UK

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ ഭയാനകം ആണ് ‘ലാംഡ’ വകഭേദം. 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത്​ ഏറ്റവും ഉയർന്ന്​ കോവിഡ്​ മരണനിരക്കുള്ള പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്​.

യു.കെയിൽ ഇതുവരെ ആറ്​ ലാംഡ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ലാംഡ വകഭേദം ഡെൽറ്റ വകഭേദ​ത്തേക്കാൾ വിനാശകാരിയാണെന്ന്​ ഗവേഷകർ കണ്ടെത്തിയതായി ‘ദ സ്റ്റാർ’ റിപ്പോർട്ട്​ ചെയ്​തു. പാൻ അമേരിക്കൻ ഹെൽത്ത്​ ഓർഗനൈസേഷൻ റിപ്പോർട്ട്​ പ്രകാരം മേയ്​, ജൂൺ മാസങ്ങളിൽ പെറുവിൽ സ്​ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്ന്​ യൂറോ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു.

ജൂൺ 30നകം എട്ട്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട്​ ചെയ്​തതായി പി.എ.എച്ച്​.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ്​ വ്യക്തമാക്കി. എന്നാൽ ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന്​ മെൻഡസ്​ പറഞ്ഞു.

ഡെൽറ്റ വകഭേദത്തിനെതിരായ പോരാട്ടം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണ്​ ലാംഡ യൂറോപ്പിലേക്കെത്തുന്നത്​. ഇന്ത്യയിലായിരുന്നു ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്​. ലാംഡ വകഭേദത്തിന്‍റെ വ്യാപനശേഷി സംബന്ധിച്ച കൂടുതല്‍ ഗവേഷണ റിപ്പോര്‍​ട്ടുകള്‍ പുറത്തുവരേണ്ടതുണ്ട്. ഡെൽറ്റ വകഭേദത്തിന്‍റെ ഭീഷണി തുടരുന്നതിനിടെയാണ് ​ലാംഡ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരുതിയിരിക്കേണ്ട വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഡെല്‍റ്റയെ വിശേഷിപ്പിക്കുന്നത്.

ജൂലൈ 19 മുതൽ മാസ്ക് നിയമങ്ങൾ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ബോറിസ് ജോൺസണെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം. കോവിഡ് നിയന്ത്രണങ്ങൾ ഒറ്റയടിയ്ക്ക് പിൻവലിക്കുന്നത് തിരിച്ചടിയ്ക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് എംപിമാർ എതിർപ്പുമായി രംഗത്തെത്തുന്നത്. കോമൺസിൽ ഈ വിഷയം ജോൺസണും സ്റ്റാമറും തമ്മിലുള്ള വാക്പോരിനും കാരണമായേക്കും.

യാത്രാ ക്വാറന്റൈൻ നിയമങ്ങളും ബോറിസ് ജോൺസൺ പിൻ വലിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന 2 ഡോസ് വാക്സിനും എടുത്ത ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് സെൽഫ് ഐസോലേഷൻ ഇല്ലാതെ തന്നെ വിദേശത്ത് വേനലവധി ആഘോഷിക്കാൻ അനുവദിക്കാനാണ് സർക്കാർ നീക്കം.

ഫ്രാൻസ്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാർക്ക് സെൽഫ് ഐസോലേഷൻ ഒഴിവാക്കുന്ന കാര്യത്തിൽ മന്ത്രിമാർ ഉടനെ അന്തിമ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. സ്വാതന്ത്ര്യദിനം എന്ന് വിളിക്കപ്പെടുന്ന നീക്കം ജൂലൈ 19 ന് നടപ്പാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുകയാണെന്നും അവശേഷിക്കുന്ന ആഭ്യന്തര നിയന്ത്രണങ്ങൾ കൂടി റദ്ദാക്കുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക് ഓഗസ്റ്റ് പകുതി വരെ റോഡ് മാപ്പ് നീട്ടണമെന്ന നിലപാടുകാരനായിരുന്നു. ഇതായിരുന്നു സർക്കാരിന്റെ മെല്ലെപ്പോക്കിലേക്ക് നയിച്ചത്. എന്നാൽ ഹാൻകോക്കിന്റെ രാജിയെത്തുടർന്ന് ജോൺസൺ ഇക്കാര്യം പുനഃപരിശോധിക്കുകയായിരുന്നു.

തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മാറ്റം വരുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട ബോർഡർ ഫോഴ്‌സ് ഇപ്പോൾ എതിർപ്പ് ഒഴിവാക്കി, നേരത്തേ നടപ്പാക്കാൻ തയ്യാ റാണെന്ന നിലപാടിലാണ്. ബോർഡർ ഫോഴ്‌സിന് ചില സാങ്കേതിക മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, പുതിയ സംവിധാനങ്ങൾ ലഭ്യമാക്കാൻ അവർ അൽപ്പം സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവസാന തിയതി ജൂലായ് 19 ആയിരിക്കുമെന്ന് അവർ അംഗീകരിച്ചതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

യാത്രക്കാരുടെ എണ്ണത്തിലും പരിശോധനയിലും ഉണ്ടാകുന്ന വർദ്ധനവ് കാരണം അതിർത്തിയിൽ നീണ്ട നിരകൾ ഉണ്ടാകാനുള്ള സാധ്യത ഉൾപ്പെടെയുള്ള ആശങ്കകൾ ഇപ്പോഴും ചിലർ ഉന്നയിക്കുന്നുണ്ട്. ചെക്ക്-ഇൻ ചെയ്യുമ്പോഴും ബ്രിട്ടനിൽ തിരിച്ചെത്തുമ്പോഴും വാക്സിനേഷന്റെ തെളിവ് നൽകുന്നതിന് യാത്രക്കാർക്കായി ഒരു ട്രയൽ സംവിധാനം വിമാനക്കമ്പനികൾ തയ്യാറാക്കിക്കഴിഞ്ഞു.

2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കാനാണ് ഹീത്രോ വിമാനത്താവളത്തിൻ്റെ നീക്കം. ഈ ആഴ്ച ആരംഭിക്കുന്ന പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിമാനം കയറുന്നതിന് മുമ്പ് അവരുടെ കൊറോണ വൈറസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയും.

ഇത് വിമാനത്താവളത്തിൽ എത്തുമ്പോൾ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിൽ ഇമിഗ്രേഷനിലൂടെ കടന്നുപോകുന്നത് വേഗത്തിലാക്കാൻ അവരെ സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സെൽഫ് ഐസോലേഷൻ അവസാനിപ്പിക്കാനുള്ള തീരുമാനം ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഓരോ ദിവസവും കൂടുതൽ ഇളവുകളുമായി സർക്കാർ രംഗത്തു വരുമ്പോഴും കേസുകളുടെ എണ്ണം അനുദിനം കൂടിവരുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. എങ്കിലും മരണ നിരക്ക് വർധിക്കുന്നില്ല എന്നതു മാത്രമാണ് ഏക ആശ്വാസം. മാത്രമല്ല ഇംഗ്ലണ്ടിലെ ഇളവുകൾ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല.

ജൂലൈ 19 മുതൽ സോഷ്യൽ ഡിസ്റ്റൻസിംങ്ങും ഫെയ്സ്മാസ്കും നിർബന്ധമല്ലാതാക്കുന്ന കാര്യത്തിൽ ഈമാസം 12ന് പാർലമെന്റ് തീരുമാനമെടുക്കും. മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും നിയമപരമായ ബാധ്യത അല്ലാതാക്കി ഫൈൻ ഒഴിവാക്കുമ്പോഴും ഈ ശീലങ്ങൾ തുടരുന്നത് പ്രോൽസാഹിപ്പിക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്നാണ് ഇതുവരെയുള്ള സൂചനകൾ.

ഇന്ത്യ, യുകെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് ജര്‍മനി പിന്‍വലിച്ചു. ഇന്ത്യ, നേപ്പാള്‍, റഷ്യ, പോര്‍ചുഗല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പട്ടിക മാറ്റി തരംതിരിച്ചതായി റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ജൂലൈ ഏഴു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലാകുന്നത്.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അവ സ്വന്തം മണ്ണിലേക്ക് കടക്കാതിരിക്കാനായാണ് ജര്‍മനി വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളെ തരംതിരിച്ചത്. എന്നാല്‍ ഡെല്‍റ്റ വകഭേദം ജര്‍മനിയിലും അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും അതിനാല്‍ മറ്റ് രാജ്യക്കാര്‍ക്കുള്ള യാത്ര വിലക്ക് എടുത്ത് കളയുമെന്നും ആരോഗ്യ മന്ത്രി ജെന്‍സ് സ്ഫാന്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ 26 മുതല്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ജര്‍മനിയില്‍ പ്രവേശന വിലക്ക് നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയ ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സീനുകള്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിലക്ക് നീക്കുമെന്ന് ലണ്ടന്‍ സന്ദര്‍ശിച്ച വേളയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും സൂചന നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തിൽ സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, വീട്ടിൽ നിന്നും ജോലി ചെയ്യൽ ഉൾപ്പെടെയുള്ള നിബന്ധനകൾ ജൂലൈ 19 നു ശേഷം പിൻവലിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കോവിഡിന് മുന്നിൽ തളരാതെ റോഡ് മാപ്പുമായി മുന്നോട്ട്.

പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി ഉയർന്ന് 27,000 വരെ ആയിട്ടും റോഡ് മാപ്പുമായി മുന്നോട്ടു പോകാൻ ജോൺസൺ തീരുമാനിക്കുകയായിരുന്നു. കേസുകൾ ദിവസേന 50,000 വരെ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 16 മാസത്തോളമായി പല രൂപത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയരായ ജനങ്ങളോട് ‘ഇപ്പോഴല്ലെങ്കിൽ ഇനിയൊരിക്കലും ഈ നിയന്ത്രണങ്ങൾ നീക്കാനാവില്ലെന്നും’ അദ്ദേഹം പറഞ്ഞു.

