Spiritual

തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങി ഡിസംബർമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് നടക്കും . ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ പ്രശസ്‌ത വചന പ്രഘോഷകൻ ഡോ ജോൺ ഡി , ബർമിങ്ഹാം അതിരൂപതയിൽനിന്നും മോൺസിഞ്ഞോർ തിമോത്തി മെനെസിസ് എന്നിവർ പങ്കെടുക്കും. 2023 ജനുവരി 14 ന് നടക്കുന്ന പുതുവർഷത്തിലെ ആദ്യ കൺവെൻഷൻ ആത്മീയ ആവേശമായിക്കൊണ്ട് ലോകപ്രശസ്ത സുവിശേഷകൻ റവ.ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കും.

ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

 

ബിനോയ് എം. ജെ.

സുമേഷ് എന്ന ചെറുപ്പക്കാരന് സാമാന്യം ഭേദപ്പെട്ട ഒരു ജോലിയും ഒരു കുടുംബവും വാർദ്ധക്യത്തിൽ എത്തിയ മാതാപിതാക്കളും ഉണ്ട്. പിതാവിന് ആസ്മയ്ക്കുള്ള മരുന്ന് വാങ്ങുവാൻ അമ്മ പലതവണ ആവശ്യപ്പെട്ടിട്ടും സുമേഷിന് തിരക്കുമൂലം സാധിക്കാതെ പോകുന്നു. ഈ ചെറുപ്പക്കാരൻ തെറ്റുകാരനാണെന്ന് നാം പ്രഥമ ദൃഷ്ടിയിൽ വിധിയെഴുതിയേക്കാം. സുമേഷ് ആരോഗ്യവാനായിരിക്കാം.എന്നാൽ ആ ആരോഗ്യം തന്നെ അയാളുടെ പ്രശ്നം. എടുക്കാവുന്നതിലധികം ഭാരം അയാൾ തലയിലെടുത്തു വച്ചുകഴിഞ്ഞു. ജോലി, കുട്ടികളുടെ വിദ്യാഭ്യാസം,സാമ്പത്തിക പ്രശ്നങ്ങൾ, ഭാര്യ, മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ, സാമൂഹികമായ ഉത്തരവാദിത്വങ്ങൾ, ബന്ധുമിത്രാദികൾ ഇങ്ങനെ പോകുന്നു അയാളുടെ പ്രശ്നങ്ങൾ. ആരോഗ്യം കൂടുന്നതിനൊപ്പിച്ച് നാം കൂടുതൽ കൂടുതൽ പ്രാരാബ്ധങ്ങൾ എടുത്തു തലയിൽ വക്കുകയും ചെയ്യുന്നു. യൗവനം നല്ല കാലമാണെന്ന് എല്ലാവരും പറയുന്നുണ്ട്. വാസ്തവത്തിൽ യൗവനം പ്രാരാബ്ധങ്ങളുടെയും വിരസതയുടെയും കൂടെ കാലമാണ്.

സുമേഷിന്റെ മാതാപിതാക്കൾ വാർദ്ധക്യത്തിൽ എത്തിയവരും അതിനാൽതന്നെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമായിരിക്കാം. എന്നാൽ അതുതന്നെയാണ് അവരുടെ ഏറ്റവും വലിയ അനുഗ്രഹവും. തങ്ങളുടെ പരിമിതികൾ മനസ്സിലാക്കി അവർ വലിയ ഉത്തരവാദിത്വങ്ങളോ ഭാരങ്ങളോ തലയിൽ വലിച്ചു കയറ്റിയിട്ടില്ലെന്ന് മാത്രമല്ല ഉള്ളവയെ ഇറക്കി വക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു . ആ അർത്ഥത്തിൽ അവർ കൂടുതൽ മന:സ്സമാധാനവും ശാന്തിയും അനുഭവിക്കുന്നവരാണ്. അതിനാൽതന്നെ അവരെ ദു:ഖിതരെന്ന് നാം മുദ്ര കുത്തുമ്പോൾ അതിൽ അൽപം കപടത കടന്നു കൂടുന്നു. ചെറുപ്പക്കരനായ സുമേഷിനെ സുഖിമാനെന്ന് മുദ്രകുത്തുമ്പോൾ അവിടെയും കപടത കടന്നു കൂടുന്നു. ആരാണ് സുഖിമാൻ? ആരാണ് ദു:ഖിതൻ? ഇത് ഉത്തരം പറയുവാൻ ബുദ്ധിമുട്ടുള്ള ചോദ്യമാണ്.

