Movies

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ‘ബറോസ്’ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അന്യഭാഷാ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

തമിഴ് സൂപ്പര്‍ താരം അജിത്തിനെ കാണാനായി മോഹന്‍ലാല്‍ ചെന്നൈയില്‍ എത്തിയ വിശേഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമാ പ്രവര്‍ത്തകനായ എബി ജോര്‍ജ് പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ലാലേട്ടന്‍ ഉടന്‍ തന്നെ ചെന്നൈയില്‍ വച്ച് തല അജിത്തിനെ കാണും. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നും അടുത്ത ആഴ്ചകളില്‍ കൂടിക്കാഴ്ച നടക്കുമെന്നുമാണ് ട്വീറ്റ്.

ബറോസിന് വോയിസ് ഓവര്‍ ചെയ്യാനായി മലയാളത്തില്‍ മമ്മൂട്ടി, തമിഴില്‍ നിന്നും അജിത്ത്, ഹിന്ദിയില്‍ ഷാരൂഖ്, തെലുങ്കില്‍ ചിരഞ്ജീവി എന്നിവര്‍ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിക്കായാണ് കാത്തിരിക്കുന്നത് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ബറോസ് ഒരുങ്ങുന്നത്. മോഹന്‍ലാല്‍ ആണ് ബറോസ് ആയി എത്തുന്നത്. താരത്തിന്റെ മകള്‍ വിസ്മയ സംവിധാന സഹായായി ചിത്രത്തില്‍ പ്രവര്‍ത്തിക്കും. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

 

വാരിയംകുന്നന്റേയും മലബാർ കലാപത്തിന്റേയും പശ്ചാത്തലത്തിൽ കഥ പറയുന്ന തന്റെ സിനിമയായ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ അലി അക്ബർ. ഈ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം.

‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടിയായാണ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വ്യക്തമാക്കിയത്. ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകർന്നാലോ?’എന്നായിരുന്നു പരിഹാസം കലർത്തി അലി അക്ബർ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം ശരിക്കും ‘നോ’ പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് ‘അതെ’ എന്നും അലി അക്ബർ പറഞ്ഞു.

ജനങ്ങളിൽ നിന്നും പണംപിരിച്ചെടുത്ത് മമധർമ്മ ബാനറിലാണ് അലി അക്ബർ 1921 കാലത്തെ തന്റെ സിനിമ പൂർത്തിയാക്കുന്നത്. ഇതിനായി ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായും അതിൽ 80 ലക്ഷത്തോളം ചെലവായെന്നും കൂടുതൽ പണം ഉടനെ അയയ്ക്കണമെന്നും അലി അക്ബർ തന്നെ അറിയിച്ചിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു 1921ലെ മലബാറിന്റെ പശ്ചാത്തലത്തിൽ ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് സംസാരിക്കാന്‍ തയ്യാറാകാത്ത ഇന്ത്യയിലെ സെലിബ്രറ്റികളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സലിം കുമാര്‍.

രാജ്യത്തെ ചുരുക്കം ചിലരൊഴികെ, മറ്റ് സെലിബ്രിറ്റികളൊക്കെ നാളെ കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്താണ് പ്രതികരിക്കാതിരിക്കുന്നതെന്നും നാളെ ഒരു പത്മശ്രീ കിട്ടിയാലോ എന്നാണ് അവരുടെ ചിന്തയെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ സലിം കുമാര്‍ പറയുന്നു.

കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ. എന്റെ പത്മശ്രീ കളയാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നവരോടു എന്തു പറയാനാണെന്നും സലിം കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചു.

ഈ സെലിബ്രിറ്റികളുടെ ഒരു സാമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ ലോകത്ത് കര്‍ഷകരില്ല, അവിടെ ദളിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രം.

കര്‍ഷകരെ സഹായിക്കാന്‍ പാര്‍ട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാലു വര്‍ത്തമാനമെങ്കിലും പറഞ്ഞൂടെ?’, സലിം കുമാര്‍ ചോദിച്ചു.

ദ പ്രീസ്റ്റ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ മമ്മൂട്ടിയെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന നടി നിഖില വിമലിന്റെ ചിത്രം സോഷ്യല്‍ വൈറലായിരുന്നു. നിഖിലയുടെ പേരില്‍ ട്രോളുകളും ഇറങ്ങി. തന്റെ വൈറല്‍ നോട്ടത്തെ കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് നിഖില ഇപ്പോള്‍. താന്‍ മമ്മൂട്ടിയെ വായ്‌നോക്കി ഇരിക്കുകയായിരുന്നില്ല എന്നാണ് താരം പറയുന്നത്.

അത്യാവശ്യം വായ്‌നോക്കുന്ന ആളാണ് താന്‍. പക്ഷെ മമ്മൂക്കയെ വായ്‌നോക്കിയതല്ല. അദ്ദേഹം സംസാരിക്കുന്നത് ഭയങ്കര എക്‌സൈറ്റഡായി കേട്ടിരിക്കുകയായിരുന്നു. ആ കറക്ട് ടൈമില്‍ എടുത്ത ഫോട്ടോ ആയതു കൊണ്ടാണ് വായ്‌നോട്ടം പോലെ തോന്നിയത് എന്നാണ് നിഖില റേഡിയോ മിര്‍ച്ചിയോട് പറഞ്ഞത്.

തിയേറ്ററില്‍ പോയപ്പോള്‍ കുറച്ച് മമ്മൂക്ക ഫാന്‍സ് വന്നു. ‘ഞങ്ങള്‍ക്ക് നിങ്ങളോട് ഭയങ്കര ദേഷ്യമായിരുന്നു’ എന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ‘ഞങ്ങളുടെ ഉള്ളിലുള്ള മമ്മൂക്കയെയാണ് നിങ്ങള്‍ നോക്കി കൊണ്ടിരുന്നത്. പിന്നെ മമ്മൂക്കയെ ആണല്ലോ നോക്കുന്നതെന്ന് തോന്നിയപ്പോള്‍ ഒരുപാട് ഇഷ്ടം വന്നു’ എന്നാണ് അവര്‍ പറഞ്ഞത് എന്നും താരം പറഞ്ഞു.

കൂടാതെ എല്ലാ മമ്മൂട്ടി ഫാന്‍സിനോടും തനിക്ക് പറയാനുള്ളത് മമ്മൂക്കയെ താന്‍ കണ്ണു വയ്ക്കുകയായിരുന്നില്ല എന്നും നിഖില വ്യക്തമാക്കി. മാര്‍ച്ച് 11ന് ദ പ്രീസ്റ്റ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ജെസി എന്ന സ്‌കൂള്‍ ടീച്ചര്‍ ആയാണ് നിഖില വേഷമിട്ടത്.

കുഞ്ചാക്കോ ബോബനോട് തനിക്ക് കട്ട അസൂയ ആയിരുന്നുവെന്ന് രമേഷ് പിഷാരടി. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതിന്റെ കാരണവും പിഷാരടി വിശദീകരിച്ചിട്ടുണ്ട്. തനിക്ക് ചാക്കോച്ചനോട് ആദ്യം ഉണ്ടായ വികാരം കട്ട അസൂയ ആയിരുന്നു.

തന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട് ബുക്ക് കവറിലും എല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടുനടക്കുമായിരുന്നു. പിസിഎം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിന് വന്നപ്പോള്‍ തന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്നും പൈസ വാങ്ങിക്കൊണ്ടു പോയി. ചാക്കോച്ചന്റെ ഫോട്ടോ വിറ്റു മാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീട് വയ്ക്കുക.

അങ്ങനത്തെ അവസ്ഥ താന്‍ കണ്ടിട്ടുണ്ട്. അതില്‍ തനിക്ക് ഭയങ്കര അസൂയ ഉണ്ടായിരുന്നു എന്നാണ് പിഷാരടി പറയുന്നത്. കുഞ്ചാക്കോ ബോബനെ നായകനാക്കി പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണതത്ത. ചിത്രത്തില്‍ പത്രം എറിയുമ്പോള്‍ കുഞ്ചാക്കോ ബോബന്റെ മുഖത്ത് കൊള്ളുന്ന സീന്‍ ഉണ്ടായിരുന്നു.

അത് ചെയ്തിട്ട് ശരിയാവാതെ വന്നപ്പോള്‍ മണിയന്‍പിള്ള ചേട്ടന്‍ തന്നോട് ചെയ്യാന്‍ പറഞ്ഞു. കാറ്റില്‍ പത്രം പറന്നു പോവാതിരിക്കാന്‍ ചെറിയ വെയ്റ്റും വച്ചിട്ടുണ്ട്. പത്രം കൈയ്യിലെടുത്തപ്പോള്‍ തന്റെ മനസൊന്നു പാളി. ഈ മുഖമാണല്ലോ അസൂയപ്പെട്ട് നോക്കിയത് ഒരണ്ണെ അങ്ങട്… പിന്നെ മനസിനെ നിയന്ത്രിച്ച് എറിഞ്ഞു എന്നാണ് പിഷാരടി പറയുന്നത്.

സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയത്തെ വിമര്‍ശിച്ച് വര്‍ത്തമാനം പുതിയ ടീസര്‍. പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ത്ഥ ശിവയാണ് വര്‍ത്തമാനം സംവിധാനം ചെയ്തിരിക്കുന്നത്.

സിദ്ധീഖ് അവതരിപ്പിക്കുന്ന പ്രൊഫസര്‍ പൊതുവാള്‍ ഹിന്ദുത്വസംഘടനാ നേതാക്കളെ ചോദ്യം ചെയ്യുന്നതാണ് ടീസര്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനെത്തുന്ന ഫൈസ സൂഫിയയെയാണ് പാര്‍വതി അവതരിപ്പിക്കുന്നത്.

വര്‍ത്തമാനം സിനിമയെക്കുറിച്ച് പാര്‍വതി തിരുവോത്ത്

സിനിമയുടെ സംവിധായകൻ സിദ്ധാർഥ്‌ ശിവ ജെഎൻയുവിലാണ് പഠിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു മൈക്രോക്കോസം ആണല്ലോ ജെ എൻ യു ക്യാമ്പസ്‌. അവിടെയുള്ള ഒരുപാട് കാര്യങ്ങൾ ഈ സിനിമയുടെ കഥയെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തരം യൂണിവേഴ്സിറ്റികളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ സിദ്ധാർഥും ഭാഗമായിരുന്നു. കേരളത്തിലെ ക്യാംപസുകളിൽ രാഷ്ട്രീയം ഉണ്ടെങ്കിലും ഏത് ലെവൽ വരെ പോകും എന്ന് നമ്മൾ കണ്ടറിഞ്ഞിട്ടുള്ളതാണ്. പക്ഷെ ദില്ലിയിലെ ക്യാംപസുകളിൽ വല്ലാത്ത ഒരുതരം പവർ ആണ് ഉള്ളത്. അവരുടെ അവകാശങ്ങൾക്ക് വേണ്ടി അവർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഈ സിനിമയിലെ ഫൈസ സൂഫിയ എന്ന കഥാപാത്രം ശക്തമായ അക്കാദമിക് ബാക്ഗ്രൗണ്ടുമായാണ് കേരളത്തിൽ നിന്നും ദില്ലിയിൽ എത്തുന്നത്. ഒരുപക്ഷെ ഞാനുമായി ഈ കഥാപാത്രത്തെ റിലേറ്റ് ചെയ്യുവാൻ സാധിക്കും. ഒരുപാട് വായനയും അഭിമുഖങ്ങൾ കണ്ടുള്ള വിവരങ്ങൾ എനിയ്ക്കും ഉണ്ട്. പക്ഷെ പ്രാക്റ്റിക്കൽ ആയി ഇതിനെ ഇമ്പ്ലിമെൻറ് ചെയ്യുന്ന ഒരു സാഹചര്യം വരുമ്പോൾ അതൊരു വല്യ ചോദ്യ ചിഹ്നമായി മാറും. അത്തരം ഒരു സാഹചര്യത്തിലൂടെയാണ് സിനിമയിൽ ഫൈസ സൂഫിയും കടന്നു പോകുന്നത്. രാഷ്ട്രീയ പ്രബുദ്ധതയുടെ വക്കിലാണ് സിനിമയിൽ ഫൈസ സൂഫിയ നിലകൊള്ളുന്നത്. അതിന്റെ മുൻനിരയിലേക്ക് എത്തിപ്പെടുമ്പോൾ ഇനി മുന്നോട്ടു ഒറ്റയ്ക്ക് നയിക്കാം എന്ന് തീരുമാനിക്കുന്ന സാഹചര്യമാണ് ഫൈസ സൂഫിയുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.

ഈ സിനിമയിൽ അവതരിപ്പിച്ച കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിന് ശേഷമാണ് ജാമിയ മിലിയിൽ പ്രതിഷേധങ്ങൾ നടക്കുന്നത്. സിനിമയ്ക്ക് ശേഷം ഉണ്ടായ പ്രതിഷേധങ്ങൾ കണ്ടപ്പോൾ എന്റെ വീക്ഷണത്തിലും മാറ്റമുണ്ടായി.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് വര്‍ത്തമാനം നിര്‍മ്മിച്ചിരിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്റെ തകർപ്പൻ പ്രകടനം കൊണ്ട് നിറഞ്ഞത് ആണ്. ചിത്രത്തിലെ അന്‍വര്‍ ഹുസൈനെന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ അടുത്തിടെ തനിക്കുണ്ടായ രസകരമായ ഒരു അനുഭവം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് നടന്‍ . പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്ന അദ്ദേഹം മനസ്സുതുറന്നത്.

‘ഈയടുത്ത് മാസ്‌കും തൊപ്പിയും വെച്ച് പനമ്പിള്ളി നഗറില്‍ നടക്കാന്‍ പോയതായിരുന്നു. രാത്രി എട്ടരയൊക്കെ ആയിക്കാണും. എനിക്ക് ദാഹിച്ചു. അവിടെ ഒരു കരിക്ക് കച്ചവടക്കാരന്‍ ഉണ്ടായിരുന്നു. പുള്ളീടെ അടുത്ത് ഒരു കരിക്ക് വെട്ടാന്‍ പറഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്, എന്റെ കയ്യില്‍ 500 രൂപയാണ്. ചില്ലറ ഇല്ല. ഞാന്‍ ആളോട് കാര്യം പറഞ്ഞു.

ആളുടെ കയ്യില്‍ ചില്ലറയുണ്ട്, കുഴപ്പമില്ല എന്നു പറഞ്ഞ് ആളു വീണ്ടും കരിക്ക് വെട്ടാന്‍ തുടങ്ങി. ഞാന്‍ കീശയില്‍ തപ്പി നോക്കിയപ്പോള്‍ കാശില്ല. ഞാനാണെങ്കില്‍ ജാഡയ്ക്ക് അഞ്ഞൂറു രൂപ ഉണ്ടെന്ന് പറയുകയും ചെയ്തു. പുള്ളി അപ്പോഴേക്കും കരിക്ക് വെട്ടാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ പെട്ടെന്ന് ഇടപെട്ടു പറഞ്ഞു, ‘ചേട്ടാ… വെട്ടണ്ട… എന്റെ കൈയില്‍ കാശില്ല’. ഞാനാകെ വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയി. എന്തായാലും പുള്ളി എനിക്ക് കരിക്ക് തന്നു. കാശ് പിന്നെ കൊടുത്താല്‍ മതിയെന്നും പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് ഞാന്‍ പുള്ളിക്ക് കാശു കൊടുത്തത്’, കുഞ്ചാക്കോ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കി നടന്‍. ധര്‍മ്മജന്‍ മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ബഡായി ബംഗ്ലാവ് നടത്താവുന്നതേയുള്ളുവെന്നും മുകേഷ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം.

എംഎല്‍എ മണ്ഡലത്തില്‍ ഇല്ലായെന്ന കള്ള പ്രചാരണം അല്ലാതെ കോണ്‍ഗ്രസിന് മറ്റൊന്നും ഉയര്‍ത്താന്‍ ഇല്ല. താന്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. ‘കൊല്ലത്ത് ഉറപ്പാണ് മുകേഷ്’ എന്ന് പറയാമെന്നും നടന്‍ കൂട്ടിചേര്‍ത്തു.

കോണ്‍ഗ്രസും എല്‍ഡിഎഫും കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുകേഷ് ആരോപിച്ചു. എന്നാല്‍ താന്‍ അതിനെ കുറിച്ചൊന്നും ആലോചിക്കുന്നില്ലെന്ന് നടന്‍ വ്യക്തമാക്കി.

ബാംബു ബോയ്‌സിലെ വള്‍ഗര്‍ സീനില്‍ താന്‍ അഭിനയിക്കില്ലെന്ന് സംവിധായകന്‍ അലി അക്ബറിനോട് തുറന്നു പറയേണ്ടി വന്നുവെന്ന് നടന്‍ സലിം കുമാര്‍. പിന്നീട് ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തുവെന്നും അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സത്യസന്ധമായി മറുപടി പറയാം. ആ സിനിമയില്‍ ഐസ് ക്രീം കഴിക്കുന്ന ഒരു സംഭവം ഉണ്ട്. അത് ഞാന്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. അത് ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു. ഐസ് ക്രീം കഴിക്കുന്നതും വെളിക്കിരിക്കുന്നതുമെല്ലാം കൂടെ ലിങ്ക് ചെയ്ത ഒരു വള്‍ഗര്‍ സീന്‍. ഞാന്‍ ചെയ്യില്ല എന്നു പറഞ്ഞു.

അധിക്ഷേപം ഉണ്ട്. ഞാന്‍ അതിനെ എതിര്‍ത്തു. പക്ഷേ ആ ഷോട്ട് വേറെ ഒരു നടനെ വെച്ചു എടുത്തു. ഞാന്‍ നിന്നില്ല. പക്ഷേ ഒരു നടന് ലിമിറ്റേഷന്‍സ് ഉണ്ട്. നടന്‍ വെറും ടൂള്‍ മാത്രമാണ്. നടന്‍ ഒരു കാര്യം അഭിനയിച്ചില്ലെങ്കില്‍ പൈസ വാങ്ങിച്ചുകൊണ്ട് ഷൂട്ടിംഗ് തടസ്സപ്പെടുത്തി എന്നു പറഞ്ഞ് നിയമപരമായി നടപടി എടുക്കാം. നടന്റെ ചെറുത്തുനില്‍പ്പുകള്‍ക്ക് ഒരു പരിധിയുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പട്ടരുടെ മട്ടൻകറി’ എന്ന സിനിമയുടെ ടൈറ്റിൽ മാറ്റണം എന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സെൻസർ ബോർഡിന് കത്തയച്ചു. സിനിമയുടെ പേര് ബ്രാഹ്മണ സമൂഹത്തെ അധിക്ഷേപിക്കുന്ന ഒന്നാണെന്നാണ് ചൂണ്ടികാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്.

ബ്രാഹ്മണൻമാർ സസ്യഭുക്കുകളാണ് എന്നറിഞ്ഞിട്ടും ഇത്തരമൊരു പേരു നൽകിയത് അപമാനിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും അതിനാൽ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകരുത് എന്നാണ് കത്തിന്റെ ഉള്ളടക്കം. ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് കത്ത് അയച്ചിരിക്കുന്നത്.

നവാഗതനായ സുഘോഷിനെ നായകനാക്കി അർജുൻ ബാബു ആണ് പട്ടരരുടെ മട്ടണ്‍ കറി സംവിധാനം ചെയ്യുന്നത്. തിരക്കഥയും അർജുൻ ബാബു തന്നെ. രാഗേഷ് വിജയ് ആണ് ഛായാഗ്രഹണം.

 

RECENT POSTS
Copyright © . All rights reserved