Sports

ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്‌സെന്‍ അന്തരിച്ചു. 73 വയസായിരുന്നു. കാര്‍ അപകടത്തിലാണ് മരണം. റൂഡി കോര്‍ട്‌സണിനൊപ്പം മൂന്ന് പേര്‍ കൂടി വാഹനാപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത ശേഷം കേപ്ടൗണില്‍ നിന്ന് നാട്ടിലേക്ക് തിരികെ പോവുമ്പോഴാണ് അപകടം. റൂഡിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഇംഗ്ലണ്ടിന് എതിരായ സന്നാഹ മത്സരത്തില്‍ ഇറങ്ങുക.

1981ലാണ് റൂഡി അമ്പയറിങ് കരിയര്‍ ആരംഭിക്കുന്നത്. റൂഡിയുടെ
ഔട്ട് സിഗ്നല്‍ ശൈലിയാണ് ക്രിക്കറ്റ് ലോകത്ത് കൗതുകമുണര്‍ത്തിയിരുന്നത്. 331 രാജ്യാന്തര മത്സരങ്ങളില്‍ റൂഡി അമ്പയറായെത്തി.

ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ അമ്പയറായതില്‍ അലീം ദാറിന് പിന്നില്‍ രണ്ടാമത് റൂഡിയാണ്. സൗത്ത് ആഫ്രിക്കന്‍ റെയില്‍വേസില്‍ ക്ലര്‍ക്കായിരിക്കുമ്പോള്‍ ലീഗ് ക്രിക്കറ്റില്‍ കളിച്ചായിരുന്നു തുടക്കം. പോര്‍ട്ട് എലിസബത്തില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ അമ്പയറായെത്തിയാണ് അരങ്ങേറ്റം.

 

കേരളത്തെ തന്നെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഈ മലയാളി ഒട്ടേറെ പ്രതിസന്ധികളോട് പോരാടിയാണ് ലോകത്തിന്റെ മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്നത്.

എൽദോസ് പോളിന്റെ നേട്ടത്തിൽ മനസും കണ്ണും നിറഞ്ഞ് വാക്കകുൾ കിട്ടാതെ സന്തോഷത്തിലാണ് പാലയ്ക്കാ മറ്റത്തെ കൊച്ചുതോട്ടത്തിൽ വീട്ടിൽ 88 വയസുകാരിയായ മറിയാമ്മ. കൊച്ചുമകന്റെ നേട്ടം അറിഞ്ഞ് സന്തോഷം കൊണ്ട് ഒന്നും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി.

നാലര വയസിൽ എൽദോസ് പോളിന്റെ അമ്മ മരിച്ചശേഷം അച്ഛന്റെ അമ്മയായ മറിയാമ്മയാണ് എൽദോസിനെ വളർത്തി വലുതാക്കിയത്. മുത്തശ്ശിയാണെങ്കിലും അമ്മയെന്നാണ് മറിയാമ്മയെ എൽദോസ് വിളിക്കുന്നത്.

‘എന്റെ പുള്ളയ്ക്ക് വേണ്ടത് കൊടുക്കണേ എന്നാണ് താൻ പ്രാർത്ഥിച്ചത്’ എന്ന് ചരിത്രനേട്ടത്തിന് ശേഷം എൽദോസ് പോളിന്റെ മുത്തശ്ശി പ്രതികരിച്ചു. തന്റെ പ്രാർത്ഥന കേട്ട് ദൈവം കൊച്ചുമകന് സ്വർണം തന്നെ കൊടുത്തെന്നും മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു.

