മസ്‌കത്ത്: ഒമാനിലെ റുസൈലിൽ താമസസ്ഥലത്തെ ജനലിലൂടെ താഴേക്ക് വീണ് മലയാളി ബാലിക മരിച്ചു. തൃശൂർ പിലാക്കാട് സ്വദേശികളായ പ്രദീപിന്റെയും ദിവ്യയുടെയും ഏക മകളായ ദക്ഷ പ്രദീപ് (4) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയുണ്ടായ അപകടം കുടുംബത്തെയും പ്രവാസി മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
സമീപത്തെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായി ജോലി ചെയ്യുന്ന പ്രദീപിനെ കാണാനായി ദിവ്യ പുറത്തുപോയ സമയത്താണ് ദക്ഷ ജനലിലൂടെ താഴേക്ക് വീണതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അടുത്തിടെയാണ് ദിവ്യയും മകളും സന്ദർശക വിസയിൽ ഒമാനിലെത്തിയത്. കുടുംബത്തിന്റെ ഏക മകളായ ദക്ഷയുടെ അപ്രതീക്ഷിത വിയോഗം ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മസ്‌കത്ത് കെഎംസിസി റുസൈൽ ഏരിയ കെയർ വിങ് ഭാരവാഹികൾ അറിയിച്ചു.











Leave a Reply