ദുബായ്യിലെ ജബല് അലി തുറമുഖത്ത് വന് തീപിടുത്തം. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന കണ്ടയ്നറില് സ്ഫോടനമുണ്ടാകുകയും തീപടര്ന്നു പിടിക്കുകയുമായിരുന്നു. ഇന്ന് പുലര്ച്ചെയായിരുന്നു സംഭവം.
തീ പൂര്ണ്ണമായും നിയന്ത്രണവിധേയമാക്കിയതായി സിവില് ഡിഫന്സ് അറിയിച്ചു. പരിക്കോ ആളപായമോ ഇല്ല. 40 മിനിറ്റിനകം തീ നിയന്ത്രിക്കാന് കഴിഞ്ഞുവെന്ന് ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. വന് ശബ്ദത്തോടെ തീപടര്ന്നത് നഗരവാസികളെ ഏറെ നേരം ആശങ്കയിലാക്കി.
A fire caused by an explosion within a container on board a ship at Jebel Ali Port has been brought under control; no casualities have been reported. pic.twitter.com/oMTaJhgEYd
— Dubai Media Office (@DXBMediaOffice) July 7, 2021
സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരിയുമായി സംസാരിച്ച് സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ച് മലയാളി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് പ്രവാസികള് കേട്ടത്. തൃശൂര് കീഴൂര് സ്വദേശി സതീഷ് (55)ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാര് കമ്പനിയില് ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഷാര്ജയില് താമസിക്കുന്ന സന്തോഷ് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചതെന്ന റിപ്പോര്ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞയാഴ്ച അഷ്റഫ് താമരശ്ശേരിയെ ഫോണ് വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാള് ആത്മഹത്യ ചെയ്തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യര്ഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്റഫ് താമരശ്ശേരി ഫെയ്സ് ബുക്കില് പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.
അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പ്
ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള് ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല് ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില് എപ്പോഴോ ഒരു ഫോണ് കോള് എനിക്ക് വന്നിരുന്നു.ഷാര്ജയിലെ ഒരു സന്തോഷിന്റെ ഫോണ് ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള് മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന് സാധിക്കും.
ഞാന് സന്തോഷിനോട് ചോദിച്ചു,അയാള് എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള് പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല് ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാന് എന്ന് ഞാന് മറുപടി നല്കുകയും ചെയ്തു.കമ്പനിയിലെ PRO അഷ്റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള് ഫോണ് വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ് എനിക്ക് വന്നത്.
ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്ജയില് നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള് വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങള് ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന് ആ കമ്പനിയുടെ PRO യോട് ചോദിച്ചു. രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള് മറുപടി നല്കിയപ്പോള്,ഞാന് വീണ്ടും ചോദിച്ചു.
നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു, അഷ്റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള് തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന് അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്തോഷ് തന്നെയാണ്. സഹോദരാ മരിക്കുവാന് പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്,ഞാന് വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാന് കഴിയാത്ത എന്ത് പ്രശ്നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിന്റെ പ്രശ്നം,അത് എന്നാേട് പറയാമായിരുന്നില്ലേ…..
വളരെയധികം വേദനയോടെ
അഷ്റഫ് താമരശ്ശേരി
സൗദി അറേബ്യയില് വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞ മലയാളി മരിച്ചു. പുനലൂര് കരവാളൂര് സ്വദേശി ജയഘോഷ് ജോണ്(42)ആണ് ഹായിലിലെ ആശുപത്രിയില് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ ചികിത്സയില് കഴിയുകയായിരുന്നു ജയഘോഷ്.
സ്വകാര്യ ബേക്കറിയില് സെയില്സ് മാനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. പിതാവ് ജോണ് ചാക്കോ, മാതാവ് മിയ ജോണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
ഒമാനില് കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടന് ആണ് വൈറസ് ബാധയെ തുടര്ന്ന് മരിച്ചത്. 51 വയസായിരുന്നു. ഒമാനിലെ ബുറൈമിയിലായിരുന്നു അന്ത്യം. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കില് ജോലിചെയ്തുവരികയായിരുന്നു.
കഴിഞ്ഞ 12 വര്ഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവര്ത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്ലസ് ഹോസ്പിറ്റല്, എന്എംസി ഹോസ്പിറ്റല് എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.
കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയില് ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടില് പോയി തിരികെയെത്തിയത്. ഭാര്യ – സബിത, മക്കള് – ജയ കൃഷ്ണന്, ജഗത് കൃഷ്ണന് . സംസ്കാരം സോഹാറില് നടക്കുമെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു.
