Movies

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ‘ഗോള്‍ഡ്’ സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറു വര്‍ഷത്തിനപ്പുറമാണ് അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ വീണ്ടും സിനിമ എത്തുന്നത്.

ചിത്രം ഇപ്പോള്‍ എഡിറ്റിംഗ് ടേബിളിലാണ് എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ അറിയിക്കുന്നത്. കുറച്ചു തമാശകളുള്ള ഒരു പുതുമയില്ലാത്തതാണ് മൂന്നാമത്തെ ചലച്ചിത്രം എന്നാണ് അല്‍ഫോന്‍സ് പറയുന്നത്. അമിത പ്രതീക്ഷയോടെ സിനിമ കാണാന്‍ വരരുതെന്നും സംവിധായകന്‍ പറയുന്നു.

”ഗോള്‍ഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം.”

”പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുമ്പ് രണ്ട് ചിത്രങ്ങളും ഇറങ്ങിയപ്പോഴും അല്‍ഫോന്‍സ് സമാനമായ കാര്യമാണ് പറഞ്ഞതെന്നും എന്നാല്‍ ചിത്രം കണ്ടപ്പോള്‍ അങ്ങനെയല്ല അനുഭവപ്പെട്ടതെന്നുമാണ് ആരാധകരുടെ വാദം.

ഷെറിൻ പി യോഹന്നാൻ

റെയിൽവേ ട്രാക്കിനോട് ചേർന്ന് കിടക്കുന്ന കുറച്ചു വീടുകൾ. അവർക്കുള്ള വഴിയിലൂടെ ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാം. ഒരത്യാവശ്യം വന്നപ്പോഴാണ് വീതിയില്ലാത്ത പൊതുവഴി പ്രധാന പ്രശ്നമാണെന്ന് അവർ തിരിച്ചറിയുന്നത്. അതോടെ സ്നേഹനഗർ കോളനി നിവാസികൾ ഭീമന്റെ നേതൃത്വത്തിൽ വഴിക്ക് വീതി കൂട്ടാനായി ഇറങ്ങി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല…

ഒരു വഴിതർക്കത്തിന്റെ കഥ വളരെ ലളിതമായും രസകരമായും പറയുകയാണ് അഷ്‌റഫ്‌ ഹംസ എന്ന സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘തമാശ’ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ചിത്രമാണ്. ‘ഭീമന്റെ വഴി’യിലേക്ക് എത്തുമ്പോൾ ആ മേക്കിങ് സ്റ്റൈൽ തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ചെറിയൊരു കഥയെ അധികം വലിച്ചു നീട്ടാതെ രണ്ടു മണിക്കൂറിൽ അവസാനിപ്പിച്ചു എന്നതാണ് പ്രധാന പ്ലസ് പോയിന്റ്.

പ്രകടനങ്ങളിൽ ജിനു ജോസഫ്, നസീർ സംക്രാന്തി, ബിനു പപ്പു, വിൻസി എന്നിവർ മികച്ചു നിൽക്കുന്നു. ഊതാമ്പള്ളി കോസ്തേപ്പ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് ജിനു. സുരാജിന്റെ കഥാപാത്ര സൃഷ്ടി വളരെ രസകരമാണ്. തന്റെ സ്ഥിരം ശൈലിയുള്ള പ്രകടനം തന്നെയാണ് കുഞ്ചാക്കോ ബോബൻ ഇവിടെയും കാഴ്ചവയ്ക്കുന്നത്. എന്നാൽ ‘നീറ്റായ’ ഒരു കഥാപാത്രമല്ലെന്നത് ശ്രദ്ധേയം. നാട്ടുകാരുടെ പ്രശ്നങ്ങളെ അതേ തീവ്രതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞിട്ടുണ്ട്. തിയേറ്റർ വിട്ടാലും ‘ഒരുത്തീ’ എന്ന ഗാനം മനസ്സിൽ നിറഞ്ഞു നിൽക്കും.

രസകരമായ ബിജിഎം, എഡിറ്റിംഗ് എന്നിവയിലൂടെ ക്ലൈമാക്സിലെ ഫൈറ്റ് സീൻ മികച്ചതാക്കിയിട്ടുണ്ട്. വൈകാരിക രംഗങ്ങൾ ഒരുക്കിയ വിധവും നന്നായിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകുന്നുണ്ടെങ്കിലും കഥാപാത്ര നിർമിതിയും വളർച്ചയും ശരാശരിയിൽ ഒതുങ്ങിയതായി അനുഭവപ്പെട്ടു. ചെമ്പൻ വിനോദിന്റെ മഹർഷി ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങൾക്ക് പൂർണത കൈവരുന്നില്ല. അധികം ആകാംഷ ഉണർത്തുന്ന രംഗങ്ങളും ചിത്രത്തിലില്ല.

ഒരു വഴിതർക്കത്തിന്റെ കഥ മാത്രം പറഞ്ഞവസാനിക്കുകയല്ല ‘ഭീമന്റെ വഴി.’ സ്ത്രീകളെ അവതരിപ്പിച്ച വിധം, സ്ത്രീപുരുഷ ബന്ധം എന്നിവ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തുന്നു. കപട സദാചാര നിർമിതികളെ വളരെ സ്വാഭാവികമായി സിനിമ തച്ചുടയ്ക്കുകയാണ്.

Last Word – നിലവാരമുള്ള പ്രകടനങ്ങളിലൂടെയും സംവിധാന മികവിലൂടെയും ചെറിയൊരു കഥയെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ മാത്രമുള്ളതിനാൽ ബോറടിയില്ല. ഭീമന്റെ വഴിയിലൂടെയുള്ള നടത്തം തൃപ്തികരമാണ്, ആസ്വാദ്യകരമാണ്.

