Specials

യോര്‍ക്ഷയര്‍ ബ്യൂറോ സ്‌പെഷ്യല്‍.
അല്ലിയാമ്പല്‍ കടവിലൊന്നരയ്ക്കു വെള്ളം….
മലയാളികളുടെ മനസ്സില്‍ മായാതെ നില്ക്കുന്ന മനോഹരഗാനം.
അന്ന് നമ്മൊളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലായ് അനുരാഗ കരിക്കിന്‍ വെള്ളം…
ഇതിനപ്പുറമുള്ള ഒരു ഗാനം മലയാളികളുടെ മനസ്സില്‍ ഉണ്ടോ..??
തേനും വയമ്പിലൂടെ, ഓരോ മലയാളിയും സ്വകാര്യ അഹങ്കാരമായി ചുണ്ടില്‍ മൂളുന്ന അല്ലിയാമ്പല്‍ കടവില്‍ എന്നു തുടങ്ങുന്ന ഗാനത്തിലെ ആമ്പല്‍പ്പൂവിന്റെ കഥ പറയുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന അഞ്ചു കൃഷ്ണന്‍. വളരുന്നത് ചെളിയിലെങ്കിലും ആമ്പല്‍പ്പൂവ് ഒരിക്കലും അതിന്റെ പരിശുദ്ധി വിടുന്നില്ല. അതു കൊണ്ടാവണം മലയാളികള്‍ ആമ്പല്‍പ്പൂവിനെ നെഞ്ചിലേറ്റിയത്. വിടര്‍ന്ന് കഴിഞ്ഞാല്‍, കാറ്റിന്റെ ഈണത്തില്‍ ഓളങ്ങളെ തഴുകി മൂന്ന് ദിവസം വെള്ളത്തിന് മുകളില്‍ ആമ്പല്‍പ്പൂവ് നൃത്തം ചെയ്യും…
പിന്നീട് ആമ്പല്‍പ്പൂവിന് എന്ത് സംഭവിക്കും.??
അത് അഞ്ചു തന്നെ പറയട്ടെ.

അഞ്ചു കൃഷ്ണന്‍ അവതരിപ്പിക്കുന്ന തേനും വയമ്പും എന്ന വീഡിയോ കാണുക.

ഷിബു മാത്യൂ.
ആത്മധൈര്യം ഒട്ടും കൈവിടാതെ നൂറാം വയസ്സില്‍ സ്വന്തം ഗാര്‍ഡനില്‍ 100 ലാപ് നടന്ന് മുപ്പത്തിരണ്ട് മില്യന്‍ പൗണ്ട് സമാഹരിച്ച് NHS ന് നല്‍കിയ ക്യാപ്റ്റന്‍ ടോം മൂറിന്റെ ഛായാചിത്രം ക്യാന്‍വാസില്‍ വരച്ച് മലയാളിയായ ഫെര്‍ണാണ്ടെസ് വര്‍ഗ്ഗീസ് NHSന് സമര്‍പ്പിച്ചു. യുകെയിലെ യോര്‍ക്ഷയറിലെ പ്രമുഖ ഹോസ്പിറ്റലായ Airedale NHS ഹോസ്പിറ്റലിന്റെ ഗാലറിയിലാണ് ഫെര്‍ണാണ്ടെസ് വരച്ച ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ ആന്റ് കമ്മ്യൂണിറ്റി ചാരിറ്റിയുടെ ട്വിറ്ററിലുള്ള ഫെര്‍ണാണ്ടെസ് വരച്ച ചിത്രത്തിന് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണിപ്പോള്‍. ഇതേ ഹോസ്പിറ്റലിലെ സ്റ്റെറൈല്‍ സര്‍വ്വീസസിലാണ് ഫെര്‍ണാണ്ടെസ് സേവനമനുഷ്ഠിക്കുന്നത്.

72 വയസ്സ് തികഞ്ഞ NHS ന്റെ ചരിത്രത്തില്‍ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമായിരുന്നു 2020. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 നെ ചെറുത്തു തോല്പിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയ NHS ജോലിക്കാര്‍ക്ക് പിന്‍തുണയുമായി കീത്തിലിക്കാരനായ 100 വയസ്സ് തികഞ്ഞ ക്യാപ്റ്റന്‍ ടോം മൂര്‍ മുന്നോട്ടു വന്നത് NHS ജോലിക്കാര്‍ക്ക് വലിയ പ്രചോദനമേകിയിരുന്നു. ചാള്‍സ് രാജകുമാരന്‍, ബോറിസ് ജോണ്‍സണ്‍ തുടങ്ങിയ രാജ്യത്തിന്റെ പ്രമുഖരും കോവിഡിനെ അതിജീവിച്ചതും NHS സ്റ്റാഫിന്റെ കര്‍മ്മോത്മുഖമായ പരിചരണം കൊണ്ടു മാത്രമാണ്. യുകെയിലെ പ്രവാസി മലയാളികളില്‍ ഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ NHS നോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്യാപ്റ്റന്‍ ടോം മൂര്‍ NHS ന് വളരെ പ്രിയപ്പെട്ടതാണ്. ഫെര്‍ണാണ്ടെസ് വരച്ച ക്യാപ്റ്റന്‍ ടോം മൂറിന്റെ ചിത്രത്തിനെ വലിയ പരിഗണയോടെയാണ് NHS കാണുന്നത് എന്നത് ഇതിന്റെ സൂചനയാണ്.

രണ്ടടി ചതുരത്തിലുള്ള ക്യാന്‍വാസില്‍ അക്രലിക് പെയിന്റിലാണ് ഫെര്‍ണാണ്ടെസ് ക്യാപ്റ്റന്‍ ടോം മൂറിന്റെ ചിത്രം വരച്ചിരിക്കുന്നത്. ഏകദേശം രണ്ടാഴ്ച സമയമെടുത്തു ചിത്രം പൂര്‍ത്തിയാക്കാന്‍. ക്യാപ്റ്റന്‍ ടോം മൂര്‍ തന്റെ നൂറാം വയസ്സിലും NHS ന് നല്‍കിയ പ്രചോദനത്തെ ചെറുതായി കാണുവാന്‍ സാധിക്കില്ല. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമാണ് ഈ ചിത്രം വരയ്ക്കാന്‍ പ്രചോദനമായതെന്ന് ഫെര്‍ണാണ്ടെസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
കേരളത്തില്‍ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പാണ് ഫെര്‍ണ്ണാണ്ടെസിന്റെ ജന്മദേശം. സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. യോര്‍ക്ഷയറിലെ കീത്തിലിയില്‍ കുടുംബസമേതം താമസിക്കുന്ന ഫെര്‍ണാണ്ടെസ് കീത്തിലി മലയാളി അസ്സോസിയേഷനിലെ അംഗമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ കലാമേളകളിലും നിരവധി നമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെര്‍ണാണ്ടെസ് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയുടെ സജ്ജീവ സാന്നിദ്ധ്യമാണ്.

Click here to see the tweet

ഫെര്‍ണാണ്ടെസ് വരച്ച ചില ചിത്രങ്ങള്‍…

അഞ്ചു കൃഷ്ണന്‍
വര്‍ഷം 1997.
കടുത്ത വേനലില്‍ നിള വരണ്ടുണങ്ങി ഒരു നീര്‍ച്ചാല്‍ മാത്രമായിരുക്കുന്നു.
അങ്ങ് അക്കരെ മായന്നൂരിലേക്ക് പണി കഴിഞ്ഞു ആളുകള്‍ അവരുടെ സഞ്ചികളും, ജീവിത പ്രാരാബ്ധങ്ങളും ഒരു പോലെ താങ്ങി പിടിച്ചു
നിളയുടെ മണല്‍ത്തട്ടിലൂടെ നടന്നു തുടങ്ങിയിരുന്നു .

ആഴമുള്ള സ്ഥലത്തു നദി മുറിച്ചു കിടക്കാന്‍ പാടാണ് അതു കൊണ്ട് ചിലര്‍ തോണിയെ കാത്തു നില്‍ക്കുകയാണ് .
അവരെ കാണാന്‍ ഒരു കൗതുകമാണ് , എല്ലാ സഞ്ചികളും ഒരു പ്ലാസ്റ്റിക് ബാഗിലിട്ട് പിടിച്ചിട്ടുണ്ട്. മണലിലൂടെ നടന്നു പോകാന്‍ നാടന്‍ ഹവായ് ചെരുപ്പ് അല്ലെങ്കില്‍ നഗ്‌ന പാദുകം ശരണം .
ഓരോ ആള്‍ക്കാരും അവരുടേതായ വഴികളില്‍, സന്ധ്യയാകുംതോറും തിരക്കിട്ടു നടന്നു തുടങ്ങി .
ഇതെല്ലാം നോക്കി ഇരിക്കവേ ഘടികാരത്തിലെ സൂചി മുനകള്‍ക്ക് വേഗത കൂടിയപോലെ എനിക്ക് തോന്നി.

അഗാധമായ ഒരു ഗര്‍ത്തത്തില്‍ ആത്മാവ് പിടയുകയയായിരുന്നു….
പ്രീഡിഗ്രിക്ക് വിചാരിച്ച കോളേജില്‍ സീറ്റ് കിട്ടിയില്ല . മരണ വീടുകളില്‍ കാണുന്ന ഒരു തരം മൂകതയാണ് എന്റെ വീട്ടിലും പടര്‍ന്നിരുന്നത്…… ആരും മിണ്ടുന്നില്ല ……
കുടുംബത്തില്‍ ഡിസ്റ്റിംക്ഷനില്‍ കുറഞ്ഞു ഒന്നും ആരും
വാങ്ങിച്ചിട്ടില്ല…….. അപ്പോള്‍ പിന്നെ എന്റെ ഫസ്റ്റ് ക്ലാസ്സിന്റെ വില പറയേണ്ടതില്ലല്ലോ .
(ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി അല്ലല്ലോ അന്നൊക്കെ വിഷയങ്ങള്‍ പഠിച്ചിരുന്നത്).

