Filim Review

ഷെറിൻ പി യോഹന്നാൻ

ദുബായിലെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേക്കെത്തുന്ന സണ്ണിയിലൂടെയാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. കാറിൽ വച്ചു തന്നെ പാസ്പോർട്ട് കത്തിച്ചു പുറത്തേക്കെറിയുന്ന സണ്ണി കടുത്ത മാനസിക സംഘർഷത്തിലാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്നുതന്നെ വ്യക്തം. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം എടുക്കുന്ന സണ്ണി തന്റെ ക്വാറന്റൈൻ ദിനങ്ങൾ അവിടെ ചിലവഴിക്കാൻ തുടങ്ങുന്നു. എന്നാൽ ആ ദിനങ്ങൾ തള്ളിനീക്കാൻ അത്ര എളുപ്പമായിരുന്നില്ല.

“ഇപ്പോൾ മാത്രം നടക്കുന്ന കഥാ
പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു
സാഹചര്യത്തിൽ പറയാൻ ഒട്ടും
ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള, കുറേയേറെ
പ്രത്യേകതയുള്ള ചിത്രമാണ് ‘സണ്ണി’.” സംവിധായകൻ രഞ്ജിത് ശങ്കറിന്റെ വാക്കുകളാണിവ. കോവിഡും ക്വാറന്റൈനും ഏകാന്തതയും മാനസിക പിരിമുറുക്കവും ചിത്രത്തിന്റെ ഇതിവൃത്തമാവുന്നു. പ്രതിസന്ധികൾ മാത്രം ചുറ്റും നിറയുന്ന, ജീവിതത്തിൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ക്വാറന്റൈൻ ദിനങ്ങളെ ഒന്നര മണിക്കൂറിൽ അവതരിപ്പിക്കുകയാണ് രഞ്ജിത്ത്.

പ്രതീക്ഷ, പ്രത്യാശ എന്നതിലേക്ക് സണ്ണിയെ നയിക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ ഫോൺ സംഭാഷണങ്ങളുടെയും ശബ്ദത്തിന്റെയും രൂപത്തിൽ സിനിമയിലുണ്ട്. കഥാപരിസരം ഒറ്റയിടത്തേക്ക് ചുരുങ്ങുമ്പോൾ ഉണ്ടാവുന്ന ആവർത്തന വിരസത ഇല്ലാതാക്കാൻ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും സഹായിച്ചിട്ടുണ്ട്. ചിത്രത്തിലെ ക്ലൈമാക്സ്‌ ഗാനം നന്നായിരുന്നു.

നമ്മളിൽ പലരും കടന്നുപോയ ഒരവസ്ഥയുടെ നേർചിത്രണം നടത്തുമ്പോൾ ഏകാന്തതയിൽ കഴിയുന്ന കേന്ദ്ര കഥാപാത്രത്തെ ഗംഭീരമായി സ്‌ക്രീനിൽ എത്തിക്കാൻ ജയസൂര്യക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ സ്റ്റോറി ലൈൻ ശക്തമായി തോന്നിയില്ല. പതിഞ്ഞ താളത്തിൽ കഥ പറയുന്നതിനാൽ പ്രേക്ഷകനെ പൂർണമായി എൻഗേജ് ചെയ്യിപ്പിക്കുന്നതിൽ സിനിമ പിന്നോട്ടു പോകുന്നു.

‘കഥാന്ത്യത്തിൽ എല്ലാം കലങ്ങിതെളിയണം’ എന്ന പതിവ് രീതിയാണ് ഈ ചിത്രവും പിന്തുടരുന്നത്. അതിനോട് വ്യക്തിപരമായി യോജിക്കാൻ കഴിയില്ല. റിയാലിറ്റിയാണ് പറയുന്നതെങ്കിലും ചില നാടകീയ രംഗങ്ങളും കഥയിൽ കടന്നുവരുന്നുണ്ട്. ഒന്നര മണിക്കൂർ മാത്രമുള്ളതിനാൽ ഒരു തവണ ബോറടികൂടാതെ കണ്ടിരിക്കാവുന്ന ശരാശരി ചലച്ചിത്രാനുഭവം.

ഷെറിൻ പി യോഹന്നാൻ

ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായിയുടെ മകൾ ഒരു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. അതിന്റെ കേസ് ഇപ്പോഴും നടക്കുകയാണ്. ഇത്തവണ പോൾ എറണാകുളത്ത് എത്തിയത് പ്രധാനമായും രണ്ട് കാര്യങ്ങൾക്ക് വേണ്ടിയാണ്. ഒന്ന്, കൊച്ചുമകനെ കണ്ട് അവന്റെകൂടെ ഒരു ദിവസം താമസിക്കണം. മരുമകൻ അലനും അലന്റെ ഇപ്പോഴത്തെ ഭാര്യ സ്നേഹയും അവിടെയുണ്ട്. രണ്ടാമത്തെ കാര്യം, വക്കീലിനെ കണ്ട് കേസ് മുന്നോട്ട് നടത്തികൊണ്ടുപോകണം. എന്നാൽ കാര്യങ്ങൾ ആ വീട്ടിൽ നിന്ന് പല വഴികളിലേക്ക് തിരിയുകയായിരുന്നു.

മനു അശോകന്റെ രണ്ടാമത്തെ ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. സുരാജ്, ടോവിനോ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇമോഷണൽ സൈഡിൽ നിന്നുള്ള കഥപറച്ചിലാണ് നടത്തിയിരിക്കുന്നത്. ഒരു മരണം മൂന്നു പേരുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു, അതിൽ അവർ നേരിടുന്ന മാനസിക സംഘർഷം, യഥാർത്ഥ സംഭവം തിരിച്ചറിഞ്ഞു കഴിയുമ്പോഴുള്ള അവസ്ഥ എന്നിങ്ങനെ മനുഷ്യ മനസിന്റെ വൈകാരിക തലങ്ങളെ സ്പർശിച്ചുള്ള കഥാഖ്യാനമാണ് ചിത്രം നടത്തുന്നത്.

പ്രകടനങ്ങളിൽ സുരാജ് മികച്ചു നിൽക്കുന്നു. മകൾ നഷ്ടപെട്ട അച്ഛന്റെ വ്യഥകളെ, സത്യം തിരിച്ചറിയാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളെ പെർഫെക്ടായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. റിലേഷൻഷിപ്പിൽ പാടുപെട്ട് കഴിയേണ്ടി വരുന്ന സ്ത്രീയെ ഐശ്വര്യ പൂർണതയിൽ എത്തിക്കുമ്പോൾ ടോവിനോയും തന്റെ റോൾ മികച്ചതാക്കിയിട്ടുണ്ട്. എടുത്തുപറയേണ്ട മറ്റൊരു പ്രകടനം കുട്ടുവായി എത്തിയ അലോക് കൃഷ്ണയുടേതാണ്. പശ്ചാത്തലസംഗീതവും നല്ല നിലവാരം പുലർത്തുന്നു

വളരെ പതുക്കെയാണ് കഥ നീങ്ങുന്നത്. സത്യം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ ആകാംഷ നിറയ്ക്കുന്നുണ്ടെങ്കിലും ഒരു ‘ത്രില്ലർ’ എന്ന പേര് നൽകാമോയെന്ന് സംശയമാണ്. ബോബി-സഞ്ജയ്‌ ടീമിന്റെ തിരക്കഥ അത്ര മികച്ചതായി എനിക്ക് അനുഭവപ്പെട്ടില്ല. സ്ട്രോങ്ങ്‌ ആയി ആദ്യ പകുതി ഒരുക്കിയെങ്കിലും ഫൈനൽ ആക്ടിൽ തിരക്കഥ ദുർബലമായി. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ അനാവശ്യമായി കഥ വലിച്ചുനീട്ടിയത് കാണാം.

കണ്ടിരിക്കാവുന്ന ഫാമിലി ഡ്രാമയാണ് ‘കാണെക്കാണെ’. തെറ്റ് – ശരി എന്നീ ദ്വന്ദങ്ങളുടെ പക്ഷത്തു നിന്ന് കഥപറയുന്നത് പ്രേക്ഷകനെയും പരിഗണിച്ചുകൊണ്ടാണ്. സ്ക്രിപ്റ്റിലെ പോരായ്മ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ പരിഹരിക്കപ്പെടുന്ന കാഴ്ച. അതുകൊണ്ട് തന്നെ ഭൂരിഭാഗം പ്രേക്ഷകർക്കും സിനിമ ഇഷ്ടമാകും.

ഷെറിൻ പി യോഹന്നാൻ

വായ തുറന്നാൽ നന്മ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും മെലോഡ്രാമയാൽ സമ്പുഷ്ടമായ കഥാഗതിയും തിരുകി കയറ്റിയ തമാശകളും ഒക്കെയായാണ് മലയാളത്തിൽ ഭൂരിഭാഗം ഫീൽ ഗുഡ് ഡ്രാമകളും പുറത്തിറങ്ങാറ്. റോജിൻ തോമസിന്റെ രണ്ടാമത്തെ ചിത്രം ഈ പതിവ് രീതിയിൽ നിന്ന് മാറിനടക്കുന്നത് വളരെ സുന്ദരമായാണ്. വലിയ പബ്ലിസിറ്റിക്ക് മുതിരാതെ ട്രെയ്ലർ മാത്രം ഇറക്കി ഈ ഓണത്തിന് കുടുംബ പ്രേക്ഷകർക്ക് സമ്മാനം ഒരുക്കിയിരിക്കുകയാണ് ആമസോൺ… വളരെ സന്തോഷം.

ഒരു വീടിന്റെയും വീട്ടിലെ ഓരോ അംഗങ്ങളുടെയും കഥയാണ് #ഹോം. ഒളിവർ ട്വിസ്റ്റും (ഇന്ദ്രൻസ്), കുട്ടിയമ്മയും (മഞ്ജു പിള്ള), ആന്റണിയും (ശ്രീനാഥ്‌ ഭാസി), ചാൾസും (നസ്ലിൻ) അവരുടെ അപ്പച്ചനും ഒരുമിക്കുന്ന വീട്. സിനിമയിലെ ഓരോ കഥാപാത്രവും അവരുടെ സംഭാഷണങ്ങളിലൂടെയും മാനറിസത്തിലൂടെയും വളരെ വേഗം പ്രേക്ഷക മനസ്സിൽ സ്ഥാനമുറപ്പിക്കുന്നുണ്ട്. ടെക്നോളജി ഔട്ട്‌ഡേറ്റഡ് ആയ അപ്പൻ സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ തുടങ്ങുന്നതും പിന്നീട് ഉടലെടുക്കുന്ന പ്രശ്നങ്ങളും ആന്റണിയുടെ തിരക്കഥാ രചനയും ചാൾസിന്റെ യുട്യൂബ് ചാനലും ഒക്കെയായി കഥ പല ലെയറുകളിലൂടെ സഞ്ചരിക്കുന്നുണ്ട്.

ചിത്രം കണ്ടുകഴിഞ്ഞാലും ക്ലൈമാക്സിലെ ഒളിവർ ട്വിസ്റ്റിന്റെ ചിരി ആയിരിക്കും മനസ്സിൽ. അതിഗംഭീരമാണ് ഇന്ദ്രൻസിന്റെ പ്രകടനം. ഇമോഷണൽ രംഗങ്ങളെല്ലാം ഇന്ദ്രൻസിന്റെ കയ്യിൽ ഭദ്രമാണ്. കൈനകരി തങ്കരാജും മഞ്ജു പിള്ളയും സംഭാഷണങ്ങളെക്കാൾ ഉപരിയായി പ്രവർത്തികളിലൂടെയാണ് സിനിമയിൽ അവരുടെ സ്ഥാനമുറപ്പിക്കുന്നത്. ശ്രീനാഥ് ഭാസി, ജോണി ആന്റണി, നസ്ലിൻ എന്നിവരും പ്രകടനങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. ക്ലൈമാക്സിലെ അപ്പച്ചന്റെ ആ ഡയലോഗിനും പശ്ചാത്തലമായി മുഴങ്ങുന്ന സംഗീതത്തിനും ഒരു പ്രത്യേക ഭംഗിയുണ്ട്.

പ്രേക്ഷകൻ ഊഹിക്കുന്ന രംഗങ്ങൾ ആണെങ്കിൽ പോലും കൈവിട്ടുപോകാതെ അച്ചടക്കത്തോടെ സിനിമ അവസാനിപ്പിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ പശ്ചാത്തലസംഗീതം വളരെ മനോഹരമാണ്. രണ്ടെമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ഇടയ്ക്ക് പോലും മടുപ്പുളവാക്കുന്ന രംഗമില്ല. കാരണം, ഓരോ വീട്ടിലും നടക്കുന്ന നിത്യസംഭവങ്ങളിലൂടെ കഥ നീങ്ങുന്നത് കൊണ്ടാവും. സിനിമയുടെ പേര് പോലെ തന്നെ ആ വീടും ഒരു കഥാപാത്രമാണ്. പച്ചക്കറി തോട്ടവും പൂന്തോട്ടവും വീടും അതിമനോഹരമായി ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾക്ക് തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്.

എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ, കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങൾ, മനോഹരമായ പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയോടൊപ്പം റോജിൻ തോമസിന്റെ സംവിധാന മികവും ഒത്തുചേരുമ്പോൾ കണ്ണും മനസ്സും നിറയ്ക്കുന്ന സിനിമയായി മാറുന്നുണ്ട് ഹോം. മനസ്സിനോടിണങ്ങി നിൽക്കുന്ന ചിത്രങ്ങളുടെ വീട്ടിലേക്ക് ഒന്നുകൂടി… #ഹോം

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള മാധ്യമ പ്രവര്‍ത്തകയായ മരിയയും അഭിനയ മോഹിയായ ജിതിനും ഒരു യാത്രയിലാണ്. ഡോക്ടറെ കാണാനുള്ള യാത്രയാണത്. മരിയ ഗർഭിണിയാണോയെന്ന സംശയത്തിന്റെ പുറത്ത് ഇറങ്ങിപുറപ്പെട്ടതാണ് അവർ. അവരുടെ ആശങ്കയിലൂടെ, സംഭാഷണത്തിലൂടെ, പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു.

മേക്കിങ്ങിലെ പരീക്ഷണം കൊണ്ട് 2020 ഐഎഫ്എഫ്കെ വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. ഇന്ന് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്തു. കാറിനുള്ളിൽ 85 മിനിറ്റ് നീളുന്ന സിംഗിൾ ഷോട്ടിലാണ് ചിത്രം പൂർത്തിയാക്കിയത്. അഭിനേതാക്കൾ കാറിന് പുറത്തേക്ക് ഇറങ്ങുന്നുണ്ടെങ്കിലും ക്യാമറ ചലിക്കുന്നില്ല. ഡോൺ പാലത്തറയുടെ ‘ശവം’ കഥപറയുന്നതുപോലെ ഒരു ഇടത്തെ മാത്രം കേന്ദ്രമാക്കിയാണ് ഈ ചിത്രവും നീങ്ങുന്നത്. റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി, നീരജ് രാജേന്ദ്രൻ എന്നീ മൂന്ന് അഭിനേതാക്കൾ മാത്രം.

പരീക്ഷണ ചിത്രമെന്ന ലേബലിൽ തളച്ചിടേണ്ട ഒന്നല്ല ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. മരിയയുടെയും ജിതിന്റെയും സംഭാഷണങ്ങളിലൂടെ സ്ത്രീ – പുരുഷ ബന്ധത്തെ പുതിയ കാലത്തിൽ വ്യാഖ്യാനിക്കുകയാണ് ചിത്രം. കഥയ്ക്കുള്ളിലെ സംവിധായകന്റെയും സുഹൃത്തിന്റെയും ഫോൺ സംഭാഷണത്തിലൂടെ പലതും വ്യക്തമാക്കുന്നുണ്ട് ഡോൺ. ലൈംഗികതയിലെ സ്വാതന്ത്ര്യവും പൊതു സമൂഹവും ബന്ധത്തിനുള്ളിലെ തുറന്ന് പറച്ചിലും ഇവിടെ ചർച്ചാവിഷയമാകുന്നു.

ക്ലൈമാക്സിലെ പുഞ്ചിരിയോടൊപ്പം ഒഴുകിയെത്തുന്ന സിതാരയുടെ സംഗീതം മനോഹരമാണ്. കഥാപരിസരത്തിന് മാറ്റമില്ലാത്തത് കൊണ്ടും പ്രവൃത്തിയേക്കാൾ ഉപരി സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന കഥയായതിനാലും അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റണമെന്നില്ല. അവരുടെ സ്വകാര്യ സംഭാഷണത്തിന് കാതോർത്ത് ഇരുന്നില്ലെങ്കിൽ ലാഗ് അടിക്കാനുള്ള സാധ്യതയും കൂടുതലാണ്.

തിരക്കഥയിലെ മേന്മ, മികച്ച പ്രകടനങ്ങൾ, വ്യത്യസ്തമായ മേക്കിങ് എന്നിവയിലൂടെ തൃപ്തികരമായ സിനിമ അനുഭവം ആകുന്നു ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. ‘സീ യൂ സൂൺ’,’ലൗ’ തുടങ്ങിയവ പോലെ കോവിഡ് പ്രതിസന്ധിയെ സർഗാത്മകമായി മറികടക്കുകയാണ് ഈ ചിത്രവും. കാണാൻ ശ്രമിക്കുക.

ഷെറിൻ പി യോഹന്നാൻ

എല്ലാം അവസാനിപ്പിച്ച് ഹജ്ജിന് പോകാൻ തയ്യാറെടുക്കുകയാണ് സുലൈമാൻ മാലിക്. വീട്ടിലെ വലിയ ആൾക്കൂട്ടത്തിൽ നിന്നു തന്നെ സമൂഹത്തിൽ അദേഹത്തിനുള്ള സ്ഥാനം മനസിലാക്കാം. എന്നാൽ സുലൈമാൻ മാലിക് ഹജ്ജിനല്ല പോയത്. നേരെ ജയിലിലേക്ക് കൊണ്ടുപോയ അലീക്കയെ അവിടെ വെച്ച് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം എന്താവാം? റമദാൻപള്ളിക്കാരുടെ പ്രിയപ്പെട്ടവനായ അലീക്കയുടെ മുൻകാല ചരിത്രം എന്തായിരിക്കാം?

2019ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘മാലിക്’. മലയാള സിനിമയിലെ തന്നെ മികച്ച കാസ്റ്റ് & ക്രൂ ഒരുമിക്കുന്ന ചിത്രം അന്നുമുതൽ നൽകിയ പ്രതീക്ഷകൾ വലുതായിരുന്നു. നിരവധി അഭിമുഖങ്ങളിലൂടെ മാലിക് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. നിലവിലെ പ്രതിസന്ധികൾ കാരണം തിയേറ്ററിൽ ‘അനുഭവിക്കാൻ’ ഒരുക്കിയ ചിത്രം ഒടിടി എന്ന ബദൽമാർഗം തിരഞ്ഞെടുക്കുകയായിരുന്നു.

മഹേഷ്‌ നാരായണന്റെ മാലിക് ഒരു വലിയ സിനിമയാണ്. ചിത്രം ഒരുക്കിയ രീതിയും (സെറ്റ്, കലാസംവിധാനം, മേക്കപ്പ്) ചലച്ചിത്രഭാഷ കൈവരുമ്പോഴുള്ള സൗന്ദര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. സുലൈമാൻ മാലിക്കിന്റെ ജീവിതത്തിലൂടെ 1965-2018 കാലയളവിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ നടന്ന പല സംഭവങ്ങളെ എക്സ്പ്ലോർ ചെയ്യുകയാണ് സംവിധായകൻ. അതിൽ തീരപ്രദേശത്തിന്റെ വളർച്ചയുടെ കഥയുണ്ട്, ന്യൂനപക്ഷ സമുദായങ്ങളുടെ പോരാട്ടത്തിന്റെ കഥയുണ്ട്, മുതലെടുപ്പിന്റെ കഥയുണ്ട്. കഥാപരിസരത്തിൽ സുനാമി, ബീമാപള്ളി വെടിവയ്പ്പ് മുതൽ ഓഖി വരെയുണ്ട്.

കെട്ടുറപ്പുള്ള തിരക്കഥയാണ് മാലിക്കിന്റെ കരുത്ത്. മൂന്നു കഥാപാത്രങ്ങളിലൂടെയുള്ള സുലൈമാൻ മാലിക്കിന്റെ ജീവിതാഖ്യാനം ഗംഭീരമാണ്. അതാണ് തിരക്കഥയുടെ ശക്തിയും പ്രേക്ഷകരെ രണ്ടേമുക്കാൽ മണിക്കൂർ സ്‌ക്രീനിൽ പിടിച്ചിരുത്തുന്ന പ്രധാന ഘടകവും. അലീക്കയായുള്ള ഫഹദിന്റെ പകർന്നാട്ടം ഞെട്ടിക്കുന്നതാണ്. മൂന്നു വേഷങ്ങളിൽ, മൂന്നു കാലത്തിന്റെ ഭാവങ്ങളെ ഉൾക്കൊണ്ട് മാനറിസത്തിലും ഡബിങ്ങിലും ശ്രദ്ധ പുലർത്തി, അലീക്കയെ പെർഫെക്ട് ആക്കിയിട്ടുണ്ട് ഫഹദ്. വിനയ് ഫോർട്ട്‌, നിമിഷ, ജോജു ജോർജ്, ദിലീഷ് പോത്തൻ, സനൽ അമൻ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം.

സിനിമ ആരംഭിക്കുന്നത് 12 മിനിറ്റിന്റെ സിംഗിൾ ഷോട്ടോടുകൂടിയാണ്. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രത്തിലെ സംഗീതവും കളർ ഗ്രേഡിങ്ങും ഗംഭീരമാണ്. സുഷിൻ ശ്യാം ഒരുക്കിയ ‘തീരമേ… തീരമേ’ എന്ന ഗാനം ഇപ്പോഴും മനസ്സിൽ അലയടിച്ചുയരുകയാണ്. മാലിക്കിനെ മണിരത്നത്തിന്റെ ‘നായക’നോട് ചേർത്ത് നിർത്തിയുള്ള വായന സാധ്യമാണ്.

ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന ഈ പൊളിറ്റിക്കൽ ഡ്രാമ, ധീരമായ കഥപറച്ചിൽ മാതൃക ആവുന്നുണ്ട്. മതവും രാഷ്ട്രീയവും തീരദേശജീവിതങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് സിനിമ തുറന്ന് പറയുന്നു. ഒരു നോവൽ കണക്കെ മാലിക് കഥ പറഞ്ഞവസാനിക്കുന്നു. പ്രണയവും പകയും പോരാട്ടവും നിസ്സഹായതയും അതിജീവനവുമെല്ലാം ഒന്നുചേരുന്ന ചലച്ചിത്രക്കാഴ്ച്ച.

മാലിക്, തീരദേശത്തെ മനുഷ്യരുടെ കഥയാണ്. നിശബ്ദരായ സഹജീവികളിൽ നിന്നും പ്രതികരിക്കാൻ പഠിച്ച ഒരു ജനതയുടെ കഥ (മാലിക് ടീസറിലെ സംഭാഷണം). രസമുള്ള കാഴ്ചകൾ തേടി മാലിക്കിലേക്ക് എത്തിയാൽ നിരാശയാവും ഫലം. സെൻസിറ്റീവായ വിഷയത്തെ ഭാവനയുമായി കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വികാരപരമായി ബന്ധപ്പെട്ടു നിൽക്കുന്നു. മാലിക് ആമസോൺ പ്രൈമിൽ അനുഭവിക്കുക. മലയാള സിനിമയുടെ നിലവാരം മനസിലാക്കുക.

ഷെറിൻ പി യോഹന്നാൻ

പ്രസവിക്കാൻ തീരെ താല്പര്യം ഇല്ലാത്ത ആളാണ് സാറാ. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക്‌ ചെയ്തതിനു ശേഷം സ്വന്തമായി തിരക്കഥയെഴുതി സിനിമ സംവിധാനം ചെയ്യാൻ സാറാ ഒരുങ്ങുകയാണ്. അതാണ് അവളുടെ ലക്ഷ്യം. എന്നാൽ അതിന് മുമ്പ് തന്നെ അവളുടെ വിവാഹം നടക്കുന്നു. വിവാഹശേഷം നമ്മുടെ നാട്ടിൽ ഉയരുന്ന സ്ഥിരം ചോദ്യം സാറായുടെ ജീവിതത്തിലും ഉയരുന്നു. “വിശേഷം ഒന്നും ആയില്ലേ മോളെ?”

ജൂഡ് ആന്തണിയുടെ മറ്റു രണ്ട് ചിത്രങ്ങളിളെയും (ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ) പോലെ തന്നെ സ്ത്രീപക്ഷത്തുനിന്നുള്ള കഥപറച്ചിലാണ് ‘സാറാ’യും നടത്തുന്നത്. സമൂഹം ഇന്ന് ചർച്ച ചെയ്യുന്ന വിഷയത്തെ രസകരമായി, എന്നാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. “ഒരു ചെറു ചിത്രം പ്രതീക്ഷിച്ചു പ്ലേ ബട്ടൺ ഞെക്കുക” എന്ന സംവിധായകന്റെ വാക്ക് പരിഗണനയിലെടുത്ത് പ്രതീക്ഷയുടെ അമിതഭാരം ഒഴിവാക്കി സമീപിച്ചാൽ ‘സാറാസ്’ തൃപ്തികരമായ ചലച്ചിത്രാനുഭവം ആയി മാറും.

അന്ന ബെന്നിന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ജീവൻ. ജീവിതത്തിൽ ലക്ഷ്യങ്ങളുള്ള, പ്രതിസന്ധികളിൽ അടിപതറാത്ത സാറായെ മികച്ചതായിട്ടുണ്ട് അന്ന. ആധുനിക കാലത്തെ ഒരു ശരാശരി മലയാളി പുരുഷന്റെ പ്രതീകമാണ് സാറായുടെ ഭർത്താവ് ജീവൻ. പുരോഗമനപരമായി നീങ്ങുമ്പോഴും ചുറ്റുമുള്ള സമൂഹത്തിന്റെ സ്വാധീനത്തിൽ അയാൾ പെട്ടുപോകുന്നുണ്ട്. ആന്റണിയിൽ നിന്നും ജീവനിലേക്ക് എത്തുമ്പോൾ സണ്ണി വെയ്ൻ മെച്ചപ്പെട്ടിട്ടുണ്ടെന്നതു തന്നെ ആശ്വാസം. മല്ലിക സുകുമാരൻ, ധന്യ വർമ തുടങ്ങിയവരുടെ പ്രകടനങ്ങളും നന്നായിരുന്നു.

മാതൃത്വം, പേരന്റിങ്ങ് എന്നിവയെക്കുറിച്ച് ഗൗരവമായി സംസാരിക്കുമ്പോഴും കഥയുടെ രസച്ചരട് മുറിഞ്ഞുപോകാതിരിക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. മികച്ച പ്രമേയവും പ്രകടനങ്ങളും മോശമല്ലാത്ത മേക്കിങ്ങും ചിത്രത്തിന്റെ നല്ല വശങ്ങളിൽ പെടുന്നു. രണ്ടാം പകുതിയിലെ ചില രംഗങ്ങളും ഗാനങ്ങളും അനാവശ്യമാണെന്ന് തോന്നിയാലും പൂർണമായ കാഴ്ചയിൽ ആ കുറവ് മറന്നുകളയാവുന്നതേ ഉള്ളൂ. സിദ്ധിഖ് കഥാപാത്രത്തിന്റെ ക്ലൈമാക്സ്‌ സന്ദേശം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ അതൊരു കല്ലുകടിയായി തോന്നിയതുമില്ല.

സ്വഭാവികമായി, പതിഞ്ഞ താളത്തിൽ പുരോഗമിക്കുന്ന ചിത്രമാണ് ‘സാറാസ്’. ഒട്ടേറെ ജീവിതങ്ങളെ സ്വാധീനിക്കാനും അവരുമായി കണക്ട് ആവാനും ശക്തിയുള്ള ചിത്രം. കുറവുകൾ നിലനിൽക്കുമ്പോഴും പ്രമേയ സ്വീകരണത്തിലും വിഷയാവതരണത്തിലും കൈവന്ന ക്വാളിറ്റി ചിത്രത്തെ മനോഹരമാക്കുന്നു, പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു.

ഷെറിൻ പി യോഹന്നാൻ

ഹിന്ദിയിലും തമിഴിലുമായി നിരവധി ആന്തോളജികൾ പുറത്തിറങ്ങിയ ഈ ഒടിടി കാലത്ത് മനസ്സിൽ തോന്നിയ ആഗ്രഹം ആയിരുന്നു മലയാളത്തിൽ നിന്നൊരു ആന്തോളജി ഇറങ്ങണമെന്നത്. അധികം വൈകാതെ തന്നെ മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഒത്തുചേർന്ന് മലയാളത്തിലും ഒരു ആന്തോളജി പുറത്തിറങ്ങി – ‘ആണും പെണ്ണും’. എന്നാൽ തീയേറ്ററിൽ അർഹിച്ച വിജയം നേടാതെയാണ് ചിത്രം കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തത്. അരമണിക്കൂർ വീതമുള്ള മൂന്നു കഥകളും മൂന്നു കാലത്തെ സ്ത്രീ ജീവിതങ്ങളെ പറ്റി ചർച്ച ചെയ്യുന്നു.

സാവിത്രി – സ്വാതന്ത്ര്യത്തോട് അടുക്കുന്ന കാലത്തിലെ കമ്മ്യൂണിസ്റ്റ്‌ വേട്ടയുടെ ഭീകര അവസ്ഥകളാണ് ജെയ് കെ സംവിധാനം ചെയ്ത ‘സാവിത്രി’ തുറന്നിടുന്നത്. ജന്മിത്ത വ്യവസ്ഥിതി ചൂഷണത്തിനുള്ള വഴി ഒരുക്കുമ്പോൾ അതിനെ സധൈര്യം നേരിടാൻ ശ്രമിക്കുന്ന പെണ്ണിനെയാണ് ജെയ് കെ ആവിഷ്കരിക്കാൻ ശ്രമിച്ചതെങ്കിലും ആ ഒരു ശക്തി കഥയിൽ കണ്ടില്ല. ലളിതമായ കഥാഖ്യാനമാണ് ചിത്രം പിന്തുടരുന്നത്. ആർട്ട്‌ വർക്കും പ്രകടനങ്ങളും നന്നായിരുന്നുവെങ്കിലും കഥപറച്ചിൽ ശക്തമല്ലാത്തതിനാൽ ശരാശരി അനുഭവം മാത്രമായി ഒരുങ്ങുന്നു.

രാച്ചിയമ്മ – സ്ത്രീമനസിന്റെ നിഗൂഢതയെപ്പറ്റിയും സാർവലൗകികത്വത്തെപ്പറ്റിയും പറയുന്ന ഉറൂബിന്റെ കഥയുടെ ചലച്ചിത്രവിഷ്കാരമാണ് ഇത്. വേണു സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയും ആസിഫ് അലിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. നിസ്വാർത്ഥമായ സ്ത്രീമനസിന്റെ ഉദാഹരണമാണ് രാച്ചിയമ്മ. ഭൗതികമായ സ്വന്തമാക്കലല്ല, ആത്മീയമായ ഉൾച്ചേരലാണ് യഥാർത്ഥ സ്നേഹമെന്ന് രാച്ചിയമ്മ പറയുന്നു. “നമ്മൾ മനുഷ്യരല്ലേ?” എന്ന് പറഞ്ഞുള്ള രാച്ചിയമ്മയുടെ വിങ്ങൽ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ മാതൃക ആവുന്നുണ്ട്. ചിത്രത്തിലെ ഫ്രെയിമുകളും മനോഹരം.

റാണി – ഉണ്ണി ആറിന്റെ ‘പെണ്ണും ചെറുക്കനും’ എന്ന കഥയിൽ നിന്നാണ് ആഷിക് അബു ഈ ചിത്രം നിർമിച്ചത്. ഇത്തരമൊരു കഥയെ എങ്ങനെ ചലച്ചിത്ര രൂപത്തിലേക്ക് എത്തിക്കുമെന്നറിയാൻ താല്പര്യമുണ്ടായിരുന്നു. കഥയോട് നൂറു ശതമാനം നീതി പുലർത്തിയ ചിത്രമാണ് ‘റാണി’. ബാഹ്യമായി ലിബറൽ എന്ന് വിശ്വസിക്കുകയും ഉള്ളിൽ പാരമ്പര്യത്തെ പുൽകുകയും ചെയ്യുന്ന നായകൻ. അവനെക്കാൾ ധൈര്യമുള്ള, പ്രണയത്തിൽ സ്വന്തന്ത്രമായി വർത്തിക്കുന്ന നായിക. സദാചാരവും സമൂഹവും സെക്സും ഇവിടെ പ്രമേയങ്ങളായി എത്തുന്നു. റോഷൻ, ദർശന, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരുടെ ഗംഭീര പ്രകടനവും വ്യത്യസ്തമായ അവതരണവും റാണിയെ ഒരു പെർഫെക്ട് സെഗ്മെന്റ് ആക്കി മാറ്റുന്നുണ്ട്. ലൈംഗിക ചർച്ചയിലൂടെ സംതൃപ്തി നേടുന്ന വൃദ്ധ ദമ്പതികളും പ്രണയാർദ്രമായി പറയുന്ന വാക്കുകളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുന്ന റാണിയും കഥയിൽ ഡാർക്ക്‌ ഹ്യൂമർ എലമെന്റുകൾ നിറയ്ക്കുന്നു.

‘ആണും പെണ്ണും’ നല്ലൊരു ആന്തോളജിയാണ്. പല കാലങ്ങളിലെ കഥ പറയുന്നതിനോടൊപ്പം പെണ്ണിനെയും പ്രകൃതിയെയും കൂട്ടിയിണക്കുന്നുണ്ട് ചിത്രം. ഡയറക്റ്റ് ഒടിടി റിലീസ് ചെയ്തിരുന്നെങ്കിൽ ഇതിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമ.

ഷെറിൻ പി യോഹന്നാൻ

വിവാഹം കഴിഞ്ഞ ശേഷം കാടിനുള്ളിലുള്ള മാടത്തി കോവിലിൽ പോകുന്ന ദമ്പതികളിലൂടെയാണ് ‘മാടത്തി’ കഥ പറഞ്ഞാരംഭിക്കുന്നത്. വഴിയിൽ വച്ച് ഭാര്യയ്ക്ക് ആർത്തവം ഉണ്ടാകുന്നതോടെ മാറാനൊരു തുണി തേടി ഭർത്താവ് അവിടെ കാണുന്ന കുടിലിനുള്ളിലേക്ക് കയറുന്നു. ഏറെ നേരമായിട്ടും തിരികെ വരാത്ത ഭർത്താവിനെ തേടി കുടിലിനുള്ളിലേക്ക് കയറുന്ന ഭാര്യ പലതരം ചിത്രങ്ങൾ വരച്ച് അവിടെ തൂക്കിയിട്ടിരിക്കുന്നതായി കാണുന്നു. കുടിലിനുള്ളിലുള്ള കുട്ടി അവളെ ആ ചിത്രങ്ങൾക്കുള്ളിലൂടെ ഒരു ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

ഒരു യക്ഷിക്കഥയെന്ന രീതിയിൽ കഥപറഞ്ഞു തുടങ്ങുന്ന ‘മാടത്തി’ പതിയെ യാഥാർഥ്യത്തിലേയ്ക്കും പ്രതിരോധത്തിലേയ്ക്കും തിരിച്ചടികളിലേയ്ക്കും വഴിമാറി സഞ്ചരിക്കുന്നുണ്ട്. തിരുനൽവേലിക്ക് സമീപം കഴിയുന്ന പുതിരൈ വണ്ണാര്‍ സമുദായത്തിന്റെ ജീവിതമാണ് ലീന മണിമേഖല സ്‌ക്രീനിൽ നിറയ്ക്കുന്നത്. ദളിതരിൽ ദളിതരെന്ന് വിശേഷിപ്പിക്കപ്പെടുന്നവർ. മേൽജാതിക്കാരുടെ മുമ്പിൽ നിൽക്കാൻ കഴിയില്ല, പകൽവെളിച്ചത്തിൽ വഴിനടക്കാൻ കഴിയില്ല. മേൽജാതിക്കാരുടെ കാൽപെരുമാറ്റം കേട്ടാൽ ഓടിയൊളിച്ചോണം. ഈയൊരു സാഹചര്യത്തിലാണ് പന്നീറും വേണിയും യോസനയെ വളർത്തികൊണ്ട് വരുന്നത്. ഗ്രാമത്തിൽ നിന്നകലെ ഒളിച്ചു പാർക്കുകയാണെന്ന് പറയാം. ശവം പൊതിഞ്ഞ തുണിയും മേൽജാതിക്കാരുടെ ആർത്തവതുണിയും കഴുകിയാണ് അവർ ജീവിക്കുന്നത്.

ആകുലതകൾ നിറഞ്ഞ ജീവിതമാണ് വേണിയുടേത്. മകളെ സംരക്ഷിച്ചു നിർത്തണം. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിൽക്കുന്ന സമൂഹത്തിൽ നിന്ന് യോസനയെ മറച്ചുപിടിക്കേണ്ടതുണ്ട്. എന്നാൽ തങ്ങൾക്ക് വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ തിടുക്കം കാട്ടുന്ന യോസനയാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. അരുവിയിൽ മുങ്ങി നിവരുന്നു, മീൻകുഞ്ഞുങ്ങളെ കയ്യിൽ കോരിയെടുക്കുന്നു, പാറക്കെട്ടുകളുടെ ദൃഢതയിലും കാടിന്റെ വന്യതയിലും അവൾ തന്നെതന്നെ പ്രതിഷ്ഠിക്കുന്നു. അരുവിയിൽ നീന്തിതുടിക്കുന്ന ആണിന്റെ നഗ്നശരീരം അവൾ ആസ്വദിക്കുന്ന രംഗം, ജാതി – ലിംഗ വ്യവസ്ഥയിൽ സ്വാതന്ത്ര്യം നഷ്ടപെട്ട ഒരു പെണ്ണിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഭാഗം ആവുന്നുണ്ട്. ആണിടങ്ങളിൽ മാത്രം നിറയുന്ന ചില ഒളിച്ചുനോട്ടങ്ങളെ കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതുണ്ട്.

ജാതീയതയെ പച്ചയായി ആവിഷ്കരിക്കുമ്പോൾ തന്നെ പെണ്ണിന് ഇടം നിഷേധിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്കും ക്യാമറ തിരിച്ചുവയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ്‌ രംഗങ്ങളിൽ ആ കാഴ്ച കൂടുതൽ തീവ്രമാകുന്നുണ്ട്, കാഴ്ചക്കാരനെ ഭയപ്പെടുത്തുന്നുണ്ട്. പെണ്ണായി പിറന്നപ്പോൾ തന്നെ നിന്നെ കൊല്ലണമെന്ന് പലരും പറഞ്ഞിരുന്നതായി മകളോട് വേണി വെളിപ്പെടുത്തുന്നു. കാമത്തിന് മാത്രം ജാതീയത ഇല്ലെന്നിരിക്കെ ലൈംഗികപരമായി തന്നെ ചൂഷണം ചെയ്ത ഉപരിവർഗ സമൂഹത്തെ വേണി ചീത്ത പറയുന്നത് അവരുടെ തുണി കല്ലിൽ ആഞ്ഞടിച്ചുകൊണ്ടാണ്. അവരുടെ ആർത്തവ തുണികൾ വേണി ചവിട്ടി കഴുകുമ്പോൾ പുഴയിലേക്ക് പടരുന്നത് പാപക്കറയാണ്.

സ്വാതന്ത്ര്യം തേടിയിറങ്ങുന്ന യോസനയെ കാത്തിരുന്നത് പാറക്കെട്ടിനുള്ളിലെ അരണ്ട വെളിച്ചത്തിൽ മാറിമാറി വന്ന പുരുഷ ലിംഗങ്ങളായിരുന്നു. യോസനയിൽ നിന്നും മാടത്തിയെന്ന ദൈവത്തിലേക്കുള്ള സഞ്ചാരമാണ് പിന്നീട് സിനിമ അടയാളപ്പെടുത്തുന്നത്. ജാതി-ലിംഗ വിവേചനങ്ങൾ സൃഷ്ടിക്കുന്ന അന്ധത കഥാന്ത്യത്തിൽ സ്ക്രീനിലാകെ നിറയുന്നു. ഇതൊരു യാഥാർഥ്യമാണ്. ഇന്നിന്റെ സാമൂഹിക സാഹചര്യങ്ങളോട് ചേർത്തുനിർത്തി വായിക്കാവുന്ന ചലച്ചിത്രം. ശക്തമായ തിരക്കഥയിലൂടെയും ഗംഭീര പ്രകടനങ്ങളിലൂടെയും സിനിമ സംസാരിക്കുന്ന വിഷയം തീവ്രമാകുന്നുണ്ട്. വസ്ത്രാലങ്കാരവും എഡിറ്റിങ്ങും ഛായാഗ്രഹണവും അവതരണത്തെ കൂടുതൽ സുന്ദരമാക്കുന്നു. തുറന്നു പറച്ചിലിലൂടെയും തുറന്നവതരണത്തിലൂടെയും സിനിമ സ്വന്തമാക്കുന്ന സൗന്ദര്യത്തിന് മറ്റൊരുദാഹരണം – മാടത്തി

ഷെറിൻ പി യോഹന്നാൻ

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമെന്ന നിലയിലാണ് ‘ചതുർ മുഖം’ ഇന്ന് റിലീസ് ചെയ്തത്. പ്രേതം 2 വിൽ ഈ ഒരു എലമെന്റ് കടന്നുവരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്ത വിധം ഒട്ടും നന്നായിരുന്നില്ല. അതുകൊണ്ട് തന്നെ വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.

കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കർ, സലിൽ.വി എന്നിവരുടെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ് തേജസ്വിനി. നാട്ടിലെത്തുന്ന ഒരു ദിവസം കൈവശം ഉണ്ടായിരുന്ന ഫോൺ നഷ്ടപ്പെട്ടുപോകുകയും പിന്നീട് ഓൺലൈനിലൂടെ 4500 രൂപയുടെ ഒരു ഫോൺ വാങ്ങുകയും ചെയ്തു. ആ ഫോൺ കയ്യിലെത്തിയതുമുതൽ തേജസ്വിനിയുടെ ജീവിതത്തിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറാൻ തുടങ്ങി.

Positives – മലയാള സിനിമ പിന്തുടർന്നു പോകുന്ന ക്‌ളീഷേ പ്രേതസങ്കല്പങ്ങളെ തിരുത്തിയെഴുതാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന് അനിവാര്യമായ രീതിയിലാണ് ചിത്രം ഒരുക്കിയെടുത്തിരിക്കുന്നത്. മന്ത്രവാദിയെയും പള്ളീലച്ചനെയും ഒന്നും ക്ലൈമാക്സിൽ കൊണ്ടുവരാതിരുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഡോൺ വിൻസെന്റിന്റെ ഗംഭീര പശ്ചാത്തലസംഗീതം ചിത്രത്തിന്റെ അവസാനം വരെ നിറഞ്ഞുനിൽക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും അലൻസിയരുടെയും പ്രകടനം മികച്ചു നിൽക്കുന്നു. ഇനി കഥ എങ്ങനെയാവുമെന്ന ആകാംഷ ഉണർത്തികൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. പ്രശ്നങ്ങളെ പരിഹരിക്കാൻ കണ്ടെത്തുന്ന വഴിയും ഇൻട്രസ്റ്റിംഗ് ആയി തോന്നി.

Negatives – ടെക്‌നോ ഹൊറർ എന്ന ലേബലിൽ ആണ് പടം എത്തിയതെങ്കിലും അധികം ഭയപ്പെടുത്തുന്ന രംഗങ്ങൾ ഒന്നും ചിത്രത്തിലില്ല. പലവിധ ലോജിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈയൊരു ജോണർ ആയതിനാൽ അതൊക്കെ മറന്നുകളയുന്നതാവും നല്ലത്. ക്ലൈമാക്സ്‌ ഒക്കെ മോശമായാണ് അനുഭവപ്പെട്ടത്. സണ്ണി വെയ്ന്റെ പ്രകടനം ഒട്ടും നന്നായിരുന്നില്ല. ആ ഒരു കുറവ് പലയിടത്തും മഞ്ജു വാര്യരാണ് പരിഹരിച്ചത്. ചില ക്ലോസപ്പ് ഷോട്ടുകളും അനാവശ്യമായി തോന്നി.

Last Word – സീറ്റ് എഡ്ജ് ത്രില്ലർ എന്ന അവകാശവാദം ഉന്നയിക്കാനില്ല. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിടത്തും ബോറടിപ്പിക്കുന്നില്ല. അധികം ലോജിക് ഒന്നും അന്വേഷിക്കാതിരുന്നാൽ ഒരു തവണ കണ്ടിരിക്കാം. കാണാൻ ആഗ്രഹമുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ കാണുക.

ഷെറിൻ പി യോഹന്നാൻ

മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ സിനിമ എന്നതിലുപരി ഷാഹി കബീർ എന്ന തിരക്കഥാകൃത്തിന്റെ സിനിമയെന്ന് നായാട്ടിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഒരു പോലീസുകാരൻ ആയതിനാൽ തന്നെ തന്റെ തിരക്കഥയിൽ പോലീസുകാരുടെ ലോകം ആവിഷ്കരിക്കുമ്പോഴുള്ള ശക്തി ‘ജോസഫിൽ’ തെളിഞ്ഞുകാണാം. ഇപ്പോഴിതാ നായാട്ടിലും. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ മികച്ച സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ – അതാണ് ‘നായാട്ട്.’

ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അരങ്ങേറുന്ന കഥയെ മികച്ചതാക്കി മാറ്റാൻ അഭിനേതാക്കളും സംവിധായകനും തിരക്കഥാകൃത്തും വഹിച്ച പങ്കു ചെറുതല്ല. ഒട്ടും വലിച്ചുനീട്ടാതെ, അനാവശ്യ സീനുകൾ ഇല്ലാതെ, ബോറടിപ്പിക്കാതെ രണ്ട് മണിക്കൂർ നേരം പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ചിത്രം. ചെയ്യാത്ത കുറ്റത്തിന് വേട്ടയാടപ്പെടുന്ന മൂന്നു പോലീസുകാരാണ് കേന്ദ്ര കഥാപാത്രങ്ങൾ.

ഏറെ നാളുകൾക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനം കാണാൻ കഴിഞ്ഞു. ഇമോഷണൽ സീനികളിലൊക്കെ നിമിഷ ജീവിച്ച് അഭിനയിച്ചപ്പോൾ മണിയനെന്ന ജോജുവിന്റെ കഥാപാത്രം സിനിമ കഴിഞ്ഞും പ്രേക്ഷകനെ വേട്ടയാടും. ഒരു പോലീസുകാരന്റെ അന്തർസംഘർഷങ്ങൾ ജോജുവിന്റെ ഭാവപ്രകടനത്തിലൂടെ വ്യക്തമായി തെളിയുന്നുണ്ട്. ജോലിഭാരം കാരണം “അച്ഛനെന്ന് പറഞ്ഞു ഞാൻ എന്റെ മകളുടെ കൂടെ ഒരിടത്തും പോയിട്ടില്ലെന്ന്” മണിയൻ പറയുമ്പോൾ കണ്ടിരിക്കുന്ന ആരുമൊന്ന് അസ്വസ്ഥരാകും.

സമുദായ വോട്ടുകൾ, രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവകൾ ആകേണ്ടി വരുന്ന ഉദ്യോഗസ്ഥർ, സത്യത്തെക്കാൾ ഉപരി കെട്ടിച്ചമച്ചതിനെ കൂട്ടുപിടിക്കുന്ന മാധ്യമങ്ങൾ. ഇവരെല്ലാം സിനിമയിൽ ശക്തമായ രാഷ്ട്രീയം ഒരുക്കിവയ്ക്കുന്നുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറയും വിഷ്ണു വിജയുടെ മികച്ച പശ്ചാത്തലസംഗീതവും സിനിമയുടെ ഡാർക്ക്‌ മൂഡ് നിലനിർത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ‘അപ്പലാളെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.

സമൂഹം ചർച്ച ചെയ്യേണ്ട കാര്യങ്ങൾ വളരെ ആഴത്തിൽ പറഞ്ഞുപോവുകയാണ് ചിത്രം. ഇക്കഴിഞ്ഞ വോട്ടെടുപ്പിന് മുമ്പ് ചിത്രം ഇറങ്ങിയിരുന്നെങ്കിൽ എന്നോർത്തുപോയി. ഹോന്റിങ് ആയൊരു ക്ലൈമാക്സ് ആണ് ചിത്രത്തിന്റേത്. സഹപ്രവർത്തകരോട് പോലും നീതിപുലർത്താൻ സാധിക്കാതെ വരുന്ന പോലീസ് സേനയുടെ അവസ്ഥയെ തുറന്നവതരിപ്പിക്കുകയാണ് ‘നായാട്ട്.’

Last Word – വളരെ എൻഗേജിങ് ആയൊരു സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ. തിയേറ്ററിൽ തന്നെ കണ്ട് വിജയിപ്പിക്കേണ്ട സിനിമ. മാർട്ടിൻ പ്രക്കാട്ടിന്റെയും കൂട്ടരുടെയും ബ്രില്ല്യന്റ് വർക്ക്‌.

RECENT POSTS
Copyright © . All rights reserved