Middle East

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.

മാളിയേക്കല്‍ ജോസ് വര്‍ഗീസ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയ റിന്റു മോള്‍ നവംബര്‍ 13 -നാണ് തിരിച്ച്‌ ജോലിയില്‍ പ്രവേശിച്ചത്.

ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിക്കും. റോബിന്‍ ജോസ് ഏക സഹോദരനാണ്.

റിന്റു മോളുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളി നേഴ്‌സ് കുവൈറ്റിൽ നിര്യാതയായി. ധാർ അൽ ഷിഫാ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായിരുന്ന ചാലക്കുടി കുറ്റിക്കാട് സ്വദേശിനി ജോളി ജോസഫ് (48) ആണ് മരണമടഞ്ഞത്. ഇന്നലെ താമസ സ്ഥലത്ത് വച്ചായിരുന്നു ജോളിയുടെ മരണം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. ജോളി ജോസഫിന്റെ വേർപാടിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

35 വയസ്സുകാരനായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കണ്ണൂർ ചെറുപുഴ സ്വദേശിയായ ജിനേഷ് തോമസ് പൊടിമറ്റം ആണ് മരണമടഞ്ഞത്. തലശ്ശേരി രൂപതയിൽ പെട്ട കോലുവള്ളി ഹോളി ഫാമിലി ഇടവകാംഗമാണ്. സംസ്കാരം പിന്നീട് .

ജിനേഷ് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കുവൈത്തിൽ കഴിഞ്ഞ 23 ദിവസമായി തടവിൽ കഴിയുന്ന 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 ആരോഗ്യ പ്രവർത്തകരെയും വിട്ടയച്ചു. ഇവരിൽ 19 പേർ മലയാളി നേഴ്‌സുമാരാണ്.ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് ഇന്ന് ഉച്ചയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരെയും വിട്ടയച്ചത്. തടവിൽ കഴിയുന്ന നേഴ്‌സുമാരുടെ ബന്ധുക്കൾ ഇവരുടെ കൊച്ചു കുഞ്ഞുങ്ങളോടൊപ്പം ഇന്നലെ രാത്രി ആഭ്യന്തര മന്ത്രിയെ നേരിട്ട് സന്ദർശിക്കുകയും പരാതി അറിയിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ വീടിനു സമീപത്തുള്ള പള്ളിയിൽ വെച്ച്ചായിരുന്നു ഇവർ മന്ത്രിയോട് സങ്കടം ബോധിപ്പിച്ചത്. ഉടൻ തന്നെ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു മുഴുവൻ പേരെയും വിട്ടയക്കാൻ നിർദേശിക്കുകയായിരുന്നു. ഇതെ തുടർന്ന് ഇന്ന് കാലത്ത് രേഖകളുമായി ഫർവാനിയ താമസ കാര്യ വിഭാഗത്തിൽ എത്താൻ ആവശ്യപ്പെടുകയും ഇവരുടെ മോചനത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഇന്ന് ഉച്ചക്ക് 2 മണിയോടെ തടവിൽ കഴിയുന്ന മുഴുവൻ പേരും പുറത്തിറങ്ങുകയും ചെയ്തു.

പ്രസ്തുത വിഷയത്തിൽ നേരത്തെ കേന്ദ്ര മന്ത്രി വി . മുരളീധരൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 12 നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ 34 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്. ഇവരിൽ 19 പേർ മലയാളി നേഴ്‌സുമാരായിരുന്നു. ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് മറ്റുള്ളവർ. ഇവരിൽ പലരും 3 വർഷം മുതൽ 10 വർഷം വരെയായി ഇതെ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു .ഇറാനി പൗരന്റെ ഉടമസ്ഥതയിൽ വർഷങ്ങളായി നല്ല രീതിയിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചത് എന്ന് പിടിയിലാവരിൽ ചിലരുടെ ബന്ധുക്കൾ അറിയിച്ചിരുന്നു. പിടിയിലായ മലയാളി നേഴ്‌സുമാരിൽ മുഴുവൻ പേരും ഈ സ്ഥാപനത്തിൽ നിയമാനുസൃതമായാണ് ജോലി ചെയ്യുന്നത് . ഇവർ എല്ലാവരും സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിൽ ഉള്ളവരുമാണ്.

തടവിൽ കഴിയുന്ന നേഴ്‌സുമാരിൽ 5 പേർ മുലയൂട്ടുന്ന അമ്മമാരായിരുന്നു. ഇവരിൽ അടൂർ സ്വദേശിനിയായ യുവതിയുടെ ഒന്നര മാസം പ്രായമായ നവ ജാത ശിശു, ഇവരുടെ ഭർത്താവിന്റെ പരിചരണത്തിലാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത്. വിഷയത്തിൽ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് കുഞ്ഞുങ്ങളെ ജയിലിൽ എത്തിച്ച് മുലയൂട്ടുന്നതിന് കുവൈത്ത് അധികൃതർ സൗകര്യം ഏർപ്പെടുത്തിയിരുന്നു. എങ്കിലും അമ്മമാരുടെ യഥാർത്ഥ പരിചരണം ലഭിക്കാത്തതിനാൽ പല കുഞ്ഞുങ്ങൾക്കും ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു.ഇതിനിടയിലാണ് വിഷയത്തിൽ അപ്രതീക്ഷിതമായി ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ വിഭാഗം സയൻസ് അധ്യാപിക തെന്നടി സെൻറ് റീത്താസ് ഇടവകാംഗവും, ആലപ്പുഴ തകഴി പുതുപ്പറമ്പിൽ വർഗീസ് ഇയ്യോയുടെ ഭാര്യയുമായ പ്രിൻസി സന്തോഷ് (50) ജൂൺ 10 ശനിയാഴ്ച കുവൈറ്റിൽ നിര്യാതയായി. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. മക്കൾ : ഷോൺ , അയോണ (ഇരുവരും അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ) .

സംസ്കാര ശുശ്രൂഷ പിന്നീട് നാട്ടിൽ നടക്കും.

പ്രിൻസി സന്തോഷിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നാലുന്നാക്കൽ പാറപ്പാട്ട് ജിജോ ( 35 ) ബഹറിനിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു . നാട്ടിൽ വാകാത്താനം ആണ് സ്വദേശം . സംസ്കാരം പിന്നീട്.

ജിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ: 2023-ൽ കൈവശം വയ്ക്കാവുന്ന ഏറ്റവും മികച്ച പാസ്‌പോർട്ടുകൾ പുതിയ ആഗോള സൂചികയിൽ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായി ഏറ്റവും ശക്തമായ പാസ്‌പോർട്ടുള്ള രാജ്യമായി ലക്സംബർഗിനെ കണക്കാക്കിയിരുന്നെങ്കിലും, ഈ
വർഷം കണക്കുകൾ മാറിമറിഞ്ഞു. ഓഫ്‌ഷോർ കൺസൾട്ടിംഗ് സ്ഥാപനമായ നോമാഡ് ക്യാപിറ്റലിസ്റ്റ് സമാഹരിച്ച പട്ടികയിലെ 199 രാജ്യങ്ങളിൽ 2023 -ൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഒന്നാം സ്ഥാനത്തെത്തി. വിസ രഹിത യാത്രാ അവസരങ്ങൾ, പൗരന്മാരുടെ നികുതി, ഇരട്ട പൗരത്വ സാധ്യതകൾ, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് എല്ലാ രാജ്യങ്ങളെയും പട്ടികയിൽ റാങ്ക് ചെയ്തത്.

2020-ൽ യുകെയിൽ ചുവപ്പിന് പകരം നീല ബ്രിട്ടീഷ് പാസ്‌പോർട്ടുകൾ നിലവിൽ വന്നു. ഈ വർഷം, യുകെ പാസ്‌പോർട്ട് റാങ്കിംഗിൽ 30-ാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു എന്നുള്ളതാണ് വസ്തുത. അഞ്ച് വിഭാഗങ്ങളിലായി മൊത്തം 110.50 സ്‌കോർ നേടിയ യുഎഇ ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി. എന്നാൽ 2022-ൽ 35-ാം സ്ഥാനത്തും 2021-ൽ 38-ാം സ്ഥാനത്തുമായി നിലകൊണ്ട യുഎഇയുടെ തിരിച്ചുവരവ് എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ്. മറ്റ് മിഡിൽ ഈസ്റ്റേൺ പാസ്‌പോർട്ടുകളൊന്നും ആദ്യ 20-ൽ ഇടം പിടിച്ചിട്ടില്ല. ലക്സംബർഗ് രണ്ടാം സ്ഥാനത്തേയ്ക്ക് പോയപ്പോൾ, സ്വിറ്റ്സർലൻഡും അയർലൻഡും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തി.

കോർപ്പറേറ്റ് നികുതിയുടെ കുറഞ്ഞ നിരക്ക് കണക്കിലെടുത്തപ്പോൾ അയർലൻഡ് പോർച്ചുഗലിനൊപ്പം പട്ടികയിൽ നാലാമതെത്തി. എന്നാൽ അതേസമയം റാങ്കിങ്ങിൽ യുകെ പിൻതള്ളപ്പെട്ടു എന്നുള്ളതാണ് യാഥാർഥ്യം. കഴിഞ്ഞ വർഷം 109.50 സ്‌കോറുമായി 26-ാം സ്ഥാനത്തായിരുന്നു യുകെ . എന്നാൽ ഈ വർഷം അത് 30-ാം സ്ഥാനത്താണ്. യഥാക്രമം 38-ഉം 43-ഉം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ, യു.എസ് എന്നിവയെക്കാൾ യുകെ മുന്നിലാണ്.

വൃക്കയിലെ കല്ല് നീക്കുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതി മരിച്ചു. നെയ്യാറ്റിൻകര സ്വദേശിനി ചന്ദ്രികയാണ് മരിച്ചത്.പതിനെട്ട് വർഷത്തോളമായി ബഹറിനിൽ ജോലി ചെയ്തുവരികയായിരുന്ന ചന്ദ്രിക ശസ്ത്രക്രിയയ്ക്ക് വേണ്ടി കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. കുറച്ച് നാളുകളായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് വൃക്കയിൽ കല്ലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചതോടെ നാട്ടിലേക്ക് വരികയായിരുന്നു.

മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഈ മാസം പത്തൊമ്പതാം തീയതിയാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ യുവതിയെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ വെന്റിലേറ്റർ ഉപയോഗിക്കുന്നതിന്റെ കാരണം ആശുപത്രി അധികൃതരോട് ബന്ധുക്കൾ ചോദിച്ചപ്പോൾ ബിപി കുറവായതിനാലാണെന്നാണ് മറുപടി ലഭിച്ചത്.

അതേസമയം ചന്ദ്രികയുടെ മരണത്തിൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആരോഗ്യ വകുപ്പിലും പരാതി നൽകുമെന്ന് ബന്ധുക്കൾ പറയുന്നു.

 

 

പെരുന്നാൾ ദിനത്തിൽ ഷാർജ ഖോർഫുക്കാനിലുണ്ടായ ബോട്ടപകടത്തിൽ കാസർകോട്​ സ്വദേശി മരിച്ചു. നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പിലാണ്​ (38) മരിച്ചത്​. ബോട്ടിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ ആറുവയസ്സുകാരി ഗുരുതരാവസ്ഥയിലാണ്.

ശനിയാഴ്ച ഉല്ലാസയാത്ര നടത്തിയവർ കയറിയ ബോട്ട് മറിഞ്ഞാണ്​ അപകടമുണ്ടായത്​. 18 പേർ ബോട്ടിലുണ്ടായിരുന്നു. മലയാളിയാണ് ബോട്ട് ഓടിച്ചിരുന്നത്. അഭിലാഷ് ജോലിചെയ്ത ഷാർജയിലെ സ്ഥാപനത്തിൽനിന്നും എട്ടുപേരാണ്​ ബോട്ട്​ യാത്ര നടത്തിയത്​. കരയിൽനിന്നും ഒന്നര കിലോമീറ്റർ അകലെയെത്തിയപ്പോൾ ബോട്ട് മറിയുകയായിരുന്നുവെന്ന് ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷൗക്കത്ത് പറഞ്ഞു. അഭിലാഷ് ജോലിചെയ്ത സ്ഥാപനത്തിലെ ഡ്രൈവർ ആണ് ഷൗക്കത്ത്.

മറിഞ്ഞ ബോട്ടിന്‍റെ അടിയിൽപെട്ടതാണ് അഭിലാഷ് മരിക്കാൻ കാരണമായത്. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അപകടത്തിൽ മറ്റ്​ ചിലരും മരിച്ചതായി സൂചനയുണ്ട്​.

എട്ട്​ വർഷമായി ഷാർജയിൽ പ്രവാസിയായ അഭിലാഷ്​ വീട്​ എന്ന സ്വപ്​നം പൂർത്തിയാക്കിയത്​ അടുത്തിടെയാണ്​. നിർധന കുടുംബത്തിലെ അംഗമായ അഭിലാഷ്​ പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന്​ പോകാനിരിക്കെയാണ്​ അപകടം. ചോക്ലേറ്റ് വ്യാപാര സ്ഥാപനത്തിലെ ഹെൽപ്പറായിരുന്നു. കർഷകത്തൊഴിലാളികളായ മീത്തലെവീട് വിജയന്‍റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: അശ്വതി. മകൾ: അഭയ. സഹോദരൻ: അജീഷ് (ബഹ്‌റൈൻ). മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിക്കാനുള്ള ശ്രമം നടക്കുന്നു.

ദുബായിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം പത്തോളം പേര്‍ മരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. പാകിസ്ഥാന്‍, സുഡാന്‍ സ്വദേശികളും മരിച്ചിട്ടുണ്ട്.
അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചതായാണ് വിവരം.

ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. 16 പേര്‍ മരിച്ചതായും മൃതദേഹങ്ങള്‍ ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിരിച്ചിരിക്കുകയാണ്.
ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

അല്‍ റാസ് ഏരിയയിലെ ഫിര്‍ജ് മുറാറിലെ നാലു നില കെട്ടിടത്തില്‍ ശനി ഉച്ചക്ക് 12.35 ഓടെയാണ് തീപിടുത്തം ഉണ്ടായത്. ഉടന്‍ ദുബായ് സിവില്‍ ഡിഫന്‍സും പൊലിസും സ്ഥലത്തെത്തുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഉച്ചക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.

കെട്ടിടത്തിന്റെ നാലാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് വന്‍ പുകയും തീയും പടരുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.  പുകശ്വസിച്ചാണ് റിജേഷിന്റെയും ഭാര്യയുടെയും മരണം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. ട്രാവല്‍സ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയാണ് ജിഷി. മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അപകടകാരണങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചു.സിവില്‍ ഡിഫന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് സയീദ് ഫയര്‍ സ്റ്റേഷന്‍, ഹംരിയ ഫയര്‍ സ്റ്റേഷന്‍ എന്നിവടങ്ങളിലെ ടീമുകള്‍ രണ്ട് മണിക്കൂര്‍ കഠിനമായി പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും വക്താവ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved