കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ഫോളോ ഓണ്‍. ശ്രീലങ്കയുടെ ഒന്നാമിന്നിങ്സ് വെറും 49.4 ഓവറില്‍ 183 റണ്‍സിന് അവസാനിച്ചു. അഞ്ചുവിക്കറ്റെടുത്ത അശ്വിനാണ് ലങ്കയുടെ അന്തകനായത്. ഉച്ചഭക്ഷണത്തിനുശേഷം ലങ്ക രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങും. മാത്യൂസ് 26 റണ്‍സെടുത്തും ധനഞ്ജയ റണ്ണൊന്നും എടുക്കാതെയും പുറത്തായി. ഡിക്‌വെല്ല 52 റണ്‍സെടുത്തപ്പോള്‍ മെന്‍ഡിസ് 24 റണ്‍സെടുത്തു. ജഡേജയും ഷാമിയും രണ്ടു വിക്കറ്റും വീതവും വീഴ്ത്തി. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 9 വിക്കറ്റിന് 622 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ മല്‍സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം
ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത ഹരിയാണയിലെ രേവാരി ട്രാക്കില്‍ മരിച്ച നിലയില്‍. ജയ്പൂര്‍- ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടാന്‍ നോക്കുകയായിരുന്നുവെന്നും ട്രെയിന്‍ നിര്‍ത്താന്‍ നോക്കിയെങ്കിലും അതിനു മുന്നേ മരണം സംഭവിക്കുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകീട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാറിഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ ചെന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് ശരിയാക്കണമെന്നു പറഞ്ഞാണ് ജ്യോതി രാവിലെ 10 മണിക്ക് വീട്ടില്‍ നിന്നും പോയത്. വൈകീട്ട് ബസ് കിട്ടാത്തതിനാല്‍ എത്താന്‍ വൈകുമെന്ന് പറഞ്ഞ് ജ്യോതി വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ രാത്രി 10 മണി കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചുനോക്കിയപ്പോഴാണ് മരണവിവരം റെയില്‍വേ പോലീസ് അറിയിക്കുന്നത്. 2016 ലെ സൗത്ത് ഏഷ്യന്‍ ഗെയിംസടക്കം അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ ജ്യോതിഗുപ്ത ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാനിരിക്കെയാണ് മരണം.
ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ചേതേശ്വർ പൂജാരയുടേയും അജിൻകെ രഹാനയുടേയും സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 344 റൺസ് എന്ന നിലയിലാണ്.
കോളംബോ ടെസ്റ്റിൽ ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ ലോകേഷ് രാഹുലും ധവാനും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 56 നിൽക്കെ 35 റൺസ് എടുത്ത ധവാൻ മടങ്ങിയെങ്കിലും രാഹുൽ ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു. വലങ്കയ്യൻ സ്പിന്നർ ദിൽറുവൻ പെരേരയാണ് ധവാന്റെ വിക്കറ്റ് വീഴ്ത്തിയത്. തുടർച്ചായ ആറാം സെഞ്ചുറി നേടിയ രാഹുൽ തിരിച്ചുവരവ് ഗംഭീരമാക്കി. എന്നാൽ സ്കോർ 109ൽ നിൽക്കെ അനാവശ്യ റണ്ണിനോടി രാഹുൽ(57) റണ്ണൗട്ടായി.
13 റൺസ് എടുത്ത വിരാട് കോഹ്‌ലി രംഘന ഹെരാത്തിന് മുന്നിൽ വീണതോടെ ഇന്ത്യ പതറി.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ചേതേശ്വർ പൂജാരയും അജിൻകെ രഹാനയും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. പതിമൂന്നാം സെഞ്ചുറി നേടിയ പൂജാര അർജുന അവാർഡ് നേട്ടം ആഘോഷമാക്കി. 225 പന്തിൽ നിന്ന് 128 റൺസാണ് പൂജാര നേടിയത്. 10 ഫോറുകളും 1 സിക്സറും അടങ്ങുന്നതായിരുന്നു പൂജാരയുടെ ഇന്നിങ്ങ്സ്. ആദ്യ ടെസ്റ്റിലെ ഫോം പിന്തുടർന്ന രഹാനെ 168 പന്തിൽ നിന്നാണ് 103 റൺസ് നേടിയത്. ടെസ്റ്റ് കരിയറിലെ രഹാനയുടെ ഒമ്പതാം സെഞ്ചുറിയാണ് ഇന്നത്തേത്.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാജ്യാന്തര ട്വന്റി-20 മത്സരം നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ ട്വന്റി-20 മത്സരം നടത്താൻ ബിസിസിഐയാണ് തിരുമാനിച്ചത്. കാര്യവട്ടം സ്റ്റേഡിയത്തിൽ ഒരുക്കിയ പിച്ചിന് ഐസിസി അംഗീകാരം ലഭിച്ചതോടെയാണ് ഒരു രാജ്യാന്തര മത്സരം നടത്താൻ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ, കൊച്ചിക്കു പിന്നാലെ കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മൽസരം നടക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമായി കാര്യവട്ടം ഗ്രീൻഫീൽഡ് മാറും. ഡിസംബർ 20ന് ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ മത്സരം.
അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സ്റ്റേഡിയം സജ്ജമാണെന്നാണ് ബി സി സിഐയുടെ വിലയിരുത്തല്‍. പിച്ച് വിലയിരുത്താന്‍ എത്തിയ ബിസിസിഐ സംഘം നിലവിലെ സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഐ സി സി മാനദണ്ഡങ്ങള്‍ പ്രകാരം തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുടെയും, ക്യാമറകള്‍, സ്‌ക്രീനുകള്‍ എന്നിവയ്ക്കും ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.
ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് മൽസരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചു. എന്നാൽ ട്വന്റി20 മൽസരം നടത്താനാണ് അനുമതി ലഭിച്ചത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെ 23 രാജ്യാന്തര മൽസരങ്ങളാണ് ടീം ഇന്ത്യ നാട്ടിൽ കളിക്കുന്നത്.
ഇതാദ്യമായാണ് കേരളത്തില്‍ ഒരു ടി20 മത്സരം നടക്കുന്നത്. നേരത്തെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിരവധി ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതെല്ലാം ഏകദിനമായിരുന്നു.
ലോക കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന പുതിയ നഗരങ്ങളെ അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മറ്റി തിരഞ്ഞെടുത്തു. 2024 ൽ നടക്കുന്ന ഒളിമ്പിക്സിന് ഫ്രഞ്ച് തലസ്ഥാനമായ പാരിസ് നഗരം വേദിയാകും. 2028 ൽ നടക്കുന്ന ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ്ആഞ്ചൽസുമായിരിക്കും ആതിഥേയത്വം വഹിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അറിയിച്ചു.
ആദ്യമായാണ് പാരിസ് ഒളിമ്പിക് മത്സരങ്ങൾക്ക് വേദിയാകുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന നഗരമാണ് പാരിസ്. 2024 ലെ ഒളിമ്പിക്സ് വേദി സ്വന്തമാക്കാനായി പാരിസും ലോസ്ആഞ്ചൽസും സജീവമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ചെയർമാൻ തോമസ് ബാക്ക് ഇരു രാജ്യങ്ങളുമായി നടത്തിയ ചർച്ചയിലാണ് സമവായം ഉണ്ടായത്. 2024 ലെ വേദി പാരിസിനും, 2028 ലെ വേദി ലോസ്ആഞ്ചൽസിനും നൽകാനാണ് ചർച്ചയിൽ ധാരണയായത്.
ഇത് മൂന്നാം തവണയാണ് ലോസ്ആഞ്ചൽസ് നഗരം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത്. 1932, 1984 വർഷങ്ങളിൽ നടന്ന ഒളിമ്പിക്സിന് ലോസ്ആഞ്ചൽസ് നഗരമാണ് ആതിഥേയത്വം വഹിച്ചത്.
2020ൽ നടക്കുന്ന ഒളിമ്പിക്സിന് ജപ്പാനാണ് ആതിഥേയത്വം വഹിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമ്മാണങ്ങളെല്ലാം ഇതിനകം തന്നെ ഇവിടെ പൂർത്തിയായതാണ്.
ബാർസിലോനയുടെ സൂപ്പർതാരമാണ് നെയ്‌മർ. അടുത്തിടെ നെയ്‌മർ ബാർസിലോന വിടുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ പരീശീലനത്തിനിടയിൽ സഹതാരവുമായി അടിപിടി കൂടിയിരിക്കുന്ന നെയ്‌മറാണ് വാർത്തകളിൽ നിറയുന്നത്. ടീമിലേക്ക് പുതുതായി എത്തിയ നെൽസൺ സെമേഡോയുമായാണ് നെയ്‌മർ അടിയുണ്ടാക്കിയത്.
യുഎസിൽ പ്രീ സീസൺ ചാംപ്യൻഷിപ് പരിശീലനത്തിലേർപ്പെട്ടിരിക്കുകയായിരുന്നു താരങ്ങൾ. ഇതിനിടയിൽ നെയ്മറെ പിന്നിൽനിന്നും നെൽസൺ തടയാൻ ശ്രമിച്ചു. ഇതാണ് നെയ്മറെ പ്രകോപിപ്പിച്ചത്. ഒടുവിൽ സഹതാരങ്ങൾ ചേർന്നാണ് നെയ്മറെ പിടിച്ചുമാറ്റിയത്. ദേഷ്യം മാറാതെ ഗ്രൗണ്ടിലുണ്ടായിരുന്ന ബോളും തട്ടി തെറിപ്പിച്ചാണ് നെയ്മർ കളം വിട്ടത്.
ഗോള്‍ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്. 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 508 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റിന് 399 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് നാലു വിക്കറ്റുകളാണ് നഷ്ടമായത്. 153 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയേയും 47 റണ്‍സെടുത്ത അശ്വിനേയും നുവാന്‍ പ്രദീപ് പുറത്താക്കി. ഇതോടെ മല്‍സരത്തില്‍ പ്രദീപിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. അജിങ്ക്യ രഹാനെ 57ഉം വൃദ്ധിമാന്‍ സാഹ 16 റണ്‍സെടുത്തും മടങ്ങി.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറി മികവിൽ ഇന്ത്യ 200 റൺസ് കടന്നു. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ധവാൻ നേടിയത്. 54 ഓവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 280 റൺസെന്ന നിലയിലാണ്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 12 റൺസെടുത്ത ഓപ്പണർ അഭിനവ് മുകുന്ദിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. നുവാൻ പ്രദീപിനാണ് വിക്കറ്റ്. സെഞ്ചുറി നേടിയ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. ധവാൻ 168 പന്തിൽ 190 റൺസെടുത്തു. അർധ സെഞ്ചുറിയുമായി ചേതേശ്വർ പൂജാരയും (72) ക്രീസിലുണ്ട്. കെ.എൽ.രാഹുലിനു പകരം തമിഴ്നാട് താരം അഭിനവ് മുകുന്ദിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയുടെ ടെസ്റ്റ് അരങ്ങേറ്റമെന്ന പ്രത്യേകതയും ഈ മൽസരത്തിനുണ്ട്.
ടീം ഇന്ത്യ: ശിഖർ ധവാൻ, അഭിനവ് മുകുന്ദ്, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഹാർദിക് പാണ്ഡ്യ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്.
നീന്തല്‍ കുളത്തിൽ മൈക്കൽ ഫെൽപ്സിന് മനുഷ്യ വംശത്തിൽ എതിളികളില്ല. അതുകൊണ്ടു തന്നെ കടൽ ഭരിക്കുന്ന സ്രാവുമായി ഏറ്റുമുട്ടിയിരിക്കുകയാണ് നീന്തൽ കുളത്തിലെ സ്വർണ മത്സ്യം. ദക്ഷിണാഫ്രിക്കയില്‍ ആണ് നീന്തല്‍ മത്സരം നടന്നത്.
ഫെല്‍പ്‌സും സ്രാവും ട്രാക്കിൽ. ഒരു കന്പിവേലിക്കപ്പുറവും ഇപ്പുറവും രണ്ട് പേരും ആഞ്ഞു നീന്തി. കടുത്ത പോരാട്ടത്തിനൊടുവിൽ ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ ഫെല്‍പ്‌സിനെ തോല്‍പ്പിച്ച് സ്രാവ് സ്വര്‍ണം നേടി. രണ്ട് സെക്കന്റ് വ്യത്യാസത്തിൽ മാത്രമായിരുന്നു സ്രാവ് ആദ്യം ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ നീന്താന്‍ സ്രാവ് 36.1 സെക്കന്റെടുത്തപ്പോള്‍ ഫെല്‍പ്‌സിന് 38.1 സെക്കന്റ് വേണ്ടി വന്നു.
‘ഫെല്‍പ്‌സ് വേഴ്‌സസ് ഷാര്‍ക്ക്: ദ ബാറ്റില്‍ ഫോര്‍ ഓഷ്യന്‍ സുപ്രീമസി’ എന്ന പേരില്‍ ഡിസ്‌കവറി ചാനലാണ് മത്സരം സംഘടിപ്പിച്ചത്. ഗ്രേറ്റ് ഗോള്‍ഡ് vs ഗ്രേറ്റ് വൈറ്റ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും ഈ മത്സരം ചര്‍ച്ചയായിരുന്നു.
മൈനസ് 53 ഡിഗ്രിയോളം തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷസംവിധാനത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ഇതിന് അനുസരിച്ചുള്ള സ്വിം സ്യൂട്ടായിരുന്നു ഫെല്‍പ്‌സ് ധരിച്ചത്. മോണോഫിനും (നീന്തുന്ന സമയത്ത് ധരിക്കുന്ന മത്സ്യത്തിന്റെ വാലു പോലെയുള്ള സാധനം) ഒരു മില്ലിമീറ്റര്‍ കട്ടിയുള്ള വെറ്റ് സ്യൂട്ടുമണിഞ്ഞാണ് ഫെല്‍പ്‌സ് നീന്തിയത്. ആദ്യ 25 മീറ്ററില്‍ സ്രാവും ഫെല്‍പ്‌സും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്രാവ് ഫെല്‍പ്‌സിനെ മറികടന്നു.
സാധാരണഗതിയില്‍ സ്രാവിന് ഒരു മണിക്കൂറില്‍ 25 മൈല്‍ എന്ന കണക്കില്‍ നീന്താനാകും. അതേസമയം ഫെല്‍പ്‌സിന് ഒരു മണിക്കൂറില്‍ ആറു മൈലാണ് നീന്താനാകുക. ഈ തോല്‍വിയോടെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മത്സരശേഷം ഫെല്‍പ്‌സിന്റെ ട്വീറ്റ് വന്നു. അടുത്ത തവണ മത്സരം ചൂടുവെള്ളത്തിലാകാം എന്നാണ് ഫെല്‍പ്‌സിന്റെ ട്വീറ്റ്.
അമേരിക്കന്‍ നീന്തല്‍ ഇതിഹാസമായ ഫെല്‍പ്‌സിന്റെ അക്കൗണ്ടില്‍ 28 ഒളിമ്പിക് മെഡലുകളുണ്ട്. അതില്‍ 23 എണ്ണം സ്വര്‍ണമാണ്. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡും ഫെല്‍പ്‌സിന്റെ പേരിലാണ്.
വനിത ലോകകപ്പ് ഫൈനലിൽ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇരു ടീമുകളിലും ഒരു മാറ്റങ്ങളും ഇല്ല.
വനിതാ ലോകകപ്പ് കിരീടത്തിന് ഇന്നോളം മൂന്നു രാജ്യങ്ങളേ അവകാശികളായിട്ടുള്ളു – ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലൻഡും. ഈ മൂന്നു ടീമുകളെയും തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്കു മാർച്ച് ചെയ്തതെന്നത് കിരീടപ്രതീക്ഷകൾക്കു തിളക്കം കൂട്ടുന്നു. ആറുവട്ടം ചാംപ്യന്മാരായ ഓസ്ട്രേലിയയെ ഹർമൻദീപ് കൗർ എന്ന ബാറ്റിങ് ജീനിയസിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
മുന്നിൽ നിന്നു പട നയിക്കുന്ന ക്യാപ്റ്റൻ മിതാലി രാജ് വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കറാണ്. ഏറ്റവുമധികം ഏകദിന റൺസ് നേടിയ താരം. തുടർച്ചയായ ഏഴ് അർധസെഞ്ചുറികളോടെ ചരിത്രമെഴുതിയ വമ്പത്തി. മിതാലിയിൽനിന്നു തൽക്കാലത്തേക്കു ശ്രദ്ധ മാറിനിൽക്കുകയാണിപ്പോൾ. വനിതാ ക്രിക്കറ്റിലെ വീരേന്ദർ സേവാഗ്, വിരാട് കോഹ്ലി എന്നൊക്കെ അർഥശങ്കയ്ക്കിടയില്ലാതെ വിശേഷിപ്പിക്കാവുന്ന ഹർമൻദീപ് കൗർ ആണ് ഇന്ത്യയെ പ്രതീക്ഷയുടെ കൊടുമുടി കയറ്റി നിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ 171 റൺസ് നേടി പുറത്താകാതെ നിന്ന ഹർമൻദീപ് ആണ് ഇപ്പോൾ ലോക ക്രിക്കറ്റിലെതന്നെ ഹീറോയിൻ.
ഇംഗ്ലണ്ടിനെതിരായ വിജയത്തോടെയായിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ തുടക്കം. ഇംഗ്ലണ്ടാകട്ടെ, ഇന്ത്യയോടു തോറ്റതിൽപിന്നെ മികച്ച ഫോമിലാണ്. സെമിയിൽ ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ തോൽപിച്ചാണ് അവർ ഫൈനലിലെത്തിയത്. നാട്ടുകാരുടെ മുന്നിൽ വിജയം കൊണ്ടു കയറാൻ ഇംഗ്ലണ്ടും ശ്രമിക്കുമ്പോൾ കളി ആവേശകരമാകുമെന്ന് ഉറപ്പാണ്