എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസി. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു.
ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മെസിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സോഷ്യല്‍ ഇനിഷ്യേറ്റീവിന് ബൈജൂസ് തുടക്കമിട്ടത്. ഈ മാസം തുടങ്ങുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് ബൈജൂസ്.
ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം നടക്കുന്ന പര്യടനത്തിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചു. ഹാർദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ശിഖാർ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്.
സഞ്ജു സാംസൺ ഏകദിന ടീമിലും ടി20 ടീമിലും ഇടം നേടി. റിഷഭ് പന്താണ് രണ്ട് പരമ്പരയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.
ഇന്ത്യൻ ടി20 ടീം ; ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ , മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്.
ഇന്ത്യൻ ഏകദിന ടീം ; ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (vc & wk), ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിങ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് , ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്
ടി20 ലോകകപ്പിൽ നാളെ നെതർലൻഡ്സിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സിഡ്നിയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതൃപ്തി. സിഡ്നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണത്തിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചു. ഗുണനിലവാരമില്ലാത്ത തണുത്ത സാൻഡ്‍വിച്ചുകൾ മാത്രമാണ് പരിശീലന ശേഷം നൽകിയത് എന്നാണ് പരാതി.
തുടര്‍ന്ന് ടീം അംഗങ്ങള്‍ ഉച്ചഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ ടീമിന് ചൊവ്വാഴ്ച നിര്‍ബന്ധിത പരിശീലനമില്ലായിരുന്നെങ്കിലും വിരാട് കോലി, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ, എന്നിവരെല്ലാം സിഡ്നിയില്‍ പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള ചിലര്‍ കുടുംബവുമൊത്ത് പുറത്ത് കറങ്ങാനിറങ്ങി. പേസര്‍മാര്‍ക്കെല്ലാം ഇന്നലെ പൂര്‍ണ വിശ്രമം അനുവദിച്ചിരുന്നു.
എന്നാല്‍ പരിശീലനത്തിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉച്ചഭക്ഷണമായി സംഘാടകര്‍ നല്‍കിയത് തണുത്ത സാന്‍ഡ്‌വിച്ചായിരുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് പരിശീലനത്തിന് ശേഷം നല്‍കിയതെന്നും കഠിനമായ പരിശീലനത്തിനുശേഷം വരുമ്പോള്‍ സാന്‍ഡ്‌വിച്ച് മാത്രം മതിയാവില്ലെന്നും ഇന്ത്യന്‍ ടീം അംഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഫ്രൂട്സ്, ഫലാഫെല്‍ എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് സ്വന്തമായി സാന്‍ഡ്‌വിച്ച് ഉണ്ടാക്കി കഴിക്കാമെന്നായിരുന്നു മെനു കാര്‍ഡിലെ നിര്‍ദേശം. ഇതാണ് കളിക്കാരെ നിരാശരാക്കിയത്. സംഭവത്തില്‍ ടീം മാനേജ്മെന്‍റ് ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടർന്ന് ഐസിസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇന്നു മുതൽ താരങ്ങൾക്ക് ഇന്ത്യൻ ഭക്ഷണം നൽകാനുള്ള സംവിധാനം തയ്യാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടി 20 ലോകകപ്പിൽ നെതർലൻഡ്സാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12030നാണ് കളി തുടങ്ങുക. പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ നെതർലൻഡ്സിനെ നേരിടുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ്അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി.
ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനെട്ടാം ഓവറിലാണ് കളി മാറുന്നത്. 17 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഹാരിസ് റൗഫിന്റെ 19-ാം ഓവറില്‍ 15 റണ്‍സും പിറന്നു. അതുവരെ നന്നായി പന്തെറിഞ്ഞ റൗഫിന്റെ അവസാന രണ്ട് പന്തില്‍ കോലി സിക്‌സ് നേടിയിരുന്നു. അവസാന ഒാവറില്‍ ജയിക്കാന്‍ വേണ്ടത് 16 റണ്‍സ്. പന്തെറിയുന്നത് മുഹമ്മദ് നവാസ്. ആദ്യ പന്തില്‍ ഹാര്‍ദിക് ഔട്ട്. ദിനേശ് കാര്‍ത്തിക് ക്രീസിലേക്ക്. രണ്ടാം പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ കോലി രണ്ട് റണ്‍സ് നേടി. നാലാം പന്തില്‍ സിക്‌സ്. കൂടെ നോബോളും. അവസാന മൂന്ന് പന്തില്‍ വേണ്ടത് ആറ് റണ്‍. അടുത്ത പന്ത് വൈഡ്. ജയിക്കാന്‍ അഞ്ച് റണ്‍. അടുത്ത പന്ത് വീണ്ടും ഫ്രീഹിറ്റ്. എന്നാല്‍ കോലി ബൗള്‍ഡായി. പന്ത് കീപ്പറെ മറികടന്ന് പിന്നിലേക്ക്. അതില്‍ മൂന്ന് റണ്‍സാണ് ഓടിയെടുത്തത്. അവസാന രണ്ട് പന്തില്‍ വേണ്ടത് രണ്ട് റണ്‍. കാര്‍ത്തിക് പുറത്ത്. ആര്‍ അശ്വിന്‍ നേരിട്ട അവസാന പന്ത് വൈഡ്. സ്‌കോര്‍ ഒപ്പത്തിനൊപ്പം. അവസാന പന്തില്‍ ബൗണ്ടറി നേടി അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 53 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.
തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഏഴ് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നാലിന് 33 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. രണ്ടാം ഓവറില്‍ തന്നെ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായി. നസീം ഷായുടെ പന്തില്‍ രാഹുല്‍ ബൗള്‍ഡാവുകയായിരുന്നു. ഏഴ് റണ്‍സായിരുന്നു അപ്പോള്‍ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്. സ്‌കോര്‍ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ രോഹിത്തും മടങ്ങി. ഹാരിസിന്റെ പന്തില്‍ സ്ലിപ്പില്‍ ഇഫ്തിഖറിന് ക്യാച്ച്. വിശ്വസ്ഥനായ സൂര്യക്ക് ഇത്തവണ ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ട് ഫോറ് നേടി ആത്മവിശ്വാസം കാണിച്ചെങ്കിലും 15 റണ്‍സുമായി മടങ്ങി. ഹാരിസിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന് ക്യാച്ച്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്‌സറാവട്ടെ റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നീടായിരുന്നു ഹാര്‍ദിക്- കോലി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. 113 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.
നേരത്തെ, മെല്‍ബണില്‍ തുടക്കം മുതല്‍ പാകിസ്ഥാന്‍ ഓപ്പണര്‍മാര്‍ ബുദ്ധിമുട്ടി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് എന്നിവരുടെ സ്വിങ്ങിന് മുന്നില്‍ ഇരുവര്‍ക്കും പിടിച്ചുനില്‍ക്കായില്ല. ഭുവിയുടെ ആദ്യ ഓവറില്‍ ഒരു റണ്‍ മാത്രമാണ് പിറന്നത്. അതും വൈഡില്‍ ലഭിച്ച റണ്‍. രണ്ടാം ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ്. ആദ്യ പന്തില്‍ ബാബറിനെ മടക്കി താരം ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബാബര്‍. തുടര്‍ന്ന് മസൂദ് ക്രീസിലേക്ക്. എന്നാല്‍ നാലാം ഓവറില്‍ പാകിസ്ഥാന് അടുത്ത പ്രഹരമേറ്റു. ഇത്തവണയയും അര്‍ഷ്ദീപ് വിക്കറ്റെടുത്തത്. അര്‍ഷ്ദീപിന്റെ ബൗണ്‍സ് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ഭുവനേശ്വറിന് ക്യാച്ച്. ഇതോടെ പാകിസ്ഥാന് രണ്ടിന് 15 എന്ന നിലയിലായി പാകിസ്ഥാന്‍.
