Movies

ഷെറിൻ പി യോഹന്നാൻ

ബേസിൽ ജോസഫിന്റെ സിനിമാറ്റിക് യൂണിവേഴ്സിൽ സങ്കീർണ്ണമായ സംഗതികളില്ല. ലളിതമായ കഥയിലൂടെയും പുതുമയാർന്ന കഥപറച്ചിൽ രീതിയിലൂടെയും പ്രേക്ഷകരെ ആനന്ദിപ്പിക്കുകയാണ് അദ്ദേഹം. ബേസിൽ ജോസഫ് എന്ന സംവിധായകന്റെ വിജയവും ഇതുതന്നെയാണ്. ദേശത്തും കുറുക്കൻമൂലയിലുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന കഥകളെ അദ്ദേഹം പറയുന്നുള്ളൂ. ഇത്തവണ ‘മിന്നൽ മുരളി’യാണ് താരം. മറ്റൊരു സൗത്ത് ഇന്ത്യൻ സിനിമയ്ക്കും നൽകാത്ത പബ്ലിസിറ്റിയാണ് കുറുക്കൻമൂലയിലെ സൂപ്പർഹീറോയുടെ കഥയ്ക്ക് നെറ്റ്ഫ്ലിക്സ് നൽകിയത്.

മിന്നലടിച്ച് അമാനുഷിക ശക്തി കിട്ടുന്ന ജെയ്സണാണ് കഥാനായകനെങ്കിലും ഇതൊരു ഗ്രാമത്തിന്റെ കഥയാണ്. ആ ഗ്രാമനിവാസികളുടെ ഇടപെടലുകളാണ് കഥയെ രസകരമാക്കുന്നത്. ആരംഭത്തിൽ തന്നെ മുഖ്യ കഥാപാത്രങ്ങളെയെല്ലാം കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജോലിയില്ലാത്ത, നാട്ടുകാർ പലരും പുച്ഛഭാവത്തോടെ സമീപിക്കുന്ന ജെയ്സൺ. ഊഹാപോഹങ്ങളുമായി കേസന്വേഷണം നടത്തുന്ന പോലീസുകാരും കുറ്റം പറയുന്ന നാട്ടുകാരും. പിന്നെ ഒരു ചായക്കടക്കാരനും.
കൃത്യമായ ഇടങ്ങളിൽ കോമഡിയും കോൺഫ്ലിക്റ്റും പ്ലേസ് ചെയ്തുകൊണ്ട് രണ്ടര മണിക്കൂർ ദൈർഖ്യമുള്ള സിനിമയെ എൻഗേജിങ്‌ ആക്കി മാറ്റിയിട്ടുണ്ട് സംവിധായകൻ. അതിമാനുഷിക കഴിവുകൾ ലഭിച്ചുവെന്ന് തിരിച്ചറിയുന്ന സാഹചര്യം, വാർഷികാഘോഷത്തിലെ സംഘട്ടനം, ഉഷ – ഷിബു കോമ്പിനേഷൻ സീൻ, ക്ലൈമാക്സ്‌ ഫൈറ്റ് എന്നിവയൊക്കെ മികച്ച രംഗങ്ങളാണ്. ‘ഉയിരേ’ എന്ന മനോഹര ഗാനം പ്ലേസ് ചെയ്ത വിധവും ഇഷ്ടപ്പെട്ടു.

സാങ്കേതിക വശങ്ങളിലെ മികവ് ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. സമീർ താഹിറിന്റെ ഛായാഗ്രഹണവും ഷാൻ റഹ്മാന്റെ സംഗീതവും മികച്ചു നിൽക്കുന്നു. സുഷിൻ ശ്യാമിന്റെ ‘രാവിൽ’ എന്ന ഗാനവും ട്രൈബൽ സോങ്ങും നന്നായിരുന്നെങ്കിലും ക്ലൈമാക്സിൽ പശ്ചാത്തല സംഗീതത്തിന് ശക്തമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചില്ല. വ്ളാഡ് റിമ്പർഗ് ഒരുക്കിയ സംഘട്ടനരംഗം കണ്ടിരുന്നുപോവുമെന്നതിനാൽ അത് വലിയൊരു കുറവായി അനുഭവപ്പെടില്ല.

മിന്നൽ മുരളിയായി ടോവിനോ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഗുരു സോമസുന്ദരമാവും പ്രേക്ഷകന്റെ മനസ്സ് കീഴടക്കുക. എന്ത് ഗംഭീരമായ പ്രകടനമാണ്… ഒരേ സമയം വിവിധ ഭാവങ്ങൾ ആ മുഖത്ത് കാണാം. പ്രതികാരദാഹിയായ കഥപാത്രത്തിലേക്കുള്ള ചുവടുമാറ്റം ഞെട്ടിക്കുന്നുണ്ട്. സൂപ്പർഹീറോയെ നിരന്തരമായി പുകഴ്ത്താതെ വില്ലന്റെ ജീവിതത്തെ ഫോക്കസ് ചെയ്യാൻ തിരക്കഥ തയ്യാറായിട്ടുണ്ടെന്നത് ശ്രദ്ധേയം. സൂപ്പർഹീറോയുടെ തണലിലല്ലാതെ സ്വതന്ത്രമായി നിലകൊള്ളുന്ന നായികയും ജോസ്മോനായി തിളങ്ങിയ വസിഷ്ട് ഉമേഷും ഇവിടെ കയ്യടി നേടുന്നു.

Last Word – സിംപിൾ സീനുകളെ വളരെ ക്രീയേറ്റീവായാണ് ബേസിൽ സമീപിക്കുന്നത്. അത് ‘മിന്നൽ മുരളി’യെ ഒരു മികച്ച എന്റർടൈനർ ആക്കി മാറ്റുന്നു. പ്രേക്ഷകനെയും പരിഗണിച്ചുള്ള കഥപറച്ചിലും സാങ്കേതിക വശങ്ങളിലെ മികവും മിന്നൽ മുരളിയുടെ ‘ശക്തി’ കൂട്ടുന്നു.

മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടനായി മാറിയ താരമാണ് ഹരീഷ് പേരടി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോകുല്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ മീറ്റീങ്ങിന് പോയപ്പോള്‍ ഗോകുലിനെ കണ്ടുവെന്നും ഒപ്പം നിന്ന് ചിത്രം എടുത്തുവെന്നും താരം പറയുന്നു.

 

പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം,സുന്ദരം എന്നാണ് ഗോകുലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്. ഇത്തരത്തില്‍ മകനെ വളര്‍ത്തിയ സുരേഷ് ഗോപിക്ക് സല്യൂട്ടും അടിക്കുന്നുണ്ട് ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റ്:

ഗോകുല്‍ സുരേഷ് ഗോപി.അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്.ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു.പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .

രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം.അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍.ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..

 

 

ഷെറിൻ പി യോഹന്നാൻ

ഇതാദ്യമായാണ് അമ്പലത്തിലെ പൂരത്തിന് ആനയെത്തുന്നത്. നാട്ടുകാരിൽ നിന്ന് പണം പിരിച്ചെടുത്ത് ‘നെയ്ശ്ശേരി പാര്‍ഥന്‍’ എന്ന ആനയെ ഉത്സവക്കമ്മിറ്റിക്കാര്‍ കൊണ്ടുവന്നു. ആനയ്ക്കൊപ്പം വന്ന പാപ്പാനും അദ്ദേഹത്തിന്റെ സുഹൃത്തും ആ നാട്ടിലെ ചെറുപ്പക്കാരുമായി വാക്കുതർക്കത്തിലേർപ്പെടുന്നു. അത് പിന്നീട് വലിയ സംഘർഷങ്ങളിലേക്ക് വഴി തുറക്കുകയാണ്.

ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ചിത്രമാണ് ‘അജഗജാന്തരം’. ടിനു പാപ്പച്ചന്റെ ആദ്യ ചിത്രമായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ നൽകിയ തിയേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു ഈ കാത്തിരിപ്പിനുള്ള പ്രധാന കാരണം. ദൃശ്യഭാഷയിൽ പുതുമ കണ്ടെത്തുന്ന സംവിധായകനാണ് ടിനു പാപ്പച്ചൻ. ‘അജഗജാന്തര’ത്തിൽ പ്രേക്ഷകർക്കായി ഒരു വിഷ്വൽ ട്രീറ്റ് ഒരുക്കിവച്ചിട്ടുണ്ട് അദ്ദേഹം. ആഘോഷിച്ച് അർമാദിക്കാൻ ഒരു ചിത്രം.

ഒരു പൂരത്തിനിടയിൽ നാട്ടുകാരും ആനക്കാരും തമ്മിൽ ഉണ്ടാകുന്ന സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. കഥ ഇവിടെ തീരുന്നു. പ്രേക്ഷകനെ ഞെട്ടിക്കുന്ന ട്വിസ്റ്റോ ശക്തമായ സബ്പ്ലോട്ടുകളോ ചിത്രത്തിലില്ല. എന്നാൽ സിനിമ സൃഷ്ടിക്കുന്ന മൂഡിലേക്ക് പ്രേക്ഷകൻ ആദ്യം തന്നെ എത്തുന്നതിനാൽ ഇതൊന്നും ഒരു കുറവായി അനുഭവപ്പെടില്ല. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ജിന്റോ ജോർജിന്റെ ഛായാഗ്രഹണവും അതിഗംഭീരമാണ്. ആനയോടൊപ്പമുള്ള ഫൈറ്റും ആറ്റിലേക്ക് ചാടുന്ന സീനും മറ്റ് വൈഡ് ആംഗിൾ ഷോട്ടുകളും മികച്ചു നിൽക്കുന്നു. ഒരു ഉത്സവപ്രതീതി ഒരുക്കുന്നു എന്നതിനപ്പുറം സിനിമയിലെ രംഗങ്ങളെയെല്ലാം സമ്പന്നമാക്കുന്നത് സാങ്കേതിക വശങ്ങളിലെ ഈ മികവാണ്.

സ്ലോ മോഷനെ ഫലപ്രദമായി ഉപയോഗിച്ച ചിത്രമാണിത്. പ്രേക്ഷകനെകൊണ്ട് കയ്യടിപ്പിക്കുന്ന സ്ലോ മോഷൻ രംഗങ്ങളാണ് എല്ലാം. ഷമീർ മുഹമ്മദിന്റെ കട്ടുകൾ ചിത്രത്തെ എൻഗേജിങ്ങായി നിലനിർത്തുന്നു. ഭാവാഭിനയത്തേക്കാള്‍ ശാരീരികമായ പ്രയത്നത്തിനാണ് ഇവിടെ പ്രാധാന്യം. അതിനാൽ പ്രകടനങ്ങളിൽ ആന്റണിയും കിച്ചുവും അർജുൻ അശോകനും കൂട്ടരും ഒരുപോലെ മികച്ചു നിൽക്കുന്നു. രണ്ടാം പകുതിയിൽ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംഷ പ്രേക്ഷകനുള്ളിൽ ഉടലെടുക്കും. മുടക്കിയ പണം മുതലാവാൻ ക്ലൈമാക്സ്‌ ഫൈറ്റ് തന്നെ ധാരാളം.

‘സുഗ്രീവപ്പട’ കളിക്കാൻ എത്തുന്ന നാടകക്കാരും കച്ചംബർ ദാസും ആകാംഷയുണർത്തുന്നുണ്ടെങ്കിലും കഥയുടെ മുന്നോട്ടുള്ള പോക്കിൽ അവർക്ക് പ്രാധാന്യം നഷ്ടപ്പെടുന്നു. ശക്തമായ കഥയില്ലെങ്കിൽ പോലും ഒട്ടും ലാഗടിപ്പിക്കാതെ രണ്ട് മണിക്കൂറിൽ റോ ആയ, ഫെസ്റ്റിവൽ ചിത്രമൊരുക്കാൻ സംവിധായകന് സാധിച്ചു.

Last Word – LJP യുടെ ‘ജല്ലിക്കട്ടി’നോട്‌ സമാനമായി ആൾക്കൂട്ടത്തിന്റെ കഥയാണ് ടിനുവും പറയുന്നത്. മനുഷ്യനുള്ളിലെ മൃഗീയ വാസനകൾ ഇവിടെയും തീവ്രമായി മാറുന്നു. തീർച്ചയായും തിയേറ്ററിൽ അനുഭവിച്ചറിയേണ്ട ചിത്രം.