മഹാമാരിയുടെ അപകട സാധ്യതകളും, തുടർച്ചയായ നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടു പോകുന്നതിലുള്ള ബുദ്ധിമുട്ടുകളും താരതമ്യം ചെയ്തതിനു ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ശരത്കാലത്തും ശൈത്യകാലത്തും വൈറസ് ശക്തി പ്രാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജോൺസൺ കൂട്ടിച്ചേർത്തു. വേനൽക്കാലവും സ്കൂൾ അവധിദിനങ്ങളും ഉപയോഗിച്ച് വൈ വൈറസിനെതിരെ പോരാടാൻ കൂടുതൽ കരുത്തരാകാനും അദ്ദേഹം രാജ്യത്തോട് ആഹ്വാനം ചെയ്തു.

ജൂലൈ 19 ന് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള നിർദേശവും ഒരു മീറ്ററിലധികം സാമൂഹിക അകലം പാലിക്കണമെന്നുള്ള നിർദേശവും പിൻവലിക്കും. മാസ്ക് ധരിക്കാൻ നിര്ബന്ധിക്കില്ല. പബ്ബുകളിലും മറ്റ് വേദികളിലും ഉപഭോക്തൃ വിശദാംശങ്ങൾ ശേഖരിക്കേണ്ടതില്ല. ബാറിൽ പാനീയങ്ങൾ വിതരണം ചെയ്യാൻ അനുവദിക്കും.

ഒത്തുചേരലിനുള്ള പരിധി തുടരുന്നതും ബാറുകളിലും റെസ്റ്റോറന്റുകളിലും ‘കോവിഡ് സർട്ടിഫിക്കറ്റുകൾ’ നിയമപരമായി ആവശ്യമാണെന്ന നിബന്ധനയും ഒഴിവാക്കുന്നതായും ജോൺസൻ പറഞ്ഞു. സ്കൂളുകളിലെ വിവാദപരമായ ‘ബബിൾ’ സമ്പ്രദായം പൂർണമായും എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം അടുത്ത ആഴ്ച കൈക്കൊള്ളാനാവുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ജൂലൈ 19 മുതൽ യെല്ലോ ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചു തിരിച്ചു വരുന്ന യാത്രക്കാർക്കുള്ള സെൽഫ് ഐസോലേഷൻ ഒഴിവാക്കും. റോഡ്മാപ്പിന്റെ ഈ അവസാന ഘട്ടം അടുത്ത തിങ്കളാഴ്ച അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഔദ്യോഗികമായി നടപ്പിലാകും.

സാഹചര്യം വഷളായാൽ ‘പ്രാദേശിക, ദേശീയ തലത്തിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ’ ഉണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു. അതേസമയം, നിയമം മാറിയെങ്കിലും മാസ്ക് ധരിക്കുന്നത് ഈ മാസം പൂർണ്ണമായും റദ്ദാക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. ട്യൂബിൽ ഈ ഇളവുകൾ ബാധകമാകുമോ എന്ന് പറയാൻ ലണ്ടൻ മേയർ സാദിഖ് ഖാൻ വിസമ്മതിച്ചു. മാഞ്ചസ്റ്റർ മേയർ ആൻഡി ബർൺഹാം ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു.

പൊതുസ്ഥലത്ത് മാസ്കുകൾ ഉപേക്ഷിക്കുന്നത് കടുത്ത അശ്രദ്ധയായിരിക്കുമെന്നു വിവിധ യൂണിയനുകളും മുന്നറിയിപ്പ് നൽകുന്നു. നിയമത്തിൽ മാറ്റം വരുത്തിയാലും ട്രെയിൻ കമ്പനികൾക്കും ബിസിനസുകൾക്കും ഇടപാടുകാരോട് മുഖാവരണം ധരിക്കണമെന്ന് ആവശ്യപ്പെടാമെന്നാണ് സർക്കാർ നിലപാട്.