സ്വിറ്റ്സര്ലൻഡില് ജോലി ചെയ്യുന്ന അമ്മയെ കാണാന് ടിക്കറ്റെടുത്ത കുട്ടിക്കും പിതാവിനും യാത്ര നിഷേധിച്ച എത്തിഹാദ് എയർവേസ് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്കാന് നിര്ദേശിച്ച് എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവ്.
മൂവാറ്റുപുഴ സ്വദേശി ജോഷി സമര്പ്പിച്ച ഹര്ജിയിലാണ് വേണു കരുണാകരന് ചെയര്മാനും സി. രാധാകൃഷ്ണന്, പി.ജി. ഗോപി എന്നിവര് അംഗങ്ങളുമായുള്ള ഫോറത്തിന്റെ വിധി. വേനലവധിക്കാലത്ത് യാത്ര ചെയ്യാന് കൗണ്ടറിലെത്തി ബാഗുകള് നിക്ഷേപിച്ചശേഷം യാത്ര നിഷേധിച്ചതു സംബന്ധിച്ചായിരുന്നു ഹര്ജി. ഒരു സീറ്റു മാത്രമേ ഒഴിവുള്ളുവെന്ന് പറഞ്ഞ് ഇരുവര്ക്കും യാത്ര നിഷേധിക്കുകയായിരുന്നു.
അധിക ബുക്കിംഗ് മൂലമാണ് സീറ്റ് ഇല്ലാതെ പോയതെന്ന് ആദ്യം മറുപടി നല്കിയ കമ്പനി കേസ് വന്നപ്പോള് ഹര്ജിക്കാര് വൈകിയാണ് കൗണ്ടറില് എത്തിയതെന്ന പുതിയ ന്യായം ഉന്നയിച്ചു. ടെലിഫോണ് ടവര് ലൊക്കേഷന് രേഖകള് പ്രകാരം നിശ്ചിത സമയത്ത് എത്തിച്ചേര്ന്നതായി വ്യക്തമായിരുന്നു. ഹര്ജിക്കാരനുവേണ്ടി ടോം ജോസ് ഹാജരായി.
രാജ്യാന്തര തലത്തിൽ വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികൾ മറികടന്ന് എമിറേറ്റ്സ് എയർലൈൻ കൂടുതൽ കരുത്തോടെ സജ്ജമാകുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കോവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ രാജ്യാന്തര സർവീസുകൾ പഴയ നിലയിലാകം.
വിനോദസഞ്ചാര മേഖലകളടക്കം കൂടുതൽ സജീവമാകുകയും യാത്രക്കാരുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി. അതേസമയം, എമിറേറ്റ്സ് എയർലൈന് മാർച്ച് 31 വരെയുള്ള സമ്പത്തിക വർഷം 2,000 കോടിയിലേറെ ദിർഹത്തിന്റെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. സർവീസുകൾ കുറച്ചതോടെ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.
കൊവിഡ് ആരംഭിച്ച കഴിഞ്ഞ വർഷം 456 മില്യൺ ഡോളറായിരുന്നു(1.7 ബില്യൺ ദിർഹം) എമിറേറ്റ്സിലെ ലാഭം. കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം 9.7 ബില്യൺ ഡോളറായി ചുരുങ്ങി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 66 ശതമാനം കുറവാണിത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ബിസിനസ്, യാത്രാ നിയന്ത്രണങ്ങളും മൂലം എമിറേറ്റ്സിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളിലും വിപണികളിലും ഡിമാൻഡ് തകർച്ച ഉണ്ടായതാണ് ലാഭം ഇടിയാനുള്ള പ്രധാന കാരണം.
മനുഷ്യ ജീവിതങ്ങളിലും സമൂഹത്തിലും സമ്പദ് വ്യവസ്ഥകളിലും വ്യോമയാന, യാത്ര വിപണികളിലും കൊവിഡ്-19 പകർച്ചവ്യാധി സംഹാര താണ്ഡവം തുടരുകയാണെന്ന് എമിറേറ്റ്സ് എയർലൈൻ, ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യുട്ടീവുമായ ഷേഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം പറഞ്ഞു. ഇന്ത്യയില് നിന്ന് യുഎഇയിലേക്ക് അടുത്തമാസം ജൂലൈ 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിരുന്നു.
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് മുടങ്ങിയത് ബജറ്റ് എയർലൈൻസുകളെയാണ് കാര്യമായി ബാധിച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ സർവീസുകൾ മികച്ച നേട്ടം ഉറപ്പു വരുത്തിയിരുന്നതായി എയർ അറേബ്യ സി.ഇ.ഒ ആദിൽ അലി പറഞ്ഞു. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപനം അമർച്ച ചെയ്യുകയും വ്യോമയാന മേഖല സാധാരണ നില വീണ്ടെടുക്കുകയും ചെയ്യുമെന്ന പ്രത്യാശയിലാണ് എയർ അറേബ്യ ഉൾപ്പെടെ യു.എ.ഇ ബജറ്റ് എയർലൈൻസുകൾ.