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി.ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ‘ഭീമന്റെ വഴി’. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. റെയിൽവേ ട്രാക്കിനോട് ഓരം ചേർന്നു കിടക്കുന്ന ഒരു പറ്റം വീടുകൾ. ഇവിടെയാണ് നാട്ടുകാർ ഭീമൻ എന്നു വിളിക്കുന്ന സഞ്ജുവും (കുഞ്ചാക്കോ ബോബൻ) അമ്മയും താമസിക്കുന്നത്.

ഒരു ബൈക്കിന് കഷ്ടിച്ച് പോവാനുള്ള വഴി മാത്രമേയുള്ളൂ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലേക്ക്. ആർക്കെങ്കിലും അസുഖം വന്നാൽ ഒന്ന് എടുത്തോണ്ട് കാറിനോ ആമ്പുലൻസിനോ അടുത്തെത്തിക്കാൻ തന്നെ 20 മിനിറ്റെങ്കിലുമെടുക്കും. ഈ ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി വരുത്താൻ ഭീമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു റോഡ് നിർമ്മിക്കാൻ ഒരുങ്ങുന്നതാണ് കഥാപശ്ചാത്തലം.പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്.

ഒരു റോഡുണ്ടാക്കിയ കഥ- ഒറ്റവാക്കിൽ പറയാവുന്ന ഒരു കഥാതന്തുവിനെ കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുകയാണ് സംവിധായകൻ. നടന്‍ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണത്.

പരോപകാരം ചെയ്യാനുള്ള മനസ്സും ഏറ്റെടുത്ത കാര്യങ്ങൾ നടത്തി കൊണ്ടുപോവാനുള്ള സാമർത്ഥ്യവും അൽപ്പസ്വൽപ്പം സൂത്രങ്ങളുമൊക്കെ കയ്യിലുള്ള ഭീമൻ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഭദ്രമായിരുന്നു. ഊതാമ്പള്ളി കോസ്തേപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആണ് ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നത്. വളരെ സ്റ്റൈലിഷായി ജീവിക്കുന്ന അർബൻ കഥാപാത്രങ്ങളായി കണ്ടു പരിചയിച്ച ജിനുവിന്റെ മേക്കോവർ ചിത്രം കാത്തുവയ്ക്കുന്ന സർപ്രൈസ് ആണ്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജിനു.

ബിനു പപ്പുവാണ് ചിത്രത്തിന് ഫ്രെഷ്‌നസ്സ് സമ്മാനിക്കുന്ന മറ്റൊരു നടൻ. സീരിയസ് റോളുകളിൽ നിന്നും പൊലീസ് വേഷങ്ങളിൽ നിന്നുമൊക്കെ മാറി ഒരു കൊമേഡിയൻ റോളിലേക്കുള്ള ബിനു പപ്പുവിന്റെ ചുവടുമാറ്റം കൂടിയാണ് ചിത്രം. അധികം സീനുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ചിത്രത്തിന് ഉണർവ്വ് സമ്മാനിക്കുന്നുണ്ട്.

പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ, അതിനപ്പുറത്തേക്ക് കഥാപാത്രങ്ങൾക്ക് ഒരു ഗ്രോത്ത് നൽകാനോ അവയെ കഥയിലേക്ക് രസകരമായി സമന്വയിപ്പിക്കാനോ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഉദാഹരണം. ഒരു അപൂർണത അനുഭവപ്പെടുന്ന കഥാപാത്രമാണിത്. നിർമൽ പാലാഴി, നസീർ സംക്രാന്തി, വിൻസി അലോഷ്യസ് , ചിന്നു ചാന്ദ്നി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കഥയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ തിരക്കഥ പലപ്പോഴും പരാജയപ്പെട്ടുപോവുന്നുണ്ട്. പലയിടത്തും ലാഗിങ്ങും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്ക് എത്തുന്നതോടെ ചിത്രം വീണ്ടും അതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെയിൽ പാളങ്ങളോട് ചേർന്നു കിടക്കുന്ന ആ ഭൂപ്രദേശത്തെ ഏറ്റവു മികവോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കോറിയിടാൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. വിഷ്ണു വിജയിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഒരുത്തീ എന്നു തുടങ്ങുന്ന പാട്ടും കേൾക്കാൻ ഇമ്പമുള്ളതാണ്.

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ‘ഭീമന്റെ വഴി’ ഒരു ആവറേജ് കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ’ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ

കുഞ്ഞാലി മരയ്ക്കാരുടെ ജീവിതവും പോരാട്ടങ്ങളും അന്ത്യവുമെല്ലാം വൈദേശിക കോളനിവത്കരണത്തിനെതിരേ നമ്മുടെ ചരിത്രം സാക്ഷ്യം വഹിച്ച അപൂർവം ചെറുത്തുനില്പുകളിലൊന്നാണെന്ന്. എന്നാൽ ഒരു മുൻകൂർ ജാമ്യമെടുത്താണ് പ്രിയദർശൻ ‘മരക്കാർ : അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിൽ എത്തിച്ചത്. “അല്പം ചരിത്രവും അധികം ഭാവനയും നിറഞ്ഞ പ്രിയദർശൻ ചിത്രമാണ് മരക്കാർ” എന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. ആരാധകരും അണിയറപ്രവർത്തകരും മാധ്യമങ്ങളും ചേർന്ന് ഓവർ ഹൈപ്പ് സൃഷ്ടിക്കുകയും ചെയ്തു. തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങളുടെ ആകെത്തുകയായി പ്രിയദർശൻ വിശേഷിച്ച ചിത്രം, നിരാശപ്പെടുത്തുന്ന അനുഭവമായി പരിണമിക്കുകയാണ്. ‘പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെ പടം കാണണം’ എന്ന ഡയലോഗിനോടുള്ള എതിർപ്പ് ആദ്യമേ അറിയിക്കുന്നു!

മമ്മാലി എന്ന കുഞ്ഞാലി മരക്കാർ നാലാമന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രണവ് മോഹന്‍ലാലില്‍ നിന്നും ആരംഭിച്ച് മോഹന്‍ലാലിലൂടെ അവസാനിക്കുന്ന മരക്കാരുടെ ജീവിത കഥ. ചതിപ്രയോഗത്തിലൂടെ ഉറ്റവരെ നഷ്ടപ്പെട്ട മമ്മാലി, മറ്റൊരു നാട്ടിലെത്തി പുതിയ ജീവിതം തിരഞ്ഞെടുക്കുന്നു. പിന്നീട്, കോഴിക്കോട്ടെ സാമൂതിരിയുടെ നാവികപ്പോരാളിയായി കുഞ്ഞാലി വളർന്നതെങ്ങനെയെന്നും തുടർന്ന് ദയനീയമായ പര്യവസാനത്തിലേക്ക് എത്തിയതെങ്ങനെയെന്നും സിനിമ പറയുന്നു.

പ്രിയദർശൻ – മോഹൻലാൽ സിനിമകൾ മലയാളികളുടെ മനസ്സിൽ പതിഞ്ഞവയാണ്. ആ ചിത്രങ്ങളുടെ നിഴൽ മരക്കാറിലും വീണുകിടപ്പുണ്ട്. ഇത്തരമൊരു ചരിത്രകഥ പറയുമ്പോൾ നിലവാരമുള്ള, ശക്തമായ തിരക്കഥയും അവതരണരീതിയും അത്യാവശ്യമാണ്. മരക്കാറിൽ ഇത് രണ്ടും മിസ്സിംഗ്‌ ആണ്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു ‘ബ്രഹ്മാണ്ഡ’ സിനിമയാണിത് എന്നുകൂടി ഓർക്കണം. പ്രണവിന്റെ ആക്ഷൻ സീനുകൾ മികച്ചുനിൽക്കുന്നെങ്കിലും മോഹൻലാലിലേക്ക് എത്തുമ്പോൾ ആ എനർജി നഷ്ടമാവുന്നു. പ്രധാന കഥാപാത്രങ്ങളുടെ മരണം സ്‌ക്രീനിൽ വരുന്നുണ്ടെങ്കിലും അതൊന്നും പ്രേക്ഷകനുമായി കണക്ട് ആവാതെ കഥ മുന്നോട്ട് കൊണ്ടുപോകാനുള്ള ടൂൾ മാത്രമായി മാറുകയാണ്. അതുകൊണ്ട് തന്നെ കുഞ്ഞാലിയുടെ മരണം യാതൊരു ഇമ്പാക്ടും ഉണ്ടാക്കുന്നില്ല.

ആദ്യ പകുതിയിലെ യുദ്ധരംഗം നന്നായിരുന്നു. കലാസംവിധാനവും ഛായാഗ്രഹണവും ഗംഭീരമാണ്. ഒട്ടേറെ മികച്ച ഫ്രെയിമുകൾ ചിത്രത്തിലുണ്ട്. പ്രണവ്, അർജുൻ സർജ, ഹരീഷ് പേരാടി, സുനിൽ ഷെട്ടി, ചിന്നാലിയെ അവതരിപ്പിച്ച വിദേശ നടൻ എന്നിവരുടെ പ്രകടനങ്ങൾ മാത്രമാണ് മനസ്സിൽ നിൽക്കുന്നത്. കുഞ്ഞാലിയുടെ കൈ കൊണ്ട് അബദ്ധത്തിൽ മരിച്ച ഒരുവന്റെ ഭാര്യയായി മഞ്ജു വാര്യർ എത്തുമ്പോൾ തന്നെ മനസിലാക്കാം ക്ലൈമാക്സ്‌ എന്താണെന്ന്!

തിരക്കഥയിൽ ശ്രദ്ധ പുലർത്താതെ CGI ൽ അമിതമായി ആശ്രയിച്ചിരിക്കുകയാണ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ വരുന്ന രണ്ട് ഗാനങ്ങൾ, സാമൂതിരിയുമായി തെറ്റാനുണ്ടായ കാരണം, കഥാപാത്രങ്ങളുടെ സ്ലാങ്, കുഞ്ഞാലിയുടെ ഏതാനും സംഭാഷണങ്ങൾ എന്നിവയൊക്കെ ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. ചില ‘മാസ്സ്’ ഡയലോഗുകളൊക്കെ ചിരിപ്പിക്കുമ്പോൾ കുഞ്ഞാലിയെന്ന കഥാപാത്രത്തിന് ഒരുതരത്തിലും ചേരാത്ത ഒരു ജാതീയ ഡയലോഗ് പറയിപ്പിക്കാനും പ്രിയദർശൻ തയ്യാറായിട്ടുണ്ട്. രണ്ടാം പകുതിയിൽ, കുഞ്ഞാലി സ്വയം വിഡ്ഢിയായി മാറുകയാണോ എന്ന സംശയവും പ്രേക്ഷകനെ അലട്ടും. ‘ബാഹുബലി’യിലെ ഗംഭീര സീനിനോട് സമാനമായി ഇവിടെ വന്ന രംഗം നനഞ്ഞ പടക്കം മാത്രമായി മാറി. നൂറ് കോടി മുടക്കി നിർമിച്ച ചിത്രത്തിൽ ഹോളിവുഡ് സിനിമകളിലെ രംഗങ്ങൾ തിരുകികയറ്റിയത് ന്യായീകരിക്കാനാവില്ല. തന്നെ ചതിച്ചവരോട് കുഞ്ഞാലി പകരംവീട്ടുന്ന ക്ലൈമാക്സ്‌ രംഗങ്ങൾ വളരെ മോശമായാണ് ചിത്രീകരിച്ചത്. പ്രേക്ഷകന്റെ മനസ്സിലേക്ക് എത്തുന്ന രംഗങ്ങൾ ഇല്ലാതെ ഒരു ചരിത്രകഥയെ സ്വതന്ത്ര ആഖ്യാനത്തിലൂടെ വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുകയാണ് പ്രിയദർശൻ.

വിഷ്വൽ എഫക്ടിൽ എത്ര മികച്ചുനിന്നാലും കഥാപാത്ര നിർമിതിയിലും തിരക്കഥയിലും നീതി പുലർത്തിയില്ലെങ്കിൽ ചിത്രം പ്രേക്ഷകനിൽ നിന്നകന്നു പോകും. ആകാംഷയുണർത്താത്ത കഥാസന്ദർഭങ്ങളും കൂടിയാവുമ്പോൾ നിരാശയാണ് ഫലം. കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ കാണുക. ഒടിടിയിൽ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ചിത്രമായി ‘മരക്കാർ’ മാറിയേക്കും!

കഴിഞ്ഞ മൂന്നു വർഷത്തിൽ മലയാള സിനിമാ പ്രേമികൾ ഇത്രയധികം കാത്തിരുന്ന ഒരു സിനിമ ഉണ്ടാവില്ല. അങ്ങനെ ആ അത്ഭുത ചിത്രം, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ, മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇന്ന് ലോകം മുഴുവനായി റിലീസ് ചെയ്തു. മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ്.

മോഹൻലാലിനൊപ്പം തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രശസ്ത താരങ്ങൾ അണിനിരന്നിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ പ്രിയദർശനും അദ്ദേഹത്തിന്റെ അസ്സോസിയേറ്റായ അനി ഐ വി ശശിയും ചേർന്നാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിലെ അറുനൂറിൽ അധികം സ്‌ക്രീനുകളിലും ലോകമെമ്പാടുമുള്ള നാലായിരം സ്‌ക്രീനുകളിലുമാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 47 ഇൽ കൂടുതൽ രാജ്യങ്ങളിൽ ആണ് മരക്കാർ റിലീസ് ചെയ്തിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയും മരക്കാർ ചരിത്രമായി മാറി.

കാഴ്ചയുടെയും കേൾവിയുടെയും തിയേറ്റർ ആരവങ്ങളുടെയും ഉത്സവം സ്വപ്നം കണ്ട സിനിമാപ്രേമികൾക്കു വേണ്ട ചേരുവകളെല്ലാം ചേർത്താണ് സംവിധായകൻ പ്രിയദർശൻ സിനിമ ഒരുക്കിയിരിക്കുന്നത്. ചരിത്രത്തിൽ കേട്ടു മറന്ന മരക്കാർ കുടുംബത്തിന്റെയും തലമുറകളുടെയും പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും കഥയാണ് ചിത്രം പറയുന്നത്.

വൈദേശിക ആധിപത്യത്തിനെതിരെ ഇന്ത്യയിൽ നിന്നുയർന്ന ആദ്യ പോരാട്ടങ്ങളിൽ ഒന്നാണ് മരക്കാരുടെ ചെറുത്തുനിൽപ്പ്. കാലക്രമേണ കുഞ്ഞാലി മരക്കാർ എന്ന് പുകൾപെറ്റ മുഹമ്മദലി മരക്കാറിന്റെ യൗവ്വന കാലത്തു നിന്നുമാണ് സംവിധായകൻ കഥ പറഞ്ഞു തുടങ്ങുന്നത്. നിഷ്കളങ്കനായ ആ ചെറുപ്പക്കാരൻ എങ്ങനെയാണ് പിന്നീട് കടലിൽ മായാജാലം കാണിക്കുന്ന പോരാളിയും കടൽക്കൊള്ളക്കാരനുമൊക്കെയായി മാറിയതെന്ന്, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഒരു ജനതയുടെ മനസ്സിൽ രാജാവിനും ദൈവത്തിലും മുകളിലുള്ള ഒരാളായി അയാൾ പ്രതിഷ്ഠിക്കപ്പെടുന്നത് എങ്ങനെയെന്നും.

തുടക്കം മുതൽ അവസാനസീനിൽ വരെ സമ്മാനിക്കുന്ന ദൃശ്യവിസ്മയമാണ് ചിത്രത്തിൽ പ്രേക്ഷകനെ കൊളുത്തിയിടുന്ന പ്രധാന ഘടകങ്ങളിലൊന്ന്. കടൽ ചൊരുക്കിനോട് പടവെട്ടുന്ന കുഞ്ഞാലിയേയും അറബിക്കടലിൽ ഗറില്ലാ യുദ്ധനയം പുറത്തെടുത്ത് പറങ്കിപ്പടയെ തുരത്തുന്ന മരക്കാർ സേനയുമൊക്കെ മിഴിവേറിയ കാഴ്ചകളായി സ്ക്രീനിൽ വിരിയുമ്പോൾ ഹോളിവുഡ് സിനിമക്കാഴ്ചയുടെ അനുഭൂതിയാണ് പ്രേക്ഷകന് ലഭിക്കുക.

മോഹൻലാൽ എന്ന നടൻ തന്നെയാണ് ‘മരക്കാറിന്റെ’ നെടുംതൂൺ. സ്ക്രീനിൽ ഇന്ദ്രജാലം കാണിക്കുന്ന മോഹൻലാൽ മാജിക്കിന്റെ തനിയാവർത്തനങ്ങൾ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. ഓരോ ഫ്രെയിമിലും നിറയുന്ന താരബാഹുല്യമാണ് മരക്കാറിനെ കുറിച്ച് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പ്രകടനം കൊണ്ടും സാന്നിധ്യം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ചില അഭിനേതാക്കളെയും ‘മരക്കാറിൽ’ കണ്ടെത്താം. അന്യഭാഷകളിൽ നിന്നുള്ള താരങ്ങളെ ഈ മൾട്ടിലിംഗൽ ചിത്രത്തിന്റെ ഭാഗമാക്കുന്നതിന് പിന്നിൽ കച്ചവട താൽപ്പര്യങ്ങൾ ഉണ്ടെങ്കിലും ഇവരിൽ ചിലർ കാഴ്ച വച്ച പ്രകടനം കയ്യടി അർഹിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ചില പേരുകൾ അർജുൻ, സുനിൽ ഷെട്ടി, ചൈനീസ് നടൻ ജയ് ജെ ജാക്രിറ്റ് എന്നിവരുടേതാണ്. മലയാളത്തിന്റെ പ്രിയ നായികമാര്‍ മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കാഴ്ചക്കാരെ ഒരുവേള നൊമ്പരപ്പെടുത്തുന്നത് അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സാന്നിധ്യമാണ്. സാമൂതിരി രാജാവിന്റെ വേഷത്തിലാണ് അദ്ദേഹമെത്തുന്നത്.

മരക്കാർ കാത്തുവയ്ക്കുന്ന മറ്റൊരു സർപ്രൈസ് പ്രണവ് മോഹൻലാൽ എന്ന നടനാണ്. ഒരു നടനെന്ന രീതിയിൽ കുറച്ചുകൂടി പാകപ്പെട്ട ഒരു പ്രണവിനെയാണ് മരക്കാറിൽ കാണാനാവുക. കുഞ്ഞാലിയുടെ ചെറുപ്പകാലമൊക്കെ അസ്സലായി തന്നെ പ്രണവ് അവതരിപ്പിച്ചിട്ടുണ്ട്.

ചരിത്രത്തിൽ ധീരനായി വാഴ്ത്തപ്പെട്ട, ആയിരം കഥകളിൽ ആയിരം പരിവേഷം ചാർത്തപ്പെടുന്ന ഒരാളെ കുറിച്ച് ഒരു സിനിമ ഒരുക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും വേണ്ടത്ര രേഖകൾ ലഭ്യമല്ലാത്ത സാഹചര്യം കൂടിയാവുമ്പോൾ. ചരിത്രം പറയാതെ പോയ ചില കോളങ്ങൾ പൂരിപ്പിക്കുക എന്നത് ചരിത്രാന്വേഷിയുടെ അല്ലെങ്കിൽ സംവിധായകന്റെ ഉത്തരവാദിത്വമായി മാറുകയാണ്.

തന്റെ ഭാവന കൊണ്ടാണ് പ്രിയദർശൻ ആ ഉത്തരവാദിത്വത്തെ മറികടന്നിരിക്കുന്നത്. ചരിത്രത്തിന്റെ കഥാവലംബല്ല മരക്കാർ, കേട്ടകഥകളിലും അപൂർണ്ണമായ ചരിത്രത്തിലും മയങ്ങുന്ന ഒരു ചരിത്രനായകനെ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലും ഭാവനയിലും പുനരാവിഷ്കരിക്കുകയാണ് ‘മരക്കാറിൽ’ എന്ന് പ്രിയദർശൻ തന്നെ ഇക്കാര്യത്തിൽ മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. എന്നിരുന്നാലും, ചരിത്രത്തിൽ നിന്ന് ഒരു കഥാപാത്രത്തെ എടുത്ത് കഥ പറയുമ്പോൾ അതിന്റെ കഥാപരിസരങ്ങളോട് പുലർത്തേണ്ട താദാത്മ്യം പ്രാപിക്കൽ ‘മരക്കാറിൽ’ പലയിടത്തും നഷ്ടമായിട്ടുണ്ട്.

ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നിയ ഒരു കാര്യം, ‘മരക്കാറിൽ’ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ അവിടെ ഭാഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ആ ഭാഷ അതു പോലെ പുനരാവിഷ്കരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ; അച്ചടി ഭാഷ ഉപയോഗിക്കുന്നതു പോലും ഫലപ്രദമായൊരു ആശയവിനിമയ രീതിയായി പരിഗണിക്കാമെന്നിരിക്കെ മ’രക്കാറിലെ’ സംസാരഭാഷയുടെ കാര്യത്തിൽ അലക്ഷ്യമായ നിലപാടാണ് അണിയറപ്രവർത്തകർ കൈകൊണ്ടിരിക്കുന്നത് എന്നു പറയേണ്ടി വരും. 16-ാം നൂറ്റാണ്ടിലെ ജനതയുടെ കഥ പറയുമ്പോൾ അവിടെ ഉപയോഗിക്കപ്പെടുന്ന ഭാഷ 21-ാം നൂറ്റാണ്ടിനെ ഓർമ്മിപ്പിക്കുന്നു എന്നത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഭാഷയുടെ ഈ പരിമിതി കൊണ്ട് പല കഥാപാത്രങ്ങളെയും കഥാപാത്രങ്ങളായി കാണാൻ കഴിയാതെ പോവുന്നു. മുകേഷും ഇന്നസെന്റും മാമുക്കോയയുമടക്കമുള്ള ഭൂരിഭാഗം അഭിനേതാക്കളും അവരുടെ തനതായ പ്രാദേശിക ചായ്‌വുള്ള ഭാഷ തന്നെയാണ് സംസാരിക്കുന്നത്. ഭാഷ, വസ്ത്രരീതികൾ പോലുള്ള സൂക്ഷ്മാംശങ്ങളിലേക്ക് പോവാതെ ഉപരിവിപ്ലവമായി കഥ പറഞ്ഞു പോവുകയാണ് സംവിധായകൻ ഇവിടെ. ഈ ഉപരിവിപ്ലവമായ സമീപനം സിനിമയിൽ പലയിടത്തും കല്ലുകടിയാവുന്നുണ്ട്.

എന്തു കൊണ്ട് ‘മാസ്റ്റർ ക്രാഫ്റ്റ്മാനെന്ന്’ പ്രിയദർശൻ വിശേഷിപ്പിക്കപ്പെടുന്നു എന്നതിനുള്ള ഉത്തരം ‘മരക്കാറിന്റെ’ ഫ്രെയിമുകൾ പറയും. പ്രിയദർശനു മാത്രം സാധ്യമായ ആ കയ്യൊപ്പ് ചിലയിടങ്ങളിൽ പ്രത്യക്ഷമായി തന്നെ കാണാം.

തിരുവിന്റെ സിനിമോട്ടോഗ്രാഫിയ്ക്ക് ഒപ്പം ‘മരക്കാർ’ കാഴ്ചകളെയും ഫ്രെയിമിനെയും സമ്പന്നമാക്കുന്നതിൽ സാബു സിറിലിന്റെ കലാസംവിധാനത്തിനും നല്ലൊരു പങ്കുണ്ട്. കഥയ്ക്ക് പശ്ചാത്തലമാവുന്ന കാലഘട്ടത്തെ യുക്തിഭദ്രതയോടെ സാബു സിറിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ചരിത്രത്തിനോട് എത്രത്തോളം ഈ പശ്ചാത്തലം നീതി പുലർത്തിയിട്ടുണ്ടെന്ന് പരിശോധിക്കാൻ കഴിയില്ലെങ്കിലും, സിനിമയുടെ ഡിസൈനിൽ മൊത്തത്തിൽ ഒരു ഏകതാനത കൊണ്ടു വരാൻ സാബു സിറിലിന് കഴിഞ്ഞിട്ടുണ്ട്.

ഗോള്‍ഡന്‍ ഏജ് ഹോളിവുഡ് മൂവികളുടെ ഒരു സ്വഭാവം സിനിമയ്ക്ക് സമ്മാനിക്കാൻ രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. എവിടെയൊക്കയോ ‘ട്രോയ്’ പോലുള്ള സിനിമകളെ അനുസ്മരിപ്പിക്കുന്നുമുണ്ട് ‘മരക്കാർ.’ റോണി റാഫേലിന്റെ പാട്ടുകളും ചിത്രത്തിന് മൊത്തത്തിൽ ഒരു ഉണർവ്വ് സമ്മാനിക്കുന്നുണ്ട്. സിനിമയിലെ സംഘട്ടനരംഗങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. കാസു നെട, സുമ്രെട് മൗൺഗുപ്ത്, ബി ത്യാഗരാജൻ എന്നിവരാണ് മരക്കാറിലെ സംഘട്ടനരംഗങ്ങൾക്ക് പിറകിൽ പ്രവർത്തിച്ചവർ. പ്രിയദർശന്റെ മകനായ സിദ്ധാർഥ് ആണ് ചിത്രത്തിന് വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്.

ചൂണ്ടി കാണിക്കാൻ പോരായ്മകൾ ഉണ്ടെങ്കിലും തിയേറ്ററിന്റെ വലിയ സ്ക്രീനിൽ ഒരിക്കലെങ്കിലും കണ്ടറിഞ്ഞ് ആസ്വദിക്കേണ്ട ഒരു ചിത്രമാണ് ‘മരക്കാർ’. കാരണം സാങ്കേതിക മികവു കൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും ദൃശ്യ വിസ്മയം തീർത്ത ഇതുപോലൊരു ചിത്രം മലയാളത്തിൽ മുൻപ് ഉണ്ടായിട്ടില്ലെന്നതു തന്നെ.

‘ബാഹുബലി’യും ‘കെജിഎഫും’ ‘പത്മാവതും’ ഒക്കെ വിസ്മയത്തോടെ കണ്ട മലയാളി പ്രേക്ഷകർക്ക് അതേ ജനുസ്സിൽ പെട്ടൊരു ചിത്രം മലയാളത്തിലുമുണ്ടായി എന്ന് പറയാൻ ഇനി ‘മരക്കാർ’ ഉണ്ട്. മലയാള സിനിമയെ വലിയ ക്യാൻവാസിൽ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കിയ ചിത്രം എന്ന രീതിയിൽ കൂടിയാവും ചിലപ്പോൾ ‘മരക്കാർ’ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക.

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഈ ബിഗ് ബജറ്റ് ചിത്രം. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

റിലീസിലും മരക്കാർ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ചിത്രത്തിനുണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസർവേഷനിലൂടെ മാത്രമായി മരക്കാർ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ റിലീസിങ് സെന്ററുകളാണ് മരക്കാർ നേടിയത്.

കേരളത്തില്‍ 631 റിലീസിങ് സ്ക്രീനുകളാണുള്ളത്. ഇതില്‍ 626 റിലീസിങ് സ്ക്രീനിലും മരക്കാറാണ്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസിനൊരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായ മരക്കാര്‍ റിലീസിന് മുന്നേ അവാര്‍ഡ് വേദികളില്‍ തിളങ്ങിയിരുന്നു. മികച്ച സിനിമ, മികച്ച ഗ്രാഫിക്സ് തുടങ്ങി നിരവധി ദേശീയ പുരസ്കാരങ്ങള്‍ മരക്കാര്‍ വാങ്ങിക്കൂട്ടിയിരുന്നു. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ അപമാനം നേരിടുന്ന ഒട്ടേറെ സിനിമാപ്രവർത്തകര്‍ നമുക്കിടയിൽ ഉണ്ടെന്ന് നടി പ്രവീണ. സൈബർ ഇടങ്ങളിലെ ദുരുപയോഗങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് പൊലീസിനെ അറിയിക്കണമെന്നും എങ്കില്‍ മാത്രമാണ് ഇതിനൊരു അവസാനം ഉണ്ടാകൂവെന്നും നടി പറഞ്ഞു. തന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടി.

‘സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവർത്തകർ ഈ പ്രശ്നം നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാൾ ഉപയോഗിച്ചു. മുൻപ് ഈ യുവാവ് എന്റെ പേരിൽ ഇൻസ്റ്റഗ്രമിൽ എന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോൺ വിളിച്ചു. ഞാൻ സൈബർ ഇടങ്ങളിൽ അത്ര സജീവമല്ല. ഇതോടെ ഞാൻ ഈ ആവശ്യം അത്ര കാര്യമായി എടുത്തില്ല. പിന്നാലെ ഇയാൾ അശ്ലീല ചിത്രങ്ങളിൽ എന്റെ മുഖം എഡിറ്റ് ചെയ്ത് വച്ച് പ്രചരിപ്പിക്കാൻ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കൾക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ എന്നെ വിളിച്ച് പറഞ്ഞു. ഇങ്ങനെയാണ് ‍ഞാൻ ഇക്കാര്യം അറിയുന്നത്. ആദ്യം ഇയാളെ വിളിച്ച് ആവർത്തിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ വൈരാഗ്യത്തോടെ ഇയാൾ വീണ്ടും ചെയ്തു.’-പ്രവീണ പറഞ്ഞു.

‘പിന്നാലെ കുടുംബത്തെയും അപമാനിച്ച് എഡിറ്റ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. ഇതോെടയാണ് പരാതിയുമായി പോയത്. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് കിട്ടിയത്. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നിൽ െകാണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവർത്തകരായ നടിമാരും രംഗത്തുവരണം. എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകും. ഇതിലൂടെ ഇവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്.’ പ്രവീണ ചോദിക്കുന്നു.

പ്രവീണ നൽകിയ പരാതിയിൽ ഡൽഹിയിൽ സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് (22) എന്ന കോളജ് വിദ്യാർഥി അറസ്റ്റിലായിരുന്നു. നഗ്ന ചിത്രങ്ങളിൽ മലയാള സീരിയൽ–സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്ത് വച്ചാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. പ്രവീണയും കുടുംബത്തിലെ അംഗങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങൾ പോലും ഇയാൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഇതോടെയാണ് നടി പൊലീസിൽ പരാതിപ്പെട്ടത്. നാലുമാസം മുൻപാണ് താരം പരാതി നൽകിയത്.

എ.ഡി.ജി.പി മനോജ് എബ്രഹാമിന് നൽകിയ പരാതിക്ക് പിന്നാലെയാണ് പ്രത്യേക അന്വേഷസംഘം രൂപീകരിച്ച് പരാതിയിൽ നടപടി സ്വീകരിച്ചത്. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൃത്യമായ തെളിവുകൾ സഹിതം കോളജ് വിദ്യാർഥി പിടിയിലാകുന്നത്.

മലയാളത്തിലെ മുതിര്‍ന്ന നടി കെപിഎസി ലളിത കരള്‍ രോഗം ബാധിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ചികിത്സക്കുള്ള സഹായം പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പതിറ്റാണ്ടുകളായി സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരു താരത്തിൻ്റെ പക്കല്‍ പണമുണ്ടെന്നും അതുകൊണ്ട് തന്നെ ഈ ചികിത്സയുടെ ചിലവ് സര്‍ക്കാര്‍ വഹികേണ്ടതുണ്ടോ എന്ന തരത്തില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കെ പീ എസ് സീ ലളിതക്കു സര്‍ക്കാറില്‍ നിന്നും സഹായം ലഭിക്കാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് പ്രശസ്ത സംവിധായകന്‍ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

ലളിതയുടെ ഭര്‍ത്താവ് ഭരതന് ഓപ്പറേഷന്‍ വേണ്ടി വന്നപ്പോള്‍ ഗോകുലന്‍ ഗോപാലനില്‍ നിന്നു പണം കടം വാങ്ങിയാണ് അത് ലളിത ചേച്ചി നടത്തിയതെന്ന് അദ്ദേഹം പറയുന്നു. മാത്രവുമല്ല മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് മലയാളത്തിലെ പ്രമുഖരായ താരങ്ങളാണ് ലക്ഷങ്ങള്‍ നല്‍കി സഹായിച്ചത്. ലളിതയുടെ മകന്‍ വണ്ടി അപകടമുണ്ടായപ്പോഴും മലയാള സിനിമാ ലോകം കയ്യയച്ചു സഹായിച്ചു. ലളിതയുമായി വലിയ ആത്മബന്ധമായിരുന്ന സുഹൃത്തുമായി തെറ്റുന്നതു പോലും മകന്‍ സിദ്ധാര്‍ത്ഥിൻ്റെ പേരിലാണെന്നും അദ്ദേഹം പറയുന്നു.

സിദ്ധാര്‍ത്ഥിൻ്റെ ഓപ്പറേഷന് ലക്ഷങ്ങള്‍ വേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ലളിത ചേച്ചിയുടെ സുഹൃത്ത് സഹായത്തിനായി ചെന്നത് മമ്മൂട്ടിയുടെ അടുത്തായിരുന്നു. എന്ത് പറ്റിയതാണെന്നു മമ്മൂട്ടി തിരക്കി. ബോധമില്ലാതെയാണോ വണ്ടിയോടിച്ചതെന്നും ചോദിച്ചു. കള്ളും കഞ്ചാവുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് ലളിതയുടെ സുഹൃത്ത് തുറന്നു പറഞ്ഞു. ഇത് കേട്ട ഉടന്‍ തന്നെ മമ്മൂട്ടി നേരെ ലളിതയെ വിളിച്ചു. ചികിത്സാ സഹായം വേണമല്ലേ, നല്ല കാശുണ്ടല്ലോ എന്നൊക്കെ ചോദിച്ചു. ഒപ്പം മകനോട് വെള്ളമടിച്ച്‌ വണ്ടിയോടിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

ഈ വിവരം പറഞ്ഞത് സുഹൃത്ത് ആണെന്ന് കൂടി മമ്മൂട്ടി പറഞ്ഞതോടെ ലളിത ചേച്ചിയും ആയുള്ള സുഹൃത്തിന്‍റെ ബന്ധം എന്നന്നേക്കുമായി അവസാനിച്ചെന്നു ദിനേശ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം വളരെ സങ്കടകരമാണ്. അവരൊരു കലാകാരിയാണ്. 60 വര്‍ഷത്തോളമായി സിനിമയില്‍ അഭിനയിക്കുന്നു. ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതുകൊണ്ട് ഇങ്ങനെ തെറി പറയുന്നത് ശരിയല്ലന്നും ശാന്തി വിള ദിനേശ് പറയുന്നു.

നേരത്തെ നടന്‍ തിലകനും ഇത്തരത്തില്‍ സഹായം ലഭിച്ചിരുന്നു. അന്ന് മകന്‍ ഷോബിയോട് പത്ത് ലക്ഷം രൂപ അടയ്ക്കാന്‍ കിംസ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്ന് അത്രയും കാശ് അദ്ദേഹത്തിൻ്റെ കൈയ്യില്‍ ഇല്ലായിരുന്നു. അന്ന് ചീഫ് സെക്രട്ടറി കെ ജയകുമാറായിരുന്നു. അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചത് പ്രകാരം 58 ലക്ഷം രൂപ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നല്‍കിയ്താണെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാന്‍ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്’ ഇത് നടി മേഘ്‌ന രാജിന്റെ തീരാനൊമ്പരമാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

മേഘ്‌ന എട്ടു മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ ലോകത്തോട് വിടപറഞ്ഞത്. ശേഷം, മകന്‍ ജീവിതത്തിലേയ്ക്ക് കൂട്ടായി എത്തിയതോടെയാണ് മേഘ്‌ന രാജ് സങ്കട കടലില്‍ നിന്നും കരകയറി വന്നത്.

മേഘ്‌ന രാജിന്റെ വാക്കുകളിലേയ്ക്ക്;

‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായന്‍ വന്നത്. റായന്‍ രാജ് സര്‍ജ എന്നാണ് മോന്റെ മുഴുവന്‍ പേര്. രാജാവ് എന്നാണ് റായന്‍ എന്നതിനര്‍ഥം. ചിരു മരിക്കുമ്പോള്‍ ഞാന്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടില്‍ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യല്‍ മീഡിയ നിറയെ.

പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യില്‍ വാങ്ങിയപ്പോള്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞത്, ‘ആണ്‍കുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടര്‍ കുറച്ച് സസ്‌പെന്‍സ് ഇട്ടു. മോനെ ആദ്യമായി കയ്യില്‍ വാങ്ങിയ നിമിഷം ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയര്‍ ചിരു’ എന്ന് ആരാധകര്‍ പറയുന്നത് കേട്ടിരുന്നു’

സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ സൈജു കുറുപ്പ്.ഒരു അഭിമുഖത്തിലാണ് തന്റെ കരിയറിനെക്കുറിച്ച് സൈജു പറയുന്നത്. താന്‍ അനുഭവിച്ച പ്രതിസന്ധികള്‍ ഒക്കെ ഭാര്യ അനുപമയുടെ അച്ഛന് മാത്രമേ അറിയുകയുള്ളു എന്നാണ് താരം പറയുന്നു.

അനുഭവിച്ച പ്രതിസന്ധികള്‍ അച്ഛനും അമ്മയ്ക്കും അറിയില്ല. എന്നാല്‍ അനുവിന്റെ അച്ഛന് എല്ലാം അറിയാമായിരുന്നു. ”തല്‍കാലം ജീവിക്കാനുള്ള പൈസ മാത്രം ഉണ്ടാക്കുക. നിന്റെ സ്വപ്നം യാഥര്‍ത്ഥ്യമാവും.”

”അതുവരെ എന്റെ മകളെയും നിന്റെ മകളെയും ഞാന്‍ നോക്കിക്കോളാം” ഇങ്ങനൊരു പിന്തുണ അന്ന് തന്ന ആത്മവിശ്വാസം വളരെ വലുതാണ്. നായകനായി മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് വ്യക്തമായി അറിയാം. ഇപ്പോള്‍ കഞ്ഞി കുടിച്ച് പോകുന്നുണ്ട്.

നായകനാവുകയുള്ളു എന്ന് തീരുമാനമെടുത്ത് കഞ്ഞിവെള്ളം മാത്രം കുടിക്കുന്ന അവസ്ഥയിലാവാന്‍ താല്‍പര്യമില്ല. സഹനടനായും സ്വഭാവ നടനായിട്ടുമൊക്കെ അഭിനയിക്കാനാണ് താല്‍പര്യം. നായക കഥാപാത്രങ്ങള്‍ ചെയ്യില്ല എന്നല്ല പറയുന്നത്. അത് ഏറ്റെടുക്കാന്‍ ചെറിയ പേടി ഉണ്ട്.

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്കും മുമ്പും പിമ്പും രണ്ട് കാലം തന്നെയാണ്. സിനിമ ഇല്ലാതെ ഇരുന്നപ്പോള്‍ മുഖം താരതെ നടന്നവരുണ്ട്. ആ കാലത്ത് ഒരു മനുഷ്യനാണെന്ന് തന്നെ പരിഗണിച്ചത് ചുരുക്കം പേരാണ്. ചാന്‍സ് ചോദിക്കുമ്പോള്‍ കിട്ടിയ മറുപടികളൊന്നും മറക്കാന്‍ പറ്റില്ല എന്നാണ് സൈജു പറയുന്നത്.

RECENT POSTS
Copyright © . All rights reserved