വാർദ്ധക്യത്തിലെത്തുമ്പോഴും മരണത്തോടടുക്കുമ്പോഴും മനുഷ്യർ ദു:ഖിതരാകുന്നുവെന്ന് ആർക്ക് പറയുവാൻ കഴിയും? മരണത്തോടടുക്കുമ്പോൾ മനുഷ്യൻ അനന്തമായ ശാന്തിയിലേക്കും അടുക്കുകയല്ലേ? മരണത്തെ നാമെത്രമാത്രം ചീത്തയായി മുദ്രകുത്തിയാലും അതിന്റെ സൗന്ദര്യത്തിന് എന്തെങ്കിലും കുറവ് സംഭവിക്കുമോ? യൗവനത്തെ നാമെത്രമാത്രം പാടിപ്പുകഴ്ത്തിയാലും അതിലെ വിരസതയ്ക്കും പ്രാരാബ്ധങ്ങൾക്കും എന്തെങ്കിലും കുറവ് സംഭവിക്കുമോ? സ്വന്തം യൗവനത്തെ പിതാവിന് നൽകി പിതാവിന്റെ വാർദ്ധക്യത്തെ സ്വയമേറ്റെടുത്ത മുനികുമാരന്റെ കഥ ഹൈന്ദവ പുരാണങ്ങളിലെവിടെയോ വായിച്ചതായി ഓർമ്മിക്കുന്നു. ആ മുനികുമാരന് അറിവും ബുദ്ധിശക്തിയും വേണ്ടുവോളം ഉണ്ടായിരുന്നു.

നാം സുഖദു:ഖങ്ങളെ നിർവ്വചിക്കുമ്പോൾ അതിൽ എപ്പോഴും കപടതകളും തെറ്റുകളും കടന്നു കൂടുന്നു. ഒരു ജീവിതാവസ്ഥ സുഖമാണോ ദൂ:ഖമാണോ എന്ന് തീരുമാനിക്കേണ്ടത് സമൂഹമല്ല! എല്ലാ ജീവിതസാഹചര്യങ്ങളിലും പ്രതിഫലിക്കപ്പെടുന്ന സുഖദു:ഖങ്ങളിലെ സമത നാമിനിയും കണ്ടെത്തിയിട്ടുണ്ടോ എന്നതാണ് പ്രശ്നം. അത് കണ്ടെത്തുന്നവരൊക്കെ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. സമൂഹം നിങ്ങളെ കബളിപ്പിക്കുകയാണ്. സമൂഹം നിങ്ങളെ ഇട്ടു കുരങ്ങു കളിപ്പിക്കുന്നു. നിങ്ങളോ കുരങ്ങു കളിച്ചുകൊണ്ടും ഇരിക്കുന്നു. ജീവിതനാടകം ഇപ്രകാരം തുടരുകയാണ്. സുഖദു:ഖങ്ങളിലെ കപടതയും ഒരിക്കലും മാറ്റുവാനാവാത്ത ആനന്ദത്തിലെ സമത്വവും നിങ്ങൾ കണ്ടെത്തുമ്പോൾ ഈ നാടകം കളിക്ക് ഒരു തിരശ്ശില വീഴുന്നു. മോക്ഷം എന്നതുകൊണ്ട് അതാണുദ്ദേശിക്കുന്നത്.

 

സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഗാനസന്ധ്യ ഈ വർഷം നടത്തപ്പെടുന്നു ; സന്ദർലാൻഡ് സെന്റ് . ജോസഫ്സ് ദേവാലയത്തിൽ വെച്ച് , ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിമുതൽ ആരംഭിക്കുന്ന സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു . ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോൿസ് , ജാക്കോബൈറ്റ് , മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.

വിവിധ സഭകളുടെ വൈദീകശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു . ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HS

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

അതുല്യമായ ദൈവിക നല്‍വരങ്ങളുടെ ഓർമ്മകളെ അയവിറക്കുവാൻ ഒരു ശീതകാലം – നക്ഷത്രങ്ങളുടെയും വെൺ നിലാവിന്റെയും അകമ്പടിയിൽ പൊൻ തേജസിൽ അടുത്ത് വരുന്ന അനുഭവം. സന്തോഷത്തിന്റെ അനുഭവം ആണ് ഓർമ്മയിൽ ആദ്യം കടന്നുവരുന്നതെങ്കിൽ അതിനുമപ്പുറം ഒരു ത്യാഗത്തിന്റെ അനുഭവം മനസ്സിൽ ഇടം നേടിയില്ലെങ്കിൽ ആദ്യാനുഭവത്തിന് എന്ത് പ്രസക്തി. ഒത്തിരി ഒത്തിരി കാര്യങ്ങളിൽ ആണ് ഈ ക്രിസ്തുമസ് ഓരോരുത്തർക്കും അനുഭവങ്ങൾ നൽകുന്നത് . എന്നാൽ ഒരു കാര്യം മാത്രം പങ്കുവയ്ക്കട്ടെ .

ദൈവം നമുക്ക് നൽകിയ വലിയ ധനം ആണ് സ്നേഹം . സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും നാം ആഗ്രഹിക്കാറുണ്ട്. അതിൻറെ അർത്ഥപൂർണ്ണമായ തലം ആണ് സ്നേഹാഗ്‌നിയിൽ നിറയുക അല്ലെങ്കിൽ സ്നേഹാഗ്‌നിയിൽ എരിയുക. ഒരു ഉദാഹരണം രണ്ട് വ്യക്തികൾ യെരുശലേമിൽ നിന്ന് എമ്മാവൂസിലേക്ക് പോകുകയായിരുന്നു. അവരുടെ അന്തരംഗം അഗ്നിയാൽ ചൂടുപിടിച്ചു. ലൂക്കോസ് 24 : 32 കാരണം ദൈവ സാന്നിധ്യം അഥവാ ദൈവ സംസർഗ്ഗം .

ഒരു ക്രിസ്തുമസ് കാലയളവ് നൽകുന്ന പ്രതീതിയും മറ്റൊന്നല്ല. തണുത്തുറഞ്ഞ ഹൃദയ അവസ്ഥകളെ ആത്മാവിൽ ചൂട് പിടിപ്പിച്ച് ചാരത്തിൽ നിന്ന് കനലിലേക്കുള്ള യാത്ര – പ്രചോദനം, പരിവർത്തനം, ഇവ അല്ലേ ക്രിസ്തുമസ് .

നല്ല വർഷം നല്ല ഫലം കായ്ക്കണം. ഒരു നല്ല വൃക്ഷത്തിനും ചീത്തഫലം കായ്ക്കുവാൻ കഴിയുന്നതല്ല. അങ്ങനെ ആയാൽ അതിനെ വെട്ടി തീയിൽ ഇടും . മത്തായി 7: 12 – 20 . ഇതാണ് യാഥാർത്ഥ്യം എങ്കിൽ നമ്മുടെ അവസ്ഥ എന്താകും. വൃക്ഷത്തെ ഫലം കൊണ്ട് അറിയാം എന്നല്ലേ പ്രമാണം. ഇത്രയും നാളും നാം വളർന്നു . എന്ത് ഫലം ആണ് നൽകുവാൻ കഴിഞ്ഞിട്ടുള്ളത്. ഓരോ ക്രിസ്തുമസും നമുക്ക് തരുന്ന അവസരം ക്രിസ്തുവിൽ ജനിക്കുവാനാണ്. ക്രിസ്തുവിൽ വളരുവാനാണ്. ക്രൈസ്തവ ഫലങ്ങൾ നൽകുവാനാണ്. അന്തരംഗം തണുത്തുവോ ചോദിക്കൂ നമ്മോട് തന്നെ. ക്രിസ്തുവിലുള്ള സ്നേഹം നമ്മെ ചൂടുപിടിപ്പിക്കട്ടെ. ക്രിസ്തു പറയുന്നത് എന്നോട് അനുകൂലം അല്ലാത്തവൻ എനിക്ക് പ്രതികൂലം ആകുന്നു.

ക്രിസ്തുമസ് നമ്മെ വിളിക്കുന്നത് ഏദനിലേക്കുള്ള ഒരു യാത്രയ്ക്കായാണ് . ദൈവപുത്രൻ ത്യാഗത്തിലൂടെ മനുഷ്യനായി അവതരിച്ച് നമ്മെ ദൈവതുല്യരാക്കുവാൻ ഈ ത്യാഗം ഒരു സമ്മാനമായി നാം സ്വീകരിക്കുന്നു. എന്നാൽ ഈ വലിയ സമ്മാനം നാം വിസ്മരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തിട്ടാണ് നാം ആഘോഷങ്ങളിൽ തൃപ്തരാകുന്നത്.

മത്തായി 1: 22 കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് പേർ വിളിക്കും. ഇതാണ് മുൻ പ്രസ്താവിച്ച സമ്മാനം ദൈവ സമ്മാനം – ദൈവ സമ്മാനം. കരുതലിന്റെ സമ്മാനം . രക്ഷയുടെ സമ്മാനം.

ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു. ഇങ്ങനെ നാം ക്രിസ്തുവിലായി അനേകർക്ക് ഈ സമ്മാനം എത്തിച്ചു കൊടുക്കുവാൻ ഈ ക്രിസ്തുമസ് ആഹ്വാനം ചെയ്യുന്നു. നീ അകത്തേക്ക് വരൂ . എനിക്ക് ലഭിച്ച സമ്മാനം നിനക്കായ് തരുന്നു. നിൻറെ വേദനയുടെ പരിഹാരകൻ , നിന്റെ നിരാശയുടെ ആശ്വാസകൻ, നിന്റെ രോഗത്തിന്റെ വൈദ്യൻ, നിന്റെ പാപത്തിന്റെ മോചകൻ . ഇതൊക്കെയാണ് എനിക്ക് ലഭിച്ച സമ്മാനം, എനിക്ക് നൽകുവാനുള്ളതും . കുഞ്ഞേ അകത്ത് വരൂ . ഈ സമ്മാനം നിനക്കുള്ളതാണ്.

സ്നേഹത്തോടെ ഹാപ്പി അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . മലയാളിയുടെ സാംസ്‌കാരിക തനിമയും , ക്രൈസ്തവ സ്ത്രീ കൂട്ടായ്മയുടെ കരുത്തും , സാഹോദര്യവും , കൂട്ടായ്മയും വിളിച്ചോതി യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സ്ത്രീ സംഗമ വേദിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം ബർമിംഗ് ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നടന്നു , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമായി രണ്ടായിരത്തിൽ പരം വനിതകൾ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായ മെത്രാൻ മാർ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്തു . രാവിലെ സി . ആൻ മരിയ എസ് എച്ചിന്റെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ റെവ. ഡോ വർഗീസ് പുത്തൻപുര , ഡോ മേരി മക്കോയി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു . സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു .

ദൈവിക പദ്ധതിയുടെ പൂർത്തീകരണമാണ് ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റം . ഈ കുടിയേറ്റത്തിൽ സ്ത്രീകൾക്ക് നിർണ്ണായകമായ പങ്കാണുള്ളത് . സൗന്ദര്യം പൂർണ്ണത പ്രാപിക്കുന്നത് വിശുദ്ധിയിൽ ആണ് വിശുദ്ധി എന്നത് ദൈവത്തിന്റെ പേരാണ് .വിശുദ്ധി സ്വന്തമാക്കുന്നവർ ദൈവത്തെ സ്വന്തമാക്കുന്നു . അതുകൊണ്ടാണ് ദൈവം സമ്പൂർണ്ണ സൗന്ദര്യമാണെന്ന് പറയുക , ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയിൽ നിറഞ്ഞത് കൊണ്ടാണ് ഒരു സൃഷ്ടി ആയ മറിയം സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾ ആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ് ഫോറം ഏറ്റെടുക്കണം മാർ സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു .

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെലൂസ് മാരായ വെരി റെവ ഫാ. ജോർജ് ചേലക്കൽ , വെരി റെവ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ് , വിമൻസ് ഫോറം കമ്മീഷൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വിമൻസ് ഫോറം ഡയറക്ടർ ,സി കുസുമം എസ് എച്ച് . പ്രസിഡന്റ് ഡോ . ഷിൻസി മാത്യു ,എന്നിവർ പ്രസംഗിച്ചു .വിശുദ്ധ കുർബാനയർപ്പണത്തിനു ശേഷം വിവിധ റീജിയനുകളുടെ നേതുത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി . ചടങ്ങിനോടനുബന്ധിച്ച് വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു .

വിമൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ . ഷിൻസി മാത്യു, വൈസ് പ്രസിഡന്റ് ജൈസമ്മ ആഗസ്തി സെക്രെട്ടറി റോസ് ജിമ്മിച്ചൻ , ജോയിന്റ് സെക്രട്ടറി ജിൻസി വെളുത്തേപ്പിള്ളി , ട്രെഷറർ ഷിനി സാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം രൂപത എക്സിക്യൂട്ടിവ് കമ്മറ്റിയുടെയും , കൗൺസിലേഴ്സിന്റെയും നേതൃത്വത്തിൽ ഉള്ള വിവിവിധ കമ്മറ്റികൾ ആണ് പരിപാടികൾ ഏകോപിപ്പിച്ചത് . മഞ്ജു സി പള്ളം , റീന , രശ്മി മനു എന്നിവർ വളരെ മനോഹരമായി പരിപാടി ആങ്കർ ചെയ്തതും ഏറെ ആകർഷകമായി .

ബിർമിംഗ്ഹാം .ഡിസംബർ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൻെറ ഒരുക്കങ്ങൾ ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ പുരോഗമിക്കുന്നു. റവ. ഫാ. ജോസ് അഞ്ചാനിക്കൽ അച്ചൻെറ നേതൃത്വത്തിലും വുമൺസ് ഫോറത്തിൻെറ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൻെറ സംഘാടകരും ഇതിൽ സഹകരിച്ചുകൊണ്ടാണ് പരിപാടികൾ പുരോഗമിക്കുന്നത്. രൂപതയിലെ എട്ട് റീജിയണുകളിൽനിന്നായി ഇടവക,മിഷൻ, പ്രോപോസ്ഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രതിനിധികൾ ഈ വനിതാ സമ്മേളനത്തിലേക്ക് എത്തും. രാവിലെ എട്ടരമുതൽ വൈകുന്നേരം നാലരവരെയാണ് നടക്കുന്ന സമ്മേളനം മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ബർമിംഗ് ഹാം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്യും .

ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ 100 പേരടങ്ങുന്ന വനിതാ ഗായകസംഘം ഗാനങ്ങൾ ആലപിക്കും . സമ്മേളനത്തിൽ വച്ച് വിവാഹത്തിന്റെ രജതജൂബിലി ആഘോഷിക്കുന്നവരെയും വനിതാ ഫോറം മുൻഭാരവാഹികളെയും ആദരിക്കും.

രൂപതയിലെ എട്ട് റീജിയണുകളിൽനിന്നുള്ള അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിന് മിഴിവേകും . വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. സഭയുടെ വളർച്ചക്കും സുവിശേഷവത്കരണത്തിനും സ്ത്രീകൾക്ക് ഏറെ ചെയ്യുവാനുണ്ട് എന്ന ദീർഘവീക്ഷണത്തേടെ അഭിവന്ദ്യ പിതാവ് അഞ്ച് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച രൂപത വിമൻസ് ഫോറം ഇന്ന് രൂപതയുടെ സുവിശേഷവത്കരണ പ്രവർത്തനങ്ങളോടെ ചേർന്ന് പ്രവർത്തിക്കുന്നു.

രാവിലെ ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ സി. ആൻ മരിയ എസ്എച്ച് പ്രാരംഭപ്രാർഥന നയിക്കുകയും റവ .ഡോ. ബാബു പുത്തൻപുരക്കൽ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതുമാണ്. വനിതാ ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും .രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വനിതാ ഫോറം ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വനിതാ ഫോറം ഡയറക്ടർ സി. കുസുമം എസ് എച്ച് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്യുമെന്ന് വനിതാ ഫോറം സെക്രട്ടറി റോസ് ജിമ്മിച്ചൻ അറിയിച്ചു.

 

ഫാ. ടോമി എടാട്ട്

എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ സാൻറ്റ സംഗമം അരങ്ങേറുന്നു. അന്തിയുറങ്ങുവാൻ ഇടമില്ലാതെ പാതയോരങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്ന അശരണർക്ക് ആശ്വാസമേകുവാൻ ‘ബോൺ നത്താലെ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സാൻറ്റ സംഗമം ഡിസംബർ 18 ന് എയ്‌ൽസ്‌ഫോഡിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിൽ നിന്നുള്ള മുതിർന്നവരും കുട്ടികളുമടക്കം നിരവധിപേർ ഈ സംഗമത്തിൽ പങ്കെടുക്കും.

സത്രത്തിൽ ഇടമില്ലാത്തതിനാൽ പുൽക്കൂട്ടിൽ പിറക്കേണ്ടിവന്ന ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയുടെ പിന്നിൽ. ഭാവനരഹിതരായി വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ക്രിസ്മസ് രാത്രിയിൽ തലചായ്ക്കാൻ ഒരിടം തയ്യാറാക്കിക്കൊടുക്കുവാൻ യുകെയിലെ പ്രശസ്തമായ ചാരിറ്റി സംഘടനയായ സെന്റ് മംഗോസ് ചാരിറ്റിയുമായി കൈകോർത്തുകൊണ്ടാണ് ഈ സംഗമം അരങ്ങേറുന്നത്.

2022 ഡിസംബർ 18 ഞായറാഴ്ച ഉച്ചക്ക് 1 .30 ന് എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ സെന്റ്. ജോസഫ് ചാപ്പലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധകുർബാനക്കു ശേഷം പ്രയറിയിലെ ഓപ്പൺ പിയാസ്സയിൽ സാന്റാക്ളോസ് സംഗമം അരങ്ങേറും. ലണ്ടൻ റീജിയന്റെ വിവിധ മിഷനുകളിൽ നിന്നും സാന്റയുടെ വേഷം ധരിച്ചെത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയും സംഘം ഓപ്പൺ പിയാസ്സയിൽ അണിനിരന്ന് നൃത്തച്ചുവടുകൾ വയ്ക്കും. എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌന്റ്റ് കാർമൽ മിഷനിൽ നിന്നുള്ള ഗായകർ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കും. സെന്റ് മംഗോസ് ചാരിറ്റിയുടെ പ്രതിനിധികളും മേയർ, കൗൺസിലർമാർ, കൂടാതെ വിശിഷ്ടാതിഥികളായി എത്തുന്നവരും സംഗമത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കും.

സംഗമത്തിലൂടെ സമാഹരിക്കുന്ന പണം സെന്റ് മംഗോസ് ചാരിറ്റി വഴി ഭവനരഹിതർക്ക് ക്രിസ്മസ് ദിനത്തിൽ താമസമൊരുക്കുവാൻ ഉപയോഗിക്കുമെന്ന് ലണ്ടൻ റീജിയൻ ഡയറക്ടറും ‘ബോൺ നത്താലെ’ ചീഫ് കോർഡിനേറ്ററുമായ ഫാ. ടോമി എടാട്ട് അറിയിച്ചു.

‘സത്രത്തിൽ ഒരിട’ത്തിനു വേണ്ടി സംഘടിപ്പിക്കുന്ന ബോൺ നത്താലെ ചാരിറ്റിയിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട നമ്പർ: റോജോ : 07846038034, ജോസഫ് കരുമെത്തി : 07760505659, ജോസഫ് ജോസഫ്: 07550167817

 

 

മാർത്തോമാ ചർച്ച് കാൻഡർബറി ഇടവകയുടെ, ഇടവക ദിനാചരണവും ധ്യാനയോഗവും ഡിസംബർ മാസം രണ്ട്, മൂന്ന് തീയതികളിൽ സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

ഇടവക ദിനാചരണത്തിലും കൺവെൻഷനിലും കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് ഏവരെയും കർതൃനാമത്തിൽ സ്വാഗതം ചെയ്തു കൊള്ളുന്നു.

പ്രസ്തുത മീറ്റിങ്ങുകളിൽ റവ. സിജോ ജോൺ അധ്യക്ഷത വഹിക്കുന്നതും റവ.ബിനു ജോൺ വർഗീസ്(Vicar. St. Johns marthoma church. യുകെ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്. ഈ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം വന്ന് സംബന്ധിക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു.

2-12-22 വൈകിട്ട് 6.30 ന് (ധ്യാനയോഗം)
3-12-22 രാവിലെ 10.00 ന് (വിശുദ്ധ കുർബാന, ഇടവക ദിനാചരണം, ധ്യാനയോഗ സമാപനവും )

[മധ്യസ്ഥ പ്രാർത്ഥനാ വിഷയങ്ങൾ ധ്യാന യോഗത്തിന് മുമ്പായി വികാരിയച്ചനെ അറിയിക്കേണ്ടതാണ്]

ഇടവകയ്ക്ക് വേണ്ടി,
റവ. സിജോ ജോൺ
ഇടവക വികാരി

ലിജോ ടി ജേക്കബ്
സെക്രട്ടറി

മോഡി എം കോശി
കൺവീനർ

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഉത്‌ഘാടനം പ്രെസ്റ്റൻ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു .ആരാധനക്രമവും ഭക്താഭ്യാസങ്ങളും തമ്മിലുള്ള വ്യത്യാസം വേണ്ട രീതിയിൽ മനസ്സിലാക്കി ആരാധനക്രമത്തെ ഹൃദയപൂർവ്വം ആശ്ലേഷിക്കുന്ന ഒരു സമൂഹമായി മാറുവാൻ വിശ്വാസ സമൂഹം ജാഗ്രത പുലർത്തണമെന്ന് മാർ സ്രാമ്പിക്കൽ വചന സന്ദേശത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ആരാധനക്രമം ദൈവത്തിൻറെ പ്രവർത്തിയാണ് ; ഭക്ത കൃത്യങ്ങളാകട്ടെ മനുഷ്യരുടെ പ്രവർത്തിയും . ദൈവത്തിൻറെ പ്രവർത്തികൾ നമ്മിൽ പൂർണ്ണമാകുന്നതിനാണ് നമ്മൾ ഏറെ താല്പര്യമുള്ളവർ ആകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത അഞ്ച് വർഷങ്ങൾ പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനക്രമം , ദൈവശാസ്ത്രം ,ആധ്യാത്മികത , ശിക്ഷണ ക്രമം , സംസ്കാരം എന്നീ കാര്യങ്ങളെ മുൻ നിർത്തി വിഭാവനം ചെയ്തിട്ടുള്ള അജപാലന പദ്ധതിയെ അടിസ്ഥാനമാക്കിയാവും രൂപത മുൻപോട്ടു നീങ്ങുക . ഈ വർഷം നവംബർ 27 മുതൽ അടുത്ത വർഷം ഡിസംബർ 2 വരെയുള്ള ആദ്യ ഘട്ടത്തിൽ വിശ്വാസ സമൂഹത്തെ ആരാധന ക്രമത്തിന്റെ അന്ത സത്തയിലേക്ക് നയിക്കാൻ ഉതകുന്ന വിവിധ പരിശീലന പദ്ധതികളും വിശുദ്ധ കുർബാനയോടും മറ്റു കൂദാശകളോടും ആഭിമുഖ്യമുള്ള ഒരു സമൂഹമായി നിലനിർത്തുന്നതിനും പര്യാപ്‌തമായ കാര്യങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത് . പുതിയ ആരാധനക്രമ വത്സര കലണ്ടർ കത്തീഡ്രൽ വികാരി റവ.ഡോ. ബാബു പുത്തൻപുരയ്ക്കലിന് നൽകിക്കൊണ്ട് അഭിവന്ദ പിതാവ് പ്രകാശനം ചെയ്തു. റവ.ഫാ മാത്യു പാലരക്കരോട്ട് , റവ.ഫാ. മാത്യൂസ് കുരിശുംമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.

‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗവും വിമുക്തഭടനുമായ തോപ്പിൽ ടോമിച്ചന്റെയും ജയ്‌സമ്മയുടെയും മൂത്തമകളാണ് സിസ്റ്റർ എലിസബത്ത് എഫ്.സി.സി.

അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽവെച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഥമ വ്രത സ്വീകരണം. എറണാകുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ മോൺ. ആന്റണി നരികുളമായിരുന്നു കാർമികൻ. കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം കുട്ടിക്കാലം മുതൽ മനസിൽ സൂക്ഷിച്ചിരുന്നെങ്കിലും ഏതാണ്ട് ഏഴ് വർഷംമുമ്പാണ് വീട്ടുകാരുമായി അക്കാര്യം പങ്കുവെച്ചത്. ഇക്കാലത്തിനിടയിൽ എഞ്ചിനീയറിംഗ് ബിരുദവും ബാങ്ക് ജോലിയും എലിസബത്ത് കരസ്ഥമാക്കിയിരുന്നു.

എന്നാൽ, തന്നെക്കുറിച്ചുള്ള ദൈവഹിതം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞതോടെ, ജോലിയും അത് നൽകുന്ന സാമ്പത്തിക സുരക്ഷിതത്വവും ഉപേക്ഷിക്കാൻ എലിസബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തിരുവനന്തപുരം ലൂർദ് എഞ്ചിനിയറിംഗ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എഞ്ചിനിയറിംഗ് ബിരുദം നേടിയ ശേഷം ഡൽഹിയിൽ ഏതാനും നാൾ ജോലി ചെയ്തു. അതിനു ശേഷം ബാങ്കിംഗ് മേഖലയിലേക്ക് തിരിയുകയായിരുന്നു.

ബാങ്കിംഗ് പരീക്ഷ ഉന്നതനിലയിൽ പാസായ എലിസബത്തിന് അവസരം ഒരുങ്ങിയത് രണ്ട് ബാങ്കുകളിൽനിന്നാണ്. ഏതാണ്ട് മൂന്നു മാസം സിൻഡിക്കറ്റ് ബാങ്കിൽ ജോലി ചെയ്തു. തുടർന്നാണ് എസ്.ബി.ഐയിൽ ജോലിക്ക് ചേർന്നത്. മകൾ ആഗ്രഹിച്ച ജോലി ലഭിച്ചയുടൻ മാതാപിതാക്കൾ വിവാഹാലോചനകൾ ആരംഭിച്ചു. ആ നാളുകളിലാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം കൂടുതൽ വ്യക്തമാകാൻ എലിസബത്ത് പ്രാർത്ഥിച്ചൊരുങ്ങിയത്.

ഒരു ധ്യാനം കൂടിയശേഷമാകാം വിവാഹമെന്ന മകളുടെ ആഗ്രഹത്തിന് മാതാപിതാക്കളും സമ്മതം അറിയിച്ചു. വിവാഹാലോചകൾ ശക്തമായതോടെ വീണ്ടും ഒരു ധ്യാനത്തിൽ കൂടി പങ്കെടുത്തു. ധ്യാനം കഴിഞ്ഞ ആ നാളുകളിൽ എൽ.എസ്.ഡി.പി സഭാംഗങ്ങളായ കന്യാസ്ത്രീകൾ വീട്ടിലെത്തിയപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന മകളുടെ ആഗ്രഹം മാതാപിതാക്കൾ അറിഞ്ഞത്.

ആദ്യം ഉൾക്കൊള്ളാനായില്ലെങ്കിലും മകളെക്കുറിച്ചുള്ള ദൈവഹിതം മാതാപിതാക്കൾ തിരിച്ചറിഞ്ഞതോടെയാണ് ഫ്രാൻസിസ്‌ക്കൻ സഭയിലേക്കുള്ള പ്രവേശനത്തിന് കളമൊരുങ്ങിയത്. യു.കെയിൽ എഞ്ചിനീയറായ തോമാച്ചൻ, പോരുക്കര സെൻട്രൽ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയ എന്നിവർ സഹോദരങ്ങളാണ്.

RECENT POSTS
Copyright © . All rights reserved