കൊവിഡ് വാക്സിന് എത്തിയാല് അത് എല്ലാവര്ക്കും സൗജന്യമായി നല്കുമെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരും വിദേശികളുമായ മുഴുവനാളുകള്ക്കും വാക്സിന് പൂര്ണമായും സൗജന്യമായി നല്കുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര് സെക്രട്ടറി ഡോ. അബ്ദുല്ല അല്അസീരിയാണ് അറിയിച്ചത്.
പൊതുജനാരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 അവസാനത്തോടെ രാജ്യത്തെ 70 ശതമാനം ആളുകള്ക്കും കൊവിഡ് വാക്സിന് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികള്ക്ക് വാക്സിന് നല്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
അതേസമയം തിങ്കളാഴ്ച 231 പുതിയ കൊവിഡ് കേസുകളാണ് സൗദിയില് റിപ്പോര്ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 355489 ആയി. നിലവില് 5877 ആക്ടീവ് കേസുകളാണ് ഉള്ളത്. 16 പേര് ഇന്ന് കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 5796 ആയി.
മസ്കത്ത് വിമാനത്താവളത്തില് കഴിഞ്ഞ നവംബര് അഞ്ചിന് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണൂര് സ്വദേശി കെ.വി. സന്ദീവിനെയാണ് (47) അല് ഹെയില് ഭാഗത്ത് പൊതുസ്ഥലത്ത് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. നാട്ടിലേക്ക് പോകുന്നതിനായി വിമാനത്താവളത്തില് എത്തിയ സന്ദീവിനെ കാണാതാവുകയായിരുന്നു. തൂങ്ങിമരിച്ചതായാണ് ലഭിച്ച വിവരമെന്ന് സഹപ്രവര്ത്തകര് പറഞ്ഞു. പ്രദേശവാസികള് വിവരമറിയിച്ചതിനെ തുടര്ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ഒമാനില്തന്നെ സംസ്കരിക്കാനാണ് ഒരുങ്ങുന്നത്. മുലദയില് കഴിഞ്ഞ എട്ടുവര്ഷമായി വര്ക്ക്ഷോപ് മെക്കാനിക് ആയി ജോലി ചെയ്തുവരുകയായിരുന്നു സന്ദീവ്. സഹപ്രവര്ത്തകരാണ് വിമാനത്താവളത്തില് എത്തിച്ചത്.
നാട്ടില്നിന്ന് വിളി വരുമ്പോഴാണ് അവിടെ എത്തിയിട്ടില്ലെന്ന വിവരം സഹപ്രവര്ത്തകര്ക്ക് മനസ്സിലാകുന്നത്. അന്വേഷണത്തില് സന്ദീവ് ബോര്ഡിങ് പാസ് സ്വീകരിച്ചിട്ടില്ലെന്നും വിമാനത്തില് കയറിയിട്ടില്ലെന്നും മനസ്സിലായി. പിന്നീട് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷയത്തില് ഇടപെടണമെന്നാവശ്യപ്പെട്ട് കെ. സുധാരകന് എം.പി ഇന്ത്യന് അംബാസഡര്ക്ക് കത്തയച്ചിരുന്നു.
കുവൈറ്റില് വന്തീപിടിത്തം റിപ്പോര്ട്ട് ചെയ്തു. അതിപുരാതന സൂപ്പര്മാര്ക്കറ്റ് ശൃംഖലയായ സൂക്കല് അല് മിറയുടെ ഷുവൈക്കിലെ സൂപ്പര്മാര്ക്കറ്റ് പൂര്ണമായും കത്തിനശിച്ചു. ഇന്ന് പുലര്ച്ചെയാണ് അപകടം ഉണ്ടായത്. ആയിരക്കണക്കിന് ദിനാറിന്റെ ഭക്ഷ്യ വസ്തുക്കള് കത്തിനശിച്ചു.
ഷോര്ട് സര്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. കുവൈറ്റ് ഫയര്ഫോഴ്സിന്റെ ശക്തമായ ഇടപെടലില് തീയണയ്ക്കാനുള്ള ശ്രമങ്ങള് നടന്നുവരുന്നു. ആളപായമുണ്ടായതായി ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടില്ല.
അനധികൃതമായി മരം മുറിക്കുന്നവർക്കു 10 വർഷം തടവോ 3 കോടി റിയാൽ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നു സൗദി അറേബ്യ.
മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികൾ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകൾ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി.
വിഷൻ 2030നോടനുബന്ധിച്ചു ഹരിതവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. ഒരു കോടി മരങ്ങൾ നടുന്ന ആദ്യഘട്ട പദ്ധതി 2021 ഏപ്രിലിൽ പൂർത്തിയാകും
ദുബായ്: യുഇയില് 10 വര്ഷത്തേക്ക് അനുവദിക്കുന്ന ഗോള്ഡന് വിസ കൂടുതല് തൊഴില് മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. പി.എച്ച്.ഡിക്കാര്, ഡോക്ടര്മാര്, കംപ്യൂട്ടര്, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്സ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയര്മാര് എന്നിവര്ക്ക് കൂടി ഇനി മുതല് ഗോള്ഡന് വിസകള് ലഭ്യമാകും.
അംഗീകൃത സര്വകലാശാലകളില് നിന്ന് ഉയര്ന്ന സ്കോര് നേടുന്നവര്ക്കും ഇത്തരം വിസകള് ലഭിക്കും. ആര്ട്ടിഫിഷല് ഇന്റലിജന്സ്, ബിഗ് ഡാറ്റ ആന്റ് വൈറസ് എപ്പിഡെമിയോളജി എന്നീ രംഗങ്ങളില് ബിരുദമുള്ള വിദഗ്ധര്ക്കും ഗോള്ഡന് വിസകള് ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി ജിദ്ദയിൽ മരിച്ചു. മുവാറ്റുപുഴ സ്വദേശി നൗഫൽ കോട്ടപ്പറമ്പിലാണ് (44) മരിച്ചത്.
ജിദ്ദ അബ്ഹൂറിലെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. നവോദയ പ്രവർത്തകനാണ്.
ഡൽഹി പബ്ലിക് സ്കൂൾ അധ്യാപിക നിഷയാണ് ഭാര്യ. പിതാവ്: ഹൈദ്രോസ്, മാതാവ്: ഫാത്തിമ. മക്കൾ: നാദിയ, നാദിർ. സഹോദരങ്ങൾ: അഫ്സൽ, ഷിജ, നിഷ.
ദുബായിൽ താമസിക്കുന്ന തിരൂർ സ്വദേശികളുടെ ഒരു വയസുകാരി മകളെയാണ് മുടി മുറിച്ചു മാറ്റി രക്ഷപെടുത്തിയത്. ദുബായ് അൽബദായിലെ വില്ലയിലാണ് എഴുത്തുകാരൻ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്. എന്തായിരുന്നു യഥാർഥത്തിൽ സംഭവിച്ചതെന്ന് പങ്കുവയ്ക്കുകയാണ് കുട്ടിയുടെ പിതാവ് അസി. ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
അസിയുടെ കുറിപ്പ്:
ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് . അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല . ഇടനെ മൊബൈൽ ഫോണിന്റെ സ്ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി. അപ്പോൾ കണ്ട കാഴ്ച്ച ! ഷഹിയുടെയുടെ മുടികൾ ചേർന്ന് കഴുത്തിന് ചുറ്റും ചുറ്റി അമർന്നു ശ്വാസം മുട്ടുകയാണ് മോൾ !
എനിക്ക് കൈകൾ വിറച്ചു ,കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോർച്ചു ഓൺ ചെയ്യാൻ നോക്കിയിട്ടു ടെൻഷൻ കാരണം പറ്റുന്നില്ല . സ്ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപെടുത്താൻ നോക്കി പക്ഷെ അകെ കെട്ടു പിണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല . മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചതാകണം . കുട്ടിയെ പൊക്കിയപ്പോൾ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു . ഞാൻ ഒരു മുൻകരുതലായി മുടിക്കിടയിൽ വിരല് കടത്തി കഴുത്തിലെ മുറുക്കം കുറക്കാൻ നോക്കി . ലൈറ്റ് ഓൺ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ല .കുറച്ചു മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലതു മുറുകുന്നു .യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തിൽ തട്ടാതെ ശ്രദ്ധിച്ച് മുടി മുറിക്കേണ്ടി വന്നു .
സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയർ ചെയ്യുവാൻ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ കരച്ചിൽ കേട്ട് അവളുടെയടുത്തേക്കു തിരിയാനായി നോക്കുമ്പോൾ , കുഞ്ഞിന്റെ കരച്ചിലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വിപത്തിൽ നിന്ന് രക്ഷപെട്ടത് ,എഴുന്നേൽക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കിൽ കഴുത്തിൽ കുരുക്ക് മുറുകിയേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക.
ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും ഓർമ്മ കുറിപ്പ് പങ്കുവെച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. അര നൂറ്റാണ്ടോളം ബഹ്റൈന് നേതൃത്വം നൽകിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലർത്തിയ നേതാവായിരുന്നു. ബഹ്റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകൾ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനിക വത്ക്കരണത്തിലേക്കും നയിക്കുന്നതിൽ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2017ൽ ബഹ്റൈനിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിരുന്നു. ബഹ്റൈനിൽ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം ആ വേളയിൽ പ്രശംസിച്ചത് ഓർക്കുന്നു. തനിക്ക് കീഴിൽ 2000ലേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളവുമായി കൂടുതൽ സഹകരിക്കാനുള്ള താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മനാമ∙ ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (84) അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. 1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് ഖലീഫ 50 വർഷമായി തൽസ്ഥാനത്തു തുടരുകയായിരുന്നു. മൃതദേഹം മനാമയിൽ എത്തിച്ചു കബറടക്കും.
പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടർന്നു ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാക താഴ്ത്തിക്കെട്ടും. സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് അടച്ചിടും.
ഉറക്കത്തിനിടെ കഴുത്തില് അമ്മയുടെ തലമുടി കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്. ദുബായിയില് താമസിക്കുന്ന തിരൂര് സ്വദേശികളുടെ ഒരു വയസുകാരി മകളാണ് അപകടത്തില്പ്പെട്ടത്. ഒടുവില് മുടി മുറിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പുലര്ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ദുബായ് അല്ബദായിലെ വില്ലയിലാണ് എഴുത്തുകാരന് കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്.
എതിരെ കിടന്ന ഷെഹി തിരിയാന് ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞു കരഞ്ഞു. ഇതോടെയാണ് ഇവര് എഴുന്നേറ്റതും മുടി കുടുങ്ങി കിടക്കുന്നത് ശ്രദ്ധയില്പ്പെട്ടത്. മുടിയുടെ കുരുക്ക് അഴിക്കാന് ശ്രമിക്കുന്തോറും കുരുക്ക് മുറുകി. ഒടുവില് മുടി മുറിച്ച് കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.