Middle East

മലയാളികൾ ഏറ്റവും കൂടുതൽ പോകുന്ന ഗൾഫ് രാജ്യമാണ് ദുബായ്. ഒരു വിഭാഗം ആളുകൾ ജോലിയ്ക്കായി ദുബായിൽ പോകുമ്പോൾ മറ്റൊരു വിഭാഗം വിനോദസഞ്ചാരത്തിനായാണ് ദുബായിയെ തിരഞ്ഞെടുക്കുന്നത്. ദുബായിൽ താമസിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തേക്ക് വിസിറ്റിങ് വിസയിൽ പോകുന്നവരും വിവിധ ട്രാവൽ ഏജൻസികളുടെ പാക്കേജുകൾ എടുത്തു പോകുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇങ്ങനെ വിസിറ്റിങ്ങിനായി ദുബായിൽ എത്തുന്നവർ അവിടെ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഒന്നു നോക്കാം.

വസ്ത്രധാരണം – തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ പോകുന്നതു പോലെ എന്തുതരം വസ്ത്രങ്ങളും ധരിച്ച് ദുബായിൽ പുറത്തിറങ്ങരുത്. എല്ലാവർക്കും ആവശ്യത്തിനു സ്വാതന്ത്ര്യം ദുബായിൽ ലഭിക്കുന്നുണ്ട്. എന്നാൽ മോസ്‌ക്കുകൾ പോലുള്ള സ്ഥലങ്ങളിൽ സന്ദർശകർക്ക് പ്രത്യേകം പറഞ്ഞിരിക്കുന്ന ചില ഡ്രസ്സ് കോഡുകളുണ്ട്. അവ പാലിക്കുക തന്നെ വേണം. ബീച്ചുകളിൽ ഉല്ലസിക്കുവാനും കുളിക്കുവാനുമൊക്കെ പോകുമ്പോൾ സ്വിമ്മിങ് സ്യൂട്ട് ധരിക്കാമെങ്കിലും മാന്യമായി വേണം എല്ലാം. ഒന്നോർക്കുക ഡ്രസ്സ് കോഡ് തെറ്റിക്കുന്നവർക്ക് ഒരു മാസത്തെ ജയിൽ ശിക്ഷ വരെ ലഭിച്ചേക്കാം.

സ്ത്രീകളുമായുള്ള ഇടപെടൽ – ദുബായിൽ ചെല്ലുന്നവർ അപരിചിതരായ സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കണം. ചിലരൊക്കെ നമ്മുടെ നാട്ടിൽ ചെയ്യുന്നതുപോലെ സ്ത്രീകളെ തുറിച്ചു നോക്കാനോ കമന്റ് അടിക്കാനോ അനാവശ്യമായി പിന്തുടരാനോ പാടില്ല. അന്യ സ്ത്രീകളുമായി ഇടപെടേണ്ട ആവശ്യം വന്നാൽ അവരുടെ അനുവദമില്ലാതെ ഒരിക്കലും ഷേക്ക് ഹാൻഡിനായി കൈ നീട്ടരുത്. സംസാരിക്കുമ്പോൾ ഒരു നിശ്ചിത അകലം പാലിക്കുകയും വേണം.

അസഭ്യ വാക്കുകളുടെ ഉപയോഗം – നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ ഭക്ഷണം വൈകിയാൽ പോലും ചിലർ വെയിറ്ററുടെ മെക്കിട്ടു കയറുന്നത് കാണാം. ചിലപ്പോൾ അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഈ സ്വഭാവമുള്ളവർ ദുബായിൽ ഇതൊന്നും പുറത്തെടുക്കാതിരിക്കുക. പൊതുവെ ദുബായിലുള്ളവർ വളരെ സൗഹാർദ്ദപരമായി ഇടപെടുന്നവരാണ്. അതുകൊണ്ട് നമുക്ക് എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ അസഭ്യവാക്കുകൾ പറഞ്ഞു തർക്കിക്കാൻ നിൽക്കാതെ മാന്യമായി ഇടപെടുക.

പുകവലിയും മദ്യപാനവും – മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമാണ്. എങ്കിലും ദുബായിൽ ഇവ രണ്ടും നിരോധിച്ചിട്ടില്ല. എന്നു കരുതി പൊതുസ്ഥലങ്ങളിൽ മദ്യപിക്കാനോ പുകവലിക്കുവാനോ (നിരോധനമുള്ളയിടത്ത്) പാടില്ല. ഇവ രണ്ടും ഉപയോഗിക്കുന്നതിനു മുൻപായി അവിടത്തെ നിയമങ്ങൾ ഒന്നറിഞ്ഞിരിക്കുക.

ഫോട്ടോഗ്രാഫി – ദുബായിൽ എത്തുന്ന സഞ്ചാരികൾക്ക് തങ്ങളുടെ ക്യാമറയിൽ പകർത്തുവാൻ തക്കവിധത്തിലുള്ള ധാരാളം ഫ്രയിമുകളും കാഴ്ചകളും അവിടെ കാണാം. പക്ഷേ അപരിചിതരുടെ ഫോട്ടോകൾ അവരുടെ അനുവാദം കൂടാതെ എടുക്കുവാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് സ്ത്രീകളുടെ. പിടിക്കപ്പെട്ടാൽ പണിപാളും. അതുപോലെ ഫോട്ടോഗ്രാഫി നിരോധിച്ച സ്ഥലങ്ങൾ ഏതൊക്കെയെന്നു ആദ്യമേ അറിഞ്ഞിരിക്കുക.

മരുന്നുകൾ – നിങ്ങൾ സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ കൂടെ ഇപ്പോഴും കഴിക്കുന്ന മരുന്നുകളും ഉണ്ടാകുമല്ലോ. ഈ മരുന്നുകൾ ദുബായിൽ നിരോധിച്ചിട്ടുള്ളവയാണോ എന്ന് പോകുന്നതിനു മുൻപായി പരിശോധിക്കേണ്ടതാണ്. നിരോധിച്ച മരുന്നുകൾ യാതൊരു കാരണവശാലും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കുവാൻ പാടുള്ളതല്ല. അതിപ്പോൾ ഇവിടത്തെ ഡോക്ടറുടെ കുറിപ്പ് കയ്യിൽ ഉണ്ടെങ്കിലും കാര്യമില്ല.

ഡ്രൈവിംഗ് – ഇന്ത്യയിൽ നന്നായി കാർ ഓടിക്കുമെന്നു കരുതി ദുബായിൽ ചെന്നു ഡ്രൈവിംഗ് ഒന്നു പരീക്ഷിക്കണം എന്നു തോന്നിയാൽ അതിനു മുതിരാതിരിക്കുകയാണ് നല്ലത്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് നല്ല പിഴയും തടവും ഒക്കെയാണ്.

ഇതൊക്കെ കേട്ട് നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഇവയെല്ലാം ഒന്നു ശ്രദ്ധിച്ചാൽ ദുബായ് നിങ്ങൾക്ക് നല്ല കിടിലൻ അനുഭവങ്ങളായിരിക്കും നൽകുക. ഒന്നോർക്കുക ഇത്രയേറെ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ഗൾഫ് രാജ്യം ദുബായ് അല്ലാതെ വേറെയില്ല. അവധിക്കാലം അടിച്ചുപൊളിക്കുവാനായി വേണ്ടതെല്ലാം ദുബായിലുണ്ട്. ഒരു കാര്യം മാത്രം ഓർത്താൽ മതി – ‘Give respect and take respect.’

അബുദാബി- ഗള്‍ഫില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളുടെ മൂലധനം കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും വിശ്വാസ്യതയുമാണ്. മലയാളികള്‍ വിശ്വസ്തരും സത്യസന്ധരുമാണെന്ന് അറബികള്‍ വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ലക്ഷക്കണക്കിന് റിയാലിന്റെ ബിസിനസുകളില്‍പോലും അവരെ പങ്കാളികളാക്കാന്‍ അറബികളെ പ്രേരിപ്പിക്കുന്നത്. ഇതിന് ഇടിവു തട്ടിയാല്‍ തകരുന്നത് ഗള്‍ഫ് എന്ന അഭയകേന്ദ്രമായിരിക്കും.
യു.എ.ഇ പൗരനായ ജമാല്‍ സാലിം ഹുസൈന്‍ എന്ന 43 കാരന്റെ അനുഭവം ഗള്‍ഫിലെങ്ങുമുള്ള മലയാളികളെ ബാധിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാം, എന്നാല്‍ അതുണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കും. ജമാലിന്റെ ജീവിതം പോലും താളംതെറ്റുന്ന തരത്തില്‍ അയാളെ മൂടോടെ കൊള്ളയടിച്ചു മുങ്ങിയ മലയാളിയായ ജാവേസ് മാത്യു(36) വിനെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കേണ്ടത് ഓരോ മലയാളിയുടേയും ബാധ്യത കൂടിയായിരിക്കുന്നു.

55 ലക്ഷം ദിര്‍ഹമാണ് തൃശൂര്‍ പീച്ചി സ്വദേശിയായ ജാവേസും ഭാര്യ ശില്‍പയും കൂടി ജമാലില്‍നിന്നും ഭാര്യയില്‍നിന്നുമായി തട്ടിയെടുത്തത്. ഏകദേശം 10 കോടി രൂപ.

ജമാലില്‍നിന്ന് തട്ടിയെടുത്ത പണവുമായി ബിസിനസ് തുടങ്ങിയ ശേഷം വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി ജമാല്‍ പറഞ്ഞു. ദുബായ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യു.എ.ഇയില്‍ പണം കവര്‍ച്ചയടക്കം 16 കേസുകള്‍ ജാവേസിന്റെ പേരിലുണ്ട്. ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ കേരളത്തിലെ പോലീസും സര്‍ക്കാരും ഇടപെടാതെ ഇയാളെ പിടികൂടാനാവില്ലെന്ന് ജമാല്‍ പറയുന്നു.

ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലാണ്. 2015 ല്‍ അബുദാബിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാളി സുഹൃത്തായ രാകേഷാണ് ജാവേസിനെ ജമാല്‍ സാലിമിന് പരിചയപ്പെടുത്തുന്നത്. ചെക്ക് കേസില്‍പ്പെട്ടിരുന്ന ജാവേസിനെ രക്ഷപ്പെടുത്താന്‍ ജമാല്‍ സഹായിച്ചതോടെ ഇരുവരും സൗഹൃദത്തിലായി. ബിസിനസ് തുടങ്ങാമെന്ന് മോഹിപ്പിച്ചാണ് ജമാലിനെ ജാവേസ് കുരുക്കിയത്. ജാവേസിനെ വിശ്വസിച്ച ജമാലിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ദുബായ് ഖിസൈസില്‍ ഐഡിയസ് എന്ന പേരില്‍ പ്രിന്റിംഗ് കമ്പനി ആരംഭിച്ചു.

ആദ്യകാലത്ത് വലിയ വിശ്വസ്തത നടിച്ച ജാവേസ്, ജമാലിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനായി. ബിസിനസ് നന്നായതോടെ കൂടുതല്‍ വികസിപ്പിക്കാനായി നൂതന സാമഗ്രികള്‍ വാങ്ങണമെന്ന് പറഞ്ഞ് വന്‍ തുക വാങ്ങി. ജാവേസിന്റെ ഭാര്യ ശില്പ ജമാലിന്റെ ഭാര്യയോടും പണം വാങ്ങിച്ചുകൊണ്ടിരുന്നു. ആകെ 55 ലക്ഷം ദിര്‍ഹമാണ് ഇരുവരും നല്‍കിയത്. 2017 ല്‍ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയ ജാവേസും ശില്‍പയും തിരിച്ചുവന്നില്ല. സംശയം തോന്നിയ ജമാല്‍, ജാവേസിന്റെ യാത്രാ രേഖകള്‍ പരിശോധിച്ചപ്പോഴാണ് അയാള്‍ 16 കേസുകളിലെ പ്രതിയാണെന്നും യാത്രാ വിലക്കുള്ളതിനാല്‍ രാജ്യം വിട്ടുപോകാന്‍ സാധിക്കില്ലെന്നും ഞെട്ടലോടെ തിരിച്ചറിഞ്ഞത്. യഥാര്‍ഥ പാസ്‌പോര്‍ട് ദുബായ് കോടതിയിലിരിക്കെ ദുരൈ സ്വാമി ധര്‍മലിംഗം എന്ന പേരില്‍ തമിഴ് നാട്ടിലെ മേല്‍വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി ഒമാന്‍ വഴിയാണ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയതെന്നും മനസിലായി.

ജാവേസിനെ അന്വേഷിച്ച് തൃശൂരെത്തിയ ജമാല്‍ ഇയാളെ കണ്ടെത്തി. അലിവുള്ള ഹൃദയത്തിനുടമായ ജമാലിന്റെ കാലുപിടിച്ചും മാപ്പു പറഞ്ഞും ഉടന്‍ പണം മടക്കിത്തരാമെന്ന് പറഞ്ഞ് മുങ്ങിയ ജാവേസിനെ പിന്നീട് ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ജാവേസിനെ ഫോണിലൂടെപോലും ബന്ധപ്പെടാനാകുന്നില്ല. തിരുവനന്തപുരത്ത് പോലീസ് അധകൃതരെ കണ്ടിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയാറായില്ലെന്ന് ജമാല്‍ പരാതിപ്പെട്ടു. ഇന്റര്‍പോളില്‍ പരാതി നല്‍കിയെങ്കിലും കേസ് മുന്നോട്ടുപോയിട്ടില്ല. 33 പേര്‍ ജോലി ചെയ്യുന്ന കമ്പനി നടത്തിക്കൊണ്ടു പോകാനാണ് ജോലി ഉപേക്ഷിച്ചത്. എന്നാല്‍, കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ജമാല്‍ ദാരിദ്ര്യത്തിലായിരിക്കുകയാണ്. മൂത്ത മകന്‍ ജോലി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. മറ്റൊരു ജോലി കണ്ടെത്താന്‍ തനിക്ക് സാധിക്കുന്നില്ലെന്നും ജമാല്‍ പറയുന്നു. ജാവേസിനെ കണ്ടെത്തി തന്റെ പണം ഈടാക്കാന്‍ മലയാളികളും കേരള സര്‍ക്കാരും സഹായിക്കുമെന്നാണ് ജമാലിന്റെ പ്രതീക്ഷ.

ഖത്തറിൽ കനത്ത ചൂടില്‍ പണിയെടുക്കുന്ന ഇതരരാജ്യ തൊഴിലാളികൾ മരണമടയുന്നതായി റിപ്പോർട്ട്. ദി ഗാർഡിയൻ നൽകുന്ന റിപ്പോർട്ട് പ്രകാരം നൂറുകണക്കിനാളുകളാണ് ഇതിനകം ചൂട് അതിജീവിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്. ഇത് വർഷാവർഷം നടക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫിഫ ലോകകപ്പ് അടുക്കുന്നതോടെ ഖത്തറിലെ നിർമാണ മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. പത്ത് മണിക്കൂറോളം നീളുന്ന തൊഴിൽസമയത്തിൽ ഭൂരിഭാഗവും 45 ഡിഗ്രി സെൽഷ്യസ്‍ കവിയുന്ന ചൂടിലാണ് തൊഴിലാളികൾ പണിയെടുക്കുന്നത്.

എന്നാൽ, തൊഴിലാളികള്‍ക്ക് വേണ്ട മാനുഷിക പരിഗണന തങ്ങൾ നൽകുന്നുണ്ടെന്നാണ് ഖത്തർ അധികാരികളുടെ അവകാശവാദം. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്തുള്ള ജോലികൾക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 11.30 മുതൽ ഉച്ചതിരിഞ്ഞ് 3 മണിവരെ പുറത്ത് തൊഴിലെടുപ്പിക്കുന്നതിന് നിരോധനമുണ്ടെന്ന് അധികാരികൾ പറയുന്നു. ഇതല്ലാതെ മറ്റേതെങ്കിലും നടപടികൾ ഇക്കാര്യത്തിൽ അധികൃതർ എടുത്തിട്ടുള്ളതായി വ്യക്തമല്ല.

ഈ നിരോധനം കാര്യക്ഷമമാകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനു കാരണം, മറ്റു സമയങ്ങളിലും ചൂടിന് കുറവില്ല എന്നതാണ്. ജൂണിനും സെപ്തംബറിനുമിടയിലുള്ള കാലയളവിൽ താപ സമ്മർദ്ദം അതിജീവിക്കുക പ്രയാസമാണെന്ന് ഹൃദ്രോഗവിദഗ്ധർ പറയുന്നു. തണുപ്പുള്ള മാസങ്ങളിലും പകൽസമയങ്ങളിൽ പുറത്ത് പണിയെടുക്കുന്നവർ കഠിനമായ വെയിലിനെ നേരിടേണ്ടി വരുന്നുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് പറയുന്നു.

ഉയര്‍ന്ന ചൂട് ഹൃദയവും രക്തക്കുഴലുകളുമടങ്ങുന്ന ശരീരസംവിധാനത്തെയാണ് ഏറെ ബാധിക്കുക. 25നും 35നും ഇടയ്ക്ക് പ്രായമുള്ള യുവാക്കളാണ് മരിക്കുന്നവരിലധികവും. ഏല്ലാവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങളാണ് കണ്ടുവരുന്നത്.

പഠനസമയത്ത് ആദ്യം വല്ലാത്ത ടെൻഷനായിരുന്നു. ഹെവി ബസ് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന യുഎഇയിലെ ആദ്യ വനിതയാണ് ഞാനെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരും ഇൻസ്ട്രക്ടറുമെല്ലാം ഇടയ്ക്കിടെ പറയുമ്പോൾ അത് ഇരട്ടിയാകും. പക്ഷേ, പതിയെ ടെൻഷനെല്ലാം പോയി. എങ്കിലും ഡ്രൈവിങ് ടെസ്റ്റ് ആറു പ്രാവശ്യം കൊടുത്തപ്പോഴും സുന്ദരമായി പൊട്ടി. ഏഴാം തവണ വിജയം നേടി.

ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കുന്ന ആദ്യത്തെ വനിതയാണ് സുജ തങ്കച്ചൻ എന്ന് അൽ അഹ്‌ലി ഡ്രൈവിങ് സെന്റർ അവരുടെ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. മാനേജിങ് പാർട്ണർ ആദിൽ നൂറി, അഡ്മിനും ലീഗൽ മാനേജറുമായ വഹാബ്, സെയിൽസ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അംജത്, കസ്റ്റമർ സർവീസ് മാനേജർ ഗസ്സാൻ, അക്കൗണ്ട്സ് മാനേജർ ഷര്‍മിള തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സുജ തങ്കച്ചനെ ആദരിച്ചു.

നാട്ടിൽ സ്കൂട്ടർ ഒാടിച്ച പരിചയമേയുള്ളൂ, ദുബായ് ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസ് കണ്ടക്ടറായ സുജ തങ്കച്ചന്.  എന്നാൽ, വളയം തിരിക്കുന്ന ജോലി ഇൗ കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലമേറെയായിരുന്നു. അതാണ് തിങ്കളാഴ്ച ദുബായിലെ ഹെവി ബസ് ഡ്രൈവിങ് ലൈൻസ് സ്വന്തമാക്കിയതിലൂടെ യാഥാർഥ്യമായിരിക്കുന്നത്.

ബസിൽ ജോലി ചെയ്യുമ്പോൾ സുജയുടെ ഒരു കണ്ണ് ഡ്രൈവറുടെ കൈകളുടെ ചലനത്തോടൊപ്പം കറങ്ങും. പക്ഷേ, ആ സീറ്റിലിരിക്കാൻ ഏറെ പരിശ്രമം വേണമെന്നും 32കാരിക്ക് അറിയാമായിരുന്നു. ആത്മാർഥ പരിശ്രമുണ്ടെങ്കിൽ എന്തും നേടിയെടുക്കാമെന്നാണല്ലോ, ഒടുവിൽ സുജ ഹെവി ബസ് ഡ്രൈവിങ്ങിനുള്ള സൈലൻസ് സ്വന്തമാക്കി.

സുജയുടെ അമ്മാവൻ നാട്ടിൽ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം ഒാടിക്കുന്നത് കണ്ടതു മുതല്‍ കൊച്ചുമനസിൽ ആ ആഗ്രഹം മൊട്ടിട്ടു–എങ്ങനെയെങ്കിലും അതുപോലത്തെ വാഹനം ഒാടിക്കുന്ന ഡ്രൈവറാവുക. പക്ഷേ, കോളജ് പഠനത്തിന് ശേഷം മൂന്നു വർഷം മുൻപ് ജോലി തേടി യുഎഇയിലെത്തിയപ്പോൾ ലഭിച്ചത് സ്കൂൾ ബസിലെ കണ്ടക്ടർ ജോലിയായിരുന്നു. അന്നുമുതൽ ചിന്തിച്ചു തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈൻസ് നേടുക എന്നത്. ഇക്കാര്യം ദുബായിൽ നഴ്സായ സഹോദരൻ ഡൊമിനിക്കിനോടും പിതാവ് തങ്കച്ചൻ, അമ്മ ഗ്രേസി എന്നിവരോടും പങ്കുവച്ചപ്പോൾ അവരുടെ ഭാഗത്ത് നിന്നും സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണ ലഭിച്ചു.

പ്രിൻസിപ്പൽ അംബിക ഗുലാത്തി, അധ്യാപകരായ ശ്രീജിത്, റീത്ത ബെല്ല, ബസ് ഡ്രൈവർമാർ, മറ്റു ജീവനക്കാർ എന്നിവരെല്ലാം നിറഞ്ഞ പ്രോത്സാഹനം നൽകി. ഒൻപത് മാസം മുൻപ് ദുബായിലെ അൽ അഹ് ലി ഡ്രൈവിങ് സെന്ററിൽ ചേർന്നപ്പോൾ ഡ്യൂട്ടി സമയവും പഠന സമയവും തമ്മിൽ പ്രശ്നമായി. സ്കൂൾ എംഎസ്ഒ അലക്സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു. ഖിസൈസിലെ സ്കൂളിൽ നിന്ന് അൽ ഖൂസിലെ ഡ്രൈവിങ് സ്കൂൾ വരെ ചെന്നു തിരിച്ചുപോരാൻ നിത്യേന 32 ദിർഹം വേണമായിരുന്നു. എന്നാല്‍, ഇൻസ്ട്രക്ടർ ഗീവർഗീസിന്റെ സഹകരണം കൊണ്ട് ക്ലാസുകൾ പെട്ടെന്ന് പൂർത്തീകരിച്ചു. അൽ അഹ്‌ലി സ്കൂള്‍ അധികൃതരും ജീവനക്കാരും പിന്തുണച്ചു.

ജീവിക്കാന്‍ വേണ്ടിയാണ് അബുദാബിയിലെത്തിയതെന്നും ഭീകരവാദ സംഘത്തില്‍ ചേരാനല്ലെന്നും ഡല്‍ഹിയില്‍നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി. സെപ്റ്റംബര്‍ 18നാണ് കോഴിക്കോട് സ്വദേശിയും സിയാനി ബെന്നിയെന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സിയാനിയെ തട്ടിക്കൊണ്ട് പോയതാണെന്നും ഭീകര സംഘടനയില്‍ ചേരാന്‍ യുഎഇയിലേക്ക് കടന്നതാണെന്നുമുള്ള പ്രചരണങ്ങള്‍ എത്തിയിരുന്നു.

19-കാരിയായ പെണ്‍കുട്ടി തനിക്ക് പ്രായപൂര്‍ത്തിയായതായും സ്വന്തം ഇഷ്ടപ്രകാരം യുഎഇയിലെത്തിയതാണെന്നുമാണ് ഗള്‍ഫ് ന്യൂസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് നിന്ന് പെണ്‍കുട്ടിയുടെ പിതാവും മാതാവും സഹോദരനും ഇവരെ കാണാന്‍ യുഎഇയിലേക്ക് തിരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം തിരിച്ച് പോകില്ലെന്നും വിവാഹിതയായി അബുദാബിയില്‍ കഴിയാനാണ് താല്‍പര്യമെന്നുമാണ് യുവതി പറയുന്നത്. 24ാം തീയതി അബുദാബി കോടതിയില്‍ ഹാജരായ സിയാനി സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്നും ആയിഷ എന്ന പേര് സ്വീകരിച്ചിരിക്കുന്നുവെന്നും അറിയിച്ചിരുന്നു.

സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട കാസര്‍ഗോഡ് സ്വദേശിയുമായി സിയാനി കഴിഞ്ഞ ഒമ്പത് മാസമായി പ്രണയത്തിലായിരുന്നുവെന്നും അബുദാബിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ അടുത്തേക്കാണ് സിയാനി എത്തിയതെന്നുമാണ് വിവരങ്ങള്‍. ഡല്‍ഹി ജീസസ് ആന്റ് മേരി കോളേജില്‍ പഠിച്ചിരുന്ന സിയാനി 18-ാം തീയതി വരെ ക്ലാസില്‍ എത്തിയിരുന്നു. അതിനുശേഷമാണ് യുഎഇയിലേക്ക് പോയത്.

(വീഡിയോ കാണാം – ciyani benny)

ശക്തമായ മഴയും പൊടിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയെന്ന് സൗദി അധികൃതര്‍. പ്രളയ സാധ്യത കണക്കിലെടുത്ത് സൗദിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സൗദി അറേബ്യയിലെ ജിസാനില്‍ ശക്തമായ മഴയും പൊടിക്കാറ്റുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൗദി പ്രകൃതി സംരക്ഷണകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ നടപടി.അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും അകലം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ദുബായിൽ മിനി ബസ് അപകടത്തിൽ മരിച്ച എട്ട് പേരിൽ ഏഴു പേർ ഇന്ത്യക്കാർ. ഒരാൾ പാക്കിസ്ഥാനിയാണ്. പരുക്കേറ്റ ആറ് ഇന്ത്യക്കാരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവർ റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെ 4.54ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു അപകടമെന്ന് ദുബായ് പൊലീസ് അറിയിച്ചു. തൊഴിലാളികളുമായി ഷാർജ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന 14 പേർക്ക് യാത്ര ചെയ്യാവുന്ന മിനി ബസ് മിർദിഫ് സിറ്റി സെൻ്റർ എക്സിറ്റിന് മുൻപായി റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. ബസ് ഡ്രൈവറടക്കം എട്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

മൃതദേഹങ്ങർ പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റി. മരിച്ചവരിലോ പരുക്കേറ്റവരിലെ മലയാളികളുണ്ടോ എന്ന് അറിവായിട്ടില്ല. അപകട കാരണം അന്വേഷിച്ചുവരികയാണെന്ന് ദുബായ് പൊലീസ് സെക്യുരിറ്റി മീഡിയാ ഡയറക്ടർ കേണൽ ഫൈസൽ അൽ ഖാസിം പറഞ്ഞു.

സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൾഅസീസ് അൽ സൗദിന്റെ പ്രധാന അംഗരക്ഷകരിലൊരാൾ വെടിയേറ്റ് മരിച്ചു. മേജർ ജനറൽ അബ്ദുൾഅസീസ് അൽ ഫഖാം ആണ് വെടിയേറ്റു മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് വെടി വെക്കുകയായിരുന്നെന്നാണ് വിവരം. ഇതൊരു വ്യക്തിപരമായ തർക്കത്തിനു പിന്നാലെയാണെന്ന് ദേശീയ ടെലിവിഷൻ പറഞ്ഞു.

വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല. അവ്യക്തമായ കാര്യങ്ങളാണ് സോഷ്യല്‌ മീഡിയയിൽ പ്രചരിക്കുന്നത്. സൽമാൻ രാജാവിനോട് മേജർ ജനറൽ അബ്ദുൾഅസീസ് പുലർത്തിയിരിന്ന വിധേയത്വം വ്യക്തമാക്കുന്ന ഫോട്ടോകളും ആദരാഞ്ജലിക്കുറിപ്പുകളും പ്രചരിക്കുന്നുണ്ട്.

സൗദി സ്റ്റേറ്റ് ടെലിവിഷൻ ഒരു ട്വീറ്റിലൂടെയാണ് മരണം അറിയിച്ചത്. ജിദ്ദയിൽ വെച്ച് ഒരു വ്യക്തിപരമായ തർക്കത്തിനിടെ വെടിയേറ്റു മരിച്ചു എന്ന് ചുരുങ്ങിയ വാക്കുകളിലായിരുന്നു ട്വീറ്റ്.

മേജർ ജനറൽ അബ്ദുൾഅസീസിന്റെ ഒരു സുഹൃത്താണ് വെടി വെച്ചതെന്ന് സൗദ് പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഒരു സൗദി പൗരനും ഒരു ഫിലിപ്പിൻ പൗരനും പരിക്കേറ്റതായും ഈ റിപ്പോർട്ട് പറഞ്ഞു. വെടി വെച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യാക്രമണത്തിൽ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കുണ്ട്.

രാജാക്കന്മാരുടെ സൂക്ഷിപ്പുകാരൻ എന്നാണ് മേജർ ജനറൽ അബ്ദുൾഅസീസിനെ ഒകാസ് പത്രം വിശേഷിപ്പിച്ചത്.

ചൂട് പ്രശ്നമാക്കാതെ മെഡൽ ലക്ഷ്യമിട്ട് ഖലീഫ സ്റ്റേഡിയത്തിൽ അത്‍ലിറ്റുകൾ കുതിപ്പ് തുടങ്ങി. ആദ്യദിനം യോഗ്യതാ മത്സരങ്ങളായിരുന്നു കൂടുതൽ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മീറ്റ് ഉദ്ഘാടനം ചെയ്തു. പുരുഷ 100 മീറ്റർ ഉൾപ്പെടെ ഇന്ന് 4 ഫൈനലുകളുണ്ട്. ഇന്ത്യൻ താരം ദ്യുതി ചന്ദ് വനിതാ 100 മീറ്ററിന്റെ ആദ്യ റൗണ്ടിൽ ഇറങ്ങും. മിക്സ്ഡ് റിലേയുടെ ആദ്യ റൗണ്ടും ഇന്നാണ്.

ശ്രീശങ്കർ പുറത്ത്

പുരുഷ ലോങ്ജംപിൽ മലയാളിതാരം എം.ശ്രീശങ്കർ ഫൈനലിലെത്താതെ പുറത്തായി. 26 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ താരം 22–ാമതായിപ്പോയി. തന്റെ ആദ്യ ലോക ചാംപ്യൻഷിപ്പിന് ഇറങ്ങിയ ശ്രീശങ്കർ ആദ്യ ശ്രമത്തിൽ 7.52 മീറ്റർ ചാടി. രണ്ടാം ശ്രമത്തിൽ 7.62 മീറ്റർ. മൂന്നാം ശ്രമം ഫൗളായി. ക്യൂബയുടെ യുവാൻ മിഗ്വേൽ എച്ചെവറിയ 8.40 മീറ്റർ ചാടി യോഗ്യതാ റൗണ്ടിൽ ഒന്നാമനായി ഫൈനലിലെത്തി.

യുഎസിന്റെ ജെഫ് ഹെൻഡേഴ്സൻ (8.12 മീ), ജപ്പാന്റെ യുകി ഹഷിയോക (8.07), യുഎസിന്റെ സ്റ്റെഫിൻ മക്കാർട്ടർ (8.04), ദക്ഷിണാഫ്രിക്കയുടെ റസ്‌വാൾ സമായി (8.01), സ്പെയിനിന്റെ യൂസെബിയോ കാസെറസ് (8.01) എന്നിവർക്കു മാത്രമാണ് 8 മീറ്റർ കടക്കാനായത്. മലയാളിതാരത്തിന്റെ പേരിലുള്ള ഏറ്റവും മികച്ച പ്രകടനം 8.20 മീറ്ററിന്റെ ദേശീയ റെക്കോർഡാണ്. ഈ സീസണിലെ മികച്ച പ്രകടനമായ 8 മീറ്ററിലും താഴെയുള്ള പ്രകടനമാണു ശ്രീശങ്കർ ഇന്നലെ നടത്തിയത്.

ചരിത്ര റിലേ

ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി 4–400 മീറ്റർ മിക്സ്ഡ് റിലേ ഇന്നു ട്രാക്കിലെത്തും. ആദ്യ റൗണ്ടാണ് ഇന്ന്. 2 വീതം പുരുഷ, വനിതാ താരങ്ങളാണ് ഓരോ ടീമിലും ഉണ്ടാവുക. സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മലയാളിതാരം വൈ.മുഹമ്മദ് അനസ് ഉൾപ്പെടുന്ന ഇന്ത്യൻ ടീം 5–ാം സ്ഥാനത്തുണ്ട്.

പോളണ്ട്, ബഹ്റൈൻ, യുഎസ്, ഇറ്റലി ടീമുകളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. 2017ലെ ലോക റിലേ ചാംപ്യൻഷിപ്പിലാണ് മിക്സ്ഡ് റിലേ ആദ്യമായി സീനിയർ തലത്തിൽ പരീക്ഷിക്കുന്നത്. ബഹാമാസ് ആയിരുന്നു ആദ്യ ജേതാക്കൾ. ഈ വർഷത്തെ ലോക റിലേയിൽ യുഎസ് ഒന്നാമതെത്തി. കഴിഞ്ഞ ജക്കാർ‌ത്ത ഏഷ്യൻ ഗെയിംസിൽ ബഹ്റൈനു പിന്നിൽ ഇന്ത്യ വെള്ളി നേടിയിരുന്നു.

ചൂടറിയാൻ തെർമോമീറ്റർ ഗുളിക!

കത്തുന്ന ചൂട് അത്‍ലിറ്റുകളെ എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ മാരത്തൺ ഓട്ടക്കാർക്കും നടത്തക്കാർക്കും രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷൻ നൽകുന്ന ‘പിൽ തെർമോമീറ്ററാ’ണിത്. ഇതു വിഴുങ്ങിയാൽ അത്‍ലിറ്റിന്റെ ശരീരം ചൂടിനോട് എങ്ങനെയാണു പ്രതികരിക്കുന്നതെന്നു ഗുളികയ്ക്കുള്ളിലുള്ള പ്രത്യേക ചിപ്പിലൂടെ പുറത്തറിയാം.

ഗുളികയിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം വൈദ്യസംഘത്തിന്റെ കയ്യിലുണ്ടാകും. വിഴുങ്ങി 2 മണിക്കൂർ കഴിയുമ്പോൾ ചിപ്പ് വിവരങ്ങൾ അയച്ചുതുടങ്ങും. 18 മുതൽ 30 മണിക്കൂർവരെ ശരീരത്തിനുള്ളിൽ തെർമോമീറ്റർ പ്രവർത്തിക്കും. പിന്നീട് വൻകുടലിലൂടെ പുറന്തള്ളപ്പെടും. ദോഹയിലെ പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസാണ്. അർധരാത്രിയിൽ ചൂട് 30 ഡിഗ്രി ആകുമ്പോഴാണു മാരത്തൺ, നടത്ത മത്സരങ്ങൾ നടത്തുന്നത്.

ദുബായിലെ അല്‍ ഖുസൈസ് നഗരത്തില്‍ വന്‍ തീ പിടിത്തം. ഷാര്‍ജ അതിര്‍ത്തിക്ക് സമീപം അല്‍ ഖുസൈസിലെ ടയര്‍ ഗോഡൗണുകള്‍ക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അറിയിച്ച അഗ്‌നിശമന സേന, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അറിയിച്ചു.

തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത പുക നിറഞ്ഞു. ഉച്ചയ്ക്ക് 2.31നാണ് തങ്ങള്‍ക്ക് തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ഖുസൈസ്, അല്‍ ഹംരിയ, അല്‍ കരാമ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി. പിന്നീട് അല്‍ അല്‍ ബര്‍ഷ, നാദ് അല്‍ ഷെബ, അല്‍ മെസെര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകളെത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണുകളിലും പരിസരത്തും ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷതമായി ഒഴിപ്പിക്കാന്‍ സാധിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.

 

RECENT POSTS
Copyright © . All rights reserved