മകന് ലോകത്തിന്റെ നെറുകയിലെത്തി നിൽക്കുമ്പോൾ എന്തുതോന്നുന്നു എന്ന ചോദ്യത്തോട് വൈകാരികമായാണ് മറിയാമ്മ പ്രതികരിച്ചത്. നാലര വയസിൽ അവന്റെ അമ്മ പോയതാ, പിന്നെ ഞാനായിരുന്നു അവന്റെ അമ്മ. ഞാനാണ് അവനെ നോക്കി വളർത്തിയത്. എന്തായാലും എന്റെ പുള്ള ഒന്നിലും വീഴ്ച കൂടാതെ ഇത്രയും നേടിയില്ലേ…? തൊണ്ടയിടറി കൊണ്ട് വൃദ്ധമാതാവ് പറയുന്നു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് തന്റെ മകൻ നേടിയതെന്നും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടെന്നും മറിയാമ്മ കൂട്ടിച്ചേർത്തു.

കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിലാണ് കേരളത്തിന് അഭിമാന നേട്ടമുണ്ടായത് സ്വർണവും വെള്ളിയും മലയാളി താരങ്ങളാണ് നേടിയത്. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സ്വർണവും ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡലും സ്വന്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. ട്രിപ്പിള്‍ ജംപിലാണ് ഇന്ത്യക്കായി മലയാളി താരങ്ങള്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കിയത്.

മലയാളി താരങ്ങളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളിയുമാണ് സ്വന്തമാക്കിയത്.

എല്‍ദോസ് 17.03 മീറ്റര്‍ മറികടന്നപ്പോള്‍, അബ്ദുള്ള അബൂബക്കര്‍ 17.2 മീറ്ററാണ് ചാടിയത്. അഞ്ചാമത്തെ ചാന്‍സിലാണ് അബ്ദുള്ള ഈ നേട്ടം മറികടന്നതെങ്കില്‍ മൂന്നാം അറ്റെംപ്റ്റില്‍ തന്നെ എല്‍ദോസ് 17.3 മീറ്റര്‍ മറികടന്നത്.

മത്സരത്തില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് 17 മീറ്ററിന് മുകളില്‍ ചാടാന്‍ സാധിച്ചത്. ബെര്‍മുഡ താരമായ ജഹ്-നായ് പെരിഞ്ചീഫ് ആണ് മൂന്നാമത് ഫിനിഷ് ചെയ്തത്. 16.92 മീറ്ററാണ് അദ്ദേഹം ചാടിയത്. ഇരുവരും കരിയറിലെ ബെസ്റ്റ് മീറ്ററാണ് മറികടന്നത്.

യൂജിനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 16.79 മീറ്റര്‍ ചാടിയാണ് പോള്‍ ഫൈനലിലെത്തിയത്. വെറും അഞ്ച് കോമണ്‍വെല്‍ത്ത് ട്രിപ്പിള്‍ ജമ്പര്‍മാര്‍ വേള്‍ഡിലേക്ക് യോഗ്യത നേടിയപ്പോള്‍, ഇതില്‍ പോള്‍ മാത്രമാണ് ഫൈനലില്‍ ഇടം നേടിയത്.

നാലാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യക്കാരന്‍ തന്നെയായിരുന്നു. പ്രവീണ്‍ ചിത്രവേലായിരുന്നു നാലാം സ്ഥാനം കരസ്ഥമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇപ്പോള്‍. ഫ്ളോറിഡയില്‍ നിന്ന് സഞ്ജു സാംസണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയാണ് മലയാളികള്‍ക്കിടയില്‍ ചിരി ഉണര്‍ത്തുന്നത്.

ഫ്ലോറി‍ഡയുടെ ആകാശ ദൃശ്യത്തിനൊപ്പം ‘അക്കരെ അക്കരെ അക്കരെ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സാധനം കയ്യിലുണ്ടോ എന്ന ഡയലോഗാണ് സഞ്ജു ഒപ്പം ചേര്‍ത്തിരിക്കുന്നത്. ചിത്രത്തിലെ സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ എന്ന ഗാനവുമുണ്ട്.

നിലവില്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ. നാളെയാണ് നാലാം ട്വന്റി 20. വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം.

