Movies

മലയാളികളുടെ പ്രിയ സിനിമാതാരം നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മകൾ ശ്രീലക്ഷ്മി. ജഗതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

പിറന്നാൾ ആശംസകൾ പപ്പാ.. ഞാൻ അങ്ങയെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് യൂ.. ശ്രീലക്ഷ്മി കുറിച്ചു. ജഗതി ശ്രീകുമാർ-കല ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്മി. അവതാരകയായി തിളങ്ങിയ ശ്രീലക്ഷ്മി ഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും. എന്നും മലയാള സിനിമ ഓര്‍ക്കുന്ന കഥാപാത്രങ്ങളാണ് ജഗതിയുടേത്. അമ്പിളിചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്.

ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് മമ്മൂട്ടിയും എഴുതിയിരിക്കുന്നു. ജഗതി ശ്രീകുമാറിന് ഒട്ടേറെ പേരാണ് ആശംസകള്‍ നേരുന്നത്. ജഗതിയില്ലാത്ത മലയാള സിനിമ ഓര്‍ക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു. മോഹൻലാലും മമ്മൂട്ടിയും ജഗതി ശ്രീകുമാറിന്റെ ഫോട്ടോകളും ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജഗതിയുടെ ചിരി എന്നും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ജഗതി ശ്രീകുമാര്‍ 2012ല്‍ വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് വിശ്രമ ജീവിതത്തിലേക്ക് മാറിയത്.

 

 

View this post on Instagram

 

A post shared by (@sreelakshmi_sreekumar)

കഴിഞ്ഞ ദിവസമാണ് നടി അഹാനയുടെ വീട്ടിലേയ്ക്ക് അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണമാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് അഹാന കൃഷ്ണ ആവശ്യപ്പെടുന്നു. അംഗീകരിക്കാനാവാത്തതും അവിശ്വസനീയവുമായ പ്രവൃത്തിയാണ് യുവാവില്‍ നിന്നും ഉണ്ടായത്. വിഷയം അറിഞ്ഞ ഉടനെ വിളിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി, ഞങ്ങള്‍ക്കത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനായെന്നും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

സംഭവം വിവരിച്ച് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നടി അഹാനയെ കാണാന്‍ എത്തിയതെന്നായിരുന്നു പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്.

ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം കണ്ടെത്തുകയും മലയാള സിനിമയിൽ താരമാകുകയും ചെയ്ത നടിയാണ് ഹണി റോസ്. ഇപ്പോഴിതാ, ഹണി റോസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ടിങ്ങിനിടെ കാൽ വഴുതി പുഴയിലേക്കു വീണു പോകുന്നതാണ് വീഡിയോയിലുള്ളത്.

എന്നാൽ ഇത് ഫോട്ടോ ഷൂട്ടിനുവേണ്ടിയുള്ള ടീസറാണെന്നും സൂചനയുണ്ട്. പുഴ വക്കിൽ നടക്കുന്ന ഫോട്ടോ ഷൂട്ടിൽ സാരി ധരിച്ചു തലയിൽ പൂവ് ചൂടിയാണ് താരം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുഴ വക്കിലെ പാറയിൽ ചവിട്ടി കാൽ വഴുതി പുഴയിലേക്കു പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ രംഗത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. താരത്തിന് എന്തു സംഭവിച്ചെന്നത് സസ്പെൻസാക്കിക്കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പാറയിൽ ചവിട്ടരുതെന്നും തെന്നി വീഴുമെന്നുമുള്ള മുന്നറിയിപ്പ് നൽകുന്നത് കേൾക്കാം. എന്നാൽ ഇത് വകവെക്കാതെ താരം പാറയിൽ ചവിട്ടി തിരിഞ്ഞു നിൽക്കുന്നതിനിടെയാണ് കാൽ വഴുതി മറിയുന്നത്. സമീപത്തുനിന്ന സഹായിയായ സ്ത്രീ പിടിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഏതായാലും ഇതിനോടകം നൂറുകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

ആഘോഷ് വൈഷ്ണവത്തിന്‍റെ സെലിബ്രിറ്റി സീരിസിന്‍റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. രജിഷ മേക്കപ്പും കൃഷ്ണ സ്റ്റൈലിസ്റ്റുമാണ്. ആശയവും ഫോട്ടോഗ്രാഫിയും ആഘോഷ് വൈഷ്ണവത്തിന്‍റേതാണ്.

ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന ഉപഭോക്താവിന്റെ പരാതിയില്‍ പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയും ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി എടുത്തു. വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ നല്‍കിയ പരാതിയിലാണ് നടപടി.

തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. പിഴത്തുകകള്‍ ഹര്‍ജിക്കാരന് നല്‍കണം.

മുടി വളരുമെന്ന പരസ്യം കണ്ട് 2013 മുതല്‍ ഫ്രാന്‍സിസ് വടക്കന്‍ ഹെയര്‍ ഓയില്‍ വാങ്ങുന്നത് പതിവാക്കിയിരുന്നു. ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന് പരസ്യം കണ്ടായിരുന്നു വാങ്ങിയത്. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് 2014ല്‍ കോടതിയെ സമീപിച്ചു. അതിലാണ് 2020 ഡിസംബര്‍ അവസാനം വിധി വന്നത്. അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഫ്രാന്‍സിസ് നോട്ടീസ് അയച്ചത്.

പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയതെന്നും പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചുവെന്നും ഫ്രാന്‍സിസ് പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ ധാത്രി ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു മറുപടി. വീട്ടില്‍ നിന്ന് കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുളളതെന്നും അനുപ് മേനോന്‍ പറഞ്ഞു. തുടര്‍ന്നാണ് അനൂപ് മേനോന് പിഴയിട്ടത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ടുപേരുടെ കൂടെയും നായികയായി അഭിനയിച്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഉര്‍വശി. എന്നാല്‍ തൊണ്ണൂറുകള്‍ക്ക് ശേഷം ഇവരുടെ നായികയായി ഉര്‍വശി ബിഗ്‌സ്‌ക്രീനില്‍ എത്തിയിട്ടില്ല. അത് മനപൂര്‍വ്വമാണെന്നാണ് താരം പറയുന്നത്.

തൊണ്ണൂറുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാത്തതിന്റെ കാരണം താരം വെളിപ്പെടുത്തുന്നതിങ്ങനെ….

”ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ തൊണ്ണൂറുകള്‍ക്ക് ശേഷം ഞാന്‍ ഇവരുടെ നായികയായി അങ്ങനെ വന്നില്ല കാരണം ആ സമയം അവര്‍ സൂപ്പര്‍ താര ഇമേജിലേക്ക് മാറിയിരുന്നു. അങ്ങനെയുള്ള അവരുടെ സിനിമകളില്‍ ഹീറോ ആകും ആ സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടാകില്ല എനിക്ക് ആണെങ്കില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഒത്തിരി സിനിമകള്‍ വരാനും തുടങ്ങി അത് കൊണ്ട് തന്നെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളിലേക്ക് മനപൂര്‍വ്വം വരാതിരുന്നതാണ്’ എന്നാണ് താരം മനസ് തുറന്നത്.

എന്നാല്‍ മമ്മുക്കയും ലാലേട്ടനും വന്നത് മുതലാണ് സിനിമയില്‍ വലിയ ഒരു മാറ്റം സംഭവിക്കുന്നത്, അതിനു മുന്‍പുള്ള കളര്‍ ചിത്രങ്ങളിലൊക്കെ സെക്‌സ് പ്രധാന വിഷയമായി കാണിച്ചിരുന്നുവെന്നും കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നിച്ചിരുന്നു നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സിനിമയായിരുന്നു അതൊക്കെയെന്നും ഉര്‍വശി തുറന്നു പറഞ്ഞു.

സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കിയത് യേശുദാസുമായുള്ള അസ്വാരസ്യമല്ലെന്ന് സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ നാല്‍പതാം വാര്‍ഷികാഘോഷ വേളയിലാണ് വെളിപ്പെടുത്തല്‍. അതേസമയം ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്ന ജെറി അമല്‍ദേവിന്റെ സംഗീത ജീവിതത്തെക്കുറിച്ചുള്ള പുസ്തകവും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഓരോ ഗാനങ്ങളും അനശ്വരമാക്കിയ സംഗീത സംവിധായകന്‍. ഹിറ്റുകളുടെ പരമ്പര തീര്‍ത്ത് ജനപ്രിയനായി തീര്‍ന്ന ജെറി അമല്‍ദേവ്. തേനൊഴുകുംപോലെ സംഗീതമൊരുക്കിയ സംവിധായകന്‍ എന്തുകൊണ്ട് സിനിമയില്‍നിന്ന് പുറത്തായി.

ഒരു അഭിമുഖത്തില്‍ യേശുദാസിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തെറ്റിദ്ധാരണയുണ്ടായി. എന്നാല്‍ അതിന്റെ പേരിലല്ല സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് ജെറി അമല്‍ദേവ്.

ജെറി അമല്‍ദേവിന്റെ സംഗീതമൊരുങ്ങിയ വഴികള്‍ പ്രതിപാദിക്കുന്ന പുസ്തകത്തില്‍ അസ്വാരസ്യം ഒരു അധ്യായമായി ചേര്‍ത്തിട്ടുണ്ട്.

‘ദൃശ്യം 2’ ഓടിടിയിൽ റിലീസ് ചെയ്യാനിരിക്കെ സിനിമാസംഘടനകളിൽ നിന്നും ആരാധകരിൽ നിന്നും നേരിടുന്ന വിമർശനകൾക്കും വിവാദങ്ങൾക്കും മറുപടി പറയുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം2’ ഓടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് ജനുവരി ഒന്നിനാണ് അണിയറപ്രവർത്തകർ അറിയിച്ചത്. അതിനെ തുടർന്ന് സിനിമാസംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

തിയേറ്ററുകളിലേക്ക് വലിയ രീതിയിൽ ആളുകളെ എത്തിക്കാൻ കെൽപ്പുള്ള മോഹൻലാലിന്റെ ‘ദൃശ്യം’ പോലുള്ളൊരു ചിത്രം ഓടിടിയിൽ റിലീസ് ചെയ്യുകവഴി തിയേറ്റർ ഉടമകൾക്കും വിതരണക്കാർക്കും വലിയ നഷ്ടമാണ് സംഭവിക്കാൻ സാധ്യതയുള്ളതെന്നും തിയേറ്റർ ഉടമകളുടെ അസോസിയേഷനായ ഫിയോക്കിന്റെ തലവനും കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു ചുവടുവെപ്പ് ഉണ്ടായത് നിർഭാഗ്യകരമായി പോയെന്നുമാണ് പ്രധാനമായും ഈ വിഷയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾ.

“നൂറുകോടി മുടക്കി നിർമ്മിച്ച മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് കോവിഡ് മഹാമാരി മൂലം തിയേറ്ററുകൾ അടയ്ക്കുന്നത്. ഒമ്പത് മാസമായി തിയേറ്ററുകൾ അടയ്ക്കുകയും വൻ മുതൽമുടക്കുള്ള ഒരു ചിത്രം നിർമ്മാണജോലികൾ പൂർത്തിയായി കയ്യിലിരിക്കുകയും ചെയ്യുന്നത് ഏറെ വിഷമകരമായ ഒരു അവസ്ഥയാണ്,” ആന്റണി പെരുമ്പാവൂർ അഭിമുഖത്തിൽ പറഞ്ഞു.