അടി.. ഇടി…. വെടി….. പൂരം

മോഹൻലാലിന്റെ നായികയായി മലയാള ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന താരമാണ് ചാർമിള. മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ധനം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. എന്നാൽ 1991ൽ ഓയിലാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു താരം തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. പ്രിയപ്പെട്ട കുക്കു, കാബൂളിവാല, മാണിക്യ കൂടാരം, അർജുനൻ പിള്ളയും അഞ്ചുമക്കളും തുടങ്ങി ഏകദേശം മുപ്പത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ സജീവമല്ല.

1990 – 2000 കാലഘട്ടങ്ങളിലൊക്കെ ചാർമിള തന്നെയായിരുന്നുമലയാലയത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നായികയായി അഭിനയിച്ചിരുന്നത്.1995 ൽ കിഷോർ സത്യയെ വിവാഹം ചെയ്ത താരം അഞ്ചുവർഷത്തിനു ശേഷം ബന്ധം വേര്പെടുത്തുകയും 2006 ൽ മറ്റൊരു വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും വേർപെടുത്തിയിരുന്നു.

സിനിമയോടൊപ്പം തന്നെ ചില പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയായ മംഗല്യപട്ട് ആയിരുന്നു താരത്തിന്റെ ഏറ്റവും മികച്ച ടെലിവിഷൻ സീരിയലുകളിലൊന്ന്. സിനിമ മേഖലയിൽ നിന്നും ചില ദുരനുഭവങ്ങൾ നേരിട്ടതായി താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിൽ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഒരിക്കൽ തന്റെ വീട്ടിൽ നിർമാതാക്കളായ മൂന്നു പയ്യൻമാർ വന്നെന്നും തന്റെ അനുഗ്രഹം വാങ്ങുകയും പുതിയ ചിത്രത്തിനായി തനിക്ക് അഡ്വാൻസ് നൽകിയെന്നും താരം പറയുന്നു. കോഴിക്കോട് ഷൂട്ടിംഗ് സമയത്ത് ഈ മുൻപയ്യൻ മാരും അങ്ങോട്ട് വരികയും നേരെ തന്റെ മുറിയിലേക്ക് കടന്ന് മേക്കപ്പ് മനോട് മുറിയിൽ നിന്നും ഇറങ്ങി പോകാൻ പറയുകയും ചെയ്തുവെന്നും എന്നാൽ അയാൾ ഇറങ്ങാൻ വിസ്സമ്മതിക്കുകയും ചെയ്തുവെന്നും താരം പറയുന്നു. അവരെന്തിനാ ഇങ്ങനെ പെരുമാറുന്നെ എന്ന് താൻ ചോദിച്ചപ്പോൾ തങ്ങളിൽ ആരെവേണമെങ്കിലും കൂടെ കിടക്കാൻ നിങ്ങൾക്ക് സെലക്ട്‌ ചെയ്യാം എന്നായിരുന്നു അവരുടെ മറുപടിയെന്നും അല്ലെങ്കിൽ ബാക്കി പേയ്‌മെന്റ് തരില്ല എന്നായിരുന്നു അവര്പറഞ്ഞതെന്നും താരം പറയുന്നു.

നാളെമുതൽ താൻ ഷൂട്ടിങ്ങിൽ വരുന്നില്ല എന്നുപറഞ്ഞപ്പോൾ ഗെറ്റ് ഔട്ട്‌ എന്നുപറഞ്ഞു തന്നെ പുറത്താക്കുയായിരുന്നുവെന്നതാണ് താരം പറയുന്നു. ഇത്രയും വലിയൊരു മോശപ്പെട്ട അനുഭവം തന്റെ കരിയറിൽ ഉണ്ടായിട്ടില്ല എന്നാണ് താരം പിന്നീട് പറഞ്ഞത്

നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നു കൊല്ലം സ്വദേശി അഫ്‌സലിനെ(34) മരട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഭക്ഷണപദാര്‍ഥങ്ങളുമായി ഇയാള്‍ ബംഗളൂരു, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ നടിയുടെ താമസ സ്‌ഥലങ്ങളിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ താമസ സ്‌ഥലത്തുമെത്തി. ഇതേത്തുടര്‍ന്നാണ്‌ നടി പോലീസില്‍ പരാതി നല്‍കിയത്‌. പ്രതിക്കു സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചു.

2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി.

നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയും വിവാദങ്ങള്‍ തുടരുന്നു. നടന്‍ സിദ്ദീഖിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടനും നിര്‍മാതാവുമായ നാസര്‍ ലത്തീഫ്.

സംഘടന തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദീഖ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തനിക്കെതിരെയായിരുന്നെന്നും ഇത്തരം പരാമര്‍ശത്തിലൂടെ തന്നെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും നാസര്‍ ലത്തീഫ് ആരോപിച്ചു.

അമ്മ സംഘടനയ്ക്ക് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള സിദ്ദീഖിന്റെ പരാമര്‍ശത്തിനെതിരെയാണ് നാസര്‍ ലത്തീഫ് രംഗത്ത് എത്തിയത്. തന്റെ ഉടമസ്ഥതയില്‍ ആലപ്പുഴയിലെ ഏഴുപുന്നയിലുള്ള 20 സെന്റ സ്ഥലം സംഘടനയ്ക്ക് വിട്ടു നല്‍കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഈ സ്ഥലമേറ്റെടുക്കാന്‍ അമ്മ സംഘടനയ്ക്ക് ആയില്ലെന്ന് നാസര്‍ മാലിക് പറഞ്ഞു.

എന്തടിസ്ഥാനത്തിലാണ് സിദ്ധിഖ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് അറിയില്ല. ഇങ്ങനെയൊരു പ്രസ്താവനയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ സിദ്ധിഖ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മോഹന്‍ലാലിന് പരാതി നല്‍കുമെന്നും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും നാസര്‍ വ്യക്തമാക്കി.രണ്ട് ദിവസം മുന്‍പാണ് നടന്‍ സിദ്ദീഖ് വിവാദമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിലെ അവസാന വരികള്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ളതായിരുന്നു.

‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു പരാമര്‍ശം.

കൊച്ചിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പ്രചാരണത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തതെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
‘ഇലക്ഷന്‍ ആകുമ്പോള്‍ ചില ആളുകള്‍ ജയിക്കണമെന്ന് നമുക്ക് ആഗ്രഹം കാണും. പ്രചാരണത്തോടനുബന്ധിച്ച് കുറച്ച് ആളുകളില്‍ ശ്രദ്ധ കൊടുക്കണം. ഔദ്യോഗിക പാനല്‍ എന്നൊന്നുമില്ല. ആകെ കുറച്ച് പേരുമായി ഇത് ആലോചിച്ചു. അമ്മയുടെ ഒരുപാട് മെമ്പേഴ്സുമായി ആലോചിച്ചതിന് ശേഷമാണ് ഇന്നയാളുകള്‍ വന്നാല്‍ നന്നായിരിക്കുമെന്ന് തോന്നി.

അങ്ങനെയാണ് അവരെ അപ്രോച്ച് ചെയ്യുന്നത്. അതിനു ശേഷം വേറെ ചിലര്‍ മത്സരരംഗത്തേക്ക് വന്നു. അവരെ മറുപാനലായൊന്നും കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ ഇന്നയിന്നയാളെ പ്രസന്റ് ചെയ്യുന്നു. അവരെ വിജയിപ്പിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ചില കാര്യങ്ങള്‍ ഇലക്ഷന്റെ പ്രചരണത്തിനായി ചെയ്തു എന്നല്ലാതെ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ആരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചും ചെയ്തതല്ല,’ എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരായി നാസര്‍ ലത്തീഫ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സിലെ ഒരു സംഗതി പ്രണവിന്റെ അഭിനയത്തിലും കാണാമെന്ന് വിനീത് ശ്രീനിവാസന്‍. പ്രണവിനെ നായകനാക്കി ഹൃദയം എന്ന ചിത്രം ഒരുക്കുകയാണ് വിനീത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

നമ്മളിലേക്ക് ഇമോഷന്‍സ് എത്തിക്കുക എന്നൊരു സംഗതി ലാലങ്കിളിന്റെ പെര്‍ഫോമന്‍സിലുണ്ട്. അത് അപ്പൂന്റെ പെര്‍ഫോമന്‍സിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വെയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട്. അത് ലാലങ്കിളിനുണ്ട്.

കിരീടത്തിലൊക്കെ ലാലങ്കിള്‍ നടന്നു പോകുമ്പോള്‍ ബാക്ക് ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതു കൊണ്ടാണ്. ഒരു മുണ്ടിന്റെ കര പിടിച്ച് നടക്കുന്ന സമയത്ത് പോലും സാധാരണക്കാരാനായി ഫീല്‍ ചെയ്യും. എവിടെക്കെയോ അതിന്റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്.

അവന്‍ ഒരു ഗ്ലോബല്‍ സിറ്റിസണെ പോലെ നടന്നു കൊണ്ടിരിക്കുകയാണ്. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞു വരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പുവിന്റെ കുറെ നല്ല മൊമെന്റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.

തനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്റെ മുകളിലേക്കാണ് ആള് പോവുക. പാഷനേറ്റ് ആയ മനുഷ്യനാണ് പ്രണവ് എന്നാണ് വിനീത് വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക.

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് തിരിച്ചടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.

ഔദ്യോഗിക പാനലില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ ആശ ശരത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 224 വോട്ടാണ് മണിയന്‍ പിള്ള രാജുവിന് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ട് ലഭിച്ചപ്പോള്‍ ആശ ശരത്തിന് 153 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിര്‍ത്തിയിരുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

11 പേരുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരായിരുന്നു മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍.

കൊച്ചിയിലാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും നടന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

പാനലില്‍ നിന്ന് മത്സരിച്ചവര്‍ക്ക് ലഭിച്ച വോട്ടുകള്‍,

മണിയന്‍പിള്ള രാജു 224
ശ്വേത മേനോന്‍ 176
ആശ ശരത് 153

എക്‌സിക്യൂട്ടീവ് കമ്മറ്റി

ബാബുരാജ് 242
ലാല്‍ 212
ലെന 234
മഞ്ജു പിള്ള 215
രചന നാരായണന്‍കുട്ടി 180
സുധീര്‍ കരമന 261
സുരഭി 236
ടിനി ടോം 222
ടൊവിനോ തോമസ് 220
ഉണ്ണി മുകുന്ദന്‍ 198
വിജയ് ബാബു 225
ഹണി റോസ് 145
നിവിന്‍ പോളി 158
നാസര്‍ ലത്തീഫ് 100

കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ എത്തിയത്. കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. വര്‍ഷങ്ങളായി അല്ലു അര്‍ജുന്റെ ശബ്ദം മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജിസ് ജോയ്‌യുടെതാണ്.

പുഷ്പയ്ക്ക് ശബ്ദം നല്‍കിയതിന് ശേഷം അല്ലു അര്‍ജുനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ പ്രമോഷന് വിളിച്ചിരുന്നെങ്കിലും തന്റെ ഒരു ചിത്രത്തിന്റെ ട്രിമ്മിങ് നടക്കുന്നതിനാല്‍ പങ്കെടുക്കാനായില്ല. നടന്റെ മാനേജറുമായി സംസാരിച്ചിരുന്നതായും ജിസ് ജോയ് അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യത്തെ പത്തു സിനിമകള്‍ക്കു ശേഷം പിന്നീട് അല്ലു ഒന്നും പറഞ്ഞിട്ടില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ കുറിച്ച് പറയാറുണ്ട്. തെലുങ്കല്ലാതെ മറ്റു ഭാഷകളില്‍ ഡബ് ചെയ്യുന്നവരില്‍ തനിക്ക് ഏറ്റവും ഇഷ്ടം ജിസ് ചെയ്യുന്നതാണെന്നു പറഞ്ഞിട്ടുണ്ട്.

തന്റെ ശബ്ദം അല്ലുവിന് ചേരുമെന്നു കണ്ടു പിടിച്ചത് ഖാദര്‍ ഹസന് എന്ന നിര്‍മ്മാതാവാണ്. അല്ലുവിനെ മലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തി. അല്ലു ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയും ഫാന്‍സുകാരെ സംഘടിപ്പിച്ചും ഖാദര്‍ ഹസന്‍ നിരന്തരം അധ്വാനിച്ചു.

