Movies

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി മാറിയ നായികയാണ് പ്രയാ​ഗ. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാ​ഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാ​ഗ ഇപ്പോൾ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നത്.

മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ലെന്ന് തുറന്നുപറയുകയാണ് താരം. ഇപ്പോൾ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്.

എല്ലാവർക്കും ഒരു വോയ്‌സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തിൽ നിന്ന് വരണം എന്നോ ഇന്ന ജാതിയിൽപ്പെടണമെന്നോ ഇന്ന പ്രായം ആവണമെന്നോ ഇന്ന ജോലി വേണമെന്നോ ഇന്ന ജെൻഡർ ആകണമെന്നോ ഒന്നുമില്ല.

മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ല. തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച്‌ നിർത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം. അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ല, പ്രയാഗ പറയുന്നു. ഇത് പുരുഷൻമാർ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാവർക്കും വോയ്‌സ് ഉണ്ടെന്ന് പുരുഷൻമാർ മനസിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും പക്ഷേ എല്ലാവരും ഒരേപോലെ പെരുമാറും എന്ന് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ ചോദിക്കുന്നു.

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന നായിക നടിയായിരുന്നു സുനിത. അക്കാലത്ത് നിരവധി നല്ല വേഷങ്ങൾ ചെയ്ത് സൂപ്പർ താരങ്ങളടക്കമുള്ളവരുടെ നായികയായി സുനിത മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.

മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച സുനിത അക്കാലത്തെ രണ്ടാം നിരക്കായിരുന്നു മകേഷ്, സിദ്ധിഖ്, ജഗദീഷ്, ജയറാം തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം നായികയായിരുന്നു. ഇപ്പോൾ സുനിത അഭിനയിച്ച ഒരു സിനിമയ്ക്കിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്.

മലയാളത്തിന്റെ കുടുംബ നായകൻ ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ കമൽ ചിത്രം പൂക്കാലം വരവായി എന്ന സിനിമയിൽസഹസംവിധായകൻ ആയിരുന്നു ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് സംവിധായകനായ ലാൽ ജോസ്. ഈ സിനിമയിൽ സുനിത ആയിരുന്നു നായിക. ഇതിന്റെ ചിത്രീകരണ സമയത്ത് ലാൽജോസും സുനിതയുമായി അൽപം സ്വര ചേർച്ചയുണ്ടായിരുന്നു.

അതിന്റെ കാരണം ഇങ്ങനെ:

ലാൽ ജോസ് രണ്ടു മൂന്ന് തവണ ഷോട്ട് റെഡിയായി എന്ന് പറഞ്ഞിട്ടും സുനിത ചിത്രീകരണത്തിന് തയ്യാറാകാതെ ഇരുന്നപ്പോൾ ലാൽ ജോസ് കാരണം തിരക്കി. സുനിതയുടെ ആയയാണ് അതിനു മറുപടി നൽകിയത്.ഷേട്ട് റെഡിയായി എന്ന് ലാൽജോസ് പറഞ്ഞത് നടി പേര് വിളിച്ചുകൊണ്ടായിരുന്നു അത്രെ.

അത് നടിക്ക് ഇഷ്ടമായില്ല. ഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു ലാൽ ജോസിനു നേരെയുള്ള അവരുടെ കുറ്റപ്പെടുത്തൽ. ഒന്നുകിൽ  സുനിതാമ്മ എന്ന് വിളിക്കണം അല്ലെങ്കിൽ മേഡം എന്ന് വിളിക്കണം ഇതായിരുന്നു അവരുടെ ആവശ്യം.

ഇത് കേട്ട ലാൽ ജോസും ക്ഷുഭിതനായി. മലയാളത്തിൽ അമ്മ വിളി ഒന്നും പതിവില്ലെന്നും അവർക്ക് സുനിത എന്ന പേര് നൽകിയിരിക്കുന്നത് വിളിക്കാനാണെന്നും, അത് കൊണ്ട് അങ്ങനെ തന്നെ വിളിക്കുള്ളൂ എന്നും അതിൽ മാറ്റമില്ലെന്നും ലാൽ ജോസും തിരിച്ചടിച്ചു. പ്രശ്‌നം കൂടുതൽ വഷളായതോടെ ചിത്രത്തിന്റെ സംവിധായകനായ കമൽ ഇടപെട്ടു പ്രശ്‌നം ഒത്തു തീർപ്പാക്കി.

സിനിമയുടെ ചിത്രീകരണം തീരുംവരെ താൻ സുനിതയുമായി സംസാരിച്ചിട്ടില്ലെന്നും ലാൽ ജോസ് ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നു. 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി തിയേറ്ററിൽ വലിയ വിജയം നേടിയില്ല.

ബേബി ശ്യാമിലിയുടെ മികച്ച അഭിനയ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലറ്റ്. സ്‌കൂൾ ബസ് ഡ്രൈവറായി വേഷമിട്ട ജയറാമും പ്രേക്ഷക പ്രീതി നേടിയെടുത്തു. രഞ്ജിത്ത് ആണ് പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത്.

 

മലയാളി എന്നും ഓർക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’, അതിൽ നദിയ മൊയ്തു അവതരിപ്പിച്ച ഗേളിയാവട്ടെ പ്രേക്ഷകരുടെ മനസ്സിലെ നൊമ്പരപ്പൂവും. ഉള്ളിലെ സങ്കടം മറക്കാൻ കുസൃതിയും കുറുമ്പും കാണിച്ചു നടക്കുന്ന ഗേളി. ഒടുവിൽ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നു തീർച്ചയില്ലാതെ ഡാഡിയ്ക്ക് ഒപ്പം അവൾ തിരിച്ചു പോവുമ്പോൾ ഗേളി എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുഞ്ഞൂഞ്ഞമ്മയും ശ്രീകുമാറും. ഗേളി തിരികെ എത്തുമോ എന്ന ചോദ്യം സിനിമ കണ്ട ഓരോ പ്രേക്ഷകന്റെ ഉള്ളിലും ബാക്കിയാവുന്ന ഒന്നാണ്.

‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്” റിലീസ് ചെയ്ത് 35 വർഷം പിന്നിടുമ്പോൾ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ. “നോക്കെത്താദൂരത്തിന്റെ രണ്ടാംഭാഗം കുറെയൊക്കെ ചിന്തിച്ചിരുന്നു. ഗേളി തിരിച്ചു വരുമോ എന്ന് പലരും ചോദിച്ചപ്പോൾ ഗേളി തിരിച്ചുവരുന്നതായി ആലോചിച്ചിരുന്നു. അപ്പോഴേക്കും അമ്മൂമ്മ പോയിരുന്നു, അവൾ ശ്രീകുമാറിനെയും തപ്പി നടക്കുന്നതായി ഒക്കെ ആലോചിച്ച്, കുറേ കഴിഞ്ഞപ്പോൾ വിട്ടു. ഒരു പടം അതിന്റെ പരമാവധിയിൽ കൊടുത്താൽ അതിനപ്പുറത്തേക്ക് അതിന്റെ രണ്ടാം ഭാഗം വരാൻ വലിയ പ്രയാസമാണ്. നോക്കെത്താ ദൂരത്തും മണിച്ചിത്രത്താഴുമൊക്കെ അതിന്റെ പരമാവധിയിൽ എത്തിനിൽക്കുകയാണ്. അതിനപ്പുറം രണ്ടാം ഭാഗം ഇറക്കിയാൽ ഉള്ള പേര് പോകാൻ സാധ്യതയുള്ള പരിപാടിയാണ്.” അതിനാൽ തന്നെ ഒരു തിരിച്ചുവരവിന് സാധ്യതയില്ലെന്നാണ് ഫാസിൽ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫാസിൽ.

സെറീന മൊയ്തു എന്ന നദിയയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്”. ചിലപ്പോഴൊക്കെ കഥാപാത്രങ്ങളിലേക്കും അഭിനേതാക്കളിലേക്കും നിയോഗം പോലെ താൻ എത്തിപ്പെടുകയാണെന്ന് വിശ്വസിക്കുന്ന ഫാസിൽ അപ്രതീക്ഷിതമായാണ് ഗേളി എന്ന കഥാപാത്രത്തെ തേടിയുള്ള യാത്രയിൽ സറീനയിലേക്ക് എത്തിയത്. ആ കഥാപാത്രത്തിനായി ഫാസിൽ ആകെ സമീപിച്ചത് നദിയയെ മാത്രമാണ്. നേരിൽ കണ്ടപ്പോഴാകട്ടെ, തന്റെ ഗേളിയാവാൻ മറ്റൊരു മുഖമില്ലെന്നും ആ സംവിധായകനു തോന്നി. തന്റെ സഹോദരന്മാരുടെ സുഹൃത്തും മുംബൈ മലയാളിയുമായ മൊയ്തുവിന്റെ മകൾ സെറീനയെ ഫാസിൽ​ ആദ്യം കാണുന്നത് ഒരു കല്യാണപ്പാർട്ടിയിൽ നൃത്തം ചെയ്യുന്ന വീഡിയോയിലാണ്. സെറീനയെ നേരിൽ കാണാനായി സംവിധായകൻ മുംബൈയിലെ ചുനാഭട്ടിയിലെ അവരുടെ വീട്ടിലെത്തുന്നു.