തുടര്‍ന്ന് ഇഫ്തിഖര്‍- മസൂദ് സഖ്യം കൂട്ടിചേര്‍ത്ത 76 റണ്‍സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഇഫ്തിഖറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷദാബ് ഖാന്‍ (5), ഹൈദര്‍ അലി (2), മുഹമ്മദ് നവാസ് (9), ആസിഫ് അലി (2) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഷഹീന്‍ അഫ്രീദി (8 പന്തില്‍ 16) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഹാരിസ് റൗഫ് (6) മസൂദിനൊപ്പം പുറത്താവാതെ നിന്നു.
ഇതിനിടെ മസൂദ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്. അര്‍ഷ്ദീപ് നാല് ഓവറില്‍ 32 റണ്‍സാണ് വിട്ടുകൊടുത്തത്. ഹാര്‍ദിദ് നാല് ഓവറില്‍ 30 റണ്‍സും ഷമി നാല് ഓവറില്‍ 25 റണ്‍സും മാത്രമാണ് നല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രമാണ് നല്‍കിയത്. എന്നാല്‍ ഒരോവര്‍ മാത്രമെറിഞ്ഞ അക്‌സര്‍ പട്ടേല്‍ 21 റണ്‍സ് നല്‍കി. അശ്വിനാവട്ടെ മൂന്ന് ഓവറില്‍ 23 റണ്‍സ് നല്‍കി.
ടെന്നിസ് ലോകത്തെ വിലമതിക്കാനാവാത്ത താരങ്ങളായ സെറീന വില്യംസും വീനസ് വില്യംസ് സഹോദരിമാര്‍ കടക്കെണിയില്‍. ഇപ്പോഴിതാ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് ഇരുവരുടെയും കുടുംബവീട് ലേലത്തിന് വെച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഫ്ളോറിഡയിലെ പാം ബീച്ച് ഗാര്‍ഡന്‍സിലാണ് പത്ത് ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടുള്ളത്. ടി.എം.എസ്. സ്പോര്‍ട്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
11.6 കോടി രൂപയുടെ(1.42 മില്ല്യണ്‍ ഡോളര്‍) മൂല്യമാണ് വീടിനുള്ളത്. നാല് കിടപ്പുമുറികള്‍, മൂന്ന് ബാത്ത് റൂമുകള്‍, രണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന സൗകര്യങ്ങള്‍.
സെറീനയുടെയും വീനസിന്റെയും പിതാവ് റിച്ചാര്‍ഡിന്റെ രണ്ടാം ഭാര്യയായ ലുക്കേഷിയ വായ്പയായി എടുത്ത തുക തിരിച്ചടയ്ക്കാത്തതിനാലാണ് വീട് ലേലത്തിന് വെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1980ല്‍ പണി കഴിപ്പിച്ച വീടിന് ഇപ്പോള്‍ സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കൂടുതല്‍ പണം നല്‍കുന്ന ബിഡര്‍ക്കായി കാത്തിരിക്കുകയാണെന്ന് ലേല നോട്ടീസില്‍ വ്യക്തമാക്കുന്നു. കൗമാരകാലഘട്ടത്തിലാണ് വീനസും സെറീനയും പിതാവിനൊപ്പം ഈ വീട്ടിലേക്ക് എത്തുന്നത്. ഇരുവര്‍ക്കും പരിശീലനം നല്‍കുന്നതിന് വേണ്ടി റിച്ചാര്‍ഡ് ഇവിടെ രണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ കൂടി നിര്‍മിക്കുകയായിരുന്നു.