തുടര്‍ച്ചയായ മത്സരങ്ങളില്‍ ശ്രേയസ് അയ്യര്‍ പരാജയപ്പെട്ടതോടെ സഞ്ജുവിന് അന്തിമ ഇലവനില്‍ ഇടം നേടാന്‍ സഞ്ജുവിന് കഴിഞ്ഞേക്കും. മൂന്ന് കളികളില്‍ നിന്ന് 34 റണ്‍സ് മാത്രമാണ് അയ്യര്‍ നേടിയത്. മധ്യനിരയ്ക്ക് ബലം നല്‍കുന്നതില്‍ താരം പരാജയപ്പെട്ടു.

മൂന്നാം ട്വന്റി 20 യില്‍ സൂര്യകുമാര്‍ യാദവിന്റെ മികവിലായിരുന്നു ഇന്ത്യയുടെ ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെയാണ് സന്ദര്‍ശകര്‍ മറികടന്നത്. 44 പന്തില്‍ നിന്ന് 76 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

മികച്ച പ്രകടനത്തോടെ ട്വന്റി 20 റാങ്കിങ്ങില്‍ രണ്ടാമതെത്താനും താരത്തിന് കഴിഞ്ഞു. 816 പോയിന്റാണ് സൂര്യകുമാറിനുള്ളത്. 818 പോയിന്റുമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

https://www.facebook.com/reel/1779526192387658/?s=single_unit&__cft__[0]=AZWxu9fbjFvP5sk2UXmhmo0wcyIDH-fGWP6cOhGV40ZgTNHvgmiRGz3y0dYoU4H7ZxoZfBIIAE0K2-V5J0YBkGDjxSfjtpKlLHliIt0hRqBBgjI76ahJYT23a0BYTibjylPE4COsYGCuDsdJQgdv2JmUJKBKWPCDvTxINJDtKp8H56MnZEKNhte0rfAhQEwmWQ8&__tn__=H-R

ഇന്ത്യയുടെ വെറ്ററൻ ഓപ്പണർ മുരളി വിജയ്, ചെറിയൊരു ഇടവേളക്ക് ശേഷം ഇപ്പോൾ സമാപിച്ച തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ (TNPL) 2022 എഡിഷനിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 61 ടെസ്റ്റുകളിലും 17 ഏകദിനങ്ങളിലും 9 ടി20കളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ബാറ്ററാണ് മുരളി വിജയ്. തമിഴ്‌നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ മുരളി വിജയ് കാണികളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുരളി വിജയിയെ പിടിച്ചു മാറ്റുകയും ചെയ്യുന്ന ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

റൂബി ട്രിച്ചി വാരിയേഴ്‌സും മധുരൈ പാന്തറും തമ്മിലുള്ള മത്സരത്തിനിടെ, ബൗണ്ടറി ലൈനിന് സമീപത്ത് ഫീൽഡ് ചെയ്തിരുന്ന വിജയിയെ പരിഹസിച്ച് ആരാധകർ “ഡികെ, ഡികെ” എന്ന് വിളിക്കാൻ തുടങ്ങിയപ്പോഴാണ്, മുരളി വിജയ് പ്രകോപിതനായത്. കാണികൾ “ഡികെ, ഡികെ” എന്ന് വിളിച്ചപ്പോൾ, ആദ്യം അത് നിരസിച്ച വിജയ്, പിന്നീട് കൂപ്പുകൈകളാൽ കാണികളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു. എന്നാൽ, കാണികൾ അവരുടെ ആരവങ്ങൾ കൂടുതൽ ഉച്ചത്തിലാക്കുകയാണ് ചെയ്തത്.

ഇന്റർനെറ്റിൽ പ്രചരിക്കുന്ന മറ്റൊരു വൈറൽ വീഡിയോയിൽ, വിജയ് പരസ്യ ബാനറുകൾ മറികടക്കുന്നതും ആരാധകരുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും കാണാം. സെക്യൂരിറ്റി ഇടപെട്ടില്ലായിരുന്നുവെങ്കിൽ സ്റ്റേഡിയത്തിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമായിരുന്നു. കാണികളിൽ ഒരാൾ വിജയ്‌ക്ക് നേരെ ഓടുന്നത് കണമെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. വിജയിയെ സുരക്ഷ ഉദ്യോഗസ്ഥൻ മൈതാനത്തേക്ക് തിരിച്ചയക്കുകയും ചെയ്തു.

2018-ൽ പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ആണ് വിജയ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ചെന്നൈ സൂപ്പർ കിംഗ്‌സിനായി അദ്ദേഹം അവസാനമായി കളിച്ചത് 2020 എഡിഷനിലായിരുന്നു, പിന്നീട് അദ്ദേഹം ആഭ്യന്തര ലീഗുകളിൽ പോലും കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതെന്നും, ഇനി ഒരുപാട് കാലം ക്രിക്കറ്റിൽ തുടരാൻ താല്പര്യമുണ്ട് എന്നും വിജയ് തിരിച്ചുവന്നതിന് ശേഷം പറഞ്ഞിരുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൻെറ ഭാഗമായതിൻെറ സന്തോഷത്തിലാണ് യുകെ മലയാളിയായ ഷാജി പി പൂഴിപ്പറമ്പിൽ . ഗെയിംസിലെ പ്രധാന ഇനമായ ബാസ്ക്കറ്റ്ബോൾ ഫീൽഡിലേയ്ക്ക് വോളന്റീയറായി തെരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യൻ വ്യക്തിയാണ് ഷാജി . കേരള സംസ്ഥാന ബാസ്ക്കറ്റ്ബോൾ ടീം അംഗവും പോലീസ് ബാസ്ക്കറ്റ്ബോൾ ടീം പ്ലെയറുമായിരുന്നു ഈ യുകെ മലയാളി

ഗെയിംസ് ട്രയൽസിൽ പ്രത്യേകം പങ്കെടുക്കുകയും ലൈവ് സ്ട്രീം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യയുടെ പരീക്ഷണഘട്ടത്തിൽ പങ്കെടുക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ഈ അവസരത്തിൽ തൻറെ കളി മികവും കായിക അഭ്യാസവും കൊണ്ട് സഹകളിക്കാരുടെയും കാണികളുടെയും പ്രത്യേകം അഭിനന്ദനം നേടിയെടുക്കാനും ഷാജിക്ക് സാധിച്ചു.

ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്തിലെ ഈ അപൂർവ്വമായ മലയാളി സാന്നിധ്യം യുകെ മലയാളികൾക്ക് പ്രത്യേക അഭിമാന നിമിഷമായി. കോമൺവെൽത്ത് ഗെയിംസിലെ വോളന്റിയറിന് അപേക്ഷിച്ചപ്പോൾ എവിടെയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാസ്ക്കറ്റ്ബോളിൽ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാജി മലയാളം യുകെയോട് പറഞ്ഞു. അതിലുപരി ബാസ്കറ്റ് ബോളിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിൽ തന്നെ അവസരം ലഭിച്ചത് സ്വപ്നതുല്യമായിരുന്നെന്ന് ഷാജി പറഞ്ഞു. മെയിൻ കോർട്ടിലെ റിഹേഴ്സൽ മത്സരങ്ങളിൽ കളിക്കാൻ പറ്റിയതിൻെറയും അവിടുത്തെ വോളണ്ടിയർ ടീമിലെ ഏക ഇന്ത്യക്കാരൻ ആയതിന്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് ബാസ്ക്കറ്റ് ബോൾ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ കളിക്കാരൻ . കൂടുതൽ മലയാളികൾ ഇങ്ങനെയുള്ള അവസരങ്ങളിൽ മുന്നോട്ടുവരണമെന്നാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം വെളിപ്പെടുത്തി.

കേരളത്തിൽ വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത് കബനി എന്ന സ്ഥലത്താണ് ഷാജിയുടെ സ്വദേശം . 1986 മുതൽ 89 വരെ തൃശൂർ കേരളവർമ്മ കോളേജ് വിദ്യാഭ്യാസ കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ തന്നെ യൂത്ത് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കേരളം വിജയിച്ചപ്പോൾ ഷാജി അതിന്റെ ഭാഗമായിരുന്നു. 1989 ജൂനിയർ നാഷണൽ മത്സരത്തിലും ഷാജി കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കളി മികവിന്റെ ഭാഗമായി ഷാജിക്ക് 1990 -ൽ തന്നെ കേരള പോലീസിൽ ജോലി ലഭിച്ചു .

2000 – വരെ പോലീസിൽ കളിച്ച ഷാജി ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. 2006 മുതൽ ഷാജി യുകെയിലാണ്. കോഴിക്കോട് കുറ്റിയാടി ചെമ്പനോട സ്വദേശിയായ ഭാര്യ ജെസ്സി ബർമിങ് ഹാം ചെസ്റ്റ് ക്ലിനിക്കിൽ നേഴ്സായി ജോലി ചെയ്യുന്നു. മക്കളായ എയ്ഞ്ജലീനും ലെസ് ലീനും നേഴ്സിംഗിന് പഠിക്കുകയാണ് . .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വെംബ്ലിയിൽ ആരവങ്ങൾ ഉയരുകയാണ്. ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം. അത്യന്തം നാടകീയമായ യൂറോ 2022 ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി. 87,192 കാണികളെ സാക്ഷിയാക്കി ഇംഗ്ലീഷ് പെൺപുലികൾ നേടിയ വിജയം ഇനി ചരിത്രതാളുകളിൽ കുറിക്കപ്പെടും. ഫുൾ ടൈമിൽ 1-1 സമനിലയിൽ ആയിരുന്ന മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോഴായിരുന്നു ആ ഗോൾ.

110ആം മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ ക്ലോ കെല്ലിയുടെ ഗോളിലൂടെ ഇംഗ്ലണ്ട് വിജയത്തിലേക്ക്. 62ആം മിനിറ്റിൽ വാൽഷിന്റെ അസിസ്റ്റിലൂടെ ടൂൺ ഗോൾ നേടിയെങ്കിലും 79ആം മിനിറ്റിൽ ജർമനി തിരിച്ചടിച്ചു. യൂറോപ്യൻ വനിതാ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇതാദ്യമായാണ് ജർമനി തോൽവിയറിയുന്നത്. അതിനു കാരണക്കാർ ഇംഗ്ലണ്ടും.

2009 യൂറോ ഫൈനലിൽ ജർമ്മനിയോട് ഇംഗ്ലണ്ട് തോറ്റിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം. ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി ടൂർണമെന്റിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ട് നേടിയ ഇംഗ്ലണ്ട് ഫോർവേഡ് ബെത്ത് മീഡ് രാജ്യത്തിന്റെ അഭിമാനതാരമായി.

2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച് മീരാബായ് ചാനു. വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു സൈഖോം ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വർണ്ണമാണ് നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു അഭിമാന നേട്ടം കൈവരിച്ത്. ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ചാനു ഒന്നാമത്തെത്തിയത്.

172 കിലോ ഉയർത്തിയ മൗറീഷ്യസിന്റെ മേരി ഹനിത്ര റോളിയ റനൈവോസോവ വെള്ളിയും 171 കിലോ ഉയർത്തിയ കാനഡയുടെ ഹന്ന കമിൻസ്‌കി വെങ്കലവും സ്വന്തമാക്കി. ടോക്യോ ഒളിമ്പിക്സിൽ ഇതേയിനത്തിൽ വെള്ളി മെഡൽ നേടിയ ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കി. സ്നാച്ചിൽ 88 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 113 കിലോയും ഉയർത്തിയാണ് ചാനു സ്വർണ്ണം ഉറപ്പിച്ചത്. കോമൺവെൽത്ത് റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

സ്നാച്ചിലെ ആദ്യ ശ്രമത്തിൽ ചാനു 84 കിലോ ഉയർത്തി. രണ്ടാം ശ്രമത്തിൽ താരം ഇത് 88 കിലോ ആക്കി ഉയർത്തി. ഇതോടെ ചാനു മത്സരത്തിൽ എതിരാളികളേക്കാൾ വ്യക്തമായ ആധിപത്യം നേടി. മൂന്നാം ശ്രമത്തിൽ ചാനു ഉയർത്താൻ ശ്രമിച്ചത് 90 കിലോയാണ്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതോടെ സ്നാച്ചിൽ താരത്തിന്റെ മികച്ച പ്രകടനം 88 കിലോയായി. സ്നാച്ചിൽ 12 കിലോയുടെ ലീഡാണ് ചാനു നേടിയത്.

ക്ലീൻ ആൻഡ് ജർക്ക് വിഭാഗത്തിൽ ആദ്യം തന്നെ 109 കിലോയ ഉയർത്തി ചാനു സ്വർണമെഡൽ ഉറപ്പിച്ചു. രണ്ടാം ശ്രമം 113 കിലോയിലേക്കാണ് ചാനു ഉയർത്തിയത്. ഇതും അനായാസമുയർത്തി ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തു. മൂന്നാം ശ്രമത്തിൽ 115 കിലോ ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തി ചാനു സ്വർണം നേടി. മീരാബായ് ചാനുവിനെ നിരവധി പേർ അഭിനന്ദനങ്ങൾ നേർന്നു.

ഇംഗ്ലണ്ട് : ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസ് നാളെ ആരംഭിക്കും. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിക്കാണ് ഉത്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. കായിക താരം പി.വി.സിന്ധുവാണ്‌ ഇന്ത്യൻ പതാകയേന്തുക.

72 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 15 ഇനങ്ങളിലായി 215 കായിക താരങ്ങൾ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നുണ്ട്. സ്‌പോർട് സ്റ്റാഫും ഒഫീഷ്യൽസും അടക്കം 322 പേരോളം അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3, സോണി ടെൻ 4 എന്നീ ചാനലുലകിലൂടെ ഗെയിംസ് കാണാവുന്നതാണ്.

ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ഒരുപാട് പരമ്പരകള്‍ ഇന്ത്യ കളിക്കുന്നുണ്ട്. ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ സജ്ജരാക്കാനാണ് ഇത്തരത്തിലുള്ള പരമ്പരകള്‍ കളിക്കുന്നത്.

എന്നാല്‍ ഇതിനിടെ ഒരുപാട് പണികളും ഇന്ത്യ മേടിക്കുന്നുണ്ട്. നിരന്തരമായ മത്സരങ്ങള്‍ കളിക്കാരെ വലയ്ക്കുന്നുണ്ട്. നിലവില്‍ ഏകദിന, ടി-20 പരമ്പരകള്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിലാണ് ടീം ഇന്ത്യ. വെള്ളിയാഴ് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും ജഡേജ പുറത്തായി എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ടീമിന്റെ പ്രധാന ഘടകമായ ജഡേജ വിന്‍ഡീസ് പര്യടനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് കാരണം പരമ്പരയില്‍ നിന്നും തന്നെ പുറത്താകുമോ എന്ന അവസ്ഥയിലാണിപ്പോള്‍.

കാലിനേറ്റ പരിക്കാണ് ജഡേജയെ വലയ്ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഏകദിനത്തില്‍ നിന്നും വിട്ട് നിന്നതിന് ശേഷം ട്വന്റി-20യില്‍ തിരിച്ചുവരും. എന്നാല്‍ ജഡേജക്ക് പകരം ടീമില്‍ മറ്റാരെയും എടുക്കേണ്ട അവസ്ഥയല്ല ഇന്ത്യക്ക്. എന്നാല്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ ആരായിരിക്കുമെന്നത് ചോദ്യചിഹ്നമാണ്.

സൂര്യകുമാര്‍ യാദവ്, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമില്‍ പരിചയ സമ്പത്തുള്ള താരങ്ങള്‍. ഐ.പി.എല്ലില്‍ രാജസ്ഥാനെ നയിച്ച സഞ്ജു സാംസണും ടീമില്‍ അംഗമാണ്. ടീമിനെ നയിച്ച് പരിചയമുള്ള സഞ്ജുവിനെ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ആക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.

Copyright © . All rights reserved