Travel

റ്റിജി തോമസ്

യാത്രയുടെ സമയത്ത് ഡൽഹിയിൽ നല്ല തണുപ്പായിരുന്നു. പക്ഷേ ഉള്ളിൽ രാഷ്ട്രീയ ചൂട് നന്നായിട്ടുണ്ട്. പൗരത്വബില്ലിനോട്‌ അനുബന്ധിച്ചുള്ള സമരങ്ങളും ജെ.ൻ.യു, ജാമിയമില്ല യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ചൂടിന് എരിവ് പകർന്ന സമയം. രണ്ടുദിവസത്തെ ഡൽഹി യാത്രയിൽ കണ്ടുമുട്ടിയവരും സംവേദിച്ചവരും എല്ലാം ഈ ചൂടും തണുപ്പും അടുത്തറിയുന്നവരായിരുന്നു.

എയർപോർട്ടിനു വെളിയിൽ രാത്രി 12 മണിക്ക് ടാക്സിക്കായി കാത്തുനിന്നപ്പോൾ ഡൽഹിയുടെ തണുപ്പ് ശരിക്കും അനുഭവിച്ചറിഞ്ഞു. പ്രതീക്ഷിച്ച ടാക്സി എത്താതിരുന്നത് ഭാഗ്യമായി. സ്കോട്‌ലൻഡ്കാരൻ റോബർട്ടിനെ പരിചയപ്പെടാനായി. പ്രതീക്ഷിച്ചതിനേക്കാൾ പകുതി തുകയിൽ ഷെയർ ടാക്സിയിൽ ഹോട്ടലിലേയ്ക്ക് യാത്ര. റോബർട്ട് ഡൽഹി സന്ദർശിക്കാനെത്തിയത് ഗോവയിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിൽ കുമരകവും, മൂന്നാറും, തേക്കടിയും സന്ദർശിച്ചതിന്റെ ഉത്സാഹം കേരളത്തെ കുറിച്ച് സംസാരിച്ചപ്പോൾ റോബർട്ടിന്റെ വാക്കുകളിലുണ്ടായിരുന്നു.

സുഹൃത്തുക്കൾ അയച്ചു തന്ന ഹോട്ടലിൻെറ പേര് ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഡൽഹിയിലെ പല ചെറിയ ഹോട്ടലുകളും അങ്ങനെയാണ്, ഗൂഗിൾമാപ്പിനു പുറത്തായിരിക്കും. പക്ഷേ പറഞ്ഞുകൊടുത്ത അഡ്രസ്സ് വച്ച് ഗൂഗിളിനേക്കാൾ കറക്റ്റ് ആയി ടാക്സിഡ്രൈവർ കാർത്തിക്ക് എന്നെ ഹോട്ടലിലെത്തിച്ചു.

രാജ്യതലസ്ഥാനത്ത് ആരോട് സംസാരിച്ചാലും അതിനൊപ്പം സമകാലീന സംഭവങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. പ്രത്യേകിച്ച് വിദ്യാർഥികൾ ആകുമ്പോൾ. ഹോട്ടലിൽ വച്ച് പരിചയപ്പെട്ട അനിൽ വർമയും കൂട്ടുകാരും ബിജെപി അനുഭാവികളാണ്. സ്വാഭാവികമായും പൗരത്വ ബില്ലിനെ അനുകൂലിച്ചും ജെഎൻയു സംഭവങ്ങളെ ന്യായീകരിച്ചുമുള്ള വാദമുഖങ്ങൾ അവർ നിരത്തി. വർഷങ്ങൾക്കു മുൻപു വിദ്യാഭ്യാസം പൂർത്തിയാക്കിയ കനയ്യകുമാർ ഇപ്പോഴും ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുകയും ഇടപെടുകയും ചെയ്യുന്നു എന്ന ആരോപണവും അവർ നിരത്തി. ഏതൊരു രാഷ്ട്രീയ അനുഭാവിയെയും പോലെ പ്രശ്നങ്ങളിൽ ഒരു വശം മാത്രം പരിഗണിക്കുന്ന വാദമുഖങ്ങളാണ് തങ്ങളുടേതെന്ന് സമ്മതിക്കാൻ അവർ തയ്യാറുമല്ല. പക്ഷേ ഡൽഹി നിയമസഭ ഇലക്ഷനിൽ കൂടുതൽ വിജയസാധ്യത കേജരിവാളിനാണ് എന്ന് സമ്മതിക്കാൻ അവർ മടി കാട്ടിയില്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തകരുടെ പൊതു സ്വഭാവം ഉണ്ടല്ലോ, എതിർ പാർട്ടിയുടെ നേതാവായ കേജരിവാളിന് അതിന്റെ ക്രെഡിറ്റ്‌ കൊടുക്കുവാൻ അവരുടെ മനസ്സ് അനുവദിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ബിജെപിയുടെ സ്ഥാനാർഥികൾ മോശമായതുകൊണ്ട് ആം ആദ്മി പാർട്ടി ജയിച്ചു കയറും അത്രമാത്രം.

പക്ഷേ ഡൽഹിയിൽ എന്തിന്റയോ പേരിൽ ജനങ്ങൾക്ക് പരസ്പരവിശ്വാസവും സ്നേഹവും നഷ്ടമായിരിക്കുന്നു. ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും വസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ധൃവീകരിക്കപ്പെട്ടിരിക്കുന്നു. പലർക്കും പലതും തുറന്നുപറയാൻ പേടി ഒരു സാഹജഭാവമായി മാറിയിരിക്കുന്നു. അഭിപ്രായങ്ങൾ പരസ്യമായി സ്വന്തം പേരിനൊപ്പം പറയുന്നതിനും ഒരു ഫോട്ടോ ഫ്രെയിമിലേക്ക് വരുന്നതിനും അനിലിനും കൂട്ടുകാർക്കും എന്തോ ഒരു ഭയം വിലക്കിയിരുന്നു. കടുത്ത പാർട്ടി അനുഭാവിയായ തന്റെ സഹോദരന്റെ സാധ്യതകളെ അത് ചിലപ്പോൾ ബാധിച്ചേക്കാം എന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുന്ന അനിലിന്റെ അഭിപ്രായം.

ഡൽഹിയിലെ ഒരു വഴിയോര ഭക്ഷണശാല

ഡൽഹി എപ്പോഴും ശബ്ദമയമാണ്. ഉറക്കെ സംസാരിക്കുന്ന ആൾക്കാർ. അതിലും ഉറക്കെ തുടർച്ചയായി വാഹനങ്ങളുടെ ഹോൺ ശബ്ദം മുഴങ്ങുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരുവുകളിൽ വാഹനപ്രളയം. തെരുവോരത്തെ ഭക്ഷണശാലകളിൽ അതിരാവിലെ തന്നെ ഭക്ഷണം റെഡി. കൊടും തണുപ്പിലും രാവിലെ നടക്കാൻ ഇറങ്ങുന്നവർ. അങ്ങനെ രാവിലെയുള്ള നടത്തത്തിൽ ആണ് പെരുമണ്ണൂർ കാരനായ ബാബുവിനെ പരിചയപ്പെടുന്നത്. ബാബു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു മെട്രോ സ്റ്റേഷനിലേയ്ക്ക്. ബാബു ആറുമാസമേ ആയിട്ടുള്ളൂ ഡൽഹിയിൽ വന്നിട്ട്. സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്നു. ബാബുവിന്റെ അഭിപ്രായത്തിൽ ഡൽഹി തരുന്ന സാധ്യതകൾ വളരെയേറെയാണ്. എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറുമാണ്. രാഷ്ട്രീയ ഭിന്നതകൾക്കും വൈരങ്ങൾക്കും അപ്പുറം രാജ്യത്തെമ്പാടും നിന്നും ആൾക്കാർ ഡൽഹിയിൽ വന്നു കൊണ്ടിരിക്കുന്നു, ജീവിതം പടുത്തുയർത്താൻ.

റിപ്പബ്ലിക്ദിന പരേഡിനായിട്ടുള്ള ഒരുക്കങ്ങൾ

പ്രൊഫസർ ആശിഷ് മണിക്ക് ജോലി സ്ഥലത്തെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പൗരത്വബില്ലും അനുബന്ധ പ്രശ്നങ്ങളും കാരണം പോലീസ് ചില വഴികളിലെ യാത്ര പൂർണമായും തടഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് 30 കിലോമീറ്റർ താണ്ടാൻ മൂന്ന് മണിക്കൂറിലേറെയെടുക്കും. പലരും ട്രാഫിക് ബ്ലോക്ക് കാരണം മെട്രോയിലേക്ക് മാറിയിരിക്കുന്നു. പക്ഷെ തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ സൂചി കുത്താൻ ഇടമില്ല.

പക്ഷേ റിട്ടയർമെന്റിനു ശേഷവും ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് ഒരു തിരിച്ചു പോക്കിനെകുറിച്ച് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും ട്രാഫിക് ബ്ലോക്കുകൾക്കും അപ്പുറം ഡൽഹി മാനസികമായി എല്ലാവരും ആകർഷിച്ചു വശീകരിക്കുന്നു.

തെരുവോരത്തെ ഒരു സ്നേഹകാഴ്ച്ച : ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററുമായി നായ

എന്റെ യാത്രയുടെ സമയത്ത് ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചൂട് ആയി വരുന്നതേയുള്ളൂ.
ഇലക്ഷനോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. റെഡ് ഫോർട്ടിന് അടുത്ത് മോദിയുടെയും കെജ്‌രിവാളിന്റെയും രണ്ട് പോസ്റ്ററുകൾ കണ്ടു. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം കൂടി ഉള്ളതുകൊണ്ടാവാം പോസ്റ്ററുകളുടെ അഭാവം.

ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള രാജകീയ വീഥികളിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനം നടക്കുന്നു. അതിനാൽ തന്നെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളാണ്. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ ദൂരെനിന്നു ഫോട്ടോയും സെൽഫിയും എടുത്ത് തൃപ്തിപ്പെടുന്നു. ഇന്ത്യ ഗേറ്റിനു കുറച്ചുമാറി വഴിയോര ഭക്ഷണശാലയിൽ ചായ കുടിച്ചപ്പോൾ ഉള്ള കാഴ്ച അപൂർവ്വമായിരുന്നു. ആരോ മൃഗസ്നേഹികൾ ഒരു നായയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.ഈ സ്നേഹത്തിന്റെയും കരുതലിന്റെയും സ്പർശം എല്ലാം മനുഷ്യരിലേക്കും നീളട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയി.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

സ്വന്തം ലേഖകൻ

അനാവശ്യമായ എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ഗവൺമെന്റുകളെല്ലാം ഉത്തരവിട്ടിരിക്കുന്ന ഈ സമയത്ത്, ആഭ്യന്തര അന്താരാഷ്ട്ര വിനോദ യാത്രകൾ എന്ന് തുടങ്ങാനാവും എന്ന ചോദ്യം ഉയരുന്നുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ലോക് ഡൗൺ പിൻവലിക്കാമെന്നും ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്താമെന്നും ടൂറിസം രംഗത്തെ വിദഗ്ധർ പറയുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ മുഴുവൻ വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്, മരുന്നുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ തുടങ്ങിയ അത്യാവശ്യ സർവീസുകൾ മാത്രമേ നടക്കുന്നുള്ളൂ. ജൂലൈ പകുതിയോടെ എയർലൈൻ സർവ്വീസുകൾ സാധാരണ നിലയിലാകും എന്ന് പ്രതീക്ഷിക്കുന്നു.

വരാനുള്ള 3 മാസങ്ങളിലെ വിനോദസഞ്ചാരത്തെക്കുറിച്ച് എന്തെങ്കിലും ഉറപ്പിച്ചു പറയുക സാധ്യമല്ലെങ്കിലും, ഈ കാലയളവിനുള്ളിൽ ലോകം മുഴുവൻ വൈറസ് മുക്തമായി സാധാരണനിലയിലേക്ക് മടങ്ങി വരുമെന്നാണ് പ്രതീക്ഷ. ഓരോ രാജ്യങ്ങളും ലോക ഡൗണിന് വ്യത്യസ്തമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. പ്രവാസികളുൾപ്പെടെയുള്ള യുകെക്കാർ ലോക്ഡൗൺ പിൻവലിച്ചാൽ ആദ്യം സന്ദർശിക്കുന്നത് രാജ്യത്തിനുള്ളിലെ ടൂറിസ്റ്റ് സ്പോട്ടുകൾ ആവും. ജനങ്ങൾ സെർച്ച് ചെയ്യുന്ന ലിസ്റ്റുകളിൽ ഇപ്പോഴും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട് എന്നത് ആശാവഹമാണെന്ന് വക്താക്കൾ പറഞ്ഞു.

അതേസമയം വിനോദയാത്രായാനങ്ങൾ സ്വന്തമായുള്ള ശതകോടീശ്വരന്മാർ തങ്ങളുടെ ഏകാന്തവാസം ചെലവിടുന്നത് കപ്പലിനുള്ളിൽ തന്നെയാണെന്ന വാർത്തകൾക്കൊപ്പം വിമർശനങ്ങളും പുറത്തുവന്നിരുന്നു. 590 കോടി രൂപയുടെ കപ്പലിനുള്ളിൽ അടച്ചിട്ടിരിക്കുന്നത് സുഖമുള്ള കാര്യമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തിരുന്നു, എന്നാൽ കടുത്ത വിമർശനങ്ങളെ തുടർന്ന് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും എല്ലാവരും സുഖമായിരിക്കാൻ ആശംസിക്കുന്നു എന്ന് തിരുത്തുകയും ചെയ്തു. കപ്പലിനുള്ളിൽ ആവശ്യ സാധനങ്ങളുടെ സ്റ്റോക്ക് ഉണ്ടെങ്കിൽ തന്നെ എല്ലാവരും വീട്ടിൽ ഇരിക്കാൻ പറയുന്ന സമയത്ത് ഈ കപ്പലുകളിലെ തൊഴിലാളികൾ എവിടെയായിരുന്നു എന്ന ചോദ്യം ഉയർന്നു വന്നിട്ടുണ്ട്.

കാരൂർ സോമൻ

ഭാഷയിൽ നിന്ന് സൗന്ദര്യം കണ്ടെത്തുന്നവരാണ് സാഹിത്യ പ്രതിഭകളെങ്കിൽ പാറ – തടി നിറച്ചാർത്തുകളിൽ നിന്ന് സൗന്ദര്യം സംസ്കരിച്ചെടുക്കുന്നവരാണ് ശില്പികൾ , ചിത്രകാരൻമാർ. ആദിമകാലങ്ങളിൽ സാഹിത്യവും കലയും ആ കാവ്യാത്മകതയിൽ നിന്നുള്ള സൗന്ദര്യ രൂപങ്ങളായിരുന്നു . കവി , ചിത്രകാരൻ , ശില്പി , ദാർശനീകൻ , ആർക്കിടെക്റ്റ് , ശാസ്ത്രജ്ഞർ തുടങ്ങി സർവ്വ കലയുടെയും യജമാനനായ മൈക്കലാഞ്ജലോ ഡി ലോഡോവിക്കോ ബൂനോ ഇറ്റലിയിലെ ഫ്ളോറൻസിനടുത്തു ക്രപീസ് എന്ന ഗ്രാമത്തിൽ ലുടോവിക്കോ ഡിയുടെയും അമ്മ ഫ്രാൻസിക്കായുടെയും മകനായി 1475 മാർച്ച് 6 ന് ജനിച്ചു . മൺമറഞ്ഞ വീരശൂരഭരണാധികാരികൾ , ആത്മീയാചാര്യൻമാർ , കലാസാഹിത്യ പ്രതിഭകൾ ഇവരുടെ ജീവിത കഥകൾ നമുക്കെന്നും വഴികാട്ടികളാണ് . മൈക്കലാഞ്ജലോയെ ഞാൻ കാണുന്നത് ഭാരതത്തിലെ ഋഷീശ്വരൻമാരായ വ്യാസമഹർഷി , വാൽമികി മഹർഷിക്കൊപ്പമാണ്. മനുഷ്യർ ക്ഷണികമായ ജീവിതസുഖങ്ങളിൽ മുഴുകുമ്പോൾ ഈ മഹൽ വ്യക്തികൾ മനുഷ്യകുലത്തിന് സമ്മാനിച്ചത് അനന്തമായ ആത്മ – അനുഭൂതി സംസ്കാരമാണ് . നമ്മുടെ വേദങ്ങളിൽ ജ്ഞാനമെന്നാൽ ബ്രഹ്മം എന്നാണ്. സരസ്വതി നദിയുടെ തീരത്തു പാർത്തിരുന്ന വ്യാസ മഹർഷി ലോക ചരിത്രത്തിനു നൽകിയത് ആത്മ – ദാർശനീക ഭാവമുളള മഹാഭാരതവും , വാൽമീകി മഹർഷി നൽകിയത് ഭാരതത്തിലെ ആദ്യസർഗ്ഗസാഹിത്യ കൃതിയായ രാമായണവുമാണ് . പാശ്ചാത്യരാജ്യങ്ങളിൽ സാഹിത്യത്തിനൊപ്പം ആത്മദർശനികഭാവമുളള മനോഹരങ്ങളായ ശില്പങ്ങളും വിതങ്ങളും വാസ്തുശാസ്ത്രവുമുണ്ടായി . ഈ മഹാപ്രതിഭകളുടെ സൃഷ്ടികിൽ നിറഞ്ഞുനിൽക്കുന്നത് ഉദാത്തമായ മാനവികതയാണ് , സ്നേഹമാണ് , ആത്മാവാണ് , ആത്മാവിന്റെ അർഥവും ആഴവും ആനന്ദവുമറിയാത്തവർ ഈ മനോഹര സ്യഷ്ടികളെ മത ചിഹ്നങ്ങളാക്കി ആദ്ധ്യാത്മികതയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തി മതസംസ്കാരത്തിലേക്ക് വഴി നടത്തുന്നു .

റോമിലെ സിസ്റ്റയിൻ ചാപ്പലിൽ പുണ്യാത്മകളുടെ കാലടിപ്പാടുകൾ പതിഞ്ഞ മണ്ണിൽ ആനന്ദലഹരിയോടെ അതിനുളളിലെ വർണ്ണോജ്വലമായ നഗ്ന ചിത്രങ്ങൾ കണ്ട് എന്റെ മനസ്സ് വസന്തം പൂത്തുലയുന്ന ദിവ്യാനുഭൂതിയിലേക്ക് വഴുതിവീണു . എ . ഡി . 1477 – 1481 ൽ പോപ്പിന്റെ കൊട്ടാരത്തിനടുത്തുള്ള ചാപ്പൽ അതിന്റെ പൂർണ്ണതയിലെത്തിക്കുന്നത് പോപ്പ് സിക്സ്റ്റസ്സ് നാലാമാനാണ് . ഏകദേശം ആറായിരത്തി ഇരുന്നുറ് ചതുരശ്രയടി ചുറ്റളവും , അറുപത് അടി ഉയരവുമുണ്ട്. സഞ്ചാരികൾക്ക് തലമുകളിലേക്കുയർത്തി മാത്രമേ ന അന്യാദർശ സുന്ദര ചിത്രങ്ങൾ കാണാൻ സാധിക്കു . അവിടെ ഒരു ചിത്രകാരൻ ഇതൊക്കെ വരക്കുമ്പോൾ ആ കണ്ണും കാതും കഴുത്തും എത്രമാത്രം ആ മനസ്സിനെ ശരീരത്തെ വേദനിപ്പിച്ചു കാണുമെന്ന് ആരും ഓർത്തു പോകും . സുന്ദരിമാരായ സ്വർഗ്ഗീയ മാലാഖമാരെ നഗ്നരായി വരച്ചിരിക്കുന്നത് കൗതുകത്തോടെയാണ് കണ്ടത് . ഈശ്വരന്റെ സ്യഷ്ടിയിൽ എല്ലാം നഗ്നരാണ് . ആദിമ മനുഷ്യർ നഗ്നരായിരുന്നപ്പോൾ ആധുനിക മനുഷ്യർ അതിൽ നിന്ന് മോചനം നേടി . 1508 – 1512 ലാണ് പോപ്പ് ജൂലിയാസ് രണ്ടാമൻ സിസ്റ്റയിൻ ചാപ്പലിലെ ചിത്രങ്ങൾ പുനരുദ്ധീകരിക്കാൻ മക്കിളാഞ്ചലോയെ ഏൽപിക്കുന്നത് . അതിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന ലോകാത്ഭുത സ്യഷിയായി കണ്ടത് യേശുവിന്റെ അന്ത്യവിധി എന്ന ചിത്രമാണ് . സ്വർഗ്ഗത്തിൽ നിന്ന് മണ്ണിലെത്തിയ ദിവ്യ പ്രകാശമായി അതവിടെ പ്രകാശം പരത്തുന്നു . ഇതിൽ യേശുക്രിസ്തു മനുഷ്യവർഗ്ഗത്തെ വിധിക്കുന്ന ന്യായാധിപനാണ് . ദൈവദൂതന്മാർ കാഹളം മുഴക്കുന്നു മാലാഖമാർ ഒരു പുസ്തകത്തിൽ നന്മ തിന്മകളുടെ കണക്കുകൾ നിരത്തി ഒരു കൂട്ടരെ സ്വർഗ്ഗത്തിലേക്കും മറ്റൊരു കൂട്ടരെ നരകത്തിലേക്കുമയക്കുന്നു . ഇതിൽ – ക്രിസ്തുവിന് താഴെ നഗ്നനായ ഒരാളിന്റെ കൈയികളിൽ മിന്നുന്ന കത്തിയും മൈക്കിളിന്റെ ഉരിച്ച തോലുമായിനിൽക്കുന്നതിനെ സൂചിപ്പിക്കുന്നത് നീണ്ട വർഷങ്ങൾ തന്നെ പീഡിപ്പിച്ച് ഭയപ്പെടുത്തി പണി ചെയിപ്പിച്ച പോപ്പ് ജൂലിയസ് രണ്ടാമനെ നഗ്നനായി നിർത്തുന്നതാണ് അതിനെക്കാൾ ദയനീയമായി കണ്ടത് മൈക്കളിനെ മാനസികവും ശാരീരവുമായി തളർത്തിയ വിലക്കെടുത്ത ഒരടിമയെപോലെ കണ്ട ബെറോമിനോ കർദ്ദിനാളിന്റെ ശരീരത്ത് ഒരു പാമ്പ് ചുറ്റിവരിഞ്ഞ് കർദ്ദിനാളിന്റെ ജനനേന്ദ്രിയത്തിൽ കടിക്കുന്നതാണ് . അധികാരത്തിന്റെ അഹന്തയിൽ അത്മാവില്ലാത്ത പുരോഹിതർക്കെതിരെ നരകത്തിൽ തള്ളിയിടുന്നതു പോലെയാണ് അവർക്കെതിരെ പ്രതികാരവാഞ്ചയോടെ സൗന്ദര്യപ്പൊലിമയുളള ചിത്രങ്ങൾ വരച്ചത് . ഓരോ ചിത്രങ്ങളും ആഹ്ലാദോന്മാദം നൽകുന്നവയാണ് . ഇരുട്ടിനെയും വെളിച്ചത്തെയും വേർതിരിക്കുന്ന കരുണക്കായി കൈനീട്ടുന്ന “ സൃഷ്ടി ” , സൂര്യഗ്രഹങ്ങൾ , കടൽ , പ്രപഞ്ചത്തിന്റെ ഉൽഭവം , നോഹയുടെ പേടകം വെളളപ്പൊക്കം , മോശയുടെ നാളുകൾ , യേശുവും ശിഷ്യൻമാരും , അന്ത്യഅത്താഴം , ഉയർത്തെഴുന്നേൽപ്പ് മുതലായ ഹൃദയഹാരിയായ ചിത്രങ്ങൾ ചിത്രകലക്ക് നൽകുന്ന സൗന്ദര്യ ശാസ്ത്രപഠനങ്ങൾ കൂടിയാണ് .

പ്രകൃതിയേയും ദൈവത്തെയും മനുഷ്യനെയും സൗന്ദര്യാത്മകമായി അസാധാരണമാംവിധം ചിത്രീകരിക്കുക മാത്രമല്ല , റോമിൽ വാണിരുന്ന ആത്മീയതയുടെ മൂടുപടമണിഞ്ഞ ശുഭ്രവസ്ത്രധാരികളായ ചില ശ്രഷ്ട്ടപുരോഹിതരുടെ അസ്വസ്ഥമായ ഹൃദയഭാവങ്ങൾ ചിത്രങ്ങളിൽ നിറം പിടിക്കുന്നു . അന്ത്യവിധി എന്ന ചിത്രം വിശ്വോത്തരമാക്കാൻ പ്രധാനകാരണം യേശുവും പുരോഹിതരുമായുള്ള ഏറ്റുമുട്ടലാണ് , എനിക്കപ്പോൾ ഓർമ്മവന്നത് യേശു ജറുസലേം ദേവാലയത്തിൽ നിന്ന് കച്ചവടത്തിനും സമ്പത്തിനും കൂട്ടുനിന്ന പുരോഹിതന്മാരെ ആ ദേവാലയത്തിൽ നിന്നും ആട്ടി പുറത്താക്കിയ സംഭവമാണ് . ആ ദേവാലയത്തിന്റെ അന്ത്യത്തിന് കാരണക്കാരൻ യേശുവാണോയെന്നും ചിന്തിച്ച നിമിഷങ്ങൾ . 1550 ൽ ജീയോർജിയോ വാസരി പുറത്തിറക്കിയ മൈക്കിളിന്റെ ആത്മകഥയിൽ നിന്നാണ് പലതുമറിയുന്നത് . ചെറുപ്പം മുതലേ ദേവാലയത്തിൽ പോകുക , മാതാപിതാക്കളേക്കാൾ വേഗത്തിൽ നടക്കുക , പെട്ടെന്ന് കോപം വരുക തുടങ്ങി പലതുമുണ്ടായിരുന്നു . ചെറുപ്പത്തിൽ തന്നെ ഗ്രീക്കും , ഇംഗ്ലീഷും പഠിച്ചു . അതിന്റെ ഫലമായി വായനയും കൂടി , മകന്റെ ബുദ്ധിപ്രഭാവത്തിൽ മാതാപിതാക്കൾ സന്തുഷ്ടരായിരുന്നു . ചെറുപ്പത്തിലെ കവിതകൾ എഴുതി , അന്നത്തെ സാഹിത്യത്തിന്റെ ഉൽഭവകേന്ദ്രം ഗ്രീസ്സായിരുന്നു . ആത്മദർശനമുളള കവിതകളിൽ നിറഞ്ഞു നിന്നത് ആത്മാവെന്ന് പുരോഹിതർ വിലയിരുത്തി , പതിമൂന്നാമത്തെ വയസ്സിൽ ഫ്ളോറൻസിലെ ചിത്രകല പരിശീലനത്തിനിടയിൽ സഹപാഠിയോട് കോപിച്ചതിന് അവൻ മൈക്കിളിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ചു . നീണ്ടനാൾ ചികിത്സയിലായിരുന്നു . മാതാപിതാക്കൾ മകനെ മെഡിസിൻ പഠിപ്പിക്കാൻ വിടുന്നതിനിടയിൽ ഒരു ബന്ധു വിന്റെ മാർബിൾ കടയിൽ സ്വയം ജോലി ചെയ്ത് കാശുണ്ടാക്കാൻ തീരുമാനിച്ചു . അവധി ദിവസങ്ങളിലെല്ലാം കടയിൽ പോവുക പതിവായിരുന്നു . അവിടെ പൊട്ടിപ്പൊളിഞ്ഞു കിടന്ന മാർബിൾ കഷണങ്ങളിൽ ശില്പങ്ങൾ ചെത്തി മിനുക്കിയെടുത്തു . കവിതയിൽ പേരെടുത്ത മൈക്കിൾ ശില്പങ്ങൾ തീർത്തു തുടങ്ങി . ആരാധനപോലെ സത്യത്തിലും ആത്മാവിലും നിറഞ്ഞു നിൽക്കുന്ന മനോഹര ചിത്രങ്ങളും ശില്പങ്ങളുമായിരുന്നു അവയെല്ലാം. കവിതയും പഠനവും ശില്പവും ചിത്രങ്ങളും മൈക്കിളിനൊപ്പം സഞ്ചാരിച്ചു . ദേവാലയങ്ങളുടെ ചുവരുകളിൽ ചിത്രങ്ങൾ വരക്കാനും പെയിന്റടിക്കാനും മൈക്കിളും കുട്ടുകാരും മുന്നോട്ടുവന്നു . 1484 ൽ ഫ്ളോറൻസിലെ ചിത്രകാരൻമാരെയും ശിൽപികളെയും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ക്ഷണിച്ചു . അതിൽ മൈക്കിളുമുണ്ടായിരുന്നു. അവർക്ക് നേതൃത്വം നല്കിയത് ചിത്രക്കാരനും ശില്പിയുമായിരുന്ന ഡോമിനിക്കോ ഗിരിൾഡായിരുന്നു . അത് മൈക്കിളിന് ഏറെ ഗുണം ചെയ്തു . ഒരു തപസ്സുപോലെ ശില്പങ്ങളും ചിത്രങ്ങളും രൂപമെടുത്തു . 1490 – 92 ലാണ് ആരെയും ആശ്ചര്യപ്പെടുത്തുന്ന “ മഡോണ ” , 1498 – 99 ലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നഗ്നനായ യേശുക്രിസ്തുവിനെ അമ്മയായ മറിയയുടെ മടിയിൽ കിടത്തുന്ന പിയറ്റ് ” . 1504 ലെ മനോഹരമായ ഡേവിഡിന്റെ ശില്പം , 1505 ലെ അടി മയായ സ്ത്രീ . ഇതുപോലുളള സുന്ദരവും പ്രശസ്തവുമായ ധാരാളം സ്യഷ്ടികൾ പൂർണ്ണ ചന്ദ്രനെപ്പോലെ മണ്ണിൽ തിളങ്ങി . 1546 ൽ അദ്ദേഹത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആർക്കിടെക്റ്റ് ആയി നിയമിച്ചു.

സിസ്റ്റയിൻ ചാപ്പലിൽ നിന്നാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുന്ന വെളുത്ത പുക ഉയുരുന്നത് . മനുഷ്യന് മേലുളള അന്ധകാരമകറ്റാൻ പ്രകാശത്തെ പ്രപഞ്ചത്തിലേക്കയക്കുന്ന ദൈവത്തിന്റെ തേജസ്സും കൈയൊപ്പുമാണ് ഓരോ സ്യഷ്ടികളിലും കാണുന്നത്. അതു കാണുന്നവർക്കും ആത്മാഭിഷേക ആശീർവാ ദങ്ങളാണ് ലഭിക്കുക . അദ്ദേഹം ഈശ്വരനും മനുഷ്യനുമായുളള ബന്ധം ഊട്ടിയുറപ്പിക്കുക മാത്രമല്ല ആത്മീയ ജീവിതത്തിലെ ജഡീകരായ പുരോഹിതരുടെ മാലിന്യങ്ങൾ ഓരോ ചിത്രത്തിലുടെ കഴുകികളയാനും ശ്രമിച്ചു . അന്ത്യനാളുകളിൽ ധാരാളം കഷ്ടതകൾ സഹിച്ച് ജീവിക്കുമ്പോൾ കൊട്ടാരജീവിതം നയിച്ചവരും മധുരം നുകർന്നവരും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല. 1564 ഫെബ്രുവരി 18 ന് 88 – മത്തെ വയസ്സിൽ അദ്ദേഹം മരിച്ചു . മൈക്കലാഞ്ചലോയുടെ ഭൗതികശരീരം റോമിലടക്കാൻ അനുവദിച്ചില്ല . അദ്ദേഹത്തെ അടക്കം ചെയ്ത് ഫ്ളോറൻസിലാണ് . അവിടുത്തെ ബസലിക്കയിലുളള ശവകുടീരത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് . ” സർവ്വകലകളുടെയും പിതാവും യജമാനനും ഇവിടെ ഉറങ്ങുന്നു . ‘ ‘ എല്ലാം രാജകീയ പ്രൗഡിയുടെ തിരുമുറ്റത്തെtക്കാൾ സ്നേഹത്തിന്റെ , ആത്മാവിന്റെ മേലങ്കിയണിഞ്ഞ പ്രപഞ്ച ശില്പിയായ ആ മഹാമാന്ത്രികനെ നമിച്ച് ഞാൻ മടങ്ങി .

കാരൂർ സോമൻ

ഓരോ യാത്രകളും നല്ല സാഹിത്യകൃതികൾ ആസ്വദിക്കുംപോലെ പുതുമ നിറഞ്ഞ അനുഭവങ്ങളാണ് നൽകുന്നത്. ഈ വർഷത്തെ എന്റെ കേരള യാത്രയിൽ കണ്ടത് “കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ” എന്ന മട്ടിലാണ്. കാക്കയുടെ സ്ഥാനത്തു് അധികാരികളും കോഴിയുടെ സ്ഥാനത്തു് പ്രതിപക്ഷവുമാണ്. രണ്ടു കൂട്ടരും മതങ്ങൾ ഈശ്വരനെ ദാനമായി നല്കുന്നതുപോലെ ജനാധിപത്യവും മതേതരത്വവു൦ നിർവ്യാജമായ വാൽസല്യത്തോടെ ജനത്തിന് നൽകുന്നു. അതിന്റ ഫലമോ അന്ധത, ദാരിദ്ര്യ൦, പട്ടിണി, അനീതി, സങ്കുചിത ചിന്തകൾ ജീവിതത്തെ ദുരന്തപൂർണ്ണമാക്കുന്നു. എങ്ങും കാക്കകൾ, പരുന്തുകൾ ഇരയെ തേടി വട്ടമിട്ട് പറക്കുന്നു. മനുഷ്യ ജീവിതത്തിന്റ കടിഞ്ഞാൺ ഇവരുടെ കൈകളിലാണ്. അതിനാൽ അടിമകളുടെ എണ്ണം പെരുകുന്നു. പാവങ്ങൾ ഇന്നും ദുഃഖ ദുരിതത്തിലാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്നത് അധികാരികളും, അഴിമതിക്കാരും, സ്തുതിപാഠകരും, ചുമടുതാങ്ങികളുമാണ്.

പ്രളയത്തിന്റ പ്രത്യാഘതങ്ങൾ ഭയാനകമെന്ന് ഹൈന്ദവ പുരാണങ്ങളിലും തോറയിലും ബൈബിളിലും ഖുറാനിലുമുണ്ട്.
ഇപ്പോൾ ജീവിതത്തെ ഭീതിജനകമായ കൊറോണ പിടിമുറുക്കിയിരിക്കുന്നു. എങ്ങും കൊറോണയുടെ നിഴൽപ്പാടുകൾ.
ഏതാനം വർഷങ്ങൾക്ക് മുൻപ് ലണ്ടനിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ “കല” അവരുടെ സാഹിത്യ മത്സരത്തിൽ എന്റെ “കോഴി” എന്ന കഥക്ക് ഒന്നാം സമ്മാനം തരികയുണ്ടായി. ഈ കോഴി ഇത്ര അപകടകാരിയെന്ന് ആലപ്പുഴയിലും മറ്റും പടർന്ന് പിടിച്ച കോയി വർഗ്ഗത്തിൽപ്പെട്ട കോയി കൊറോണ കോഴികളെ കൂടെ നടന്ന പൂവൻ കോഴികൾക്ക്പോലും മനസ്സിലായില്ല. ഈ കോയി കൊറോണ കോഴികൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതിന്റ ലക്ഷണങ്ങൾ അവിടെയും കണ്ടു തുടങ്ങി. മേശപ്പുറത്ത് എത്തുന്ന ഈ കോയി കൊറോണ കോഴി ശത്രുവോ മിത്രമോ എന്നത് രുചിയോടെ അകത്താക്കുന്നവർ ആലോചിക്കണം.

ദേവാധിദേവന്മാരെ പാടിപുകഴ്ത്തിയ ആഡംബര ദേവാലയങ്ങൾക്ക് ആരാധകരെ സംരക്ഷിക്കാൻ സാധിക്കാതെ പ്രാർത്ഥനകൾ നിർത്തിവെച്ചു. പാട്ടും പ്രാത്ഥനയും തളിരും പൂവും പൂജകളും നിസ്കാരങ്ങളും വെട്ടിച്ചുരുക്കി ഈശ്വരന്മാർ സവാരിക്കും സർക്കിട്ടിനും പോയി. ആത്മാവിൽ തള്ളി തുള്ളിയാടിയ ദേവാലങ്ങൾ അനാഥാലയങ്ങളായിരിക്കുന്നു. മത മേധാവികൾ ധർമ്മ സങ്കടത്തിലാണ്. പഴയതുപോലെ ആൾക്കൂട്ടം വരുമോ? പണപ്പെട്ടി കാലിയാകുമോ? ജാതി മതങ്ങളുടെ വിളവെടുപ്പ് എത്ര നാൾ തുടരുമെന്നറിയില്ല. ഇനിയും ജീവിച്ചിരിക്കുന്നവരോട് പറയും ദൈവം നിന്നെ രക്ഷിച്ചു. മരിച്ചവരോട് ഇനിയും എന്ത് പറയാനാണ്? ചിലർ വിശ്വസിക്കുന്നത് ദൈവത്തെ വഞ്ചിച്ചു ജീവിക്കുന്നവർക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് ഇതുപോലുള്ള കൊറോണ-കോവിഡ് വൈറസ്. എന്തായാലും ദൈവത്തിന്റ സന്താനങ്ങളെ രക്ഷിക്കേണ്ട ചുമതല ദൈവത്തിനാണ്. മനുഷ്യത്വമില്ലാതെ പ്രവർത്തിക്കാൻ മനുഷ്യന് മാത്രമല്ല ദൈവത്തിനുമറിയാമെന്ന് ഇപ്പോൾ ചിലരൊക്കെ മുറുമുറുക്കുന്നുണ്ട്.

കാലാകാലങ്ങളിലായി വില്പന ചരക്കുകളായി തുടരുന്ന അന്ധത നിറഞ്ഞ ആചാരാനുഷ്ടാനങ്ങൾക്ക് കോയി കൊറോണ വൈറസ് പിടിച്ചിരിക്കുന്നു. മണ്ണിലെ ദൈവങ്ങളുടെ സമ്പാദ്യം മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും ഗ്രാമീണർക്കില്ല. അതൊക്കെ മനസ്സിലാക്കിയവർ വികസിത രാജ്യങ്ങളിലാണ്. ഇനിയും ദേവാലയങ്ങൾ മോടിപിടിപ്പിക്കാൻ ആരെങ്കിലും മുന്നോട്ട് വരുമോ? ശാസ്ത്രത്തിന് മുന്നിൽ മണ്ണിലെ കുശവൻ തീർത്ത എല്ലാം ബിംബങ്ങളും ഉടഞ്ഞ ചരിത്രങ്ങളാണുള്ളത്. റോമൻ ചക്രവർത്തിമാർ നൂറ്റാണ്ടുകളായി എത്രയോ ദേവി ദേവന്മാരെ ആരാധിച്ചു. അതെല്ലാം യൂറോപ്പിലും ഇറ്റലിയിലുമൊക്കെ വെറും ശേഷിപ്പുകളായി കല്ലോട് കല്ല് ചേർന്ന് കിടക്കുന്നത് സംശയത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഇന്നത്തെ നമ്മുടെ ആരാധന മൂർത്തികളുടെ ആയുസ്സ് എത്ര നാൾ പൂങ്കിളിയുടെ പാട്ടുപോലെ തുടരുമെന്നറിയില്ല. ധനസമ്പത്തു് കൂടിയപ്പോൾ മനുഷ്യർ ഈശ്വരനിൽ നിന്നകന്നതാണ് ജഡിക ജീവിതത്തിന് കരണമെങ്കിലും വിശുദ്ധ വേദ വാക്യങ്ങൾ ദുഷ്ടജനങ്ങളുടെ കാതുകൾക്കെന്നും പ്രകാശംപോഴിക്കുന്ന ദീപങ്ങളാണ്.

പതിനാലാം നൂറ്റാണ്ടിൽ ഏകദേശം 475 മില്യൺ ജനങ്ങളാണ് പ്ളേഗ് മൂലം യൂറോപ്പിൽ മരണമടഞ്ഞത്. ഇംഗ്ലണ്ടിലെ എഡ്‌വേർഡ് രാജാവ് പോലും 1348 ൽ പ്ലേഗിനെ ഭയന്ന് ലണ്ടനിൽ നിന്ന് മാറി താമസിച്ച ചരിത്രവുമുണ്ട്. ദൈവത്തിൽ നിന്നും രക്ഷയില്ലെന്ന് കുറച്ചു പേർക്കെങ്കിലും മനസ്സിലായിട്ടുണ്ട്. തലമുറകളായി ദൈവിക അനുഗ്രഹമെന്ന് വിശ്വസിച്ചവർ, ദേവാലയങ്ങളിൽ സ്നേഹപാരമ്യത്തോടെ കെട്ടിപുണർന്നവരുടെ മുഖങ്ങൾ ഇപ്പോൾ മ്ലാനമാണ്. മരണത്തിനിപ്പോൾ മാധുര്യത്തിന്റ മുഖമാണ് ആത്മാവിന്റേതല്ല. ജീവിത ദർശനങ്ങൾ ഇല്ലാത്തവർക്ക് ഈ ജീവിതം ക്ഷണികം.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ പത്താം വാര്ഷികാഘോഷത്തിന്റ ഭാഗമായി സംഘടിപ്പിച്ച പുരസ്‌കാര സന്ധ്യ 2020 കോട്ടയത്തുള്ള അർകാഡിയ ഹോട്ടലിൽ നടന്നു. ആ മഹനീയ ചടങ്ങിൽ സാഹിത്യ-സാംസ്‌കാരിക -മാധ്യമ രംഗത്ത്‌ നീണ്ട നാളുകൾ തിളക്കമാർന്ന സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളെ കോട്ടയത്തിന്റ ജനപ്രിയ നായകനും മുൻ ആഭ്യന്തര മന്ത്രിയും എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചു. സാഹിത്യ രംഗത്തെ സമഗ്ര സംഭവനക്ക് എന്നെയും തെരെഞ്ഞെടുത്തു. കോട്ടയത്തിന്റ ജനകിയ നായകൻ തോമസ് ചാഴിക്കാടൻ എം.പി. ആശയ- ആഹ്ളാദം പകരുന്ന വാക്കുകളാണ് സമ്മാനിച്ചത്. കോട്ടും സുട്ടുമണിഞ്ഞ കസേരക്കും പേരിനും പദവിക്കുമായ് ഓടി നടക്കുന്ന അസൂയ മുത്തവർക്ക് മലയാള ഭാഷക്കായി പരിശ്രമം ചെയ്യുന്നവരെയോ സർഗ്ഗപ്രതിഭകളുടെ കഷ്ടപ്പാടുകളോ തിരിച്ചറിയാറില്ല. അവരിലെ സവിശേഷത തലയില്ലാത്ത സോഷ്യൽ മീഡിയയിൽ എന്തും ഉന്തിത്തള്ളി കയറ്റി അയക്കലാണ്. മനുഷ്യരിൽ മാത്രമല്ല പരദോഷം കാണുന്ന കോഴി പനി പിടിച്ച കോയി കൊറോണ വൈറസ് ഫേസ് ബുക്കിലും കാണാറുണ്ട്. ഈ അടുത്ത കാലത്തിറങ്ങിയ “പ്രതി പൂവൻ കോഴി” സിനിമ ഇവർക്കായി സൃഷ്ടിച്ചതാണോ എന്ന് തോന്നി. അതിലെ വർഗ്ഗ ഗുണം ഇവരിലുമുണ്ട്. സാഹിത്യം മൂർച്ചയേറിയ ആയുധമാണ്. അത് തലച്ചോറുള്ള മാധ്യമങ്ങളിൽ മാത്രമെ വായിക്കാൻ സാധിക്കു. നല്ലതുണ്ടോ നായ് തിന്നുന്നു. ഇതുപോലുള്ള കുറുക്കന്മാർ കരഞ്ഞാൽ നേരം പുലരില്ല. കുശവനുണ്ടോ നല്ല കലത്തിൽ കഞ്ഞിവെക്കുന്നു?

തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ മാർച്ച് അഞ്ചിന് ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‌കാര ചടങ്ങിൽ വെച്ച് “കാലപ്രളയം” നാടകം മാവേലിക്കര എം.എൽ.എ ശ്രീ. ആർ. രാജേഷ് ,സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷൻ, ഡോ.ജോർജ് ഓണക്കൂറിന്റ് സാന്നിധ്യത്തിൽ പ്രകാശനം നടത്താൻ തീരുമാനിച്ചെങ്കിലും അന്നത്തെ മന്ത്രി സഭ തീരുമാനത്തിൽ എല്ലാം പൊതുപരിപാടികളും ഉപേക്ഷിച്ചു. മാർച്ച് 11 ന് ലോകത്തെ ഏറ്റവും വലിയ അന്തേവാസി ജീവ കാരുണ്യ സ്ഥാപനമായ പത്തനാപുരം ഗാന്ധി ഭവനിൽ മാതൃ സ്മരണ സംഗമം ഉദ്ഘടന൦ ചെയ്യാനെത്തിയപ്പോൾ കാലപ്രളയം നാടകം നടൻ ടി. പി. മാധവന് നൽകി ഡോ.പുനലൂർ സോമരാജൻ നിർവഹിച്ചു. ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടന്ന മാതാപിതാ ഗുരു ദൈവം എന്ന ഗുരുവന്ദന സന്ദേശത്തിൽ ഞാനറിയിച്ചത് “ഈശ്വരന്റെ ആത്മാവുള്ളവരിൽ തീർച്ചയായും മാതാ പിതാ ഗുരുക്കന്മാരുണ്ട്. സാമൂഹ്യ ജീവിതത്തിൽ ജനാധിപത്യത്തേക്കാൾ ഏകാധിപതികളുടെ വളർച്ചയാണ് കാണുന്നത്. ജീവ കാരുണ്യ രംഗത്ത് ഇന്ന് ഇന്ത്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഡോ.പുനലൂർ സോമരാജനെ ഇന്ത്യൻ ഭരണകൂടം കാണാതെപോകുന്നത് ദുഃഖിതന്റെ മനസ്സ് വായിക്കാൻ കഴിയാത്തതാണ്. ദരിദ്രരരെ സൃഷ്ടിക്കുന്നവർക്ക് അതൊരു പുത്തരിയല്ല. എം.എ.യൂസഫലിയെപ്പോലുള്ളവരെ ഭരണകർത്താക്കൾ കണ്ടു പഠിക്കണമെന്ന് ഞാനറിയിച്ചു. സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചു.

“കാലപ്രളയം” നാടകത്തിന്റ ആമുഖത്തിൽ നിന്ന് “മനുഷ്യന്റ തിന്മകൾക്കതിരെ കാലമയക്കുന്ന സംഹാരത്തിന്റ ശുദ്ധികരണ പ്രക്രിയയാണ് കാലപ്രളയം. ഏത് നിമിഷവും മനുഷ്യർ കെട്ടിപ്പൊക്കുന്ന അംബരചുംബികളായ കെട്ടിടങ്ങൾവരെ ഇടിഞ്ഞു താഴെവീഴുന്ന ദയനീയാവസ്ഥ. മനുഷ്യൻ പ്രകൃതിയോട് കാട്ടുന്ന ക്രൂരത മനുഷ്യന് വരാനിരിക്കുന്ന ദുരന്തങ്ങൾ നോക്കെത്താത്ത ദൂരത്തിൽ നീണ്ടു നീണ്ടു കിടക്കുന്നതായി തോന്നുന്നു. അവതാരികയിൽ ഡോ.ജോർജ് ഓണക്കൂർ എഴുതുന്നു. “പോയവർഷത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയദുരന്തത്തിന്റ പശ്ചാത്തലഭൂമികയിൽ നിന്നുകൊണ്ട് മനുഷ്യ മോഹങ്ങളുടെ നിരർത്ഥകത വെളിപ്പെടുത്തുകയാണ് നാടകകൃത്തു്. മൂന്ന് തലമുറകൾ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ മോഹങ്ങൾ, എന്തും വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുള്ള വെമ്പലുകൾ, അതിനുവേണ്ടി ജാതി-മാത്ത്-വർഗ്ഗിയ ശക്തികളെ കുട്ടുപിടിക്കുന്നതിന്റ അപകടങ്ങൾ വെളിപ്പെടുന്നു.”

തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്ക് മടങ്ങുമ്പോൾ എയർപോർട്ടിനുള്ളിലെ ഡി.സി.യുടെ പുസ്തകശാലയിൽ നിന്ന് പ്രമുഖ സാഹിത്യകാരൻ ശ്രീ. സി.വി.ബാലകൃഷ്ണന്റ “തന്നത്താൻ നഷ്ടപ്പെടും പിന്നെത്താൻ കണ്ടെത്തിയും” എന്ന യാത്രാവിവരണ പുസ്തകം വാങ്ങി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സാഹിത്യകാരൻ. അദ്ദേഹത്തിന്റ നോവലുകൾ ഞാൻ വായിച്ചിട്ടുണ്ട്. അതിനാലാണ് അദ്ദേഹമെഴുതിയ യാത്രാവിവരണം വാങ്ങിയത്. കുറെ വായിച്ചപ്പോഴാണ് മനസ്സിലായത് ഇത് പൂർണ്ണമായി ഒരു യാത്രാവിവരണമല്ല അതിലുപരി പല സാഹിത്യകാരന്മാരുടെ, ചലച്ചിത്ര മേഖലയിലെ പലരെപറ്റി അദ്ദേഹമെഴുതിയ ലേഖനങ്ങളാണ്. വായനക്കാരനെ തെറ്റിധരിപ്പിക്കാൻ ആദ്യ പേജിൽ യാത്രാവിവരണമെന്നാണ് പ്രസാധകർ എഴുതിയത്. പുസ്തകങ്ങൾ വിറ്റഴിക്കാൻ പ്രസാധകർ കണ്ടെത്തുന്ന ഓരോരോ കുറുക്കുവഴികൾ ഓർത്തിരിന്നു. എയർപോർട്ടിനുള്ളിൽ മറ്റൊരു പുസ്തകശാലയില്ലാത്തതും കലയും കാലവും മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നതിന്റ തെളിവാണ്.

മനുഷ്യർ പ്രകൃതിയോട് കാട്ടുന്ന ക്രൂരത കാലപ്രളയമെങ്കിൽ കാക്ക- കോയി- കൊറോണ കോഴികൾ ഈശ്വരനോട് കാട്ടുന്ന ക്രൂരതയാണോ ഈ പകർച്ചവ്യാധികൾ? എവിടെ നോക്കിയാലും നീതി നിഷേധങ്ങൾ നടമാടുകയാണ്. പലതും ഹൃദയം പിളർക്കുന്ന കാഴ്ചകൾ. തെറ്റുകൾ മനുഷ്യ സഹജമാണ്. തെറ്റുകുറ്റങ്ങൾ തിരിച്ചറിയുന്നവരാണ് നന്മയുള്ള മനുഷ്യർ. അന്ധ വിശ്വാസവും അഹന്തയും അസൂയയും അറിവില്ലായ്മയും തലയില്ലാത്ത മാധ്യമങ്ങളിൽ എഴുതി രസിക്കുന്നവരും, ഈശ്വരന്റെ പേരിൽ മനുഷ്യരെ ചുഷണം ചെയ്യുന്നവരും സമുഹത്തിൽ പകർച്ചവ്യാധികൾ പരത്തുന്നവരുമാണ്. നിർമ്മല സ്‌നേഹത്തിന്റ ആഴവും അഴകും മനസ്സിന്റ മടിത്തട്ടിൽ താലോലിക്കുന്നവർക്കെന്നും ഒരു ആത്മീയ – സാംസ്കാരികാടിത്തറയുണ്ട്. കണ്ണാടിപ്പുരയിൽ ഇരുന്ന് കല്ലെറിയുന്നവർക്ക് ഏതുവിധത്തിലും മലീമസമായ വാക്കുകൾ എഴുതിവിടാം. ആരെയും ചുഷണം ചെയ്യാം. കണ്ണില്ലാത്തവന് എന്തിന് കണ്ണാടി?

സ്വന്തം ലേഖകൻ

ലണ്ടൻ :കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസ് (എഫ്‌സി‌ഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സി‌ഒ ലോകത്തെവിടേയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. ബ്രിട്ടനിലേയും മറ്റു രാജ്യങ്ങളിലെയും യാത്രാനിയന്ത്രണങ്ങൾ മൂലം പല ഫ്ലൈറ്റുകളും റദ്ദുചെയ്യപ്പെട്ടേക്കാം .

ഫ്‌ളൈറ്റുകൾ റദ്ദു ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിങ്ങളുടെ യാത്രാ അവകാശങ്ങൾ നിങ്ങൾ തിരഞ്ഞെടുത്ത എയർലൈൻ, ഇൻഷുറൻസ് പോളിസി എന്നിവയെ ആശ്രയിച്ചിരിക്കും. ചൈന, യു‌എസ്‌എ, ഇറ്റലി, സ്‌പെയിൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള അവശ്യ യാത്രകളൊഴികെ മറ്റെല്ലാം മാറ്റിവെക്കണമെന്ന് എഫ്‌സി‌ഒ ആവശ്യപ്പെടുന്നു .

ഇത് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നതിന് കാരണമായി. നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കപ്പെടുകയാണെങ്കിൽ, എയർലൈൻ ഒരു റീഫണ്ട് വാഗ്ദാനം ചെയ്യണം. അതുപോലെ തന്നെ മടക്കയാത്രയ്ക്കുള്ള വിമാനം റദ്ദാക്കപ്പെട്ടാൽ യാത്രക്കാരെ തിരികെയെത്തിക്കാൻ എയർലൈൻസിന് കടമയുണ്ട്. ഇത് മടക്കയാത്രയ്ക്കുള്ള പണം യാത്രക്കാരൻ സ്വീകരിച്ചില്ലെങ്കിൽ മാത്രമാണ്.

ചില രാജ്യങ്ങളിലേക്ക് അവർ തന്നെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിഞ്ഞേക്കില്ല. അർജന്റീന, പെറു, പരാഗ്വേ, വെനിസ്വേല എന്നിവ നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. “പൊതുവേ, ഒരു പ്രദേശത്തേക്കുള്ള എല്ലാ യാത്രകൾക്കും എതിരെ എഫ്‌സി‌ഒ നിർദേശം നൽകുമ്പോൾ യാത്ര തടസ്സപ്പെടുത്തലോ റദ്ദാക്കലോ ഉണ്ടായേക്കും.” അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഷുറേഴ്‌സ് (എബിഐ) യിലെ സു ക്രൗൺ പറഞ്ഞു.

ഇതിലെ പ്രധാന കാര്യം എന്ന് പറയുന്നത് എഫ് സി ഓ (The Foreign and Commonwealth Office, commonly called the Foreign Office, or British Foreign Office, is a department of the Government of the United Kingdom. It is responsible for protecting and promoting British interests worldwide and was created in 1968 by merging the Foreign Office and the Commonwealth Office) ഒരു സ്ഥലത്തേക്കുള്ള യാത്രാ സംബന്ധമായ മുന്നറിയിപ്പ് നൽകിയ ശേഷം അവ അവഗണിച്ചു യാത്ര തുടരാൻ നിങ്ങൾ തീരുമാനിച്ചാൽ ട്രാവൽ ഇൻഷുറൻസ് കവർ ചെയ്യില്ല എന്ന് അറിയുക. ക്ലെയിം നിരസിക്കാൻ ഇത് കമ്പനികളെ അധികാരപ്പെടുത്തുന്നു. നിങ്ങളുടെ ഇഷ്ടത്തിന് ട്രാവൽ നടത്തുകയും പിന്നീട് എന്തെങ്കിലും തടസം തിരിച്ചുവരവിന് ഉണ്ടാവുകയും ചെയ്താൽ സ്വന്തം ചിലവിൽ തന്നെ മടക്കയാത്ര നടത്തേണ്ടി വരുകയും ചെയ്യും. ഇതുപോലുള്ള മടക്കയാത്രകൾ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കുകയില്ല എന്ന് തിരിച്ചറിയുക. അതുകൊണ്ടു ഫോറിൻ ഓഫീസ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു മാത്രം നമ്മുടെ യാത്രകളും ഹോളിഡേകളും തിരഞ്ഞെടുക്കുക.

ബ്രിട്ടീഷ് എയർ‌വെയ്‌സ്, ഈസി ജെറ്റ്, വിർ‌ജിൻ‌ അറ്റ്ലാന്റിക് എന്നിവയുൾ‌പ്പെടെ നിരവധി വിമാനക്കമ്പനികൾ‌ നിലവിൽ‌ യാത്രക്കാരെ സൗജന്യമായി റീബുക്ക് ചെയ്യാൻ‌ അനുവദിക്കുന്നു. എന്നാൽ ഇത് പൂർണ്ണമായും ഓരോ ടിക്കറ്റിനെയും വിമാന കമ്പനിയെയും ആശ്രയിച്ചാണ് നിൽക്കുന്നത്. നോൺ റീഫഡബിൾ ടിക്കറ്റ് തുടങ്ങിയ സംബന്ധമായി ഓരോ വിമാന കമ്പനിക്കും വ്യത്യസ്ഥമായ മാനദണ്ഡങ്ങൾ നിലവിൽ ഉണ്ട് എന്ന് അറിയുക. എന്നിരുന്നാലും ഒരു നിലവിലെ സാഹചര്യത്തിൽ ഫീ ഒന്നും നൽകാതെ മറ്റൊരു ദിവസത്തേക്ക് റീ ബുക്ക് ചെയ്യാൻ കമ്പനികൾ അവസരം നൽകുന്നു. അപ്പോൾ  ടിക്കറ്റ് വിലയിൽ ഉണ്ടാകാവുന്ന വില വർദ്ധനവ് നൽകാൻ കസ്റ്റമർ തയ്യാർ ആകണം എന്ന് മാത്രം. ക്യാൻസൽ ചെയ്താൽ കൂടുതൽ തുക നഷ്ടപ്പെടുന്നതിനേക്കാൾ ഭേദമാണ് മറ്റൊരു   ഭിവസത്തേക്കു യാത്ര മാറ്റുന്നത്‌. എന്നാൽ എല്ലാവർക്കും ഇതിന് സാധിക്കുമോ എന്നകാര്യത്തിൽ സംശയം നിലനിൽക്കുന്നു. അതുകൊണ്ട് ഉപയോക്താക്കൾ എയർലൈനിനോടോ മറ്റോ ആദ്യം റീഫണ്ടുകൾക്കോ ​​റീ ബുക്കിംഗിനോ ആവശ്യപ്പെടണമെന്ന് ഇൻഷുറർമാർ പറയുന്നു. “ക്ലെയിം പ്രക്രിയ സുഗമമായി നടക്കാൻ സഹായിക്കുന്നതിന് ആളുകൾ അവരുടെ എല്ലാ യാത്രാ ഇൻവോയ്സുകളും രസീതുകളും സൂക്ഷിക്കണം,” എബിഐയിലെ ലോറ ഡോസൺ പറയുന്നു.

രോഗം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ചില ഇൻഷുറൻസ് കമ്പനികൾ പുതിയ പോളിസികൾ അല്ലെങ്കിൽ മാറ്റം വരുത്തിയ കവർ വിൽക്കുന്നത് നിർത്തി. ഏറ്റവും പ്രധാനം “തടസ്സപ്പെടുത്തൽ കവർ” ആണ്. അതേസമയം, ആക്സ, അവിവ, ഇൻ‌ഷുറർ‌ അൻ‌ഡോ എന്നിവയ്ക്ക് രോഗവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ‌ക്ക് പരിമിതമോ മാറ്റമോ ഉണ്ട്. അഡ്മിറൽ, അവിവ, എൽവി, ചർച്ചിൽ, മോർ ദാൻ, ഡയറക്ട് ലൈൻ എന്നിവ യാത്രാ ഇൻഷുറൻസ് നൽകുന്നതിനെ താൽക്കാലികമായി നിർത്തിവച്ചു. രോഗം ബാധിക്കാത്ത സ്ഥലങ്ങളിലേക്ക് ബുക്ക്‌ ചെയ്തിട്ടുണ്ടെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ എഫ്‌സി‌ഒ പുതിയ നിർദേശങ്ങൾ കൊണ്ടുവന്നാലും നിങ്ങൾക്ക് യോഗ്യതയുള്ള ഇൻഷുറൻസ് ഉണ്ടെങ്കിൽ നിങ്ങൾ പരിരക്ഷിക്കപ്പെടും.

ഇന്നലെ മുതൽ ബ്രിട്ടനിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ പ്രവേശനമില്ല. ഇത്പോലെ അമേരിക്കയും നടപടി സ്വീകരിച്ചുകഴിഞ്ഞു. നിലവിലുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇന്ത്യൻ സർക്കാർ അറിയിച്ചു. 2020 ഏപ്രിൽ 15 വരെയാണ് ഈ നടപടി. യുഎൻ, അന്താരാഷ്ട്ര ഓർഗനൈസേഷനുകൾ, തൊഴിൽ, പ്രോജക്റ്റ് വിസ എന്നിവയിലാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇത് ബാധകമല്ല. രോഗം പടരുന്ന സാഹചര്യത്തിൽ എയർപോർട്ടിൽ ഉള്ള പരിശോധനകളെല്ലാം ഇന്ത്യയിൽ കർശനമാക്കി. ബ്രിട്ടനിൽ വിർജിൻ അറ്റ്ലാന്റിക് വിമാനത്തിന്റെ അഞ്ചിൽ നാലും വെട്ടികുറയ്ക്കുകയും, കൂടാതെ എട്ട് ആഴ്ച ശമ്പളമില്ലാത്ത അവധി എടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഉണ്ടായി. റയാനെയറും ഈസി ജെറ്റും അവരുടെ ഭൂരിഭാഗം സർവീസുകളും നിർത്തിവെച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് സമീപമുള്ള വണ്ണപ്പുറം പഞ്ചായത്തിലാണ് കാറ്റാടിക്കടവ് വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ വണ്ണപ്പുറത്തുനിന്ന് എട്ട് കിലോമീറ്റർ യാത്ര. റോഡരികിൽ ബൈക്ക് സുരക്ഷിതമായി വെച്ച് അടുത്തുള്ള കടയിൽ നിന്ന് ഒരു കുപ്പി വെള്ളവും വാങ്ങി കാറ്റാടിക്കടവിലേക്ക് നടക്കാൻ തുടങ്ങാം. 2 കിലോമീറ്റർ മുകളിലേക്ക് നടക്കണം, കാറ്റാടികടവിനെ അനുഭവിച്ചറിയാൻ. സമുദ്രനിരപ്പിൽ നിന്ന് 2864 അടി ഉയരത്തിലാണ് കാറ്റാടിക്കടവ് സ്ഥിതിചെയ്യുന്നത്. ആദ്യത്തെ കുറെ ദൂരം കുത്തനെയുള്ള കയറ്റം ആണ്. ഇടയ്ക്കുള്ള പാറക്കല്ലുകളിൽ ഇരുന്ന് വിശ്രമിച്ച ശേഷം മുന്നോട്ട് നീങ്ങാം. കയറ്റത്തിന്റെ എല്ലാ ക്ഷീണവും നീക്കിക്കളയുന്ന അതിമനോഹര കാഴ്ചകളാണ് മലമുകളിൽ നമ്മെ കാത്തിരിക്കുന്നത്. ഏറ്റവും മുകളിലെ ഒന്നാമത്തെ വ്യൂ പോയിന്റിൽ എത്തിയാൽ 360 ഡിഗ്രിയിലുള്ള കാഴ്ചകൾ ലഭിക്കും. പച്ചപ്പട്ടുടുത്ത് നിൽക്കുന്ന പ്രകൃതിയുടെ സൗന്ദര്യം അടുത്തറിയാം. സന്ദർശകരുടെ സംരക്ഷണാർത്ഥം വൻകൊക്ക വേലി കെട്ടി തിരിച്ചിട്ടുണ്ട്. ഇവിടെ നിന്നാൽ വണ്ണപ്പുറം, തൊടുപുഴ നഗരങ്ങൾ മുഴുവനായും കാണാം.

അവിടെ നിന്ന് നോക്കിയാൽ തൊട്ട് മുന്നിൽ കാണുന്ന മരതകമലയിലാണ് രണ്ടാം വ്യൂ പോയിന്റ്. ആദ്യ ഇടത്തുനിന്നും ഒരു കിലോമീറ്ററോളം നടന്നു വേണം ഇവിടെയെത്താൻ. പാറക്കെട്ടുകൾക്കിടയിലൂടെയും വള്ളിപ്പടർപ്പുകൾക്കടിയിലൂടെയും നടന്നു മരതകമല കയറുന്നത് ഗംഭീര ട്രെക്കിങ്ങ് അനുഭവമാണ്. മലമുകളിൽ എത്തിയാൽ പിന്നീട് തെളിയുന്നത് സ്വർഗമാണ്, ഭൂമിയിലെ സ്വർഗം. ചുറ്റും മലനിരകൾ, വളർന്നുനിൽക്കുന്ന പുല്ലുകൾ. ഒപ്പം ഏറ്റവും മുകളിൽ നമ്മൾ. ചാറി നിന്ന മഴ മാറി കോട വിരുന്നെത്തിയ കാഴ്ച ഏതൊരുവനെയും ആനന്ദിപ്പിക്കുന്നതാണ്. ഇടത്തുനിന്നും മലനിരകളെയും നമ്മളെയും തഴുകി വലത്തേക്ക് കോട ഒഴുകി നീങ്ങും.

വൈകുന്നേരം 4 മണിക്കാണ് ഞങ്ങൾ മല കയറിയത്. കോട മാറിനിന്നപ്പോൾ വൈകുന്നേരത്തെ സൂര്യൻ തെളിഞ്ഞു. ദിക്കുകളിലേക്ക് പരന്നൊഴുകുന്ന സൂര്യ രശ്മികൾ. മലയുടെ മുകളിൽ നിന്ന് സൂര്യനെ കയ്യെത്തിപിടിക്കാൻ ആരുമൊന്ന് കൊതിച്ചുപോകും. പ്രകൃതി സമ്മാനിക്കുന്ന അതിമനോഹര കാഴ്ചയെ ഹൃദയത്തിലേറ്റി മലയിറങ്ങാം. സദാനേരവും കാറ്റ് വീശുന്ന ഇവിടം, വണ്ണപ്പുറം പഞ്ചായത്തിന്റെ കീഴിലുള്ള ഹെറിറ്റേജ് ഫാം ആൻഡ് ഹില്ലി ടൂറിസം സൊസൈറ്റിയുടെ കീഴിലാണുള്ളത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവേശനം. കോട്ടപ്പാറ ഹിൽസ്റ്റേഷൻ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ആനയാടികുത്ത് വെള്ളച്ചാട്ടം, വെണ്മണി വ്യൂ പോയിന്റ് എന്നിവ കാറ്റാടിക്കടവിന് സമീപം സന്ദർശിക്കാവുന്ന മനോഹര ഇടങ്ങളാണ്.

വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ.

വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.

പി. ഡി. ബൗസാലി

ആഗസ്റ്റ് ഇരുപത്തിഒന്നാം തീയതി, ബുധനാഴ്ച്ച, രാവിലെ 9 മണിയോടുകൂടി ഞങ്ങൾ കേപ്ടൗണിനോടു യാത്ര പറഞ്ഞു. അഞ്ചു മണിക്കൂറോളം യാത്ര ചെയ്ത്, ഏതാണ്ട് 500 കിലോമീറ്റർ ദൂരമുള്ള കാരൂ എന്ന പട്ടണത്തിൽ വന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചു. പിന്നെയും നീണ്ട യാത്ര. രാത്രി പത്തു മണിയോടുകൂടി കിംബർലി എന്ന് പട്ടണത്തിലെത്തി. അവിടെയുള്ള ഒരു റിസോർട്ടിൽ രാത്രി വിശ്രമിച്ചു.

പിറ്റേദിവസം റിസോർട്ടിൽ നിന്നും ലഭിച്ച പ്രഭാതഭക്ഷണത്തിനു ശേഷം 9 .30 യോടുകൂടി കിംബർലിയിലുള്ള ബിഗ് ഹോൾ എന്ന പ്രസിദ്ധമായ ഡയമണ്ട് ഖനിയിലേക്കുപോയി. നോർത്തേൺ കേപ്പി ലുള്ള ഈ വജ്ര ഖനിയിപ്പോൾ പ്രവർത്തിക്കുന്നില്ല. ഒന്നാംലോകമഹായുദ്ധകാലത്ത് പ്രവർത്തനം നിർത്തിയ ഈ ഖനിയിപ്പോൾ ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് . ഖനി സന്ദർശിക്കുവാൻ വിദേശീയരുടെ വലിയ തിരക്കായിരുന്നു. ഒരു ഡയമണ്ട് മൈൻ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഞങ്ങൾക്ക് പറഞ്ഞുതരുവാനായി മിസ്റ്റർ ഡേവിഡ് എന്ന ഗൈഡ് ഞങ്ങളോടൊപ്പം വന്നു ഖനിയിലേക്ക്. ഈ ഖനി 1871 മുതൽ പ്രവർത്തിച്ചു തുടങ്ങിയതാണ്. 50000 ജോലിക്കാർ ജോലി ചെയ്തിരുന്ന ഈ ഖനിയിലാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിതമായ ഗർത്തമുള്ളത്. 750 അടിയോളമാണ് ഇവിടെ ഡയമണ്ടിനായി കുഴിച്ചു താഴ്ത്തിയത്. അതുകൊണ്ടാണ് ഈ ഡയമണ്ട് ഖനിക്ക് ‘ബിഗ് ഹോൾ’ എന്ന പേരുവന്നത്. ആ ഗർത്തം ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതിനോട് ചേർന്നുള്ള മ്യൂസിയത്തിൽ നിന്നും എല്ലാവരും സുവനീറുകൾ വാങ്ങി. ഒരു മണിയോടുകൂടി ഞങ്ങൾ അവിടെ നിന്നും തിരിച്ചു.

തിരിച്ചുള്ള യാത്ര സൗത്ത് ആഫ്രിക്കയുടെ ഹൃദയഭാഗത്തു കൂടിയായിരുന്നു. റോഡിന്റെ ഇരുവശവും മൈലുകളോളം നീളുന്ന മഞ്ഞപ്പൂക്കൾ കൊണ്ടു നിറഞ്ഞ കനോല പ്ലാൻറ്റേഷൻ (റേപ്പ് സീഡ്), അതുകഴിഞ്ഞ് മൈലുകളോളം തരിശുഭൂമി, കുറച്ചുദൂരം കഴിഞ്ഞു മുന്തിരിത്തോപ്പുകൾ, പർവ്വതങ്ങൾ, പശുവിൻ കൂട്ടങ്ങൾ, ചെമ്മരിയാടുകൾ, പാവപ്പെട്ടവർ താമസിക്കുന്ന സ്ഥലങ്ങൾ പട്ടണങ്ങൾ – എല്ലാം തരണം ചെയ്ത് വൈകിട്ട് 5 30 യോടുകൂടി മെഫെക്കിങ് എന്ന സ്ഥലത്തെത്തി. സൗത്ത് ആഫ്രിക്കയുടെ അതിർത്തിപ്പട്ടണമാണിത്. അതിനടുത്ത രാജ്യമാണ് ബോട്സ്വാന. അവിടെ മിസ്റ്റർ ജോർജിന്റെ സുഹൃത്തായ ജയമ്മയുടെയും ഭർത്താവ് ജോർജിൻെറയും ഭവനം സന്ദർശിച്ചു. അവർ ആകെ ഭീതിയിലായിരുന്നു . അവർ മറ്റൊരു സ്ഥലത്തായിരുന്നു ജീവിച്ചിരുന്നത്. അവരുടെ വീട്ടിൽ കൊള്ളക്കാർ അതിക്രമിച്ചു കയറി, ഒരു ട്രക്കുമായി വന്ന് വീട്ടിലുണ്ടായിരുന്ന സകല സാധനങ്ങളും മോഷ്ടിച്ചു കൊണ്ടുപോയി, അവരെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിൽ ചിലയിടങ്ങളിലെങ്കിലും നമ്മുടെ ആൾക്കാർ നേരിടുന്ന ഒരു പ്രശ്നമാണിത്. നെൽസൺ മണ്ടേല എന്ന മഹാനായ വ്യക്തി കഷ്ടപ്പെട്ടു പൊരുതി ആഫ്രിക്കക്കു സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഇങ്ങനെയുള്ള ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടാവാറുണ്ടെന്നാണ് അവിടെയുള്ള നമ്മുടെ മലയാളികൾ പറഞ്ഞത്.

 

ഞങ്ങൾ രാത്രി 7 .15 നു സൗത്ത് ആഫ്രിക്കയുടെ അതിർത്തിയിലെത്തി. ഇമിഗ്രേഷൻ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് മിസ്റ്റർ ജോർജിന്റെ വീട്ടിൽ രാത്രി 10 മണിയോടുകൂടിയെത്തി. അയൽപക്കകാരനായ ജിജി സാറും കുടുംബവും കൊടുത്തുവിട്ട ചോറും കറികളും ‘പിടിയും കോഴിക്കറിയും’ കഴിച്ചശേഷം രാത്രി 11 മണിയോടുകൂടി ഞങ്ങൾ ഉറങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ ബോട്സ്വാനയിലുള്ള പല സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. ജോർജിന്റെ മകൾ മെറിയും എന്റെ മകൻ ചിന്റുവും വിവാഹശേഷം ആദ്യം ബോട്സ്വാന സന്ദർശിക്കുകയായതു കൊണ്ട്, അവരെ സ്വീകരിക്കുന്ന വലിയൊരു പാർട്ടി – ആഗസ്റ്റ് 25 ന് ശ്രീമാൻ ജോർജ് അറേഞ്ച് ചെയ്തിരുന്നു, ഹോട്ടൽ ഒയാസിസിൽ.

ആഗസ്റ്റ് 27ന് വെളുപ്പിന് അഞ്ചുമണിക്കു ഞങ്ങൾ ബോട്സ്വാന യിൽ നിന്നും തിരികെ യാത്രയായി. 28 – ആം തീയതി രാവിലെ 9 മണിയോടുകൂടി എമിറേറ്റ്സ് ഫ്ളൈറ്റിൽ ഞങ്ങൾ നെടുമ്പാശ്ശേരിയിലെത്തി. നല്ലൊയൊരു യാത്രയുടെ സ്മരണകൾ മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു.

 

 

കടപ്പാട് :
ബോട്സ്വാന യിലേക്ക് ഞങ്ങളെ ക്ഷണിച്ച ജോർജിന്റെ കുടുംബ ത്തോടും, സൗത്ത് ആഫ്രിക്കൻ ടൂറിനു വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്ത ആൻറണിയോടും,ടൂർ ഗൈഡ് അജിത്,ടോണി എന്നിവരോടു മു ളള നിസീമമായ കടപ്പാടും നന്ദിയും അറിയിക്കട്ടെ.

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ  ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT  എൻജിനീയറിങ് കോളേജ്   സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

 

മണമ്പൂര്‍ സുരേഷ്

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ലേബര്‍ പാര്‍ട്ടിയിലെ ജെറിമീ കോര്ബിന്‍ സീറ്റില്ലാത്ത്ത് കാരണം ലണ്ടന്‍ എഡിന്‍ബറോ ട്രെയിനിലെ തറയില്‍ ഇരുന്നു കൊണ്ട് യാത്ര ചെയ്യുന്ന ഒരു ഫോട്ടോ വന്നു. അന്നത് കുറെ വാര്‍ത്ത സൃഷ്ട്ടിച്ചു.

കഴിഞ്ഞ ഒരു ദിവസം ഇത് നേരിട്ട് അനുഭവമായി വരുകയുണ്ടായി. ബ്രിട്ടന്റെ സ്വപ്ന ഭൂമിയായ സ്കൊട്ലന്റിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. തിരക്കേറിയ ലണ്ടനിലെ കിങ്ങ്സ് ക്രോസ്സില്‍ നിന്നും ട്രെയിന്‍ കയറിയപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇരിക്കാന്‍ സീറ്റില്ല.

ബ്രിട്ടന്റെ ഭൂപടം നോക്കുമ്പോള്‍ താഴെ തെക്ക് തലസ്ഥാനമായ ലണ്ടനില്‍ നിന്ന് തുടങ്ങുന്ന യാത്ര അതി മനോഹരമായ ഭൂപ്രദേശങ്ങള്‍ താണ്ടിയാണ് 540 കിലോ മീറ്റര്‍ പിന്നിട്ടു സ്കോട്ട്ലന്ടിലെ എഡിന്‍ബറോയില്‍ എത്തുന്നത്. അവിടെ നിന്നും വടക്കന്‍ ഭാഗത്തു ഭൂപടത്തിന്റെ അതിരുകളിലേക്ക് നീളുന്നതാണ് 240 കിലോ മീറ്റര്‍ അകലെ ഇന്‍വര്നെസ്സിലേക്കുള്ള യാത്ര. അരുവികളും, തടാകങ്ങളും, മഞ്ഞു മൂടിയ മലകളും, കടലും കണ്ടു കൊണ്ടുള്ള ഈ യാത്ര എത്ര കണ്ടാലും മതി വരാത്തതാണ്.

ഇതില്‍ 540 കിലോ മീറ്റര്‍ ദൂരത്തേക്കുള്ള ലണ്ടന്‍ എഡിന്‍ബറോ യാത്രയ്ക്കാണ് സീറ്റില്ല എന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് മാത്രമല്ല ഒപ്പമുണ്ടായിരുന്ന മറ്റു ഇരുപതോളം യാത്രക്കാര്‍ക്കും സീറ്റില്ലായിരുന്നു. മറ്റു ചിലര്‍ പ്രതിപക്ഷ നേതാവ് ജെറിമീ കോര്ബിനെ പോലെ തറയില്‍ ഇരിക്കുകയാണ്. ഇത് ഞങ്ങള്‍ കയറിയ കോച്ചിലെ കാര്യമാണ്. മറ്റു കോച്ചുകളിലും ഇത് തന്നെയായിരിക്കണം അവസ്ഥ എന്ന് വിചാരിക്കാം.

നാലര മണിക്കൂര്‍ നിന്നുള്ള ട്രെയിന്‍ യാത്ര ഞാനൊരിക്കലും ചെയ്തിട്ടില്ല.

വര്‍ക്കല നിന്നും എറണാകുളത്തെക്ക് ട്രെയിനില്‍ പോയപ്പോള്‍ പോലും ഒരാളും ആ കോച്ചില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടില്ല. (എന്റെ അനുഭവം മാത്രമാണ് പറഞ്ഞത്). ഇവിടെ ലണ്ടനില്‍ സീറ്റ് ബുക്ക് ചെയ്തില്ലെങ്കില്‍ ഇതാണവസ്ഥ. ഞാന്‍ ടിക്കറ്റ് വാങ്ങിയപ്പോള്‍ സീറ്റ് ബുക്ക് ചെയ്യാനുള്ള സമയം (യാത്രയ്ക്കും ഒരു മണിക്കൂര്‍ മുന്‍പ്) ഇല്ലായിരുന്നു. സീറ്റില്ലാതെയാണ് യാത്ര എന്ന് അറിയിച്ചതുമില്ല. ഇവിടെ വെള്ളിയാഴ്ചകളിലെ യാത്ര ഇങ്ങനെയാണത്രേ.

ഇതേ സമയം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ദീര്‍ഘ ദൂര യാത്ര അത്യാധുനികമായ ട്രെയിനുകളില്‍ ആണ്. സ്വകാര്യവല്‍ക്കരണത്തിനു ശേഷം ബ്രിട്ടനിലെ റെയില്‍വേ കുറെ കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള മേച്ചില്‍പ്പുറം ആയി മാറിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ ട്രെയിനുകളെക്കാളും ഇരുപതു വര്ഷം പിന്നിലുള്ള ട്രെയിനുകളൂമായി ഇത് ഓടുന്നു. സാധാരണക്കാരന് ചിന്തിക്കാന്‍ കൂടി കഴിയാത്ത യാത്രാ നിരക്കും.

ഈ യാത്രാനുഭവവും സ്കൊട്ട്ലന്റിന്റെ അതി മനോഹരമായ പ്രകൃതിയും Planet Search with MS എന്ന യൂ ട്യൂബ് ചാനലിലെ ഈ ലിങ്കില്‍ കാണാം.

പി. ഡി. ബൗസാലി

ആഗസ്റ്റ് പതിനെട്ടാം തീയതി രാവിലെ എട്ടുമണിയോടെ കേപ് ടൗണിൽ നിന്നു പോകുന്ന സിറ്റി ടൂർ ബസ് ഞങ്ങൾ ബുക്കു ചെയ്തു. കേപ്‌ ടൗൺ വളരെ പഴയ നഗരമാണ്. സൗത്ത് ആഫ്രിക്ക ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ പ്ലാൻ ചെയ്തു പണിത ഈ നഗരമാണ് സൗത്ത് ആഫ്രിക്കയുടെ ലെജിസ്ലേറ്റീവ് കാപിറ്റൽ. കഴിഞ്ഞ ഏതാനും വർഷമായി ഈ നഗരം ജലക്ഷാമത്താൽ വിഷമിച്ചിരുന്നു. സിറ്റിയിലെ പ്രധാന റോഡുകളിൽ കൂടിയുള്ള യാത്ര ഈ പുരാതന നഗരത്തിന്റെ പ്രൗഢിയും മനോഹാരിതയും വിളിച്ചറിയിക്കുന്നതാണ്. അംബരചുംബികളായ ആകാശഗോപുരങ്ങളല്ല ഈ നഗരത്തിന്റെ മുഖമുദ്ര. മിക്ക കെട്ടിടങ്ങളും ഇരുപതും പതിനഞ്ചും നിലകളിലും താഴെയുള്ളവയാണ്. സൗത്ത് ആഫ്രിക്കയുടെ ഒരു സാംസ്കാരിക, വ്യാപാര കേന്ദ്രമാണിത്. ലോക ടൂറിസ്റ്റുകളെ പ്രധാനമായും ആകർഷിക്കുന്നത് ഈ നഗരത്തിലേക്കാണ്. അതിന്റെ പ്രധാനകാരണം ഈ നഗരത്തിനടുത്തുള്ള ലോകപ്രസിദ്ധമായ ടേബിൾ മൗണ്ടൻ ആണ്. ഞങ്ങളുടെ വാഹനം ടേബിൾ മൗണ്ടന്റെ അടിവാരത്തിലെത്തി. നൂറിലധികം വാഹനങ്ങൾ അവിടവിടായി പാർക്കു ചെയ്തിരിക്കുന്നു. എല്ലാം ടേബിൾ മൗണ്ടൻ സന്ദർശിക്കാൻ വന്നവരുടെ വാഹനങ്ങൾ. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരം. ലോകത്തിലെ നാച്ചുറൽ വണ്ടേഴ്സിൽ ഒന്നാണിത്. കേബിൾ കാറിലാണ് ഈ പർവത ശിഖരത്തിലേയ്ക്ക് പോകുന്നത്. എഴുപതോളം പേരെയുംകയറ്റിയുള്ള കേബിൾ കാറിൽ ഞങ്ങൾ 10 മിനിറ്റോളമെടുത്തു ടോപ്പിലെത്താൻ. ടോപ്പിലേക്കുള്ള യാത്രയിൽ താഴേക്കു നോക്കിയാൽ ഭയന്നു പോകും. ടേബിൾ ടോപ് ഏതാണ്ട് രണ്ടര ഏക്കറോളം ഉപരിതല വിസ്തൃതിയിൽ മേശയുടെ ആകൃതിയിൽ രൂപം പ്രാപിച്ച ഒരു പർവ്വത ശിഖരമാണ്.

കല്ലുകൾ മേശയുടെ മേൽത്തട്ടു പോലെ രൂപപ്പെട്ടിരിക്കുന്ന കാഴ്ച വിസ്മയകരമാണ്. ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ സജ്ജമാക്കപ്പെട്ടിരിക്കുന്ന ഒരു സന്ദർശന കേന്ദ്രമാണിത്. അതിന്റെ മുകളിൽ നിന്നു നോക്കിയാൽ കേപ്പ് ടൗണിന് ചുറ്റുമുള്ള പട്ടണങ്ങളും, മലകളും, പ്രത്യേകിച്ച് അറ്റ്ലാന്റിക് സമുദ്രവും അതിന്റെ തീരങ്ങളും കാണാം. വളരെ സുന്ദരമായ പൂക്കളും, കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നതു കാണാം ഇവിടെ.

കേപ്പ് ടൗണിലെ അറ്റ്ലാന്റിക് ഇന്ത്യൻ ഓഷ്യൻ അക്വേറിയത്തിലേയ്ക്കാണ് പിന്നീടു ഞങ്ങൾ പോയത്. കട്ടിയുള്ള ചില്ലു കൂടാരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധയിനം മത്സ്യങ്ങളുടെ ഒരു വലിയ ശേഖരമിതിലുണ്ട്. ഇതിനുള്ളിലൂടെ പോകുമ്പോൾ നമ്മൾ കടലിനടിയിൽ കൂടെ പോകുന്ന പ്രതീതി. വലിയ സ്രാവുകളും, ഭീമാകാരൻ മാരായ ‘തെരണ്ടി ‘കളും, വർണ്ണപ്പക്കിട്ടിൽ മിന്നി മറയുന്ന അനേകായിരം കൊച്ചു മത്സ്യങ്ങളും എല്ലാംകൂടി തീർക്കുന്ന ആ ലോകം എത്ര കണ്ടാലും മതിവരില്ല. സ്ക്യൂബാ ഡൈവേഴ്സ് വന്നു സ്രാവുകളെ ഫീഡ് ചെയ്യുന്ന കാഴ്ച പുതുമയുള്ളതായിരുന്നു. അക്വേറിയത്തിന്റെ ഒരു ഭാഗത്തു കുറച്ചു പെൻഗ്വിൻ പക്ഷികളെ വളർത്തുന്നുണ്ട്. അവയെ പേരുചൊല്ലി വിളിച്ചു തീറ്റ കൊടുക്കുന്ന കാഴ്ച വളരെ ഹൃദ്യമായിരുന്നു.

ആഗസ്റ്റ് 19ന് ഞങ്ങൾ കേപ് ടൗണിലെ മറ്റു പ്രസിദ്ധമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തു. ലോകപ്രശസ്തനായ ഡോക്ടർ ക്രിസ്റ്യൻ ബർണാഡ് 1967 ഡിസംബർ 3 ന് ലോകത്തിലാദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ഗ്രൂറ്റ് ഷൂർ ആശുപത്രി കാണാൻ കഴിഞ്ഞു. ഞങ്ങളുടെ ഗൈഡ് മിസ്റ്റർ കെയ്ത്ത് എല്ലാം വിശദമായി പറഞ്ഞുകൊണ്ടിരുന്നു. പോകുന്ന വഴിയിൽ ചുറ്റിലും മരുഭൂമി പോലെയുള്ള ഊഷരഭൂമിയാണ് . എന്നാൽ നല്ല റോഡുകൾ; വഴിയരികിൽ ഉള്ള കുറ്റിച്ചെടികൾക്കിടയിൽ ബാബൂണുകളെയും ആന്റി ലോപ്പുകളെയും കണ്ടു. ഒരു സ്ഥലത്തെ വിശാലമായ ഒരു ഒട്ടകപക്ഷി വളർത്തുകേന്ദ്രം കണ്ടു. ഗുഡ് ഹോപ്പ് മുനമ്പിന്റെ ഒരു ഭാഗത്തു കൂടി യാത്ര ചെയ്തപ്പോൾ വാസ്കോഡ ഗാമയുടെ ഒരു പ്രതിമ കണ്ടു. അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പു വഴിയാണ് ഇന്ത്യയിലേക്കുള്ള കടൽ മാർഗ്ഗം കണ്ടുപിടിച്ചത്. എന്നാൽ അദ്ദേഹം ഗുഡ് ഹോപ്പ് മുനമ്പിൽ ഇറങ്ങിയിരുന്നില്ല. ഗൈഡ് കെയ്ത്തിൻെറ അഭിപ്രായത്തിൽ പോർച്ചുഗീസുകാരനായ വാസ്കോഡിഗാമ അന്ന് ആഫ്രിക്കയിലിറങ്ങിയിരുന്നെങ്കിൽ ഏഷ്യയുടെ പ്രത്യേകിച്ച് ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. വാസ്കോഡിഗാമ 1498 -ൽ ആണ് കാലിക്കറ്റ് എന്ന് വിളിച്ചിരുന്ന കോഴിക്കോടിറങ്ങിയത്.

കടൽകൊള്ളക്കാർ ആക്രമണം നടത്തി കൊണ്ടിരുന്ന സ്ഥലത്തു കൂടി ഞങ്ങളുടെ യാത്ര തുടർന്നു. രണ്ടു വശങ്ങളിലും വലിയ പർവ്വതനിരകൾ കാണാം. ഇന്ത്യൻ മഹാസമുദ്രത്തിലെയും അറ്റ്ലാന്റിക് സമുദ്രത്തിലെയും ജലജീവികൾക്ക്‌ അപകടകരമായി, വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് ഗൈഡ് വാചാലനായി. ഞങ്ങൾ കേപ്പ് പോയിന്റിൽ എത്തിക്കഴിഞ്ഞു. അറ്റ്ലാന്റിക് സമുദ്രത്തിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു മുനമ്പാണത് . അവിടെ സമുദ്രതീരത്ത് ഉയരത്തിലുള്ള മലയുടെ മാറിൽ ഒരു ലൈറ്റ് ഹൗസ് ഉണ്ട്

ലൈറ്റ് ഹൗസിൽ കയറിയാൽ അറ്റ്ലാന്റിക് സമുദ്രവും അതിന്റെ വന്യ വശ്യതയും ആവോളം ആസ്വദിക്കാം. കേപ്പ് ഓഫ് ഗുഡ് ഹോപ്പിനടുത്തുള്ള ഈ സ്ഥലത്തിനാണ് കേപ്പ് പോയിന്റെന്നു പറയുന്നത്. സമുദ്രത്തിന്റെ ഗാംഭീര്യവും പർവ്വത ശിഖരങ്ങളുടെ തലയെടുപ്പുമെല്ലാം കണ്ട്, ഞങ്ങൾ കുറച്ചു സമയം ഇവിടെ ചിലവാക്കി.

പിന്നീട് ഞങ്ങൾ പോയത് അറ്റ്ലാന്റിക് സമുദ്രത്തിൽ പെൻഗ്വിൻ പക്ഷിക്കൂട്ടങ്ങൾ ഉള്ള തീരത്തേക്കാണ്. സമുദ്രതീരത്തുള്ള ചെടികളുടെ ഇടയിൽ പാറക്കൂട്ടങ്ങളുടെ ഇടയിലും വിശ്രമിക്കുന്ന പെൻഗ്വിൻ പക്ഷികൾ; അപൂർവ്വമായ ഈ കാഴ്ച തൊട്ടടുത്തുനിന്ന് കാണാൻ സാധിച്ചത് ഒരു ഭാഗ്യം തന്നെ. മണ്ണിൽ കുഴിയുണ്ടാക്കി മുട്ടകളിട്ട്, അവയുടെ മുകളിൽ ആൺ – പെൺ പക്ഷികൾ (പെൻഗ്വിൻ ) അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. കടലിലും കടൽത്തീരങ്ങളിലും ധാരാളം പെൻഗ്വിൻ പക്ഷികൾ, മുട്ടിയുരുമ്മി നീന്തിക്കളിക്കുന്ന കാഴ്ച കണ്ണുകൾക്ക് ഒരു വിരുന്നാണ് . അവിടെയാകെ 22000 പെൻഗിൻ പക്ഷികളുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്.

കാലാവസ്ഥാ വ്യതിയാനം കാരണം 50 വർഷത്തിനുശേഷം സൗത്താഫ്രിക്കൻ തീരങ്ങളിൽ ഉള്ള പെൻഗ്വിൻ പക്ഷികൾ നാമാവശേഷമാകുമെന്നാണ് ഗൈഡ് പറഞ്ഞത്.

 

തിരികെ ഞങ്ങൾ കേപ്ടൗൺ വാട്ടർ ഫ്രണ്ടിൽ വന്നു. അവിടെയൊരു ഫിഷ് മാർക്കറ്റിലേക്കാണ് ഞങ്ങൾ പോയത്. അത് ഒരു മീൻചന്തയല്ല. മറിച്ച് മീനുകളുടെ പലതരം വിഭവങ്ങൾ മാത്രം വിൽക്കുന്ന ഒരു ഹോട്ടലാണ്. അവിടെ നിന്നും സോൾ ഫിഷിന്റെയും ഹെയ്ൻക് മത്സ്യത്തിന്റെയും സവിശേഷ വിഭവങ്ങൾ കഴിച്ച ശേഷം ഞങ്ങൾ ഹോട്ടലിലേക്ക് തിരികെപ്പോയി.

 

 

ആഗസ്റ്റ് 20 ആം തീയതി രാവിലെ തന്നെ ഞങ്ങൾ പ്രസിദ്ധമായ ഒരു വൈനറി സന്ദർശിക്കുവാൻ പോയി. 25 കി. മീ. യാത്രചെയ്താണ് വൈനറിയിലെത്തിയത്. വളരെ വിസ്തൃതമായ മുന്തിരിത്തോപ്പുകളുള്ള ഒരു വൈനറിയാണ് ഗ്രൂട്ട് കോസ്റ്റാന്റിക്കാ, എന്നാൽ ഞങ്ങൾ ചെന്ന ഓഗസ്റ്റ് മാസത്തിൽ അവയെല്ലാം പ്രൂണിംഗ് കഴിഞ്ഞ അവസ്ഥയിലായിരുന്നു. ഇനിയും ജനുവരി മാസത്തിലാണ് അവ തളിർത്ത് പൂത്തു മുന്തിരിക്കുലകളുണ്ടാവുന്നത്. മാർച്ച് മാസത്തോടുകൂടി വിളവെടുപ്പു നടത്തും. മുന്തിരിത്തോട്ടത്തിന്റെ ഉടമ താമസിച്ചിരുന്ന വീടും പരിസരവും മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. 17-)o നൂറ്റാണ്ടിൽ അദ്ദേഹം ഉപയോഗിച്ച മുറി, കട്ടിൽ, കസേര, ഡൈനിങ് ടേബിൾ, അടുക്കള — എല്ലാം പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. വൈനറിയും അതിന്റെ ഓരോ ഭാഗങ്ങളുടെ പ്രവർത്തനവും കാണിച്ചു തരാൻ ഒരു മദാമ്മ വന്നു. അവർ വൈൻ നിർമ്മാണത്തിന്റെ ഓരോഘട്ടവും വൈനറിയിലെ വലിയ സ്റ്റീൽ ടാങ്കുകളും, ഉപകരണങ്ങളും എല്ലാം കാണിച്ചു തന്നു വിശദീകരിച്ചു. 250 ലിറ്റർ മുതൽ 10000ലിറ്റർ വരെ വീണ്ടും ശേഖരിച്ചു വയ്ക്കാവുന്ന നൂറുകണക്കിന് വൈൻ കാസ്ക്കുകൾ ഞങ്ങൾക്കു കാട്ടിത്തന്നു. റെഡ് വൈനും വൈറ്റ് വൈനും ഉണ്ടാക്കുന്ന രീതികളും വിവരിച്ചുതന്നു. അവർ വൈൻ ഉണ്ടാക്കുമ്പോൾ മധുരം ചേർക്കാറില്ല. സ്വീറ്റ് വൈൻ ഉണ്ടാക്കുമ്പോൾ മുന്തിരി നന്നായി വിളഞ്ഞതിനു ശേഷമേ പറിക്കുകയുള്ളൂ. അതുപോലെതന്നെ വീഞ്ഞുണ്ടാക്കുമ്പോൾ അവർ വെള്ളവും ചേർക്കാറില്ല. ഞങ്ങൾക്കെല്ലാവർക്കും പലയിനം വീഞ്ഞുകൾ ടേസ്റ്റ് ചെയ്യാൻ തന്നു. ടേസ്റ്റ് ചെയ്യാനുപയോഗിച്ച വീഞ്ഞു ചഷകങ്ങൾ അവരവർക്കു കൊണ്ടുപോകാമെന്ന് പറഞ്ഞു. നല്ലയൊരു മധുരിക്കുന്ന അനുഭവമായി മാറി ഈ വൈനറി സന്ദർശനം. ഇതുപോലെയുള്ള ധാരാളം വൈനറികൾ ടൗണിന് ചുറ്റും
ഉണ്ടെന്നറിയാൻ കഴിഞ്ഞു……. വൈകിട്ട് ആറരയോടു കൂടി ഞങ്ങൾ തിരികെ താമസ സ്ഥലത്തെത്തി ഭക്ഷണം കഴിഞ്ഞ് രാത്രി വിശ്രമിച്ചു.

 

 

 

 

 

പി. ഡി. ബൗസാലി

ഫെഡറൽ ബാങ്കിൻെറ സീനിയർ മാനേജർ ആയിരുന്നു .  കൂടാതെ  ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് , FISAT  എൻജിനീയറിങ് കോളേജ്   സ്ഥാപകഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .ഇപ്പോൾ Yesmen Club, union Arts Society, Banker’s Club, മുതലായവയുടെ ഭാരവാഹിയാണ്. വിദ്യാർത്ഥികൾക്ക്മോട്ടിവേഷൻ ക്ലാസുകൾഎടുക്കാറുണ്ട് .നാടകം, കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവയുടെ രചയിതാവാണ് .ധാരാളം വിദേശ യാത്രകൾ നടത്തുകയും യാത്രാ വിവരണങ്ങൾ എഴുതുകയും, പ്രസിദ്ധികരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ മുത്തൂർ സ്വദേശി

 

Copyright © . All rights reserved