സൗദിയിലെ അല്ഹസയില് മലയാളി കുത്തേറ്റു മരിച്ചു. കൊല്ലം ഇത്തിക്കര സ്വദേശി സനല് (35) ആണ് മരിച്ചത്. പാല് വിതരണ കമ്പനിയില് വാന് സെയില്സ് മാനായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലിചെയ്തിരുന്ന ഘാന സ്വദേശിയും സനലുമായി വാക്കുതര്ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില് കലാശിച്ചത്. പോലീസ് നടപടി ക്രമങ്ങള്ക്ക് ശേഷം മൃതദേഹം അല് ഹസ മോര്ച്ചറിയിലേക്ക് മാറ്റി.
അതിനിടെ സംഭവത്തിൽ പ്രതിയെന്നു കരുതപ്പെടുന്ന ഘാന സ്വദേശിയും മരിച്ചു. കഴുത്തിനേറ്റ സാരമായ മുറിവോടെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിവാഹത്തിനായി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് സനൽ കത്തിക്ക് ഇരയായത്.
ഒരു വർഷം മുൻപു മാത്രം അൽ ഹസയിലെ ബ്രാഞ്ചിൽ ജോലിക്കെത്തിയ ഘാന സ്വദേശി പൊതുവെ പരുക്കൻ പ്രകൃതക്കാരനായിരുന്നെന്ന് സനലിന്റെ സുഹൃത്തുക്കൾ പറയുന്നു. ശഅബയിലെ ഒരു കടയിൽ പാൽ വിതരണത്തിന് എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി ദൃസാക്ഷികൾ പറയുന്നു. നിരവധി സാമൂഹിക സഹായ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു സനൽ. പത്തു വർഷമായി അൽ ഹസയിലുണ്ട്.
ഷാര്ജ അബു ഷഗാരയില് മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ഇടുക്കി കൂട്ടാർ സ്വദേശി വിഷ്ണു വിജയൻ(25) ആണ് കൊല്ലപ്പെട്ടത്. ബാര്ബര് ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്.
കൊലപാതകത്തിന് പിന്നിൽ ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഷാര്ജ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ സ്വദേശി റിൻസിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഷുർഫ ജനറൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയമാക്കിയെങ്കിലും ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ.
പരുക്കേറ്റ മധുര സ്വദേശി സ്നേഹ ജോർജ് ഇതേ ആശുപത്രിയിലും ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത് കിങ് ഖാലിദ് ആശുപത്രിയിലും സുഖം പ്രാപിച്ചു വരുന്നു. കിങ് ഖാലിദ് ആശുപത്രിയിലെ 4 നഴ്സുമാർ 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി തിരിച്ചു വരുന്നതിനിടെ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽ മരിച്ച കോട്ടയം വയല സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് സ്വദേശി അശ്വതി വിജയൻ എന്നിവരുടെ മൃതദേഹം ഇവർ ജോലി ചെയ്തിരുന്ന നജ്റാൻ കിങ് ആശുപത്രിയിലെത്തിച്ചു.
സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ച ശേഷം ബലദ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിൽ കഴിയുന്ന മലയാളി ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത്തിന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെയോ മറ്റന്നാളോ നാട്ടിലെത്തിക്കും.
നാലരമാസം നീണ്ട ദാമ്പത്യത്തിൽ അവർ ഒന്നിച്ചുകഴിഞ്ഞത് 15 ദിവസം മാത്രം. വിവാഹിതരായി 15 ദിവസം കഴിഞ്ഞ് അവരവരുടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിയ ഇരുവരും ഒരു സ്ഥലത്ത് ജോലിചെയ്യാനുള്ള ശ്രമത്തിനിടയിലാണ് വാഹനപകടത്തിൽ ഷിൻസി ഫിലിപ്പിന്റെ ജീവൻ നഷ്ടമായത്.
സൗദി അറേബ്യയിലെ മരുഭൂമി സന്ദർശിക്കാനുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തിലാണ് രണ്ട് മലയാളി നഴ്സുമാർ മരണമടഞ്ഞത്. ഇവരിൽ വയലാ സ്വദേശിയായ ഇടശേരിതടത്തിൽ ഷിൻസി ഫിലിപ്പിന്റെ (28) വിവാഹം ജനുവരി 24-ന് ആയിരുന്നു.
