നാട്ടിലേക്കു യാത്രചെയ്യുന്ന മലയാളികളുടെ മാറാത്ത ശീലങ്ങളിൽ കാലിയാകുന്നത് കീശ. സാധനങ്ങൾ കുത്തിനിറച്ച പെട്ടികളുമായി യാത്ര ചെയ്യുമ്പോൾ കയ്യിലുള്ളത് ദുരിതങ്ങളുടെ ‘ഒാവർലോഡ്’ ആണെന്നു പലരും തിരിച്ചറിയുന്നില്ല. സ്ഥാപനങ്ങൾ ഒാഫറുകൾ പ്രഖ്യാപിക്കുമ്പോൾ വാങ്ങിക്കൂട്ടുന്ന സാധനങ്ങളൊക്കെ പെരുവഴിയിലാകുന്ന കാഴ്ചകളും പതിവാണ്.

ലഗേജിൽ 30 കിലോയാണ് പരമാവധി കൊണ്ടുപോകാനാവുക. പായ്ക്കിങ്ങിനു ശേഷം തൂക്കിനോക്കാത്തവരുമുണ്ട്. അധികമുള്ള തൂക്കത്തിനു പണം നൽകുകയോ സാധനങ്ങൾ മാറ്റുകയോ വേണം. സാധനങ്ങൾ കാർഡ്ബോഡ് പെട്ടിയിലാണെങ്കിൽ ഇരട്ടിദുരിതമാണ്. ഒറ്റയ്ക്കു പെട്ടി പൊളിക്കേണ്ടിവരും. എത്രകിലോ ലഗേജ് കൊണ്ടുപോകാമെന്നു ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കും ഹാൻഡ് ബാഗേജ് പരമാവധി 7 കിലോയാണ് അനുവദനീയം. തിരക്കു കുറവാണെങ്കിൽ ചില ഇളവുകൾ പ്രതീക്ഷിക്കാമെന്നു മാത്രം. എമിറേറ്റ്സ് വിമാനങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നു വാങ്ങുന്നതുൾപ്പെടെ 13 കിലോ ഹാൻഡ് ബാഗേജ് കൊണ്ടുപോകാം.

പുറമേ നിന്ന് 7 കിലോ മാത്രമേ ഹാൻഡ് ബാഗേജ് ആയി അനുവദിക്കൂ.  ഡ്യൂട്ടി ഫ്രീയിൽ നിന്ന് മദ്യം ഉൾപ്പെടെ 6 കിലോ സാധനങ്ങൾ വാങ്ങാം. വിമാനത്തിൽ കയറും മുൻപ് വീണ്ടും ബാഗേജിന്റെ തൂക്കം പരിശോധിക്കും. കൂടുതലുള്ള ഒാരോ കിലയ്ക്കും 90 ദിർഹമാണു നിരക്ക്. ഇതിന്റെ നാലിെലാന്നു വിലപോലും ഇല്ലാത്ത സാധനങ്ങൾക്കും അമിതനിരക്ക് നൽകേണ്ടിവരുന്നു. പ്രിയപ്പെട്ടവർക്കായി വാങ്ങിയ സാധനങ്ങൾ ഉപേക്ഷിക്കാനുള്ള മടികൊണ്ട് ഭൂരിപക്ഷം യാത്രക്കാരും പണം നൽകുകയാണു പതിവ്.

കൂടുതലെങ്കിൽ പാഴ്സൽ

സാധനങ്ങൾ കൂടുതലാണെങ്കിൽ പാഴ്സൽ അയയ്ക്കുന്നതാണു സുരക്ഷിതം. നാട്ടിലെത്തുന്ന ദിവസം കണക്കാക്കി മുൻകൂട്ടി അയച്ചാൽ കൃത്യസമയത്തു കിട്ടും. പ്രഫഷനൽ സ്ഥാപനങ്ങൾ ഉള്ളതിനാൽ സാധനങ്ങൾ ഭദ്രമായെത്തും.

ഭക്ഷണം കഴിച്ചു  പുറപ്പെടാം

പുറപ്പെടുംമുൻപ് ഭക്ഷണം കഴിക്കുന്നതാണ് ലാഭം. വിമാനത്താവളങ്ങളിലെ കടകളിൽ നിന്നു വാങ്ങിയാൽ ചെലവു കൂടുമെന്നു തിരിച്ചറിയണം. യാത്ര പോകുന്നതിന്റെ പിരിമുറുക്കത്തിൽ ചിലർ ഭക്ഷണം ഒഴിവാക്കുന്നു. യാത്രാദിവസം അമിത ഭക്ഷണം ഒഴിവാക്കുന്നതാണ് സുരക്ഷിതം.

യാത്രയ്ക്ക് മുൻപ് ഉറപ്പാക്കാൻ ഇതാ ചെക്ക് ലിസ്റ്റ്

∙ യാത്രയ്ക്കു മുൻപ് പാസ്പോർട്ട് കയ്യിലുണ്ടെന്ന് ഉറപ്പാക്കണം. ബോർഡിങ് പാസ് എടുക്കാനെത്തിയപ്പോൾ പാസ്പോർട് കാണാതെ തിരികെ പാഞ്ഞവരുണ്ട്. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്നും നോക്കണം.

∙ യാത്രചെയ്യുന്ന ദിവസം, വിമാനത്തിന്റെ സമയം എന്നിവ കൃത്യമായി നോക്കി ഉറപ്പുവരുത്തണം.

∙ ടിക്കറ്റിൽ എത്രകിലോ ലഗേജ് കൊണ്ടുപോകാമെന്നു രേഖപ്പെടുത്തിയിരിക്കും. അതു ശ്രദ്ധിക്കണം.

∙ മുറിയുടെ താക്കോൽ എടുക്കാൻ മറക്കരുത്. അവധി കഴിഞ്ഞു തിരികെ വരുമ്പോൾ ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.

∙ പതിവായി കഴിക്കുന്ന മരുന്നും കരുതണം.

∙ എയർപോർട്ടിലേക്ക് കൃത്യസമയത്ത് ഇറങ്ങുക. കുട്ടികളും വയോധികരും ഒപ്പമുണ്ടെങ്കിൽ നേരത്തേയിറങ്ങാം. ഗതാഗതക്കുരുക്കിനുള്ള സാധ്യതയും കണക്കിലെടുക്കണം.

∙ വിമാനസമയത്തിൽ മാറ്റമുണ്ടോയെന്ന് പരിശോധിക്കാം.

∙ പവർബാങ്ക്, ചാർജറുകൾ എന്നിവ ഹാൻഡ് ബാഗേജിലാണ് വയ്ക്കേണ്ടത്.

∙ സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും മരുന്നുകളും കൈയിലുണ്ടെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണം.

പുലിവാല് പിടിക്കല്ലേ…

∙ വിമാനത്തിലേക്കു പോകാനുള്ള ഗേറ്റ് നമ്പരുകളിൽ ഏതു സമയത്തും മാറ്റമുണ്ടാകാം. അറിയിപ്പുകൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങാനിടയുണ്ട്.

∙ വിമാനത്താവളത്തിലും വിമാനത്തിലും അമിതമായി മദ്യപിക്കുന്നത് മറ്റു യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നു തിരിച്ചറിയണം.

∙ ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ വാങ്ങി നടക്കുന്നതിനിടെ ബാഗ് എവിടെയാണു വച്ചതെന്നു മറന്ന്  പരിഭ്രാന്തരാകുന്നവരുമുണ്ട്. ബിൽ കൗണ്ടറിൽ പാസ്പോർട്ട് മറക്കുന്നതും ആവർത്തിക്കുന്ന അബദ്ധങ്ങളാണ്. വിമാനത്താവളത്തിൽ ബാഗ് മറക്കുന്നത് പുലിവാലായേക്കാം.

∙ ലാപ്ടോപ് ബാഗിൽ ചോക്കലേറ്റും മറ്റും കുത്തിനിറയ്ക്കുന്നതിനും പിടിവീഴുമെന്നു മനസിലാക്കണം.