ലോക കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന പുതിയ നഗരങ്ങളെ അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മറ്റി തിരഞ്ഞെടുത്തു. 2024 ൽ നടക്കുന്ന ഒളിമ്പിക്സിന് ഫ്രഞ്ച് തലസ്ഥാനമായ പാരിസ് നഗരം വേദിയാകും. 2028 ൽ നടക്കുന്ന ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ്ആഞ്ചൽസുമായിരിക്കും ആതിഥേയത്വം വഹിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അറിയിച്ചു.
ആദ്യമായാണ് പാരിസ് ഒളിമ്പിക് മത്സരങ്ങൾക്ക് വേദിയാകുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരമാണ് പാരിസ്. 2024 ലെ ഒളിമ്പിക്സ് വേദി സ്വന്തമാക്കാനായി പാരിസും ലോസ്ആഞ്ചൽസും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ചെയർമാൻ തോമസ് ബാക്ക് ഇരു രാജ്യങ്ങളുമായി നടത്തിയ ചർച്ചയിലാണ് സമവായം ഉണ്ടായത്. 2024 ലെ വേദി പാരിസിനും, 2028 ലെ വേദി ലോസ്ആഞ്ചൽസിനും നൽകാനാണ് ചർച്ചയിൽ ധാരണയായത്.
ഇത് മൂന്നാം തവണയാണ് ലോസ്ആഞ്ചൽസ് നഗരം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. 1932, 1984 വർഷങ്ങളിൽ നടന്ന ഒളിമ്പിക്സിന് ലോസ്ആഞ്ചൽസ് നഗരമാണ് ആതിഥേയത്വം വഹിച്ചത്.
2020ൽ നടക്കുന്ന ഒളിമ്പിക്സിന് ജപ്പാനാണ് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമ്മാണങ്ങളെല്ലാം ഇതിനകം തന്നെ ഇവിടെ പൂർത്തിയായതാണ്.
ബാർസിലോനയുടെ സൂപ്പർതാരമാണ് നെയ്‌മർ. അടുത്തിടെ നെയ്‌മർ ബാർസിലോന വിടുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ പരീശീലനത്തിനിടയിൽ സഹതാരവുമായി അടിപിടി കൂടിയിരിക്കുന്ന നെയ്‌മറാണ് വാർത്തകളിൽ നിറയുന്നത്. ടീമിലേക്ക് പുതുതായി എത്തിയ നെൽസൺ സെമേഡോയുമായാണ് നെയ്‌മർ അടിയുണ്ടാക്കിയത്.
യുഎസിൽ പ്രീ സീസൺ ചാംപ്യൻഷിപ് പരിശീലനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു താരങ്ങൾ. ഇതിനിടയിൽ നെയ്മറെ പിന്നിൽനിന്നും നെൽസൺ തടയാൻ ശ്രമിച്ചു. ഇതാണ് നെയ്മറെ പ്രകോപിപ്പിച്ചത്. ഒടുവിൽ സഹതാരങ്ങൾ ചേർന്നാണ് നെയ്മറെ പിടിച്ചുമാറ്റിയത്. ദേഷ്യം മാറാതെ ഗ്രൗണ്ടിലുണ്ടായിരുന്ന ബോളും തട്ടി തെറിപ്പിച്ചാണ് നെയ്മർ കളം വിട്ടത്.
ഗോള്‍ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 508 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റിന് 399 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് നാലു വിക്കറ്റുകളാണ് നഷ്ടമായത്. 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും 47 റണ്‍സെടുത്ത അശ്വിനേയും നുവാന്‍ പ്രദീപ് പുറത്താക്കി. ഇതോടെ മല്‍സരത്തില്‍ പ്രദീപിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. അജിങ്ക്യ രഹാനെ 57ഉം വൃദ്ധിമാന്‍ സാഹ 16 റണ്‍സെടുത്തും മടങ്ങി.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറി മികവിൽ ഇന്ത്യ 200 റൺസ് കടന്നു. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ധവാൻ നേടിയത്. 54 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെന്ന നിലയിലാണ്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 റൺസെടുത്ത ഓപ്പണർ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നുവാൻ പ്രദീപിനാണ് വിക്കറ്റ്. സെഞ്ചുറി നേടിയ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. ധവാൻ 168 പന്തിൽ 190 റൺസെടുത്തു. അർധ സെഞ്ചുറിയുമായി ചേതേശ്വർ പൂജാരയും (72) ക്രീസിലുണ്ട്. കെ.എൽ.രാഹുലിനു പകരം തമിഴ്നാട് താരം അഭിനവ് മുകുന്ദിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയുടെ ടെസ്റ്റ് അരങ്ങേറ്റമെന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്.