ഭർത്താവ് ചിങ്ങവനം കുഴിമറ്റം പച്ചിറതോപ്പിൽ ബിജോ ബഹ്റൈനിൽ നഴ്സാണ്. പ്രണയവിവാഹമായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടതോടെ അടുത്തടുത്ത ദിവസങ്ങളിലായി ഇരുവരും ജോലിസ്ഥലത്തേക്ക് മടങ്ങി. സൗദിയിൽ നിന്ന് ബഹ്റൈനിലേക്ക് ജോലിതേടി ഒന്നിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇതിന് വിസ ലഭിക്കുകയും ചെയ്തിരുന്നു. മേയ് 25, 29 എന്നീ തീയതികളിൽ സൗദിയിൽ എത്താൻ വിസ ലഭിച്ചു. എന്നാൽ ഈ രണ്ട് ദിവസങ്ങളിലും ഷിൻസി ജോലി രാജിവെച്ച് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിരുന്നില്ല. വരുന്ന 10-ാം തീയതിക്ക് വീണ്ടും വിസ ലഭിക്കുമെന്നും അപ്പോൾ ബിജോയ്ക്ക് അടുത്തേക്ക് എത്താനാവുമെന്നുള്ള പ്രതീക്ഷയിലായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി ഷിൻസിയെ സ്വീകരിക്കാനുള്ള സന്തോഷത്തിലായിരുന്നു ബിജോ. എന്നും വയലായിലെ വീട്ടിലേക്ക് ഷിൻസി വിളിച്ചിരുന്നു. വെള്ളിയാഴ്ച മരുഭൂമി സന്ദർശിക്കാൻ പോകും മുമ്പും വിളിച്ചിരുന്നു.
നഴ്സിങ് പഠനം കഴിഞ്ഞ് മുംബൈയിൽ നഴ്സായി ജോലിനോക്കിയിരുന്നു ഷിൻസി. രണ്ട് വർഷം മുമ്പാണ് സൗദിയിലെത്തിയത്. ബിജോ ബഹ്റൈൻ ഗവ. സർവീസിൽ നഴ്സാണ്. ഷിൻസിക്കും ബഹ്റൈനിൽ ഗവ. സർവീസിലാണ് നഴ്സിങ് വിസ ലഭിച്ചത്.
ഷിൻസിയുടെ അച്ഛൻ: ഫിലിപ്പ് (സണ്ണി), അമ്മ: ലീലാമ്മ, സഹോദരങ്ങൾ: ഷൈമ, ടോണി (പ്ലസ്വൺ). കോട്ടയത്തിന് വേദനയായി അപകടവിവരമെത്തി
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരണവിവരം അറിയിച്ചുള്ള ഫോൺ സന്ദേശം വയലായിലെ വീട്ടിലെത്തിയത്.
യാത്രചെയ്ത വാഹനത്തിൽ ഡ്രൈവർ അടക്കം അഞ്ച് പേരുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത് സഹപ്രവർത്തകയുടെ ഭർത്താവായ മലയാളിയാണ്. ഡ്രൈവർക്ക് ബോധംവന്നതോടെ കൂടെയുള്ളവർ അൽ ഖാലിദിയാ കിങ്ങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരാണെന്ന വിവരം നൽകി. ഇതോടെ സഹപ്രവർത്തകർ എത്തിയാണ് മരിച്ചവരെയും പരിക്കേറ്റവരെയും തിരിച്ചറിഞ്ഞത്.
ഇവർ യാത്രചെയ്ത കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മരിച്ച മറ്റൊരു നഴ്സ് തിരുവനന്തപുരം സ്വദേശി അശ്വതിയാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരാൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. നർജാനിലാണ് അപകടമുണ്ടായത്.
മോൻസ് ജോസഫ് എം.എൽ.എ., വയലായിലെ വീട്ടിലെത്തി. ഷിൻസി ഫിലിപ്പിന്റെയും, തിരുവനന്തപുരം സ്വദേശിനിയായ അശ്വതി വിജയന്റെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനോട് എം.എൽ.എ. ഫോണിൽ വിളിച്ച് അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മെയിൽ ചെയ്ത് നൽകി. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും, നോർക്കാ സെല്ലിലും എം.എൽ.എ. നിവേദനം നൽകി. കടപ്ലാമറ്റം ഗ്രാമപ്പഞ്ചായത്ത് മെമ്പർ പ്രവീൺ പ്രഭാകരൻ, യു.ഡി.എഫ്. നേതാക്കളായ സി.സി. മൈക്കിൾ, ഷിബു പോതമാക്കിൽ, അഭിലാഷ് ജോസഫ്, തോമസ് അൽബർട്ട്, ജോസഫ് പുന്നന്തടം എന്നിവരും എം.എൽ.എയോടൊപ്പം എത്തി.