സുധീഷ് തോമസ്

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെല്പ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ നിത്യസഹായ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും കാലാകാലങ്ങളായി തുടരുന്ന തിരുന്നാളാഘോഷം കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഭക്ത്യാദരപൂർവ്വം സ്റ്റോക്ക് പള്ളിയിൽ വച്ച് ജൂലൈ 3, 4 ദിവസങ്ങളിലായി നടത്തപ്പെട്ടു.ജൂലൈ 3 – ശനിയാഴ്ച രാവിലെ മിഷൻ വികാരി ഫാദർ ജോർജ് എട്ടുപറയിൽ കൊടിയേറ്റിയതോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് ഭക്ത്യാദരപൂർവ്വമായ ദിവ്യബലിയും, തിരുനാൾ സന്ദേശവും, നൊവേനയും, ലദീഞ്ഞോടും കൂടിയും ശനിയാഴ്ച തിരുകർമ്മങ്ങൾക്ക് സമാപ്തി കുറിച്ചു.ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 – മണിക്ക് ഫാദർ ജോബിൻ കൊല്ലപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷ പൂർവ്വമായ തിരുനാൾ കുർബാനയർപ്പിച്ച് വിശ്വാസവും, പൈതൃകവും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ആവശ്യകതയെക്കുറിച്ച് അർത്ഥപൂർണമായ തിരുനാൾ സന്ദേശം നൽകുകയുണ്ടായി. തുടർന്ന് നൊവേനയോടും ലദീഞ്ഞോടുകൂടിയും തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തിരശീലവീണു.തിരുനാളിനോടനുബന്ധിച്ച് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്റെ പോഷകസംഘടനയായ മെൻസ് ഫോറം പ്രസിഡൻറ് ശ്രീ ജോഷി വർഗീസിന്റെയും സെക്രട്ടറി ശ്രീ ബിജു ജോസഫിന്റെയും നേതൃത്വത്തിൽ 280 – ഓളം കുടുംബങ്ങൾക്ക് പാച്ചോർ നേർച്ച തയ്യാറാക്കി വിതരണം ചെയ്യുകയുണ്ടായി. കൂടാതെ 1100 – ൽ പരം ചിക്കൻ ബിരിയാണി പായ്ക്കറ്റുകൾ കോവിഡ് -19 ദുരിതാശ്വാസ ഫണ്ടിനു വേണ്ടി വിതരണം ചെയ്യുകയുണ്ടായി.തിരുനാളിനു ശേഷം യുവജനങ്ങളുടെ നേതൃത്വത്തിൽ മൂവി നൈറ്റ് തുടർന്ന് സീനിയർ സ്റ്റുഡൻസ് കൗൺസിലിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വിവിധയിനം പരിപാടികൾ തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുകയുണ്ടായി. മിഷൻ കൈക്കാരന്മാരായ ശ്രീ. ജോയി പുളിക്കൽ, ശ്രീ. ജോബി ജോസ്, ശ്രീ. ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധയിനം കമ്മിറ്റികൾ ഉണർന്ന് പ്രവർത്തിച്ചത് തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുകയും അതുപോലെ തിരുനാൾ ആഘോഷങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വിവിധയിനം കമ്മിറ്റികൾക്കും മിഷൻ കമ്മിറ്റി അംഗങ്ങൾക്കും വികാരി ഫാദർ ജോർജ് എട്ടുപറയിൽ നന്ദി അറിയിക്കുകയുണ്ടായി.

 

തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി അര ഏക്കർ സ്ഥലവും പത്ത് ലക്ഷം രൂപയും പാവപ്പെട്ടവർക്ക് വീട് വെക്കുവാൻ നൽകിയ യുകെയിലെ നോട്ടിംഗ്ഹാം സ്വദേശി സാജൻ പൗലോസിനെ ബ്രിട്ടീഷ് ബ്ലാസ്റ്റേഴ് സ് ഫുട്ബോൾ അക്കാദമി ഡയറക്ടർമാരായ രാജു ജോർജ് കാഞ്ഞിരത്താനം, ബിനോയ്‌ , ജോസഫ് മുള്ളൻകുഴി, ബൈജു മേനാചേരി, ജിബി വർഗീസ്, അഡ്മിനിസ്ട്രേഷൻ മാനേജർമാരായ ജാൻ ആലപ്പാടൻ, ലൈജു വർഗീസ്, സിൻഡോ ദേവസിക്കുട്ടി, ടെക്നിക്കൽ മാനേജർമാരായ ഫ്രാൻസൺ ജേക്കബ്, ഹരികുമാർ, അഡ്വൈസർമാരായ സുനിൽ, ലിജോയ്, ഡിമി, ആൻസൺ, ജോബി, കോർഡിനേറ്റർമാരായ ലിജു ജോസഫ്, സുനിൽ, ജിതിൻ, സിബി മാത്യൂസ്, ലിതിൻ എന്നിവരുടെ സാന്നിധ്യത്തിൽ അക്കാദമി ഹെഡ് കോച്ച് പീറ്റ് ബെൻ ഉപഹാരം കൈമാറി.

നീലിശ്വരം – കമ്പനിപ്പടി പരേതനായ അറയ്ക്കൽ പൗലോസ് (Ex Military) പരേതയായ മേരി എന്നിവരുടെ സ്മരണയ്ക്കായിട്ടാണ് സാജനും സഹധർമ്മിണിയും ചേർന്ന് സന്നദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയത്.