ടീം ഇന്ത്യ: ശിഖർ ധവാൻ, അഭിനവ് മുകുന്ദ്, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്.
നീന്തല്‍ കുളത്തിൽ മൈക്കൽ ഫെൽപ്സിന് മനുഷ്യ വംശത്തിൽ എതിളികളില്ല. അതുകൊണ്ടു തന്നെ കടൽ ഭരിക്കുന്ന സ്രാവുമായി ഏറ്റുമുട്ടിയിരിക്കുകയാണ് നീന്തൽ കുളത്തിലെ സ്വർണ മത്സ്യം. ദക്ഷിണാഫ്രിക്കയില്‍ ആണ് നീന്തല്‍ മത്സരം നടന്നത്.
ഫെല്‍പ്‌സും സ്രാവും ട്രാക്കിൽ. ഒരു കന്പിവേലിക്കപ്പുറവും ഇപ്പുറവും രണ്ട് പേരും ആഞ്ഞു നീന്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ ഫെല്‍പ്‌സിനെ തോല്‍പ്പിച്ച് സ്രാവ് സ്വര്‍ണം നേടി. രണ്ട് സെക്കന്റ് വ്യത്യാസത്തിൽ മാത്രമായിരുന്നു സ്രാവ് ആദ്യം ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ നീന്താന്‍ സ്രാവ് 36.1 സെക്കന്റെടുത്തപ്പോള്‍ ഫെല്‍പ്‌സിന് 38.1 സെക്കന്റ് വേണ്ടി വന്നു.
‘ഫെല്‍പ്‌സ് വേഴ്‌സസ് ഷാര്‍ക്ക്: ദ ബാറ്റില്‍ ഫോര്‍ ഓഷ്യന്‍ സുപ്രീമസി’ എന്ന പേരില്‍ ഡിസ്‌കവറി ചാനലാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രേറ്റ് ഗോള്‍ഡ് vs ഗ്രേറ്റ് വൈറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും ഈ മത്സരം ചര്‍ച്ചയായിരുന്നു.
മൈനസ് 53 ഡിഗ്രിയോളം തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷസംവിധാനത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിന് അനുസരിച്ചുള്ള സ്വിം സ്യൂട്ടായിരുന്നു ഫെല്‍പ്‌സ് ധരിച്ചത്. മോണോഫിനും (നീന്തുന്ന സമയത്ത് ധരിക്കുന്ന മത്സ്യത്തിന്റെ വാലു പോലെയുള്ള സാധനം) ഒരു മില്ലിമീറ്റര്‍ കട്ടിയുള്ള വെറ്റ് സ്യൂട്ടുമണിഞ്ഞാണ് ഫെല്‍പ്‌സ് നീന്തിയത്. ആദ്യ 25 മീറ്ററില്‍ സ്രാവും ഫെല്‍പ്‌സും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്രാവ് ഫെല്‍പ്‌സിനെ മറികടന്നു.
സാധാരണഗതിയില്‍ സ്രാവിന് ഒരു മണിക്കൂറില്‍ 25 മൈല്‍ എന്ന കണക്കില്‍ നീന്താനാകും. അതേസമയം ഫെല്‍പ്‌സിന് ഒരു മണിക്കൂറില്‍ ആറു മൈലാണ് നീന്താനാകുക. ഈ തോല്‍വിയോടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മത്സരശേഷം ഫെല്‍പ്‌സിന്റെ ട്വീറ്റ് വന്നു. അടുത്ത തവണ മത്സരം ചൂടുവെള്ളത്തിലാകാം എന്നാണ് ഫെല്‍പ്‌സിന്റെ ട്വീറ്റ്.
അമേരിക്കന്‍ നീന്തല്‍ ഇതിഹാസമായ ഫെല്‍പ്‌സിന്റെ അക്കൗണ്ടില്‍ 28 ഒളിമ്പിക് മെഡലുകളുണ്ട്. അതില്‍ 23 എണ്ണം സ്വര്‍ണമാണ്. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്.
വനിത ലോകകപ്പ് ഫൈനലിൽ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇരു ടീമുകളിലും ഒരു മാറ്റങ്ങളും ഇല്ല.
വനിതാ ലോകകപ്പ് കിരീടത്തിന് ഇന്നോളം മൂന്നു രാജ്യങ്ങളേ അവകാശികളായിട്ടുള്ളു – ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലൻഡും. ഈ മൂന്നു ടീമുകളെയും തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്കു മാർച്ച് ചെയ്തതെന്നത് കിരീടപ്രതീക്ഷകൾക്കു തിളക്കം കൂട്ടുന്നു. ആറുവട്ടം ചാംപ്യന്മാരായ ഓസ്ട്രേലിയയെ ഹർമൻദീപ് കൗർ എന്ന ബാറ്റിങ് ജീനിയസിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
മുന്നിൽ നിന്നു പട നയിക്കുന്ന ക്യാപ്റ്റൻ മിതാലി രാജ് വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കറാണ്. ഏറ്റവുമധികം ഏകദിന റൺസ് നേടിയ താരം. തുടർച്ചയായ ഏഴ് അർധസെഞ്ചുറികളോടെ ചരിത്രമെഴുതിയ വമ്പത്തി. മിതാലിയിൽനിന്നു തൽക്കാലത്തേക്കു ശ്രദ്ധ മാറിനിൽക്കുകയാണിപ്പോൾ. വനിതാ ക്രിക്കറ്റിലെ വീരേന്ദർ സേവാഗ്, വിരാട് കോഹ്‌ലി എന്നൊക്കെ അർഥശങ്കയ്ക്കിടയില്ലാതെ വിശേഷിപ്പിക്കാവുന്ന ഹർമൻദീപ് കൗർ ആണ് ഇന്ത്യയെ പ്രതീക്ഷയുടെ കൊടുമുടി കയറ്റി നിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ 171 റൺസ് നേടി പുറത്താകാതെ നിന്ന ഹർമൻദീപ് ആണ് ഇപ്പോൾ ലോക ക്രിക്കറ്റിലെതന്നെ ഹീറോയിൻ.
ഇംഗ്ലണ്ടിനെതിരായ വിജയത്തോടെയായിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ തുടക്കം. ഇംഗ്ലണ്ടാകട്ടെ, ഇന്ത്യയോടു തോറ്റതിൽപിന്നെ മികച്ച ഫോമിലാണ്. സെമിയിൽ ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ തോൽപിച്ചാണ് അവർ ഫൈനലിലെത്തിയത്. നാട്ടുകാരുടെ മുന്നിൽ വിജയം കൊണ്ടു കയറാൻ ഇംഗ്ലണ്ടും ശ്രമിക്കുമ്പോൾ കളി ആവേശകരമാകുമെന്ന് ഉറപ്പാണ്
ഐതിഹാസികം…ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നിഷ്കരുണം തകർത്ത് വിട്ട് ഇന്ത്യയുടെ പെൺപുലികൾ കിരീടപോരാട്ടത്തിന് അങ്കം കുറിച്ചു. 7 തവണ ലോകകപ്പ് കിരീടം ഉയർത്തിയിട്ടുള്ള കങ്കാരുപ്പടെയെ 36 റൺസിന് മുട്ടുകുത്തിച്ചാണ് മിഥാലിയും സംഘവും ഫൈനലിലേക്ക് മാർച്ച് ചെയ്തത്. വനിത ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ്ങ് പ്രകടനം പുറത്തെടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കങ്കാരുക്കളെ തരിപ്പണം ആക്കിയത്.
മഴമൂലം 42 ഓവറായി വെട്ടിച്ചുരിക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേരുകേട്ട ഓസീസ് ബാറ്റിങ്ങ് നിരയെ 245 റൺസിന് എറഞ്ഞിട്ട് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ ടീം വനിത ലോകകപ്പിന് യോഗ്യത നേടുന്നത്. 115 പന്തിൽ 171 റൺസ് എടുത്ത ഹർമ്മൻപ്രീത് സിങ്ങാണ് കളിയിലെ താരം.115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമ്മൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമ്മൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ്
വനിതാ ക്രിക്കറ്റ് ലോകകപ്പിലെ സെമിപോരാട്ടത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യഓവറില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ടമായി. മഴമൂലം മൂന്നുമണിക്കൂറിലേറെ വൈകിയാണ് മല്‍സരം ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ നാലുമല്‍സരങ്ങളില്‍ ഇന്ത്യ വിജയിച്ച ഡെര്‍ബി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മല്‍സരം.
ട്രെയിൻ സീറ്റിനെച്ചൊല്ലി സൗരവ് ഗാംഗുലിയും സഹയാത്രികനും തമ്മിൽ വാക്കുതർക്കമുണ്ടായി. കൊൽക്കത്തയിൽനിന്നും പശ്ചിമ ബംഗാളിലെ ബാലർഗട്ടിലേക്ക് പോകവേയാണ് പഠതിക് എക്സ്പ്രസിൽവച്ചാണ് കൊൽക്കത്തയുടെ രാജകുമാരന് ദുരനുഭവം ഉണ്ടായത്.
കൊൽക്കത്തയിലെ സീൽദാഗ് സ്റ്റേഷനിൽനിന്നാണ് ഗാംഗുലി ട്രെയിനിൽ കയറിയത്. ഗാംഗുലിക്ക് സുരക്ഷ ഒരുക്കാനായി ഒരു കൂട്ടം പൊലീസ് കോൺസ്റ്റബിൾമാരും ഒപ്പമുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് എസി കോച്ചിലായിരുന്നു ഗാംഗുലി സീറ്റ് റിസർവ് ചെയ്തിരുന്നത്. എന്നാൽ കോച്ചിൽ കയറിയ ഗാംഗുലി കണ്ടത് തന്റെ സീറ്റിൽ മറ്റൊരാൾ ഇരിക്കുന്നതാണ്. ഇത് തന്റെ സീറ്റാണെന്നു പറഞ്ഞെങ്കിലും യാത്രക്കാരൻ സമ്മതിച്ചില്ല. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി.
ട്രെയിനിൽനിന്നും തിരിച്ചിറങ്ങിയ ഗാംഗുലി റിസർവേഷൻ ചാർട്ട് നോക്കി. അതിൽ ‘എസ്.ഗാംഗുലി’ എന്നാണ് എഴുതിയിരുന്നത്. ഒടുവിൽ ഗാംഗുലി തന്റെ സീറ്റ് യാത്രക്കാരന് വിട്ടുകൊടുത്തു. തന്റെ സീറ്റ് എസി ടു ടയർ കോച്ചിലേക്ക് മാറ്റുകയും ചെയ്തു
കവന്‍ട്രി: കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16 ഞായറാഴ്ച കെനില്‍വര്‍ത്ത് വാര്‍ഡന്‍സ് ക്രിക്കറ്റ് ക്ലബിന്റെ ഗ്രൗണ്ടില്‍ വച്ച് നടക്കും. നോക്ക് ഔട്ട് ആയി നടക്കുന്ന് മത്സരത്തില്‍ യുകെയിലെ 8 മികച്ച മലയാളി ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. നോക്ക് ഔട്ട് മത്സരത്തില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമിഫൈനലിലും സെമി വിജയിക്കുന്ന 2 ടീമുകള്‍ ഫൈനലിലും മാറ്റുരയ്ക്കുന്നതാണ്.
രാവിലെ 9 മണിയോടെ 8 ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കം കുറിക്കും. ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 251 പൗണ്ടും ട്രോഫിയും ആയിരിക്കും. മികച്ച ബൗളര്‍ക്കും മികച്ച ബാറ്റ്‌സ്മാനും പ്രത്യേകം ട്രോഫികള്‍ നല്‍കുന്നതാണ്. ടൂര്‍ണമെന്റില്‍ കാണികള്‍ക്കും കളിക്കാര്‍ക്കും വേണ്ടി സൗത്ത് ഇന്ത്യന്‍ ഫുഡ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.