കായംകുളം കൊച്ചുണ്ണിയില്‍ മണിക്കുട്ടന് വേണ്ടി ആയിരം എപ്പിസോഡുകള്‍ ഡബ്ബ് ചെയ്തിരുന്നു. അതു കേട്ടിട്ടാണ് ഖാദര്‍ ഹസന്‍ തന്നെ വിളിക്കുന്നത് എന്നാണ് ജിസ് ജോയ് പറയുന്നത്. അതേസമയം, സുകുമാര്‍ ഒരുക്കിയ പുഷ്പയില്‍ ഫഹദ് ഫാസില്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.

മലയാള സിനിമാ ലോകത്ത് ഏറ്റവും അധികം ഹിറ്റുകള്‍ സൃഷ്ടിച്ച ഒരു കൊമ്പോ ആയിരുന്നു മോഹന്‍ലാലും ശ്രീനിവാസനും. നമ്മളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഒരു കൂട്ടുകെട്ടാണിത്. മോഹന്‍ലാലിന് വേണ്ടി നിരവധി തിരക്കഥകള്‍ ശ്രീനിവാസന്‍ ഒരുക്കിയിട്ടുണ്ട്. ഇവയില്‍ മിക്കതും വമ്പന്‍ വിജയങ്ങളുമായിരുന്നു. എന്നാല്‍ വൈകാതെ ഇരുവരുടെയും സൗഹൃദത്തില്‍ വിള്ളല്‍ വീഴുകയായിരുന്നു. അതിനു കാരണമായി പലരും പറയുന്നത് ‘സരോജ്‌കുമാര്‍’ എന്ന ചിത്രമാണ്. ശ്രീനിവാസന്‍ മനപ്പൂര്‍വം മോഹന്‍ലാലിനെ കളിയാക്കുന്നതിന് വേണ്ടിയാണ് ആ ചിത്രം സൃഷ്ട്ടിച്ചത് എന്ന ആരോപണം ശക്തമാണ്. റോഷന്‍ ആന്‍റ്രൂസ് സംവിധാനം നിര്‍വഹിച്ച ഉദയനാണ് താരം എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കിയത്.

സരോജ് കുമാര്‍ പുറത്തിറങ്ങിയതോടെ ആൻ്റണി പെരുമ്പാവൂരും ശ്രീനിവാസനും തമ്മില്‍ തുറന്ന വാക്ക്പോരു പോലും ഉണ്ടായിട്ടുണ്ട്. തന്നെ കളിയാക്കിക്കൊണ്ടുള്ള ചിത്രമാണെന്നറിഞ്ഞിട്ടും ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നുവെന്നും, എന്തെങ്കിലും രംഗം വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ ഒന്നും അദ്ദേഹം പറഞ്ഞില്ലന്നും ആന്‍റണി പറഞ്ഞിട്ടുണ്ട്. പക്ഷേ ഉദയനാണ് താരം ഒരു നല്ല സിനിമയായിരുന്നു. ആ ചിത്രം വിയജയിച്ചതോടെ വളരെ മോശമായി മറ്റൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ ചിത്രത്തില്‍ നായകനായി അഭിനയിച്ചു.

ഇതില്‍ മോഹന്‍ലാലിനെ താറടിച്ചു കാണിക്കുന്ന നിരവധി രംഗങ്ങള്‍ ഉണ്ട്. ഈ ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും താന്‍ വിളിച്ചിരുന്നു. പിന്നീടാണ് ശ്രീനിവാസന്‍ ഒരു പത്ര സമ്മേളനം നടത്തി താന്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങളോട് പറഞ്ഞത്. അതിനു ശേഷം ഇതുവരെ ശ്രീനിവസനോട് താന്‍ സംസാരിച്ചിട്ടില്ലന്നും ആൻ്റണി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി ബോധപൂര്‍വ്വം എടുത്ത ഒരു സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നാണ് മോഹന്‍ലാല്‍ പിന്നീട് പ്രതികരിച്ചത്. തന്നെക്കുറിച്ച് ഒരു ചിത്രം ചെയ്ത് വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ലന്നും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved