ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നാലെ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ട്വിറ്ററിലൂടെയാണ് താരം തന്റെ അതൃപ്തി പ്രകടിപ്പിച്ചത്. തിരിച്ചടികളില്‍ നിന്നുമുളള തിരിച്ചു വരവ് അതിനേക്കാള്‍ ശക്തമായിരിക്കണമെന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.

എന്നാല്‍, പ്രതികരണങ്ങള്‍ വരാന്‍ തുടങ്ങിയതോടെ ജഡേജ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിവാദത്തില്‍ നിന്നും ഒഴിവാകാന്‍ ശ്രമിക്കുകയായിരുന്നു. തന്നെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത് വിശ്രമം അനുവദിച്ചതുമൂലം അല്ലെന്നും തനിക്കേറ്റ തിരിച്ചടിയായാണ് ജഡേജയുടെ വിലയിരുത്തല്‍ എന്നുമാണ് ട്വീറ്റിനെ നിരീക്ഷകര്‍ നോക്കി കാണുന്നത്. അതേസമയം സംഭവം വിവാദമായതോടെ മിനിറ്റുകള്‍ക്കകം ട്വീറ്റ് താരം പിന്‍വലിക്കുകയായിരുന്നു.

ജഡേജയ്ക്ക് ഒപ്പം സ്പിന്നര്‍ ആര്‍.അശ്വിനേയും ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇരുവര്‍ക്കും വിശ്രമം നല്‍കിയതാണെന്നാണ് ബിസിസിഐയുടെ വിശദീകരണം. റൊട്ടേഷന്‍ സിസ്റ്റം അനുസരിച്ചാണ് ഈ തീരുമാനമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ തീരുമാനത്തിനെതിരെ നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓസീസിനെ പോലെ കരുത്തരായ ടീമിനോട് മത്സരിക്കാന്‍ അശ്വിനേയും ജഡേജയേയും ഇറക്കാത്തത് തിരിച്ചടിയാകുമെന്നാണ് ആരാധകര്‍ പറയുന്നത്.