കാരൂര്‍ സോമന്‍
സുഗന്ധപൂരിതമായ ആര്‍ഷഭാരത സംസ്‌കാരത്തിനും പുരാണേതിഹാസങ്ങള്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തിനും ദുര്‍ഗന്ധം പരത്തുന്ന തെരഞ്ഞെടുപ്പ് പൂങ്കുലകള്‍ വിരിയുകയാണ്. മതവര്‍ഗീയത അതിന്റ പരമകോടിയില്‍ നില്‍ക്കുന്ന വടക്കേ ഇന്ത്യയില്‍ നിന്നും കഴുക ചിറകുകളില്‍ മഴവില്ലോളി ചിതറികൊണ്ട് തെക്കേ ഇന്ത്യയിലേക്കും എത്തിയിരിക്കുന്നു. അതും ദൈവത്തിന്റ സ്വന്തം നാട്ടില്‍. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം കാണുമ്പൊള്‍ കേരളമടക്കം മതവര്‍ഗീയത മാദക-ലഹരിയിലെത്തി ഒരു നിഴല്‍ വിളക്കുപോലെ തിളങ്ങുന്നു. നമ്മുടെ സ്വാമി അയ്യപ്പനെപ്പോലും വിറ്റ് കാശാക്കുന്നു. ഇന്ത്യയില്‍ വര്‍ഗീയത വളര്‍ത്തുന്നവര്‍ക് വേദികളില്‍ ലഭിക്കുന്നത് നാല് പേര്‍ക്ക് നില്‍ക്കാവുന്ന പദത്തോളമെത്തുന്ന പാരിജാതപ്പൂക്കള്‍ നിറഞ്ഞ പൂമാലകളാണ്. ഇത് കാണുമ്പൊള്‍ തോന്നും ഇവരുടെ അരയിലും സ്വര്‍ണ്ണമാല അരഞ്ഞാണമായി ധരിച്ചിട്ടുണ്ടോ സത്യത്തില്‍ ഈ പൂമാലക് യോഗ്യര്‍ ഇന്ത്യയുടെ പട്ടിണി ദാരിദ്ര്യം മാറ്റാന്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകരും മറ്റ് തൊഴിലാളികളുമല്ലേ
വോട്ടു കൊടുക്കുന്നവര്‍ ഒരു പുനഃപരിശോധന നടത്തുന്നത് നല്ലതാണ്. ഇവര്‍ക്കായി നാടെങ്ങും പൂങ്കുലനിറഞ്ഞ പൂമാലകളാണ്. ദുര്‍ഗന്ധമുള്ള, നിഗുഢതകള്‍ നിറഞ്ഞ പൂമാലകളില്‍ പുളകമണിയുന്നവര്‍ സ്വന്തം ചെയ്തികളെപോലും വിവേചിച്ചറിയാനുള്ള വിവേകമുള്ളവരല്ല. അലംകൃതമായ വേദിയില്‍, വാഹനങ്ങളില്‍ നിലാവുപോലെ പുഞ്ചിരിച്ചുകൊണ്ട് പ്രസംഗിക്കുന്നു. മുഖ0 സുന്ദരമെങ്കിലും ചമയമില്ലാതെ ശോഭിക്കില്ല എന്നതുപോലെ കള്ളപ്പണം വാങ്ങിയെത്തിയ മാധ്യമ പട പേരും പ്രശസ്തിയും സൗന്ദര്യവും വാനോളമെത്തിക്കാന്‍ ശ്രമം നടത്തുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന പുതിയ കണ്ടുപിടിത്തമാണ് സര്‍വേഫലം. ആര് കാശ് കുട്ടിയ്ക്കൊടുക്കുമോ അവരെ അവര്‍ ജനിപ്പിക്കും.ജയിപ്പിക്കും. നമ്മുടെ മുന്നില്‍ മന്ദഹാസം പൊഴിക്കുന്നു, കൈയിലിരിക്കുന്ന കുഞ്ഞിനെയെടുത്തു മാറോടമര്‍ത്തുന്നു, കൈകൂപ്പുന്ന നേതാക്കന്മാര്‍. ഓരോ തെരെഞ്ഞടുപ്പുകളിലും മതത്തിന്റ പേരില്‍ നമ്മെ കബളിപ്പിച്ചു് വോട്ടു വാങ്ങി നമ്മളെ തോല്‍പ്പിച്ചും അവര്‍ ജയിച്ചുകൊണ്ടിരിക്കുന്നു. കുട്ടത്തില്‍ വരദാനംപോലെ വാരിക്കോരി നല്‍കുന്ന ഒരു പ്രകടനപത്രിക.
പണ്ടെങ്ങോ ബുദ്ധിജീവികള്‍ എഴുതിവെച്ച കഥാപാത്രങ്ങള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി കഴുത്തില്‍ മുത്തുമാലയണിയിച്ചു് സ്തുതികളാലും ഗീതങ്ങളാലും ഇന്നത്തെ സിനിമകളെപ്പോലെ മനുഷ്യരുടെ ഹൃദയം അപഹരിച്ചു സുഗന്ധം ചാര്‍ത്തി കൊതിപൂണ്ടു നില്‍ക്കുന്നൊരു ജനകൂട്ടം. മുന്‍ കാലങ്ങളില്‍ ഇതിന്റ ഗുണഭോക്താക്കള്‍ സന്ന്യാസ സമൂഹമായിരുന്നെങ്കില്‍ ഇന്നതിന്റ ഫലം കൊയ്യുന്നത് ജനസേവനം എന്തെന്നറിയാത്ത യൂ.പി.മുഖ്യമന്ത്രി യോഗിയെപ്പോലുള്ള യോഗീശ്വരന്മാരാണ്. ജനിക്കുന്ന കുട്ടികളെ കണ്ടാല്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം മാതാപിതാക്കള്‍ക്ക് തിരിച്ചറിയാന്‍ പറ്റുമോ എന്നറിയില്ല. ഈ പേര് കേള്‍ക്കുമ്പോള്‍ ആര്ക്കും തോന്നുന്ന ഒരു വികാരമാണത്. പേരിനോട് ഒരിക്കലും യോചിക്കാത്ത ഒരു സ്വഭാവം. ആ പേരിനു ചേരുന്ന ഒരു കാഷായവസ്ത്രം ധരിച്ചതോടെ ജനങ്ങളുടെ പുണ്യയാളനായി അറിയപ്പെട്ടു. ദൈവങ്ങളുടെ താക്കോല്‍ കൊണ്ടുനടക്കുന്ന ജാതി മതങ്ങളുടെ ദര്‍ശനം ലഭിച്ച യോഗി വര്യന്‍. അസംബന്ധവും അര്ത്ഥശൂന്യവുമായ ഇവരുടെ വാക്കുകളില്‍ തലകുനിക്കുന്ന കുറെ വിഡ്ഢികള്‍. മീററ്റിലെ യോഗിയുടെ പ്രസംഗത്തില്‍ പറഞ്ഞത് ‘അലി ഇസ്ലാമിലെ നാലാം ഖലീഫയും ഹനുമാനുമായുള്ള പോരാട്ടമാണ്’. കുട്ടികളുടെ കാര്യം പറയുമ്പോള്‍ പരിഹാസപാത്രമായ ഈ മുഖ്യമന്ത്രി അവിടുത്തെ ആശുപത്രിയില്‍ ധാരാളം കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവീണപ്പോള്‍ രാജിവെച്ചു പുറത്തുപോകേണ്ടതായിരുന്നു. മൂഢന്മാരയ അധര്‍മ്മികള്‍ കുഞ്ഞുങ്ങളുടെ ജീവനേക്കാള്‍ കണ്ടത് അധികാരമാണ്. യോഗി ആദിത്യനാഥിനെപോലെ ബി.എസ്.പി അധ്യക്ഷ മായാവതിക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്റ 48 മണിക്കൂര്‍ വിലക്ക് കിട്ടി.
കാഷായ വസ്ത്രം ധരിച്ച ദേവി ദേവന്റെ മൂടുപടമണിഞ്ഞ ചെപ്പടി വിദ്യക്കാരനുമായ യൂ.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സുപ്രിം കോടതി ഇടപെട്ടതുകൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ 72 മണിക്കൂര്‍ റാലികളില്‍ പ്രസംഗിക്കരുതെന്ന് വിലക്കിയിട്ടുണ്ട്. അതുവരെ കമ്മീഷന്‍ മൗനവ്രതത്തിലായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റ കടക്കല്‍ കത്തിവെക്കുന്ന ഭരണകൂടങ്ങള്‍ക്ക് സുപ്രിം കോടതി ഒരാശ്വാസമാണ്. അതും കൈപ്പടിയിലൊതുക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയില്‍ നടക്കുന്നത് ജനാധിപത്യമല്ല മറിച്ചു് ഏകാധിപതികളുടെ കൊള്ളകളും ഭരണവുമാണ്. അകത്തളങ്ങളില്‍ നടക്കുന്നത് ഫാസിസ്റ്റു ഭരണവും പുറമെ ജനങ്ങളെ പറ്റിക്കാന്‍ ജനാധിപത്യമെന്ന പേരും. ഇവര്‍ കണ്ടുപഠിക്കേണ്ടത് വികസിത രാജ്യത്തെ തെരഞ്ഞെടുപ്പുകളാണ്. ഇന്ത്യയില്‍ കാണുന്ന വിധമുള്ള അഴിമതി നിറഞ്ഞ ഒരു തെരഞ്ഞെടുപ്പ് ലോകത്തു തുലോം ചുരുക്കമാണ്. പണം ചിലവാക്കാത്ത ഒരു തെരെഞ്ഞെടുപ്പ് എന്തുകൊണ്ട് ഇന്ത്യയില്‍ നടക്കുന്നില്ല ഇവര്‍ക്ക് ലഭിക്കുന്ന കോടാനുകോടി കൊള്ളപണം എവിടുന്നാണ് അധികാരകേന്ദ്രങ്ങള്‍ കൊള്ളക്കാരുടെ താവളമോ
അധികാരത്തിലെത്തിയാല്‍ സല്‍സ്വഭാവി ദുസൗഭാവിയാകുന്നു. മലിനമോഹങ്ങള്‍ വളരുന്നു. കാണപ്പെടാത്ത വസ്തുക്കളിലും നാടുകളിലും തലമുറകള്‍ക്കായി ഇവര്‍ സമ്പത് വാരിക്കൂട്ടുന്നു. ചിലര്‍ മക്കളെ പാലും തേനുമൊഴുകുന്ന അതെ വഴിയിലൂടെ നടത്തുന്നു. ദൈവത്തിന്റ നിഗുഢലോകംപോലെയാണ് അധികാരത്തിലിരിക്കുന്നവരുടെ നിഗുഢതകള്‍. മരണംവരെ മറ്റാര്‍ക്കും മല്‍സരിക്കാന്‍ വഴിമാറികൊടുക്കാത്തതും അതുകൊണ്ടാണ്. പെന്‍ഷന്‍ പ്രായം എന്തുകൊണ്ട് ഇവര്‍ക്കില്ല. അതും ഫാസിസ്റ്റു നയമല്ലേ തൊഴിലാളികളുടെ മക്കള്‍ രാഷ്ട്രീയ ഉദ്യോഗസ്ഥരായാല്‍ അവര്‍ പെട്ടെന്ന് മുതലാളിമാരായി വളര്‍ന്നുകൊള്ളുന്ന വിയര്‍പ്പ് പുരളാത്ത ഉദ്യോഗം. ഈ കൂട്ടര്‍ ജനാധിപത്യത്തിന്റ സല്‍ഗുണങ്ങള്‍ കാറ്റില്‍ പരത്തുന്നവരാണ്. തെരെഞ്ഞടുപ്പില്‍ നാടിളക്കി നടക്കുന്ന പ്രചാരവേലകളൂം പണം, മദ്യമൊഴുക്കല്‍ ആര്ക്കുവേണ്ടിയാണ് പണമിറക്കി വോട്ടുനേടുന്നത് ജനത്തിനുവേണ്ടിയല്ലയെന്ന് തിരിച്ചറിയാനുള്ള സുബോധം എന്താണ് വോട്ടുചെയ്യുന്നവര്‍ക്ക് ഇല്ലാത്തത് യോഗിയെപോലുള്ള കാഷായ വസ്ത്രം ധരിച്ചവര്‍ക് മലകൊരുക്കാന്‍ ചന്ദനകുറിയണിഞ്ഞ സ്ത്രീകള്‍, അത് കഴുത്തില്‍ ചാര്‍ത്താന്‍ ഭര്‍ത്താക്കന്മാര്‍, പദവികള്‍ കിട്ടാനായി വാലാട്ടി നില്‍ക്കുന്നവര്‍. ഇതുപോലുള്ള കള്ളസന്യാസിമാരും സന്ന്യാസിനികളും നേതാക്കന്മാരും ഇന്ത്യയിലെങ്ങുമുണ്ട്. ദൈവത്തിന്റ. അധികാരത്തിന്റ മറവില്‍ നടക്കുന്ന കൊള്ളകളെപ്പറ്റി ആരും ബോധവാന്മാരല്ല. പട്ടിണി മാറ്റാന്‍, ഒരു തൊഴില്‍ കിട്ടാന്‍ ഭ്രാന്ത് പിടിച്ചു് നടക്കുമ്പോള്‍ ഇതൊക്കെ തിരക്കാന്‍ പാവങ്ങള്‍ക്ക് എവിടെയാണ് സമയം.
ഇന്ത്യന്‍ ജനാധിപത്യ -മതേതര വിശ്വാസികള്‍ ഈ അധികാര ദുര്‍മോഹികളെ ഇങ്ങനെ തീറ്റി പോറ്റി കൊഴുപ്പിക്കരുത്. മതമെന്ന കുപ്പായത്തെ ജയിക്കാന്‍വേണ്ടി അണിയുന്നവരാണ്. ജയിച്ചുകഴിയുമ്പോള്‍ അതവര്‍ ഊരിയെറിയും. ഇന്ത്യയില്‍ ഇന്ന് നടക്കുന്നത് ദരിദ്രരും സമ്പന്നരും തമ്മിലുള്ള പോരാട്ടമാണ്. അതിനെ നേരിടാതെ ജാതി മതത്തിന്റ പോരാട്ടമാണ് നടക്കുന്നത്. ഈ പോരാട്ടത്തില്‍ വിശക്കുന്നവനൊപ്പമാണ് ഈശ്വരവിശ്വാസികള്‍, മതങ്ങള്‍, പാര്‍ട്ടികള്‍ നിലകൊള്ളേണ്ടത്. ഓരൊ തെരെഞ്ഞടുപ്പും തെളിയിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റ തോല്‍വിയാണ്. മതത്തിന്റ മറവില്‍ പാവങ്ങളെ ഇപ്പോഴു0 മൃഗീയമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റ തെളിവാണ് ഇന്ത്യയുടെ ദാരിദ്യം പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി ധാരാളം നീറുന്ന വിഷയങ്ങള്‍. ഇതിനെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ഇന്നുവരെ ഭരിച്ചിട്ടുള്ള ആര്ക്കും സാധിച്ചിട്ടില്ല. നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ എത്രയെത്ര രക്ത0 ചൊരിഞ്ഞും കഷ്ടങ്ങളും സഹിച്ചാണ് ഇന്ത്യയ്ക്കു സ്വാതന്ത്യം നേടി തന്നത്. അത് മതത്തിന്റ തൊഴുത്തില്‍ പാവങ്ങളെ ആടുമാടുകളെപോലെ കെട്ടിയിട്ട് വളര്‍ത്താനല്ല. ഈ അധികാര യജമാനന്മാരെ പുറത്താക്കാന്‍, ഇന്ത്യന്‍ ജനാധിപത്യം പൊളിച്ചെഴുതാന്‍ ഇന്ത്യയിലെ യുവതി-യുവാക്കളാണ് മുന്നിട്ടിറങ്ങേണ്ടത്.
ജോസിലിന്‍ തോമസ്
ചില മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല. അത്തരമൊരു മുറിവ് നമ്മുടെ ഹൃദയത്തില്‍ ഉണ്ടാക്കിയതാണ് തൊടുപുഴയിലെ ഏഴുവയസ്സുമാത്രം പ്രായമുള്ള പൊന്നുമോന്‍ യാത്രയായത്. പണ്ട് കാലത്ത് പുറംലോകത്ത് നടന്നിരുന്ന കുട്ടികള്‍ക്ക് എതിരെയുള്ള ക്രൂരതകള്‍ ഇന്ന് പടികള്‍ കയറി നമ്മുടെ വീടിനുള്ളില്‍ എത്തിയിരിക്കുന്നു എന്നുള്ള സത്യം വളരെയധികം ഭയം ഉണ്ടാക്കുന്നു.
കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളാണ് എന്നെ ഏറ്റവും അധികം തകര്‍ത്തുകളയുന്നത്. കാരണം തങ്ങള്‍ അനുഭവിക്കുന്നത് പീഡനമാണെന്നും അതില്‍ നിന്ന് എങ്ങനെ രക്ഷപെടണമെന്നും പലപ്പോഴും അറിയില്ലാത്തവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ പുറത്ത് അറിയുന്നത് വളരെ വൈകിയായിരിക്കും. ഇനിയും ഇതിനെതിരെ കാര്യക്ഷമമായി പ്രതികരിച്ചില്ലെങ്കില്‍ പൊലിയുന്നത് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനായിരിക്കും. അതിനാല്‍ വളരെ നിര്‍ബന്ധമായി നടപ്പിലാക്കേണ്ട ചില പദ്ധതികള്‍ മുന്നോട്ട് വെ്ക്കുന്നു.
ഓരോ കുട്ടികള്‍ക്കും സ്വന്തം കാര്യങ്ങള്‍ സംസാരിക്കാന്‍ സ്‌ക്കുളുകളില്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും ഒരു പീരിയഡ് മാറ്റിവെക്കണം. എന്ത് പ്രശ്‌നം എപ്പോള്‍ ഉണ്ടായാലും വീട്ടുകാര്‍ നല്ലവര്‍ ആണെങ്കില്‍ അവരോടോ അല്ലെങ്കില്‍ അധ്യാപകരോടോ പറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് കൊടുക്കണം.
വിവാഹിതരായ മക്കളെ സന്ദര്‍ശിച്ച് സുഖവിവരങ്ങള്‍ തിരക്കാന്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രമിക്കണം. ഒരു പക്ഷേ ഇത്തരം സന്ദര്‍ശനങ്ങള്‍ സ്വന്തം മക്കളുടെയോ, കൊച്ചുമക്കളുടെയോ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചേക്കാം.
ഓരോ കുട്ടിയും സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് ഞാനും നിങ്ങളും ഉള്‍പ്പെട്ട സമൂഹത്തിന്റെ കടമയാണ് എന്ന തിരിച്ചറിവോടെ കുട്ടികളെ സുരക്ഷിതരാക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ നമ്മള്‍ക്ക് കഴിയണം. ഇനി ഒരു കുഞ്ഞിന്റെ നിലവിളി നമ്മുടെ ഉറക്കം കെടുത്താനായി കടന്നു വരാതിരിക്കട്ടെ.
വിവാഹം ഉറപ്പിച്ച യുവതികള്‍ കുട്ടികളെ ശരിയായി വളര്‍ത്തേണ്ട രീതിയെപ്പറ്റിയുള്ള ക്ലാസുകള്‍ കൂടുകയും, ക്ലാസില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിവാഹം അനുവദിക്കുകയുള്ളു എന്നുള്ള നിയമം ഉണ്ടാകണം.
അയല്‍വീടുകളില്‍ സന്ദര്‍ശനം നടത്താനും, കുട്ടികളുടെ അസാധാരണമായ നിലവിളികള്‍, അവരുടെ ശരിരത്തില്‍ കാണുന്ന പാടുകള്‍ എന്നിവ അവഗണിക്കാതിരിക്കാനും കാരണങ്ങള്‍ ചോദിച്ചറിയാനും നമ്മള്‍ തയ്യാറാകണം. കൂടാതെ ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണം.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്ന സംവിധാനം ഉണ്ടാകണം. ഇങ്ങനെയുള്ള സന്ദര്‍ശനങ്ങളിലൂടെ മാനസികാരോഗ്യം ഇല്ലാത്തവര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍, പ്രശ്‌നങ്ങളില്‍ അകപ്പെട്ട കുട്ടികള്‍ തുടങ്ങിയവരെ കണ്ടെത്താനും വേണ്ട നടപടികള്‍ സ്വീകരിക്കാനും സാധിക്കും.
കുട്ടികള്‍ക്ക് സ്‌കുള്‍ തലത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ നടത്തണം. മറ്റുള്ളവര്‍ തെറ്റായ രീതിയില്‍ സമീപിച്ചാല്‍ രക്ഷപെടാന്‍ അതവരെ സഹായിക്കും.
ന്യൂസ് ഡെസ്ക്
ആധുനിക മാദ്ധ്യമ വാർത്തകളിൽ പിന്തുടരുന്ന തെറ്റായ പ്രവണതയ്ക്ക് എതിരെ വിമർശനവുമായി യുകെ മലയാളി. മതത്തിന്റെയോ രാഷ്ട്രീയ വിശ്വാസങ്ങളുടെയോ അടിസ്ഥാനത്തിൽ മനുഷ്യനെ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുന്ന മാദ്ധ്യമ സംസ്കാരത്തിനെതിരെയാണ് സ്റ്റീഫൻ കല്ലടയിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസിലൂടെ റേറ്റിംഗും ഹിറ്റും വർദ്ധിപ്പിക്കുന്നതിനായി വ്യക്തിത്വത്തെ വില്പന ചരക്കാക്കുന്ന രീതി മാറണമെന്നാണ് അദ്ദേഹം കുറിച്ചത്.
സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകൾക്കെതിരെ സ്റ്റീഫൻ കല്ലടയിൽ ഇതിനു മുൻപും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അശുദ്ധ ആർത്തവം എന്ന പേരിൽ സ്റ്റീഫൻ രചിച്ച കവിത സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയായിരുന്നു ആ കവിത. യുകെയിലെ ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. ലണ്ടൻ ജംഗ്ഷൻ എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സ്റ്റീഫൻ കല്ലടയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ഒരു വ്യക്തിയെ വിവരിച്ചു കാട്ടുവാനുള്ള മാർഗരേഖയായി ഏവരും ഇന്ന് കാണുന്നത് അവന്റെ മതവും ജാതിയും അല്ലെങ്കിൽ ആ വ്യക്തിയുടെ രാഷ്ട്രീയ നിലപാടുകളും ആണ്.
ഇരയോ കുറ്റവാളിയോ വിജയിയോ പരാജിതനോ ആരുമായിക്കോട്ടെ, അവൻ അല്ലെങ്കിൽ അവൾ അറിയപ്പെടുന്നത് മതത്തിന്റെയോ അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ പേരിലായിരിക്കും.
ഉദാഹരണത്തിന്, കണ്ണൂരിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റു മരിച്ചു, കോട്ടയത്ത് ബിജെപിക്കാരൻ കൊല്ലപ്പെട്ടു, രണ്ടു കോൺഗ്രസ്സുകാർ പിടിയിൽ, അല്ലെങ്കിൽ ആദിവാസി പെൺകുട്ടിക്ക് പദ്മശ്രീ ലഭിച്ചു.
ഇക്കൂട്ടർക്കൊന്നും സ്വന്തമായി ഒരു പേരോ, വ്യക്തിത്വമോ ഇല്ലാത്തവരായിരിക്കില്ല എങ്കിലും ഇവർ അറിയപ്പെടുന്നതു മേല്പറഞ്ഞ വിശേഷണങ്ങളാൽ ആയിരിക്കും.
ഇങ്ങനെയുള്ള വാർത്താ ശീർഷകങ്ങൾ കൊടുത്തു സാധാരണ ജനങ്ങളുടെ ലോലമനസ്സുകളിലേക്കു വെറുപ്പിൻ്റെയോ പ്രതികാരത്തിൻ്റെയോ അപകർഷതാ ബോധത്തിൻ്റെയോ വിഷം കുത്തിവെക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മുഖ്യധാരാ മാധ്യമ പ്രവർത്തകർ തന്നെയാണ്. ഇത് പിന്നീട് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് അവയുടെ കമൻറ് ബോക്സുകൾ തെറിയുടെ പൂര പറമ്പുകൾ ആക്കിമാറ്റും, മരിച്ചുപോയ അപ്പനെയും അമ്മയെയും വരെ ഇവർ വിളിച്ചുണർത്തും,
സാക്ഷരതയുടെയും മത സൗഹാർദ്ദത്തിന്റെയും സംസ്കാരങ്ങളുടേയുമൊക്കെ പേരിൽ ഊറ്റം കൊള്ളുന്ന മലയാളിയുടെ മനസ്സിലേക്ക് ബ്രേക്കിംഗ് ന്യൂസുകളിലൂടെ കലിപ്പിൻ്റെ വിത്തുപാകിയാലേ ഇത്തരക്കാർക്ക് നേട്ടമുണ്ടാകുകയുള്ളു, അവരുടെ ഹിറ്റും സർക്കുലേഷനും ഒക്കെ വർദ്ധിക്കൂ.
ഒരു മനുഷ്യനെ ആദ്യം ഒരു വ്യക്തിയായല്ലേ കാണേണ്ടത്, അതിനുശേഷമല്ലേ അവൻ്റെ വിശേഷണങ്ങളിലേക്കു ഇറങ്ങിച്ചെല്ലേണ്ടതായിട്ടുള്ളൂ. ഇവിടെ സിപിഎംകാരൻ പീഡിപ്പിച്ചു, കോൺഗ്രസുകാരൻ കൊന്നു, ബിജെപിക്കാരൻ അങ്ങനെ ചെയ്തു എന്ന് പറയുകയോ എഴുതുകയോ ചെയ്യുന്നതിന് മുൻപ് ആദ്യം ആവ്യക്തിയെ അല്ലേ വെളിപ്പെടുത്തേണ്ടത്? അതിനുശേഷമല്ലേ അവൻ്റെ മറ്റു ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടത്?
ഇത്തരുണത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ വരെ, നമ്മളുടെ മനസ്സലിലേക്കു നമ്മൾ അറിയാതെ കടന്നുവരുന്ന വൈറസുകളെ നമ്മൾ തന്നെ നിയന്ത്രിക്കേണ്ടതായിരിക്കുന്നു”.
സ്റ്റീഫൻ കല്ലടയിൽ
കാരൂര്‍ സോമന്‍
മലയാളത്തില്‍ ഒരു പഴമൊഴിയുണ്ട്. കണ്ടു വരേണ്ടത് പറഞ്ഞു -കേട്ടാല്‍ മതിയോ? ഇന്ന് ചോദിക്കുന്നത് കുടത്തില്‍ വെച്ച വിളക്കുപോലെ ടി.വിയില്‍ കണ്ടുകൊണ്ടിരുന്നാല്‍ മതിയോ? നമ്മുടെ ഗംഗ നദിപോലെ ഇംഗ്ലണ്ടിന്റെ ഐശ്വര്യദേവതയായ തേംസ് നദിയുടെ തീരത്ത് ശോഭയാര്‍ജിച്ച് നില്‍ക്കുന്ന ഷേക്സിപിയര്‍ ഗ്ലോബ് തിയേറ്റര്‍ ഒരു വിസ്മയമാണ്. ലണ്ടന്‍ നഗരത്തില്‍ തേംസ് നദി അലതല്ലിയൊഴുകുന്നതുപോലെ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ വിസ്മയ ഗോപുരം കാണാന്‍ ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളും സന്ദര്‍ശകരും ആയിരകണക്കിനാണ് നിത്യവും വന്നു പോകുന്നത്. ഒരു പൗര്‍ണ്ണമിരാവില്‍ ‘ക്ലിയോപാട്ര’ എന്ന നാടകം കാണാന്‍ വന്നപ്പോള്‍ ആകാശം നിറയെ ചന്ദ്രന് ചുറ്റും വിളക്കുകളേന്തി നില്‍ക്കുന്ന നക്ഷത്രങ്ങളായിരുന്നെങ്കില്‍ ഇന്നത്തെ പകല്‍ സൂര്യന് ചുറ്റും വെള്ളയും നീലയുമുള്ള വസ്ത്രധാരികളായ മേഘങ്ങളാണ്. ലണ്ടന്‍ ബ്രിഡ്ജ് ഭൂഗര്‍ഭറയില്‍വേ സ്റ്റേഷനിലിറങ്ങി ഒരു മലകയറുന്നപോലെ കണ്‍വെയര്‍ ബല്‍റ്റിലൂടെ മുകളിലെത്തി. മുകളിലെത്തിയപ്പോള്‍ കേരളത്തിലെ നൂറുതൊടിയില്‍ കൂടുതല്‍ താഴ്ചയുള്ള ഒരു കിണറ്റില്‍നിന്ന് മുകളിലെത്തിയ പ്രതീതി. പുറത്തിറങ്ങി ബോറോമാര്‍ക്കറ്റിലൂടെ നടന്നു. 2017 ജൂണ്‍ 3ന് ഇവിടെ വെച്ചായിരുന്നു ഒരു മതതീവ്രവാദി തന്റെ വാനിലെത്തി ഏഴുപേരെ കൊലപ്പെടുത്തി ധാരാളം പോരെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചത്. പോലീസ് ആ മതഭ്രാന്തനെ വെടിവെച്ച് കൊന്നെങ്കിലും ബോറോ മാര്‍ക്കറ്റ് ഒരു നൊമ്പരമായി മനസ്സില്‍ കിടന്നു. ഷേക്സ്പിയര്‍ തിയേറ്ററിന് അടുത്ത് കണ്ട കാഴ്ച 1588ല്‍ പോപ്പിന്റെ ആശീര്‍വാദത്തോടെ സ്പെയിനിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവും പോര്‍ത്തുഗീസും ചേര്‍ന്ന് ഒന്നാം എലിസബത്ത് രാജ്ഞിയുടെ ഇംഗ്ലണ്ട് കീഴടക്കാന്‍ വേണ്ടി സ്പെയിനിന്റെ വലിയ യുദ്ധക്കപ്പലായ അര്‍മാതക്കൊപ്പം 130 കപ്പലുകളും മുപ്പതിനായിരം നാവികപ്പടയുമായിട്ടാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. ഇവര്‍ ഫ്ളൈമൗത് കടലില്‍വെച്ച് ഇംഗ്ലീഷ് നാവികപ്പടയുമായി ഏറ്റുമുട്ടി. സ്പെയിന്‍ പരാജയപ്പെട്ട് മടങ്ങിയ യുദ്ധത്തില്‍ പങ്കെടുത്ത ഗോള്‍ഡന്‍ ഹിന്റ എന്ന പടകപ്പല്‍ തേംസിന്റെ തീരത്ത് സഞ്ചാരികള്‍ക്കായി നങ്കൂരമിട്ട് കിടക്കുന്നു.
ഗ്ലോബ് തിയേറ്ററിന് മുന്നില്‍ കുട്ടികളടക്കം ജനങ്ങളെകൊണ്ടു നിറഞ്ഞിരുന്നു. തേംസ് നദിയിലൂടെ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള സുന്ദരിമാരായ ബോട്ടുകള്‍ ഒഴുകുന്നു. അതിന് മുകളിലൂടെ പാറിക്കളിച്ചുകൊണ്ട് പറക്കുന്ന പ്രാവുകള്‍. പുറത്തെ ഭിത്തികളിലെല്ലാം വില്യമിന്റെ നാടകങ്ങളെപ്പറ്റിയുള്ള പരസ്യങ്ങളാണ്. തിയേറ്ററിന്റെ മൂലയ്ക്ക് സ്വാന്‍ റസ്റ്റോറന്റും ബാറുമുണ്ട്. സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അകത്തു കയറി. മുന്നില്‍ വില്യമിന്റെ കറുത്ത മാര്‍ബിള്‍ പ്രതിമ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എ.ഡി. 1599 ല്‍ തീര്‍ത്ത ഗ്ലോബ് തിയേറ്റര്‍ 1613ല്‍ തീ പിടിച്ച് നശിച്ചു. 1614ല്‍ വീണ്ടും തുറന്നു. പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ 1644ല്‍ പൊളിച്ചു പണിതു. ഇരിപ്പിടം 1400ല്‍നിന്ന് 3000മായി. അകത്തേക്കു കയറുന്നതിന്റെ ഇടത്ത് ഭാഗത്തായിട്ടാണ് നാടകവുമായി ബന്ധപ്പെട്ടുള്ള വിത്യസ്ത കാഴ്ചകളുള്ള തിയേറ്റര്‍ മ്യൂസിയം, വില്യമിന്റെ നാടകങ്ങളില്‍ അഭിനയിച്ച രാജ്ഞിമാരടക്കമുള്ളവരുടെ അലങ്കാരവസ്ത്രങ്ങളടക്കം പലതും ഇവിടെ കാണാം. അവിടെനിന്നും അതിന്റെ നടുത്തളത്തില്‍ വരുമ്പോഴാണ് ഓരോ ഗ്രൂപ്പിനൊപ്പം ഗൈഡുകളുമുണ്ട്. അവര്‍ വെറും ഗൈഡുകളല്ല അദ്ധ്യാപകരാണ്. ടിക്കറ്റുകള്‍ കൂടുതലും ഒരു മണിക്കൂറിനുള്ളതാണ്. മൂന്നുനിലകള്‍ മൂന്ന് ഗാലറികളായിട്ടാണ്. ഓരോ ഗാലറികളും നാല് ചെറു ഗാലറികളായി തിരിച്ചിരിക്കുന്നു. ഓരോ ഗാലറിയുടെ പിറകിലാണ് നടപ്പാതകള്‍. അവിടെനിന്ന് ഗാലറിയിലേക്ക് കയറാന്‍ അഞ്ച് പടികളുണ്ട്. ഓരോ ഗാലറിയും മുകളിലേയ്ക്കുയര്‍ത്തിയിരിക്കുന്നത് ഇരുമ്പുകമ്പികളുള്ള സിമന്റ് തൂണുകള്‍ കൊണ്ടല്ല. പതിനാറ് തടിതൂണുകള്‍കൊണ്ടാണ്. ഓരോ ചെറിയ ഗാലറിയിലും 8-10 പേര്‍ക്ക് ഇരിക്കാവുന്ന ആറു നിര തടിബഞ്ചുകള്‍. ഇവര്‍ക്കെല്ലാം കയറാനും ഇറങ്ങാനുമുള്ള വാതിലുകളുണ്ട്. ഏറ്റവും താഴെയുള്ള ഗാലറിയുടെ നടുമുറ്റമാണ്. തറിയിലിരുന്നും നിന്നും കാണാനുള്ള സൗകര്യമുണ്ട്. ഏറ്റവും താഴയുള്ള ഗാലറിയുടെ നടുമുറ്റത്ത് ഇരുന്നും നാടകം കാണാം. നമ്മുടെ നാട്ടിലെ തിയേറ്ററില്‍ കാണുന്ന തറഎന്ന ഇരിപ്പിടമാണ്. എന്റെ ചെറുപ്പത്തില്‍ അറിവില്ലാതിരുന്ന കാലത്തു കുറഞ്ഞ തറടിക്കറ്റെടുത്തു സിനിമ കണ്ടിട്ടുണ്ട്. സിനിമ കാണാത്തതിനാല്‍ ഇന്ന് ആ തറ ടിക്കറ്റുണ്ടോ എന്നറിയില്ല. ഗ്ലോബ് തിയേറ്ററില്‍ ആ തറ ടിക്കറ്റുണ്ട്. പണമില്ലാത്തവര്‍ക്ക് ഒരു പെണ്‍സ് കൊടുത്ത് നാടകം കാണാം. ഒരു പെന്‍സിനു ഒന്നും വാങ്ങാന്‍ പറ്റില്ല. ഗാലറിയുടെ ഓരോ ഭാഗത്തും വീല്‍ചെയറിലിരുന്നു നാടകം കാണാനുള്ള സൗകര്യമുണ്ട് എല്ലായിടത്തും കണ്ടത് കുട്ടികളും സഞ്ചാരികളും അദ്ധ്യാപകരടക്കമുള്ള പഠന ക്ലാസുകളാണ്. നാടക ശില്പശാലകള്‍. സ്റ്റേജിന്റെ ഇരു ഭാഗങ്ങളിലായിട്ടാണ് കസേരയുള്ള ഗാലറികളുള്ളത്. അത് ഉന്നതര്‍ക്കുള്ള ഇരിപ്പിടങ്ങളാണ്. ആ ഗാലറികളില്‍ മനോഹരങ്ങളായ ചിത്രരചനകളുണ്ട്. സ്റ്റേജ് ഒരു രാജസദസ്സുപോലെ തങ്കനിറത്താല്‍ അലംകൃതമാണ്. അത് ഓരോ രംഗത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.
അകത്തിരുന്നു കാണുമ്പോള്‍ ഞാന്‍ ഇറ്റലിയില്‍ കണ്ട ആമ്പിതിയേറ്റര്‍ പോലെ തോന്നി. അതിന് മേല്‍ക്കൂരയില്ല. ഈ തിയേറ്ററിന് മേല്‍ക്കൂരയില്ല. റോമിലെ കൊളേസിയം ആമ്പി തിയേറ്ററില്‍ 50000 പേര്‍ക്ക് ഇരിക്കാമെങ്കില്‍ ഇവിടെ 3000 പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ സാധിക്കൂ. അവിടെ വന്യമൃഗങ്ങളായ സിംഹം, കരടി കടുവയുമായി ഏറ്റുമുട്ടിയത് യൂറോപ്പിലെ ധൈര്യശാലികളായ മല്ലന്മാരും കൊടുംകുറ്റവാളികളുമായിരുന്നു. ചെറിയ കുറ്റം ചെയ്തവര്‍ നേരിട്ടത് കാട്ടുനായ്, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളുമായിട്ടാണ്. മൃഗത്തെ കൊലപ്പെടുത്തി പുറത്തുവരുന്നവര്‍ കുറ്റവിമുക്തരാകും. റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക് ഈ രക്തക്കളി ഒരു വിനോദമായിരുന്നു. അന്നത്തെ കാട്ടുമൃഗ നാടകത്തില്‍ 100 ദിവസത്തില്‍ 5000 മൃഗങ്ങളും 2000 മനുഷ്യരും കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് തന്നെ ഗ്രീസില്‍ മനുഷ്യ ജീവിതത്തിന്റെ കഥ പറയുന്ന സംഘട്ടനങ്ങള്‍ നിറഞ്ഞ മനുഷ്യ നാടകങ്ങള്‍ അരങ്ങേറി. അത് യൂറോപ്പിലെങ്ങും പടര്‍ന്നു പന്തലിച്ചു. വില്യം ഷേക്സ്പിയര്‍ ബ്രിട്ടന്റെ മണ്ണില്‍ ജനിച്ചതിനാല്‍ ആ നാടകഗോപുരത്തിന്റെ ഈറ്റില്ലം ഇവിടെയായി. പതിനെട്ടാമത്തെ വയസ്സില്‍ വിവാഹിതനായ വില്യം ഭാര്യയ്ക്കൊപ്പം താമസിക്കാതെ ജന്മനാടായ സ്റ്റാറ്റ് ഫോര്‍ട്ടില്‍നിന്ന് ലണ്ടനിലെ ലോര്‍ഡ് ചേമ്പര്‍ലാന്‍സ് നാടകട്രൂപ്പില്‍ ഒരു നടനായി ചേര്‍ന്നു. ഒന്നാം എലിസബത്ത് രാജ്ഞിയും നാടകം കണ്ടിട്ടുണ്ട്. നമ്മുടെ ഫ്രാന്‍സിസ് ടി. മാവേലിക്കര കെ.പി.എ.സിക്കായി നാടകങ്ങള്‍ എഴുതിയതുപോലെ ഗ്ലോബ്തിയേറ്ററിനുവേണ്ടി നാടകങ്ങള്‍ എഴുതി. വില്യമിന്റെ 28 നാടകങ്ങളില്‍ കൂടുതലും ഗ്ലോബ് തിയേറ്ററിലാണ് അവതരിപ്പിച്ചത്. ആ സമയത്ത് ധാരാളം കവിതകളും എഴുതിയിരുന്നു. അതിനാലാണ് ഗ്ലോബ് തിയേറ്റര്‍ 1997-ല്‍ ഷേക്സ്പിയര്‍ തിയേറ്ററായി മാറിയത്.
ആദ്യകാലത്ത് വില്യമടക്കം ആറ് ഓഹരിക്കാരായിരുന്നു തിയേറ്ററിലുണ്ടായിരുന്നത്. ഇന്ന് ഇതിന്റെ ചുമതല ദി ഷേക്സിപിയര്‍ ഗ്ലോബ് ട്രസ്റ്റിനാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വിജ്ഞാനദാഹികളായ കലാപ്രേമികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഗാലറികള്‍ക്ക് താഴെയുള്ള ഭാഗത്താണ് ഇന്‍ഫര്‍മേഷന്‍ സെന്ററും ബുക്കുകളും സോവനീറും മറ്റും ലഭിക്കുക. അതില്‍ ഒരു മൂന്നു കിലോയില്‍ കൂടുതല്‍ ഭാരമുള്ള വില്യമിന്റെ സമ്പൂര്‍ണ്ണരചനകളുടെ ഒരു പുസ്തകം ഷേക്സ്പിയര്‍ ദി കംപ്ലീറ്റ് കണ്ടു. ഇത് എഴുതിയിരിക്കുന്നത് മിഖായേല്‍ കോണ്‍വേയും പീറ്റര്‍ ഡെസ്ലേയുമാണ്. ഇതിന്റെ പ്രസാദകര്‍ ബാര്‍നസ് ആന്‍ഡ് നോബിള്‍ ഇങ്ക് കമ്പനിയുമാണ്. ആ കൂട്ടത്തില്‍ നാടകത്തിന്റെ പേരുള്ള മാക്ബത്ത് വീഞ്ഞുകുപ്പിയും കണ്ടു. അതിന്റെ ഒരു ഭാഗത്തുള്ള സ്റ്റേജില്‍ ഏതോ നാടകത്തിന്റെ റിഹേഴ്സല്‍ നടക്കുന്നുണ്ട്. അകത്തും പുറത്തുമുള്ള എല്ലാറ്റിലും ഗ്ലാസ് ചില്ലുകളില്‍പോലും വില്യമിന്റെ നാടകങ്ങളുടെ പേരുകളാണ്. വില്യമിനെപ്പറ്റി ധാരാളം അപവാദങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. അതിലെ കക്ഷികള്‍ വില്യമിനോട് അസൂയയുള്ള മനുഷ്യരാണ്. വില്യം ഗ്ലോബ് തിയേറ്ററിലെ താഴ്ന്ന ജോലിക്കാരന്‍, ലൈറ്റ് മാന്‍, കുതിരയെ നോക്കുന്നവന്‍ ഈ നാടകങ്ങള്‍ സ്വന്തമായി എഴുതിയതല്ല. ആരുടെയോ മോഷ്ടിച്ചതാണ്. ഇങ്ങനെയുള്ള പ്രചാര വേലകളാണ് ഒരു സര്‍ഗ്ഗപ്രതിഭയ്ക്ക് നേരെ ഉയര്‍ന്നത്. ഏത് രംഗത്തും പേരും പ്രശസ്തിയുമുണ്ടാകുമ്പോള്‍ പലരും അസഹിഷ്ണുതയുള്ളവരും അസൂയക്കാരുമുണ്ടാവുക സ്വാഭാവികമാണ്.വിവേകമുള്ള മനുഷ്യരാരും അതുപോലെ ചിന്തിക്കില്ല. നല്ല വായനക്കാരന്‍ പുസ്തകം വാങ്ങി വായിക്കുന്നതും നാടകം കാണുന്നതും അത് മോഷ്ടിച്ചതാണോ അല്ലയോ എന്നു നോക്കിയിട്ടല്ല. എന്തായാലും ഫെയ്സ്ബുക്കുപോലുള്ള മാധ്യമങ്ങള്‍ അന്നില്ലാതിരുന്നത് ഷേക്സ്പിയറിന്റെ ഭാഗ്യം. 1970 കളില്‍ അമേരിക്കയില്‍ നിന്നെത്തിയ സംവിധായകനും നടനുമായിരുന്നു. ശമുവേല്‍ വാനമേല്‍ക്കറാണ് ഷേക്സ്പിയര്‍ ഗ്ലോബിന് താങ്ങും തണലുമായത്. ലണ്ടനില്‍ 230-ലധികം തിയേറ്ററുകളുണ്ട്. ഇവിടെയെല്ലാം ആയിരക്കണക്കിനാളുകളാണ് നാടകങ്ങള്‍ കണ്ടിറങ്ങുന്നത്. ഈ സമയം നമ്മുടെ കേരളത്തിലെ നാടകതിയേറ്ററുകളുടെ ദുരവസ്ഥ ഓര്‍ത്തുപോയി. ഗ്ലോബ് തിയേറ്ററിലെ കുട്ടികളുടെ പഠന താല്പര്യം കണ്ടപ്പോള്‍ നാടകത്തെ മാത്രമല്ല പുസ്തകത്തെയും അവര്‍ പൊന്നുപോലെ സൂക്ഷിക്കുന്നവരെന്ന് മനസ്സിലാക്കി. നാടകത്തെ അവര്‍ വളര്‍ത്തുന്നു. വളച്ചൊടിക്കുന്നില്ല.
ബിനോയി ജോസഫ്
പാലായുടെ സ്വന്തം മാണിസാർ വിട പറഞ്ഞു.. പാലാക്കാരുടെ ജീവനായ കെ എം മാണി പൊടുന്നനെ നിത്യതയിലേയ്ക്ക് പറന്നകന്നു. കേരളം കണ്ട അതിപ്രഗത്ഭനായ രാഷ്ട്രീയാചാര്യൻ… വാക് ധോരണി കൊണ്ടും നവീനമായ ആശയങ്ങൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും സംസ്ഥാന ചരിത്രത്തിൽ നിറഞ്ഞു നിന്ന മഹാനായ നേതാവ്… ലക്ഷ്യത്തിലേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുൻപോട്ട് കുതിച്ച സാധാരണ ജനങ്ങളുടെ പടനായകൻ.. തലയുയർത്തി മന്ദസ്മിതവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന വിശിഷ്ട വ്യക്തിത്വം.
പാലായോട് എന്നും വിധേയത്വം പുലർത്തിയ ഭരണാധികാരിയായിരുന്നു മാണി സാർ. പാലാക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന വികാരമാണ് മാണിസാർ. തലമുറകളായി പകർന്നു നല്കപ്പെട്ട ഒരു പേരാണത്. പാലാ ലോകപ്രശസ്തമെങ്കിൽ അതിന്റെ ക്രെഡിറ്റ് കരിങ്ങോഴയ്ക്കൽ കുഞ്ഞു മാണി എന്ന മാണി സാറിന് തന്നെ.. സംഘാടന മികവിലൂടെയും അസാമാന്യമായ വ്യക്തിത്വത്തിലൂടെയും തന്നിലേയ്ക്കും താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിലേയ്ക്കും ആയിരങ്ങളെയാണ് മാണിസാർ ആകർഷിച്ചത്.
കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കരസ്പർശം പതിഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്. വൈദ്യുതി വിപ്ളവം മുതൽ കാരുണ്യ പദ്ധതി വരെ കേരള ജനതയ്ക്കായി അദ്ദേഹം ഒരുക്കി.
രാഷ്ട്രീയ തന്ത്രങ്ങളും നയതന്ത്രജ്ഞതയും ഉയർന്ന കാഴ്ചപ്പാടുകളുമായി അരനൂറ്റാണ്ടിലേറെ കേരള രാഷ്ടീയത്തിലെ അതികായനായി മാണിസാർ വിരാജിച്ചു. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും പ്രഥമസ്ഥാനം അലങ്കരിക്കുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസിനെ അദ്ദേഹം വളർത്തി. ആയിരക്കണക്കിന് യുവാക്കളെയാണ് ആ പ്രസ്ഥാനം കേരളത്തിന്റെ രാഷ്ട്രീയക്കളരിലേയ്ക്ക് കൈപിടിച്ചു നയിച്ചത്. കെ.എം മാണി എന്നാൽ വെറുമൊരു രാഷ്ടീയ നേതാവായിരുന്നില്ല, മറിച്ച് ഈ തലമുറ ദർശിച്ച ഒരു അനിതരസാധാരണമായ പ്രസ്ഥാനവും പ്രതിഭാസവുമായിരുന്നു.
ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീമാചാര്യൻ. കേരളത്തിന്റെ ഖജനാവിനെ ഏറ്റവും കാലം നിയന്ത്രിച്ച ധനകാര്യ മന്ത്രി… ആഭ്യന്തരവും റവന്യൂവും നിയമവും വൈദ്യുതിയും ജലസേചനവും തുടങ്ങിയ മിക്ക വകുപ്പുകളും അനായാസം കൈകാര്യം ചെയ്ത മാനേജ്മെന്റ് വിദഗ്ദനായിരുന്നു കെ.എം മാണി. മികച്ച പാർലമെന്റേറിയനായും നിയമ വിദഗ്ദ്ധനായും അദ്ദേഹം പേരെടുത്തു. ഇടത് വലത് പക്ഷങ്ങളോടൊപ്പം അധികാരം പങ്കിട്ട് നാടിനെ സേവിച്ച, അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം.
പാലായെ സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചു മാണിസാർ. അവരുടെ ദുഃഖങ്ങളിലും സന്തോഷത്തിലും ഒരു മുതിർന്ന കാരണവരായി ഓടിയെത്തിയിരുന്ന മാണി സാർ. അതെ പാലായെന്ന വലിയ കുടുംബത്തിന്റെ വഴികാട്ടിയായ കുടുംബനാഥനായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലുള്ളവരെ അടുത്തറിഞ്ഞ് പേരുവിളിച്ച് സംവദിച്ചിരുന്ന നേതാവായിരുന്നു മാണിസാർ. അദ്ദേഹത്തിന്റെ അനുഗ്രഹ സ്പർശമേറ്റുവാങ്ങാത്ത ജനങ്ങൾ പാലാമണ്ഡലത്തിൽ ഉണ്ടാവാനിടയില്ല.
ഏവർക്കും മാതൃകയായ ഒരു പൊതു പ്രവർത്തകനായിരുന്നു കെ.എം മാണി. എല്ലാ മതസ്ഥരെയും സ്നേഹത്തോടെ ആശ്ളേഷിച്ച വ്യക്തിത്വം. എല്ലാ മത രാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കേരള രാഷ്ട്രീയ തട്ടകത്തിൽ അനിഷേധ്യ സാന്നിധ്യമായിരുന്നു. താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനം പലതവണ പിളർന്നപ്പോഴും അണികളെ ഒപ്പം നിർത്തി രാഷ്ട്രീയ മുഖ്യധാരയിൽ നിർണായക ശക്തിയാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സ്വന്തം ജനതയെ എന്നും സ്നേഹിച്ച് സംരക്ഷിച്ച മാണിസാർ വിടപറയുമ്പോൾ ഹൃദയത്തിൽ വിങ്ങിപ്പൊട്ടുകയാണ് പാലാ എന്ന കർഷകനാട്. മാണിസാർ ഇല്ലാത്ത പാലാ ആ ജനതയ്ക്ക് ആലോചിക്കാനേ പറ്റുന്നതല്ല. അതെ, പാലാക്കാർക്ക് എം എൽഎയും മന്ത്രിയും പ്രധാനമന്ത്രിയും മാണിസാർ തന്നെയായിരുന്നു.. പ്രഗത്ഭനായ ജനനായകൻ വിട പറയുമ്പോൾ… നിശബ്ദമായി ജനസഹസ്രങ്ങൾ ഹൃദയവേദനയോടെ കണ്ണീർ പൊഴിക്കുന്നു. പാലാ കേഴുകയാണ്. അതെ, പാലാക്കാരുടെ എല്ലാമെല്ലാമായ മാണിസാർ… ഇനി ഓർമ്മകളിൽ മാത്രം.
ന്യൂസ് ഡെസ്ക്
മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്.
വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു സൈരാങ്ക്. അറിയാതെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. സങ്കടം സഹിക്കാതെ സൈരാങ്ക് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.
പത്ത് രൂപയേ സൈരാങ്കിന്റെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമുയർത്തി ആശുപത്രി അധികൃതരോട് സൈരാങ്ക് സഹായിക്കണം എന്നാവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിൽ നിരവധി പേർ പങ്കുവെക്കുന്നുണ്ട്.
60,000,ത്തിലധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. മുതിർന്നവരിൽ പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ എന്ന് സൈരങ്കിന്റെ കഥ കേട്ടവര്‍ പറയുന്നു.
കാരൂര്‍ സോമന്‍
ചുട്ടുപൊള്ളുന്ന വെയിലില്‍ ചൂടപ്പം പോലെ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉത്പന്നങ്ങളാണ് നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത വെളുത്ത മേഘങ്ങളിലൂടെ പാഞ്ഞുപോയ അമൂല്യ നിധിയായ ഉപഗ്രഹമിസൈല്‍ പരീക്ഷണം. മറ്റൊന്ന് ബാലക്കോട്ടേ ആക്രമണം. ഇത് ഭീകര താവളമോ, മലയോ, മരുഭൂമിയോ, മരിച്ചവരുടെ എണ്ണമോ ഒന്നും പുറത്തുവന്നിട്ടില്ല. അധികാര മരത്തണലിലിരുന്ന് മരത്തിലെ കായ്കനി പറിച്ചെടുത്തു വിശപ്പടക്കിയതുപോലെയായി കാര്യങ്ങള്‍. രാജ്യം ചുട്ടുപൊള്ളുന്ന പ്രശ്‌നങ്ങളില്‍ നില്‍ക്കുമ്പോഴാണ് ഒരല്പം ആശ്വാസത്തിനായി മരത്തണലില്‍ വന്നത്. മരത്തിന്റ ചുവട്ടിലിരുന്ന് മരമുകളില്‍ കയറുമെന്ന് ആരും കരുതിയില്ല. കോലാടുമ്പോള്‍ കുരങ്ങാടും എന്നൊരു ചൊല്ലുണ്ട്. ഇത് കണ്ടിട്ടാണോ പ്രതിപക്ഷ പാര്‍ട്ടി പറഞ്ഞത് നാടക ദിനത്തിലെ ഏറ്റവും വലിയ കോമാളി വേഷം. സിനിമയില്‍ കോമാളി വേഷങ്ങള്‍ കെട്ടിയാടുന്നവര്‍ എന്തിന് പാര്‍ലമെന്റില്‍ പോകുന്നുവെന്ന് ഒരു നേതാവ് ചോദിച്ചപ്പോള്‍ തണുത്ത മരവിച്ചിരുന്ന ചിലരുടെ രക്തഞ്ഞരമ്പുകള്‍ മുറുകിയതും നമ്മള്‍ കണ്ടു.
മനുഷ്യര്‍ക്ക് പ്രായം കൂടുന്തോറും അനുഭവപാഠങ്ങള്‍ ധാരാളമെന്നാണ് നമ്മള്‍ ധരിച്ചിരിക്കുന്നത്. മരണക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവര്‍ അധികാരത്തിലെത്തിയാല്‍ അവരുടെ മനസ്സ് വയസ്സാകുന്തോറും കുട്ടികളുടെതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനെ നമുക്ക് മീശ നരച്ചാലും ആശ നശിക്കില്ല എന്ന പ്രയോഗംകൊണ്ട് നേരിടാം. എന്നാലും നമ്മുടെ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു് ആകാശമേഘങ്ങളിലയച്ച ഉപഗ്രഹ മിസൈല്‍ മടങ്ങി വരുമോ, പൊട്ടിത്തകരുമോ എന്ന നിരാശ അവരിലെ നിശ്വാസവായുവിലും കാണാമായിരുന്നു. ആ വിജയ നിമിഷങ്ങള്‍ സന്തോഷകരമായിരുന്നു. അപ്പോഴിതാ നമ്മുടെ പ്രധാനമന്ത്രി ആ മേഘപാളികളില്‍ നിന്നും ഒരു കഷണം വലിച്ചെടുത്തിട്ട് യൂ.പിയിലെ ഒരു തെരഞ്ഞെടുപ്പ് ഗോദയിലേക് വലിച്ചു നീട്ടി ആര്‍ത്തട്ടഹസിച്ചു പറഞ്ഞു. ‘രാജ്യ രക്ഷ തന്റെ കൈകളില്‍ സുരക്ഷിതമാണ്. കാവല്‍ക്കാരനാണ്. നിങ്ങള്‍ വോട്ടു തരണം’. അഞ്ചു് വര്‍ഷങ്ങള്‍ ഭരിച്ചിട്ടും പത്തു ലക്ഷത്തിന്റ കോട്ടണിഞ്ഞിട്ടും, ലോകം മുഴുവന്‍ ചുറ്റിയിട്ടും ആശ മാറിയില്ല. മറ്റൊരാള്‍ക്ക് കസേര കൊടുക്കാനും തയ്യാറല്ല. ആ വാക്കുകള്‍ വിടര്‍ന്ന നേത്രങ്ങളോടെ ജനങ്ങള്‍ കേട്ടു. ജനങ്ങള്‍ ഉത്കണ്ഠകുലരും ദുരിതത്തിലുമെന്ന് ഈ പ്രധാനമന്ത്രിയറിഞ്ഞില്ല. അദ്ദേഹം തന്നെ സമ്മതിക്കുന്നു ജനം അരഷിതരാണ്. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഭരിച്ചിട്ടും ജനത്തെ രക്ഷപെടുത്താന്‍ സാധിച്ചില്ല. രക്ഷപെട്ടത് വന്‍കിട കച്ചവട മുതാളിമാരും, മാധ്യമ മുതലാളിമാരും അവര്‍ക്ക് കൂലിപ്പണി ചെയ്ത അധികാരികളുമാണ്.
സാധാരണ ജനം ചോദിക്കുന്നത്. ശാസ്ത്രജ്ഞര്‍ സുരക്ഷിതമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമിസൈല്‍ പുറം ലോകത്തോട് പറയുമ്പോള്‍ എന്താണ് ഒരു ശാസ്ത്രജ്ഞനെപ്പോലും ആ വേദിയില്‍ കാണാതിരുന്നത്? അത് അവരോടുള്ള അവഗണനയല്ലേ? അവര്‍ കണ്ടത്തിയ ഉപഗ്രഹമിസൈലിനു വോട്ടു ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്. ഈ വ്യക്തിയാണോ രാജ്യരക്ഷയെപ്പറ്റി പറയുന്നത്? ഒരു കര്‍ഷകന്‍ വിത്തും വളവുമിറക്കി രാപകല്‍ കഷ്ടപ്പെട്ടു വളര്‍ത്തിയെടുത്ത കാര്ഷികവിളവ് ഒരു കൊടുംകാറ്റില്‍ തകരുന്നതുപോലെയായിരുന്നു ഈ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ.. വോട്ടിനുവേണ്ടിയുള്ള ഓരോരോ അജണ്ടകള്‍. ഇതുപോലെ ചുട്ടു പഴുപ്പിക്കുന്ന രാഷ്ട്രീയ അജണ്ടകള്‍ കാലാകാലങ്ങളിലായി ഈ കൂട്ടര്‍ ജനമധ്യത്തില്‍ കത്തിക്കാറുണ്ട്. യൂ.പിയെ പോലെ മത ഭ്രാന്തുള്ള, മതത്തിന്റ പേരില്‍ മനുഷ്യനെ കൊല്ലുന്ന സ്ഥലങ്ങളില്‍ ഇതൊക്കെ കുറെ വിജയിക്കും. വിവേകമുള്ള ഒരു ജനം ഒരിക്കലും ഈ അജണ്ടകളില്‍ വിഴുന്നവരല്ല. മതങ്ങളുടെ സനാതനമൂല്യങ്ങളെ തല്ലിത്തകര്‍ത്താണ് മതമേധവിയും രാഷ്ട്രീയ മേധാവിയും അരമനകളില്‍ കൈകോര്‍ക്കുന്നത്. നല്ലൊരു ഭരണകര്‍ത്താവിനെ ജനം കാണേണ്ടത് സംശയത്തോടെ അവിശ്വാസത്തോടെ ആയിരിക്കരുത്.
രാജ്യ രക്ഷ സുരക്ഷിതമായ കൈകളില്‍ ആയിരിന്നിട്ടാണോ നാല്പത് രാജ്യ രക്ഷ ഭടന്മാര്‍ ഭീകരവാദികളാല്‍ കൊല്ലപ്പെട്ടത്? പട്ടാളക്കാരുടെ എത്രയോ താവളങ്ങളില്‍ ഇവര്‍ കടന്നു കയറുന്നു? ആരാണ് ഇവരെ അയച്ചത്? ഇതില്‍ അധികാരത്തിലുള്ളവരുടെ പങ്ക് എന്താണ്? വീരമൃത്വ വരിച്ച തീരാദുഃഖത്തില്‍ കഴിയുന്ന ആ കുടുംബങ്ങള്‍ക്ക് എന്ത് ലഭിച്ചു? ഇതുപോലെ കാശ്മീരില്‍ ദൈനംദിനം സുരക്ഷ ഭടന്മാര്‍ കൊല്ലപ്പെടുകയല്ലേ? എന്നിട്ട് വീമ്പിളക്കുന്നു തന്റെ കൈകളില്‍ രാജ്യ0 സുരക്ഷിതമെന്ന്. ഇതിന് മുന്‍പും ഇതുപോലുള്ള നാടകങ്ങള്‍ രാജ്യ0 കണ്ടിട്ടുണ്ട്. അത് ‘ബുദ്ധന്‍ ചിരിക്കുന്നു ‘ എന്ന പേരില്‍ നടന്ന പൊക്രാന്‍ ആണവ പരീക്ഷണമാണ്. അന്നും സമരങ്ങളാലും മറ്റും രാജ്യ0 പ്രതിസന്ധി നേരിട്ട സമയമായിരുന്നു. മുന്‍പുള്ള പരീക്ഷണങ്ങള്‍, വിജയങ്ങള്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി ആരും രാഷ്ട്രീയ അജണ്ടയായി ചുട്ടുപഴുപ്പിച്ചില്ല. ഈ പരിഷണങ്ങളെ രാഷ്ട്രീയ അജണ്ടയാക്കുന്നത് പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ വേണ്ടി മാത്രമാണ്. രാഷ്ട്രീയത്തിലെ കുതന്ത്രങ്ങള്‍. കര്‍ത്തവ്യബോധമുള്ള ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതാണോ ഈ വാക്കുകള്‍? അത് അദ്ദേഹത്തെ ദുര്‍ബലനാക്കുക്കുകയല്ലേ ചെയുന്നത്? ഒരു ശാസ്ത പരീക്ഷണത്തില്‍ വിജയിച്ചതിന് അല്ലെങ്കില്‍ മറ്റൊന്നിന് വോട്ടു ചോദിക്കുന്നത് എത്ര ദയനീയമാണ്. ചുരുക്കത്തില്‍ പട്ടാളക്കാരന്റെ രക്തവും, ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനവും മുദ്രാവാക്യങ്ങളാക്കി വോട്ടുപെട്ടി യന്ത്രം നിറക്കുന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ്. എന്തുകൊണ്ട് ജീവന്‍ പൊലിയുന്ന ജവാന്മാരുടെ പേരില്‍ വോട്ട് ചോദിക്കുന്നില്ല?
രാജ്യസുരക്ഷ ഒരിക്കലും സമൂഹത്തില്‍ അരക്ഷിതത്വ0 വളര്‍ത്തുന്നവര്‍ക്ക് നടപ്പാക്കാന്‍ സത്യമല്ല. പാവങ്ങളുടെ ഉയര്‍ച്ചക്ക് വേണ്ടി, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, ആത്മഹത്യകള്‍, കൈക്കൂലി ഇങ്ങനെ സമൂഹത്തില്‍ ചുട്ടു പൊള്ളുന്ന ധാരാളം വിഷയങ്ങളുണ്ട്. ഇതിനെയൊന്നും തുടച്ചുമാറ്റാനോ, അഭിസംബോധന ചെയ്യാനൊ കരുത്തില്ലാത്തവര്‍ ഏത് പാര്‍ട്ടിക്കാരനായാലും ചുമലിലിരുന്ന് പാവങ്ങളുടെ ചെവി തിന്നുന്നവരാണ്. ഇന്ത്യയെ ലോകത്തെ നാലാമത്തെ മിസൈല്‍വേധ ശക്തിയാക്കി മാറ്റിയത് ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ്. അവര്‍ക്കാവശ്യം ഭരണത്തിലുള്ളവരുടെ കരുതലും, പിന്തുണയുമാണ്. അവര്‍ക്ക് ചിലവാക്കുന്ന പണം ഇന്ത്യന്‍ ജനതയുടേതാണ് അല്ലാതെ ഒരു ഭരണാധികാരിയുടേതല്ല. അതിനപ്പുറം ശാസ്ത്രജ്ഞന്മാരിലെ ശാസ്ത്രജ്ഞനാകരുത്. വരികള്‍ക്കിടയില്‍ വായിക്കുമ്പോള്‍ എല്ലാം രംഗത്തും കാണുന്ന അധികാരാധിപത്യം ശാസ്ത്ര രംഗത്തും കണ്ടുവരുന്നു.
ഇന്ത്യന്‍ ദേശീയതക്കും ജനാധിപത്യത്തിനും മുറിവുണ്ടായിട്ട് കാലങ്ങള്‍ ഏറെയായി. ആ മുറിവ് ആഴത്തിലാകാതിരിക്കണമെങ്കില്‍ നിലവിലുള്ള വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം. ഒരു മാറ്റവും ആഗ്രഹിക്കാത്ത നമ്മുടെ പരമ്പരാഗതമായ വിശ്വാസം പോലെ നമ്മുടെ ജനാധിപത്യമൂല്യങ്ങള്‍ കാറ്റില്‍ പരത്തുന്നതും അതിലെ സമ്പന്നരായ മുഖംമൂടികളാണ്. ഇവര്‍ പാവങ്ങളുടെ രക്ഷകരായി വേഷംകെട്ടുമെങ്കിലും, ഏതു ജാതി മതത്തില്‍ ജനിച്ചാലും ഇവരുടെ മനസ്സ് സവര്‍ണ്ണ വര്‍ഗ്ഗിയ-ഫാസിസത്തിനൊപ്പമാണ്. ആകാശച്ചെരുവില്‍ നിന്നും വലിച്ചെടുത്തു നാട്ടുകാര്‍ക്ക് കൊടുത്ത ആ ഒരു തുണ്ടു മിസൈല്‍ പാവങ്ങളുടെ വിശപ്പ് അടക്കില്ല. അന്തഃപുരത്തിലെ സുഖഭോഗങ്ങളില്‍ കഴിയുന്നവര്‍ക്ക് ഇനിയും വോട്ട് വേണോ?
കാരൂര്‍ സോമന്‍
മതഭ്രാന്ത്, വര്‍ഗീയ ഭ്രാന്ത്, മസ്തിഷ്‌ക ഭ്രാന്ത് ഇങ്ങനെ ഭ്രാന്ത് പലവിധത്തിലുണ്ട്. ഓരോ തെരഞ്ഞെടുപ്പുകളും പ്രതിക്ഷകളും സ്വപ്നങ്ങളും നല്‍കി നമ്മുടെ ഹൃദയവും അപഹരിച്ചുകൊണ്ടുപോകുന്നു. ഡല്‍ഹിയില്‍ 91 വയസ്സുള്ള എല്‍.കെ അദ്വാനിയും, കേരളത്തില്‍ ഏറെ പ്രായമുള്ള തോമസ് മാഷും സീറ്റ് കിട്ടാത്തതില്‍ ഉത്കണ്ഠാകുലരാണ്. അധികാരം പോയാല്‍ പോലീസ് സല്യൂട്ട് ചെയ്യില്ല. സീറ്റ് കിട്ടാത്ത അധികാരത്തിലിരുന്ന് മന്ദഹാസം പൊഴിച്ച ആനന്ദ സാഗരത്തില്‍ മുങ്ങി കുളിച്ച പലരുടെയും മുഖം രക്തം പുരണ്ടതുപോലെയായി. ഇതിലൂടെ മനസ്സിലാകുന്നത് അധികാരം ഈ കൂട്ടരുടെ ഇഷ്ടാനിഷ്ടകള്‍ക്കൊത്ത് വേട്ടയാടുന്നു എന്നുള്ളതാണ്. ഓരോ പാര്‍ട്ടിയിലെ കാലുവാരികള്‍ അറിയേണ്ടത് അവരുടെ ഉപ്പും ചോറും തിന്ന് കൊഴുത്തു തടിച്ചവരൊക്കെ അതിന് വിരുദ്ധമായി സംസാരിച്ചാല്‍, പ്രവര്‍ത്തിച്ചാല്‍ അവരെ എന്താണ് വിളിക്കേണ്ടത്? ഇത് തോമസ് മാഷിന്റ കാര്യം മാത്രമല്ല ഒട്ടുമിക്ക അധികാര ഭ്രാന്തന്മാരുടെ സ്ഥിതിയാണ്. അധികാരം നഷ്ടപ്പെട്ടാല്‍ വിവേകം നഷ്ടപ്പെടുമെന്ന പാഠവും നല്‍കുന്നു. ഇതുപോലുള്ളവരുടെ ഏറ്റവും വലിയ സമ്പാദ്യം എന്തെന്ന് ചോദിച്ചാല്‍ അധികാരത്തിന്റ അപ്പക്കഷണങ്ങള്‍ തന്നെയാണ്. കേരളത്തില്‍ നിന്നും അതിന് മാതൃകയായി കടന്നു വന്നത് എം.എ. ബേബിയും ഉമ്മന്‍ചാണ്ടിയുമാണ്. അവര്‍ യൗവനക്കാര്‍ വരട്ടെയെന്നറിയിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റ ഏറ്റവും വലിയ ദുരവസ്ഥയല്ലേ മരണംവരെ എം.എല്‍.എ., എം.പി ആയി തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നത്? സുഗന്ധം പൊഴിക്കുന്ന മെത്തയിലും പൂമ്പൊടിപുരണ്ട മുറ്റത്തും മഞ്ഞിന്റ് കുളിര്‍മ്മയുള്ള ശീതകാറ്റിലും കൊട്ടാരപൊയ്കകളിലും അലങ്കരിച്ച വേദികളിലും മറ്റും മഹാപുരുഷന്മാരുടെ വേഷം കെട്ടുമ്പോള്‍ നിരാശപ്പെട്ടിരിക്കുന്ന, ഒരിക്കലെങ്കിലും തെരഞ്ഞടുപ്പില്‍ മത്സരിക്കാനാഗ്രഹിക്കുന്ന യൗവനക്കാരുടെ ആഴമേറിയ ആഗ്രഹങ്ങളെ കാറ്റില്‍ പറത്തുകയല്ലേ മുതിര്‍ന്നവര്‍ ചെയ്യുന്നത്? അവരുടെ യൗവനം വര്‍ദ്ധക്യത്തിലെത്തിക്കുന്നത് ഈ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന യൗവനക്കാരാണ്. അവരുടെ ഭാവിയെപ്പറ്റി അല്പമെങ്കിലും കരുതലും സ്നേഹവും പുലര്‍ത്തിയിരുന്നെങ്കില്‍ അവര്‍ക്കായി വഴി മാറി കൊടുക്കില്ലേ? ഓരൊ പാര്‍ട്ടികളും ഒന്നോ രണ്ടോ പ്രാവശ്യം മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കാതിരിന്നാല്‍ വരും തലമുറക്ക് അവസരം ലഭിക്കും. രാജ്യത്തിന്റ നട്ടെല്ലായ യൂവതി യൂവാക്കളെ, സ്ത്രീകളെ, ദളിതരെ, അംഗവൈകല്യമുള്ളവരെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ദയനീയാവസ്ഥ എത്രയോ കാലങ്ങളായി ഇന്ത്യയില്‍ തുടരുന്നു. പഴി കേള്‍ക്കാതിരിക്കാന്‍ ചിലരെ നിര്‍ത്തും. ഇവര്‍ എന്നും പാര്‍ട്ടിക്കായി പൂമാല കോര്‍ത്ത് തോഴിമാരായി നിന്നാല്‍ മതിയോ? ജാതി മതത്തിന്റ സംഘടിത കരത്തില്‍ നിന്നുകൊണ്ടല്ലേ പലരും പലപ്പോഴു0 ജയരാവം മുഴക്കുന്നത്? ഇന്ത്യയിലെങ്ങും ജാതി മത വോട്ട് കൊടുത്തു് ദുരാഗ്രഹികളായ ദുര്ബല എം.എല്‍.എ.., എം.പി. മാരെ പറഞ്ഞുവിട്ടാല്‍ എന്ത് പുരോഗതിയുണ്ടാകാനാണ്. അവരുടെ പുരോഗതി കോടിശ്വരന്‍ എന്ന കലവറയാണ്.
നെഹ്റുവും ഈ.എം.എസ്, അച്യുതമേനോന്‍ ഭരിച്ചിരുന്നു കാലങ്ങളിലൊക്കെ ആദര്‍ശശാലികളും സമൂഹത്തിനായി ത്യാഗം ചെയ്തവരും സമ്പന്നരുമായിരുന്നു അധികാരത്തില്‍ വന്നിരുന്നത്. ഇവരാരും കള്ളപ്പണം വോട്ടിനായി തെരഞ്ഞെടുപ്പില്‍ ചിലവാക്കിയതായി അറിവില്ല. അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന അര്‍പ്പണബോധത്തോടെ ജനസേവനത്തിനിറങ്ങിയ ജോണ്‍ എഫ് കെന്നഡി കോടിശ്വരനായിരുന്നു. അദ്ദേഹം ജനപ്രതിനിധി ആയതും ഉന്നത പദവികളിലെത്തിയതും സ്വന്ത0 സമ്പത്തു ചിലവാക്കിയാണ്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ചിലവാക്കുന്ന കോടികള്‍ എവിടുന്നു വരുന്നു? അത് കള്ളപ്പണമല്ലേ? ആ കള്ളപ്പണം തന്ന് പാട്ടിലാക്കാന്‍ വരുന്നവരെ വോട്ടിലൂടെ തന്നെ തറ പറ്റിക്കണം. ഇവരാരും സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന പണമല്ല. ഇതിനെ ഉന്മുലനം ചെയ്യാനുള്ള ഉത്തരവാദിത്വ0 ഓരൊ വോട്ടര്‍മാര്‍ക്കുണ്ട്. വടക്കേ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ക്കും ജാതിക്കോമരങ്ങള്‍ക്കും ഇതൊരു ശീലമായിപ്പോയി.
സ്വാതന്ത്യം കിട്ടി 72 വര്‍ഷമായിട്ടും സമ്പന്നര്‍ സമ്പന്നരായും ദരിദ്രര്‍ ദരിദ്രരരായും മാറുന്ന കാഴ്ച്ചയാണ്. സാധാരണ മനുഷ്യനും ഇതില്‍ നിന്ന് ഭിന്നമല്ല. വലിയ വായില്‍ തീപ്പൊരി പ്രസംഗങ്ങള്‍ ഭരണാധിപന്മാരുടെ പക്കല്‍ നിന്നും കേള്‍ക്കാറുണ്ട് പക്ഷെ പാവങ്ങള്‍ ദുഃഖദുരിതങ്ങളിലാണ് കഴിയുന്നത്. അധികാരത്തില്‍ വരുന്നവരും കുത്തക മുതലാളിമാരും കുട്ടുകച്ചവടം നടത്തി മുതലാളിമാരാകുന്നു. പല സര്‍ക്കാര്‍ വകുപ്പുകളിലും സമ്പദ്‌സമൃദ്ധി കളിയാടുന്നു. അവരും പറയും ഞങ്ങളുടെ വഴികാട്ടികള്‍ അങ്ങ് മുകളിലാണ്. ഈ കൂട്ടരെല്ലാം കുടി രാജ്യസേവനം നടത്തിയാണ് രാജ്യത്തെ കുട്ടിച്ചോറാക്കുന്നത്. ചില എം.പി. മാര്‍ പറയും കേന്ദ്ര0, സംസ്ഥാനത്തിന് അനുവദിച്ചിരിക്കുന്ന പണം മുടക്കി എന്തെങ്കിലും ചെയ്താല്‍ ഇത് ഞാന്‍ കൊണ്ടുവന്ന പ്രൊജക്റ്റ് ആണ്. അത് പൂര്‍ത്തിയാക്കാന്‍ ഒരിക്കല്‍ കുടി ജയിപ്പിക്കണം. ഇത് കേട്ട് ബുദ്ധി മരവിച്ചുപോയവരൊക്കെ വോട്ട് ചെയ്യും. വിവേകമുള്ളവര്‍ വോട്ട് ചെയ്യില്ല. ആ പ്രൊജക്റ്റ് അടുത്ത ആള്‍ വരുമ്പോള്‍ ഏറ്റെടുത്തു നടത്തും. ഒരു കൂട്ടര്‍ മാത്രം അധികാരത്തിലെത്താന്‍ ഭാഗ്യം ചെയ്തവരും മറ്റുള്ളവര്‍ ഭാഗ്യമില്ലാത്തവരുമാകരുത്. തുല്യനീതി തെരഞ്ഞെടുപ്പുകളിലും നടപ്പാക്കണം.
മതത്തിന്റ പേരില്‍ നമ്മേ അടിമകളാക്കി മറ്റുള്ളവരുടെ ആജ്ഞകളെ ശിരസാ വഹിക്കുന്ന സമീപന രീതികള്‍ കാലത്തിനനുയോജ്യമായ വിധത്തില്‍ മാറണം. എന്ത് വിലകൊടുത്തും ഒരു മതേതര സര്‍ക്കാരിനെ നമ്മുടെ മാതൃഭൂമി സംരക്ഷിക്കാന്‍ തെരഞ്ഞെടുക്കണം. ചെപ്പടിവിദ്യക്കാരന്‍ അമ്പലം വിഴുങ്ങുംപോലെ ജീവിതകാലം മുഴുവന്‍ അധികാരം വിഴുങ്ങി ജീവിക്കുന്ന കോടിശ്വരന്മാരെ, അധികാരഭ്രാന്തന്മാരെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരിച്ചറിയണം. നിര്‍ഭാഗ്യമെന്ന് പറയെട്ടെ രാഷ്ട്രീയ രംഗത്തുള്ളവര്‍ക് പെന്‍ഷന്‍ പ്രായമില്ലാത്തത് അവരുടെ അജ്ഞത വെളിപ്പെടുത്തുന്നു. എന്തിനാണ് ഇതില്‍ നിന്നും അവര്‍ ഒളിച്ചോടുന്നത്?
യുണൈറ്റഡ് സ്‌കോട്‌ലാന്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 23 ശനിയാഴ്ച ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ഒന്നാമത് യുസ്മാ കലാമേള 2019 ബഹുജന പങ്കാളിത്തം കൊണ്ടും സംഘടനാപാടവം കൊണ്ടും നീതിപൂര്‍വമായ വിധി നിര്‍ണ്ണയം കൊണ്ടും സമയനിഷ്ഠമായ അവതരണംകൊണ്ടും സര്‍വ്വോപരി മത്സരാര്‍ത്ഥികളുടെ മികവാര്‍ന്ന കലാ പ്രകടനങ്ങള്‍ക്കൊണ്ടും സമൂഹമധ്യത്തില്‍ വേറിട്ടൊരനുഭവമായി മാറി.
മാര്‍ച്ച് 23 ശനിയാഴ്ച്ച രാവിലെ 11 മണിമുതല്‍ മത്സരത്തിനൊരുക്കമായ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍, ചെസ്റ്റ് നമ്പര്‍ വിതരണങ്ങള്‍ നടത്തി. തുടര്‍ന്ന് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ഉദ് ഘാടന സമ്മേളനത്തില്‍ യുസ്മ ജനറല്‍ സെക്രട്ടറി അനില്‍ തോമസ് ഏവരെയും സ്വാഗതം ചെയ്തു.കലാമേള കോര്‍ഡിനേറ്റര്‍മാരായ റീന സജി, ഷിബു സേവ്യര്‍, ജെയിംസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സംഘടനാ ഭാരവാഹികള്‍ നിലവിളക്കു കൊളുത്തി ഒന്നാമത് യുസ്മ കലാമേള ഔപചാരികമായി ഉദ് ഘാടനം ചെയ്തു . തുടര്‍ന്ന് 2 സ്‌റേറജുകളിലായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി സിംഗിള്‍ ഡാന്‍സ്, സിംഗിള്‍ സോംഗ്, ഉപകരണസംഗീതം, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോംഗ് ,സ്‌കിറ്റ് എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ അരങ്ങേറി.
അത്യന്തം മികവുറ്റതും, മിഴിവാര്‍ന്നതുമായ കലാപ്രകടനങ്ങള്‍ ആണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെച്ചത്.ഏറ്റവും മത്സര പ്രിയ ഐറ്റം ആയി മാറിയത് 10 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത സിംഗിള്‍ സോംഗ് മത്സരങ്ങള്‍ ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക പ്രകടനങ്ങളായിരുന്നു ഡാന്‍സ് ഫ്‌ലോറില്‍ അരങ്ങേറിയത്.
കീ ബോര്‍ഡ്, ഗിത്താര്‍ വിഭാഗം ഉപകരണസംഗീത മത്സരത്തില്‍ 15 ഓളം കലാപ്രതിഭകള്‍ മാറ്റുരച്ചു. സ്‌കോട് ലാന്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും എഡിന്‍ബര്‍ഗ്ഗ്, ഗ്ലാസ് ഗോ, കിര്‍ക്കാള്‍ഡി, ഫാല്‍കിര്‍ക്ക്, സ്റ്റെര്‍ലിംഗ് ,ലിവിംഗ് സ്റ്റണ്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും അസോസിയേഷനുകളെ പ്രതിനിധീകരിച്ചും വ്യക്തിഗത അടിസ്ഥാനത്തിലുമായി 75 ലധികം കലാപ്രതിഭകള്‍ മാറ്റുരച്ച അവിസ്മരണീയമായ മുഹൂര്‍ത്തത്തിനാണ് ലിവിംഗ് സ്റ്റണ്‍ ഇന്‍വെറാള്‍ മോഡ് ഹൈസ്‌കൂള്‍ കമ്യൂണിറ്റി ഹാള്‍ സാക്ഷ്യം വഹിച്ചത്.
മത്സരാര്‍ത്ഥികള്‍ക്കും അനുവാചകര്‍ക്കും വിധികര്‍ത്താക്കള്‍ക്കുമായി പാചക നൈപുണ്യതയില്‍ പ്രശസ്തനായ രാജു ക്ലൈഡ് ബാങ്ക് നടത്തിയ ഫുഡ് സ്റ്റാളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. മത്സരത്തില്‍ വിജയികളായ എല്ലാവര്‍ക്കും ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്‌കോകോട്‌ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട് സ്‌കോട്‌ലാന്‍ഡ് മലയാളീ കുടിയേറ്റ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തപ്പെട്ട കലാമേള ഇന്നേവരെ സ്‌കോട് ലാന്‍ഡ് മലയാളികള്‍ക്ക് പരിചിതമല്ലാത്ത കലോത്സവമാമാങ്കത്തിന്റെ പുതുവസന്ത വര്‍ണ്ണ വിസ്മയ കാഴ്ചകള്‍ വാരി വിതറി. പരാതികള്‍ക്കിടം നല്കാതെയുള്ള വിധി നിര്‍ണ്ണയവും, സംഘടനാ പ്രവര്‍ത്തകരുടെ തോളോടുതോള്‍ചേര്‍ന്ന പ്രവര്‍ത്തനവും, മത്സരാര്‍ത്ഥികളുടെ മികവും, കാണികളുടെ നിര്‍ലോഭമായ പ്രോത്സാഹനവും കൂടി ചേര്‍ന്നപ്പോള്‍ ഒന്നാമത് യുസ്മാ കലാമേള സ്‌കോട്‌ലാന്‍ഡ് മലയാളി കുടിയേറ്റ ചരിത്ര താളുകളില്‍ രജതരേഖ രചിച്ചു.
യുസ് മാ കലാമേള കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വരും വര്‍ഷങ്ങളിലെ യുസ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാകന്‍ സന്നദ്ധത പ്രകടിപ്പിച്ച് യുകെ സമുഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവര്‍ മുന്നോട്ട് വരുന്നത് ഞങ്ങളുടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗവും ഊര്‍ജ്ജവും പകരും എന്നതില്‍ സംശയമില്ല.
യുസ്മാ കലാമേളയുടെ വിജയത്തിനു ശേഷം സെപ്തംബറില്‍ യുസ്മാ കായികമേള നടത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞതായും സംഘാടകര്‍ അറിയിച്ചു. കലാമേള 2019 ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും സംഘടനാ ട്രഷറര്‍ ഡോ.രാജ് മോഹന്‍ നന്ദി അറിയിച്ചു.
കലാമേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
https://www.facebook.com/groups/622486761500847/permalink/680840392332150/
https://drive.google.com/folderview?id=111P8gelCqgySBl-AZYBlmJmVk6ewlv3P
ബിനോയി ജോസഫ്, നോർത്ത് ലിങ്കൺഷയർ
ഭാരതാംബയുടെ ധീരപുത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ നിറതോക്കുകളുടെ ഗർജനത്താൽ രക്തസാക്ഷിത്വം വരിക്കുമ്പോൾ രാഹുലിന് പ്രായം വെറും 14 വയസ്. ഭാരതത്തിന്റെ മനസാക്ഷിയെ നടുക്കിയ തന്റെ മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ തീവ ദു:ഖത്തിലൂടെ ആ കുരുന്നു മനസ് കടന്നു പോയി. തന്നെ ലാളിച്ചു വളർത്തിയ മുത്തശിയുടെ ജീവനറ്റ ശരീരത്തിന് മുൻപിൽ തന്റെ പിതാവിന്റെ മാതാവിന്റെയും കരം ഗ്രഹിച്ച് വിങ്ങിപ്പൊട്ടിയ രാഹുൽ ഇന്ത്യൻ ജനതയുടെ വേദനയുടെ ഭാഗമായി മാറി. തങ്ങളുടെ വഴികാട്ടിയും കുടുംബത്തിന്റെ പ്രകാശവുമായിരുന്ന ഇന്ദിരഗാന്ധിയുടെ മരണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ തന്റെ പിതാവിന്റെ അകാല മൃത്യുവിനും രാഹുൽ ഗാന്ധി സാക്ഷ്യം വഹിച്ചു. ശ്രീ പെരമ്പദൂരിൽ ചാവേറാൽ ഛിന്നഭിന്നമാക്കപ്പെട്ട ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് അഗ്നി പകർന്നപ്പോൾ രാഹുലിൽ 21 വയസ് പ്രായം. ആ കരങ്ങൾ ഇന്ന് ഇന്ത്യൻ ജനതയുടെ ആശയും ആവേശവുമാകുന്നു.
വെല്ലുവിളികൾ നിറഞ്ഞ ചെറുപ്പകാലം രാഹുലിനു നല്കിയത് വിലയേറിയ ജീവിതാനുഭവങ്ങൾ ആയിരുന്നു. ഡെറാഡൂണിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഹോം സ്‌കൂളിംഗിലേയ്ക്ക് പിന്നീട് രാഹുലിനെ മാറ്റേണ്ടി വന്നു. ഫ്ളോറിഡയിലെ റോളിൻസ് കോളജിൽ പഠിച്ചത് മറ്റൊരു പേരിലായിരുന്നു, അതും സുരക്ഷയുടെ പേരിൽ. കേംബ്രിഡ്ജിലും ഹാർവാർഡിലും റോളിൻസിലും പഠിച്ച രാഹുൽ ഇന്റർനാഷണൽ റിലേഷൻസിലും ഡെവലപ്മെന്റ് സ്റ്റഡീസിലും ഡിഗ്രികൾ കരസ്ഥമാക്കി. ഏതാനും വർഷങ്ങൾ ലണ്ടനിൽ ജോലി ചെയ്ത രാഹുൽ ഗാന്ധി സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. നാഷണൽ സ്റ്റുഡൻസ് യൂണിയനിലും യൂത്ത് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ച രാഹുൽ ഗാന്ധി 2004 ൽ മുഴുസമയ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയും അമേത്തിയിൽ നിന്ന് പാർമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2009 ലും 2014ലും അതേ മണ്ഡലത്തിൽ നിന്ന് പാർലമെൻറിലെത്തിയ അദ്ദേഹം 2013ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. നാലു വർഷങ്ങൾക്കു ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തന്റെ മാതാവായ സോണിയാ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തു.
ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും നെഹ്റു കുടുംബം നിറഞ്ഞു നിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിന്റെ ഉയിർത്തെഴുന്നേല്പിലും ഭരണതന്ത്രജ്ഞതയും രാഷ്ട്ര ബോധവും നേതൃത്വപാടവവും പ്രകടിപ്പിച്ച നേതാക്കളെ രാജ്യത്തിന് സംഭാവന ചെയ്ത ഒരു കുടുംബത്തിലെ ഇളം തലമുറയുടെ പ്രതിനിധിയായ രാഹുൽ ഗാന്ധി രാഷ്ട്രീയ പാരമ്പര്യത്തിനപ്പുറം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. കോളനി വാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ ചോദ്യങ്ങൾ ഏറെ മുന്നിലുണ്ടായിരുന്നു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക എന്ന ദൗത്യവും ഭരണ നിയമ വ്യവസ്ഥകൾ നടപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും തകർന്നടിഞ്ഞ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന കടമയും ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഏറ്റെടുത്തു. വിദേശ ശക്തികളുടെ ഭീഷണികളിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരം കാക്കാൻ ധീരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദിരാ പ്രിയദർശിനിയുടെ യുഗത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഭാരതം ആനയിക്കപ്പെട്ടു.
വിധ്വംസക പ്രവർത്തനങ്ങളും മതേതരത്വത്തിനെതിരായ ഭീഷണികളും ഉയർന്നു വന്ന കാലഘട്ടത്തിൽ രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രി ഇന്ത്യയെ നയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്തേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധി ലോക നേതാക്കളിൽ തലയെടുപ്പോടെ വിരാജിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവനുകൾ രാജ്യത്തിന്നായി പൊലിഞ്ഞപ്പോൾ ഭാരതമാകെ നെഹ്റു കുടുംബത്തിലെ ഒരംഗത്തിന്റെ വരവിനായി കാത്തിരുന്നു എന്നത് ഒരു യഥാർത്ഥ്യമാണ്. വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും മതങ്ങളും നാനാത്വത്തിലെ ഏകത്വവും ഭാരതാംബയെ മനോഹരിയാക്കുമ്പോൾ, ആ ജനതയെ നയിക്കാൻ മതേതര വാദിയായ ദീർഘവീക്ഷണമുള്ള, ജനാധിപത്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഒരു പാരമ്പര്യത്തിനേ കഴിയൂ എന്നതിന് ചരിത്രം തന്നെ സാക്ഷി.
ബാല്യകാലം മുതൽ മാദ്ധ്യമ ദൃഷ്ടിയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് സ്വകാര്യത എന്നത് കിട്ടാക്കനിയായിരുന്നു. ഇത്രയധികം സുരക്ഷാ ഭീഷണിയും അതിനിശിതമായ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു യുവാവ് ആധുനിക ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഒരടിസ്ഥാനവുമില്ലാതെ വളഞ്ഞിട്ടാക്രമിക്കപ്പെട്ട ആ വ്യക്തിത്വം ഓരോ ദിനവും കഴിയുമ്പോഴും കൂടുതൽ പ്രശോഭിതമായി. മുളയിലേ നുള്ളാൻ വെമ്പുന്ന ശക്തികൾക്കെതിരെ സൗമ്യമായി പുഞ്ചിരിയോടെ പോരാടിയ രാഹുൽ ഗാന്ധി എന്ന യുവത്വം പിന്നിട്ട വെല്ലുവിളികൾ ചെറുതല്ല. ഇന്ത്യൻ യുവതയുടെ പ്രതീകമായി ഉയർന്ന രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കളെന്ന് സ്വയം കരുതുന്നവർ പോലും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിച്ചപ്പോഴും അതിനെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറ കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ച് ഭാരത ജനതയുടെ ആത്മാവിനെ അടുത്തറിഞ്ഞ് നാളേയ്ക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ രാഹുലിന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയപ്പാർട്ടിയുടെ അമരക്കാരനായി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന രാഹുൽ ഗാന്ധി എന്ന സ്വരം അനേകം യുവഹൃദയങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങി രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാകാൻ പ്രചോദനമായി.
ദേശസ്നേഹവും രാജ്യതന്ത്രജ്ഞതയും നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ അച്ചടക്കത്തോടെ വളർന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഹുൽ ഗാന്ധി ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തിന്റെ പിൻബലവുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നത്. ആയിരക്കണക്കിന് തലമുതിർന്ന നേതാക്കന്മാർക്ക് നിർദ്ദേശങ്ങൾ നല്കാനും അച്ചടക്കത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കാനും രാഹുൽ ഗാന്ധി കാണിക്കുന്നത് അസാമാന്യമായ പാടവമാണ്.
സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ പാഠങ്ങൾ രാജ്യത്തിന് പകർന്നു നല്കി, ലക്ഷ്യം നേടാൻ സധീരം മുന്നേറുന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും ലോകജനത സസൂക്ഷ്മം വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സമൂഹത്തിൽ ഊർജമായി പടരുന്നു. സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെൻറ് തന്ത്രങ്ങളും തന്റെ വ്യക്തിപ്രഭാവവും വേണ്ട വിധം ഉപയോഗിച്ച് ജനങ്ങളിലേയ്ക്കും പ്രവർത്തകരിലേയ്ക്കും ഇറങ്ങി രാജ്യത്ത് ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ സാന്നിധ്യം പകരുന്ന പ്രചോദനത്താൽ ഇന്ത്യയുടെ യുവത്വം രാജ്യത്തെ വീണ്ടെടുക്കാൻ കൈകോർക്കുന്നു. അടുത്ത പിറന്നാൾ രാഹുൽ ഗാന്ധി ആഘോഷിക്കുമ്പോൾ അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമായി ഭാരത ജനത ആഘോഷിക്കുന്നതിനുള്ള സാധ്യത അതിവിദൂരമല്ല. മെയ് 23 ന് ഭാരത ജനത വിധി പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി അവരോധിക്കപ്പെടാനുള്ള സാധ്യത ആർക്കും തള്ളിക്കളയാവുന്നതല്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച രാജ്യത്തിന്റെ അമരക്കാരനാകാൻ രാഹുൽ ഗാന്ധി തയ്യാറെടുത്തു കഴിഞ്ഞു.