ഇതൊരു വലിയ ഒരു നാണകേടായി പോയി എല്ലാവര്‍ക്കും…..
കുടുംബാംഗങ്ങള്‍ എന്നോട് സംസാരിക്കാതെ ഇരുന്ന് അന്നേക്ക് ഒരു മാസം. ഇങ്ങനെ ഒരു മകളെ വളര്‍ത്തുന്നതിലും ഭേദം രണ്ട് വാഴ നട്ടാല്‍ അതു കുലച്ച് രണ്ട് കായെങ്കിലും കിട്ടുമായിരുന്നു……തലേ വിധിയാണ് ഇങ്ങനത്തെ ഒരു മകള്‍……….അശ്ലീകരണം ജനിക്കുന്നതിലും ഭേദം….തീറ്റി പോറ്റി വളര്‍ത്തിയതിനു നന്ദികേട് കാണിച്ചു …………. അങ്ങനെ പലതും ഉറ്റവരിലും ഉടയവരിലും നിന്നനിന്നും കേള്‍ക്കേണ്ടി വന്ന അത്യധികം വേദനാജനകമായ ദിനങ്ങള്‍. ഇവ കടന്ന് പോകും തോറും മനസ്സിനു പിരിമുറുക്കം കൂടികൊണ്ടേ ഇരുന്നു; വിരാമം ആഗ്രഹിച്ചു പോയ നിമിഷങ്ങള്‍ പലതാണ് …………

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു വൈകുന്നേരം ഭാരതപുഴയുടെ അടുത്തുള്ള പൂഴിക്കുന്നമ്പലത്തിലേക്ക് അച്ഛന്‍ കൊണ്ട് പോകുന്നത് . കൃഷ്ണ സാന്നിധ്യം നിറഞ്ഞുള്ള ഈ സ്ഥലത്താണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ സ്വര്‍ഗ്ഗസ്ഥനായത്.

സാധാരണ ഈ അമ്പലത്തിലേക്ക് എന്ന് പറഞ്ഞാല്‍ വല്ലാത്ത ഒരു സന്തോഷം ആണ്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1978ല്‍ അവിടെ വന്നതും അദ്ദേഹം അവസാനമായി പാടിയ ‘കരുണൈ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണ ‘ എന്ന പാട്ടിനെ കുറിച്ചും അതിന്റെ രാഗത്തിനെ കുറിച്ചും, ഭാഗവതരുടെ കൃതികളെ കുറിച്ചും ഒക്കെ അച്ഛന്‍ വീണ്ടും വീണ്ടും പറഞ്ഞു തരും. ഇതെല്ലാം കേട്ടു കൊണ്ട് വയലുകളിലൂടെ ഉള്ള യാത്ര, മനസ്സിനും ശരീരത്തിനും കുളിര്‍മയാര്‍ന്നതാണ്. എത്ര കേട്ടാലും മതി വരാത്ത കഥകള്‍ ……..പൊടിപ്പും
തൊങ്ങലും വെച്ചു അച്ഛന്‍ പറഞ്ഞു തരുമ്പോള്‍ കേള്‍ക്കാന്‍ വല്ലാത്ത ഒരു ഇമ്പമാണ്.

പക്ഷെ ഇന്ന് ആ സന്തോഷമില്ല, കഥകള്‍ ഇല്ല …… മനസ്സെന്ന അഗ്‌നിപര്‍വ്വതത്തെ ശല്യപ്പെടുത്തുന്ന ഒരു തരം സമ്മര്‍ദ്ദം മാത്രം മിച്ചം …….

ഉണ്ണി കണ്ണനെ കണ്ട പിന്നെ തീര്‍ത്ഥവും പ്രസാദത്തിനുമായി കാത്തു നില്‍ക്കുമ്പോള്‍ കുശാലമാം വണ്ണം അവിടുത്തെ തിരുമേനി പരീക്ഷയുടെ ഫലത്തെ കുറിച്ചും തിരക്കി. ഫസ്റ്റ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍, അയ്യേ ഇത്ര കുറഞ്ഞു പോയോ എന്നായി.
പോരാത്തതിന് വിളക്കിനു എണ്ണ ഒഴിക്കുന്നതിനിടയില്‍ ‘ ചെണ്ടപ്പുറത്തു കോലു വെച്ച എല്ലാ കാലമേളകളിലും പ്രസംഗിച്ചു നടന്ന് അവസാനം പഠിത്തം കോട്ട വിട്ടൂല്ലോ’ എന്ന ഒരു പറച്ചിലും.

നടുവിളക്കില്‍ തീ ആളി കത്തി…….
അയാള്‍ എന്നും ഇങ്ങനേയാണ്‍ പൂജ കാര്യങ്ങളെക്കാട്ടിലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആണ് ശ്രദ്ധ കൂടുതല്‍ . ആരുടെ കിണറ്റിലാണ് കിണ്ടി വീണത് എന്നത് മുതല്‍ക്ക് ആരുടെ വീട്ടിലാണ് കാതു കുത്ത് എന്ന് വരെ ആ ശുംഭക്കൂതിക്ക് അറിയാം.
പൂജാരിയാണ് പോലും ‘ഏഭ്യന്‍ ‘ എന്ന് മനസ്സ് പിറുപിറുത്തു.

പൂജാരിയോടുള്ള അരിശമാം വണ്ണം അമ്പല പടികള്‍ ചവിട്ടിമെതിച്ചു ഞാന്‍ അച്ഛനോടൊപ്പം നടന്നു നീങ്ങി .

വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോള്‍ ആണ് അച്ഛന്‍ പുഴയോരത്തേക്ക് പോകാം എന്ന് പറഞ്ഞത് .
സാധരണ ചെറിയച്ഛന്‍മാര്‍ പാലക്കാട്ടുനിന്ന് വരുമ്പോള്‍ ആണ് പുഴയിലേക്ക് പോവുക .
തിരക്കിട്ട ജീവിതത്തില്‍ കുടുംബാoഗങ്ങളുമായി ചിലവഴിക്കുന്ന ആ സമയങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. കുട്ടിപട്ടാളങ്ങളായ പ്രവീണും, ചിക്കുവും, ദീപുവും, മീനുവും കണ്ണിലുണ്ണിയായ അമ്മൂസും , പിന്നെ അവരില്‍ മൂത്തവള്‍ , ലക്ഷ്മി എന്ന ഈ ഞാനും. ഞങ്ങള്‍ ഒന്നിച്ചു കൂടിയാല്‍ നിളാ നദിയിലെ മണല്‍ തരികളില്‍ ഞങ്ങളുടെ മായാ ലോകത്തിലെ കളിപ്പുരയായി മാറിയിരുന്ന കാലം.
മണലില്‍ വലിയ ഒരു കുഴി ഉണ്ടാക്കി അടിത്തട്ടില്‍ ഒഴുകുന്ന വെള്ളം എടുത്ത് അതു മണലില്‍ കുഴച്ചു ചെറിയ കൊട്ടാരങ്ങള്‍ ഉണ്ടാക്കുക ഇതാണ്
പ്രധാന വിനോദം . അതിനായി വീട്ടില്‍ നിന്നും ചിരട്ടകളും കൊണ്ട് പോകാറുണ്ടായിരുന്നു . ഇതിലെല്ലാം പ്രധാനം മാമാങ്കവും, ഉണ്ണിയാര്‍ച്ചയുടെ കഥകളും ; ഞങ്ങള്‍ ഏറ്റവും അധികം ആസ്വദിച്ചു അവതരിപ്പിച്ചിരുന്ന വിഷയങ്ങള്‍ ………..
(കുട്ടിക്കാലത്തില്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള ഏറ്റവും വിലപ്പെട്ട, അമൂല്യമായ, ഈ ലോകത്തിലെ ഒരു സമ്പത്തിനും വാങ്ങിച്ചു തരുവാന്‍ സാധിക്കാത്ത ഒന്ന് പ്രിയപ്പെട്ടവരും ഒത്തുള്ള ബാല്യകാല സ്മരണകള്‍……
പക്ഷെ ഇന്ന് പതിവിനു വിപരീതമായി ആണ് പുഴയോരത്തേക്ക് പോയത്….
മനസ്സിലെ സങ്കടങ്ങളെ നിളയില്‍ ഒഴുക്കാന്‍; ഒന്ന് കുളിര്‍ക്കാന്‍……..

കുറച്ചു ദൂരം മണലിലൂടെ നടന്നതിന് ശേഷം ആ വരണ്ട നദിക്കരയില്‍ അച്ഛന്റെ അടുക്കില്‍ ‘ഇനി എന്ത് ?’എന്ന് ഭാവി ജീവിതത്തെ
കുറിച്ച് ചിന്തിച്ചു ആസ്തമ സൂര്യനെ
നോക്കി ഇരുന്നു. എത്ര നേരം ഇരുന്നു എന്നറിയില്ല പതുക്കെ ആകാശത്തു ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു .
ഇരുട്ട് പടരും തോറും മനസ്സില്‍ നിന്നും ഉറവിടം കൊണ്ട ചൂടുള്ള നീര്‍ചാലുകള്‍ നിളയുടെ മണല്‍ത്തരികളില്‍ ഒഴുകുവാന്‍ തുടങ്ങി.
അവ ഒഴുകി, ഒഴുകി അച്ഛന്റെ അടുക്കല്‍ എത്തി.

പരീക്ഷയിലെ മാര്‍ക്കുകള്‍ ആണോ ജീവിതത്തില്‍ എല്ലാം ?
ഇവ തീരുമാനിക്കുമോ എന്റെ വ്യക്തിത്വത്തെ?
ഈ സംഘ്യകള്‍ തീരുമാനിക്കുമോ എന്റെ വിജയത്തെയും തോല്‍വിയെയും ?
ഞാന്‍ എന്ന മനുഷ്യനെ ഈ അക്കങ്ങള്‍ നിര്‍വചിക്കുന്നുണ്ടോ?

സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാ പരിഹാരത്തിനുള്ള അവകാശം തുടങ്ങിയ അടിസ്ഥാന മൗലികാവകാശങ്ങള്‍ക്ക് ഓരോ പൗരനും അര്‍ഹതയുണ്ടെന്ന് ഇന്ത്യന്‍ ഭരണഘടന വ്യക്തമായി പ്രസ്താവിക്കുമ്പോള്‍; ഈ രാഷ്ട്രത്തിന്റെ ഭാവി കൂടി ആയ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് കൊണ്ട് പത്താം ക്ലാസ്സില്‍ അവര്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളില്‍ തിരഞ്ഞടുത്തു പഠിക്കുവാന്‍ അവകാശമില്ല?
എല്ലാ വിഷയങ്ങളിലും പരീക്ഷിക്കപെടുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ അവസ്ഥ പറക്കുവാന്‍ പറഞ്ഞ മത്സ്യത്തിന്റെ പോലെ അല്ലേ ?

ഈ ചോദ്യങ്ങളുടെ ഊഷ്മാവില്‍ കര്‍ണ്ണങ്ങള്‍ക്ക് പൊള്ളല്‍ ഈട്ടിട്ടുണ്ടാകണം………
ഇതെല്ലാം കേട്ട് അച്ഛന്‍ എന്തെങ്കിലും ഒക്കെ പറയും എന്ന് പ്രതീക്ഷിച്ചു……….

പകരം ഒരു നീണ്ട നിശബ്ദതയ്ക്കുശേഷം അദ്ദേഹം കാലും മനസ്സും തണുപ്പിക്കാന്‍ എന്ന വണ്ണം പുഴയിലേക്കിറങ്ങി; പിറകെ
ഞാനും.
കൈയില്‍ ഇത്തിരീ വെള്ളം കോരിയെടുത്തു കൊണ്ട് അദ്ദേഹം ചോദിച്ചു

‘നീ നിളയെ ശ്രദ്ധിച്ചിട്ടുണ്ടോ ? താഴേണ്ട ഇടത്തു താണും, വളയണ്ടേ ഇടത്തു വളഞ്ഞും, ഭൂമിയുടെ അടിത്തട്ടിലൂടെയും അവള്‍ ഒഴുകി കൊണ്ടേ ഇരിക്കുന്നു . ‘

നദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് നിരാശയുണ്ടായിരുന്നു, എന്റെ ചോദ്യങ്ങളുമായി എന്തു ബന്ധം?

അദ്ദേഹം വീണ്ടും തുടര്‍ന്നു, ‘മഴക്കാലത്ത് നിള അതിരു കവിഞ്ഞു ഒഴുകിയെത്തുമ്പോള്‍ ആളുകള്‍ അവളെ ശപിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് വരണ്ടു ഉണങ്ങുമ്പോള്‍ ആളുകള്‍ വീണ്ടും പുഴയെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്നു. എന്നാല്‍ തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും നിളയുടെ അനുവാദം ഇല്ലാതെ അവളുടെ ചുടു ചോര ഊറ്റിക്കുടിക്കുന്ന ചൂഷണം ചെയ്യുന്ന നരനാണ് ഇതിനെല്ലാം ഉത്തരവാദി എന്നവന്‍ സ്വാര്‍ത്ഥയോടെ മറക്കുന്നു. അങ്ങനെ ഉള്ള ഈ നരജന്മത്തിന്റെ വാക്കുകള്‍ക്ക് വില നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം.

പരീക്ഷകള്‍, മാര്‍ക്കുകള്‍ സ്ഥാനമാനങ്ങള്‍ ഇതെല്ലാം മനുഷ്യ നിര്‍മ്മിതമായ അളവുകോല്‍ മാത്രമാണ്. നിലനില്‍പ്പിന് പ്രകൃതിയെ പോലും സൂക്ഷിക്കാന്‍ , അതിനോട് ഇണങ്ങി ജീവിക്കാന്‍ അറിയാത്ത മനുഷ്യര്‍ എങ്ങനെയാണ് സ്വന്തം കഴിവുകളെ സംഘ്യകളാല്‍ പൂരിപ്പിച്ചു അളക്കുന്നത് ?
ലക്ഷ്മി, നദിയില്‍ നിന്നും മനുഷ്യന്‍ മനസ്സിലാക്കേണ്ട സത്യങ്ങള്‍ പലതാണ് ….

തടസ്സങ്ങള്‍ കണക്കിലെടുക്കാതെ ഒരു നദി തുടര്‍ച്ചയായി ഒഴുകുന്നു. നദി വളയുന്നു, അത് മന്ദഗതിയിലാകുന്നു, അത് നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു, നിരവധി കാര്യങ്ങള്‍ കാണുന്നു, കേള്‍ക്കുന്നു , വലിയ കല്ലുകളെ വരെ ഇവ കാര്‍ന്നു മാറ്റുന്നു , ഇടുങ്ങിയ പാതകളിലൂടെ എല്ലാം കടന്നുപോകുന്നു.

നദി എല്ലായ്‌പ്പോഴും ഒരു വഴി കണ്ടെത്തുന്നു. ‘ഒരിക്കലും നിര്‍ത്തരുത്’ എന്ന മന്ത്രം അത് നമ്മെ പഠിപ്പിക്കുന്നു.

ജീവിതത്തില്‍ നാം സ്വയം നിരാശരായിത്തീരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കും, അപ്പോള്‍ ഈ നദി പോലെ ആകുക.

ഇത് ഒരിടത്ത് നിശ്ചലമാകില്ല. മനുഷ്യര്‍ നമ്മുടെ ചിന്തകളും പ്രവൃത്തികളും പ്രവര്‍ത്തനങ്ങളും എല്ലായ്‌പ്പോഴും ഒഴുകുന്ന നദി പോലെയാകണം,എല്ലാം അതിന്റെ വഴിയില്‍ വാര്‍ത്തെടുക്കുക ………….. യാതൊരു തര്‍ക്കവും പരാതിയുമില്ലാതെ ഒഴുകാന്‍ പഠിക്കുക . വിജയം ഒരു നദി പോലെയാണ്, ഒരു യാത്ര, ഒരു ലക്ഷ്യസ്ഥാനമല്ല.

അന്യന്റെ വാക്കുകള്‍ കേട്ട് നാം സ്വയം വിലയിരുത്തിയാല്‍ നിശ്ചലമായ വെള്ളത്തെ പോലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും, പ്രവൃത്തികളും, ശരീരവും എല്ലാം മലിനമാക്കുന്നു.
മനുഷ്യ മനസ്സ് നിളയെ പോലെയാണ്, അവള്‍ എല്ലായ്‌പ്പോഴും ഒഴുകട്ടെ’.

അങ്ങകലെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു തീവണ്ടി അടുത്ത സ്റ്റേഷന്‍ ലക്ഷ്യമാക്കി പാഞ്ഞു തുടങ്ങിയിരുന്നു.
ലക്ഷ്മി അച്ഛന്റെ കൈകള്‍ പിടിച്ചുകൊണ്ടു പതുക്കെ നടന്നു തുടങ്ങി, പുതിയ വഴികളിലൂടെ ……

ആ ദിവസങ്ങളിൽ ഇറ്റലി എന്ന മറ്റൊരു ദൈവത്തിന്റെ സ്വന്തം നാട് എന്ന ഈ ചെറു രാജ്യം തകർന്നു തരിപ്പണമായി പോകുന്ന കാഴ്ചകൾ ആയിരുന്നു. കാറ്റിന് പോലും മരണത്തിന്റെ ഗന്ധം ഉള്ള ആ ദിനങ്ങൾ. മരണ സംഖ്യകളിലെ വ്യത്യാസം ഉണ്ടെങ്കിലും ജീവിതം ഇനിയും  എങ്ങോട്ട്  എന്നറിയാതെ മലയാളികളുൾപ്പെടെ ജനം ഇന്നും കണ്ണീരൊഴുക്കി കഴിയുന്നു. ആ ദിവസങ്ങൾ മനസിലൂടെ കടന്നു പോകുമ്പോൾ ഭീകരം അതിഭീകരം.. മനുഷ്യശവശരീരങ്ങൾ സംസ്കരിക്കാൻ സ്ഥലം ഇല്ല. ആളുകൾ നോട്ടുകെട്ടുകൾ വഴികളിൽ വലിച്ചെറിഞ്ഞ ദിവസങ്ങൾ. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അനുഭവിക്കാത്ത അതിഭീകര അവസ്ഥ ഓർക്കുമ്പോൾ ….!

ഭാഗം 1

2020 ജനുവരിയിൽ ചൈനയിൽ നിന്നും എത്തിയ ദമ്പതികളിൽ ആണ് കൊറോണ എന്ന കോവിഡ് 19 വൈറസ് ആദ്യം ഈ രാജ്യത്തു കണ്ടെത്തിയത്. ഇറ്റലിയിൽ തന്നെ ചികിത്സ തേടിയ അവർ ഒന്നര മാസത്തെ ആശുപത്രി വാസത്തോടെ രോഗ മുക്തി നേടി. ഭീകരമാകാൻ പോകുന്ന രാജ്യത്തിൻറെ ആദ്യപടി

ജനുവരി 31നു പക്ഷെ ഇറ്റലിയിൽ നിന്നും ചൈനയ്ക്കും തിരിച്ചു ഉള്ള വിമാന സർവീസുകൾ നിർത്തി വച്ചിരുന്നു. ഫെബ്രുവരി 21നു  മില്ന പ്രവിശ്യയിലെ കോതോഞ്ഞ എന്ന സ്ഥലത്തു ന്യൂമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയിൽ കൊറോണ സ്ഥിരീകരിക്കുകയും തുടർന്നുള്ള പരിശോധനയിൽ ബാക്കി 16 പേരിൽ കൂടി രോഗബാധ കണ്ടെത്തുകയും ചെയ്തു. തുടർന്ന് പാദുവക്കടുത്തു 77 വയസുള്ള വ്യക്തിയുടെ മരണം കൊറോണ വൈറസ് മൂലമാണെന്ന് തെളിഞ്ഞു. രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന വൻ വിപത്തിന്റെ സൂചന. രാജ്യം 6 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തുടർന്ന് രോഗലക്ഷണങ്ങൾ കണ്ട മിലാനിയിലെയും പരിസരത്തുമുള്ള 10 മുനിസിപ്പാലിറ്റികൾ പൂർണ്ണമായും ലോക്ക്ഡൗണിലേക്ക്‌ പോയി. ഫെബ്രുവരി 28ന് റെഡ് സോണിൽ പെട്ട സ്ഥലങ്ങളിൽ ടാക്സ് ഉൾപ്പെടെ എല്ലാവിധ ബില്ലുകളും അടയ്ക്കുന്നത് നിർത്തി. മാർച്ച് ഒന്ന് ഇറ്റലിയെ  മൂന്ന് സോണുകളായി തിരിച്ചു. മാർച്ച് 4 ഓട് കൂടി മരണസംഖ്യ 100 കടന്നു.

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ സ്കൂളുകളും കോളജുകളും ഉൾപ്പെടെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. അവശ്യ  സർവീസുകൾക്കൊപ്പം സൂപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് സെന്ററുകളും സിനിമ തിയറ്ററുകളും പ്രവർത്തിച്ചു. പക്ഷെ പിന്നീട് ദിർഘദൂര അന്തർദേശീയ  സർവീസുകൾ ഉൾപ്പെടെ, ട്രെയിൻ വ്യോമ ഗതാഗതം ഉൾപ്പെടെ നിർത്തി ഇറ്റലി സംപൂർണ്ണ ലോക്ക്ഡൌണിലേക്കു പോകാൻ അധികം സമയം  വേണ്ടിവന്നില്ല.

അതിവേഗം പെരുകുന്ന രോഗികളും മരിച്ചു വീഴുന്നജനങ്ങളും.  ഇറ്റലി അക്ഷരാർത്ഥത്തിൽ പകച്ചു നിൽക്കുന്ന നാളുകൾ. പൗരസ്വാതന്ത്ര്യം മുൻനിർത്തി ആദ്യം തന്നെ മുൻകരുതലുകൾ എടുക്കാതെ ഇരുന്നതും സംപൂർണ്ണ അടച്ചിടലിലേക്കു പോയിട്ട് പകുതി ആളുകൾ ഒന്നും വകവയ്ക്കാതെ അവധി ആഘോഷമാക്കാൻ തെരുവിൽ ഇറങ്ങിയതും രോഗ വ്യാപനത്തിനും മരണ സംഖ്യ ഉയരുന്നതിനു കാരണമായി. അതോടൊപ്പം ഇറ്റാലിയൻ യുവ തലമുറ ചെറുപ്പക്കാരിൽ രോഗം വരില്ല എന്ന മിഥ്യ ധാരണയിൽ ബീച്ചുകളിലും ഉല്ലാസകേന്ദ്രങ്ങളിലും അവധികാലം ആഘോഷമാക്കി. അതോടൊപ്പം സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നു. റെഡ് സോൺ മേഖലയിൽ ഉള്ളവർക്ക് പുറത്തേക്കും പുറത്തുള്ളവർക്ക് അങ്ങോട്ടേക്കും പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തി.

നിയമം ലംഘിച്ചു പുറത്തു കടക്കുന്നവരിൽ നിന്നും സർക്കാർ കനത്ത പിഴ ഈടാക്കി. സത്യവസ്ഥയുമായി പുറത്തിറിങ്ങുന്നവർ ഭക്ഷണവും മരുന്നും വാങ്ങാൻ മാത്രമായി ചുരുക്കി. എന്നിട്ടും മരണസംഖ്യ മാത്രം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ഉള്ള രോഗ വ്യാപന സ്രോതസായി ഇറ്റലി മാറി. തുടർന്ന് ഇറ്റലിയുടെ അതിർത്തികൾ അടക്കപ്പെട്ടു രാജ്യം അക്ഷരത്തിൽ ഒറ്റപ്പെട്ടു. ഇറ്റാലിയൻ സൗന്ദര്യത്തിന്റെ വശ്യതയും റോമൻ സാമ്രജയത്തിന്റെ അവശേഷിപ്പുകൾ ഉള്ള മ്യൂസിയങ്ങളും വിശു: പത്രോസ് ശ്ലീഹായുടെ പേരിലുള്ള വത്തിക്കാൻ സഞ്ചരപഥവും വിജനമാക്കപ്പെട്ടു.

കൊളോസിയത്തിന്റെ പ്രൗഢി മാറ്റം കാണാനെത്തും ചരിത്ര വിനോദ അന്വേഷികളെയും വിനീസിന്റെയും പിസാഗോപുരത്തിന്റെയും സിസിലിയൻ കടൽത്തീരത്തു എത്തുന്നവരെയും ഫ്ളോറെസ് നഗരവും പൗരാണികതയും കാണാനെത്തിന്നവരുടെ അഭാവം, ബിസിനസ് തലസ്ഥാനവും ഫാഷൻ കേന്ദ്രവുമായ മിലൻ വീഥികളും വിജനമാക്കി. ക്രിസ്തു വർഷത്തിന് മുൻപ് നിർമ്മിക്കപ്പെട്ട അഗ്നിപർവ്വതങ്ങളാൽ തകർക്കപ്പെട്ടു പോയ നേപ്പിൾസിൽ പോംപെ നഗരം കാണാനെത്തുന്നവരെ അഭാവത്തിലും ഒഴിവാക്കപ്പെട്ട ഇറ്റാലിയൻ ലീഗുകളുടെയും ഫെറാരി ലംബോർഗിനി ഫിയറ്റ് കാറുകളുടെ ഉല്പാദന കേന്ദ്രങ്ങളും അടക്കപ്പെട്ടു.

പ്രവിശ്യകളും റീജണുകളും ഗ്രാമങ്ങളും മുന്സിപ്പാലിറ്റികളും അടക്കപ്പെട്ടു എന്നിട്ടും കൊറോണ കേസുകളിൽ പിടിച്ചു കേട്ടുന്നതിനോ ഒന്നിന് പുറകെ ഒന്നായി ഉയർന്നു ദിവസം 2000 വും 3000കടന്ന മരണസംഖ്യ പിടിച്ചു നിർത്തുന്നതിനോ സാധിച്ചില്ല. ഒന്നാം രണ്ടാം ലോകമഹായുദ്ധങ്ങളും പ്ലേഗും സ്പാനിഷ് ഫ്ലൂ അടക്കമുള്ള രോഗങ്ങളും ഉണ്ടാക്കിയ പ്രഖ്യാഘാതം രാജ്യം നേരിട്ടതിനേക്കാളും വലിയ ഭീകരതയിലൂടെ രാജ്യം കടന്നു പോയത്. അതിനൊപ്പം പ്രതിപക്ഷത്തിന്റെയും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ലോക രാജ്യങ്ങളുടെ പഴിയും ആദ്യ നാളുകളിൽ കേൾക്കേണ്ടി വന്നത്. പ്രാത്ഥനയുമായി ഫ്രാൻസിസ് മാർപ്പാപ്പ വിജനമായ റോമൻ തെരുവിലൂടെ നടന്നു നീങ്ങുന്ന ചിത്രം ലോകം മുഴുവനുള്ള മാധ്യമങ്ങൾ ശ്രദ്ധ നേടി. ലോക്‌ഡോൺ കാലം രാജ്യത്തിന് ഒരു നിശബ്‌ദ യുദ്ധത്തിന്റെ അവസ്ഥ നൽകി.

ഇതിനിടയിൽ ഇറ്റലിയിലെ കൂട്ടുമന്ത്രിസഭയിലെ പ്രധാനകക്ഷിയും മുൻ റൂളിംഗ് പാർട്ടിയുമായ ഡെമോക്രറ്റിക് പാർട്ടിയുടെ നാഷണൽ സെക്രട്ടിയും ലാസിയോ റിജിന്റെ പ്രസിഡന്റുമായ നിക്കൊളാസ് സിഗരത്തി കോവിഡ് ബാധിതനായി……

എന്തായിരുന്നു ഇവിടെ രോഗവ്യാപനയും മരണവും കൂടാൻ കാരണം അടുത്ത ലക്കത്തിൽ….

തുടരും………

ആലപ്പുഴയിൽ കുട്ടനാട്ടിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് യുവജസംഘടനകളിലൂടെ പൊതുപ്രവർത്തകനായി ഉയർന്നു വന്ന എഡിസൺ വർഗീസ് യുവ പഞ്ചായത്തു പ്രസിഡന്റ് എന്ന നിലയിൽ പുളിങ്കുന്ന് പഞ്ചായത്തിൽ സംശുദ്ധമായ സേവനം അനുഷ്ഠിക്കുകയും. 1997 ലെ ഇന്ത്യൻ സ്വാതന്ത്ര്യം ദിനത്തിൽ അന്നെതേ മുഖ്യമന്ത്രി ആയിരുന്ന നയനാരിൽ നിന്നും രാഷ്ടപതിയുടെ ജീവൻരക്ഷ പുരസ്‌കാരവുംസംസ്ഥാന ബഹുമതിയും ഏറ്റുവാങ്ങിയിട്ടുണ്ട്

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിലെ പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തലേറെ ദുഃഖങ്ങൾ ഏറ്റുവാങ്ങിയ ദിവസങ്ങളിൽ കൂടിയാണ് കടന്നുപോകുന്നത്. ഇതിനിടയിൽ ആരൊക്കൊയോ ചെയ്‌ത പുണ്യപ്രവർത്തിയുടെ ഫലമെന്നോണം ഒരുപിടി സന്തോഷകരമായ വാർത്തകളും യുകെ മലയാളികളെത്തേടിയെത്തി. അത്തരത്തിൽ ഉള്ള പോർട്സ് മൗത് നിവാസികളായ ഒരു മലയാളി നഴ്‌സ് കുടുംബത്തിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ വാർത്തയാണ് നിങ്ങളുമായി പങ്കുവെക്കാനുള്ളത്. തങ്ങളുടെ മൂന്നാമത്തെ കൺമണിയെ കാണാമെന്ന സന്തോഷത്തോട് ജോസ് ലിൻ ആന്റണിയും ഷെഫിയും കാത്തിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കരുതിവെച്ചത് ഓർക്കാൻ ഇഷ്ടപ്പെടാത്ത ചിലതാണ്. ഓർക്കാൻ ശ്രമിച്ചാലും ആ ദിവസങ്ങളെ പറ്റി ജോസ്‌ലിന്റെ മനസ്സിൽ ഒന്നുമില്ല, ഒക്കെയും ഷെഫിയും മറ്റുള്ളവരും പറഞ്ഞു കൊടുത്ത അറിവ് മാത്രമാണ്. പക്ഷേ ഒന്നറിയാം പ്രാർത്ഥനയുടെ ഫലം കൊണ്ട് താനും കുഞ്ഞും സ്നേഹം നിറഞ്ഞ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു.

വയറ്റിൽ 28 ആഴ്ച പ്രായമായ കുഞ്ഞുണ്ടെങ്കിലും, അതിന്റെ ചെറിയ പ്രയാസങ്ങൾ അവഗണിച്ച് പതിവുപോലെ 2020 മാർച്ച് 13ന് ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമിൽ ഡ്യൂട്ടിക്ക് പോയിരുന്നു. എന്നാൽ പിറ്റേദിവസം ചെറിയ പനി ഉണ്ടായതിനാൽ ഡ്യൂട്ടിക്ക് പോയില്ല. പനി ഉണ്ടായാൽ സാധാരണ ചെയ്യുന്നതുപോലെ ചെറിയ മരുന്നുകൾ കഴിക്കുകയും വിശ്രമിക്കുകയും ചെയ്തെങ്കിലും കടലിലെ തിരമാലകൾ വന്നു പോകും പോലെ പനി കൂടിയും കുറഞ്ഞും നിന്നു. അതേസമയം പനി മൂലമുള്ള ചൂട് കൂടി തന്നെ നിൽക്കുകയായിരുന്നു. അന്ന് വൈകുന്നേരം ഭർത്താവ് ഷെഫി ആശുപത്രിയിലേക്ക് വിളിച്ചു. ഗർഭിണിയായവർക്ക് ആശുപത്രിയുമായി ബന്ധപ്പെടുവാൻ പ്രത്യേക സംവിധാനം ലഭ്യമാണ്. പാരാമെഡിക്കൽ സംഘം പിറ്റേന്ന് പുലർച്ചെയാണ് ആംബുലൻസുമായി എത്തിയത്.

ആശുപത്രിയിൽ എത്തിയ പാടെ എക്സറേ പോലുള്ള ചെറിയ പരിശോധനകൾ നടത്തി പനിയാണ് പ്രശ്നങ്ങളൊന്നുമില്ല എന്ന് സമാധാനിപ്പിച്ചു പനിക്കുള്ള മരുന്നും നൽകി തിരികെ അയച്ചു. വീട്ടിലെത്തിയിട്ടും ചൂട് കൂടിയും കുറഞ്ഞും നില്ക്കെ ആശുപത്രിയിൽ നിന്നും കോൾ വന്നു, 17 ന് എടുത്ത എക്സ് റേ യിൽ ചെറിയ ഇൻഫെക്ഷൻ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്സ് കഴിക്കണം എന്ന്. ഉടൻതന്നെ മരുന്നു കഴിച്ചു തുടങ്ങിയെങ്കിലും, പിന്നീട് മറ്റ് രോഗലക്ഷണങ്ങളും കണ്ടുതുടങ്ങി. കടുത്ത ചുമ, ശ്വാസതടസ്സം കഫത്തിൽ നേരിയരക്ത സാന്നിധ്യം, കടുത്ത ചൂട്, ഇതൊക്കെ കണ്ട് പരിഭ്രമിച്ച കുടുംബം വീണ്ടും ആംബുലൻസ് വിളിച്ചു എന്നാൽ പിറ്റേന്ന് പുലർച്ചെ ആണ് ആംബുലൻസ് എത്തിയത്. ജോസ്‌ലിൻ ഒരുപാട് വിഷമിച്ചാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. കോവിഡ് രോഗികളുടെ നടുവിലേക്കാണ് ഉദരത്തിലെ പിഞ്ചോമനയേയും കൊണ്ട് താൻ പോകുന്നതെന്ന ചിന്ത അവളെ ഭയപ്പെടുത്തി. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ ഒന്നു നോക്കുക പോലും ചെയ്യാനുള്ള ധൈര്യമില്ലാതെ ജോസ്‌ലിനും ഷെഫിയും ആശുപത്രിയിലേയ്ക്ക് പോയി.

പിന്നീട് ഗുരുതരാവസ്ഥയിലായ ജോസ്‌ലിനെ ഇന്റെൻസീവ് ട്രീറ്റ്മെന്റ് യൂണിറ്റിലേക്ക് മാറ്റി. എക്സ്റേ ഫലം ഭയപ്പെടുത്തുന്നതായിരുന്നു. ഇരു ശ്വാസകോശങ്ങളും മോശമായ അവസ്ഥയിൽ, ഓക്സിജൻ സാച്ചുറേഷനും രക്തസമ്മർദ്ദവും താണു, ഓക്സിജൻ നൽകിയിട്ടും സാച്ചുറേഷൻ ലെവൽ ഉയരാതെ ആയപ്പോൾ ജോസ്‌ലിനെ വെന്റിലേറ്ററിലേയ്ക്ക് മാറ്റാൻ മെഡിക്കൽ ടീം തീരുമാനിച്ചു. പിന്നീടാണവൾ അബോധാവസ്ഥയിൽ ആകുന്നത്, പിന്നീട് നടന്നതൊന്നും ജോസ്‌ലിന് ഓർമ്മയില്ല. ജോസ്‌ലിനെ കോവിഡ് സസ്പെക്ടഡ് കേസ് ആക്കി. വളരെയേറെ മോശം സാഹചര്യം ആയതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമെങ്കിൽ നടത്തുമെന്ന് പറഞ്ഞു, ഷെഫി വീട്ടിലേക്ക് മടങ്ങാനും കുടുംബം ഉൾപ്പെടെ ഐസൊലേഷനിൽ പ്രവേശിക്കാനും നിർദേശം നൽകി.

ശനിയാഴ്ച ഉച്ചയ്ക്ക് 11 ന് ജോസ്‌ലിൻ ജോസഫിന്റെ സർജറി ആരംഭിച്ചുവെന്ന് വീട്ടിൽ ഫോൺ ചെയ്ത് അറിയിച്ചു. വീട്ടിൽ എല്ലാവരും കണ്ണീരോടെ പ്രാർത്ഥിച്ചു. അവർക്കൊപ്പം രാജ്യത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ലാതെ കുറേയേറെ മനുഷ്യരും ലോകത്തിന്റെ പല ഭാഗത്തു നിന്നായി അവർക്ക് വേണ്ടി അവരോടൊപ്പം ചേർന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആശുപത്രിയിൽ നിന്നും വന്ന് ഫോൺ കോളിലൂടെ ഷെഫി അറിഞ്ഞു. തനിക്കൊരു മോൾ ജനിച്ചിരിക്കുന്നു. 990 ഗ്രാം തൂക്കം 28 ആഴ്ച വളർച്ച. വീഡിയോ കോളിലൂടെ കുഞ്ഞിനെ കാണിച്ചശേഷം ശിശു വിഭാഗത്തിലെ സംരക്ഷണത്തിലേക്ക് കുഞ്ഞിനെ മാറ്റി. ജോസ്‌ലിൻ പൂർണ്ണമായും വെന്റിലേറ്ററിന്റെ സഹായത്തിലായി, വീട്ടിൽ എല്ലാവർക്കും കോവിഡ് ഭീതിയും.

മാർച്ച് 22 ഓടെ ഷെഫിക്കും മമ്മിക്കും പനി തുടങ്ങി, അത് കുറഞ്ഞും കൂടിയും നിന്നു, ആർക്കും ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇരുപത്തിമൂന്നാം തീയതി ആശുപത്രിയിൽനിന്ന് വിളിയെത്തി ജോസ്‌ലിന് നല്ല മാറ്റം ഉണ്ടെന്നും വെന്റിലേറ്റർ ഒഴിവാക്കാൻ സാധിച്ചേക്കും എന്നും. ജോസ്‌ലിനെ റെസ്പിറേറ്ററി വിഭാഗത്തിലേക്ക് മാറ്റി. വീട്ടിലുള്ളവർക്ക് പനി കുറഞ്ഞു തുടങ്ങിയിരുന്നു.

കണ്ണുതുറന്ന ജോസ്‌ലിനോട്‌ ഡോക്ടർ മണിക്കൂറുകൾക്ക് ശേഷമാണ് കോവിഡിനെ പറ്റിയും കുഞ്ഞുമകളെ പറ്റിയുമൊക്കെ പറഞ്ഞത്. പിന്നീട് വളരെ വേഗത്തിൽ അവൾ കോവിഡിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് ഗതിവേഗത്തിൽ നടന്നുതുടങ്ങി. പ്രാർത്ഥനയിൽ വിശ്വാസം ഇല്ലാതിരുന്ന ഡോക്ടർ പോലും കുഞ്ഞു മകൾക്ക് അമ്മയെ തിരികെ നൽകണെ എന്ന് പ്രാർത്ഥിച്ചു പോയി. ജോസ്‌ലിനെയും കുഞ്ഞിനെയും അത്ഭുത അമ്മയുംകുഞ്ഞും എന്നാണ് ഡോക്ടർ വിശേഷിപ്പിച്ചത്. ഇടയ്ക്ക് കുഞ്ഞിനെയും വീട്ടുകാരെയും വീഡിയോ കോളിലൂടെ കാണുന്നുണ്ടായിരുന്നു. നഴ്സുമാർ ഇടയ്ക്കിടെ കം ബാക്ക് എന്ന് തന്റെ ചെവിയിൽ മന്ത്രിച്ചിരുന്നതായി ജോസ്‌ലിൻ ഓർക്കുന്നു. അങ്ങനെ രോഗം ഭേദമായി. മാർച്ച് 28 ഓടെ ജോസ്‌ലിനെ തിരിച്ചുകൊണ്ടുവരാൻ മറ്റു വഴികൾ ഇല്ലാതിരുന്ന ഷെഫി ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്ത് കാറുമായി ചെന്ന് ഭാര്യയെ കൂട്ടി.

വീട്ടിലെത്തി കഴിഞ്ഞ് രണ്ടു തവണ നടത്തിയ സ്രവപരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. ഏപ്രിൽ ആറിന് മാത്രമാണ് ജോസ്‌ലിൻ കുഞ്ഞിനെ കണ്ടത്. ഏപ്രിൽ പതിമൂന്നിനാണ് ഷെഫി കുഞ്ഞിനെ കാണുന്നത്. പിന്നീട് അധികൃതർ അനുവദിക്കുന്ന ദിവസങ്ങളിൽ മാത്രം അകലത്തു നിന്നുകൊണ്ട് കുഞ്ഞിനെ കണ്ടു. ജനിച്ച ശേഷം രണ്ടു മാസം ആശുപത്രിയിലായിരുന്ന കുഞ്ഞുമായി മെയ് 21നാണ് ജോസ്‌ലിനും ഷെഫിയും വീട്ടിലെത്തിയത്, അവരെ സ്വീകരിക്കാൻ മമ്മിക്കും ജോവ്‌റിലിനും കെസ്റ്ററിനുമൊപ്പം ലോകത്തിന്റെ പ്രാർത്ഥനയും ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
അറിവിന്റെ ലോകത്തേയ്ക്ക് പുതിയൊരദ്ധ്യായം തുറക്കുക എന്ന ആശയവുമായി യുകെയിലെ വെയ്ക്ഫീല്‍ഡില്‍ താമസിക്കുന്ന അദ്ധ്യാപികയായ അഞ്ചു കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരണം ആരംഭിച്ച കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം ഭാഗം പ്രസിദ്ധീകരിച്ചു. ദൈര്‍ഘ്യം കൂടുതല്‍ ഉള്ളതുകൊണ്ട് രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്‍മുമ്പില്‍ ഉള്ളതും എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചുറ്റുപാടുമുള്ള വിഷയങ്ങളുടെ വിശകലനമാണ് കല്ലുകളും കഥ പറയും എന്ന പംക്തി കൊണ്ടുദ്ദേശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള കല്ലുകളില്‍ അതാത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ കളര്‍ ചിത്രങ്ങളാക്കി വരച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്ന് എപ്പിസോഡിനും നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. വരും നാളുകളില്‍ വിചിത്രങ്ങളായ പല അറിവുകളും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ഈ പംക്തിക്ക് കഴിയുമെന്ന് അഞ്ചു കൃഷ്ണന്‍ പറയുന്നു.

കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം എപ്പിസോഡ് കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

റ്റിജി തോമസ്

യാത്രയുടെ സമയത്ത് ഡൽഹിയിൽ നല്ല തണുപ്പായിരുന്നു. പക്ഷേ ഉള്ളിൽ രാഷ്ട്രീയ ചൂട് നന്നായിട്ടുണ്ട്. പൗരത്വബില്ലിനോട്‌ അനുബന്ധിച്ചുള്ള സമരങ്ങളും ജെ.ൻ.യു, ജാമിയമില്ല യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ചൂടിന് എരിവ് പകർന്ന സമയം. രണ്ടുദിവസത്തെ ഡൽഹി യാത്രയിൽ കണ്ടുമുട്ടിയവരും സംവേദിച്ചവരും എല്ലാം ഈ ചൂടും തണുപ്പും അടുത്തറിയുന്നവരായിരുന്നു.

എയർപോർട്ടിനു വെളിയിൽ രാത്രി 12 മണിക്ക് ടാക്സിക്കായി കാത്തുനിന്നപ്പോൾ ഡൽഹിയുടെ തണുപ്പ് ശരിക്കും അനുഭവിച്ചറിഞ്ഞു. പ്രതീക്ഷിച്ച ടാക്സി എത്താതിരുന്നത് ഭാഗ്യമായി. സ്കോട്‌ലൻഡ്കാരൻ റോബർട്ടിനെ പരിചയപ്പെടാനായി. പ്രതീക്ഷിച്ചതിനേക്കാൾ പകുതി തുകയിൽ ഷെയർ ടാക്സിയിൽ ഹോട്ടലിലേയ്ക്ക് യാത്ര. റോബർട്ട് ഡൽഹി സന്ദർശിക്കാനെത്തിയത് ഗോവയിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിൽ കുമരകവും, മൂന്നാറും, തേക്കടിയും സന്ദർശിച്ചതിന്റെ ഉത്സാഹം കേരളത്തെ കുറിച്ച് സംസാരിച്ചപ്പോൾ റോബർട്ടിന്റെ വാക്കുകളിലുണ്ടായിരുന്നു.

സുഹൃത്തുക്കൾ അയച്ചു തന്ന ഹോട്ടലിൻെറ പേര് ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഡൽഹിയിലെ പല ചെറിയ ഹോട്ടലുകളും അങ്ങനെയാണ്, ഗൂഗിൾമാപ്പിനു പുറത്തായിരിക്കും. പക്ഷേ പറഞ്ഞുകൊടുത്ത അഡ്രസ്സ് വച്ച് ഗൂഗിളിനേക്കാൾ കറക്റ്റ് ആയി ടാക്സിഡ്രൈവർ കാർത്തിക്ക് എന്നെ ഹോട്ടലിലെത്തിച്ചു.

രാജ്യതലസ്ഥാനത്ത് ആരോട് സംസാരിച്ചാലും അതിനൊപ്പം സമകാലീന സംഭവങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. പ്രത്യേകിച്ച് വിദ്യാർഥികൾ ആകുമ്പോൾ. ഹോട്ടലിൽ വച്ച് പരിചയപ്പെട്ട അനിൽ വർമയും കൂട്ടുകാരും ബിജെപി അനുഭാവികളാണ്. സ്വാഭാവികമായും പൗരത്വ ബില്ലിനെ അനുകൂലിച്ചും ജെഎൻയു സംഭവങ്ങളെ ന്യായീകരിച്ചുമുള്ള വാദമുഖങ്ങൾ അവർ നിരത്തി. വർഷങ്ങൾക്കു മുൻപു വിദ്യാഭ്യാസം പൂർത്തിയാക്കിയ കനയ്യകുമാർ ഇപ്പോഴും ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുകയും ഇടപെടുകയും ചെയ്യുന്നു എന്ന ആരോപണവും അവർ നിരത്തി. ഏതൊരു രാഷ്ട്രീയ അനുഭാവിയെയും പോലെ പ്രശ്നങ്ങളിൽ ഒരു വശം മാത്രം പരിഗണിക്കുന്ന വാദമുഖങ്ങളാണ് തങ്ങളുടേതെന്ന് സമ്മതിക്കാൻ അവർ തയ്യാറുമല്ല. പക്ഷേ ഡൽഹി നിയമസഭ ഇലക്ഷനിൽ കൂടുതൽ വിജയസാധ്യത കേജരിവാളിനാണ് എന്ന് സമ്മതിക്കാൻ അവർ മടി കാട്ടിയില്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തകരുടെ പൊതു സ്വഭാവം ഉണ്ടല്ലോ, എതിർ പാർട്ടിയുടെ നേതാവായ കേജരിവാളിന് അതിന്റെ ക്രെഡിറ്റ്‌ കൊടുക്കുവാൻ അവരുടെ മനസ്സ് അനുവദിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ബിജെപിയുടെ സ്ഥാനാർഥികൾ മോശമായതുകൊണ്ട് ആം ആദ്മി പാർട്ടി ജയിച്ചു കയറും അത്രമാത്രം.

പക്ഷേ ഡൽഹിയിൽ എന്തിന്റയോ പേരിൽ ജനങ്ങൾക്ക് പരസ്പരവിശ്വാസവും സ്നേഹവും നഷ്ടമായിരിക്കുന്നു. ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും വസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ധൃവീകരിക്കപ്പെട്ടിരിക്കുന്നു. പലർക്കും പലതും തുറന്നുപറയാൻ പേടി ഒരു സാഹജഭാവമായി മാറിയിരിക്കുന്നു. അഭിപ്രായങ്ങൾ പരസ്യമായി സ്വന്തം പേരിനൊപ്പം പറയുന്നതിനും ഒരു ഫോട്ടോ ഫ്രെയിമിലേക്ക് വരുന്നതിനും അനിലിനും കൂട്ടുകാർക്കും എന്തോ ഒരു ഭയം വിലക്കിയിരുന്നു. കടുത്ത പാർട്ടി അനുഭാവിയായ തന്റെ സഹോദരന്റെ സാധ്യതകളെ അത് ചിലപ്പോൾ ബാധിച്ചേക്കാം എന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുന്ന അനിലിന്റെ അഭിപ്രായം.

ഡൽഹിയിലെ ഒരു വഴിയോര ഭക്ഷണശാല

ഡൽഹി എപ്പോഴും ശബ്ദമയമാണ്. ഉറക്കെ സംസാരിക്കുന്ന ആൾക്കാർ. അതിലും ഉറക്കെ തുടർച്ചയായി വാഹനങ്ങളുടെ ഹോൺ ശബ്ദം മുഴങ്ങുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരുവുകളിൽ വാഹനപ്രളയം. തെരുവോരത്തെ ഭക്ഷണശാലകളിൽ അതിരാവിലെ തന്നെ ഭക്ഷണം റെഡി. കൊടും തണുപ്പിലും രാവിലെ നടക്കാൻ ഇറങ്ങുന്നവർ. അങ്ങനെ രാവിലെയുള്ള നടത്തത്തിൽ ആണ് പെരുമണ്ണൂർ കാരനായ ബാബുവിനെ പരിചയപ്പെടുന്നത്. ബാബു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു മെട്രോ സ്റ്റേഷനിലേയ്ക്ക്. ബാബു ആറുമാസമേ ആയിട്ടുള്ളൂ ഡൽഹിയിൽ വന്നിട്ട്. സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്നു. ബാബുവിന്റെ അഭിപ്രായത്തിൽ ഡൽഹി തരുന്ന സാധ്യതകൾ വളരെയേറെയാണ്. എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറുമാണ്. രാഷ്ട്രീയ ഭിന്നതകൾക്കും വൈരങ്ങൾക്കും അപ്പുറം രാജ്യത്തെമ്പാടും നിന്നും ആൾക്കാർ ഡൽഹിയിൽ വന്നു കൊണ്ടിരിക്കുന്നു, ജീവിതം പടുത്തുയർത്താൻ.

റിപ്പബ്ലിക്ദിന പരേഡിനായിട്ടുള്ള ഒരുക്കങ്ങൾ

പ്രൊഫസർ ആശിഷ് മണിക്ക് ജോലി സ്ഥലത്തെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പൗരത്വബില്ലും അനുബന്ധ പ്രശ്നങ്ങളും കാരണം പോലീസ് ചില വഴികളിലെ യാത്ര പൂർണമായും തടഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് 30 കിലോമീറ്റർ താണ്ടാൻ മൂന്ന് മണിക്കൂറിലേറെയെടുക്കും. പലരും ട്രാഫിക് ബ്ലോക്ക് കാരണം മെട്രോയിലേക്ക് മാറിയിരിക്കുന്നു. പക്ഷെ തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ സൂചി കുത്താൻ ഇടമില്ല.

പക്ഷേ റിട്ടയർമെന്റിനു ശേഷവും ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് ഒരു തിരിച്ചു പോക്കിനെകുറിച്ച് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും ട്രാഫിക് ബ്ലോക്കുകൾക്കും അപ്പുറം ഡൽഹി മാനസികമായി എല്ലാവരും ആകർഷിച്ചു വശീകരിക്കുന്നു.

തെരുവോരത്തെ ഒരു സ്നേഹകാഴ്ച്ച : ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററുമായി നായ

എന്റെ യാത്രയുടെ സമയത്ത് ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചൂട് ആയി വരുന്നതേയുള്ളൂ.
ഇലക്ഷനോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. റെഡ് ഫോർട്ടിന് അടുത്ത് മോദിയുടെയും കെജ്‌രിവാളിന്റെയും രണ്ട് പോസ്റ്ററുകൾ കണ്ടു. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം കൂടി ഉള്ളതുകൊണ്ടാവാം പോസ്റ്ററുകളുടെ അഭാവം.

ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള രാജകീയ വീഥികളിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനം നടക്കുന്നു. അതിനാൽ തന്നെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളാണ്. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ ദൂരെനിന്നു ഫോട്ടോയും സെൽഫിയും എടുത്ത് തൃപ്തിപ്പെടുന്നു. ഇന്ത്യ ഗേറ്റിനു കുറച്ചുമാറി വഴിയോര ഭക്ഷണശാലയിൽ ചായ കുടിച്ചപ്പോൾ ഉള്ള കാഴ്ച അപൂർവ്വമായിരുന്നു. ആരോ മൃഗസ്നേഹികൾ ഒരു നായയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.ഈ സ്നേഹത്തിന്റെയും കരുതലിന്റെയും സ്പർശം എല്ലാം മനുഷ്യരിലേക്കും നീളട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയി.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച പംക്തിക്ക് ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യായാണ്. പതിനഞ്ച് ദിവസമെടുത്തുണ്ടാക്കുന്ന
കരിനെല്ലിക്ക അച്ചാറാണ് ഗ്രേസിയുടെ സ്‌പെഷ്യല്‍.
നെല്ലിക്ക (ഇന്ത്യന്‍ ഗൂസ്‌ബെറി / ആംല )
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയായ നെല്ലിക്കയില്‍ ജീവകം സി, അയണ്‍, കാല്‍സിയം തുടങ്ങിയ ലവണങ്ങള്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ഹൈപ്പര്‍ അസിഡിറ്റി, മൂത്രാശയ രോഗങ്ങള്‍, പ്രമേഗ നിയന്ത്രണം തുടങ്ങി പല വിധ രോഗാവസ്ഥയ്ക്കും നെല്ലിക്കയെ ഒരു പരമ്പരാഗത പ്രതിവിധിയായി ഉപോയോഗിച്ചു വരുന്നു. കൂടാതെ ആംല പൌഡര്‍ മുടിയുടെയുടെയും ചര്‍മ്മത്തിന്റെയും പരിചരണത്തിനുള്ള ഒരു പ്രധാന ഇനമാണ്.

ഇത്രയധികം ഗുണങ്ങളുള്ള നെല്ലിക്ക കൊണ്ട് ഉണ്ടാക്കിയ നിരവധി അച്ചാറുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരച്ചാറാണ് കരിനെല്ലിക്ക അച്ചാര്‍. പാകം ചെയ്യുമ്പോള്‍ നെല്ലിക്കയുടെ ഒരു ഗുണം ഒട്ടും നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ അച്ചാറിന്റെ പ്രത്യേകത. അതോടൊപ്പം മണ്‍കലത്തിലാണ് ഇത് പാകം ചെയ്യുന്നത് എന്നത് മറ്റുള്ള അച്ചാറുകളില്‍ നിന്നും കരിനെല്ലിക്ക അച്ചാറിനെ വ്യത്യസ്തമാക്കുന്നു. രണ്ട് സ്റ്റേജുകളിലായിട്ടാണ് ഇതുണ്ടാക്കുന്നത്.

സ്‌റ്റേജ് 1 (ആവശ്യ സാധനങ്ങള്‍ )
ഒരു മണ്‍കലം
നെല്ലിക്ക. 1 കിലോ
കല്ലുപ്പ് ആവശ്യത്തിന്
കറിവേപ്പില 8 ഇതള്‍
വെള്ളം ഒന്നര കപ്പ്
വാഴയില. മണ്‍കലം മൂടി കെട്ടാന്‍ ആവശ്യമായത്
സ്റ്റേജ് 1 ഉണ്ടാക്കുന്ന വിധം
മണ്‍കലത്തില്‍ കുറച്ച് കറിവേപ്പില ഇതളുകളോടു കൂടി നിരത്തി അതിനു മുകളില്‍ കുറച്ച് നെല്ലിക്ക ഇടുക. വീണ്ടും കറിവേപ്പില നിരത്തുക, ശേഷം വീണ്ടും നെല്ലിക്ക ഇടുക. ഇങ്ങനെ മൂന്ന് അടുക്കുകളായി ചെയ്തതിനു ശേഷം കലത്തിനുള്ളില്‍ വെള്ളം ഒഴിക്കുക. അതിനു ശേഷം വാഴയില വാട്ടി കലം മൂടി കെട്ടുക. മുകളില്‍ ഭാരമുള്ള ഒരു അടപ്പ് വെച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക (ആവി പുറത്ത് പോകാതിരിക്കാനാണ് ഭാരമുള്ള അടപ്പ് വെയ്ക്കുന്നത് ) നന്നായി തിളച്ചു കഴിയുമ്പോള്‍ തീ അണയ്ക്കുക. പതിനഞ്ച് ദിവസം ഇതുപോലെ തിളപ്പിക്കണം. ഓരോ ദിവസവും തിളപ്പിക്കുന്നതിന് മുമ്പ് മണ്‍കലം എടുത്ത് നന്നായി കുലുക്കണം. പതിനഞ്ചാമത്തെ ദിവസം മാത്രമേ കലത്തിനുള്ളിലെ വെള്ളം തീരാന്‍ പാടുള്ളൂ. പതിനഞ്ചാമത്തെ ദിവസം മൂടി തുറക്കുക. നെല്ലിക്ക കറുത്ത നിറത്തിലായിട്ടുണ്ടാകും. അതിനു ശേഷം ഈ മിശ്രിതം പുറത്തെടുത്ത് നെല്ലിക്കയുടെ കുരുകളെഞ്ഞെടുക്കുക. അതോടൊപ്പം കറിവേപ്പിലയുടെ തണ്ടും എടുത്തു മാറ്റുക.

സ്റ്റേജ് 2 ( ആവശ്യമായ സാധനങ്ങള്‍)
കടുക് 10 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) അമ്പത് ഗ്രാം വീതം
കടുക് , ഉലുവ (വറുത്ത് പൊടിച്ചത്) പതിനഞ്ച് ഗ്രാം വീതം
നല്ലെണ്ണ. 150 ml
ചുവന്ന മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 റ്റീ സ്പൂണ്‍

സ്റ്റേജ് 2 പാകം ചെയ്യുന്ന വിധം.
സാമാന്യം വലുപ്പമുള്ള ചുവട് കട്ടിയുള്ള ഉരുളി അടുപ്പത്ത് വെച്ച് ചൂടാക്കി അതില്‍ നല്ലെണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഇട്ട് നന്നായി വഴറ്റുക. അതിനു ശേഷം മുളക് പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് പച്ചപ്പ് മാറുന്നതു വരെ ഇളക്കുക. തുടര്‍ന്ന് ജലാംശം പൂര്‍ണ്ണമായും പോയ നെല്ലിക്കയുടെ മിശ്രിതം ഇട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക (തീ വളരെ കുറയ്ക്കുകയും അതോടൊപ്പം അടച്ച് വെയ്ക്കുകയും അരുത് ) മിശ്രിതം ഉരുളിയുടെ അടിയില്‍ പിടിക്കുന്ന ഒരു സ്റ്റേജാകുമ്പോള്‍ പൊടിച്ചു വെച്ചിരിക്കുന്ന കടുക് ഉലുവാ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം തീ അണയ്ക്കുക. തുറന്ന് വെച്ചു തന്നെ തണുപ്പിക്കുക. നന്നായി തണുത്തു കഴിഞ്ഞാല്‍ ഉണങ്ങിയ ഭരണിയിലേയ്ക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ജലാംശം ഒട്ടും ഇല്ലാത്തതുകൊണ്ട് ഒരു വര്‍ഷത്തോളം കരിനെല്ലിക്ക അച്ചാര്‍ കേട് കൂടാതിരിക്കും. നാടന്‍ ഊണിനോടൊപ്പം കരിനെല്ലിക്ക അച്ചാറും കൂടിയാകുമ്പോള്‍ ഊണ് അതിഗംഭീരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]

അഞ്ചു കൃഷ്ണന്‍
കുട്ടിക്കാലത്ത് ഏപ്രില്‍, മെയ് മാസങ്ങള്‍ എന്നാല്‍ വീടിന്റെ മുന്‍വശത്തെ മാവാണ് ഓര്‍മയില്‍ വരിക. അന്നും ഇന്നും മാമ്പഴത്തിനു നല്ല വിലയാണ്. അടുത്തുള്ള ശോഭ റെഡിമേഡ്‌സ് ഉമ്മര്‍ക്ക, ശംബു അങ്കിള്‍, എഴുത്തച്ഛന്റെ വീട്ടില്‍, അല്ലെങ്കില്‍ സേതു ആന്റിയുടെ വീട്ടിലെ മാവുകള്‍ പൂത്താല്‍ പിന്നെ സംഗതി കുശാലാണ്‍

1991 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൊതി മൂത്ത് അച്ഛന്റെ കൂടെ ഞാന്‍ വീടിനു മുന്‍വശത്ത് ഒരു കുഞ്ഞു മാവിന്‍ തൈ നടുന്നത് . നട്ടതാകട്ടെ ഉമ്മറപ്പടിയുടെ തൊട്ടടുത്ത്. എന്റെ വാശിപ്രകാരമാണ് അച്ഛന്‍ അവിടെ നട്ടത് . എന്റെ കണ്‍വെട്ടത്ത് ഉണ്ടെങ്കില്‍ വേഗം ഈ മരം പൂത്തു മാമ്പഴം തിന്നാം എന്ന ഒരു പത്തു വയസ്സുകാരിയുടെ ആഗ്രഹത്തിന് അച്ഛന്‍ ശരി മൂളിയെങ്കിലും അമ്മക്ക് അതങ്ങട് പിടിച്ചില്ല .
(അച്ഛന്റെ മനസ്സില്‍ ഈ കുഞ്ഞു മകളോടുള്ള അതിതായ സ്‌നേഹത്തിനുദാഹരണം. അത് എനിക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോയ അനവധി സന്ദര്‍ഭങ്ങളിലൊന്ന്)

ഈ മാവിനെ ചൊല്ലി ഞാനും അമ്മയും തമ്മില്‍ ഒത്തിരി കൊമ്പുകള്‍ കോര്‍ത്തിട്ടുണ്ട് .
ഉമ്മറത്ത് വെയില്‍ കിട്ടില്ല, ഇലകള്‍ വീണു മഴവെള്ളം കെട്ടി നില്‍ക്കും, വേരുകള്‍ വീടിന്റെ അടിത്തറയിലേക്ക് ഇറങ്ങും, മാവിന്‍ കൊമ്പ്
വൈദ്യുതി കമ്പിയില്‍ തട്ടും അങ്ങനെ ഇങ്ങനെ പരാതികളും പരിഭവങ്ങളും മാത്രം.
ആ പാവത്തിനെ വെട്ടാന്‍ വേണ്ടി പലപ്പോഴും അമ്മ ശ്രമം നടത്തിയിട്ടുമുണ്ട്.
പക്ഷേ, അച്ഛന്‍ കൂടെ നിന്നതു കൊണ്ട് രക്ഷപെട്ടു.

പിന്നെ എല്ലാ വര്‍ഷവും മാമ്പഴം കാത്തുള്ള ഇരിപ്പാണ് . നന്നായി വളര്‍ന്നു പന്തലിച്ചു വെയിലത്തും , മഴയത്തും , കാറ്റത്തും മാവ് ഉറച്ചു നിന്നെങ്കിലും മാമ്പഴത്തിനായുള്ള കാത്തിരിപ്പു അങ്ങ് നീണ്ടു കൊണ്ടേയിരുന്നു.

അഞ്ചു കൃഷ്ണന്‍

വര്‍ഷം 2002 മരത്തിലെ ഇലകള്‍ ബാല്‍ക്കണിയില്‍ വീണ് മഴവെള്ളം കെട്ടി വര്‍ഷകാലത്തു വീടിനകത്ത് ചുമരില്‍ ഈര്‍പ്പം വന്നു . അപ്പോള്‍ പിന്നെ അമ്മക്ക് ന്യായീകരിക്കാന്‍ ഒരു കാരണമായി . ഒരു മാമ്പഴം പോലും തരാത്ത ഈ മാവിനെ നഷ്ടപ്പെടും എന്ന് ഏതാണ്ട് ഉറപ്പായി . വേനല്‍ അവധിക്ക് ശേഷം എന്താണന്നു വെച്ചാല്‍ ചെയ്‌തോളാന്‍ അച്ഛന്‍ അമ്മയോട് പറഞ്ഞു . അച്ഛന്‍ എന്നത്തെയും പോലെ തന്നെ എന്റെ കൂടെ കട്ടക്ക് നിന്നു .

അന്ന് വൈകുന്നേരം ഞാന്‍ എന്റെ സങ്കടം അച്ഛനുമായി പങ്കിട്ടു. ‘വൃക്ഷത്തിന് വെള്ളവും വളവും നല്‍കിയിട്ടും എന്തുകൊണ്ടാണ് ഈ മാവ് പൂക്കാത്തത് ?

അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. നമുക്ക് ചുറ്റുമുള്ള വൃക്ഷങ്ങളെല്ലാം ചെറിയ ദേവന്മാരാണ്. മാമ്പഴം തന്നില്ല
എന്നത് അവിടെ നില്‍ക്കട്ടെ! വൃക്ഷത്തിന്റെ നിരുപാധികമായ സ്‌നേഹ പരിപാലനത്തിനും അത് നമ്മള്‍ക്കു നല്‍കുന്ന ഊഷ്മളതയ്ക്കും എന്നെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോ ?

ഈ ചോദ്യം എന്നെ വല്ലാതെ അലട്ടി.
അന്ന് സന്ധ്യക്ക് ആ മാവിന്‍ ചുവട്ടില്‍ പോയി ആ പാവത്തിനോട് എന്റെ സ്വാര്‍ത്ഥതക്കും അത്യാഗ്രഹത്തിനും മാപ്പപേക്ഷിച്ചു.
എന്റെ ശിരസ്സ് ലജ്ജിച്ചു നിന്നു.

എങ്ങനെ മാതാപിതാക്കള്‍ നിരുപാധികമായി, നിസ്വാര്‍ത്ഥമായി കുട്ടികള്‍ക്ക് എല്ലാം നല്‍കുന്നുവോ അതു പോലെ, മരങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യര്‍ക്ക് എല്ലാം നല്‍കുന്നു. ഈ ആത്യന്തിക സത്യം അന്നാണ് മനസ്സിന് മനസ്സിലാകുന്നത് . .

പക്ഷേ വളരെ വൈകിയിരുന്നു …….

അടുത്ത രണ്ട് വര്‍ഷത്തേക്ക് ഞാനും അച്ഛനും ……………..ഞങ്ങള്‍ രണ്ട് ധ്രുവങ്ങള്‍ അകലെയായി…………….

അച്ഛന് ക്യാന്‍സര്‍ രോഗം കണ്ടെത്തി.
ഞാന്‍ എന്റെ സ്വന്തം പിശാചുക്കളോട് യുദ്ധം ചെയ്യുകയായിരുന്നു….

ഈ ദുരന്തങ്ങളുടെ ഇടയില്‍ മാവിനെ എല്ലാവരും മറന്നു …….

Dec 2004
കാന്‍സര്‍ ശസ്ത്രക്രിയയില്‍ നിന്ന് അച്ഛന്‍ സുഖം പ്രാപിച്ചു.
ഞാന്‍ വിവാഹിയായി മറ്റൊരു ദേശത്തിലേക്ക് ചേക്കേറി.

2005 അച്ഛന്റെ പേരകുട്ടി ജനിച്ചു. ഞങ്ങളുടെ മകന്‍ ആദി………
ക്രമേണ ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി.
2006 അച്ഛന് രണ്ടാം ഘട്ട ക്യാന്‍സര്‍
ഉണ്ടെന്ന് കണ്ടെത്തി. ഒന്നര വയസ്സായ ആദിയെ അച്ഛന്‍ ഫെബ്രുവരിയില്‍ ആദ്യമായും അവസാനമായും കണ്ടു.

2007 ഒരു സുപ്രഭാതത്തില്‍ അമ്മയുടെ ഫോണ്‍ വിളി വന്നു.
മാവ് പൂത്തിരിക്കുന്നു.
അച്ഛന്‍ മരിച്ചു അന്നതേക്ക് ഒരു വര്‍ഷം……
2009 ആ മാവ് അവസാനമായി പൂത്തു. വേരുകള്‍ വീടിന്റെ അടിത്തറയില്‍ ഇറങ്ങും എന്നതിനാല്‍ അത് വെട്ടി മാറ്റേണ്ടി വന്നു . പക്ഷെ അതില്‍ നിന്നും കിട്ടിയ മരത്തടിയില്‍ തീര്‍ത്ത കട്ടില്‍ ഞങ്ങള്‍ക്കു സാന്ത്വനമേകുന്നു.

ഇന്നും, ആ കഴിക്കാത്ത ആ മാങ്ങകളുടെ കാര്യം ഓര്‍ത്തു ആ പത്തു വയസ്സുകാരി ഓടി എത്തുമ്പോള്‍ സാരമില്ല എന്നു പറഞ്ഞു ഞാന്‍ അവള്‍ക്കു സ്‌ട്രോബെറികള്‍ നല്‍കാറുണ്ട്.

കുഞ്ഞി കൈകളില്‍ അവളതുവാങ്ങി ആ കട്ടിലില്‍ കയറി ചമ്രം മടഞ്ഞിരിന്നു എന്നെ നോക്കി സന്തോഷത്തോടെ കൊഞ്ഞനം കുത്താറുണ്ട്.
ഇനി പറയട്ടെ!
അവളും ഞാനും ഞാന്‍ തന്നെയാണ്.

ശുഭം

എബിസണ്‍ ജോസ്

റോയ് കാഞ്ഞിരത്താനം

ഷിബു മാത്യൂ.
കൊറോണാ കാലത്ത് ലോകം ഒരുമിക്കുക എന്ന ആശയവുമായി സ്‌കോട്‌ലാന്‍ഡിലെ എബിസണ്‍ ജോസ് ഔവുസേപ്പച്ചന്‍ മാസ്റ്ററൊട് പങ്കുവെച്ച സ്വന്തം അനുഭവം സംഗീതമായി. ഉദ്ദേശ ശുദ്ധിയിലെ സത്യസന്ധത മനസ്സിലാക്കിയ ഔവുസേപ്പച്ചന്‍ മാസ്റ്ററുടെ ഹൃദയത്തില്‍ നിന്നൊഴുകിയ സംഗീതം സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. പത്മശ്രീ ജയറാം ആമുഖം പറഞ്ഞ് ഫിലിം സ്റ്റാര്‍ ടൊവീനൊ യുടെ ഫേസ് ബുക്ക് പേജിലൂടെ ലോകം കേട്ട ഈ ഗാനം പാടിയിരിക്കുന്നത് ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള ഗായകര്‍. പാടി തുടങ്ങിയത് ഇന്ത്യയില്‍ നിന്നു തന്നെ. ആദ്യ വരികള്‍ ഔവുസേപ്പച്ചന്‍ മാസ്റ്ററുടെ ചുണ്ടുകളില്‍നിന്ന്…. ലോകസംഗീതം മലയാളത്തിന്റെ മാസ്റ്ററോടൊപ്പം ചുണ്ട് ചലിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് നന്ദി പറഞ്ഞ് മറ്റ് പത്തൊമ്പതു പേരും പത്തൊമ്പത് രാജ്യങ്ങളിലിരുന്നു പാടി. ഗുരുവിനോടൊപ്പം പാടാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പത്തൊമ്പതു പേരും.

ദാസേട്ടന്‍, എം ജി ശ്രീകുമാര്‍, വേണുഗോപാല്‍, ചിത്ര, ജാനകിയമ്മ മിന്മിനി തുടങ്ങി പുതിയ നിരയിലെ വളര്‍ന്നു വരുന്ന ഗായകര്‍ക്കുമായി നാനൂറോളം ഗാനങ്ങള്‍ എഴുതിയ റോയി കാഞ്ഞിരത്താനമാണ് ഈ ഗാനമെഴുതിയത്. ഞാനെഴുതിയ വരികള്‍ ഔവുസേപ്പച്ചന്‍ മാസ്റ്റര്‍ വായിച്ചതു തന്നെ എന്റെ ഭാഗ്യമായി കരുതുന്നു എന്ന് റോയി പറഞ്ഞു. റോയി കാഞ്ഞിരത്താനമെഴുതിയ വരികള്‍ തിരുത്തലുകള്‍ ഇല്ലാതെ മാസ്റ്റര്‍ വയലിനില്‍ വായിച്ചു. മാസ്റ്റര്‍ ഒരു സംഗീതമാണ്. ഇതാണ് സംഗീതം. ഗാന രചയിതാവിന്റെ വാക്കുകള്‍.

സിനിമയ്ക്കപ്പുറം ഔസേപ്പച്ചന്‍ മാസ്റ്റര്‍ ഒരു ഗാനവും ഇതുവരെയും ചെയ്തിട്ടില്ല.
അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കാത്ത ഒരു മലയാളിയുമില്ല. കാതോടു കാതോരം..
പാതിരാമഴയേതോ..
ഇതൊക്കെ മലയാളി മനസ്സിന് സൗഹൃതത്തിന്റെ മുറിവ് കൊടുത്ത അദ്ദേഹത്തിന്റെ സംഗീതമാണ്.

മലയാള സംഗീതത്തില്‍, മലയാളിയുടെ മനസ്സിന് പ്രിയ ഔവുസേപ്പച്ചന്‍ നല്‍കിയത് വലിയ സന്ദേശമാണ്.
നന്ദി പറഞ്ഞ് എബിസണ്‍ ജോസ്.
ആദ്യവരി പാടിയ ഔസേപ്പച്ചന്‍ മാസ്റ്ററോടൊപ്പം അയര്‍ലണ്ടിലെ സാബു ജോസഫ്, ഇംഗ്ലണ്ടില്‍ നിന്ന് ഡോ. വാണി ജയറാം, സ്‌കോട്‌ലന്‍ഡിലെ ഡോ. സവിത മേനോന്‍, പിന്നെ സ്വിറ്റസര്‍ലണ്ടിലെ തോമസ് മുക്കോംതറയില്‍, ബഹ്‌റൈനിലെ ജെസിലി കലാം, സൗദി അറേബ്യയിലേ ഷാജി ജോര്‍ജ്, ഓസ്‌ട്രേലിയയിലെ ജെയ്‌മോന്‍ മാത്യു, സിംഗപ്പൂരിലെ പീറ്റര്‍ സേവ്യര്‍, വെയില്‍സിലെ മനോജ് ജോസ്, ഇറ്റലിയില്‍നിന്ന് പ്രീജ സിബി, കാനഡയിലെ ജ്യോത്സ്‌ന മേരി ജോസ്, ഓസ്ട്രിയയിലെ സിറിയക് ചെറുകാട്, ഇസ്രയേലിലെ മഞ്ജു ജോസ്, കുവൈറ്റിലെ അനൈസ് ആനന്ദ്, ജര്‍മനിയിലെ ചിഞ്ചു പോള്‍, യുഎഇയില്‍ നിന്ന് രേഖ ജെന്നി, ഹോളണ്ടിലെ ജിബി മാത്യു, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സിനി പി മാത്യു ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇരുപത് രാജ്യത്തിരുന്ന് പാടിയത് വെറുമൊരു സംഗീതം മാത്രമായിരുന്നില്ല. ഔവുസേപ്പച്ചന്റെ സാന്ത്വന സംഗീതം…

 

RECENT POSTS
Copyright © . All rights reserved