ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തെ ചൊല്ലിയുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അദ്ദേഹം അതൃപ്തി അറിയിച്ചു. പ്രോട്ടോകോള്‍ പ്രകാരം ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് വാര്‍ത്താ വിതരണ മന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇത് അവസാന നിമിഷത്തെ മാറ്റമായി വാര്‍ത്താവിതരണ മന്ത്രാലയം അവതരിപ്പിച്ചതില്‍ അതൃപ്തിയുണ്ടെന്നും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി അശോക് മാലിക് സൂചിപ്പിക്കുന്നു.
പുരസ്‌കാര ജേതാക്കള്‍ക്ക് വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നായിരുന്നു. മേയ് ഒന്നിന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച വാര്‍ത്താവിനിമയ മന്ത്രാലയം സെക്രട്ടറി എന്‍.കെ സിന്‍ഹ, രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കേണ്ടവരുടെ പട്ടിക നല്‍കുകയും ചെയ്തിരുന്നു.
ദേശീയ പുരസ്‌കാര വിതരണത്തില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കൂവെന്ന് മാര്‍ച്ച് അവസാനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ചടങ്ങ് വിജ്ഞാന്‍ ഭവനില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റാനും നിശ്ചയിച്ചിരുന്നു. എന്നാല്‍ അനുയോജ്യമായ ഓഡിറ്റോറിയം രാഷ്ട്രപതി ഭവനില്‍ ഇല്ലാത്തതിനാല്‍ പിന്നീട് നടന്ന ചര്‍ച്ചയിലെ ധാരണപ്രകാരമാണ് വിജ്ഞാന്‍ ഭവനില്‍ തന്നെ ചടങ്ങ് നടത്തിയത്.
അതേസമയം, ദേശീയ പുരസ്‌കാര വിതരണത്തിന് അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോക്കോള്‍ വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രധാന പുരസ്‌കാരങ്ങള്‍ മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മാത്രമായിരിക്കും രാഷ്ട്രപതി നല്‍കുക.
കഴിഞ്ഞ ദിവസം നടന്ന പുരസ്‌കാര ചടങ്ങില്‍ 11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് പുരസ്‌കാരം സ്വീകരിക്കാനായി രാജ്യതലസ്ഥാനത്ത് എത്തിയ ശേഷമാണ് അവാര്‍ഡ് ജേതാക്കള്‍ അറിഞ്ഞത്. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ അടക്കം 68 പേര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.
പ്രധാനമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഗുജറാത്ത് വഡ്ഗാം എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി. ബിജെപി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് സംവാദം നടത്താനാണ് നരേന്ദ്രമോദിയെ മേവാനി വെല്ലുവിളിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മോദി കഴിഞ്ഞദിവസം നടത്തിയ പ്രസംഗം പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം ഹിമാലയത്തില്‍ പോയി താമസമാക്കുന്നതാണ് നല്ലതെന്നും മേവാനി പരിഹസിച്ചു. നാലു വര്‍ഷത്തെ ഭരണനേട്ടങ്ങളെകുറിച്ച് കേവലം നാലുമിനിട്ട് സംവാദം നടത്താന്‍ തയ്യാറുണ്ടോയെന്നും മേവാനി ചോദിച്ചു. മൈസൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയല്‍ മോദി സംസാരിക്കേണ്ട വിഷയങ്ങള്‍ മേവാനി അക്കമിട്ടുനിരത്തി. തൊഴിലില്ലായ്മ, കര്‍ഷക പ്രതിസന്ധി, ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിക്കേണ്ടിയിരുന്നത്.
ഡോ. ബിആര്‍ അംബേദ്കറുടെ പ്രാധാന്യത്തെക്കുറിച്ച് വാചാലനാകുന്ന മോദിയുടെ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. മോദി സത്യസന്ധമായി അംബേദ്കറെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ എസ്.സി, എസ്.ടി നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തുന്ന പട്ടികവര്‍ഗ, പട്ടിക ജാതിക്കാരില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ രംഗത്തുവരുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്നും മേവാനി ആവശ്യപ്പെട്ടു.
കുവൈത്തിൽ ഫിലിപ്പീൻസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു മലയാളികൾക്ക് ജീവപര്യന്തം തടവ്. കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിൻ, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈൽ എന്നിവരെയാണ് കുവൈത്ത് സുപ്രീം കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് പരോൾ അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു. 2014 ഫെബ്രുവരിയിൽ കുവൈത്തിലെ ഫർവാനിയയിലായിരുന്നു സംഭവം. യുവതിയെ കൊന്നതിനു ശേഷം തെളിവു നശിപ്പിക്കാൻ ഫ്ളാറ്റിന് തീയിടുകയായിരുന്നു. ഫൊറൻസിക് പരിശോധനയിൽ തീപിടിത്തം നടന്നതിന് മൂന്നുദിവസം മുൻപ് യുവതി മരണപ്പെട്ടതായി കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ സിവിൽ ഐഡിയും ബാങ്ക് കാർഡുമാണ് അന്വേഷണം മലയാളി യുവാക്കളിൽ എത്തിച്ചത്. പണമിടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾക്കെതിരെ തെളിവില്ലെന്ന കാണിച്ച് ക്രിമിനൽ കോടതിയും അപ്പീൽ കോടതിയും നേരത്തെ പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
ഗാസിപ്പൂര്‍: ദല്‍ഹിയിലെ ഗാസിപൂരില്‍ നിന്നും പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്.
തന്നെ ഭീഷണിപ്പെടുത്തിയാണ് അവര്‍ മദ്രസയിലെത്തിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. കുടുംബത്തേയും വീട്ടുകാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവര്‍ ഇത് ചെയ്തത്. “അയാള്‍ എന്നെ നിര്‍ബന്ധിച്ച് മദ്രസിയിലെത്തിക്കുകയായിരുന്നു. എന്റെ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ തട്ടിയെടുത്തു. മദ്രസാ നടത്തിപ്പുകാരനും എന്നെ ഭീഷണിപ്പെടുത്തി”- പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
അവിടെ വെച്ച് അവര്‍ എനിക്ക് ഒരു വെള്ളം തന്നു. അത് കുടിച്ചപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. പിറ്റേ ദിവസമാണെന്ന് തോന്നുന്നു പിന്നെ ഞാന്‍ ഉണര്‍ന്നത്. എന്റെ വസ്ത്രമൊക്കെ അപ്പോള്‍ നനഞ്ഞു കിടക്കുകയായിരുന്നു. ”- പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.
ഗാസിപൂരില്‍ പത്ത് വയസ്സുകാരിയെ മദ്രസയ്ക്ക് അകത്ത് വച്ച് ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാ നടത്തിപ്പുകാരനെയും സുഹൃത്തായ മദ്രസയിലെ തന്നെ വിദ്യാര്‍ത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രില്‍ 21 നാണ് ഗാസിപൂരിലെ വീട്ടില്‍ നിന്ന് മാര്‍ക്കറ്റില്‍ പോയ വിദ്യാര്‍ത്ഥിniയെ തട്ടികൊണ്ട് പോയി സമീപത്തെ മദ്രസയ്ക്കുള്ളില്‍ ബലാത്സംഗം ചെയ്തത്.
ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
മദ്രസാ നടത്തിപ്പുകാരനായ ഗുലാം ഷാഹിദ് എന്നയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയും പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് അയക്കുകയും ചെയ്തിരുന്നു.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നായ്ക്കള്‍ കടിച്ചുവലിച്ചുകൊണ്ടുപോയി ഭക്ഷിച്ചു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തു. നായ്ക്കള്‍ മൃതദേഹഭാഗങ്ങള്‍ കടിച്ചുതിന്നുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവസമയത്ത് മോര്‍ച്ചറിയില്‍ ജോലിയിലുണ്ടായിരുന്ന രണ്ട് ഫാര്‍മസിസ്റ്റുകളെ സസ്പെന്‍ഡ് ചെയ്തത്. ആരുടെ മൃതദേഹമാണ് നായ്ക്കള്‍ ഭക്ഷിച്ചതെന്നത് വ്യക്തമല്ല.
മോര്‍ച്ചറിയിലെ മൃതദേഹം നായ്ക്കള്‍ വലിച്ചുകൊണ്ടുപോയി കടിച്ചുവലിക്കുന്നത് കണ്ട ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ വൈറലാകുകയായിരുന്നു. പ്രാഥമിക അന്വേഷണം നടത്തി സംഭവസമയത്ത് മോര്‍ച്ചറി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തുവെന്ന് അലിഗഡ് സിറ്റി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എംഎല്‍ അഗര്‍വാള്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സമാനമായ സംഭവം ലക്നോയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും നടന്നിരുന്നു. വിഷം ഉള്ളില്‍ ചെന്ന് മരിച്ച സ്ത്രീയുടെ മൃതദേഹമാണ് നായ്ക്കള്‍ ഭക്ഷിച്ചത്. സ്ത്രീയുടെ ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിനായി വിട്ടുനല്‍കിയപ്പോള്‍ നായ്്ക്കള്‍ കടിച്ചെടുത്തതിനെ തുടര്‍ന്ന് തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ശനിയാഴ്ച മുതല്‍ പുതിയ സമയക്രമം ഉത്തരകൊറിയയില്‍ നിലവില്‍ വരും. ഔദ്യോഗിക ടെലിവിഷനായി കെആര്‍ടിയാണ് പ്രഖ്യാപനം നടത്തിയത്. രണ്ട് രാജ്യങ്ങളിലും വ്യത്യസ്ത സമയം പിന്തുടരുന്നത് ഉന്നിനെ വേദനിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ജപ്പാനും ഉത്തരകൊറിയയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഒരേ സമയമായിരുന്നു നിലവിലുണ്ടായിരുന്നത്. ജപ്പാന്‍ ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ എഴുപതാം വാര്‍ഷിക ദിനത്തിലാണ് ഇതില്‍ നിന്ന് ഉത്തരകൊറിയ മാറിയത്.
ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടായ ചര്‍ച്ചകള്‍ക്ക് ശേഷം രാജ്യത്തെ ആണവനിലയം പൂട്ടാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമയക്രമം മാറ്റിയുള്ള ഉത്തരവും. ഒരു മാസത്തിനുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോങ് ഉന്‍ കൂടിക്കാഴ്ച നടത്തിയേക്കും.
മകളെ രക്ഷിക്കാന്‍ യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്ന് തൃശൂരില്‍ കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ കാഴ്ചക്കാരായി. പൊളളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും സഹായിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍ പറഞ്ഞു.
വിറയാര്‍ന്ന വാക്കുകളില്‍ അച്ഛന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘പലിശ കയറിയാണ് കടം കുമിഞ്ഞത്. ഞങ്ങള്‍ ഒന്നും ഇല്ലാത്തവരാണ്. കൊടുക്കാനില്ലാത്ത പൈസയാണ് ഇതെന്നാണ് മോള് പറഞ്ഞത്. ഒരു ജനപ്രതിനിധിയാണ് അവളെ ഭീഷണിപ്പെടുത്തിയത് പലപ്പോഴും. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ട് തീകൊളുത്തി. എന്‍റെ മോള് നിന്നു കത്തുകയായിരുന്നു. ആരും ഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ച് വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം…’
തൃശൂര്‍ ചെങ്ങാലൂരിലാണ് ജനക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് ചുട്ടുക്കൊന്നത്. ഭര്‍ത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭര്‍ത്താവിനായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശിനി വിരാജും വെള്ളിക്കുളങ്ങര സ്വദേശിനി ജീതുവും ആറുവര്‍ഷമായി ദമ്പതികളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍മൂലം ഇരുവരും സംയുക്തമായി വിവാഹമോചനത്തിന് തയാറായി. ഇതിനിടെ, ഭര്‍ത്താവിന്റെ വീടിനടുത്തുള്ള കുടുംബശ്രീയില്‍ നിന്ന് ജീതു വായ്പയെടുത്തിരുന്നു. വായ്പ കുടിശിക തീര്‍ക്കാന്‍ നേരിട്ടു വരാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അച്ഛനോടൊപ്പം ജീതു ഓട്ടോറിക്ഷയില്‍ കുടുംബശ്രീക്കാരുടെ അടുത്തെത്തി.
കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ ഭര്‍ത്താവ് വിരാജ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കണ്ടുനിന്ന അച്ഛന്‍ തടയാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാന്‍ ആരും സഹായിച്ചില്ലെന്നാണ് ആക്ഷേപം. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി. ചികില്‍സയിലിരിക്കെ ഇന്നലെ അര്‍ധരാത്രി മരിച്ചു. സംഭവത്തെക്കുറിച്ച് ജീതു മജിസ്ട്രേറ്റിന് മുന്‍പാകെ മൊഴിനല്‍കിയിട്ടുണ്ട്.
സംഭവത്തിന് ദൃക്സാക്ഷിയായ അച്ഛന്‍ ജനാര്‍ദ്ദന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. കണ്ടുനിന്ന ജനക്കൂട്ടം യുവതിയേയും അച്ഛനേയും സഹായിച്ചില്ലെന്ന ആക്ഷേപം സമൂഹമനസാക്ഷിയെ ഞെട്ടിച്ചു. പ്രതി വിരാജിനെ പ്രാദേശിക സി.പി.എം നേതാക്കള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന് കെ.പി.എം.എസ് ആരോപിച്ചു. പ്രതിയെ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങാനാണ് കെ.പി.എം.എസിന്റെ തീരുമാനം.
ആലുവ∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ അറസ്റ്റ് ഉടനുണ്ടാകും. ക്രിസ്പിനെ കേസിൽ പ്രതി ചേർക്കാൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇദ്ദേഹത്തെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചു. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്.
ശ്രീജിത്തിനെ മർദിച്ചവരുടെ കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിവയ്ക്കാകും സിഐ പ്രതിയാകുക. ശ്രീജിത്തിനെ രാത്രിയാണു വീട്ടിലെത്തി കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടിൽ രേഖകളിൽ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്ക്കെതിരെയുള്ള പരാതികളിലൊന്ന്.
എസ്ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് ക്രിസ്പിൻ അറിഞ്ഞില്ല; അറിയാന്‍ ആ ഭാഗത്തേക്കു തിരിഞ്ഞുനോക്കിയതേയില്ല. മേല്‍നോട്ടത്തിലെ ഈ പിഴവാണു സിഐ ക്രിസ്പിന്‍ സാമിനു വിനയാകുന്നത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാന്‍ കൂട്ടുനിന്നതിനുള്ള കുറ്റവും സിഐയുടെ പേരില്‍ വന്നേക്കാം. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് ക്രിസ്പിൻ സാം.
തിരുവനന്തപുരം∙ സർക്കാർ പദ്ധതികൾക്കായി വാങ്ങിയ ലാപ്ടോപ് കംപ്യൂട്ടറുകളിൽ ക്രിപ്റ്റോ കറൻസി നിർമിക്കാനുള്ള മൈനിങ് പ്രോഗ്രാമുകൾ വ്യാപകമായി ഒളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും സൈബർഡോമും അന്വേഷണം ആരംഭിച്ചു.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു തൊഴിൽ വകുപ്പ് മുഖേന നടപ്പാക്കിവരുന്ന സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയുടെ (ആർഎസ്‍ബിവൈ) ഭാഗമായിട്ടാണു കൊൽക്കത്ത കേന്ദ്രമായ സ്വകാര്യ കമ്പനിയിൽ നിന്നു കംപ്യൂട്ടറുകൾ വാങ്ങിയത്. ബിറ്റ്കോയിനു സമാനമായ ക്രിപ്റ്റോ കറൻസിയായ മൊനേറോ എന്ന കറൻസി നിർമിക്കാനുള്ള പ്രോഗ്രാമാണു കംപ്യൂട്ടറുകളിൽ ഒളിപ്പിച്ചിരുന്നത്. ലോകമെങ്ങുമുള്ള പല കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചാണു ക്രിപ്റ്റോ കറൻസി ഖനനം (മൈൻ) ചെയ്തെടുക്കുന്നത്. കൂടുതൽ കംപ്യൂട്ടിങ് പവർ ഉപയോഗിക്കാൻ കഴിഞ്ഞാൽ കൂടുതൽ കറൻസി ഉണ്ടാക്കാൻ കഴിയും. സർക്കാർ കംപ്യൂട്ടറുകളുടെ ശേഷി ഉപയോഗിച്ചു മറ്റാരോ ക്രിപ്റ്റോ കറൻസി നിർമിക്കുന്നുവെന്നാണു സൂചന.
വൺക്ലിക് മൈൻ എന്ന ഇസ്രയേൽ കമ്പനിയുടെ പ്രോഗ്രാമാണ് ആരുമറിയാതെ ഗൂഗിൾ ക്രോം വെബ് ബ്രൗസറിൽ ഒളിപ്പിച്ചത് (എക്സ്റ്റൻഷൻ). ഉപയോക്താവു സാധാരണഗതിയിൽ ഇതു തിരിച്ചറിയില്ല. മൈനിങ്ങിലൂടെ ലഭിക്കുന്ന കറൻസി കോയിൻഹൈവ് എന്ന കമ്പനിയിലേക്കു നീങ്ങുകയും അവിടെ നിന്ന് ഈ പ്രോഗ്രാം ഒളിപ്പിച്ചുവച്ചയാൾക്കു ലഭിക്കുകയും ചെയ്യുന്നതാണു രീതി. ഒരു മൊനേറെയ്ക്ക് 11,000 രൂപയാണു വില. ഇതരസംസ്ഥാന തൊഴിലാളികൾക്കായുള്ള ആവാസ് പദ്ധതിക്കും കേരളത്തിൽ ആധാർ പദ്ധതിയുടെ ആദ്യസമയത്തും ഇതേ കമ്പനിയുടെ കംപ്യൂട്ടറുകളാണു വാങ്ങിയത്. ആയിരത്തിലധികം കംപ്യൂട്ടറുകൾ ഇത്തരത്തിൽ വാങ്ങിയിട്ടുണ്ടെന്നാണു സൂചന.
ആർഎസ്ബിവൈ പദ്ധതിയിലെ എൻറോൾമെന്റ് അസിസ്റ്റന്റ് ആയ തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 30 കംപ്യൂട്ടറുകളിൽ ഇതേ പ്രശ്നമുണ്ടെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇതു കമ്പനിയുടെ അറിവോടെയാണോ ജീവനക്കാരിൽ ആരെങ്കിലും ചേർത്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ മാസമാണു യുപിഎസ്‍സി വെബ്സൈറ്റിലും ക്രിപ്റ്റോ കറൻസി മൈനിങ് പ്രോഗ്രാമുകൾ കണ്ടെത്തിയത്. സാധാരണഗതിയിൽ വലിയ തുക ചെലവഴിച്ചു കൂടിയ പവറുള്ള കംപ്യൂട്ടറുകൾ വാങ്ങിയാണു മൈനിങ് നടത്തുന്നത്. എന്നാൽ മുതൽമുടക്കില്ലാതെ മറ്റുള്ളവരുടെ കംപ്യൂട്ടറിന്റെ ശേഷി അവരറിയാതെ മോഷ്ടിക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടത്.
രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. മോദി സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിശ്ചയിച്ച 95 ചരിത്രസ്മാരകങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ അഭിമാനമായ ബേക്കല്‍ കോട്ടയും മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
കൊച്ചിയിലെ ചരിത്രസ്മാരകം ഏറ്റെടുക്കാന്‍ ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ബേക്കല്‍ കോട്ട ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ചത് ദൃഷ്ടി ലൈഫ് സേവിങ് എന്ന സ്വകാര്യ സ്ഥാപനവുമാണ്.
രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ നാല് ഘട്ടമായി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. 95 സ്മാരകം ഏറ്റെടുക്കാന്‍ 31 സ്ഥാപനങ്ങള്‍ രംഗത്തുണ്ട്.
കേന്ദ്രം തയ്യാറാക്കിയ ആദ്യഘട്ട പട്ടികയില്‍ത്തന്നെ മട്ടാഞ്ചേരി കൊട്ടാരം മ്യൂസിയത്തെ ഉള്‍പ്പെടുത്തി. ബേക്കല്‍ കോട്ട രണ്ടാം ഘട്ടമാണ് ഏറ്റെടുക്കുക. പൈതൃകകേന്ദ്രങ്ങള്‍ ഏറ്റെടുക്കല്‍ പദ്ധതിക്ക് 2017ലെ ലോക വിനോദസഞ്ചാര ദിനത്തിലാണ് തുടക്കമായത്.
ടൂറിസംമന്ത്രാലയം മുന്‍കൈയെടുത്തുള്ള പദ്ധതി സാംസ്‌കാരികമന്ത്രാലയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ഓരോ പൈതൃകകേന്ദ്രവും തല്‍ക്കാലം അഞ്ചുവര്‍ഷത്തേക്കാണ് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നത്.
അഞ്ചുവര്‍ഷം കഴിഞ്ഞ് വേണമെങ്കില്‍ നീട്ടി നല്‍കാവുന്ന തരത്തിലാണ് എഗ്രിമെന്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനായി കേന്ദ്രം തയ്യാറാക്കിയ പട്ടികയില്‍ രാജ്യത്തെ പ്രമുഖമായ പൗരാണിക ക്ഷേത്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും പള്ളികലുമെല്ലാം ഉള്‍പ്പെടുന്നുണ്ട്.
എന്നാല്‍ പൈതൃകകേന്ദ്രങ്ങള്‍ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ അപാകതയില്ലെന്നാണ് ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ന്യായീകരണം.
സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനും മെച്ചപ്പെട്ട മേല്‍നോട്ടം ഉറപ്പാക്കാനുമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെ പാട്ടത്തിന് കൊടുക്കലായി കാണേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് എന്തെങ്കിലും പണം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ലെന്നും മന്ത്രി ന്യായീകരിച്ചു. എന്നാല്‍, കമ്പനികള്‍ സഞ്ചാരികളില്‍നിന്ന് നിരക്കുകള്‍ ഈടാക്കുമോയെന്ന ചോദ്യത്തിന് മന്ത്രിക്കും വ്യക്തതയില്ല