അങ്കമാലി പുളിയനത്ത് വാങ്ങിയ 50 സെന്റ്‌ സ്‌ഥലവും 10 ലക്ഷം രൂപയും നിർധനരായ 10 കുടുംബങ്ങൾക്ക് വീട് വയ്ക്കുവാൻ കിഡ്നി ദാനം ചെയ്ത് അവയവ ദാനത്തിന്റെ ഉദാത്ത മാതൃക സൃഷ്‌ടിച്ച ഫാദർ ഡേവിസ് ചിറമേൽ അച്ഛൻ നേതൃത്വം നൽകുന്ന ചാരിറ്റി ട്രസ്റ്റിനാണ് വീട് വയ്ക്കുവാനുള്ള സ്‌ഥലവും 10 ലക്ഷം രൂപയും സൗജന്യമായി കൈമാറിയിരിക്കുന്നത്. ഈ സ്‌ഥലത്ത് പാവപ്പെട്ട 10 പേർക്കുള്ള സ്വപ്ന ഭവനം ഒരുങ്ങും.

 

മനുഷ്യൻ പണത്തിനും പ്രശസ് തിയ്ക്കും വേണ്ടി പായുമ്പോൾ അശരണരെയും നിരാലമ്പരെയും കരുതുന്നവർ സ്വർഗ്ഗരാജ്യത്തിന് ഉടമകളായി മാറുന്നു. സാജനും കുടുംബവും മാറിയ ലോകത്തിന് പ്രതീക്ഷ നൽകുന്ന മഹദ് വ്യക്തിത്വങ്ങളാണ്

യു കെ യിലെ നോട്ടിങ്ഹാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് സാജനും കുടുംബവും. ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന സാജൻ തന്നാൽ കഴിയുന്ന എന്തും കാര്യങ്ങളും സമൂഹത്തിന് നൽകാൻ താല്പര്യമുള്ളയാളാണ്. എല്ലാവരോടും പുഞ്ചിരി തൂകിയും സ്നേഹ നിർഭരമായും ഇടപഴകുന്ന സാജന്റെ മുഖം ഒരിക്കൽ പരിചയപ്പെട്ടവർ മറക്കാനിടയില്ല. സന്നദ്ധ പ്രവർത്തനങ്ങളിൽ സാജന് പിന്തുണ സഹധർമ്മിണി മിനി സാജനും മക്കളുമാണ്.

യുകെയിലെ നോട്ടിങ്ഹാമിൽ നടന്നുവരുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി (ബി ബി എഫ് എ) ഫുട്ബോൾ ക്യാമ്പ് ബ്രിട്ടനിലെ അറിയപ്പെടുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആയി വളരുകയാണ്.

ലോകത്തിലെ മുൻനിര ക്ലബുകളുടെ കോച്ചുo ഫുട്ബോൾ രംഗത്ത് 25 വർഷം പരിചയ സമ്പന്നനായ പീറ്റ് ബെൻ ആണ് ക്യാമ്പിലെ ഫുട്ബോൾ താരങ്ങളെ പരിശീലിപ്പിക്കുന്നത്.

കഴിഞ്ഞ നാളുകളിലെ കോച്ചിംഗ് രംഗത്തെ വൻ വിജയത്തിനുശേഷമാണ് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി മറ്റൊരു കോച്ചിംഗ് ക്യാമ്പുമായി എത്തുന്നത്. കായികരംഗത്തെ കഴിവ് കൂടുതൽ വളർത്തിയെടുക്കുവാൻ വേനൽ അവധിക്കാലത്തെ ഈ കോച്ചിംഗ് ക്യാമ്പ് ഗുണകരമാവും.

വെംബ്ലിയിലെ യൂറോ സെമി ഫൈനൽ മത്സരത്തിന് ടിക്കറ്റ് ഉറപ്പാക്കി ഇംഗ്ലണ്ട്.ഇംഗ്ലീഷ് സംഘം 1996 ന് ശേഷം രണ്ടാം തവണയും യൂറോ സെമിയിൽ പ്രവേശിക്കുകയും ചെയ്തു. യുക്രെയ്നെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അവരെ നാല് ഗോളിന് തകർത്ത് വിട്ടാണ് അവസാന നാല് ടീമുകളിൽ ഇംഗ്ലണ്ടും സീറ്റ് പിടിച്ചത്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചെത്തിയ ഡെന്മാർക്കാണ് ഇംഗ്ലണ്ടിൻ്റെ എതിരാളികൾ.

മികച്ച താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ഗോൾ കണ്ടെത്താൻ വിഷമിക്കുന്നു എന്ന് വിമർശനങ്ങളെ തച്ചുടക്കുന്ന പ്രകടനമാണ് റോമിലെ ഒളിമ്പിക്കോ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് യുക്രെയ്നെതിരെ പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങി. ഹാരി മഗ്വയർ, ജോർദാൻ ഹേണ്ടേഴ്സൻ എന്നിവരാണ് ഇംഗ്ലണ്ടിൻ്റെ മറ്റ് ഗോൾ സ്കോറർമാർ.

