ്ബാൻഡ് ബില്ലുകൾക്ക് പദ്ധതി അന്ത്യംകുറിക്കും എന്ന് കരുതുന്നു.

ബി ടി ചീഫ് എക്സിക്യൂട്ടീവ് ആയ ഫിലിപ് ജെൻസൺ പറയുന്നത് പദ്ധതി വിചാരിക്കുന്ന അത്ര എളുപ്പമാവില്ല എന്നാണ്. പത്തുവർഷംകൊണ്ട് പദ്ധതിയുടെ ചെലവ് 83 ബില്യൻ പൗണ്ട് ആയി ഉയരുമെന്ന് ടോറി പാർട്ടി ആരോപിച്ചു. മാത്രമല്ല ഈ പദ്ധതി നികുതിദായകർക്ക് വലിയൊരു ബാധ്യത ആവാനും സാധ്യതയുണ്ട്. ആസ്ട്രേലിയയിൽ 6 മില്യൺ ഓളം പേർക്ക് സൗജന്യ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്നുണ്ട്. എന്നാൽ സർവീസ് ക്വാളിറ്റി പലയിടങ്ങളിൽ പലതാണ് എന്നതിനാൽ അതിനെ പൂർണമായി ആശ്രയിക്കാൻ കഴിയില്ല.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : 2025 അവസാനത്തോടെ ഒരു സാർവത്രിക അടിസ്ഥാന വരുമാനം യുകെയിൽ നടപ്പിലാക്കുമെന്ന് ഗ്രീൻസ് പാർട്ടിയുടെ വാഗ്ദാനം. വികലാംഗർക്കും ഒറ്റപെട്ടു കഴിയുന്ന മാതാപിതാക്കൾക്കും ഉൾപ്പെടെ ജോലിക്ക് തടസ്സങ്ങൾ നേരിടുന്നവർക്ക് അധിക വരുമാനം ലഭിക്കും. അതുപോലെ എല്ലാ മുതിർന്നവർക്കും ആഴ്ചയിൽ 89 പൗണ്ട് വരെ ലഭിക്കും. ഈയൊരു പദ്ധതിയ്ക്ക് 76 ബില്യൺ ഡോളർ അധിക ചിലവ് വരുമെന്നും അത് നികുതിയിലൂടെ ലഭിക്കുമെന്നും പാർട്ടിയുടെ സഹനേതാവ് സിയാൻ ബെറി പറഞ്ഞു. ഈ നയം മുമ്പത്തേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു.

ഗ്രീൻ പാർട്ടിയുടെ പദ്ധതികൾ പ്രകാരം, സാർവത്രിക വായ്പയെ മാറ്റിസ്ഥാപിക്കാൻ വരുമാനത്തിന് കഴിയും. ഭവന ആനുകൂല്യവും പരിചരണത്തിന്റെ വേതനവും ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങളും പുതിയ പ്രതിഫലത്തിൽ ഉൾപ്പെടുത്തും, ഇത് അഞ്ച് വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ലഭിക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞ വേതനത്തിൽ മുഴുവൻ സമയവും ജോലി ചെയ്യുന്ന ഒരാൾക്ക് അദേഹത്തിന്റെ വരുമാനം 32% ആയി ഉയരുമെന്ന് പാർട്ടി വാഗ്ദാനം ചെയ്യുന്നു. ദാരിദ്ര്യത്തെ നേരിടാനുള്ള നയങ്ങളും ലക്ഷ്യങ്ങളും ഗ്രീൻ പാർട്ടിക്കുണ്ടെന്ന് സിയാൻ ബെറി പറഞ്ഞു. ” സാമ്പത്തിക സുരക്ഷ ഒരു നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതിന് കാരണമാവും.

സാർവത്രിക വരുമാനം ലഭിക്കുന്ന ആളുകൾക്ക് കൂടുതൽ പദ്ധതികൾ ഉണ്ടാകും, കൂടാതെ കൂടുതൽ ആളുകൾക്ക് ജോലി സമയം വെട്ടിക്കുറയ്ക്കാനും പുതിയ ഹരിത വ്യവസായം ആരംഭിക്കാനും കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും കഴിയും. അതുവഴി അവരുടെ ജീവിതം കൂടുതൽ മെച്ചപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു. സാർവത്രിക അടിസ്ഥാന വരുമാനം എന്ന ആശയം പടിഞ്ഞാറൻ കെനിയ, നെതർലാന്റ്സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം പരീക്ഷിച്ചിട്ടുണ്ട്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇംഗ്ലണ്ടിലെ ആശുപത്രികളുടെ പ്രവർത്തനം പുറകോട്ടെന്നു കണക്കുകൾ. ആശുപത്രിയുടെ പ്രകടനം, സേവനം എന്നിവയിൽ രാജ്യത്തെ ആശുപത്രികൾ ഏറ്റവും മോശപ്പെട്ട നിലയിലാണെന്നാണ് കണക്കുകൾ വെളിവാക്കുന്നത്. എല്ലാ വർഷവും സാമൂഹികാരോഗ്യത്തിനായി ലക്ഷങ്ങൾ ചിലവാക്കുന്നുണ്ട്. എന്നാൽ ഇത് പൊതുജനാരോഗ്യ പുരോഗതിക്ക് ഉതകുന്ന രീതിയിലല്ല. ആനുവൽ ഹെൽത്ത്‌ കെയർ ഇൻഡക്സ് പ്രകാരം യുകെ മുപ്പത്തിയഞ്ചാം സ്ഥാനത്താണ്. മുമ്പ് ഇത് 21 ആയിരുന്നു. ഇപ്പോൾ ഹോങ്കോങും സിംഗപ്പൂരും യുകെയ്ക്ക് മുന്നിലാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിൽ എൻ എച്ച് എസ് ഒരു പ്രധാന വിഷയം ആയി മാറിക്കഴിഞ്ഞു.

എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ ശരാശരിക്കും താഴെയാണ്. യുകെയിൽ അർബുദം, ഹൃദ്രോഗ മരണങ്ങൾ വളരെ കൂടുതലാണ്. ഇതിന്റെ പ്രധാന കാരണം രോഗികളിൽ രോഗനിർണയം നടത്താൻ താമസിക്കുന്നു എന്നതാണ്. ധനസഹായവും കുറഞ്ഞതോടെ എൻ എച്ച് എസിന്റെ പ്രവർത്തനങ്ങൾ താറുമാറായി. സാധ്യതയുള്ളവരുടെ ലിസ്റ്റിൽ 4.42 ദശലക്ഷം രോഗികളാണ് ഉള്ളത്. രോഗികൾക്ക് വേണ്ടത്ര പരിചരണം നൽകാൻ ആശുപത്രികൾക്ക് കഴിയുന്നില്ല. പ്രകടന കണക്കുകൾ വെറുപ്പുളവാക്കുന്നതാണെന്നും ഉദ്യോഗസ്ഥരുടെയും ധനസഹായത്തിന്റെയും അഭാവമാണ് ഇതിന് കാരണമെന്നും ലേബർ പാർട്ടി നേതാവ് കോർബിൻ പറഞ്ഞു. ടോറികൾക്ക് ഇക്കാര്യത്തിൽ ലജ്ജാകരമായ റെക്കോർഡ് ആണുള്ളതെന്ന് ലിബറൽ ഡെമോക്രാറ്റ് ആരോഗ്യ വക്താവ് ലൂസിയാന ബെർഗർ അഭിപ്രായപ്പെട്ടു. സാമൂഹ്യ പരിപാലനം, മാനസികാരോഗ്യം, പൊതുജനാരോഗ്യം എന്നിവയിൽ അധിക നിക്ഷേപം നടത്തുന്നതിനായി ആദായനികുതിയിൽ ഒരു രൂപ വർധിപ്പിക്കാൻ ലിബ് ഡെംസ് നിർദ്ദേശിക്കുന്നു.

ഫ്രാൻസെസ് റീഡ് എന്ന സ്ത്രീയ്ക്ക് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ മാസങ്ങൾ കാത്തിരിക്കേണ്ടതായി വന്നു. 2018 ഏപ്രിലിൽ നടക്കേണ്ടത് ജൂലൈ വരെ നീട്ടിവെച്ചു. ഇതുമൂലം വളരെ അധികം ബുദ്ധിമുട്ടാണ് താൻ അനുഭവിച്ചതെന്ന് റീഡ് വ്യക്തമാക്കി. ശരത്കാലം വരുന്നതോടെ രോഗങ്ങളും വർധിക്കും. അതുമൂലം പുതിയ കിടക്കകളും ആവശ്യമായി വരും. നിലവിലെ സർക്കാർ ഇതിൽ എന്ത് നപടികൾ കൈക്കൊള്ളുമെന്ന് കാണേണ്ടിയിരിക്കുന്നു. എൻ എച്ച് എസിന് കൂടുതൽ ധനസഹായം നൽകാനായി ശക്തമായ ഒരു സമ്പദ് വ്യവസ്ഥ ആവശ്യമാണ്. അത് സൃഷ്ടിക്കാൻ ടോറികൾക്കെ കഴിയൂ എന്ന് പ്രധാനമന്ത്രി ജോൺസൻ പറഞ്ഞു. എന്നാൽ ടോറി സർക്കാരിന്റെ കീഴിൽ എൻ എച്ച് എസ് ഒരു ദുരിതത്തിലേക്കാണ് പോകുന്നതെന്ന് ലേബർ ഷാഡോ ഹെൽത്ത്‌ സെക്രട്ടറി ജോനാഥാൻ അഷ്‌വർത്ത് പറഞ്ഞു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഈസ്റ്റ് ലണ്ടനിൽ അന്താരാഷ്ട്ര മനുഷ്യക്കടത്തിന്റെ ഭാഗം എന്ന് സംശയിക്കുന്ന 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 നും 40 നും ഇടയിൽ പ്രായമുള്ള 29 സ്ത്രീകളെ റൊമാനിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെറ്റ് ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി.ഇരകളെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു അറസ്റ്റിലായവരിൽ 14 പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണുള്ളത്.

റെഡ് ബ്രിഡ്ജ് ഹവറിങ് ബാർക്കിംഗ്, ഡാനിഎൻഹാം, ടൗൺ ഹാംലെറ്റ് എന്നിവിടങ്ങളിലെ വസ്തുവകകളുടെ പേരിൽ 16 വാറണ്ട് രേഖപ്പെടുത്തി. അറസ്റ്റിലായവർ 17 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്. വേശ്യാവൃത്തി, ആധുനിക അടിമത്തം, മയക്കു മരുന്ന് വ്യാപാരം എന്നിവ ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ സെൻട്രൽ പോലീസ് സ്റ്റേഷനിൽ തടവിലാണ്. അതേസമയം സമാനമായ കേസിൽ റൊമാനിയയിൽ 4 വാറണ്ട് രേഖപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചീഫ് ഇൻസ്പെക്ടർ റിച്ചാർഡ് മക്‌ഡോഗ് പറയുന്നു “സാധാരണക്കാരുടെ ജീവിതത്തിൽ ഇപ്പോഴും ആധുനിക അടിമത്ത സമ്പ്രദായം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ നിരവധിയാണ്. ഇന്നത്തെ ആസൂത്രിതമായ നീക്കത്തിലൂടെ കുറച്ചുപേരെ കുടുക്കാൻ കഴിഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ ഇതിന്റെ വേരുകൾ കണ്ടെത്താനും തടയാനും ശ്രമിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് നമ്മുടെ പ്രഥമലക്ഷ്യം.”

റൊമാനിയൻ പോലീസ് ഓഫീസേഴ്സ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ ഇനിയും ധാരാളം കേസുകൾ തെളിയിക്കാനും നേട്ടങ്ങൾ കൈവരിക്കാനും ആകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- വിവാഹം എല്ലാവരുടെയും മനസ്സിലെ സ്വപ്നമാണ്. എന്നാൽ വിവാഹങ്ങളെ സംബന്ധിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ആഡംബരം കുറഞ്ഞ വിവാഹങ്ങളാണ് കൂടുതൽകാലം നിലനിൽക്കുന്നതെന്ന പുതിയ വെളിപ്പെടുത്തലാണ് റിപ്പോർട്ടിലുള്ളത്. ബ്രൈഡൽ മാസികകളും, ഡയമണ്ട് കമ്പനികളുമെല്ലാം വിവാഹം അതിഗംഭീരമായി നടത്തുന്നതിനുള്ള നൂതന വഴികൾ തേടുമ്പോൾ, ഗവേഷകരുടെ വെളിപ്പെടുത്തൽ ഇതിനു വിപരീതമായാണ്.

സാമ്പത്തികശാസ്ത്ര പ്രൊഫസർമാരായ ആൻഡ്രൂ ഫ്രാൻസിസും, ഹ്യൂഗോ മിയാലോണും മൂവായിരത്തോളം ദമ്പതികളിൽ നടത്തിയ പഠനത്തിനു ശേഷമാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. വിവാഹ ചെലവുകൾക്ക് പ്രാധാന്യം നൽകുന്നവർ പുറംമോടിക്കാണ് പ്രാധാന്യം നൽകുന്നത്. അവരുടെ വിവാഹ ബന്ധം നീണ്ടു നിൽക്കാൻ ഉള്ള സാധ്യത കുറവാണ്. 2000 ഡോളറിൽ കൂടുതൽ വിവാഹമോതിരത്തിനായി ചിലവാക്കുന്നവരുടെ വിവാഹ ബന്ധങ്ങൾ തകരാനുള്ള സാധ്യത ഏറെയാണെന്ന് പഠനറിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ആയിരം ഡോളറിൽ താഴെ ഉള്ള ചെലവുള്ള വിവാഹങ്ങൾ നിലനിൽക്കാനുള്ള സാധ്യത ഏറെയാണെന്നും പറയുന്നു.

ദമ്പതികളുടെ സൗന്ദര്യം കണക്കിലെടുത്തു നടത്തുന്ന വിവാഹങ്ങളും നിലനിൽക്കാനുള്ള സാധ്യത കുറവാണെന്ന് പ്രൊഫസർ മിയലോൻ ഇൻഡിപെൻഡന്റിനു നൽകിയ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. വിവാഹജീവിതത്തിൽ ഹണിമൂണിന് വളരെ പ്രാധാന്യമുണ്ടെന്നും, ഹണിമൂണിന് പോകുന്നത് ദാമ്പത്യബന്ധത്തെ സുസ്ഥിരപ്പെടുത്തും എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. വിവാഹ ചെലവുകൾക്കായി ദൂർത്തടിക്കുന്നതിനേക്കാൾ , വിവാഹശേഷമുള്ള യാത്രകൾക്ക്പണം വിനിയോഗിക്കുന്നതാണ് ഉത്തമം. പുതിയ പഠനറിപ്പോർട്ടുകൾ ആധുനിക തലമുറയുടെ ചിന്താഗതിയെ തന്നെ മാറ്റിമറിക്കുന്നതാണ്.

മലയാളം യുകെന്യൂസ് ടീം

ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം നാളെ ലിവർപൂളിൽ നടക്കും. പ്രസ്റ്റൺ റീജിയൺ ആതിധേയത്വം വഹിക്കുന്ന ബൈബിൾ കലോത്സവം ലിവർപൂളിലെ ഡെ ലാ സാൽ അക്കാഡമിയിൽ അരങ്ങേറും. ഗ്ലാസ്‌ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാനെത്തുന്നത്. ഇരുപത്തി രണ്ടോളം ഇനങ്ങളിലായി അറുനൂറിൽപ്പരം പേർ പങ്കെടുക്കുന്ന വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പിനങ്ങളിലായി തൊണ്ണൂറോളം ടീമുകളും പങ്കെടുക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും കൂടിച്ചേരുമ്പോൾ സീറോ മലബാർ സഭയുടെ ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവത്തിനാണ് ബ്രിട്ടണിലെ ലിവർപൂൾ ഒരുങ്ങുന്നത്.

രാവിലെ എട്ട് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒമ്പത് മണിക്ക് കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടക്കും. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയ്ച്ച് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിനൊന്ന് സ്റ്റേജുകളിയായി മത്സരങ്ങൾ നടക്കും. കഴിഞ്ഞ രണ്ട് വർഷവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബൈബിൾ കലോത്സവം വിജയത്തിലെത്തിച്ച ഫാ. പോൾ വെട്ടിക്കാട്ടിലിന്റെ പരിചയസമ്പത്ത് മൂന്നാമത് ബൈബിൾ കലോത്സവത്തിന് മുതൽക്കൂട്ടാകുമെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു.

അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവൻ സമയ സാമിപ്യവും വികാരി ജനറാളന്മാരും അമ്പതോളം വൈദീകരും ഇരുപതോളം വരുന്ന സിസ്സ്റ്റേഴ്സിന്റേയും കൂടാതെ സൺഡേ സ്ക്കൂൾ അധ്യാപകർ, അൽമായ പ്രതിനിധികൾ തുടങ്ങിയവരുടെ സാധിദ്ധ്യവും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കും. വൈകുന്നേരം 5.30ന് മത്സരങ്ങൾ അവസാനിപ്പിക്കാനുള്ള തിരക്കിലാണ് സംഘാടകർ. 5.45ന് സമാപന സമ്മേളനം ആരംഭിക്കും. എട്ട് മണിയോട് കൂടി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീഴും.

നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മർ, ഫസ്റ്റ് എയിഡ് സംവിധാനങ്ങൾ, രുചികരമായ ഭക്ഷണക്രമീകരണങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് സുഗമമായ രീതിയിൽ മത്സരങ്ങളിൽ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് കോർഡിനേറ്ററന്മാരായ സിജി വാദ്യാനത്തിന്റെയും റോമിൽസ് മാത്യൂവിന്റെയും നേതൃത്വത്തിൽ ലിവർപൂളിൽ ഒരുക്കുന്നതെന്ന് രൂപതയുടെ വികാരി ജനറാളും ആതിധേയത്വം വഹിക്കുന്ന ലിവർപൂളിന്റെ ഇടവക വികാരിയുമായ റവ. ഫാ. ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞു.

പതിവ് വർഷങ്ങൾക്ക് വിപരീതമായി വളരെയധികം ആവേശത്തോടെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ റീജിയണിൽ നിന്നുമായി മത്സരാർത്ഥികൾ എത്തുന്നത്. രൂപതാസ്ഥാനത്തു നിന്നും അഞ്ഞൂറോളം മൈലുകൾ ദൂരത്തിലുള്ള സ്കോട്ലാന്റിൽ നിന്നും ഫാ. ജോസഫ് വെമ്പാടുംതറയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തേപ്പോലെ ഇത്തവണയും ബൈബിൾ കലോത്സവത്തിന് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകും. ബസ്സുകളിലും കാറുകളിലുമായി മത്സരാർത്ഥികൾ ഉൾപ്പെടെ മുന്നോറോളം വരുന്ന സമൂഹമാണ് ദൂരങ്ങൾ താണ്ടി ലിവർപൂളിലെത്തുന്നത്. സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം സ്കോട്ലാന്റിനെ സംബന്ധിച്ച് മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് ഫാ. ജോസഫ് വെമ്പാടുംതറ പറഞ്ഞു. 2018ലെ ബൈബിൾ കലോത്സവത്തിൽ സ്കോട് ലാന്റ് മൂന്നാമത് എത്തിയിരുന്നു. വളരെ ആവേശത്തോടെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിനെ യുകെ മലയാളികൾ നോക്കിക്കാണുന്നത്.

2018 ലെ ബൈബിൾ കലോത്സവത്തിൽ കവൻട്രി റീജിയൺ കിരീടം ചൂടിയപ്പോൾ നേരിയ വ്യത്യാസത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ രണ്ടാമതും എത്തിയിരുന്നു.

ബൈബിൾ കലോത്സവത്തിന്റെ എല്ലാ വിശേഷങ്ങളും വായനക്കാരിലേയ്ക്ക് എത്തിക്കാൻ മലയാളം യുകെയും വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത് .

RECENT POSTS
Copyright © . All rights reserved