Main News

ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം

കാലാവസ്ഥാ വ്യതിയാനം മൂലം ഭീഷണി നേരിടുന്ന വിവിധയിനം ശലഭങ്ങളും ചെറു പറവകളും യുകെ യിൽ കൂടുകൂട്ടുന്നു. കഴിഞ്ഞ ദശാബ്ദത്തിൽ വച്ചേറ്റവും കൂടുതൽ കുടിയേറ്റ ഇന ജീവിവർഗ്ഗങ്ങൾക്കാണ് ബ്രിട്ടൻ ആതിഥേയത്വമേകിയത്. നിശാശലഭങ്ങൾ, തുമ്പികൾ, ചെറു പറവകൾ തുടങ്ങിയ നൂറുകണക്കിന് വർഗ്ഗങ്ങളെയാണ് നാഷണൽ ട്രസ്റ്റിന്റെ സർവ്വേയിൽ കണ്ടെത്തിയിട്ടുള്ളത്.

‘പെയിന്റഡ് ലേഡി’ വിഭാഗത്തിൽപ്പെട്ട ശലഭങ്ങളാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌ . വരൾച്ചയും കാട്ടുതീയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവാസ വ്യവസ്ഥകൾക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ടെങ്കിലും 2019 ലെ കാലാവസ്ഥാ സാഹചര്യങ്ങൾ യൂറോപ്പിൽ നിന്നുള്ള നിരവധി ശലഭങ്ങൾക്കാണ് ആശ്രയമേകുന്നത് . 7500 മൈൽ ദൂരം പറക്കാൻ ശേഷിയുള്ള പെയിന്റഡ് ലേഡി ശലഭങ്ങൾ ഇതിനു മുൻപ് 2008ലാണ് യുകെ യിലേക്ക് ചേക്കേറിയിരുന്നത്. കുടിയേറ്റക്കാരിൽ രണ്ടാമൻ ഇംഗ്ലണ്ടിൽ നിന്നും വരുന്ന നീല നിറത്തോടുകൂടിയ വലിയ ശലഭങ്ങളാണ്.

ഇത്തരം അതിഥികളുടെ സാന്നിധ്യം നിലവിലുള്ള പ്രാണി വർഗ്ഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നുള്ള പഠനങ്ങളും പുറത്തുവരുന്നുണ്ട്. ഇത് വരൾച്ചയ്ക്കും കാട്ടുതീയ്ക്കും പുറമേ തദ്ദേശീയ ജീവിവർഗങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണെന്ന് നേച്ചർ കൺസർവേഷൻ ആൻഡ് റിസ്റ്റോറേഷൻ ഇക്കോളജി വിഭാഗം തലവൻ ബെൻ മക്കാർത്തെ അഭിപ്രായപ്പെടുന്നു.

മാർസ്ഡൻ മൂറിൽ ഉണ്ടായ കാട്ടുതീയിൽ 700 ഹെക്ടർ പ്രദേശത്തെ ആവാസവ്യവസ്ഥയാണ് കത്തിയമർന്നത്. കൂടാതെ ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ഉണ്ടായ അപ്രതീക്ഷിത മഴയിൽ നിരവധി ജീവജാലങ്ങൾ ഇല്ലാതായിരുന്നു. കാലാവസ്ഥാ വ്യതിയാനവും അതു മൂലമുയരുന്ന അന്തരീക്ഷ താപനിലയും ജീവിവർഗങ്ങളുടെ വംശനാശത്തിനു തന്നെ കാരണമാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ യു കെ പോലെയുള്ള ഒരു രാജ്യത്ത് ജീവിവർഗങ്ങളുടെ കുടിയേറ്റം കൂടുന്നു എന്നത് പ്രതീക്ഷയോടെയാണു വിലയിരുത്തപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ നിലനിൽപ്പിന് പ്രകൃതി സംരക്ഷണം അനിവാര്യമാണെന്ന തിരിച്ചറിവ് പൊതുജനങ്ങളിലേക്കെത്തിക്കുന്നതിലൂടെ തനതായ ആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രെസ്റ്റൺ: ലോകരക്ഷകനായ ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളായ പീഡാസഹന, കുരിശുമരണ, ഉത്ഥാനങ്ങളെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കാനൊരുങ്ങുന്ന വലിയനോമ്പുകാലത്ത്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ‘ഗ്രാൻഡ് മിഷൻ – 2020’ വാര്ഷികധ്യാനം നടത്തപ്പെടുന്നു. നോമ്പുകാലചൈതന്യത്തിൽ വിശുദ്ധവാരത്തിനൊരുങ്ങാനും വാർഷികധ്യാനത്തിലൂടെ ജീവിതനവീകരണം സാധ്യമാക്കാനുമാണ് മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ഗ്രാൻഡ് മിഷൻ എന്ന പേരിൽ രൂപതയിലുടനീളം നോമ്പുകാലത്ത് വാർഷികധ്യാനം സംഘടിപ്പിക്കുന്നത്.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾമാർ സാഹാരക്ഷാധികാരികളുമായുള്ള ‘ഗ്രാൻഡ് മിഷൻ – 2020’ ന്, വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് MCBS ഉം ദിവ്യകാരുണ്യ മിഷനറി സഭയിലെ (MCBS) ബഹു. വൈദികരും നേതൃത്വം നൽകും. രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സെന്ററുകളിലായി നടക്കുന്ന ഗ്രാൻഡ് മിഷൻ 2020 ൽ ഓരോ സ്ഥലങ്ങളിലുമുള്ള പരമാവധി ആളുകൾക്ക് പണ്ടകെടുക്കത്തക്ക രീതിയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും നടക്കുന്ന ധ്യാനങ്ങൾക്ക്, അതാത് സ്ഥലങ്ങളിലെ പ്രീസ്റ് ഇൻ ചാർജ്, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, വാർഡ് ലീഡേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകും. ഫെബ്രുവരി 21 ഏപ്രിൽ 5 വരെയുള്ള ദിവസങ്ങളിലായാണ് വിവിധ സ്ഥലങ്ങളിൽ ഗ്രാൻഡ് മിഷൻ നടത്തപ്പെടുന്നത്.

വി. പോൾ ആറാമൻ മാർപാപ്പ ഇറ്റലിയിലെ മിലാൻ ആർച്ചുബിഷപ്പായിരിക്കെയാണ് ദൈവവചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി ‘ഗ്രാൻഡ് മിഷൻ’ ആദ്യമായി ആവിഷ്കരിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ 8 റീജിയനുകളിലായി ധ്യാനം നടക്കുന്ന സ്ഥലവും ദിവസങ്ങളുമടങ്ങിയ സർക്കുലർ രൂപത പുറത്തിറക്കി. ലിസ്റ്റ് ചുവടെ:

ലിയോസ് പോൾ
  1938 മുതൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന, ഇന്ത്യൻ വംശജരുടെ ആദ്യകാല കൂട്ടായ്മയായിട്ടുള്ള ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11 ശനിയാഴ്ച 2 മണിക്ക് ബർമിംഗ്ഹാം ഇന്ത്യൻ കോണ്സുലേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു.
          ഇന്ത്യാ രാഷ്ട്രം രൂപം കൊണ്ടിട്ട് 72 വർഷങ്ങൾ പിന്നിടുന്ന ഈ കാലയളവിൽ,ചരിത്രത്തിൽ ഒരിക്കൽ പോലും ഉണ്ടാകാത്ത നിലയിലുള്ള മനുഷ്യവിരുദ്ധവും, ഭരണഘടനാവിരുദ്ധവും, അങ്ങേയറ്റം വിവേചനപരവുമായ നിയമമാണ് മോഡി അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇന്ത്യാ രാജ്യം അഭിമാനകരമായി കരുതി പോന്ന രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ സംസ്കാരവും തച്ചു തകർത്തു കൊണ്ട്  ഇന്ത്യാ  രാജ്യത്തെ ഇല്ലാതാക്കാനും, പകരം RSS സ്വപ്നം കാണുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും നടത്തുന്ന ഇത്തരം നീചമായ നടപടികൾക്കെതിരെ, സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയിലുടനീളം നടന്നു വരുന്നത്. ജെ എൻ യു ,ജാമിയ മില്ലിയ,അലിഗഡ്, ഹൈദരാബാദ് യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ സുപ്രധാന സർവകലാശാല വിദ്യാർത്ഥികളും, യുവജനങ്ങളും, മറ്റ് ബഹുജനങ്ങളും നടത്തുന്ന ജനാതിപത്യ സമരങ്ങളെ അടിച്ചമർത്താനാണ് മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ സർക്കാർ ശ്രമിക്കുന്നത്. പോലീസും സംഘപരിവാർ ഗുണ്ടകളും വിദ്യാർത്ഥികൾക്ക് മേലെ നടത്തുന്ന കിരാത നടപടികളിൽ പ്രതിഷേദിച്ചുകൊണ്ടും, സമരസങ്ങളില്ലാത്ത സമരത്തിൽ  അഹോരാത്രം പങ്കെടുത്തു കൊണ്ടിരിക്കുന്ന ഇന്ത്യൻ ബഹുജനതയോട് ഐക്യപ്പെട്ടുകൊണ്ടും ഇന്ത്യൻ വർക്കേഴ്സ് അസ്സോസിയേഷൻ നടത്തുന്ന പ്രതിഷേധ പരിപാടിക്ക് ബ്രിട്ടനിലെ മലയാളി സാംസ്‌കാരിക സംഘടനകളായ ചേതനയും സമീക്ഷയും ക്രാന്തിയും ഒപ്പം പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസ്സോസിയേഷനും പൂർണ പിന്തുണ നൽകിക്കൊണ്ട് പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
  ഇന്ത്യൻ പൗരത്വത്തിന് അർഹനാകാൻ മതം ആധാരമാകുന്നു എന്ന അങ്ങേയറ്റം അപരിഷ്‌കൃതവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമായിട്ടുള്ള CAA എന്ന ഈ വികൃത നിയമത്തെ ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യൻ ജനതക്ക് കരുത്തു പകരുവാനും, ലോക ജനശ്രദ്ധ ഈ വിഷയത്തിൽ ഉയർത്തി കൊണ്ടുവരാനും വേണ്ടി നടക്കുന്ന ഈ പ്രതിഷേധ കൂട്ടായ്മയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നുവെന്നും,ജാതി മത ഭേതമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : അവധിക്കാലത്തിന്‌ ശേഷം മടങ്ങിയെത്തിയ ബ്രിട്ടീഷ് പാർലമെന്റ് ചർച്ച ചെയ്തത് ഇറാന്റെ ഉന്നത സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയുടെ വധവും യുഎസ് – ഇറാൻ സംഘർഷങ്ങളും. സുലൈമാനിയുടെ കൈകളിൽ ബ്രിട്ടീഷ് സൈനികരുടെ രക്തവും പുരണ്ടിട്ടുണ്ടായിരുന്നുവെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. നിരപരാധികളായ സൈനികർക്കെതിരായ ആക്രമണത്തിന് ഇറാൻ സൈനിക ജനറലും ഉത്തരവാദിയാണെന്ന് അദ്ദേഹം കോമൺസിനോട് പറഞ്ഞു. തീവ്രവാദികൾക്ക് മെച്ചപ്പെട്ട സ്ഫോടകവസ്തുക്കൾ സുലൈമാനി നൽകിയിട്ടുണ്ടെന്നും അത് ബ്രിട്ടീഷ് സൈനികരെ കൊന്നൊടുക്കിയതായും ജോൺസൺ പറഞ്ഞു. നേരത്തെ ഇറാഖ് വ്യോമ താവളങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് ശേഷം “അശ്രദ്ധമായ” ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് അദ്ദേഹം ഇറാന് മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട വെള്ളിയാഴ്ചത്തെ ഡ്രോൺ ആക്രമണത്തിന്റെ നിയമസാധുതയെ ലേബർ നേതാവ് ജെറമി കോർബിൻ ചോദ്യം ചെയ്തു.

 

അതേസമയം, ഇന്നലെ ലോകം ഉണർന്നത് രണ്ടു ദുരന്തവാർത്തകൾ കേട്ടുകൊണ്ടാണ്. ഒന്ന് ഇറാന്റെ പ്രത്യാക്രമണവും രണ്ട്, ഇറാൻ വിമാനാപകടവും. ഖാ​സിം സു​ലൈ​മാ​നിയെ അമേരിക്ക ഡോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ശക്തമായ തിരിച്ചടി ഇന്നലെ നൽകുകയുണ്ടായി. ഇറാഖിലെ അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ ഇറാന്‍ മിസൈൽ ആക്രമണം നടത്തി. 80 സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആളപായമില്ലെന്നാണ് ഇറാഖ് അറിയിച്ചത്. പ്രാദേശിക സമയം പുലർച്ചെ അഞ്ചരക്കും ആറരക്കും ഇടയിലാണ് ആക്രമണങ്ങൾ നടന്നത്. സുലൈമാനിയുടെ മൃദദേഹം കബറടക്കി രണ്ടു മണിക്കൂറിനകമാണ് അമേരിക്കക്കെതിരെ ഇറാൻ പ്രത്യാക്രമണം നടത്തിയത്.


യുക്രെയ്ൻ യാത്രാവിമാനം ഇറാനിലെ ടെഹ്റാനിൽ തകർന്നു വീണ് 176 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. വിമാനാപകടത്തിൽ മരിച്ചവരിൽ മൂന്നു ബ്രിട്ടീഷുകാരും ഉൾപ്പെടുന്നു. ബിപി എഞ്ചിനീയർ സാം സോകെയ്, ലയിംഗ് ഓ റൂർക്ക് എഞ്ചിനീയർ സയീദ് തഹ്മാസെബി എന്നീ ബ്രിട്ടീഷ് പൗരന്മാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇറാനിൽ ഉണ്ടായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്ന് യുകെ വിദേശകാര്യ വക്താവ് പറഞ്ഞു. എത്ര ബ്രിട്ടീഷ് പൗരന്മാർ വിമാനത്തിലുണ്ടെന്നത് സംബന്ധിച്ച് അടിയന്തിരമായി സ്ഥിരീകരണം തേടുകയാണെന്നും ദുഃഖാർത്ഥരായ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു. ബാക്കിയുള്ള യാത്രക്കാരിൽ ഭൂരിഭാഗവും ഇറാനിൽ നിന്നുള്ളവരും കാനഡയിൽ നിന്നുള്ളവരും ആയിരുന്നു. യുക്രെയ്ൻ ഇന്‍റർനാഷണൽ എയർലൈൻ വിമാനം ഇമാം ഖാംനഈ വിമാനത്താവളത്തിന് സമീപമാണ് തകർന്നത്. അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്നാണ് നിഗമനം. പ്രാദേശിക സമയം 6:12ന് പുറപ്പെട്ട ബോയിങ് 737-800 ജെറ്റ് വിമാനമാണ് പറന്നുയർന്ന ഉടനെ ടെഹ്റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിൽ തകർന്നുവീണത്.

ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയായാണ് യുഎസ് – ഇറാൻ സംഘർഷം കനക്കുന്നത്. യുഎസ് – ഇറാൻ പോർവിളി യുദ്ധത്തിലേക്കു പോകരുതെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുകയുണ്ടായി. അമേരിക്കൻ വ്യോമാക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിൽ ന്യൂഡൽഹിയിലെ യുഎസ് എംബസിക്കു മുന്നിൽ പ്രതിഷേധം നടന്നു. ഓരോ ദിനവും യുദ്ധഭീതിയിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന കാര്യത്തിൽ സംശയമില്ല.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഹാരി രാജകുമാരനും, ഭാര്യ മേഗനും സീനിയർ രാജകുടുംബാംഗങ്ങൾ എന്ന പദവി ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സാമ്പത്തികപരമായി സ്വാതന്ത്ര്യം നേടാനുള്ള തീരുമാനത്തിലാണ് തങ്ങൾ എന്നും അവർ പറഞ്ഞു. യുകെയിലും, നോർത്ത് അമേരിക്കയിലുമായി തങ്ങളുടെ സമയം ചെലവഴിക്കാനാണ് ഇരുവരുടേയും തീരുമാനം. ഇരുവരുടെയും തീരുമാനത്തിൽ ബക്കിംഗ്ഹാം കൊട്ടാരത്തിനു അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ആരുമായും ചർച്ച ചെയ്യാതെയാണ് ഇരുവരും തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

തങ്ങളുടെ കുറെ നാളത്തെ ആലോചനകൾക്ക് ശേഷം ആണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത് എന്ന് ഹാരി രാജകുമാരൻ പറഞ്ഞു. എലിസബത്ത് രാജ്ഞിയോട് തങ്ങളുടെ എല്ലാ പിന്തുണയും അവർ പ്രഖ്യാപിച്ചു. എന്നാൽ തങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഹാരി രാജകുമാരന്റെ ഈ തീരുമാനത്തോട് രാജകുടുംബത്തിന് ശക്തമായ അമർഷം ഉണ്ടെന്ന് ബിബിസി റോയൽ കറസ്പോണ്ടന്റ് ജോണി ഡൈമോണ്ട് വ്യക്തമാക്കി. ഹാരി രാജകുമാരനും, ഭാര്യ മേഗനും, രാജകുടുംബവും തമ്മിലുള്ള ഭിന്നതകളെ ആണ് ഈ തീരുമാനം വെളിവാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കാലത്തും ഇവർ ആറു ആഴ്ചത്തെ അവധിയെടുത്ത് കാനഡയിൽ പോയിരുന്നു. രാജകുടുംബത്തിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ജനങ്ങൾ.

ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

ഡൽഹി : രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കാണ് അടുത്തമാസം ഡൽഹി കണ്ണു തുറക്കാൻ പോകുന്നത്.
പൗരത്വ നിയമത്തിനെതിരായ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്.
1,46,92,136 വോട്ടര്‍മാര്‍. എഴുപത് നിയമസഭാ മണ്ഡ‍ലങ്ങളിലായി
13,750 പോളിങ് സ്റ്റേഷനുകള്‍. ആം ആദ്മി പാര്‍ട്ടി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ  പാർട്ടികളുടെ തീപാറുന്ന ത്രികോണമല്‍സരമാണ് ഡൽഹി സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ഈ മാസം 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. കഴിഞ്ഞ തവണത്തെ വിജയമാവർത്തിക്കാൻ ആം ആദ്മി പാർട്ടി മത്സരരംഗത്ത് ഇറങ്ങുമ്പോൾ പ്രതിച്ഛായ മിനുക്കി രാജ്യഹൃദയം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുക. സഖ്യകക്ഷി ചേർന്നു മുൻതെരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനാകും കോൺഗ്രസിന്റെ പദ്ധതി. ആശങ്കകൾക്കും ആകുലതകൾക്കും നടുവിൽ നിൽക്കുന്ന രാജ്യത്തിന്റെ ഭാവിയാണ് രാജ്യതലസ്ഥാനം വിധിയെഴുതാൻ പോകുന്നത്. ആരു തന്നെ ജയിച്ചാലും വരുവാൻ പോകുന്ന മറ്റു തെരഞ്ഞെടുപ്പുകളെ അത് ബാധിക്കുമെന്ന് ഉറപ്പ്.

നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ഫെബ്രുവരി 8നാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ്. 11ന് വോട്ടെണ്ണല്‍. 13ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും.
പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമുണ്ടാകുമെന്നും
കേന്ദ്ര‌ ബജറ്റില്‍ ഡല്‍ഹിക്കായി പ്രഖ്യാപനങ്ങള്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യം, സൗജന്യ വൈ-ഫൈ, പുതിയ ജലവിതരണ കണക്ഷനുകൾക്കുള്ള നിരക്ക് കുറച്ചത്, മുതിർന്ന പൗരന്മാർക്ക് സൗജന്യതീർഥാടനപദ്ധതി എന്നിങ്ങനെ വ്യത്യസ്തമേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ്  അരവിന്ദ് കേജരിവാളിന്റെ തുറുപ്പ്ചീട്ട്. കഴിഞ്ഞ തവണത്തെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ല്‍ 67 സീറ്റും നേടിയാണ് എ.എ.പി അധികാരത്തിലെത്തിയത്.

എന്നാൽ  2017 ഏപ്രിലിൽ നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പും കഴിഞ്ഞവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പും തൂത്തുവാരിയതിന്റെ  ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. രാജ്യമെങ്ങും പ്രതിഷേധങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ഡൽഹി പിടിച്ചടക്കേണ്ടത് ബി.ജെ.പിയുടെ ഒരു ആവശ്യമായി മാറുന്നു. അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശരേഖ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാനാകും എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

പുതിയ തന്ത്രങ്ങൾ മെനഞ്ഞും സഖ്യകക്ഷി ചേർന്നും മറ്റു സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നടത്തിയ മുൻവിജയങ്ങൾ ആവർത്തിക്കുവാൻ കോൺഗ്രസും മുന്നിൽ തന്നെയുണ്ട്.
പൗരത്വനിയമത്തോടുള്ള എതിർപ്പ്, കേന്ദ്രസർവകലാശാലകളിലെ പ്രശ്നങ്ങൾ, നോട്ട് അസാധുവാക്കലിലെ ആശയകുഴപ്പം എന്നിവ ബിജെപിക്കെതിരാകുമ്പോൾ
അന്തരീക്ഷ മലിനീകരണമാണ് എഎപിക്ക് തിരിച്ചടി ആവുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാവാത്ത കോൺഗ്രസ് നില മെച്ചപ്പെടുത്തുവാൻ മികച്ച തന്ത്രങ്ങൾ തന്നെ പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവിൽ ഡൽഹി നിയമസഭയിൽ എ.എ.പി.ക്ക് 62 സീറ്റും ബി.ജെ.പി.ക്ക് 4 സീറ്റുമാണുള്ളത്. രജോരി ഗാർഡൻ എം.എൽ.എ. ആയിരുന്ന എ.എ.പി.യുടെ ജെർണയിൽ സിങ് പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കാനായി രാജിവെച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബി.ജെ.പി. 4 എന്ന  സംഖ്യയിലേക്ക് ഉയർന്നത്.

രാജ്യതലസ്ഥാനത്തെ പോരാട്ടത്തിൽ വിജയം ആർക്കൊപ്പമാണെങ്കിലും അത് ഈ വർഷം നടക്കുവാൻ പോകുന്ന ബിഹാർ, അസം തിരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു സൂചന തന്നെയായി മാറും. ഡൽഹിയിൽ മാത്രം വേരുകളുള്ള എ.എ.പിക്ക് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ഒരു പ്രാദേശികപാർട്ടിയുടെ മുന്നിൽ ദേശീയ പാർട്ടിയായ ബി.ജെ.പി വീണ്ടും മുട്ടുകുത്തുമോ എന്ന ചോദ്യത്തിനുള്ള മറുപടി നൽകാൻ ബിജെപിയും, ഷീല ദീക്ഷിതിന്റെ മരണത്തിനുശേഷം നഷ്ടപ്പെട്ടുപോയ പ്രതാപം തിരിച്ചു പിടിക്കാനായി കോൺഗ്രസും. ഡൽഹി ചൂടുപിടിക്കുകയാണ്, ശക്തമായ തെരഞ്ഞെടുപ്പ് ചൂട്. ഡൽഹി ആർക്കൊപ്പം,  ഉത്തരത്തിനായി കാത്തിരിക്കാം.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കാട് നാടായി മാറുന്നിടത്താണ് കാന്തൻ കഥപറയുന്നത്. മരങ്ങൾ വെട്ടിയും കുന്നുകൾ ഇടിച്ചുനിരത്തിയും പ്രകൃതിയെ ഇല്ലായ്മ ചെയ്യുന്ന നാമൊക്കെ തീർച്ചയായും ഈ ചിത്രം കാണണം. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രം സംവിധാനം ചെയ്തത് ഷരീഫ് സി ആണ്. വയനാട്ടിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പകർത്തിയ ചിത്രമാണിത്. പത്തു വയസ്സുകാരൻ കാന്തനും അവന്റെ മുത്തശ്ശിയും പിന്നെ ഒരു നായ്കുട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കാടിന്റെ കഥയാണ് ചിത്രം പറയുന്നത്.

തന്റെ ലോകം നിറമുള്ളതായി കാണാൻ കാന്തൻ ആഗ്രഹിക്കുന്നു. എന്നാൽ ആ നിറം കാരണം തന്നെ അവന്റെ ക്ലാസ്സിൽ ഏറ്റവും പുറകിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടി വരുന്നു. ദാരിദ്ര്യം മൂലം ഒറ്റ യൂണിഫോം ധരിക്കേണ്ടി വരുന്നു. എന്നാൽ തന്റെ ലോകം നിറമുള്ളതാക്കാൻ പരിശ്രമിക്കുന്ന കാന്തൻ വൃക്ഷങ്ങളാണ് അതിനായി തിരഞ്ഞെടുത്തത്.

കളഞ്ഞുകിട്ടിയ ഒരു മാവിൻ തൈ കൊണ്ടുവന്ന് നട്ട്, പരിപാലിച്ച് കൂടെ കൊണ്ടുനടക്കുന്ന കാന്തൻ മരം മുറിച്ചുമാറ്റുന്നവരെ ഭയപ്പെടുന്നവൻ കൂടിയാണ്. മാറ്റി നിർത്തപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥ പറയുന്നതോടൊപ്പം കർഷക ആത്മഹത്യയും ആദിവാസികളുടെ തനത് ജീവിത ശൈലിയും വിശ്വാസങ്ങളും ആചാരങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. വൃക്ഷത്തെ അത്രമാത്രം സ്നേഹിക്കുന്നത്കൊണ്ടാണ് അവൻ ഇത്തിയമ്മയോട് ആവശ്യപ്പെടുന്നത്, മരിച്ചാലും ഒരു മരമായി മുളച്ചുവരാൻ… എന്നാൽ മരങ്ങൾക്ക് എന്നും ഈ പ്രകൃതിയിൽ നിലനില്പില്ലെന്ന് ഒരു നിമിഷത്തിൽ തിരിച്ചറിയുന്ന കാന്തൻ സ്വയം പറിച്ചു മാറ്റി നടുന്ന മാവിനോടൊപ്പം മണ്ണിൽ ലയിച്ചുചേരുന്നുണ്ട്.

ഫെസ്റ്റിവൽ സിനിമകളുടെ സ്ലോ പേസ് തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. മനുഷ്യാവകാശ പ്രവർത്തകയായ ദയാഭായ് ആണ് ഇത്തിയമ്മ ആയി അഭിനയിക്കുന്നത്. കാലിഡോസ്കോപ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. മികച്ച സന്ദേശം നൽകി, തിരിച്ചറിവിന്റെ പാഠങ്ങൾ മനുഷ്യന് മുന്നിൽ തുറന്നിടുന്ന കാന്തനെ തീർച്ചയായും പരിചയപ്പെടുക

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ  സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8000 ഒഴിവുകളാണുള്ളത്. കേരള സർക്കിൾ/ സെന്ററിൽ 400 ഒഴിവുകളുണ്ട്. ഓൺലൈനിൽ അപേക്ഷിക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 26.

ഏതെങ്കിലും  ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.

ശമ്പളം: 11765–31450 രൂപ.

വിദ്യാഭ്യാസ യോഗ്യത (2020 ജനുവരി ഒന്നിന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.

പ്രായം: 2020 ജനുവരി ഒന്നിന് 20 – 28. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും മറ്റും ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷയിൽ (ഫെബ്രുവരി/മാർച്ച്) ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ   എബിലിറ്റി, റീസനിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്.

പ്രിലിമിനറി പരീക്ഷയ്‌ക്കു ശേഷം ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്കു മെയിൻ പരീക്ഷ നടത്തും. ഒബ്‌ജെക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് ഓൺലൈൻ വഴിയുള്ള മെയിൻ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം  ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ് / സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷനുണ്ടാകും.

കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ലക്ഷദ്വീപിൽ കവരത്തിയിലാണ് പരീക്ഷാകേന്ദ്രം.

സംവരണാനുകൂല്യമുള്ളവർ അഭിമുഖത്തിനു ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പട്ടികവിഭാഗം, വികലാംഗർ, വിമുക്‌തഭടൻ, ഒബിസി എന്നിവരുടെ ഇളവുകൾ സംബന്ധിച്ച വ്യവസ്‌ഥകൾ വിജ്‌ഞാപനത്തിലുണ്ട്.  കാഴ്‌ചക്കുറവുള്ളവർക്കു വ്യവസ്‌ഥകൾക്കു വിധേയമായി പരീക്ഷയെഴുതാൻ സഹായിയെ നിയോഗിക്കാം.

പട്ടികജാതി/വർഗം/ന്യൂനപക്ഷ സമുദായാംഗങ്ങൾക്ക് പ്രീ–എക്‌സാമിനേഷൻ ട്രെയിനിങ്ങിന് സൗകര്യമുണ്ട്. കേരളത്തിൽ തിരുവനന്തപുരത്താണ് പ്രീ–എക്‌സാമിനേഷൻ ട്രെയിനിങ്ങുള്ളത്.

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻ, വികലാംഗർക്ക് ഫീസില്ല. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം:  www.bank.sbi, www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്‌ഞാപനത്തിലെ നിർദേശങ്ങളും വ്യവസ്‌ഥകളും വായിച്ചു മനസിലാക്കണം.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വാഷിംഗ്ടൺ : ഇറാഖിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ. ഇറാഖിൽ നിന്നും വിട്ടുപോകാൻ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിന്മാറുന്നു എന്ന തരത്തിലുള്ള യു.എസ് ജനറലിൻെറ കത്ത് അദ്ദേഹം തള്ളി. ആ കത്ത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അതെവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും എസ്പർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാഖിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കുമെന്നറിയിച്ച് ഇറാഖിലെ യു.എസ് സൈന്യത്തിൻെറ ടാസ്‌ക് ഫോഴ്‌സ് മേധാവി ജനറൽ വില്യം എച്ച് സീലി സംയുക്ത സൈനിക ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ അമീറിന് അയച്ച കത്താണ് പുറത്തായത്.

ഇറാഖിൽ തങ്ങളുടെ അയ്യായിരത്തോളം സൈന്യം ഉണ്ടെന്ന് അമേരിക്ക അറിച്ചിരുന്നു. ഇറാൻ ജനറൽ ഖാസിം സുലൈമാനിയെ യു.എസ് കൊലപ്പെടുത്തിയതിനെ തുടർന്ന് വിദേശ ശക്തികൾ രാജ്യംവിടണമെന്ന് ഇറാഖ് പാർലമെന്റ് കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ മറുപടി. ഒപ്പം സുലൈമാനിയുടെ വധത്തെ തുടർന്ന് യുഎസ് സൈന്യത്തെയും പെന്റഗണിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചുള്ള പ്രമേയം ഇറാൻ പാർലമെന്റ് പാസ്സാക്കി. പ്രമേയത്തിന് പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായി വോട്ട് ചെയ്തതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


2015ലെ ആണവ കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്ന നടപടികൾ അരുതെന്ന് ഇറാനോട് ജർമനിയും ഫ്രാൻസും ബ്രിട്ടനും ആവശ്യപ്പെട്ടിട്ടുണ്ട്. സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ പ​ശ്ചി​മേ​ഷ്യ​യെ മു​ൾ​മു​ന​യി​ലാ​ക്കി യു​ദ്ധ​ഭീ​തി ക​ന​ക്കുകയാണ്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുള്ള ഏകദേശം 75 ലക്ഷത്തോളം ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ ലഭ്യമാണെന്ന്, ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ റിപ്പോർട്ട്. ഇതിൽ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം കണ്ണികളും ലൈംഗിക കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടവ ആണെന്ന് ചാരിറ്റി അറിയിച്ചു. ഈ വിവരങ്ങളെല്ലാം തന്നെ നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെബ്ബിൽ ലഭ്യമാണ്.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുസി ഹാർഗ്രീവ്സ് ഇതിനെ വലിയ ഒരു ദുരന്തം എന്നാണ് വിശേഷിപ്പിക്കുന്നത്. ക്ലിയർ വെബ് എന്നറിയപ്പെടുന്ന ദൈനംദിന ഓൺലൈൻ ശേഖരങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്. അതായത് നമ്മൾ വാർത്തകൾ കാണാനും വിവരശേഖരണത്തിനും ഷോപ്പിങ്ങിനും ആയി ഉപയോഗിക്കുന്ന നിത്യോപയോഗ മേഖലയിൽ. ഈ റിപ്പോർട്ടുകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതും ഭയാനകമായ വസ്തുതയാണ്.

എന്നാൽ ചാരിറ്റിയുടെ ഹോട്ട്‌ലൈൻ മാനേജറായ ക്രിസ് പറയുന്നത് ഈ വർദ്ധനവിന് പിന്നിൽ മറ്റ് കാരണങ്ങളും ഉണ്ടെന്നാണ്. ഇതിനായി കൂടുതൽ സ്റ്റാഫ് അവയർനസും വൈദഗ്ധ്യവും ആവശ്യമാണ്. ചൈൽഡ് അബ്യൂസ് എന്ന പേരിൽ ഞങ്ങളുടെ മുന്നിലെത്തുന്ന ചിത്രങ്ങളെല്ലാം ഞങ്ങൾ നിരീക്ഷിക്കാറുണ്ട്, എന്നാൽ അവയിൽ പലതും കുറ്റകൃത്യങ്ങൾ അല്ലതാനും. തെറ്റായ വിവരങ്ങൾ നൽകി ജനങ്ങൾ ഞങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്നത് കുറയ്ക്കണം. 2018 ൽ മാത്രം ചാരിറ്റിക്ക് ഇതിലൂടെ 150,500 പൗണ്ടാണ് നഷ്ടം വന്നിരിക്കുന്നത്, ഏകദേശം നാലര വർഷം സമയവും പാഴായി. ഇതിന്റെ വെബ്സൈറ്റ്, കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട കൃത്യമായ മാനദണ്ഡങ്ങൾ നൽകുന്നുണ്ട്. പൊതുജനങ്ങൾ അതനുസരിച്ച് പെരുമാറാൻ തയ്യാറാവണം.

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തീർച്ചയായും ഭയാനകമായ കുറ്റം തന്നെയാണ്, എന്നാൽ യാഥാർത്ഥ്യത്തെ മുഖവിലക്കെടുക്കാൻ നാമെല്ലാവരും തയ്യാറാകണമെന്ന് മിസ്സ് ഹാർഗ്രീവ്സ് ആവർത്തിച്ചു.

RECENT POSTS
Copyright © . All rights reserved