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് മറ്റ് മൂന്ന് ഗോളുകളും നേടിയത്. ടൂർണമെൻ്റിൽ ഇതുവരെയും ഗോൾ വഴങ്ങിയിട്ടില്ല എന്നത് അവർ ഈ മത്സരത്തിലും കാത്തു. കളിയുടെ 35ാം മിനിറ്റിൽ യുക്രെയ്ൻ പ്രതിരോധ നിരയിലെ വിശ്വസ്തനായ ക്രിവ്സ്റ്റോവ് പരുക്കേറ്റ് പുറത്തായതാണ് അവർക്ക് തിരിച്ചടിയായത്. അതിനുപുറമേ അവരുടെ സൂപ്പർ താരങ്ങളായ യാർമൊലെങ്കോയും യാരെംചുക്കും നിറം മങ്ങിയതും അവർക്ക് തിരിച്ചടിയായി.

മത്സരത്തിന് ഇരു ടീമുകളും അണിനിരന്നത് മാറ്റങ്ങളുമായാണ്. ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങൾ വരുത്തിയപ്പോൾ യുക്രെയ്ൻ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഇംഗ്ലണ്ട് ആധിപത്യം നേടിയെടുത്തു. മറുവശത്ത് പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തിയാണ് യുക്രെയ്ൻ കളിച്ചത്.

കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ യുക്രെയ്ൻ്റെ പ്രതിരോധ മതിൽ മറികടന്ന് ഇംഗ്ലണ്ട് ലീഡ് നേടി. ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നാണ് ടീമിനായി സ്കോർ ചെയ്തത്. പന്തുമായി മുന്നേറിയ ഇംഗ്ലണ്ട് താരം സ്റ്റെർലിങ് ബോക്സിനുള്ളിൽ നിൽക്കുകയായിരുന്ന കെയ്നിനെ ലക്ഷ്യം വച്ച് നൽകിയ പാസ് സ്വീകരിച്ചായിരുന്നു താരം ഗോൾ നേടിയത്. കൃത്യമായ പാസ് സ്വീകരിച്ച കെയ്ൻ ഗോൾകീപ്പർ ബുഷാന് അവസരമൊന്നും നൽകാതെ പന്ത് വലയിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ തിരികെ ഗോൾ നേടാനായി ആക്രമിച്ച് കളിക്കാൻ തുടങ്ങി. എന്നാൽ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്ന് മുന്നേറാൻ അവർക്ക് സാധിച്ചില്ല. മറുവശത്ത് ഗോൾ നേടിയിട്ടും ഇംഗ്ലണ്ട് ആക്രമണം തുടർന്നതോടെ മത്സരത്തിന് ആവേശമേറി. 17ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധ നിരയുടെ പിഴവിൽ നിന്നും പന്ത് ലഭിച്ച യുക്രെയ്ൻ്റെ യാരെംചുക്ക് പന്തുമായി ബോക്സിലേക്ക് മുന്നേറി ഷോട്ടുതിർത്തെങ്കിലും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ക്ഫോർഡ് ഗോൾശ്രമം വിഫലമാക്കി.

ഗോൾ വഴങ്ങിയതിന് ശേഷം യുക്രെയ്ൻ പ്രതിരോധ നിര മികച്ച് നിന്നതോടെ ഇംഗ്ലണ്ട് ആക്രമണങ്ങളിൽ പലതും അവരുടെ പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു. 33ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ഡെക്ലാൻ റൈസിന്റെ തകർപ്പൻ ലോങ്റേഞ്ചർ ഗോൾകീപ്പർ ബുഷാൻ തട്ടിയകറ്റി. റീബൗണ്ട് കിട്ടിയ മേസൺ മൗണ്ട് വീണ്ടും ഷോട്ടുതിർത്തെങ്കിലും അത് പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു.

അതിനിടെ 35ാം മിനിറ്റിൽ യുക്രെയ്ൻ്റെ പ്രതിരോധ നിരയിലെ വിശ്വസ്തനായ ക്രിവ്സ്റ്റോവ് പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ആദ്യ പകുതിയിൽ പിന്നീട് സമനില നേടാനായി യുക്രെയ്ൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ശക്തമായ പ്രതിരോധം തീർത്ത ഇംഗ്ലണ്ട് നിരയെ അവർക്ക് മറികടക്കാൻ കഴിഞ്ഞില്ല.

രണ്ടാം പകുതി തുടങ്ങിയത് ഇംഗ്ലണ്ടിൻ്റെ ഗോൾ കണ്ടുകൊണ്ടാണ്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നെ ഫൗൾ ചെയ്തതിന് ബോക്സിന് കുറച്ചകലെ നിന്ന് ലഭിച്ച ഫ്രീകിക്കിൽ നിന്നുമാണ് അവർ ഗോൾ നേടിയത്. ലെഫ്റ്റ് ഫ്ലാങ്കിൽ നിന്നും ലൂക്ക് ഷാ എടുത്ത ഫ്രീകിക്കിൽ യുക്രെയ്ൻ പ്രതിരോധ നിര താരങ്ങളെ മറികടന്ന ഇംഗ്ലണ്ട് പ്രതിരോധ താരമായ മഗ്വയറിൻ്റെ ഹെഡ്ഡർ യുക്രെയ്ൻ ഗോളിയെ കീഴ്പ്പെടുത്തി വലയിലേക്ക് താഴ്ന്ന് ഇറങ്ങി.

രണ്ടാം ഗോൾ നേടിയതിന് മിനിറ്റുകൾക്ക് ശേഷം വീണ്ടും ഇംഗ്ലണ്ട് അവരുടെ ലീഡ് ഉയർത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നാണ് മത്സരത്തിൽ തൻ്റെ രണ്ടാം ഗോൾ നേടിക്കൊണ്ട് ഇംഗ്ലണ്ടിന് മൂന്ന് ഗോളിൻ്റെ ലീഡ് സമ്മാനിച്ചത്. ഇത്തവണയും ഗോളിന് വഴി ഒരുക്കിയത് ലൂക്ക് ഷായായിരുന്നു. ഇടത് ഭാഗത്ത് കൂടി സ്റ്റെർലിങ് നടത്തിയ മുന്നേറ്റത്തിൽ നിന്ന് താരത്തിൻ്റെ ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ബോക്സിൻ്റെ നടുവിലേക്ക് ലൂക്ക് ഷാ ഉയർത്തിവിട്ട പന്തിലേക്ക് തല വച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഹെഡ്ഡർ യുക്രെയ്ൻ ഗോളി ബുഷാൻ്റെ കാലുകൾക്കിടയിലൂടെയാണ് ഗോളിലേക്ക് പോയത്.

മൂന്ന് ഗോൾ ലീഡ് നേടി സെമി ഉറപ്പിച്ചതോടെ ഇംഗ്ലണ്ട് പരിശീലകൻ കളിയിൽ മാറ്റങ്ങൾ വരുത്തി. ഒരു മഞ്ഞക്കാർഡ് കണ്ട് നിൽക്കുകയായിരുന്ന ഡെക്ലാൻ റൈസിനെ പിൻവലിച്ച് ജോർദാൻ ഹേണ്ടേഴ്സനെ കളത്തിലിറക്കി. 62ാം മിനിറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ തൻ്റെ ഹാട്രിക്കിന് അടുത്തെത്തിയെങ്കിലും യുക്രെയ്ൻ ഗോളിയായ ബുഷാൻ്റെ തകർപ്പൻ സേവ് താരത്തെ ഗോൾ നേടുന്നതിൽ നിന്നും അകറ്റി നിർത്തി.

മത്സരത്തിൽ മികച്ച പ്രകടനം കൊണ്ട് കളം നിറഞ്ഞു കളിച്ച സ്റ്റെർലിങിൻ്റെ പാസിൽ നിന്ന് കെയ്ൻ തൊടുത്ത ഗോളെന്നുറച്ച ഇടം കാലൻ വോളിയെ തകർപ്പൻ സേവിലൂടെയാണ് ബുഷാൻ നിർവീര്യമാക്കിയത്. പക്ഷേ ഇതിന് പിന്നാലെ തന്നെ ഇംഗ്ലണ്ട് വീണ്ടും ഗോൾ നേടി. പകരക്കാരനായി വന്ന ഹേണ്ടേഴ്സൻ്റെ വകയായിരുന്നു ഇംഗ്ലീഷ് ടീമിൻ്റെ നാലാം ഗോൾ. കോർണറിൽ നിന്നും മേസൺ മൗണ്ട് നൽകിയ ക്രോസിലേക്ക് ഒറ്റക്ക് ചാടിയ ഇംഗ്ലണ്ട് മധ്യനിര താരത്തിൻെറ ക്ലോസ് റേഞ്ച് ഹെഡ്ഡർ ഒരിക്കൽ കൂടി യുക്രെയ്ൻ ഗോളിയെ കീഴ്പ്പെടുത്തി.

നാല് ഗോളുകൾ നേടിയതോടെ പ്രധാന താരങ്ങളെ പിൻവലിച്ച് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് മാറ്റങ്ങൾ കൊണ്ടുവന്നു. പിന്നീട് 75ാം മിനിറ്റിൽ മകരെങ്കോ 25 വാര അകലെ നിന്നും ഒരു ഉശിരൻ ഷോട്ടിലൂടെ ഇംഗ്ലണ്ട് ഗോളി പിക്ഫോർഡിനെ പരീക്ഷിക്കാൻ നോക്കിയെങ്കിലും താരം അത് ഗോളിൽ നിന്നും കുത്തിയകറ്റി. പിന്നീട് അധികം മുന്നേറ്റങ്ങൾ ഒന്നും ഉണ്ടായില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പങ്കാളിയുമായുള്ള ലൈംഗികബന്ധത്തിനിടയിൽ 40 വയസ്സുകാരനായ യോർക്ക് ഷെയർ സ്വദേശിയുടെ ലിംഗം ഒടിഞ്ഞത് ലോകത്തെ തന്നെ ആദ്യ സംഭവമെന്ന് ആരോഗ്യവിദഗ്ധർ. പഠന റിപ്പോർട്ട് പുറത്തുവന്നത് ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ്. ലംബമായി ലിംഗത്തിന് മൂന്ന് സെൻറീമീറ്റർ നീളത്തിൽ പൊട്ടലുണ്ടെന്ന് വ്യക്തമായത് എംആർഐ സ്കാനിങ് നടത്തിയപ്പോഴാണ്. പിന്നീട് ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ലിംഗത്തിന് ചുറ്റുമുള്ള സംരക്ഷണഭിത്തി അസാധാരണമായി വളയുമ്പോഴാണ് ഒടിവ് സംഭവിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനു മുൻപ് തിരശ്ചീനമായ രീതിയിൽ ലിംഗത്തിന് ഒടിവ് സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടങ്കിലും ലംബമായി ഒടിവ് സംഭവിക്കുന്നത് ആദ്യമായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിന് ശേഷം യുവാവ് സുഖം പ്രാപിച്ച് സാധാരണ നിലയിലാകുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- യു കെയിലെ പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺ ഗ്രൂപ്പ്‌, യുഎസ് കമ്പനിയായ ഫോർട്ടസ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പിന് വിൽക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. 6.3 ബില്യൺ പൗണ്ടിന് മജെസ്റ്റിക് വൈൻ ഉടമസ്ഥർ തന്നെയാണ് മോറിസൺ ഗ്രൂപ്പും വാങ്ങുന്നത്. കഴിഞ്ഞവർഷം മറ്റൊരു കമ്പനി ഓഫർ ചെയ്ത 5.5 ബില്യൺ പൗണ്ടിന്റെ ഡീൽ മോറിസൺ ഗ്രൂപ്പ് നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന തുക ന്യായമാണെന്നും, പുതിയ ഉടമസ്ഥർക്ക് കീഴിൽ മോറിസൺ ഗ്രൂപ്പ് കൂടുതൽ ശോഭിക്കുമെന്നും ചെയർമാൻ ആൻഡ്രൂ ഹിഗ്ഗിൻസൺ വ്യക്തമാക്കി. ഏകദേശം അഞ്ഞൂറോളം ഷോപ്പുകൾ ആണ് മോറിസൺ ഗ്രൂപ്പിന് കീഴിൽ ഉള്ളത്. ഇതിലായി ഏകദേശം 110,000 ത്തോളം സ്റ്റാഫുകൾ ആണ് ജോലി ചെയ്യുന്നത്.


കോവിഡ് കാലഘട്ടത്തിലും മോറിസൺ ഗ്രൂപ്പിന് നല്ല രീതിയിൽ തന്നെ വളർച്ച ഉണ്ടായിരുന്നതായി ഹിഗ്ഗിൻസൺ വ്യക്തമാക്കി. അതിനാൽ തന്നെയാണ് ഇപ്പോൾ ഇത്തരം ഒരു ഡീലിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സൂപ്പർമാർക്കറ്റ് ശൃംഖല വളരെ നല്ല രീതിയിൽ തന്നെ കൊണ്ടുപോകാൻ സാധിക്കും എന്ന് ഫോർട്ട്സ് ഗ്രൂപ്പ്‌ മാനേജിങ് പാർട്ണർ ജോഷുവ പാക്ക് അറിയിച്ചു. ഫോർട്ട്സ് ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകുന്നത് കാനഡ പെൻഷൻ പ്ലാനും, കൊച്ച് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻസും ചേർന്നാണ്. യുകെയിലേക്ക് പുതിയ ബിസിനസ് ഇൻവെസ്റ്റ്‌മെന്റുകളെ സ്വാഗതം ചെയ്യുന്നതായും, അതോടൊപ്പം തന്നെ ജീവനക്കാരുടെ സുരക്ഷയും സർക്കാർ ഉറപ്പാക്കുമെന്ന് ഗവൺമെന്റ് വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കിടയിൽ ആകസ്‌മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യൻെറ (45) വേർപാടിൻെറ ഞെട്ടലിലാണ് മാഞ്ചസ്റ്റർ മലയാളികൾ. ജോലി സ്ഥലത്ത് കുഴഞ്ഞുവീണ സുമിത്ത് മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.

പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിൻെറ ഒരുക്കങ്ങളിലൊക്കെ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യൻെറ വേർപാടിൻെറ വേദനയിലാണ് ഇന്നലെ തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുനാൾ ആഘോഷങ്ങളുടെ മുഖ്യകാർമ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. നേരത്തെ സുമിത്ത് സെബാസ്റ്റ്യൻ്റെ മരണവാർത്തയറിഞ്ഞ് മാഞ്ചസ്റ്റർ സെൻ്റ്. തോമസ് മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേഴ്സിംഗ് ഹോമിലെത്തി പ്രാർത്ഥനകൾ നടത്തിയിരുന്നു.

സുമിത്തിൻറെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved