ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത
കർത്താവിൽ വാത്സല്യള്ളവരെ,
മലയാളം യുകെയിലൂടെ ‘ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് . വളരെയധികം വ്യത്യസ്തമാർന്ന ഒരു സാഹചര്യത്തിലാണ് നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ആശങ്കയുടെയും നിരാശയുടെയുമൊക്കെ കാലഘട്ടമാണിതെങ്കിലും ആദ്യ ക്രിസ്തുമസ് സ്നേഹത്തിൻറെ വസന്തവും പ്രത്യാശയുടെ പൂക്കാലവുമായിരുന്നു.ഇരുൾ മൂടിയ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുവാൻ വെളിച്ചമായി പെയ്തിറങ്ങിയതാണ് ക്രിസ്തുവിൻറെ ജനനം . ഏതു പ്രതിസന്ധിയിലും ക്രിസ്തുമസിൻ്റെ പ്രഭ നഷ്ടപ്പെടുന്നില്ല; ദൈവസ്നേഹത്തിൻറെ ആവിഷ്കാരമാണ് ക്രിസ്തുവിൻറെ ജനനം. പ്രതിസന്ധികൾ എന്നും ലോകയാഥാർത്ഥ്യമാണ്. എങ്കിലും ലോകത്തോടുള്ള ദൈവത്തിൻറെ കരുണ ഒരിക്കലും അസ്തമിക്കുന്നില്ല. പ്രതിസന്ധികളിൽ ദൈവീക ഇടപെടലുകൾക്കായുള്ള തുറവിയാണ് എന്നും ആവശ്യമായിരിക്കുന്നത്. ലോകത്തെ ചേർത്തുപിടിക്കുന്ന ദൈവ സ്നേഹത്തിൻറെ കൈവഴികൾ ആകുവാൻ ക്രിസ്തുമസ് എന്നും നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട് . ഏത് പ്രതിസന്ധികളിലും ‘ഭയപ്പെടേണ്ട’ എന്നതും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു . ക്രിസ്തുമസ് ഒരു ‘giving’ ൻ്റെ ആഘോഷമാണ് ; ‘getting’ ൻ്റെ ആഘോഷമല്ല. കരുത്തിൻ്റെ ലോകത്തിൽ കരുതലിൻ്റെ വക്താക്കളാകുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് . തള്ളപ്പെട്ടവരെയും തഴയപ്പെട്ടവരെയും തേടിവന്ന് ചേർത്തുപിടിക്കുന്ന ദൈവം ഉണ്ട് എന്നത് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നുണ്ട്. ‘മനുഷ്യനാകുക’ എന്നതാണ് ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു സന്ദേശം. ദൈവം മനുഷ്യനായി ജഡം ധരിച്ചു എന്നത് അതാണ് വെളിവാക്കുന്നത് . ആന്തരികസത്തയിലും ഉണ്മയിലുമാണ് ഒരാൾ മനുഷ്യനാകേണ്ടത്; വേഷത്തിലും ആകാരത്തിലും മാത്രമല്ല.
2020 ലെ ക്രിസ്തുമസ് അടച്ചിട്ട മുറികളിൽ നിവർത്തി ആകേണ്ട ഒരാഘോഷമല്ല; മറിച്ച് ഈ ലോകത്തോടുള്ള ദൈവീക കരുണയുടെയും കൃപയുടെയും ഇടപെടലിൽ നാമോരോരുത്തരുടെയും പങ്കാളിത്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ മാത്രമേ ക്രിസ്തുമസ് ഇന്ന് യാഥാർത്ഥ്യമാകുകയുള്ളു. നമ്മുടെ ജീവന ഇടങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്തി അവിടെ ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കണം. അങ്ങനെ ഒരു യഥാർത്ഥ ക്രിസ്തുമസ് നമുക്കിടയിൽ ഉണ്ടാകട്ടെ. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു.
ഷിബു മാത്യൂ
ന്യൂസ് ഡെസ്ക് മലയാളം യുകെ
സംഗീത ലോകത്തെ ഒരു പറ്റം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പാണ് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് ഇന്റര്‍നാഷണല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഗീതത്തെ ഇഷ്ടപ്പെടുന്ന നിരവധിയാളുകള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായി ഉണ്ട്. അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നും ബിനോയ് തോമസ്, കുവൈറ്റില്‍ നിന്നും ജേക്കബ് തമ്പി, ദുബൈയില്‍ നിന്നും ബിന്ദു സാബു എന്നിവരാണ് ഈ ഗ്രൂപ്പിന്റെ അമരക്കാര്‍. അവിശ്വസനീയമായ കഴിവുകള്‍ ഉണ്ടായിട്ടും അതവതരിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നവരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്അനുയോജ്യമായ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിനുള്ളതെന്ന് ഗ്രൂപ്പിന്റെ അഡ്മിനായ ബിനോയ് തോമസ് പറഞ്ഞു. സംവിധായകരായ സിദ്ധിക്, രാജസേനന്‍, മധുപാല്‍ തുടങ്ങിയ മലയാള ചലച്ചിത്ര ലോകത്തെ പല പ്രമുഖരും ഈ ഗ്രൂപ്പിലുണ്ട്. അതു കൊണ്ട് തന്നെ കഴിവുള്ള കലാകാരന്മാര്‍ക്ക് സിനിമാലോകത്ത് നല്ല അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതകളേറെയെന്നും ബിനോയ് പറഞ്ഞു.
യുകെയില്‍ നിന്നും ഹരീഷ് പാലാ, ഡോ. ഫഗദ് മുഹമ്മദ്, ജിയാ മോള്‍, ജോണ്‍സണ്‍, സന്തോഷ് നമ്പ്യാരുള്‍പ്പെടെ ഇരുപതോളം ഗായകരും ഇവരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ഗായകരും ഈ ഗ്രൂപ്പിലുണ്ട്.
കഴിഞ്ഞ ഓണക്കാലത്ത് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് സംഗീത മത്സരം 2020 എന്ന പേരില്‍ ഒരു സംഗീത മത്സരം സംഘടിപ്പിച്ചിരുന്നു. ലോകത്തിനെ പല ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഗായകര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അത്യധികം ആവേശകരമായ മത്സരത്തിനൊടുവില്‍ കേരളത്തില്‍ നിന്നും എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സ്വദേശിനിയായ രമ്യാ ലിംസണ്‍ മികച്ച ഗായികയായി തെരെഞ്ഞെടുക്കപ്പെട്ടു.
സരസ്വതി ശങ്കര്‍, ലൗലി ജനാര്‍ദ്ദനന്‍, സജീവ് മംഗലത്ത്, ഹരീഷ് മണി, ഓമനക്കുട്ടന്‍, അലക്‌സാണ്ടര്‍ എന്നിവര്‍ അടങ്ങിയ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ് മാതാ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് വി. ഡി. സതീശന്‍ MLA അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. നോയല്‍ കുരിശിങ്കല്‍ ക്യാഷ് അവാര്‍ഡും പഞ്ചായത്ത് പ്രസിഡന്റ് പി. വി. ലാജു സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സംഗീത ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സാബു വാരാപ്പുഴയേയും ചടങ്ങില്‍ ആദരിച്ചു. പുത്തന്‍വേലിക്കരയിലെ കലാസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ അനുമോദനവും മില്‍മ മുന്‍ ചെയര്‍മാന്‍ എം ഡി ജയന്‍ രമ്യയ്ക്കും വി ഡി സതീശന്‍ MLA അന്‍സന്‍ കുറുമ്പത്തുരുത്തിനും സമ്മാനിച്ചു. യൂണിഫോം മ്യൂസിക് ആന്റ് ബാന്റിന്റെ പ്രതിനിധി ബിനോയ് കിഴക്കേടത്ത് സംസ്‌കൃതി പുത്തന്‍വേലിക്കര കോര്‍ഡിനേറ്റര്‍ രജ്ഞിത് മാത്യൂ, എബ്രാഹം മാമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
ഷിബു മാത്യൂ
ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയോടുള്ള ആദരവ് സൂചകമായി ജപമാല മാസമായി ക്രൈസ്തവര്‍ ആചരിക്കുന്നു. പരിശുദ്ധ അമ്മയെ ഓര്‍ക്കുമ്പോള്‍ ഓരോ മലയാളിയുടെ മനസ്സിലും ഓടിയെത്തുന്നത് നന്മ നേരുമമ്മ.. വീണ്ണിന്‍ രാജകന്യ… എന്നു തുടങ്ങുന്ന ഗാനമാണ്. ഇതിന് പുറമേ നൂറ് കണക്കിന് ഗാനങ്ങള്‍ മലയാളത്തില്‍ വേറെയുമുണ്ട്. മലയാളത്തിലെ പ്രശസ്തരായ ഗായകര്‍ പാടിയ മരിയഭക്തി ഗാനങ്ങളില്‍ ഏറ്റവും സുന്ദരമായ മുപ്പത്തൊന്നു ഗാനങ്ങള്‍ തിരഞ്ഞെടുത്ത് ജപമാല മാസത്തില്‍ സ്വന്തം ശബ്ദത്തില്‍ പാടിയിരിക്കുകയാണ് യുകെയിലെ നോര്‍ത്തലേര്‍ട്ടണില്‍ താമസിക്കുന്ന മാത്യൂ ജോണ്‍ കണ്ടംകുളങ്ങര. ഒക്ടോബര്‍ ഒന്നുമുതല്‍ മുപ്പത്തൊന്നു വരെയുള്ള ദിവസങ്ങളില്‍ ദിവസവും ഓരോ ഗാനം പാടി റിക്കോര്‍ഡ് ചെയ്ത് യൂ റ്റിയൂബ് ചാനലിലൂടെ പബ്‌ളീഷ് ചെയ്യുകയായിരുന്നു. എല്ലാവരും എല്ലാത്തിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന ഇക്കാലത്ത് പരിശുദ്ധ അമ്മയെ സ്തുതിക്കുന്ന മനോഹരമായ ഈ ഗാനങ്ങള്‍ മലയാളികളുടെ പ്രാര്‍ത്ഥനാമുറികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നു. ജപമാല മാസത്തില്‍ മലയാളികളുടെ വീടുകളില്‍ ദിവസവും ചൊല്ലുന്ന ജപമാലയോടൊപ്പം പാടി പ്രാര്‍ത്ഥിക്കാനുള്ള ഒരവസരം കൂടിയാണ് ഈ ഗാനങ്ങളെന്ന് മാത്യൂ പറയുന്നു.
പാരമ്പര്യമായി കിട്ടിയ കഴിവുകളോ, ശാസ്ത്രീയമായ പഠനങ്ങളോ ഒന്നും മാത്യൂവിനില്ല. ഇടവക ദേവാലയമായ ആലപ്പുഴ ജില്ലയിലെ കിഴക്കുംമുറി സെന്റ് തോമസ് ദേവാലയത്തിലെ അല്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനയില്‍ കൂട്ടുകാരാടൊപ്പം പാടിയ പരിചയം മാത്രമേ സംഗീത ലോകത്ത് മാത്യുവിന് സ്വന്തമായി ഉള്ളൂ. 2004ല്‍ യുകെയില്‍ എത്തിയതോടെ അതും ഭാഗീകമായി നിലച്ചു. മലയാളികള്‍ യുകെയിലേയ്ക്ക് എത്താന്‍ തുടങ്ങിയതിന്റെ ആദ്യ നാളുകളില്‍ മലയാളത്തിലുള്ള കുര്‍ബാനകളും ശുശ്രൂഷകളും മറ്റും നന്നേ കുറവായിരുന്നു. 2010 ന് ശേഷമാണ് അതിനൊരു മാറ്റമുണ്ടായത്. 2013 ല്‍ ബഹു. പനയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ടണില്‍ ആരംഭിച്ചപ്പോള്‍ അവിടുത്തെ ആത്മീയ ശുശ്രൂഷകളില്‍ ഗാനങ്ങള്‍ ആലപിക്കാനവസരമൊരുങ്ങി. തുടര്‍ന്നങ്ങോട്ട് യുകെയില്‍ നടന്ന ഒട്ടുമിക്ക ധ്യാനങ്ങളിലും ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
തികഞ്ഞ ഒരു മരിയഭക്തനാണ് മാത്യൂ. ജീവിതത്തില്‍ പല വിധത്തിലുള്ള രോഗങ്ങളും പിടിപെട്ടിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണയുടെ പിടിയിലും അകപ്പെട്ടു. ആഴ്ച്ചകളോളം അത്യാഹിത വിഭാഗത്തിന്റെ പരിചരണത്തിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ടയാളാണ് ഞാന്‍. അപ്പോഴൊക്കെ ആശ്വാസമായത് പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്ന് മാത്യൂ പറയുന്നു. അതില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനമാണ് മരിയഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചത്. മുപ്പത്തൊന്നു ദിവസങ്ങളിലായി പാടിയ മാതാവിന്റെ ഗാനങ്ങളെല്ലാം മലയാളികള്‍ക്ക് സുപരിചിതമാണ്. ഈ ഗാനങ്ങളുടെ റിക്കോര്‍ഡിംഗും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് മാത്യൂ തന്നെയാണ്. വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ഇതെല്ലാം പൂര്‍ത്തിയാക്കിയത്. ഈ സംരംഭത്തിന് എല്ലാ പ്രോത്സാഹനവും ചെയ്തത് ഫാ.ജോസ് അന്തിയകുളമാണ്. പരിശുദ്ധ അമ്മയോടുള്ള ഒരു നിയോഗമായി ഈ സംരംഭത്തിനെ കാണുന്നു. മരിയഭക്തി പുതുതലമുറയിലും വളര്‍ത്തുന്നതില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിനുള്ളൂവെന്ന് മാത്യൂ പറയുന്നു. യുകെയിലെ നോര്‍ത്തലേര്‍ട്ടണിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് ജന്മദേശം. ഭാര്യ ജോളി മാത്യൂ, ഡിയോസ, ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.
ജപമാല നാളില്‍ മാത്യൂ ആലപിച്ച മുപ്പത്തിയൊന്ന് ഗാനങ്ങള്‍ കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ന്യൂസ് ഡെസ്ക്. മലയാളം യുകെ
രാമപുരം. പാടശേഖരങ്ങള്‍ കരഭൂമിയായി മാറി കൊണ്ടിരിക്കുന്ന കാലത്ത് ഉള്‍നാടന്‍ പാടശേഖരങ്ങള്‍ക്ക് മാതൃകയാകുന്നു കോട്ടയം ജില്ലയിലെ രാമപുരം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നെല്‍കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളാണ് രാമപുരം പഞ്ചായത്ത് നടപ്പിലാക്കുന്നത്. വെള്ളിലാപ്പിളളി, പാലവേലി, അമനകര, കൊണ്ടാട്, മേതിരി, കിഴതിരി എന്നീ പാടശേഖരങ്ങളാണ് രാമപുരം പഞ്ചായത്തിലുള്ളത്.
അമനകര പാടശേഖരത്ത് സര്‍വകലാശാല മുന്‍ വോളീബോള്‍ താരം റോയി ജോസ് വാലുമ്മേലിന്റെ നേതൃത്വത്തില്‍ നിരവധി കര്‍ഷകരാണ് കൃഷിയിറക്കുന്നത്. കൃഷി നിലനില്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന തിരിച്ചറിവോടെയാണ് റോയി കാര്‍ഷിക മേഖലയിലേയ്ക്ക് ഇറങ്ങി തിരിച്ചത്. 1990 1992 കാലഘട്ടങ്ങളില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞു. കൂടാതെ ജില്ലാതല മത്സരങ്ങളിലും നിരവധി തവണ ജേതാവായി. കളിയോടൊപ്പം കാര്‍ഷികവും എന്നത് ചെറുപ്പം മുതലേ റോയിയുടെ വികാരമായിരുന്നു. അതിന്റെ ഭാഗമാണ് നെല്‍കൃഷിയിലേയ്ക്കുള്ള റോയിയുടെ തിരിച്ച് വരവ്.
കൃഷിക്ക് വേണ്ടി മാത്രമായി നാല്‍പ്പത് ലക്ഷത്തിലേറെ രൂപയാണ് ഇക്കുറി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തു ചാലില്‍ പറഞ്ഞു. പതിനഞ്ച് ഹെക്ടര്‍ സ്ഥലത്തായിരുന്നു ഇതുവരെ കൃഷി ചെയ്തിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 40 ഹെക്ടര്‍ സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കുന്നത്.
പത്ത് ഹെക്ടറില്‍ താഴെ പാടശേഖരങ്ങള്‍ ഇപ്പോഴും കൃഷിയിറക്കാതെ പഞ്ചായത്തിലുണ്ട്. ഉടമകള്‍ വിദേശത്തായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനും പരിഹാരം കാണുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷി ഓഫീസര്‍ പ്രജിത പറഞ്ഞു. കൃഷി അസിസ്റ്റന്റുമായ എസ്. നിസാര്‍, അഞ്ചു തോമസ്, കെ. എസ്. നസീര്‍ തുടങ്ങിയവര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. കൃഷിഭവന്റെ കീഴില്‍ ഹരിത സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സംഘത്തിന്റെ കീഴിലാണ് കൃഷി ചെയ്യുന്നത്.
യോര്‍ക്ഷയര്‍ ബ്യൂറോ സ്‌പെഷ്യല്‍.
അല്ലിയാമ്പല്‍ കടവിലൊന്നരയ്ക്കു വെള്ളം….
മലയാളികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന മനോഹരഗാനം.
അന്ന് നമ്മൊളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലായ് അനുരാഗ കരിക്കിന്‍ വെള്ളം…
ഇതിനപ്പുറമുള്ള ഒരു ഗാനം മലയാളികളുടെ മനസ്സില്‍ ഉണ്ടോ..??
തേനും വയമ്പിലൂടെ, ഓരോ മലയാളിയും സ്വകാര്യ അഹങ്കാരമായി ചുണ്ടില്‍ മൂളുന്ന അല്ലിയാമ്പല്‍ കടവില്‍ എന്നു തുടങ്ങുന്ന ഗാനത്തിലെ ആമ്പല്‍പ്പൂവിന്റെ കഥ പറയുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കൃഷ്ണന്‍. വളരുന്നത് ചെളിയിലെങ്കിലും ആമ്പല്‍പ്പൂവ് ഒരിക്കലും അതിന്റെ പരിശുദ്ധി വിടുന്നില്ല. അതു കൊണ്ടാവണം മലയാളികള്‍ ആമ്പല്‍പ്പൂവിനെ നെഞ്ചിലേറ്റിയത്. വിടര്‍ന്ന് കഴിഞ്ഞാല്‍, കാറ്റിന്റെ ഈണത്തില്‍ ഓളങ്ങളെ തഴുകി മൂന്ന് ദിവസം വെള്ളത്തിന് മുകളില്‍ ആമ്പല്‍പ്പൂവ് നൃത്തം ചെയ്യും…
പിന്നീട് ആമ്പല്‍പ്പൂവിന് എന്ത് സംഭവിക്കും.??
അത് അഞ്ചു തന്നെ പറയട്ടെ.
അഞ്ചു കൃഷ്ണന്‍ അവതരിപ്പിക്കുന്ന തേനും വയമ്പും എന്ന വീഡിയോ കാണുക.
ഷിബു മാത്യൂ.
ആത്മധൈര്യം ഒട്ടും കൈവിടാതെ നൂറാം വയസ്സില്‍ സ്വന്തം ഗാര്‍ഡനില്‍ 100 ലാപ് നടന്ന് മുപ്പത്തിരണ്ട് മില്യന്‍ പൗണ്ട് സമാഹരിച്ച് NHS ന് നല്‍കിയ ക്യാപ്റ്റന്‍ ടോം മൂറിന്റെ ഛായാചിത്രം ക്യാന്‍വാസില്‍ വരച്ച് മലയാളിയായ ഫെര്‍ണാണ്ടെസ് വര്‍ഗ്ഗീസ് NHSന് സമര്‍പ്പിച്ചു. യുകെയിലെ യോര്‍ക്ഷയറിലെ പ്രമുഖ ഹോസ്പിറ്റലായ Airedale NHS ഹോസ്പിറ്റലിന്റെ ഗാലറിയിലാണ് ഫെര്‍ണാണ്ടെസ് വരച്ച ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ ആന്റ് കമ്മ്യൂണിറ്റി ചാരിറ്റിയുടെ ട്വിറ്ററിലുള്ള ഫെര്‍ണാണ്ടെസ് വരച്ച ചിത്രത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണിപ്പോള്‍. ഇതേ ഹോസ്പിറ്റലിലെ സ്റ്റെറൈല്‍ സര്‍വ്വീസസിലാണ് ഫെര്‍ണാണ്ടെസ് സേവനമനുഷ്ഠിക്കുന്നത്.
72 വയസ്സ് തികഞ്ഞ NHS ന്റെ ചരിത്രത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2020. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 നെ ചെറുത്തു തോല്പിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയ NHS ജോലിക്കാര്‍ക്ക് പിന്‍തുണയുമായി കീത്തിലിക്കാരനായ 100 വയസ്സ് തികഞ്ഞ ക്യാപ്റ്റന്‍ ടോം മൂര്‍ മുന്നോട്ടു വന്നത് NHS ജോലിക്കാര്‍ക്ക് വലിയ പ്രചോദനമേകിയിരുന്നു. ചാള്‍സ് രാജകുമാരന്‍, ബോറിസ് ജോണ്‍സണ്‍ തുടങ്ങിയ രാജ്യത്തിന്റെ പ്രമുഖരും കോവിഡിനെ അതിജീവിച്ചതും NHS സ്റ്റാഫിന്റെ കര്‍മ്മോത്മുഖമായ പരിചരണം കൊണ്ടു മാത്രമാണ്. യുകെയിലെ പ്രവാസി മലയാളികളില്‍ ഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ NHS നോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്യാപ്റ്റന്‍ ടോം മൂര്‍ NHS ന് വളരെ പ്രിയപ്പെട്ടതാണ്. ഫെര്‍ണാണ്ടെസ് വരച്ച ക്യാപ്റ്റന്‍ ടോം മൂറിന്റെ ചിത്രത്തിനെ വലിയ പരിഗണയോടെയാണ് NHS കാണുന്നത് എന്നത് ഇതിന്റെ സൂചനയാണ്.
രണ്ടടി ചതുരത്തിലുള്ള ക്യാന്‍വാസില്‍ അക്രലിക് പെയിന്റിലാണ് ഫെര്‍ണാണ്ടെസ് ക്യാപ്റ്റന്‍ ടോം മൂറിന്റെ ചിത്രം വരച്ചിരിക്കുന്നത്. ഏകദേശം രണ്ടാഴ്ച സമയമെടുത്തു ചിത്രം പൂര്‍ത്തിയാക്കാന്‍. ക്യാപ്റ്റന്‍ ടോം മൂര്‍ തന്റെ നൂറാം വയസ്സിലും NHS ന് നല്‍കിയ പ്രചോദനത്തെ ചെറുതായി കാണുവാന്‍ സാധിക്കില്ല. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമാണ് ഈ ചിത്രം വരയ്ക്കാന്‍ പ്രചോദനമായതെന്ന് ഫെര്‍ണാണ്ടെസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പാണ് ഫെര്‍ണ്ണാണ്ടെസിന്റെ ജന്മദേശം. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. യോര്‍ക്ഷയറിലെ കീത്തിലിയില്‍ കുടുംബസമേതം താമസിക്കുന്ന ഫെര്‍ണാണ്ടെസ് കീത്തിലി മലയാളി അസ്സോസിയേഷനിലെ അംഗമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ കലാമേളകളിലും നിരവധി നമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെര്‍ണാണ്ടെസ് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ സജ്ജീവ സാന്നിദ്ധ്യമാണ്.
ഫെര്‍ണാണ്ടെസ് വരച്ച ചില ചിത്രങ്ങള്‍…
അഞ്ചു കൃഷ്ണന്‍
വര്‍ഷം 1997.
കടുത്ത വേനലില്‍ നിള വരണ്ടുണങ്ങി ഒരു നീര്‍ച്ചാല്‍ മാത്രമായിരുക്കുന്നു.
അങ്ങ് അക്കരെ മായന്നൂരിലേക്ക് പണി കഴിഞ്ഞു ആളുകള്‍ അവരുടെ സഞ്ചികളും, ജീവിത പ്രാരാബ്ധങ്ങളും ഒരു പോലെ താങ്ങി പിടിച്ചു
നിളയുടെ മണല്‍ത്തട്ടിലൂടെ നടന്നു തുടങ്ങിയിരുന്നു .
ആഴമുള്ള സ്ഥലത്തു നദി മുറിച്ചു കിടക്കാന്‍ പാടാണ് അതു കൊണ്ട് ചിലര്‍ തോണിയെ കാത്തു നില്‍ക്കുകയാണ് .
അവരെ കാണാന്‍ ഒരു കൗതുകമാണ് , എല്ലാ സഞ്ചികളും ഒരു പ്ലാസ്റ്റിക് ബാഗിലിട്ട് പിടിച്ചിട്ടുണ്ട്. മണലിലൂടെ നടന്നു പോകാന്‍ നാടന്‍ ഹവായ് ചെരുപ്പ് അല്ലെങ്കില്‍ നഗ്‌ന പാദുകം ശരണം .
ഓരോ ആള്‍ക്കാരും അവരുടേതായ വഴികളില്‍, സന്ധ്യയാകുംതോറും തിരക്കിട്ടു നടന്നു തുടങ്ങി .
ഇതെല്ലാം നോക്കി ഇരിക്കവേ ഘടികാരത്തിലെ സൂചി മുനകള്‍ക്ക് വേഗത കൂടിയപോലെ എനിക്ക് തോന്നി.
അഗാധമായ ഒരു ഗര്‍ത്തത്തില്‍ ആത്മാവ് പിടയുകയയായിരുന്നു….
പ്രീഡിഗ്രിക്ക് വിചാരിച്ച കോളേജില്‍ സീറ്റ് കിട്ടിയില്ല . മരണ വീടുകളില്‍ കാണുന്ന ഒരു തരം മൂകതയാണ് എന്റെ വീട്ടിലും പടര്‍ന്നിരുന്നത്…… ആരും മിണ്ടുന്നില്ല ……
കുടുംബത്തില്‍ ഡിസ്റ്റിംക്ഷനില്‍ കുറഞ്ഞു ഒന്നും ആരും
വാങ്ങിച്ചിട്ടില്ല…….. അപ്പോള്‍ പിന്നെ എന്റെ ഫസ്റ്റ് ക്ലാസ്സിന്റെ വില പറയേണ്ടതില്ലല്ലോ .
(ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി അല്ലല്ലോ അന്നൊക്കെ വിഷയങ്ങള്‍ പഠിച്ചിരുന്നത്).
ഇതൊരു വലിയ ഒരു നാണകേടായി പോയി എല്ലാവര്‍ക്കും…..
കുടുംബാംഗങ്ങള്‍ എന്നോട് സംസാരിക്കാതെ ഇരുന്ന് അന്നേക്ക് ഒരു മാസം. ഇങ്ങനെ ഒരു മകളെ വളര്‍ത്തുന്നതിലും ഭേദം രണ്ട് വാഴ നട്ടാല്‍ അതു കുലച്ച് രണ്ട് കായെങ്കിലും കിട്ടുമായിരുന്നു……തലേ വിധിയാണ് ഇങ്ങനത്തെ ഒരു മകള്‍……….അശ്ലീകരണം ജനിക്കുന്നതിലും ഭേദം….തീറ്റി പോറ്റി വളര്‍ത്തിയതിനു നന്ദികേട് കാണിച്ചു …………. അങ്ങനെ പലതും ഉറ്റവരിലും ഉടയവരിലും നിന്നനിന്നും കേള്‍ക്കേണ്ടി വന്ന അത്യധികം വേദനാജനകമായ ദിനങ്ങള്‍. ഇവ കടന്ന് പോകും തോറും മനസ്സിനു പിരിമുറുക്കം കൂടികൊണ്ടേ ഇരുന്നു; വിരാമം ആഗ്രഹിച്ചു പോയ നിമിഷങ്ങള്‍ പലതാണ് …………
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു വൈകുന്നേരം ഭാരതപുഴയുടെ അടുത്തുള്ള പൂഴിക്കുന്നമ്പലത്തിലേക്ക് അച്ഛന്‍ കൊണ്ട് പോകുന്നത് . കൃഷ്ണ സാന്നിധ്യം നിറഞ്ഞുള്ള ഈ സ്ഥലത്താണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ സ്വര്‍ഗ്ഗസ്ഥനായത്.
സാധാരണ ഈ അമ്പലത്തിലേക്ക് എന്ന് പറഞ്ഞാല്‍ വല്ലാത്ത ഒരു സന്തോഷം ആണ്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1978ല്‍ അവിടെ വന്നതും അദ്ദേഹം അവസാനമായി പാടിയ ‘കരുണൈ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണ ‘ എന്ന പാട്ടിനെ കുറിച്ചും അതിന്റെ രാഗത്തിനെ കുറിച്ചും, ഭാഗവതരുടെ കൃതികളെ കുറിച്ചും ഒക്കെ അച്ഛന്‍ വീണ്ടും വീണ്ടും പറഞ്ഞു തരും. ഇതെല്ലാം കേട്ടു കൊണ്ട് വയലുകളിലൂടെ ഉള്ള യാത്ര, മനസ്സിനും ശരീരത്തിനും കുളിര്‍മയാര്‍ന്നതാണ്. എത്ര കേട്ടാലും മതി വരാത്ത കഥകള്‍ ……..പൊടിപ്പും
തൊങ്ങലും വെച്ചു അച്ഛന്‍ പറഞ്ഞു തരുമ്പോള്‍ കേള്‍ക്കാന്‍ വല്ലാത്ത ഒരു ഇമ്പമാണ്.
പക്ഷെ ഇന്ന് ആ സന്തോഷമില്ല, കഥകള്‍ ഇല്ല …… മനസ്സെന്ന അഗ്‌നിപര്‍വ്വതത്തെ ശല്യപ്പെടുത്തുന്ന ഒരു തരം സമ്മര്‍ദ്ദം മാത്രം മിച്ചം …….
ഉണ്ണി കണ്ണനെ കണ്ട പിന്നെ തീര്‍ത്ഥവും പ്രസാദത്തിനുമായി കാത്തു നില്‍ക്കുമ്പോള്‍ കുശാലമാം വണ്ണം അവിടുത്തെ തിരുമേനി പരീക്ഷയുടെ ഫലത്തെ കുറിച്ചും തിരക്കി. ഫസ്റ്റ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍, അയ്യേ ഇത്ര കുറഞ്ഞു പോയോ എന്നായി.
പോരാത്തതിന് വിളക്കിനു എണ്ണ ഒഴിക്കുന്നതിനിടയില്‍ ‘ ചെണ്ടപ്പുറത്തു കോലു വെച്ച എല്ലാ കാലമേളകളിലും പ്രസംഗിച്ചു നടന്ന് അവസാനം പഠിത്തം കോട്ട വിട്ടൂല്ലോ’ എന്ന ഒരു പറച്ചിലും.
നടുവിളക്കില്‍ തീ ആളി കത്തി…….
അയാള്‍ എന്നും ഇങ്ങനേയാണ്‍ പൂജ കാര്യങ്ങളെക്കാട്ടിലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആണ് ശ്രദ്ധ കൂടുതല്‍ . ആരുടെ കിണറ്റിലാണ് കിണ്ടി വീണത് എന്നത് മുതല്‍ക്ക് ആരുടെ വീട്ടിലാണ് കാതു കുത്ത് എന്ന് വരെ ആ ശുംഭക്കൂതിക്ക് അറിയാം.
പൂജാരിയാണ് പോലും ‘ഏഭ്യന്‍ ‘ എന്ന് മനസ്സ് പിറുപിറുത്തു.
പൂജാരിയോടുള്ള അരിശമാം വണ്ണം അമ്പല പടികള്‍ ചവിട്ടിമെതിച്ചു ഞാന്‍ അച്ഛനോടൊപ്പം നടന്നു നീങ്ങി .
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോള്‍ ആണ് അച്ഛന്‍ പുഴയോരത്തേക്ക് പോകാം എന്ന് പറഞ്ഞത് .
സാധരണ ചെറിയച്ഛന്‍മാര്‍ പാലക്കാട്ടുനിന്ന് വരുമ്പോള്‍ ആണ് പുഴയിലേക്ക് പോവുക .
തിരക്കിട്ട ജീവിതത്തില്‍ കുടുംബാoഗങ്ങളുമായി ചിലവഴിക്കുന്ന ആ സമയങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. കുട്ടിപട്ടാളങ്ങളായ പ്രവീണും, ചിക്കുവും, ദീപുവും, മീനുവും കണ്ണിലുണ്ണിയായ അമ്മൂസും , പിന്നെ അവരില്‍ മൂത്തവള്‍ , ലക്ഷ്മി എന്ന ഈ ഞാനും. ഞങ്ങള്‍ ഒന്നിച്ചു കൂടിയാല്‍ നിളാ നദിയിലെ മണല്‍ തരികളില്‍ ഞങ്ങളുടെ മായാ ലോകത്തിലെ കളിപ്പുരയായി മാറിയിരുന്ന കാലം.
മണലില്‍ വലിയ ഒരു കുഴി ഉണ്ടാക്കി അടിത്തട്ടില്‍ ഒഴുകുന്ന വെള്ളം എടുത്ത് അതു മണലില്‍ കുഴച്ചു ചെറിയ കൊട്ടാരങ്ങള്‍ ഉണ്ടാക്കുക ഇതാണ്
പ്രധാന വിനോദം . അതിനായി വീട്ടില്‍ നിന്നും ചിരട്ടകളും കൊണ്ട് പോകാറുണ്ടായിരുന്നു . ഇതിലെല്ലാം പ്രധാനം മാമാങ്കവും, ഉണ്ണിയാര്‍ച്ചയുടെ കഥകളും ; ഞങ്ങള്‍ ഏറ്റവും അധികം ആസ്വദിച്ചു അവതരിപ്പിച്ചിരുന്ന വിഷയങ്ങള്‍ ………..
(കുട്ടിക്കാലത്തില്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള ഏറ്റവും വിലപ്പെട്ട, അമൂല്യമായ, ഈ ലോകത്തിലെ ഒരു സമ്പത്തിനും വാങ്ങിച്ചു തരുവാന്‍ സാധിക്കാത്ത ഒന്ന് പ്രിയപ്പെട്ടവരും ഒത്തുള്ള ബാല്യകാല സ്മരണകള്‍……
പക്ഷെ ഇന്ന് പതിവിനു വിപരീതമായി ആണ് പുഴയോരത്തേക്ക് പോയത്….
മനസ്സിലെ സങ്കടങ്ങളെ നിളയില്‍ ഒഴുക്കാന്‍; ഒന്ന് കുളിര്‍ക്കാന്‍……..
കുറച്ചു ദൂരം മണലിലൂടെ നടന്നതിന് ശേഷം ആ വരണ്ട നദിക്കരയില്‍ അച്ഛന്റെ അടുക്കില്‍ ‘ഇനി എന്ത് ?’എന്ന് ഭാവി ജീവിതത്തെ
കുറിച്ച് ചിന്തിച്ചു ആസ്തമ സൂര്യനെ
നോക്കി ഇരുന്നു. എത്ര നേരം ഇരുന്നു എന്നറിയില്ല പതുക്കെ ആകാശത്തു ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു .
ഇരുട്ട് പടരും തോറും മനസ്സില്‍ നിന്നും ഉറവിടം കൊണ്ട ചൂടുള്ള നീര്‍ചാലുകള്‍ നിളയുടെ മണല്‍ത്തരികളില്‍ ഒഴുകുവാന്‍ തുടങ്ങി.
അവ ഒഴുകി, ഒഴുകി അച്ഛന്റെ അടുക്കല്‍ എത്തി.
പരീക്ഷയിലെ മാര്‍ക്കുകള്‍ ആണോ ജീവിതത്തില്‍ എല്ലാം ?
ഇവ തീരുമാനിക്കുമോ എന്റെ വ്യക്തിത്വത്തെ?
ഈ സംഘ്യകള്‍ തീരുമാനിക്കുമോ എന്റെ വിജയത്തെയും തോല്‍വിയെയും ?
ഞാന്‍ എന്ന മനുഷ്യനെ ഈ അക്കങ്ങള്‍ നിര്‍വചിക്കുന്നുണ്ടോ?
സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാ പരിഹാരത്തിനുള്ള അവകാശം തുടങ്ങിയ അടിസ്ഥാന മൗലികാവകാശങ്ങള്‍ക്ക് ഓരോ പൗരനും അര്‍ഹതയുണ്ടെന്ന് ഇന്ത്യന്‍ ഭരണഘടന വ്യക്തമായി പ്രസ്താവിക്കുമ്പോള്‍; ഈ രാഷ്ട്രത്തിന്റെ ഭാവി കൂടി ആയ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് കൊണ്ട് പത്താം ക്ലാസ്സില്‍ അവര്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളില്‍ തിരഞ്ഞടുത്തു പഠിക്കുവാന്‍ അവകാശമില്ല?
എല്ലാ വിഷയങ്ങളിലും പരീക്ഷിക്കപെടുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ അവസ്ഥ പറക്കുവാന്‍ പറഞ്ഞ മത്സ്യത്തിന്റെ പോലെ അല്ലേ ?
ഈ ചോദ്യങ്ങളുടെ ഊഷ്മാവില്‍ കര്‍ണ്ണങ്ങള്‍ക്ക് പൊള്ളല്‍ ഈട്ടിട്ടുണ്ടാകണം………
ഇതെല്ലാം കേട്ട് അച്ഛന്‍ എന്തെങ്കിലും ഒക്കെ പറയും എന്ന് പ്രതീക്ഷിച്ചു……….
പകരം ഒരു നീണ്ട നിശബ്ദതയ്ക്കുശേഷം അദ്ദേഹം കാലും മനസ്സും തണുപ്പിക്കാന്‍ എന്ന വണ്ണം പുഴയിലേക്കിറങ്ങി; പിറകെ
ഞാനും.
കൈയില്‍ ഇത്തിരീ വെള്ളം കോരിയെടുത്തു കൊണ്ട് അദ്ദേഹം ചോദിച്ചു
‘നീ നിളയെ ശ്രദ്ധിച്ചിട്ടുണ്ടോ ? താഴേണ്ട ഇടത്തു താണും, വളയണ്ടേ ഇടത്തു വളഞ്ഞും, ഭൂമിയുടെ അടിത്തട്ടിലൂടെയും അവള്‍ ഒഴുകി കൊണ്ടേ ഇരിക്കുന്നു . ‘
നദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് നിരാശയുണ്ടായിരുന്നു, എന്റെ ചോദ്യങ്ങളുമായി എന്തു ബന്ധം?
അദ്ദേഹം വീണ്ടും തുടര്‍ന്നു, ‘മഴക്കാലത്ത് നിള അതിരു കവിഞ്ഞു ഒഴുകിയെത്തുമ്പോള്‍ ആളുകള്‍ അവളെ ശപിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് വരണ്ടു ഉണങ്ങുമ്പോള്‍ ആളുകള്‍ വീണ്ടും പുഴയെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്നു. എന്നാല്‍ തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും നിളയുടെ അനുവാദം ഇല്ലാതെ അവളുടെ ചുടു ചോര ഊറ്റിക്കുടിക്കുന്ന ചൂഷണം ചെയ്യുന്ന നരനാണ് ഇതിനെല്ലാം ഉത്തരവാദി എന്നവന്‍ സ്വാര്‍ത്ഥയോടെ മറക്കുന്നു. അങ്ങനെ ഉള്ള ഈ നരജന്മത്തിന്റെ വാക്കുകള്‍ക്ക് വില നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം.
പരീക്ഷകള്‍, മാര്‍ക്കുകള്‍ സ്ഥാനമാനങ്ങള്‍ ഇതെല്ലാം മനുഷ്യ നിര്‍മ്മിതമായ അളവുകോല്‍ മാത്രമാണ്. നിലനില്‍പ്പിന് പ്രകൃതിയെ പോലും സൂക്ഷിക്കാന്‍ , അതിനോട് ഇണങ്ങി ജീവിക്കാന്‍ അറിയാത്ത മനുഷ്യര്‍ എങ്ങനെയാണ് സ്വന്തം കഴിവുകളെ സംഘ്യകളാല്‍ പൂരിപ്പിച്ചു അളക്കുന്നത് ?
ലക്ഷ്മി, നദിയില്‍ നിന്നും മനുഷ്യന്‍ മനസ്സിലാക്കേണ്ട സത്യങ്ങള്‍ പലതാണ് ….
തടസ്സങ്ങള്‍ കണക്കിലെടുക്കാതെ ഒരു നദി തുടര്‍ച്ചയായി ഒഴുകുന്നു. നദി വളയുന്നു, അത് മന്ദഗതിയിലാകുന്നു, അത് നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു, നിരവധി കാര്യങ്ങള്‍ കാണുന്നു, കേള്‍ക്കുന്നു , വലിയ കല്ലുകളെ വരെ ഇവ കാര്‍ന്നു മാറ്റുന്നു , ഇടുങ്ങിയ പാതകളിലൂടെ എല്ലാം കടന്നുപോകുന്നു.
നദി എല്ലായ്‌പ്പോഴും ഒരു വഴി കണ്ടെത്തുന്നു. ‘ഒരിക്കലും നിര്‍ത്തരുത്’ എന്ന മന്ത്രം അത് നമ്മെ പഠിപ്പിക്കുന്നു.
ജീവിതത്തില്‍ നാം സ്വയം നിരാശരായിത്തീരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കും, അപ്പോള്‍ ഈ നദി പോലെ ആകുക.
ഇത് ഒരിടത്ത് നിശ്ചലമാകില്ല. മനുഷ്യര്‍ നമ്മുടെ ചിന്തകളും പ്രവൃത്തികളും പ്രവര്‍ത്തനങ്ങളും എല്ലായ്‌പ്പോഴും ഒഴുകുന്ന നദി പോലെയാകണം,എല്ലാം അതിന്റെ വഴിയില്‍ വാര്‍ത്തെടുക്കുക ………….. യാതൊരു തര്‍ക്കവും പരാതിയുമില്ലാതെ ഒഴുകാന്‍ പഠിക്കുക . വിജയം ഒരു നദി പോലെയാണ്, ഒരു യാത്ര, ഒരു ലക്ഷ്യസ്ഥാനമല്ല.
അന്യന്റെ വാക്കുകള്‍ കേട്ട് നാം സ്വയം വിലയിരുത്തിയാല്‍ നിശ്ചലമായ വെള്ളത്തെ പോലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും, പ്രവൃത്തികളും, ശരീരവും എല്ലാം മലിനമാക്കുന്നു.
മനുഷ്യ മനസ്സ് നിളയെ പോലെയാണ്, അവള്‍ എല്ലായ്‌പ്പോഴും ഒഴുകട്ടെ’.
അങ്ങകലെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു തീവണ്ടി അടുത്ത സ്റ്റേഷന്‍ ലക്ഷ്യമാക്കി പാഞ്ഞു തുടങ്ങിയിരുന്നു.
ലക്ഷ്മി അച്ഛന്റെ കൈകള്‍ പിടിച്ചുകൊണ്ടു പതുക്കെ നടന്നു തുടങ്ങി, പുതിയ വഴികളിലൂടെ ……
ആ ദിവസങ്ങളിൽ ഇറ്റലി എന്ന മറ്റൊരു ദൈവത്തിന്റെ സ്വന്തം നാട് എന്ന ഈ ചെറു രാജ്യം തകർന്നു തരിപ്പണമായി പോകുന്ന കാഴ്ചകൾ ആയിരുന്നു. കാറ്റിന് പോലും മരണത്തിന്റെ ഗന്ധം ഉള്ള ആ ദിനങ്ങൾ. മരണ സംഖ്യകളിലെ വ്യത്യാസം ഉണ്ടെങ്കിലും ജീവിതം ഇനിയും എങ്ങോട്ട് എന്നറിയാതെ മലയാളികളുൾപ്പെടെ ജനം ഇന്നും കണ്ണീരൊഴുക്കി കഴിയുന്നു. ആ ദിവസങ്ങൾ മനസിലൂടെ കടന്നു പോകുമ്പോൾ ഭീകരം അതിഭീകരം.. മനുഷ്യശവശരീരങ്ങൾ സംസ്കരിക്കാൻ സ്ഥലം ഇല്ല. ആളുകൾ നോട്ടുകെട്ടുകൾ വഴികളിൽ വലിച്ചെറിഞ്ഞ ദിവസങ്ങൾ. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അനുഭവിക്കാത്ത അതിഭീകര അവസ്ഥ ഓർക്കുമ്പോൾ ….!
ഭാഗം 1
2020 ജനുവരിയിൽ ചൈനയിൽ നിന്നും എത്തിയ ദമ്പതികളിൽ ആണ് കൊറോണ എന്ന കോവിഡ് 19 വൈറസ് ആദ്യം ഈ രാജ്യത്തു കണ്ടെത്തിയത്. ഇറ്റലിയിൽ തന്നെ ചികിത്സ തേടിയ അവർ ഒന്നര മാസത്തെ ആശുപത്രി വാസത്തോടെ രോഗ മുക്തി നേടി. ഭീകരമാകാൻ പോകുന്ന രാജ്യത്തിൻറെ ആദ്യപടി
ജനുവരി 31നു പക്ഷെ ഇറ്റലിയിൽ നിന്നും ചൈനയ്ക്കും തിരിച്ചു ഉള്ള വിമാന സർവീസുകൾ നിർത്തി വച്ചിരുന്നു. ഫെബ്രുവരി 21നു മില്ന പ്രവിശ്യയിലെ കോതോഞ്ഞ എന്ന സ്ഥലത്തു ന്യൂമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയിൽ കൊറോണ സ്ഥിരീകരിക്കുകയും തുടർന്നുള്ള പരിശോധനയിൽ ബാക്കി 16 പേരിൽ കൂടി രോഗബാധ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പാദുവക്കടുത്തു 77 വയസുള്ള വ്യക്തിയുടെ മരണം കൊറോണ വൈറസ് മൂലമാണെന്ന് തെളിഞ്ഞു. രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന വൻ വിപത്തിന്റെ സൂചന. രാജ്യം 6 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തുടർന്ന് രോഗലക്ഷണങ്ങൾ കണ്ട മിലാനിയിലെയും പരിസരത്തുമുള്ള 10 മുനിസിപ്പാലിറ്റികൾ പൂർണ്ണമായും ലോക്ക്ഡൗണിലേക്ക് പോയി. ഫെബ്രുവരി 28ന് റെഡ് സോണിൽ പെട്ട സ്ഥലങ്ങളിൽ ടാക്സ് ഉൾപ്പെടെ എല്ലാവിധ ബില്ലുകളും അടയ്ക്കുന്നത് നിർത്തി. മാർച്ച് ഒന്ന് ഇറ്റലിയെ മൂന്ന് സോണുകളായി തിരിച്ചു. മാർച്ച് 4 ഓട് കൂടി മരണസംഖ്യ 100 കടന്നു.
ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ സ്കൂളുകളും കോളജുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. അവശ്യ സർവീസുകൾക്കൊപ്പം സൂപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും സിനിമ തിയറ്ററുകളും പ്രവർത്തിച്ചു. പക്ഷെ പിന്നീട് ദിർഘദൂര അന്തർദേശീയ സർവീസുകൾ ഉൾപ്പെടെ, ട്രെയിൻ വ്യോമ ഗതാഗതം ഉൾപ്പെടെ നിർത്തി ഇറ്റലി സംപൂർണ്ണ ലോക്ക്ഡൌണിലേക്കു പോകാൻ അധികം സമയം വേണ്ടിവന്നില്ല.
അതിവേഗം പെരുകുന്ന രോഗികളും മരിച്ചു വീഴുന്നജനങ്ങളും. ഇറ്റലി അക്ഷരാർത്ഥത്തിൽ പകച്ചു നിൽക്കുന്ന നാളുകൾ. പൗരസ്വാതന്ത്ര്യം മുൻനിർത്തി ആദ്യം തന്നെ മുൻകരുതലുകൾ എടുക്കാതെ ഇരുന്നതും സംപൂർണ്ണ അടച്ചിടലിലേക്കു പോയിട്ട് പകുതി ആളുകൾ ഒന്നും വകവയ്ക്കാതെ അവധി ആഘോഷമാക്കാൻ തെരുവിൽ ഇറങ്ങിയതും രോഗ വ്യാപനത്തിനും മരണ സംഖ്യ ഉയരുന്നതിനു കാരണമായി. അതോടൊപ്പം ഇറ്റാലിയൻ യുവ തലമുറ ചെറുപ്പക്കാരിൽ രോഗം വരില്ല എന്ന മിഥ്യ ധാരണയിൽ ബീച്ചുകളിലും ഉല്ലാസകേന്ദ്രങ്ങളിലും അവധികാലം ആഘോഷമാക്കി. അതോടൊപ്പം സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നു. റെഡ് സോൺ മേഖലയിൽ ഉള്ളവർക്ക് പുറത്തേക്കും പുറത്തുള്ളവർക്ക് അങ്ങോട്ടേക്കും പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തി.
നിയമം ലംഘിച്ചു പുറത്തു കടക്കുന്നവരിൽ നിന്നും സർക്കാർ കനത്ത പിഴ ഈടാക്കി. സത്യവസ്ഥയുമായി പുറത്തിറിങ്ങുന്നവർ ഭക്ഷണവും മരുന്നും വാങ്ങാൻ മാത്രമായി ചുരുക്കി. എന്നിട്ടും മരണസംഖ്യ മാത്രം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ഉള്ള രോഗ വ്യാപന സ്രോതസായി ഇറ്റലി മാറി. തുടർന്ന് ഇറ്റലിയുടെ അതിർത്തികൾ അടക്കപ്പെട്ടു രാജ്യം അക്ഷരത്തിൽ ഒറ്റപ്പെട്ടു. ഇറ്റാലിയൻ സൗന്ദര്യത്തിന്റെ വശ്യതയും റോമൻ സാമ്രജയത്തിന്റെ അവശേഷിപ്പുകൾ ഉള്ള മ്യൂസിയങ്ങളും വിശു: പത്രോസ് ശ്ലീഹായുടെ പേരിലുള്ള വത്തിക്കാൻ സഞ്ചരപഥവും വിജനമാക്കപ്പെട്ടു.
കൊളോസിയത്തിന്റെ പ്രൗഢി മാറ്റം കാണാനെത്തും ചരിത്ര വിനോദ അന്വേഷികളെയും വിനീസിന്റെയും പിസാഗോപുരത്തിന്റെയും സിസിലിയൻ കടൽത്തീരത്തു എത്തുന്നവരെയും ഫ്ളോറെസ് നഗരവും പൗരാണികതയും കാണാനെത്തിന്നവരുടെ അഭാവം, ബിസിനസ് തലസ്ഥാനവും ഫാഷൻ കേന്ദ്രവുമായ മിലൻ വീഥികളും വിജനമാക്കി. ക്രിസ്തു വർഷത്തിന് മുൻപ് നിർമ്മിക്കപ്പെട്ട അഗ്നിപർവ്വതങ്ങളാൽ തകർക്കപ്പെട്ടു പോയ നേപ്പിൾസിൽ പോംപെ നഗരം കാണാനെത്തുന്നവരെ അഭാവത്തിലും ഒഴിവാക്കപ്പെട്ട ഇറ്റാലിയൻ ലീഗുകളുടെയും ഫെറാരി ലംബോർഗിനി ഫിയറ്റ് കാറുകളുടെ ഉല്പാദന കേന്ദ്രങ്ങളും അടക്കപ്പെട്ടു.
പ്രവിശ്യകളും റീജണുകളും ഗ്രാമങ്ങളും മുന്സിപ്പാലിറ്റികളും അടക്കപ്പെട്ടു എന്നിട്ടും കൊറോണ കേസുകളിൽ പിടിച്ചു കേട്ടുന്നതിനോ ഒന്നിന് പുറകെ ഒന്നായി ഉയർന്നു ദിവസം 2000 വും 3000കടന്ന മരണസംഖ്യ പിടിച്ചു നിർത്തുന്നതിനോ സാധിച്ചില്ല. ഒന്നാം രണ്ടാം ലോകമഹായുദ്ധങ്ങളും പ്ലേഗും സ്പാനിഷ് ഫ്ലൂ അടക്കമുള്ള രോഗങ്ങളും ഉണ്ടാക്കിയ പ്രഖ്യാഘാതം രാജ്യം നേരിട്ടതിനേക്കാളും വലിയ ഭീകരതയിലൂടെ രാജ്യം കടന്നു പോയത്. അതിനൊപ്പം പ്രതിപക്ഷത്തിന്റെയും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ലോക രാജ്യങ്ങളുടെ പഴിയും ആദ്യ നാളുകളിൽ കേൾക്കേണ്ടി വന്നത്. പ്രാത്ഥനയുമായി ഫ്രാൻസിസ് മാർപ്പാപ്പ വിജനമായ റോമൻ തെരുവിലൂടെ നടന്നു നീങ്ങുന്ന ചിത്രം ലോകം മുഴുവനുള്ള മാധ്യമങ്ങൾ ശ്രദ്ധ നേടി. ലോക്‌ഡോൺ കാലം രാജ്യത്തിന് ഒരു നിശബ്‌ദ യുദ്ധത്തിന്റെ അവസ്ഥ നൽകി.
ഇതിനിടയിൽ ഇറ്റലിയിലെ കൂട്ടുമന്ത്രിസഭയിലെ പ്രധാനകക്ഷിയും മുൻ റൂളിംഗ് പാർട്ടിയുമായ ഡെമോക്രറ്റിക് പാർട്ടിയുടെ നാഷണൽ സെക്രട്ടിയും ലാസിയോ റിജിന്റെ പ്രസിഡന്റുമായ നിക്കൊളാസ് സിഗരത്തി കോവിഡ് ബാധിതനായി……
എന്തായിരുന്നു ഇവിടെ രോഗവ്യാപനയും മരണവും കൂടാൻ കാരണം അടുത്ത ലക്കത്തിൽ….
തുടരും………
ആലപ്പുഴയിൽ കുട്ടനാട്ടിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് യുവജസംഘടനകളിലൂടെ പൊതുപ്രവർത്തകനായി ഉയർന്നു വന്ന എഡിസൺ വർഗീസ് യുവ പഞ്ചായത്തു പ്രസിഡന്റ് എന്ന നിലയിൽ പുളിങ്കുന്ന് പഞ്ചായത്തിൽ സംശുദ്ധമായ സേവനം അനുഷ്ഠിക്കുകയും. 1997 ലെ ഇന്ത്യൻ സ്വാതന്ത്ര്യം ദിനത്തിൽ അന്നെതേ മുഖ്യമന്ത്രി ആയിരുന്ന നയനാരിൽ നിന്നും രാഷ്ടപതിയുടെ ജീവൻരക്ഷ പുരസ്‌കാരവുംസംസ്ഥാന ബഹുമതിയും ഏറ്റുവാങ്ങിയിട്ടുണ്ട്
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തലേറെ ദുഃഖങ്ങൾ ഏറ്റുവാങ്ങിയ ദിവസങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. ഇതിനിടയിൽ ആരൊക്കൊയോ ചെയ്‌ത പുണ്യപ്രവർത്തിയുടെ ഫലമെന്നോണം ഒരുപിടി സന്തോഷകരമായ വാർത്തകളും യുകെ മലയാളികളെത്തേടിയെത്തി. അത്തരത്തിൽ ഉള്ള പോർട്സ് മൗത് നിവാസികളായ ഒരു മലയാളി നഴ്‌സ് കുടുംബത്തിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ വാർത്തയാണ് നിങ്ങളുമായി പങ്കുവെക്കാനുള്ളത്. തങ്ങളുടെ മൂന്നാമത്തെ കൺമണിയെ കാണാമെന്ന സന്തോഷത്തോട് ജോസ് ലിൻ ആന്റണിയും ഷെഫിയും കാത്തിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കരുതിവെച്ചത് ഓർക്കാൻ ഇഷ്ടപ്പെടാത്ത ചിലതാണ്. ഓർക്കാൻ ശ്രമിച്ചാലും ആ ദിവസങ്ങളെ പറ്റി ജോസ്‌ലിന്റെ മനസ്സിൽ ഒന്നുമില്ല, ഒക്കെയും ഷെഫിയും മറ്റുള്ളവരും പറഞ്ഞു കൊടുത്ത അറിവ് മാത്രമാണ്. പക്ഷേ ഒന്നറിയാം പ്രാർത്ഥനയുടെ ഫലം കൊണ്ട് താനും കുഞ്ഞും സ്നേഹം നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.
വയറ്റിൽ 28 ആഴ്ച പ്രായമായ കുഞ്ഞുണ്ടെങ്കിലും, അതിന്റെ ചെറിയ പ്രയാസങ്ങൾ അവഗണിച്ച് പതിവുപോലെ 2020 മാർച്ച് 13ന് ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ഡ്യൂട്ടിക്ക് പോയിരുന്നു. എന്നാൽ പിറ്റേദിവസം ചെറിയ പനി ഉണ്ടായതിനാൽ ഡ്യൂട്ടിക്ക് പോയില്ല. പനി ഉണ്ടായാൽ സാധാരണ ചെയ്യുന്നതുപോലെ ചെറിയ മരുന്നുകൾ കഴിക്കുകയും വിശ്രമിക്കുകയും ചെയ്തെങ്കിലും കടലിലെ തിരമാലകൾ വന്നു പോകും പോലെ പനി കൂടിയും കുറഞ്ഞും നിന്നു. അതേസമയം പനി മൂലമുള്ള ചൂട് കൂടി തന്നെ നിൽക്കുകയായിരുന്നു. അന്ന് വൈകുന്നേരം ഭർത്താവ് ഷെഫി ആശുപത്രിയിലേക്ക് വിളിച്ചു. ഗർഭിണിയായവർക്ക് ആശുപത്രിയുമായി ബന്ധപ്പെടുവാൻ പ്രത്യേക സംവിധാനം ലഭ്യമാണ്. പാരാമെഡിക്കൽ സംഘം പിറ്റേന്ന് പുലർച്ചെയാണ് ആംബുലൻസുമായി എത്തിയത്.
ആശുപത്രിയിൽ എത്തിയ പാടെ എക്സറേ പോലുള്ള ചെറിയ പരിശോധനകൾ നടത്തി പനിയാണ് പ്രശ്നങ്ങളൊന്നുമില്ല എന്ന് സമാധാനിപ്പിച്ചു പനിക്കുള്ള മരുന്നും നൽകി തിരികെ അയച്ചു. വീട്ടിലെത്തിയിട്ടും ചൂട് കൂടിയും കുറഞ്ഞും നില്ക്കെ ആശുപത്രിയിൽ നിന്നും കോൾ വന്നു, 17 ന് എടുത്ത എക്സ് റേ യിൽ ചെറിയ ഇൻഫെക്ഷൻ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്സ് കഴിക്കണം എന്ന്. ഉടൻതന്നെ മരുന്നു കഴിച്ചു തുടങ്ങിയെങ്കിലും, പിന്നീട് മറ്റ് രോഗലക്ഷണങ്ങളും കണ്ടുതുടങ്ങി. കടുത്ത ചുമ, ശ്വാസതടസ്സം കഫത്തിൽ നേരിയരക്ത സാന്നിധ്യം, കടുത്ത ചൂട്, ഇതൊക്കെ കണ്ട് പരിഭ്രമിച്ച കുടുംബം വീണ്ടും ആംബുലൻസ് വിളിച്ചു എന്നാൽ പിറ്റേന്ന് പുലർച്ചെ ആണ് ആംബുലൻസ് എത്തിയത്. ജോസ്‌ലിൻ ഒരുപാട് വിഷമിച്ചാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കോവിഡ് രോഗികളുടെ നടുവിലേക്കാണ് ഉദരത്തിലെ പിഞ്ചോമനയേയും കൊണ്ട് താൻ പോകുന്നതെന്ന ചിന്ത അവളെ ഭയപ്പെടുത്തി. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാനുള്ള ധൈര്യമില്ലാതെ ജോസ്‌ലിനും ഷെഫിയും ആശുപത്രിയിലേയ്ക്ക് പോയി.
പിന്നീട് ഗുരുതരാവസ്ഥയിലായ ജോസ്‌ലിനെ ഇന്റെൻസീവ് ട്രീറ്റ്മെന്റ് യൂണിറ്റിലേക്ക് മാറ്റി. എക്സ്റേ ഫലം ഭയപ്പെടുത്തുന്നതായിരുന്നു. ഇരു ശ്വാസകോശങ്ങളും മോശമായ അവസ്ഥയിൽ, ഓക്സിജൻ സാച്ചുറേഷനും രക്തസമ്മർദ്ദവും താണു, ഓക്സിജൻ നൽകിയിട്ടും സാച്ചുറേഷൻ ലെവൽ ഉയരാതെ ആയപ്പോൾ ജോസ്‌ലിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റാൻ മെഡിക്കൽ ടീം തീരുമാനിച്ചു. പിന്നീടാണവൾ അബോധാവസ്ഥയിൽ ആകുന്നത്, പിന്നീട് നടന്നതൊന്നും ജോസ്‌ലിന് ഓർമ്മയില്ല. ജോസ്‌ലിനെ കോവിഡ് സസ്പെക്ടഡ് കേസ് ആക്കി. വളരെയേറെ മോശം സാഹചര്യം ആയതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമെങ്കിൽ നടത്തുമെന്ന് പറഞ്ഞു, ഷെഫി വീട്ടിലേക്ക് മടങ്ങാനും കുടുംബം ഉൾപ്പെടെ ഐസൊലേഷനിൽ പ്രവേശിക്കാനും നിർദേശം നൽകി.
ശനിയാഴ്ച ഉച്ചയ്ക്ക് 11 ന് ജോസ്‌ലിൻ ജോസഫിന്റെ സർജറി ആരംഭിച്ചുവെന്ന് വീട്ടിൽ ഫോൺ ചെയ്ത് അറിയിച്ചു. വീട്ടിൽ എല്ലാവരും കണ്ണീരോടെ പ്രാർത്ഥിച്ചു. അവർക്കൊപ്പം രാജ്യത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ കുറേയേറെ മനുഷ്യരും ലോകത്തിന്റെ പല ഭാഗത്തു നിന്നായി അവർക്ക് വേണ്ടി അവരോടൊപ്പം ചേർന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശുപത്രിയിൽ നിന്നും വന്ന് ഫോൺ കോളിലൂടെ ഷെഫി അറിഞ്ഞു. തനിക്കൊരു മോൾ ജനിച്ചിരിക്കുന്നു. 990 ഗ്രാം തൂക്കം 28 ആഴ്ച വളർച്ച. വീഡിയോ കോളിലൂടെ കുഞ്ഞിനെ കാണിച്ചശേഷം ശിശു വിഭാഗത്തിലെ സംരക്ഷണത്തിലേക്ക് കുഞ്ഞിനെ മാറ്റി. ജോസ്‌ലിൻ പൂർണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തിലായി, വീട്ടിൽ എല്ലാവർക്കും കോവിഡ് ഭീതിയും.
മാർച്ച് 22 ഓടെ ഷെഫിക്കും മമ്മിക്കും പനി തുടങ്ങി, അത് കുറഞ്ഞും കൂടിയും നിന്നു, ആർക്കും ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇരുപത്തിമൂന്നാം തീയതി ആശുപത്രിയിൽനിന്ന് വിളിയെത്തി ജോസ്‌ലിന് നല്ല മാറ്റം ഉണ്ടെന്നും വെന്റിലേറ്റർ ഒഴിവാക്കാൻ സാധിച്ചേക്കും എന്നും. ജോസ്‌ലിനെ റെസ്പിറേറ്ററി വിഭാഗത്തിലേക്ക് മാറ്റി. വീട്ടിലുള്ളവർക്ക് പനി കുറഞ്ഞു തുടങ്ങിയിരുന്നു.
കണ്ണുതുറന്ന ജോസ്‌ലിനോട് ഡോക്ടർ മണിക്കൂറുകൾക്ക് ശേഷമാണ് കോവിഡിനെ പറ്റിയും കുഞ്ഞുമകളെ പറ്റിയുമൊക്കെ പറഞ്ഞത്. പിന്നീട് വളരെ വേഗത്തിൽ അവൾ കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് ഗതിവേഗത്തിൽ നടന്നുതുടങ്ങി. പ്രാർത്ഥനയിൽ വിശ്വാസം ഇല്ലാതിരുന്ന ഡോക്ടർ പോലും കുഞ്ഞു മകൾക്ക് അമ്മയെ തിരികെ നൽകണെ എന്ന് പ്രാർത്ഥിച്ചു പോയി. ജോസ്‌ലിനെയും കുഞ്ഞിനെയും അത്ഭുത അമ്മയുംകുഞ്ഞും എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്. ഇടയ്ക്ക് കുഞ്ഞിനെയും വീട്ടുകാരെയും വീഡിയോ കോളിലൂടെ കാണുന്നുണ്ടായിരുന്നു. നഴ്സുമാർ ഇടയ്ക്കിടെ കം ബാക്ക് എന്ന് തന്റെ ചെവിയിൽ മന്ത്രിച്ചിരുന്നതായി ജോസ്‌ലിൻ ഓർക്കുന്നു. അങ്ങനെ രോഗം ഭേദമായി. മാർച്ച് 28 ഓടെ ജോസ്‌ലിനെ തിരിച്ചുകൊണ്ടുവരാൻ മറ്റു വഴികൾ ഇല്ലാതിരുന്ന ഷെഫി ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് കാറുമായി ചെന്ന് ഭാര്യയെ കൂട്ടി.
വീട്ടിലെത്തി കഴിഞ്ഞ് രണ്ടു തവണ നടത്തിയ സ്രവപരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. ഏപ്രിൽ ആറിന് മാത്രമാണ് ജോസ്‌ലിൻ കുഞ്ഞിനെ കണ്ടത്. ഏപ്രിൽ പതിമൂന്നിനാണ് ഷെഫി കുഞ്ഞിനെ കാണുന്നത്. പിന്നീട് അധികൃതർ അനുവദിക്കുന്ന ദിവസങ്ങളിൽ മാത്രം അകലത്തു നിന്നുകൊണ്ട് കുഞ്ഞിനെ കണ്ടു. ജനിച്ച ശേഷം രണ്ടു മാസം ആശുപത്രിയിലായിരുന്ന കുഞ്ഞുമായി മെയ് 21നാണ് ജോസ്‌ലിനും ഷെഫിയും വീട്ടിലെത്തിയത്, അവരെ സ്വീകരിക്കാൻ മമ്മിക്കും ജോവ്‌റിലിനും കെസ്റ്ററിനുമൊപ്പം ലോകത്തിന്റെ പ്രാർത്ഥനയും ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
അറിവിന്റെ ലോകത്തേയ്ക്ക് പുതിയൊരദ്ധ്യായം തുറക്കുക എന്ന ആശയവുമായി യുകെയിലെ വെയ്ക്ഫീല്‍ഡില്‍ താമസിക്കുന്ന അദ്ധ്യാപികയായ അഞ്ചു കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരണം ആരംഭിച്ച കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം ഭാഗം പ്രസിദ്ധീകരിച്ചു. ദൈര്‍ഘ്യം കൂടുതല്‍ ഉള്ളതുകൊണ്ട് രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്‍മുമ്പില്‍ ഉള്ളതും എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചുറ്റുപാടുമുള്ള വിഷയങ്ങളുടെ വിശകലനമാണ് കല്ലുകളും കഥ പറയും എന്ന പംക്തി കൊണ്ടുദ്ദേശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള കല്ലുകളില്‍ അതാത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ കളര്‍ ചിത്രങ്ങളാക്കി വരച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്ന് എപ്പിസോഡിനും നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. വരും നാളുകളില്‍ വിചിത്രങ്ങളായ പല അറിവുകളും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ഈ പംക്തിക്ക് കഴിയുമെന്ന് അഞ്ചു കൃഷ്ണന്‍ പറയുന്നു.
കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം എപ്പിസോഡ് കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.