ബിസിസിഐയില്‍ നിന്ന് ഗാംഗുലിയെ പുറത്താക്കിയതിന് പിന്നില്‍ മുന്‍ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസനെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ സൗരവ് പരാജയപ്പെട്ടുവെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്ന തരത്തിലേക്ക് പോയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് ബിന്നിയെ നാമനിര്‍ദേശം ചെയ്യുന്നതില്‍ ശ്രീനിവാസന്‍ പ്രധാന പങ്കുവഹിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ 2019 മുതലുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിജേഷ് പട്ടേലിന്റെ നിയമനവുമായി ബന്ധപ്പെട്ട് കാര്യങ്ങളിലാണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. അതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും ശ്രീനിവാസന്‍ ഒരിക്കലും ഈ നാണക്കേട് മറന്നിട്ടില്ലെന്നും അത് ശരിയാക്കാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ശ്രീനിവാസനെ സംബന്ധിച്ചിടത്തോളം ഇത് അന്തസ്സിന്റെ പ്രശ്നമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ വാക്കിന് ഇപ്പോഴും വിലയുണ്ടെന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടിയിരുന്നു. ഒരു പ്രസിഡന്റും തുടര്‍ച്ചയായി രണ്ട് തവണ പദവി വഹിച്ചിട്ടില്ലെന്നും അതിനാല്‍ ഈ പദവിയില്‍ ഇനിയും തുടരാന്‍ ഗാംഗുലി അര്‍ഹനല്ലെന്നുമായിരുന്നു നിലപാട്. സൗരവ് പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നതില്‍ പരാജയപ്പെട്ടുവെന്ന് ശ്രീനിവാസന്‍ ആരോപിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ പോയി.
ഇപ്പോള്‍, ബിസിസിഐയിലെ ഗാംഗുലിയുടെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. താന്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൈകളില്‍ കളിച്ചിട്ടില്ല എന്നതില്‍ ഗാംഗുലി അഭിമാനിക്കുന്നെന്നും അത് എപ്പോഴും അഭിമാനത്തോടെ പറയാന്‍ അദ്ദേഹത്തിന് കഴിയുമെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
മുംബൈയില്‍ 18 നു നടക്കുന്ന ബി.സി.സി.ഐ. വാര്‍ഷിക പൊതു യോഗത്തില്‍ റോജര്‍ ബിന്നി സ്ഥാനമേല്‍ക്കുമെന്നാണു സൂചന. സെക്രട്ടറിയായി ജയ് ഷാ തുടരും. വൈസ് പ്രസിഡന്റായി രാജീവ് ശുക്ല തുടരും. റോജര്‍ ബിന്നി ആദ്യമായാണു ഭരണ സമിതിയിലേക്കു വരുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന (2017-2019) ആശിഷ് സീലാര്‍ ബി.സി.സി.ഐയുടെ ട്രഷറര്‍ സ്ഥാനത്തെത്തും.
ഫോര്‍മുല വണ്‍ ലോകകിരീടം റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്. ജാപ്പനീസ് ഗ്രാന്‍പ്രിയില്‍ വെര്‍സ്റ്റാപ്പന്‍ ഒന്നാം സ്ഥാനം നേടുകയും ഫെറാറിയുടെ ഷാല്‍ ലെക്ലയര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തതോടെയാണ് ഡച്ച് താരത്തിന്റെ കിരീടനേട്ടം.
തകര്‍ത്തുപെയ്ത മഴയ്ക്കും ഇഞ്ചോടിഞ്ച് പൊരുതിയ ഷാല്‍ ലെക്ലയറിനും മാക്സ് വെര്‍സ്റ്റാപ്പന്റെ കിരീടനേട്ടം വൈകിപ്പിക്കാനായില്ല. നാലുറേസുകള്‍ ബാക്കി നിര്‍ത്തി തുടര്‍ച്ചയായ രണ്ടാം സീസണിലും ലോകകിരീടം ഡച്ച് വിസ്മയത്തിന്.
അനായാസം വെര്‍സ്റ്റാപ്പന്‍ ചെക്കഡ് ഫ്ലാഗ് മറികടന്നപ്പോള്‍ കിരീടം നിശ്ചയിച്ച പോരാട്ടം നടന്നത് തൊട്ടുപിന്നിലായി ലെക്ലയര്‍ രണ്ടാമനായി ഫിനിഷ് ചെയ്തെങ്കിലും അവസാന കോര്‍ണറില്‍ ട്രാക്കുവിട്ടിറങ്ങിയതിന് അഞ്ചുസെക്കന്‍ഡ് പിഴ വിധിച്ചത് മല്‍സരശേഷം ലെക്ലയര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെ വെര്‍സ്്റ്റാപ്പന്‍ ലോകചാംപ്യനായി.
മഴകാരണം 53 ല്‍ 28 ലാപ്പുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായതെങ്കിലും മുഴുവന്‍ പോയിന്റും നല്‍കാന്‍ തീരുമാനിച്ചതും വെര്‍സ്റ്റാപ്പന് ഗുണമായി.
ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യഗോളിനായുള്ള കാത്തിരിപ്പി് കേരളാ ബ്ലാസ്റ്റേഴ്സ്-ഈസ്റ്റ് ബംഗാള്‍ പോരാട്ടത്തിന്‍റെ 72-ാം മിനിറ്റിലായിരന്നു അവസാനമായത്. ഹര്‍മന്‍ജ്യോത് ഖബ്രയുടെ ഓവര്‍ ഹെഡ് പാസില്‍ നിന്ന് മഞ്ഞപ്പടയുടെ വിശ്വസ്തനായ അഡ്രിയാന്‍ ലൂണ ഈസ്റ്റ് ബംഗാള്‍ വല കുലുക്കിയപ്പോള്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍ ആദ്യഗോളിന്‍റെ ആവേശ പ്രകടനമായിരുന്നില്ല ആരാധകര്‍ ലൂണയുടെ മുഖത്ത് കണ്ടത്. കൈയില്‍ പച്ചകുത്തിയിട്ടുള്ള മകള്‍ ജൂലിയേറ്റയുടെ ചിത്രത്തിന് നേരെ വിരല്‍ചൂണ്ടി കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി കരയുന്ന അഡ്രിയാന്‍ ലൂണയെന്ന പിതാവിനെയായിരുന്നു. സീസണിലെ ആദ്യ ഗോള്‍ ലൂണ സമര്‍പ്പിച്ചതും മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ആറു വയസുകാരി മകള്‍ ജൂലിയേറ്റക്കായിരുന്നു.
ഈ വര്‍ഷം ഏപ്രിലിലാണ് ലൂണയുടെ മകള്‍ ജൂലിയേറ്റ രോഗബാധിതയായി മരിച്ചത്. സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്ന് സമൂഹമധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ലൂണ കുറിച്ചിരുന്നു. ശ്വാസകോശത്തെയും മറ്റ് ആന്തരികാവയവങ്ങളെയും ബാധിക്കുന്ന ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ലൂണയായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്സിന്‍റെ ഗോളടി തുടങ്ങിവെച്ചതും ലൂണ തന്നെയായിരുന്നു. 72ാം മിനിറ്റില്‍ ലൂണയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് പകരക്കാരനായി ഇറങ്ങിയ ഇവാന്‍ കലിയുസ്‌നിയുടെ ഇരട്ട ഗോളുകളാണ് ആധികാരിക ജയം സമ്മാനിച്ചത്.
പകരക്കാരനായി ഇറങ്ങി 82ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡുയര്‍ത്തിയ കലിയുസ്‌നി രണ്ട് മിനിറ്റിനകം യുക്രൈന്‍ മിസൈലിനെ അനുസ്മരിപ്പിക്കുന്ന ലോംഗ് റേഞ്ചറിലൂടെ രണ്ടാം ഗോളും നേടി ബ്ലാസ്റ്റേഴ്സിന്‍റെ ജയമുറപ്പിച്ചു. 87-ാം മിനിറ്റില്‍ അലക്സി ലിമയിലൂടെയാണ് ഈസ്റ്റ് ബംഗാള്‍ ആശ്വാസ ഗോള്‍ നേടിയത്.
For Julieta #HeroISL #KBFCEBFC #LetsFootball #KeralaBlasters #EastBengalFC pic.twitter.com/TrG9yEDqXM
— Indian Super League (@IndSuperLeague) October 7, 2022
ഐഎസ്എല്‍ ഒമ്പതാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിനായി അലക്‌സ് ഒരു ഗോള്‍ മടക്കി.
മത്സരത്തിന്റെ 72ാം മിനുറ്റില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്നും മികച്ച മുന്നേറ്റം നടത്തിയ ബ്ലാസ്റ്റേഴ്സിനായി 82ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി വലകുലുക്കി. 88ാം മിനുറ്റി്ല്‍ അലകസ് ഈസ്റ്റ് ബംഗ്ലാളിനായി ആശ്വാസ ഗോള്‍ സ്‌കോര്‍ ചെയ്തു. 89ാം മിനുറ്റില്‍ ഇവാന്‍ കലിയുസ്നി ബ്ലാസ്റ്റേഴ്സിനായി മൂന്നാമത്തെ ഗോള്‍ സ്വന്തമാക്കി.
ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ കേരളം 3 ഈസ്റ്റ് ബംഗാള്‍ 1. മത്സരത്തില്‍ 22 ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് തൊടുത്തപ്പോള്‍ 10 എണ്ണം ഗോള്‍ ലക്ഷ്യമാക്കാന്‍ മഞ്ഞപ്പടക്കായി. കളിയില്‍ 54 ശതമാനം പന്തടക്കം കേരളത്തിനായിരുന്നു. വിജയത്തോടെ സീസണ് മികച്ച തുടക്കമിടാന്‍ കേരളത്തിനായി. ഈ മാസം 16ന് എടികെ മോഹന്‍ ബഗാനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
സഞ്ജുവിന്റെ അർധ സെഞ്ചറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. മഴമൂലം 40 ഓവറാക്കി വെട്ടിച്ചുരുക്കിയ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ യുവതുർക്കികൾ പൊരുതിത്തോറ്റു. 9 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. സ്കോർ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249. ഇന്ത്യ 40 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ്.
മലയാളി താരം സഞ്ജു സാംസൺ 63 പന്തിൽനിന്ന് 86 റൺസ് അടിച്ചുകൂട്ടി. 63 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഹെൻറിച് ക്ലാസൻ 65 പന്തിൽ 74 റൺസോടെയും പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക്, പിരിയാത്ത അഞ്ചാം വിക്കറ്റിൽ ക്ലാസൻ – മില്ലർ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചറി കൂട്ടുകെട്ടാണ് മികച്ച സ്കോർ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ദക്ഷിണാഫ്രിക്കൻ സ്കോർ ബോർഡിൽ എത്തിച്ചത് 106 പന്തിൽ 139 റൺസാണ്.
63 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതമാണ് മില്ലർ 75 റൺസെടുത്തത്. 65 പന്തുകൾ നേരിട്ട ക്ലാസൻ ആറു ഫോറും രണ്ടു സിക്സും സഹിതം 74 റൺസുമെടുത്തു. ഓപ്പണർ ക്വിന്റൻ ഡികോക്ക് 54 പന്തിൽ അഞ്ച് ഫോറുകളോടെ 48 റൺസെടുത്ത് പുറത്തായി. ജന്നേമൻ മലാൻ 42 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസെടുത്തു. അതേസമയം, ക്യാപ്റ്റൻ ടെംബ ബാവുമ (12 പന്തിൽ എട്ട്), എയ്ഡൻ മർക്രം (0) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കായി എട്ട് ഓവറിൽ ഒരു മെയ്ഡൻ സഹിതം 35 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കൂറിന്റെ പ്രകടനം ശ്രദ്ധേയമായി. കുൽദീപ് യാദവ് എട്ട് ഓവറിൽ 39 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. രവി ബിഷ്ണോയ് ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും എട്ട് ഓവറിൽ വഴങ്ങിയത് 69 റൺസ്. മുഹമ്മദ് സിറാജ് എട്ട് ഓവറിൽ 49 റൺസും ആവേശ് ഖാൻ എട്ട് ഓവറിൽ 51 റൺസും വഴങ്ങി.
നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ ശിഖർ ധവാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്‌വാദും രവി ബിഷ്ണോയിയും ഈ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ചു. രണ്ടു മണിക്കു തുടങ്ങേണ്ടിയിരുന്ന മത്സരം മഴ കാരണം വൈകിയാണു തുടങ്ങിയത്. നാൽപത് ഓവറായി മത്സരം ചുരുക്കുകയും ചെയ്തു.