മനോജ്കുമാര്‍ പിള്ള
ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഇന്‍ഡോര്‍ & ഔട്ട്ഡോര്‍ സ്പോര്‍ട്സ് ജൂണ്‍ 17, 18 തീയതികളില്‍ നടത്തപ്പെട്ടു. ജൂണ്‍ പതിനേഴിന് രാവിലെ പത്തുമണിക്ക് ആഷ്ഡൗണ്‍ ലെഷര്‍ സെന്ററില്‍ ആരംഭിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റോടു കൂടി ഇന്‍ഡോര്‍ സ്പോര്‍ട്സിനു തുടക്കമായി. തുടര്‍ന്ന് ഉച്ചക്ക് ശേഷം സെന്റ് ക്ലെമന്റ് ഹാളില്‍ നടത്തപ്പെട്ട ചെസ്സ്, കാരംസ്, ചീട്ടുകളി തുടങ്ങിയ വാശിയേറിയ മത്സരങ്ങളോടെ ഇന്‍ഡോര്‍ സ്പോര്‍ട്സിനു അവസാനമായി.
ജൂണ്‍ പതിനെട്ടിന് രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെ ബ്രാങ്ക്സം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ഔട്ട്ഡോര്‍ സ്പോര്‍ട്സ് വ്യത്യസ്ത മത്സരങ്ങള്‍ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും വന്‍ വിജയമായി മാറി. ഉച്ചക്ക് അംഗങ്ങള്‍ തയ്യാറാക്കിയ ഭക്ഷണവും കുട്ടികള്‍ക്കുള്ള പ്രത്യേക ഭക്ഷണവും അനുഗ്രഹീതമായ കാലാവസ്ഥയും പങ്കെടുത്തവര്‍ക്കെല്ലാം ഒരു പിക്നിക്കിന്റെ പ്രതീതി സമ്മാനിച്ചു.
വിജയികള്‍ക്കെല്ലാം അടുത്ത സെപ്റ്റംബര്‍ രണ്ടാം തീയതി നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കുമെന്നു ഡികെസിയുടെ സംഘാടകസമിതി അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെ രാജിവെച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി തുടരുന്ന അഭിപ്രായ വ്യത്യാസത്തിനൊടുവിലാണ് രാജി. ചാമ്പ്യന്‍സ് ട്രോഫി പരാജയത്തിനു ശേഷം കോഹ്ലി ഇനി കുംബ്ലെയുമായി കോച്ചെന്ന നിലയില്‍ കുംബ്ലെയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് കോഹ്ലി ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിയ്ക്ക് മുമ്പാകെ തുറന്നടിച്ചിരുന്നു. ടെലഗ്രാഫ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് കുംബ്ലെയുടെ രാജി.
ഫൈനലിന് മുമ്പ് കോഹ്ലി ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവരോട് ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപദേശക സമിതി അംഗങ്ങള്‍ക്കൊപ്പം ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, സിഇഒ രാഹുല്‍ ജോഹ്‌റി, ജനറല്‍ മാനേജര്‍ എംവി ശ്രീധര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
ഈ ആവസരത്തിലാണ് കുംബ്ലെയ്ക്കെതിരെ കോഹ്ലി പരസ്യനിലപാടെടുത്തത്. ലണ്ടനില്‍നിന്ന് നേരിട്ടു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി അനില്‍ കുംബ്ലെ വരുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു കോഹ്ലിയുടെ നിലപാട്.
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ അടുത്ത രഞ്ജി സീസണിൽ കേരളത്തിന് വേണ്ടി കളിക്കുമെന്ന് ഉറപ്പായി. മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻഒസി താരത്തിന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ നൽകി. ഇതോടെയാണ് ഉത്തപ്പയുടെ കേരള രഞ്ജി ടീം പ്രവേശനം ഉറപ്പായത്.
ഇന്ത്യയുടെ അണ്ടർ 19 ടീമിലും പ്രഥമ ട്വന്‍റി-20 ലോകകപ്പ് നേടിയ ടീമിലും കളിച്ചിട്ടുള്ള ഉത്തപ്പ കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയാണ് കർണാടകം വിട്ടത്. 17-ാം വയസിൽ കർണാടകയ്ക്ക് വേണ്ടി അരങ്ങേറിയ ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഉത്തപ്പ ടീം വിടാതിരിക്കാൻ നിരവധി ചർച്ചകൾ കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തിയിരുന്നു. എന്നാൽ കൂടുതൽ അവസരങ്ങൾക്കായി ടീം മാറാൻ അവസരം നൽകണമെന്ന ആവശ്യത്തിൽ 31കാരൻ താരം ഉറച്ചു നിൽക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങളിൽ മാത്രമാണ് കർണാടകയുടെ അന്തിമ ഇലവനിൽ ഉത്തപ്പയ്ക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞത്. എന്നാൽ പിന്നാലെ വന്ന ഐപിഎല്ലിൽ മിന്നുന്ന ഫോമിലായിരുന്ന ഉത്തപ്പ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. 2014/15 സീസണിൽ കർണാടക രഞ്ജി ചാന്പ്യൻമാരായതും ഉത്തപ്പയുടെ ചിറകിലേറിയായിരുന്നു. സീസണിൽ മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയിൽ 1,158 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
കരുണ്‍ നായർ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾ കർണാടകത്തിനായി കടന്നു വന്നതോടെയാണ് ഉത്തപ്പയ്ക്ക് അവസരം കുറഞ്ഞത്. 1996-ൽ ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലെത്തിച്ച ഓസ്ട്രേലിയൻ പരിശീലകൻ ഡേവ് വാട്മോറാണ് വരുന്ന സീസണിൽ കേരള രഞ്ജി ടീമിന്‍റെ പരിശീലകനാകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മികവുള്ള താരങ്ങളെ ടീമിലെത്തിക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ സീസണിലും ശ്രമം നടത്തിയിരുന്നു. ജലജ് സക്സേന, ഇക്ബാൽ അബ്ദുള്ള തുടങ്ങിയ താരങ്ങൾ കഴിഞ്ഞ സീസണിൽ കേരളത്തിന് വേണ്ടി കളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തപ്പയുടെ വരവ്. സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി, വിഷ്ണു വിനോദ്, സന്ദീപ് വാര്യർ തുടങ്ങി കേരള താരങ്ങൾക്കൊപ്പം ഉത്തപ്പയും കൂടി ചേരുന്നതോടെ രഞ്ജിയിൽ കേരളത്തിന് വലിയ പ്രതീക്ഷകളാണ് ഉള്ളത്.
ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഇന്ത്യയ്ക്ക് തോല്‍വി. 180 റണ്‍സിനു ആണ് തോല്‍വി. 339 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ഓപ്പണര്‍ രോഹിത് ശര്‍മ്മ പൂജ്യത്തിന് പുറത്തായപ്പോള്‍ നായകന്‍ വിരാട് കോഹ്ലി അഞ്ചു റണ്‍സിന് പുറത്തായി. ഒമ്പതാം ഓവറില്‍ 22 പന്തില്‍ 21 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ഔട്ടായി. പാകിസ്താനുവേണ്ടി മുഹമ്മദ് ആമിറാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. 12-ാം ഓവറില്‍ ഷദബ് ഖാന്‍ യുവരാജിനെ പുറത്താക്കി. 31 പന്തില്‍ 22 റണ്‍സാണ് യുവി നേടിയത്. ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വാസിമിന്റെ ക്യാച്ചില്‍ ധോണിയും പുറത്തായി. 16 പന്തില്‍ നാല് റണ്‍സാണ് ധോണി നേടിയത്.
ടോസ് നഷ്ടപ്പെടുത്തി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തിരുന്നു. ഇന്ത്യക്കെതിരെ ആദ്യം ബാറ്റു ചെയ്ത് ഓപ്പണര്‍ ഫഖര്‍ സമാനാണ് സെഞ്ചുറി (114) നേടി പാകിസ്താനെ ഉയര്‍ന്ന സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ സമാനാന്റെ കന്നി ഏകദിന സെഞ്ചുറിയാണിത്.
ഓപ്പണിങ് വിക്കറ്റില്‍ അസ്ഹര്‍ അലിയുമൊത്ത് സമാന്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്. അസ്ഹര്‍ അലി അര്‍ധസെഞ്ചുറി നേടി. സമാന്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ഷുഐബ് മാലിക്കുമായി ബാബര്‍ മൂന്നാം വിക്കറ്റില്‍ 47 റണ്‍സ് ചേര്‍ത്തു.
20 റണ്‍സെടുക്കുന്നതിനിടയില്‍ മാലികിന്റെയും ബാബറിന്റെയും വിക്കറ്റുകള്‍ നഷ്ടപ്പെട്ട പാകിസ്താനായി അവസാന ഓവറില്‍ മുഹമ്മദ് ഹഫീസും (57) ഇമാദ് വസീമും അടിച്ചു തകര്‍ക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 37 പന്തില്‍ 57 റണ്‍സുമായി ഹഫീസും 21 പന്തില്‍ 25 റണ്‍സുമായി ഇമാദ് വസീമും പുറത്താകാതെ നിന്നു. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍ ഒരു വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും ഓരോ വിക്കറ്റും വീഴ്ത്തി.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഫൈനൽ പോരാട്ടത്തിൽ കൊന്പുകോർക്കുന്പോൾ ഇംഗ്ലണ്ടിൽ മാത്രം 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്ന് റിപ്പോർട്ട്. ചൂതാട്ടം ബ്രിട്ടനിൽ നിയമവിധേയമാണ്. ഇത് വാതുവെപ്പ് കൂടുതൽ നടക്കാൻ കാരണമാകുമെന്നും എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്ത് വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
പാക്കിസ്ഥാനെ അപേക്ഷിച്ച് ഇന്ത്യക്കാണ് വാതുവെപ്പുകാർക്കിടയിൽ ഡിമാന്റ് കൂടുതൽ. അതുകൊണ്ട് തന്നെ ഇന്ത്യ ജയിക്കുമെന്ന് 100 രൂപക്ക് പന്തയം വെച്ചവർക്ക് ഇന്ത്യ ജയിച്ചാൽ 147 രൂപ ലഭിക്കും. വാതുവെക്കുന്നവർ കുറവായത് കൊണ്ട് തന്നെ പാക്കിസഥാന് അനുകൂലമായി പന്തയം വെച്ച് വിജയിച്ചാൽ 300 രൂപ ലഭിക്കും.
”ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന എല്ലാ മത്സത്തിനും കൂടി ഏകദേശം രണ്ടു ലക്ഷം കോടി രൂപയ്ക്കുള്ള വാതുവെപ്പാണ് നടന്നത്. ഒരു ഫൈനലില്‍ ഇന്ത്യയും പാകിസ്താനും വരുന്നത് പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്. അതുകൊണ്ടു തന്നെയാണ് വാതുവെപ്പ് കൂടിയതും” ഗെയിമിങ് ഫെഡറേഷന്‍ സിഇഒ റോളണ്ട് ലാന്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
മത്സരഫലം വാതുവെപ്പിന്റെ ഒരു ഭാഗം മാത്രമാണ്. 10 ഓവറിനുള്ളിലെ മത്സരഫലം നിശ്ചയിച്ചും അതല്ലെങ്കില്‍ ടീം ടോട്ടല്‍ കണക്കുകൂട്ടിയും വാതുവെപ്പ് നടത്താം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വാതുവെപ്പ് നിയമവിരുദ്ധമാണ്. പക്ഷേ ഇ-വാലെറ്റും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ലണ്ടനിലെ വെബ്‌സൈറ്റുകള്‍ വഴി ഇന്ത്യക്കാരും വാതുവെപ്പില്‍ പങ്കെടുക്കുന്നുണ്ട്.
ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ കളിക്കളത്തേക്കാള്‍ പോര് കാണികള്‍ക്കിടയില്‍. ഇന്ത്യന്‍ ടീമിനെ അപമാനിക്കുന്ന തരത്തില്‍ വിവിധ ഫോട്ടോകളാണ് ബംഗ്ലാ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
ഇതില്‍ ഇന്ത്യന്‍ പതാക ധരിച്ച പട്ടിയ്ക്ക് മുകളിലേക്ക് ബംഗ്ലാദേശിന്റെ പതാക പതിച്ച കടുവ ചാടി വീഴുന്ന ചിത്രം ഏറെ വൈറലായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം അതിവേഗം പ്രചരിക്കുന്നുണ്ട്. അതെസമയം ബംഗ്ലാ ആരാധകരുടെ പ്രകോപനത്തിന് കളികളത്തില്‍ ടീം ഇന്ത്യ മറുപടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. വ്യാഴാഴ്ചയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്.
ഇത് ആദ്യമായല്ല ഇന്ത്യക്കാരെ അപമാനിക്കുന്ന രീതിയില്‍ ബംഗ്ലാദേശുകാര്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പ് ഫൈനലിന് മുന്‍പ് ധോനിയുടെ തല വെട്ടിയെടുത്ത രീതിയില്‍ പിടിച്ചു നില്‍ക്കുന്ന തസ്‌കിന്‍ അഹ്മദിന്റെ ചിത്രവും വിവാദമായിരുന്നു.
2015ല്‍ കട്ടറിന്റെ വ്യാജ പരസ്യം നല്‍കി ബംഗ്ലാദേശി പത്രവും ഇന്ത്യന്‍ താരങ്ങളെ അപമാനിച്ചിരുന്നു. ധോനി, കോഹ്ലി, ധവാന്‍, രഹാനെ, രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ മുടി പകുതി മുറിച്ച് നില്‍ക്കുന്ന രീതിയിലായിരുന്നു ചിത്രം പത്രത്തില്‍ നല്‍കിയത്.
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണ്ണമെന്റിൽ സ്റ്റാൻ വാവ്റിങ്കയെ നേരിട്ട മൂന്ന് സെറ്റുകളിലും തകർത്ത് റാഫേൽ നദാൽ കിരീടം നേടി. ഇത് പത്താം തവണയാണ് നദാൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്നത്. സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് തകർത്താണ് നദാൽ കളിമൺ കോർട്ടിലെ തന്റെ ആധിപത്യം വ്യക്തമാക്കിയത്.
6-2, 6-3, 6-1 സ്കോറിന് നദാലിനോട് കീഴടങ്ങിയ സ്റ്റാൻ വാവ്റിങ്ക ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ലെന്നതാണ് ഫൈനലിന്റെ സവിശേഷത. നദാലിന്റെ പത്താം ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടമാണിത്. റൊളാംഗ് ഗാരോസില്‍ നദാൽ ഇതുവരെ കളിച്ച 81 മല്‍സരങ്ങളിൽ 79ാം തവണയാണ് വിജയം നേടുന്നത്.
ഇതോടെ നദാല്‍ നേടിയ ഗ്രാന്‍സ്ലാം കിരീടങ്ങളുടെ എണ്ണം പതിനഞ്ചായി. ഫ്രഞ്ച് ഓപ്പണിൽ മാത്രം പത്ത് തവണ കിരീടം നേടിയെന്നത് കളിമൺ കോർട്ടിലെ നദാലിന്റെ അപരാജിത മുന്നേറ്റത്തിന്റെ അടയാളമാണ്. 2014 ന് ശേഷം ആദ്യമായാണ് ഇദ്ദേഹം ഗ്രാന്റ്സ്ലാം നേടുന്നത്. മറുവശത്ത് ഒരു ഗ്രാന്റ്സ്ലാം മത്സരത്തിന്റെ ഫൈനലിൽ ആദ്യമായാണ് സ്വിസ് താരം സ്റ്റാൻ വാവ്റിങ്ക പരാജയപ്പെടുന്നത്.
ഓവല്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ ടീം സെമിയിലേക്കുള്ള ബര്‍ത്ത് ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 191 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 37.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. 12 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 83 പന്തില്‍ 78 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 76 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും 23 റണ്‍സെടുത്ത യുവരാജ് സിംഗും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടും ബംഗ്ലാദേശും നേരത്തെ സെമിയിലെത്തിയിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മികവൊത്ത ബൗളിംഗ് പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു. തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കളം നിറഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ റണ്ണൗട്ടാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ഹാഷീം അംലയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. അംലയെ മടക്കി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മൂന്നാമനായെത്തിയ ഡുപ്ലേസിയെ കൂട്ടുപിടിച്ച് ഡികോക്ക് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 116ല്‍ എത്തിയപ്പോള്‍ ഡികോക്കിനെ ജഡേജ വീഴ്ത്തി. 72 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 53 റണ്‍സെടുത്ത ഡികോക്കിനെ ജഡേജ ക്ലീന്‍ബോള്‍ഡാക്കി.
ഇന്ത്യന്‍ ഫില്‍ഡര്‍മാരുടെ പ്രകടനം പിന്നീടാണ് കണ്ടത്. അപകടകാരിയായ എ.ബി ഡിവില്ലിയേഴ്‌സിനെ പാണ്ഡ്യയുടെ ഫില്‍ഡിംഗില്‍ ധോണി റണ്ണൗട്ടിയാക്കിയപ്പോള്‍ ഡേവിഡ് മില്ലറെ ബുംറയുടെ ഫീല്‍ഡിംഗില്‍ കൊഹ്ലിയും പുറത്താക്കി. ഡുപ്ലെസിസിന്റെ വിക്കറ്റ് വീഴ്ത്തി പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചത്.
ഓരോ മത്സരം വീതം തോല്‍വിയും ജയവുമാണ് ഇരുടീമുകള്‍ക്കും ഉണ്ടായിരുന്നത്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് സെമിയില്‍ പ്രവേശിക്കാം. മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ റണ്‍ നിരക്കില്‍ മുന്നിലുള്ള ഇന്ത്യ സെമിയില്‍ കടക്കും എന്നതായിരുന്നു മത്സരത്തിന് മുൻപുണ്ടായിയുന്ന അവസ്ഥ. മുഖാമുഖം വന്ന മത്സരങ്ങളില്‍ കൂടുതലും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം അവരെ എഴുതിത്തള്ളാനാകില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ടൂര്‍ണമെന്റില്‍ ആദ്യത്തെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റു.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരായ മൽസരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് അടിപതറി. നിശ്ചിത 50 ഓവർ പൂർത്തിയാക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയില്ല. 44.3 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ കളിക്കാരെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. ക്വിന്റൺ ഡി കോക്ക് അർധസെഞ്ചുറി നേടി.
ഓപ്പണർമാരായി ഇറങ്ങിയ ക്വിന്റൺ ഡി കോക്കും ഹാഷിം അംലയും ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 18-ാം ഓവറിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. അശ്വിന്റെ ബോളിൽ ധോണിയുടെ ക്യാച്ചിലൂടെ അംലയാണ് (35) ആദ്യം പുറത്തായത്. പിന്നാലെ 53 റൺസെടുത്ത ഡി കോക്കിനെ ജഡേജയും പുറത്താക്കി. എബി ഡിവില്ലിയേഴ്സും (16), ഡേവിഡ് മില്ലറും (1) റൺഔട്ടിലൂടെ കളംവിട്ടു. ഹാർദിക് പാണ്ഡ്യയുടെ ബോളിൽ ഡു പ്ലെസിസും (36) വീണതോടെ ദക്ഷിണാഫ്രിക്കൻ നിര തകർന്നു.
പിന്നീട് ഇറങ്ങിയ ക്രിസ് മോറിസ് (4), ആൻഡിലേ ഫെലൂക്വായോ (4), റബാദ (5), മോൺ മോർക്കൽ (0), ഇമ്രാൻ താഹിർ (1) എന്നിവർക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല. ഡുമിനി 20 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ബുംറയും ഭുവനേശ്വർ കുമാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ, പാണ്ഡ്യ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഇന്നത്തെ മൽസരം ഇരുടീമുകൾക്കും നിർണായകമാണ്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. ഇന്നു ജയിച്ചാൽ ഇന്ത്യക്ക് അനായാസം സെമിയിലെത്താം. മഴമൂലം കളി മുടങ്ങിയാൽ റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലേ സെമിയിലെത്താനാകൂ. നിലവിൽ റണ്‍ റേറ്റിൽ ഇന്ത്യ തന്നെയാണ് മുന്നിൽ.
ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ചുവട് പിഴച്ചിരുന്നു. ശ്രീലങ്കക്കെതിരെ ആദ്യ മല്‍സരത്തില്‍ ജയിച്ചെങ്കിലും പാക്കിസ്ഥാനോട് തോറ്റതാണ് ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശം ദുഷ്ക്കരമായത്.