പ്രതിസന്ധിഘട്ടത്തിൽ മോഹൻലാലാണ് തനിക്ക് ധൈര്യം പകർന്നതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. “നൂറു കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നത് ഉണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എന്നു റിലീസ് ചെയ്യാനാവും എന്നു പോലും അറിയാതെയാണ് ഒമ്പത് മാസം കാത്തിരുന്നത്. ആദ്യം കുറച്ചുനാളുകൾ പിരിമുറുക്കം മൂലം ഞാൻ തളർന്നു പോയിരുന്നു. “ആന്റണി വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക,” മോഹൻലാൽ എന്ന മനുഷ്യൻ പറഞ്ഞ വാക്കുകൾ മാത്രമാണ് എന്നെ പിടിച്ച് നിർത്തിയത്.”

‘മരക്കാർ’ എന്ന വലിയ സ്കെയിലിലുള്ള, തിയേറ്ററുകളിൽ ആസ്വദിക്കേണ്ട ഒരു ചിത്രം തിയേറ്ററിൽ എത്തിക്കാനുള്ളതിന്റെ ഭാഗമായി കൂടിയാണ് ‘ദൃശ്യം2’ ഓടിടിയ്ക്ക് വിിൽക്കുന്നതെന്നും അതിൽ തനിക്ക് വലിയ വേദനയുണ്ടെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു. താനെന്ന നിർമ്മാതാവിന്റെ അതിജീവനത്തിന്റെ പ്രശ്നമാണിതെന്നും താനൊരു വലിയ കോർപ്പറേറ്റ് കമ്പനിയാന്നുമല്ല, ഒരു സാധാരണ മനുഷ്യനാണെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

വലിയ തുകയ്ക്കാണ് ആമസോണിന് ചിത്രം കരാർ ആയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രം ഓടിടി പ്ലാറ്റ്ഫോമിൽ എന്നത്തേക്ക് റിലീസ് ആവുമെന്നതിനെ കുറിച്ചും വ്യക്തയില്ല.

കോവിഡ് കാരണമുള്ള അനിശ്ചിതത്വം തന്നെയാണ് ഒടിടി പ്രദർശനത്തിനുള്ള പ്രധാന കാരണമെന്ന് ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫും പ്രതികരിച്ചു. ” ജനുവരി 26ന് തീയറ്ററിൽ റിലീസ് ചെയ്യാമെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഡിസംബറിലാണ് ഓടിടി എന്ന ഈ തീരുമാനം എടുക്കുന്നത്. കോവിഡ് പ്രതിസന്ധി കുറയുന്നുമില്ല, ബ്രിട്ടണിലൊക്കെ വൈറസിന്റെ വകഭേദം കണ്ടെത്തുകയും ചെയ്തു. റിലീസ് ചെയ്താലും തീയറ്ററിൽ അധികം ആളുകൾ വരണമെന്നില്ല. നാലഞ്ച് ദിവസം കഴിയുമ്പോൾ പലരും ഇതിന്റെ പൈറേറ്റഡ് കോപ്പി എടുത്ത് പുറത്തിറക്കുകയും ചെയ്യും. അതിലും നല്ലത് ആമസോണിലൂടെ ഒടിടി റിലീസ് തന്നെയാണെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.”

തിരുവനന്തപുരം- പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.

അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ് ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഭാര്യ:മായ, മകൾ:ഉണ്ണിമായ

ദാദാസാഹേബ് ഫാൽക്കെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ നൽകുന്ന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ ഓർമ്മയ്ക്കായി നൽകുന്ന പുരസ്കാരമാണ് ഇത്. തെന്നിന്ത്യൻ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മനു അശോകൻ സംവിധാനം ചെയ്ത ഉയരെയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25), മികച്ച വെർസറ്റൈൽ ആക്ടർ മോഹൻലാൽ ആണ്. മികച്ച സംവിധായകൻ മധു സി നാരായണൻ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകൻ ദീപക് ദേവ്.

ടു ലെറ്റ് ആണ് തമിഴിലെ മികച്ച ചിത്രം. മികച്ച നടൻ ധനുഷ് (അസുരൻ), നടി ജ്യോതിക (രാക്ഷസി), സംവിധായകൻ പാർഥിപൻ (ഒത്ത സെരുപ്പ് സൈസ് 7), സം​ഗീത സംവിധായകൻ അനിരുദ്ധ്. വേർസറ്റൈൽ ആക്ടർ അജിത് കുമാർ.

മുപ്പത്തിയഞ്ച് വര്‍ഷമായി റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയുടെ മുറി ഒഴിഞ്ഞ് ഇളയരാജ. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടു പോയി. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസാദ് സ്റ്റുഡിയോ സ്ഥാപകന്‍ എല്‍ വി പ്രസാദിന്റെ അനുഗ്രഹത്തോടെ ഇളയരാജ ആരംഭിച്ചതാണ് ഈ സ്ഥലം. ഐടി കമ്പനിക്ക് സ്ഥലം കൊടുക്കാന്‍ വേണ്ടി കരുതിയിരുന്ന പ്രസാദ് ഉടമകള്‍ ഇളയരാജയെ പിടിച്ച് പുറത്താക്കി.

35 വര്‍ഷമായി തന്റെ കൈവശത്തിലായിരുന്ന കംപോസിങ് മുറിയും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും മടക്കിത്തരാന്‍ ഉത്തരവുണ്ടാകണമെന്നും നിര്‍ബന്ധപൂര്‍വം പുറത്താക്കിയതു വഴി ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇശൈജ്ഞാനി ഇളയരാജ കോടതിയില്‍ അപേക്ഷിക്കുന്നു. കേസ് പല മാസങ്ങള്‍ നീളുന്നു. ഒരു കാരണവശാലും റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കയറാനോ സംഗീതപരിപാടി നടത്താനോ അനുവദിക്കുന്നതല്ലെന്ന് പ്രസാദ് ഡിജിറ്റല്‍ ഫിലിം ലബോറട്ടറീസ് ഉടമകളായ രമേഷ് പ്രസാദും മകന്‍ സായിപ്രസാദും കോടതിയില്‍ തറപ്പിച്ചു പറയുന്നു. ഇളയരാജാ പ്രശ്‌നം, പതിവുപോലെ തമിഴ് ചലച്ചിത്രരംഗത്തും രണ്ടു ചേരികളുണ്ടാക്കി. ഭൂരിപക്ഷം ഇളയരാജയുടെ ഭാഗത്തായിരുന്നു.

35 വര്‍ഷം പണിയെടുത്ത റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്ന് മഹാനായ ഒരു സംഗീതജ്ഞനെ ഇറക്കിവിടാന്‍ കഴിയുമോ? എന്നാല്‍ നിയമപരമായി ഇളയരാജക്ക് അവിടെ നിലനില്‍ക്കാനാവില്ലെന്ന് നിയമകാര്യവിദഗ്ധര്‍. അപ്പോഴാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍ സതീഷ്‌കുമാറിന്റെ കോടതിയില്‍ കേസ് എത്തിച്ചേരുന്നത്. പത്മഭൂഷണ്‍ ജേതാവും എഴുപത്തേഴുകാരനുമായ ഒരു സംഗീതജ്ഞനോട് അല്‍പം അനുകമ്പയോടെ പെരുമാറിക്കൂടേ എന്നായി കോടതി. അദ്ദേഹത്തെ ഒരു ശത്രുവായി കണക്കാക്കരുത്. ജഡ്ജി അഭിപ്രായപ്പെട്ടു. എന്തായാലും ഇരുകൂട്ടരും ഒത്തുതീര്‍പ്പു തീരുമാനവുമായി വരാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാജയുടെ സ്റ്റുഡിയോ ഉപകരണങ്ങള്‍ മാറ്റുന്ന കാര്യത്തിലും നിബന്ധനകള്‍ വെച്ചു. എന്ത് തന്നെ ആയാലും പഴയ നിലപാടുകളില്‍ നിന്ന് ഇളയരാജ പിന്‍വാങ്ങിയെന്നതാണ് സത്യം.

RECENT POSTS
Copyright © . All rights reserved