“ഫോട്ടോ കണ്ടപ്പോൾ അനുയോജ്യയാണെന്നു തോന്നിയാണ് ബോംബെയിലേക്ക് കാണാൻ പോവുന്നത്. നദിയയെ ഇന്റർവ്യൂ ചെയ്തപ്പോൾ എന്റെ കണക്കുകൂട്ടലുകൾ ശരിയാണ്, വരേണ്ട കാര്യമില്ലായിരുന്നു, ഫോട്ടോ മാത്രം കണ്ടിട്ട് ഫിക്സ് ചെയ്യാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നി. സന്ദര്‍ഭവശാല്‍ നദിയ ബോംബെയില്‍ വളരുന്ന പെണ്‍കുട്ടിയായിരുന്നു. ബോംബെയില്‍ വളരുന്ന നദിയയെ ഞാന്‍ കേരളത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ ആ ഫാഷനും കൂടെ പോന്നു. ബോംബെയിലെ ഫാഷനും കേരളത്തിലെ ഫാഷനും തമ്മില്‍ വ്യത്യാസമുള്ള കാലമാണ്. ഇനി അടുത്ത ഫാഷന്‍ സ്‌റ്റൈല്‍/ട്രെന്‍ഡ് എന്തെന്ന് കേരളത്തിലെ പെണ്‍കുട്ടികള്‍ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ‘നോക്കെത്താദൂരത്തില്‍’ മഞ്ഞ ചുരിദാറുമായി നദിയ വരുന്നത്. പ്ലെയിന്‍ മഞ്ഞ ചുരിദാര്‍ നല്ലതാണല്ലോ, പരീക്ഷിക്കാവുന്നതാണല്ലോ എന്ന് മറ്റുള്ളവര്‍ക്കും തോന്നാന്‍ തുടങ്ങി,” നദിയയെ കണ്ടെത്തിയതിനെ കുറിച്ച് ഫാസിൽ ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. റുമേനിയയുടെ ജിംനാസ്റ്റിക് താരം നദിയ കൊമേനച്ചിയുടെ പേര് പത്രമാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്ന കാലമായിരുന്നു അത്, അതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് സെറീന മൊയ്തുവിനെ നദിയ മൊയ്തു എന്നു നാമകരണം ചെയ്യുന്നതെന്നും ഫാസിൽ പറഞ്ഞു.

 

ചിയാൻ വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ ടീസർ പുറത്തിറങ്ങി. വിക്രം ഏഴ് വ്യത്യസ്​ത ​ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് നെ​ഗറ്റീവ് റോളിലെത്തുന്നത്. ഇവർക്കൊപ്പം റോഷൻ മാത്യുവും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

‌7 ​ഗെറ്റപ്പുകളിൽ വിക്രം, വില്ലനായി ഇർഫാൻ പത്താൻ, ഒപ്പം റോഷന് മാത്യുവും; കോബ്ര ടീസർ
മാസ്റ്ററിന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണം; തന്റെ കഥയെന്ന് കെ.രംഗദാസ്
ഗണിതശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. കണക്ക് അധ്യാപകനും വിവിധ രാജ്യങ്ങള്‍ തേടുന്ന ക്രിമിനലുമാണ് ഇയാൾ. ‘എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ ടീസർ.

ഇര്‍ഫാന്‍ പത്താന്റെ ആദ്യ സിനിമയായ കോബ്രയിൽ കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായിക. എ.ആർ റഹ്മാനാണ് സംഗീതം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം റീലിസ് ചെയ്യുന്നത്.

മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയേറ്ററുകൾ ജനുവരി 13 മുതൽ തുറക്കാൻ ധാരണയായതോടെ, വിജയ് ചിത്രം ‘മാസ്റ്ററി’നെ വരവേൽക്കാൻ ഒരുങ്ങുകയാണ് ആരാധകരും പ്രേക്ഷകരും തിയേറ്റർ ഉടമകളും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ഒടുവിലാണ് ഇന്ന് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.

കൂടികാഴ്ചയ്ക്ക് ശേഷം തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്. വിനോദ നികുതി ഒഴിവാക്കാനും തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കാനും ധാരണയായിരുന്നു.

തിയറ്ററുകൾ തുറക്കാനുള്ള അവസരം ഒരുക്കിയ മുഖ്യമന്ത്രിക്ക് സിനിമാലോകം ഒന്നടങ്കം നന്ദി രേഖപ്പെടുത്തി. നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദിലീപ്, ടൊവിനോ തോമസ് തുടങ്ങിയവരും നടിമാരായ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ തുടങ്ങിയവരും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

‘പ്രതിസന്ധിയിൽ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ കരകയറ്റാൻ മുന്നോട്ട് വന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ,’ മമ്മൂട്ടി കുറിച്ചു

‘മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‌ സ്നേഹാദരങ്ങൾ,’ എന്നാണ് മോഹൻലാൽ പ്രതികരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേട്ടം കൊയ്യാനാകുമെന്ന പ്രതീക്ഷയിൽ ബിജെപി. ബിജെപി തയ്യാറാക്കിയ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശ്ശൂർ ജില്ലയുള്ളത്. ജില്ലയിൽ നിന്നുള്ള ഒമ്പത് മണ്ഡലങ്ങളിലാണ് പാർട്ടിക്ക് പ്രതീക്ഷ. ഈ മണ്ഡലങ്ങളിലേക്ക് ഏറ്റവും ശക്തരായ നേതാക്കളെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന നേതാക്കൾ തൃശ്ശൂരിനായി ചരടുവലികളുമായി രംഗത്തെത്തിയിട്ടുമുണ്ട്.

കഴിഞ്ഞതവണ മത്സരിച്ച് നേട്ടമുണ്ടാക്കിയ മണലൂർ മണ്ഡലത്തിൽ നിന്നു തന്നെ ജനവിധി തേടാൻ എഎൻ രാധാകൃഷ്ണൻ ശ്രമിക്കുകയാണ്. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലേക്ക് രണ്ട് പേരുകളാണ് ഉയർന്നുകേൾക്കുന്നത്. ബി ഗോപാലകൃഷ്ണനും സന്ദീപ് വാര്യറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണനാണ് തൃശ്ശൂരിൽ നിന്ന് മത്സരിച്ചത്. തൃശ്ശൂരിൽ സ്ഥാനാർത്ഥിയായില്ലെങ്കിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ട്.

മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത ഗുരുവായൂരിൽ മത്സരിച്ചേക്കും. ഴിഞ്ഞ തവണയും നിവേദിതയായിരുന്നു ഗുരുവായൂരിൽ സ്ഥാനാർത്ഥി. ബിജെപി മുൻ ജില്ലാ പ്രസിഡന്റും ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായ എ നാഗേഷ് പുതുക്കാട് മണ്ഡലത്തിൽ മത്സരിച്ചേക്കും. കുന്നംകുളത്ത് കെകെ അനീഷ് കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്.

അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്നാണ് നടന്‍ സുരേഷ്‌ഗോപിയുടേത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കുന്നുവെന്ന് ചില മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അവരത് സ്ഥിരീകരിച്ച മട്ടാണ്.

എന്നാല്‍ ഞങ്ങളുടെ അന്വേഷത്തിലും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സുരേഷ്‌ഗോപി നിയമസഭയിലേയ്ക്ക് മത്സരിക്കുന്നില്ല.

നിലവില്‍ അദ്ദേഹം ബി.ജെ.പിയുടെ നോമിനേറ്റഡ് രാജ്യസഭാംഗമാണ്. ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി കൂടി അവശേഷിക്കുന്നുണ്ട്. രാജ്യസഭാംഗമായി ഒരവസരംകൂടി നല്‍കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന്റെ പേരും സജീവ പരിഗണനയിലാണ്.

വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വിജയത്തിനുശേഷം നിരവധി സിനിമകളുടെ ഭാഗമാണ് സുരേഷ്‌ഗോപി. നിഥിന്‍ രഞ്ജിപണിക്കരുടെ കാവല്‍ പൂര്‍ത്തിയായി. ജോഷി, മേജര്‍ രവി, മാത്യുതോമസ് എന്നിവരുടെ പ്രോജക്ടുകളും അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ജൂണിലാണ് മാത്യു തോമസിനുള്ള ഡേറ്റുകള്‍ നല്‍കിയിരിക്കുന്നത്.

രാഷ്ട്രീയത്തോടൊപ്പം സിനിമയിലും സജീവമാകാന്‍ അദ്ദേഹം തീരുമാനമെടുത്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ നിയമസഭാ ഇലക്ഷനില്‍ സുരേഷ്‌ഗോപി മത്സരിക്കില്ല. പക്ഷേ ബി.ജെ.പിയുടെ താരപ്രചാരകനായി സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. തല്‍ക്കാലം അദ്ദേഹത്തെ ബി.ജെ.പി. ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളില്‍നിന്ന് മാധ്യമങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലത്.

പാർട്ടി നിർബന്ധിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലും മണ്ഡലം താരം പരിഗണിച്ചേക്കും.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തിന്റെ ഷൂട്ടിംഗ് ഹൈദ്രബാദില്‍ തുടങ്ങിയത് ജനുവരി 6 നാണ്. തൊട്ടടുത്ത ദിവസമായിരുന്നു റഹ്മാന്‍ ജോയിന്‍ ചെയ്തത്. രാമോജി ഫിലിം സിറ്റിയില്‍ പണി കഴിപ്പിച്ച പൊന്നിയിന്‍ ശെല്‍വത്തിന്റെ കൂറ്റന്‍ സെറ്റിനകത്തിരുന്നുകൊണ്ട് റഹ്മാന്‍ സംസാരിച്ചു.

‘ഏതൊരു അഭിനേതാവിന്റെയും സ്വപ്‌നമാണ് മണിരത്‌നത്തെപ്പോലൊരു ഫിലിം മേക്കറുടെ സിനിമയില്‍ അഭിനയിക്കുക എന്നുള്ളത്. അതിനുള്ള ഭാഗ്യം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെത്തേടി എത്തിയിരുന്നു. പക്ഷേ ആ കഥാപാത്രത്തെ ഇഷ്ടപ്പെടാത്തതുകൊണ്ട് ഉപേക്ഷിച്ചു. അപ്പോഴും എന്റെ കാത്തിരിപ്പ് തുടരുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീണ്ടും ഒരു ക്ഷണം കിട്ടി. ഇത്തവണ പൊന്നിയിന്‍ ശെല്‍വത്തിനുവേണ്ടിയായിരുന്നു. ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ട നാലാമത്തെ നടനായിരുന്നു ഞാനപ്പോള്‍. എന്നിട്ടും ആ വിവരം രഹസ്യമായി സൂക്ഷിച്ചു. സിനിമയാണ്, എന്തും സംഭവിക്കാം. ഷൂട്ടിം തുടങ്ങിയതിനുശേഷം അറിയിക്കാമെന്ന് കരുതി കാത്തിരുന്നു.’ റഹ്മാന്‍ പറഞ്ഞുതുടങ്ങി.

‘ചോളരാജ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ചരിത്രപുരുഷനാണ് പൊന്നിയിന്‍ ശെല്‍വന്‍. അദ്ദേഹത്തിന്റെ കഥ സിനിമയാക്കാന്‍ എം.ജി.ആര്‍. മുതലുള്ള അഭിനേതാക്കള്‍ ശ്രമം തുടങ്ങിയതാണ്. പിന്നീട് ശിവാജി ഗണേശനും കമലഹാസനുമൊക്കെ ആ സ്വപ്‌നത്തിനു പിന്നാലെ കുറെ സഞ്ചരിച്ചിരുന്നവരായിരുന്നു. അവരിലൂടെയെല്ലാം കയ്യൊഴിയപ്പെട്ട കഥാപാത്രമാണ് ഇപ്പോള്‍ മണിരത്‌നത്തിലൂടെ ജീവന്‍ വയ്ക്കുന്നത്.’

‘ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യ ടി.വി. പൊന്നിയിന്‍ ശെല്‍വത്തെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സീരിയല്‍ ചെയ്യാന്‍ മുന്നോട്ട് വന്നിരുന്നു. അന്ന് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ തേടി വന്നത് എന്നെയായിരുന്നു. പിന്നീട് ആ പ്രോജക്ട് തന്നെ ഉപേക്ഷിക്കപ്പെട്ടു. നിര്‍മ്മാണച്ചെലവ് തിരിച്ചുപിടിക്കാനാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു.’

‘പക്ഷേ ചിലത് ചിലര്‍ക്കായി കാലം കരുതിവയ്ക്കുമെന്ന് പറയാറില്ലേ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും എന്നിലേയ്ക്കുതന്നെ അത് കറങ്ങിത്തിരിഞ്ഞെത്തുകയായിരുന്നു, പൊന്നിയിന്‍ ശെല്‍വനായിട്ടല്ലെന്നു മാത്രം. പൊന്നിയിന്‍ ശെല്‍വനോളം തുല്യ പ്രാധാന്യമുള്ള എട്ടോളം കഥാപാത്രങ്ങള്‍ അതില്‍ വേറെയും ഉണ്ട്. അതിലൊന്നാണ്.’

‘ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ, രണ്ട് വര്‍ഷം മുമ്പാണ് ഈ സിനിമയിലേക്കുള്ള ക്ഷണം ലഭിച്ചതെന്ന്. അന്നുമുതല്‍തന്നെ ഞങ്ങള്‍ക്ക് പരിശീലനവും കിട്ടിത്തുടങ്ങിയിരുന്നു. ഞങ്ങളെന്ന് പറഞ്ഞാല്‍ ഞാനും വിക്രമും കാര്‍ത്തിയും ജയംരവിയും അടക്കമുള്ള ചിലര്‍. വാള്‍പയറ്റിലും കുതിരസവാരിയിലുമായിരുന്നു പ്രധാനമായും പരിശീലനം. കാലക്കേടിന് ഷൂട്ടിംഗ് നീണ്ടു പൊയ്‌ക്കൊണ്ടിരുന്നു. കൊറോണയും ലോക്ക് ഡൗണും എത്തിയതോടെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ അനിശ്ചിതമായി തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ഈ പ്രോജക്ട് നടക്കുമോ എന്നുപോലും ഭയന്നു. ഏതായാലും എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ച് പൊന്നിയിന്‍ ശെല്‍വന്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.’

‘എന്റെ കഥാപാത്രത്തിന്റെ മേക്കോവറിനായി രണ്ട് ഓപ്ഷനുകളാണ് ഡയറക്ടര്‍ നല്‍കിയത്. ഒന്നുകില്‍ തലയിലെ കുറ്റിമുടി മെയ്‌ന്റൈന്‍ ചെയ്യണം അല്ലെങ്കില്‍ മുടി നീട്ടി വളര്‍ത്തണം. കുറ്റിമുടി പരിപാലിക്കാന്‍ നിന്നാല്‍ മറ്റു സിനിമകളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് മുടി നീട്ടി വളര്‍ത്തുകയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ മുടി നീട്ടിവളര്‍ത്തിയതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ. എന്നിട്ടും പറഞ്ഞ സമയത്തൊന്നും ഷൂട്ടിംഗ് തുടങ്ങാനായില്ല. നേരത്തേ പൂര്‍ത്തീകരിക്കാനുള്ള സിനിമയില്‍ എനിക്ക് ജോയിന്‍ ചെയ്യണമായിരുന്നു. ആ കഥാപാത്രത്തിനുവേണ്ടി തല്‍ക്കാല്‍ മുടി മുറിച്ച് അഭിനയിച്ചു. അത് മണിരത്‌നം സാറിന് ഇഷ്ടമായില്ല. എങ്കിലും എനിക്ക് അദ്ദേഹം ഒരു പരിഗണന നല്‍കി. റഹ്മാനൊഴികെ മറ്റൊരാള്‍ക്കും വിഗ് നല്‍കരുതെന്നായിരുന്നു കല്‍പ്പന.’

‘ഇന്നലെ മുതലാണ് അഭിനയിച്ച് തുടങ്ങിയത്. ലോകസുന്ദരി ഐശ്വര്യറായിക്കൊപ്പമായിരുന്നു എന്റെ ആദ്യ സീന്‍. ഏതൊരഭിനേതാവിനും ചില ആഗ്രഹങ്ങളുണ്ടാകുമല്ലോ. ഇന്ന അഭിനേതാവിനോടൊപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് ഷെയര്‍ ചെയ്താല്‍ കൊള്ളാമെന്നൊക്കെ. എനിക്കുമുണ്ടായിരുന്നു അങ്ങനെ ചില ആഗ്രഹങ്ങള്‍. അതിലൊന്ന് സില്‍ക്ക് സ്മിതയോടൊപ്പം അഭിനയിക്കണമെന്നായിരുന്നു. പക്ഷേ അത് നടന്നില്ല. രണ്ടാമത്തെയാള്‍ ഐശ്വര്യറായിയാണ്. ലോകസുന്ദരീപട്ടം നേടിയ സ്ത്രീയാണ്. അവര്‍ക്ക് അഹങ്കാരവും തലക്കനവുമുണ്ടെന്നൊക്കെ മാധ്യമങ്ങളിലൂടെയും ചില ടെക്‌നീഷ്യന്‍മാരില്‍നിന്നൊക്കെ ഞാനും കേട്ടിരുന്നു. പക്ഷേ അടുത്തറിഞ്ഞപ്പോഴാണ് അവരുടെ മഹത്വം മനസ്സിലായത്. വളരെ ഡൗണ്‍ടു എര്‍ത്താണ്. എന്നോടൊപ്പം അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ അവരും എക്‌സൈറ്റഡായിരുന്നു. റഹ്മാന്‍ സാര്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിസംബോധന. സാര്‍ വിളി ഒഴിവാക്കണമെന്ന് ഞാനവരോട് പറഞ്ഞു. ഞാന്‍ എത്രയോ സീനിയര്‍ ആക്ടറാണെന്നായിരുന്നു അവരുടെ മറുപടി. വളരെ പെട്ടെന്ന് അവരുമായി അടുത്തു. ഞാന്‍ വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും അറിഞ്ഞപ്പോള്‍, കുട്ടികള്‍ക്ക് എത്ര വയസുണ്ടെന്നാണ് അവര്‍ അന്വേഷിച്ചത്. ഊഹിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ മൂത്ത കുട്ടിക്ക് എട്ട് വയസ്സുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. മോളുടെ യഥാര്‍ത്ഥ വയസ്സ് കേട്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ ഐശ്വര്യ പറഞ്ഞു, അഭിഷേകും മകളും വരുന്നുണ്ടെന്ന്. ഞാനവരെ കാത്തിരുന്നു. ഐശ്വര്യതന്നെയാണ് എന്നെ അഭിഷേകിനെ പരിചയപ്പെടുത്തിയത്. ഞാനാദ്യമായിട്ടാണ് അഭിഷേകിനെ കാണുന്നത്. അധികം സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ കൂടിക്കാഴ്ച മറക്കാനാകില്ല. അതിനുശേഷമാണ് ഞാന്‍ മുറിയിലേയ്ക്ക് മടങ്ങിയത്.’

‘എല്ലാവരും കരുതുന്നതുപോലെ പൊന്നിയിന്‍ശെല്‍വന്‍ ഒരു ഹിസ്റ്റോറിക് മൂവി ഒന്നുമല്ല. ഫിക്ഷന് പ്രാധാന്യമുള്ള കഥയാണ്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രീകരിക്കുന്നത്. ബിഗ് കാന്‍വാസിലാണ് ചിത്രീകരണം. പ്രധാന സാങ്കേതിക പ്രവര്‍ത്തകരടക്കം മുന്നൂറോളം പേരാണ് ചിത്രീകരണത്തില്‍ ഒരേസമയം പങ്കെടുക്കുന്നത്.’ റഹ്മാന്‍ പറഞ്ഞുനിര്‍ത്തി.

2016ലിറങ്ങിയ ഒരു മുത്തശ്ശി ഗദ  എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ മുത്തശ്ശിയാണ് രജനി ചാണ്ടി. ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനം കവരാന്‍ രജനിയ്ക്ക് സാധിച്ചിരുന്നു.

പിന്നീട് ബിഗ്ബോസ് അവസാന സീസണിലെ മത്സരാര്‍ത്ഥിയായി എത്തിയതോടെ ഏറെ വിവാദങ്ങള്‍ക്കും രജനി സാക്ഷ്യം വഹിച്ചു. രജിത് കുമാറുമായുണ്ടായ ബിഗ്ബോസ് ഹൗസിലെ പ്രശ്നങ്ങളും തുടര്‍ന്ന് ഹൗസില്‍ നിന്ന് ഇറങ്ങിയ ശേഷം രജിത് കുമാറിനെ കുറിച്ച് നടത്തിയ പരാമര്‍ശവുമാണ് ഇത്തരത്തില്‍ വിവാദത്തിന് കളം ഒരുക്കിയിരുന്നത്. ഇപ്പോഴിതാ രജനി നാളുകള്‍ക്ക് ശേഷം ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ എത്തുകയാണ്.

ചര്‍മം കണ്ടാല്‍ പ്രായം പറയില്ല എന്ന് പറയുന്ന പോലെ ലുക്ക് കണ്ടാല്‍ പ്രായം പറയില്ല എന്നാണ് രജനി ചാണ്ടിയുടെ അള്‍ട്രാ മോഡേണ്‍ ചിത്രം കണ്ട് സോഷ്യല്‍ മീഡിയ പറയുന്നത്. ഒരു ഫ്രീക്കത്തി ഫോട്ടോഷൂട്ട് ചെയ്യുകയാണെന്നെ തോന്നു. അത്രയ്ക്കും ലുക്കിലും സ്റ്റൈലിഷായിട്ടുമാണ് രജനി ചാണ്ടി പ്രതൃക്ഷപ്പെട്ടിരുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ ഫോട്ടോഷൂട്ടിനും പിന്നാലെ വന്ന വിവാദങ്ങള്‍ക്കും മറുപടി നല്‍കി രജനി ചാണ്ടിയുടെ ഭര്‍ത്താനും ഫോട്ടോഗ്രഫറായ ആതിര ജോയിയും രംഗത്തെത്തുകയാണ്. ഞാന്‍ ഫൊട്ടോഷൂട്ടിന്റെ കാര്യം പറയുമ്പോള്‍ പുള്ളിക്കാരി ശരിക്കും ഞെട്ടിപ്പോയി. വേണോ, വേണ്ടയോ എന്ന് കണ്‍ഫ്യൂഷനിലായി. ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടിയോട് ചോദിക്കാതെ ഒരു ഫൊട്ടോഷൂട്ടും നടക്കില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. വീട്ടിലെത്തി അങ്കിളിനെ കണ്ട് തഞ്ചത്തില്‍ ഞാന്‍ കാര്യം അവതരിപ്പിച്ചു. -ആതിര ജോയി പറയുന്നു.

എന്നാല്‍ വിമര്‍ശകരെ ഭയക്കാതെ കട്ടയ്ക്ക് നില്‍ക്കുന്ന മറുപടിയാണ് രാജിനി ചണ്ടിയുടെ ഭര്‍ത്താവ് വര്‍ഗീസ് ചാണ്ടി നല്‍കുന്നത്.ഇത്രയും നാള്‍ അവള്‍ എന്റെ ഭാര്യയായി ജീവിച്ചു. അവള്‍ക്ക് അവളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതെല്ലാം. ഇനി അവള്‍ അവളായി ജീവിക്കട്ടെ, രാജിനിയായി അവള്‍ തിളങ്ങട്ടെ. രാജിനിയുടെ ഈ മോക്കോവര്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, മറ്റാരേക്കാളും. വിമര്‍ശകര്‍ എന്തു വേണമെങ്കിലും പറയട്ടെ. ആ ചിത്രങ്ങള്‍ ഭര്‍ത്താവായ എന്നെ അസ്വസ്ഥനാക്കുന്നില്ല.- വര്‍ഗീസ് ചാണ്ടി പ്രതികരിക്കുന്നു.

 

രാഷ്ട്രീയ നിലപാടുകളെ തുടര്‍ന്ന് സമീപകാലത്ത് ഏറ്റവുമധികം ട്രോളുകൾക്ക് ഇരയായ സിനിമ താരങ്ങളാണ് നടൻ കൃഷ്ണകുമാറും സുരേഷ് ഗോപിയും. സോഷ്യൽ മീഡിയയിൽ തങ്ങൾക്കെതിരായി പ്രചരിക്കുന്ന ട്രോളുകൾ ഇവരുടെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് വിചാരിക്കരുത്. ഇത്തരം ട്രോളുകളോടുള്ള പ്രതികരണമാണ് ഇപ്പോൾ കൃഷ്ണകുമാർ നടത്തുന്നത്.

രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുമ്പോൾ എന്തുകൊണ്ടാണ് താനും സുരേഷ് ഗോപിയും മാത്രം ട്രോൾ ചെയ്യപ്പെടുന്നത് എന്നും, നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്നും, നടനും ബിജെപിയുടെ താരപ്രചാരകനുമായ കൃഷ്ണകുമാര്‍.

തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകള്‍, രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നിലെന്നും കൃഷ്ണകുമാര്‍ ചോദിച്ചു. ട്വന്റി ഫോറിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

രാഷ്ട്രീയത്തില്‍ സജീവമാകാനാണ് തന്റെ തീരുമാനമെന്നും ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനേയും തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച വിവരം കൃഷ്ണകുമാര്‍ പങ്കുവെക്കുന്നത്.

‘അഞ്ചാം പാതിര’യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആറാം പാതിരയുടെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന്‍ പങ്കുവച്ചു. അഞ്ചാം പാതിര റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാം പാതിരയുടെ അതേ ടീം തന്നെയാണ് ആറാം പാതിരയിലും ഒന്നിക്കുന്നത്.

”അന്‍വര്‍ ഹുസൈന്‍ പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..ആറാം പാതിരാ..ത്രില്ലര്‍ രൂപം കൊള്ളുന്നത് ആവേശത്തോടെ നോക്കിയിരിക്കുകയാണ്” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഞ്ചാം പാതിരയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന സൂചനകള്‍ സംവിധായകനും കുഞ്ചാക്കോ ബോബനും നേരത്തെ നല്‍കിയിരുന്നു.

”അഞ്ചാം പാതിരയ്ക്ക് ശേഷം അതേ ടീമിനൊപ്പം മറ്റൊരു ത്രില്ലറുമായി ഞങ്ങള്‍ തിരിച്ചെത്തുന്നു” എന്ന ക്യാപഷനോടെ കുഞ്ചാക്കോ ബോബന്‍ മിഥുന്‍ മാനുവല്‍ തോമസിനും നിര്‍മ്മാതാവ് ആഷിഖ് ഉസ്മാനും ഒപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. 2020 ജനുവരി 10ന് ആയിരുന്നു അഞ്ചാം പാതിര റിലീസ് ചെയ്തത്.

ഏറെ പ്രേക്ഷകപ്രീതി നേടിയ സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിര. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റ് ആയാണ് കുഞ്ചാക്കോ ബോബന്‍ വേഷമിട്ടത്. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, ജിനു ജോസഫ്, ഹരികൃഷ്ണന്‍, ഉണ്ണിമായ, രമ്യ നമ്പീശന്‍, അഭിരാം, ജാഫര്‍ ഇടുക്കി, മാത്യു തോമസ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved