ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തങ്ങളുടെ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ ആഗോള ക്ലയന്റുകൾക്ക് ലഭ്യമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു എസ് ബാങ്ക്. രാജ്യത്ത് തന്നെ അഞ്ചാമത്തെ വലിയ റീട്ടെയിൽ ബാങ്കായ യു എസ് ബാങ്കിന്റെ ഇത്തരമൊരു പ്രഖ്യാപനം ഡിജിറ്റൽ കറൻസികൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നു എന്നതിന് തെളിവാണ്. ന്യൂയോർക്ക് ഡിജിറ്റൽ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ( എൻ വൈ ഡി ഐ ജി ) യോട് ചേർന്നാണ് ബിറ്റ് കോയിൻ, ബിറ്റ് കോയിൻ ക്യാഷ്, ലൈറ്റ് കോയിൻ എന്നിവയ്ക്ക് കസ്റ്റഡി സർവീസുകൾ നൽകുവാൻ യു എസ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതെർ പോലുള്ള മറ്റ് ക്രിപ്റ്റോകറൻസികൾക്കും ഭാവിയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാകുമെന്ന് യു എസ് ബാങ്ക് വെൽത്ത് മാനേജ്മെന്റ് & ഇൻവെസ്റ്മെന്റ് ഡിവിഷൻ സീനിയർ എക്സിക്യൂട്ടീവ് ഗുജ്ഞൻ കേഡിയ പറഞ്ഞു. ഇത്തരത്തിൽ ക്രിപ്റ്റോ കറൻസി കസ്റ്റഡി സർവീസുകൾ നൽകുന്ന ആദ്യ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് യു എസ് ബാങ്ക്.
മറ്റു ബാങ്കുകളായ ബാങ്ക് ഓഫ് ന്യൂയോർക്ക് മെല്ലൻ ,സ്റ്റേറ്റ് സ്ട്രീറ്റ്, നോർത്തേൺ ട്രസ്റ്റ് തുടങ്ങിയവയും ഡിജിറ്റൽ അസറ്റുകളുടെ കസ്റ്റഡി സർവീസുകൾ ആരംഭിക്കാൻ പരിശ്രമിക്കുകയാണ്. ബിറ്റ് കോയിൻ ഈ ഈ വർഷം ഏപ്രിൽ മാസത്തിൽ എക്കാലത്തെയും ഉയർന്ന റേറ്റായ 64000 ഡോളറിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് അതിന്റെ വില ഇടിയുകയും ചെയ്തു. എന്നിരുന്നാൽ തന്നെയും നിരവധി പ്രതിസന്ധിഘട്ടങ്ങളെ ബിറ്റ് കോയിൻ വിജയകരമായി തരണം ചെയ്തിട്ടുണ്ട്. ഡിജിറ്റൽ കറൻസികളുടെ നിരോധിക്കാനുള്ള ചൈനയുടെ നീക്കം പോലും ബിറ്റ് കോയിന്റെ വില നിലവാരത്തെ അധികം ബാധിച്ചിട്ടില്ല.
പ്രൈവറ്റ് ഫണ്ടുകളുള്ള ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റ്‌മെന്റ് മാനേജർമാർക്കാണ് ഇപ്പോൾ കസ്റ്റഡി സർവീസുകൾ ലഭ്യമാകുക. ആവശ്യക്കാർ ഏറെ ആയതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
നെടുമ്പാശ്ശേരി: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പാണ് പ്രസവിച്ചത്. ഏഴുമാസം ഗർഭിണിയായ മരിയയ്ക്ക് വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മെഡിക്കൽ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി.
വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി പ്രസവിച്ചത്. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. യുവതിയുമായി അടിയന്തരമായി ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ കാത്ത് അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു. വിമാനമിറങ്ങിയ ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.
ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45ന് കൊച്ചിയിലിറങ്ങി. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി ധീരവും സമയോചിതവുമായ ഇടപെടൽ നടത്തിയ എയർ ഇന്ത്യ പൈലറ്റുമാരെയും ജീവനക്കാരെയും സിയാലിന്റെ നേതൃത്വത്തിൽ ആദരിച്ചു.
2022ൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യയും പുരുഷ, വനിതാ ഹോക്കി ടീമുകൾ പിന്മാറി. ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്.
യുകെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് യുകെ അംഗീകാരം നൽകാത്തത് നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്ന് യുകെ അറിയിച്ചത്. 2022 ജൂലായിൽ ബർമിങ്ങാമിൽ വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക.
അതേസമയം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യൻ ടീമിന്റെ പിന്മാറ്റമെന്നും സൂചനയുണ്ട്. ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് 2024ലെ പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.
പാന്‍ഡോറ രേഖകള്‍ പുറത്തായതോടെ ലോകമെമ്പാടുമുള്ള പ്രമുഖരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പുറംലോകമറിഞ്ഞിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരുള്‍പ്പടെയുള്ള ലോകനേതാക്കള്‍ കൂടാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയ ഇന്ത്യക്കാരുടെ പേരുകളും പാന്‍ഡോറ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഈ പ്രമുഖരുടെ എല്ലാവരുടെയും കൂടെ ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു പേരാണ് ലണ്ടന്‍. രഹസ്യ സമ്പാദ്യങ്ങള്‍ക്കായി ലോകമെമ്പാടുമുള്ള പ്രമുഖര്‍ നോട്ടമിടുന്ന സ്ഥലങ്ങളില്‍ ഏറ്റവും മതിപ്പുള്ള സ്ഥലമാണ് ലണ്ടന്‍. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനും പാക്കിസ്ഥാനിലെ ചില മന്ത്രിമാര്‍ക്കും വന്‍തോതില്‍ രഹസ്യസമ്പാദ്യങ്ങളുള്ളത് ലണ്ടനിലാണെന്നാണ് പാന്‍ഡോറ രേഖകള്‍ വ്യക്തമാക്കുന്നത്.
2019ല്‍ ഗ്ലോബല്‍ വിറ്റ്‌നസ്സ് എന്ന സംഘടന നടത്തിയ സര്‍വേ് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലുമായി 87,000 വസ്തുവകകളുടെ ഉടമസ്ഥാവകാശം കടലാസുകമ്പനികളുടെ ഇടപാടുകാര്‍ക്കാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അജ്ഞാതരായ ഉടമകളുള്ള വസ്തുവകകളില്‍ 40 ശതമാനവും ലണ്ടനിലാണ്.ഇവയ്‌ക്കെല്ലാം കൂടി 10,000 കോടി പൗണ്ടാണ് വിലമതിക്കുന്നത്.
ജോര്‍ദാന്റെ സാമ്പത്തികനില പരുങ്ങലിലാണെന്ന് പറഞ്ഞ് ലോകബാങ്കിനോട് അബ്ദുല്ല രണ്ടാമന്‍ ധനസഹായം ചോദിച്ചതിന് പിന്നാലെയാണ് യുഎസിലും ബ്രിട്ടനിലുമായി 10 കോടി ഡോളറിന്റെ ആഡംബരവസതികള്‍ അദ്ദേഹം സ്വന്തമാക്കിയെന്നതിന്റെ രേഖകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് നിയമപ്രകാരം ഇത്തരം ഇടപാടുകള്‍ അനധികൃതമല്ല.
വിദേശനിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ഇത്തരം ഇടപാടുകള്‍ക്കെതിരെ ബ്രിട്ടീഷ് അധികൃതര്‍ കണ്ണടച്ചിട്ട് കാലങ്ങളായി. എങ്കിലും പാന്‍ഡോറ രേഖകളിലൂടെ ഇത്തരം നിക്ഷേപങ്ങള്‍ ധാരാളമായി പുറത്തുവന്നതിനാല്‍ വെളിപ്പെടുത്തലുകളില്‍ നികുതിവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനുക് അറിയിച്ചിട്ടുണ്ട്. പുതിയ നിയമ നിര്‍മാണത്തിന് ശുപാര്‍ശ നല്‍കുമെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ അറിയിപ്പ്.
ദീക്ഷയുടെ “Proponents of Love from the Garden – BHRAMARA ( The Bee )” ഇന്ന് വൈകുന്നേരം ദീക്ഷയുടെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നു. Arts Council England national Lottery grant ആണ് ഈ പ്രോജക്ടിനെ ഫണ്ട് ചെയ്യുന്നതും സപ്പോർട്ട് ചെയ്യുന്നതും.
ആർഷഭാരതത്തിലെ മഹാകവി കാളിദാസൻറെ അഭിജ്ഞാന ശാകുന്തളത്തിലെ ഒരു ചെറിയ ഭാഗമാണ് ഈ മ്യൂസിക്കൽ – ഡാൻസ് ഡ്രാമയിലൂടെ ദീക്ഷ അവതരിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൻ്റെയും മനുഷ്യൻ മറ്റ് ജീവജാലങ്ങളോട് ഇണങ്ങി ജീവിക്കുന്നതിൻ്റെ ആവശ്യകതയും ‘ഭ്രമര’യിൽ ചർച്ചാവിഷയമാകുന്നുണ്ട്.
ഭ്രമരയുടെ ആശയവും തിരക്കഥയും നൃത്തസംവിധാനവും കലാസംവിധാനവും നിർവഹിച്ചിരിക്കുന്നത് ആരതി അരുൺ ആണ് .
സംഗീത സംവിധാനവും പ്രോഗ്രാമിംഗ് & മിക്സിങും സെബാൻ (ബ്രയാൻ എബ്രഹാം) ചെയ്തപ്പോൾ
എഡിറ്റിംഗും കോ -ഓർഡിനേഷനും നടത്തിയത് അലൻ ആന്റണി ആണ്.
ഡെൽരാജ് തഖറും മേജർ സിംഗ് തഖറും കൂടിയാണ് വീഡിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് .
സന്തോഷ് മേനോൻ ആണ് ഈ സംഗീത നൃത്ത നാടക ശില്പത്തിൻെറ മെന്റർ .
ഭ്രമരം ദി ബീ യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സെബാൻ (ബ്രയാൻ എബ്രഹാം) ആണ് .
അഭിനേതാക്കൾ :
ശകുന്തള – ആരതി അരുൺ
ദുഷ്യന്തൻ – ബേസിൽ റെജി
അനസൂയ -കീർത്തിക രവി പ്രിയംവദ – സംഘമിത്ര രവി
മാൻ -അമ്പിളി ബിജു
തേൻ വണ്ട് – ആതിര രാമൻ
ഇന്ന് ബുധനാഴ്ച വൈകുന്നേരം ദീക്ഷയുടെ ചാനലിൽ 6 PM( യു കെ സമയം)
10 30 pm (ഇന്ത്യൻ സമയം ) സംപ്രേക്ഷണം ചെയ്യും .
കൂടുതൽ വിവരങ്ങൾക്ക് ദീക്ഷയുടെ
ഫേസ്ബുക്ക് : Deekshaa
ഇൻസ്റ്റാഗ്രാം പേജ് :@deekshaa.arts
വെബ്സൈറ്റ് : www.deekshaa.co.uk
ഇമെയിൽ : deekshaa . arts @gmail.com
ഹരിഗോവിന്ദ് താമരശ്ശേരി
ബ്രിട്ടനിലെയും കോമൺവെൽത്ത് രാജ്യങ്ങളിലെയും അതുല്യ സേവനത്തിനു ബ്രിട്ടീഷ് രാജകുടുംബം നല്‌കുന്ന ഉന്നത ബഹുമതികളിൽ ഒന്നായ “ബ്രിട്ടീഷ് എമ്പയർ മെഡൽ” കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയായ എബി ജോസഫ് . കോവിഡ് കാലത്ത് ബ്രിട്ടനിലെ ആരോഗ്യമേഖലയിൽ കെയർ ഹോം രംഗത്ത് നൽകിയ വിലമതിക്കാനാകാത്ത സേവനത്തിനാണ് എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അംഗീകാരം എബിയെ തേടി എത്തിയിരിക്കുന്നത്. കോവിഡ് രൂക്ഷമായി ബ്രിട്ടനിൽ പടർന്നിരുന്ന കാലയളവിൽ സ്വന്തം കുടുംബത്തിൽ നിന്നും വിട്ടുമാറി മാസങ്ങളോളം ജോലിസ്ഥലത്തുതന്നെ താമസമാക്കി കോവിഡ് ബാധിതരായ രോഗികൾക്കും ജീവനക്കാർക്കും നൽകിയ സേവനത്തിനാണ് എബിയെ രാജ്യം ആദരിക്കുന്നത്. രാജ്യമൊട്ടാകെ ജീവനക്കാരുടെ ദൗർലഭ്യം നേരിട്ടിരുന്ന സമയത്താണ് തൻ്റെ മൂന്ന് മാസവും, രണ്ടുവയസ്സും പ്രായമുള്ള കുട്ടികളെയും കുടുംബത്തെയും വിട്ടുമാറി എബി കെയർ ഹോമിൽ ആതുര സേവനത്തിനായി താമസമാക്കുന്നത്. ആത്മാർഥ സേവനത്തിനുള്ള അംഗീകാരമായി ബൂപ്പ കെയർ സർവീസ് എബിക്ക് “കെയർഹോം ഹീറോ” അംഗീകാരം നൽകി ആദരിച്ചിരുന്നു. പിന്നീടാണ് രാജ്യത്തിന്റെ ഉന്നത ബഹുമതികളിൽ ഒന്നായ “ബ്രിട്ടീഷ് എമ്പയർ മെഡൽ” എബിയെ തേടിയെത്തുന്നത്. അവാർഡിനൊപ്പം രാജകുടുംബത്തിൻ്റെ ഔദ്യോഗിക വസതികളിൽ ഒന്നായ ബക്കിങ്ഹാം കൊട്ടാരത്തിലെ ഗാർഡൻ പാർട്ടിക്കുള്ള ക്ഷണവും എബിക്ക് ലഭിച്ചിട്ടുണ്ട്. എബി ജോസഫിന് ഇനി സ്വന്തം പേരിനോടൊപ്പം രാജ്യത്തിന്റെ ആദര സൂചകമായി “ബി.ഇ.എം” എന്ന് ഔദ്യോഗികമായി കൂട്ടിച്ചേർക്കാം.
2012 ൽ ബൂപ്പ കെയർ സർവീസിൽ നേഴ്സ് ആയി ജോലി തുടങ്ങി പിന്നീട് ക്ലിനിക്കൽ മാനേജരായും ഹോം മാനേജരായും എബി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം അമ്മഞ്ചേരി പോങ്ങാനാതടത്തിൽ പരേതനായ ഔസേപ്പച്ചന്റെയും, ആലീസിന്റേയും മകനായ എബി ജോസഫ്, ഭാര്യ ജിനുവിനും, മക്കളായ ഏതൻ (4), ജെയ്ക്ക് (2) എന്നിവരോടൊപ്പം സ്ട്രാറ്റ്ഫോർഡ് അപ്പോൺ അവോണിൽ ആണ് താമസം. നേഴ്സ് ആയി ജോലി ചെയ്യുന്ന ജിനു ജോസ് പൊൻകുന്നം ഇളങ്കുളം-ഇലഞ്ഞിമറ്റത്തിൽ കുടുംബാംഗമാണ്.
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി ആഷിഖ് ആണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ആഷിഖ് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിയായ 23 വയസ്സുള്ള യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.
പെണ്‍കുട്ടിയും ആഷിഖും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രണയം അവസാനിപ്പിക്കാമെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പെണ്‍കുട്ടി യു.കെയില്‍ ഉപരിപഠനത്തിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാനായി 1500 രൂപ നല്‍കിയത് ആഷിഖ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്ക് ദിവസം അടുത്ത് വന്നതോടെ തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത് എന്നാണ് വിവരം.
ഞായറാഴ്ച ഇരുവരും എരുമേലിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തനിക്ക് പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തന്റെ ബൈക്കിന്റെ പിന്നില്‍ കയറാന്‍ ആഷിഖ് നിര്‍ബന്ധിച്ചുവെങ്കിലും യുവതി വഴങ്ങാതെ വീട്ടിലേക്ക് പോയി. പിന്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ശേഷം ആഷിഖ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിക്ക് കാര്യമായി പരിക്കുകളില്ലെന്നാണ് വിവരം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബിറ്റ് കോയിൻ സ്വന്തമാക്കി ശതകോടീശ്വരനായ ഒർലാൻഡോ ബ്രാവോ. ക്രിപ്‌റ്റോകറൻസിയുടെ ഉപയോഗം ഗണ്യമായി വർദ്ധിക്കുമെന്നും അതിനാലാണ് താൻ ബിറ്റ് കോയിൻ സ്വന്തമാക്കുന്നതെന്നും ബ്രാവോ അഭിപ്രായപ്പെട്ടു. പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ തോമാ ബ്രാവോയുടെ സഹസ്ഥാപകനാണ് ഒർലാൻഡോ ബ്രാവോ. സെപ്തംബർ 29 -ലെ അദ്ദേഹത്തിന്റെ ആസ്തി 6.3 ബില്യൺ ഡോളർ ആണ്. ക്രിപ്റ്റോ ഒരു മികച്ച സംവിധാനമാണെന്നും യുവാക്കൾക്ക് അവരുടേതായ സാമ്പത്തിക സംവിധാനം സൃഷ്ടിക്കാൻ ക്രിപ്റ്റോ സഹായകമാകുന്നുവെന്നും അദ്ദേഹം സിഎൻബിസിയുടെ ഡെലിവറിംഗ് ആൽഫ കോൺഫറൻസിൽ പറഞ്ഞു. നിങ്ങൾ എന്തുകൊണ്ടാണ് ക്രിപ്റ്റോയെ ഇഷ്ടപ്പെടാത്തതെന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ബ്രാവോ സംസാരിച്ചു തുടങ്ങിയത്.
ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ക്രിപ്റ്റോ കറൻസിയ്ക്കില്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്. കൂടുതൽ ആളുകൾ ബിറ്റ് കോയിൻ കൈവശം വയ്ക്കാൻ തുടങ്ങുമെന്നതിനാൽ, കാലക്രമേണ മൂല്യം വർദ്ധിക്കുകയും കൂടുതൽ ഉപയോഗം ഉണ്ടാകുകയും ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. താൻ വ്യക്തിപരമായി ബിറ്റ് കോയിനിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
“എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ ലളിതമാണ്. ഇന്നത്തേതിനേക്കാൾ കൂടുതൽ ആളുകൾ ഭാവിയിൽ ക്രിപ്റ്റോയിലേക്ക് വരും. അത് കൂടുതൽ ലാഭം ലഭിക്കുന്നതിന് കാരണമാകും. ഗണ്യമായ വളർച്ച ഉണ്ടാവുന്ന മേഖലയാണിത്.” ബ്രാവോ കൂട്ടിച്ചേർത്തു. ജൂലൈയിൽ എഫ്ടിഎക്സ് ട്രേഡിംഗ് ലിമിറ്റഡിന്റെ ഒരു ഫണ്ടിംഗ് റൗണ്ടിൽ തോമസ് ബ്രാവോ പങ്കെടുത്തിരുന്നു.
ടര്‍ക്കിഷ് ഷെഫ് നുസ്രത് ഗോക്‌ചെയുടെ ഭക്ഷണവും അദ്ദേഹത്തിന്റെ ഭക്ഷണം തയ്യാറാക്കുന്ന ശൈലിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ റെസ്‌റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ലഭിച്ച ബില്ല് കണ്ട് അമ്പരന്നിരിക്കുകയാണ്. ബില്ല് സഹിതം ട്വിറ്ററില്‍ പങ്കുവെച്ചതോടെ സോള്‍ട്ട് ബേ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
യുവാവ് കഴിച്ച ഭക്ഷണത്തിന് ഈടാക്കിയത് 1812 പൗണ്ട് അഥവാ രണ്ടുലക്ഷത്തിനടുത്ത് രൂപയാണ്. ഓരോ ഭക്ഷണത്തിന് ഈടാക്കിയ തുക ബില്ലില്‍ കാണാവുന്നതാണ്. ഒരു കോളയ്ക്ക് 900 രൂപയാണ് ഈടാക്കിയിരിക്കുന്നത്.
സ്റ്റീക്കിന്റെ വില അറുപത്തിമൂവായിരം. ഗോള്‍ഡന്‍ ബര്‍ഗറിന് പതിനായിരവും നുസ്രെത് സാലഡിന് രണ്ടായിരവും പ്രോണ്‍സ് റോളിന് ആറായിരം രൂപയുമാണ് വില.
ഏതായാലും സംഭവം വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. സ്വര്‍ണം കൊണ്ടാണോ ഭക്ഷണം ഉണ്ടാക്കുന്നതെന്നും ചോദ്യം ഉയരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രശസ്തനാണ് നുസ്രെത്. സാക്ഷാല്‍ ഡീഗോ മറഡോണ വരെ അദ്ദേഹത്തിന്റെ ഭക്ഷണത്തിനായി കാത്തിരുന്നുണ്ട്.
ലോകത്തിന്റെ പലഭാഗത്തും അദ്ദേഹത്തിന് നുസ്രെത് റെസ്റ്റോറന്റുകളുണ്ട്. ഇറച്ചിയല്‍ പ്രത്യേക രീതിയില്‍ ഉപ്പ് വിതറുന്ന അദ്ദേഹത്തിന്റെ ശൈലി വൈറലാണ്. അത് ട്രേഡ് മാര്‍ക്കായി മാറ്റുകയും ചെയ്തിരുന്നു നുസ്രെത്.
It’s cheaper to fly and have food at Salt Bae’s Turkish restaurant than to go to the London one. £9 for coke. £630 for Tomahawk steak. No thank you. pic.twitter.com/PufkwKzthM
— Muttaqi متق 🏴🇵🇸 (@Omnimojo) September 27, 2021
ന്യൂസ് ഡെസ്ക് മലയാളം യുകെ
വേൾഡ് മലയാളി കൗൺസിൽ യുകെയുടെ ചെയർമാൻ ഡോ.ജിമ്മി ലോനപ്പൻ മൊയലൻെറ മാതാവ് എൽസി ലോനപ്പൻ തൃശ്ശൂരിൽ നിര്യാതയായി. ലോനപ്പൻ മൊയലൻെറ ഭാര്യയാണ് പരേത . അങ്കമാലി (വളവഴി) വലത്തുകാരൻ കുടുംബാംഗമാണ് .
മക്കൾ : ഡോ. ജിമ്മി ലോനപ്പൻ (യു കെ), ഷമ്മി, നിമ്മി, ഡോ. സിമ്മി. മരുമക്കൾ :ലിജി, ഡോറിൻ, സ്റ്റാൻലി, ഡോ. നോബിൾ. സഹോദരങ്ങൾ :പി എ തോമസ്( മുൻ മുനിസിപ്പൽ ചെയർമാൻ, അങ്കമാലി), മേരി, റോസി, ആനി, വെറോനിക്ക, ത്രേസ്യാമ്മ.
സംസ്കാരം തിങ്കളാഴ്‌ച (04-10-2021) രാവിലെ 11-ന് തൃശൂർ പടിഞ്ഞാറെ കോട്ട സെന്റ് ആൻസ് പള്ളിയിൽ.
ജിമ്മി ലോനപ്പൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു