UK

ലോക രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല.

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

യുകെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്‌സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്‌സെവിരിയ എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്‌സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ആസ്ട്രസെനേക വാക്‌സിന്റെ വാക്‌സെവിരിയ വേര്‍ഷന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്.

മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ആസ്ട്രസെനേക കൂടാതെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാക്‌സിനായ കൊവാക്‌സിനും അംഗീകാരമില്ലാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയാകും.

യുദ്ധക്കപ്പലിനെക്കുറിച്ചും ബ്രിട്ടീഷ് സൈന്യത്തെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ അടങ്ങിയ യു.കെ. പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ രേഖകള്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ബസ് സ്റ്റോപ്പില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരന്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നുവെന്നും ഇതാണ് കെന്റിലെ ഒരു ബസ് സ്റ്റോപ്പിന് പിന്നില്‍ കണ്ടെത്തിയതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ക്രിമിയയുടെ തീരത്തുകൂടി യുദ്ധക്കപ്പലായ എച്ച്എംഎസ് ഡിഫെന്‍ഡര്‍ കടന്നുപോയതിനോടുള്ള റഷ്യന്‍ പ്രതികരണമാണ് രേഖകളില്‍ ഒന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നേതൃത്വത്തിലുള്ള നാറ്റോയുടെ പ്രവര്‍ത്തനം ഈ വര്‍ഷം അവസാനിക്കുന്നതോടെ അഫ്ഗാനിസ്ഥാനിലെ യുകെയുടെ സൈനിക സാന്നിധ്യത്തിനുള്ള പദ്ധതികളാണ് മറ്റൊന്നിലുള്ളത്.

ആയുധങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ സഖ്യകക്ഷികളുമായി ബ്രിട്ടന് മത്സരമുള്ള മേഖലകളെക്കുറിച്ചുള്ള തന്ത്രപരമായ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റ ആദ്യ മാസങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ തിങ്കളാഴ്ചത്തെ യുകെ-യുഎസ് പ്രതിരോധ സംഭാഷണത്തിന്റെ സംക്ഷിപ്ത കുറിപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നു.

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ബസ് സ്റ്റോപ്പിന് പിന്നില്‍ നിന്ന് 50 പേജുള്ള രേഖകള്‍ കണ്ടെടുത്തത്. രേഖകളുടെ പ്രധാന്യം മനസിലാക്കിയ അയാള്‍ ഇക്കാര്യം ബിബിസിയെ അറിയിക്കുകയായിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് ഒരു പ്രതിരോധ മന്ത്രാലയ വക്താവ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത് അന്വേഷണം ആരംഭിച്ചതിനാല്‍ കൂടുതല്‍ അഭിപ്രായം പറയാൻ കഴിയില്ലെന്നായിരുന്നു.

മെട്രിസ് ഫിലിപ്പ്

എല്ലാവർക്കും, എല്ലാവരേയും “miss” ആയിമാറിയിരിക്കുന്ന ലോകത്തിന്റെ പുതിയ ഒരു അവസ്ഥ. ഈ കൊറോണകാലത്ത് ഏറ്റവും അധികമായി ഉപയോഗിക്കുന്ന ഒരു പദം miss തന്നെ. നാട്ടിലും മറുനാട്ടിലും ഉള്ളവർക്ക് പരസ്പരം കണ്ട്, സ്നേഹം പങ്ക് വെയ്ക്കാൻ സാധിക്കുന്നില്ലാത്ത ഒരുനശിച്ച കാലം. മക്കൾ, മാതാപിതാക്കളെയും, കുടുംബാംഗങ്ങളെയും, നാടിനെയും നാട്ടുകാരെയും കാണുവാൻ സാധിക്കാതെ, വിഷമിച്ചിരിക്കുന്നു.

കേരളത്തിൽ നിന്നുമാണ് ഏറ്റവും അധികമായി പ്രവാസികൾ ഉള്ളത്. ഓരോ വർഷവും ഈ പ്രവാസികൾ കേരളത്തിൽ വന്ന് പൊയ്കൊണ്ടിരുന്നിരുന്നു. ഒരു മാസത്തെ ഹോളിഡേ അവർ അടിച്ചുപൊളിച്ചു സന്തോഷിച്ചു തിരിച്ചു പോയിരുന്നു. ആ സന്തോഷദിനങ്ങൾ എല്ലാം ഇല്ലാതെ ആയിട്ട് രണ്ട് വർഷങ്ങൾ. ഓരോ പ്രവാസിയും ഓരോ അവധിക്കും, മാനസിക ഉല്ലാസത്തിന് വേണ്ടി, ടൂർ, റിസോർട്ട് സ്റ്റേ, എന്നിവിടങ്ങളിൽ എല്ലാം പോവുകയും താമസിക്കുകയും ചെയ്തിരുന്നു.

റിലേറ്റീവ്‌സിൻെറ വിവാഹം, മറ്റ് ആഘോഷങ്ങൾ, തിരുനാളുകൾ എല്ലാം miss ആയിരിക്കുന്നു. സ്വന്തം ആളുകളുടെ, മൃത സംസ്കാരശുശ്രുഷകളിൽ പങ്കെടുക്കാൻ സാധിക്കാതെ, കരഞ്ഞിരിക്കുന്ന, എത്രയോ പ്രവാസികൾ. സ്വന്തമായുള്ളവർ മരണപെട്ടാൽ, കമന്റ് ഇടുന്നതും ‘miss you dear’ എന്നല്ലേ.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ കരുതുന്ന, കേരളത്തിൽ, എന്തെല്ലാം പ്രോബ്ലെംസ്, ഇപ്പോൾ ഉണ്ടാകുന്നുണ്ടെങ്കിലും, ഓരോരുത്തർക്കും, സ്വന്തം ഗ്രാമമെന്നത്, ഒരു വികാരം ആണ്. ഗ്രാമത്തിൽ ഉള്ള ചെറിയ കവലകളിൽ പോയി, ഒരു ചായ കുടിച്ചു സൊറപറഞ്ഞിരിക്കുന്നത് miss ആകുന്നില്ലേ സുഹൃത്തേ. സ്വന്തം ഇടവക പള്ളിയിൽ പോയി, വി. കുർബാനയിൽ പങ്കെടുക്കുവാനും, തുടർന്ന്, ആ പള്ളിമുറ്റത്ത്, നിന്ന്, കൂട്ടുകാരോടൊത്തു ചേർന്ന് വിശേഷങ്ങൾ പങ്ക് വെക്കുവാൻ ആഗ്രഹമില്ലേ ഇപ്പോൾ. നാട്ടിൻ പുറത്തെ കള്ള് ഷാപ്പിൽ പോയി, കുളിരുകോരിനിൽക്കുന്ന, കൂജയിൽ നിന്ന് ഒരു ഗ്ലാസ് മധുരകള്ളും, എരുവുള്ള മീൻ കറിയിൽ, കപ്പമുക്കി കഴിക്കാൻ തോന്നുന്നില്ലേ. ക്ലബ്ബുകൾ, വായനശാലകൾ, കളി സ്ഥലങ്ങൾ, സ്വന്തം വാഹനങ്ങൾ, ലക്ഷങ്ങൾ മുടക്കിപണിത വീടുകൾ എല്ലാം miss ആകുന്നില്ലേ. അങ്ങനെ അങ്ങനെ എന്തെല്ലാം എന്തെല്ലാം miss ആയിരിക്കുന്നു.

കൊച്ചി എയർപോർട്ടിലേയ്ക്ക് ലാൻഡ് ചെയ്ത് കഴിയുമ്പോൾ, സീറ്റ് ബെൽറ്റിന്റെ ടിക് ടിക് സൗണ്ട് ഉയരുന്നതും, ഹാൻഡ്ബാഗും എടുത്ത്, ഡോർ തുറക്കാൻ വേണ്ടി വെമ്പിനിൽക്കുന്നവർക്കെല്ലാം, miss ആകുന്നില്ലേ. എങ്ങനെ എങ്കിലും ഇടിച്ചു ഇടിച്ചു ഇറങ്ങി ഒരു, ബോട്ടിൽ ഒക്കെ വാങ്ങി, കാത്തുനിൽക്കുന്നവരെ ചേർത്തുപിടിച്ചു, കാറിൽ കയറി, റോഡിലേക്ക് ഇറങ്ങി കഴിയുമ്പോൾ, ആദ്യമേ പറയുന്ന ഒരു വാചകം ഉണ്ട്, നമ്മുടെ നാട് എന്ത് സുന്ദരമാ…

ഈ കൊറോണകാലത്ത് എല്ലാവർക്കും എല്ലാം miss ആയിരിക്കുന്നു. Miss ആകൽ ഇനിയും ഇനിയും നീണ്ടു പൊയ്കൊണ്ടിരിക്കും. അനന്തമായി ഒഴുകുന്ന ഒരു നദിപോലെ. കൊറോണ ഇന്നോ നാളെയോ പോകില്ല. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ജാഗ്രതയോടെ മുന്നോട്ട് പോകാം…
Miss You dear all…

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകയുമായി ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന്​ പിന്നാലെ വിമർശനങ്ങളെ തുടര്‍ന്ന് യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ്​ ഹാൻകോക്​​ രാജിവെച്ചു. ഹാൻകോകി​ൻെറ രാജി പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ സ്വീകരിച്ചു.

കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിച്ചതാണ് രാജിയിലേക്ക് നയിച്ചത്.

ത​ൻെറ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം ‘ദി സണ്‍’ പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ ആരോഗ്യ സെക്രട്ടറി തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണം ഉയരുകയായിരുന്നു. തുടർന്ന്​ ആരോഗ്യ സെക്രട്ടറി മാപ്പ്​ പറഞ്ഞ്​ രംഗത്തെത്തുകയും ചെയ്​തിരുന്നു.

മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്.

ഇതോടെ ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ആരോഗ്യ സെക്രട്ടറി തന്നെ ലംഘിച്ചതിനാൽ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്​തിരുന്നു. തുടർന്നാണ്​ രാജി പ്രഖ്യാപനം.

യുകെയിൽ ഡെൽറ്റ വകഭേദം ബാധിച്ചുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ ദിവസങ്ങളിൽ 35,204 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 1,11,157 ആയി. ഡെൽറ്റ കേസുകളിൽ 46% വർധനയുണ്ടായെന്നു യുകെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു.

ഇന്ത്യയിൽ ആദ്യം തിരിച്ചറിഞ്ഞ ‘ആശങ്കാ വകഭേദമായ’ ഡെൽറ്റ, പിന്നീട് ഡെൽറ്റ പ്ലസ് ആവുകയും കൂടുതൽ രോഗവ്യാപന ശേഷി കൈവരിക്കുകയും ചെയ്തെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പി‌എച്ച്ഇ) അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. വാക്സീന്റെ രണ്ടു ഡോസും സ്വീകരിക്കുന്നതു മികച്ച പ്രതിരോധം തീർക്കുന്നതായും പിഎച്ച്ഇ പറഞ്ഞു.

‘രാജ്യത്തെ വാക്സിനേഷന്റെ വിജയം, കോവിഡ് കേസുകളും ആശുപത്രി പ്രവേശവും തമ്മിലുള്ള അനുപാതം കുറച്ചുവെന്നാണു ഡേറ്റ സൂചിപ്പിക്കുന്നത്. ഒരു ഡോസിനേക്കാൾ രണ്ടു ഡോസ് വാക്സീൻ കോവിഡിനെതിരെ വളരെ ഫലപ്രദമാണ്. മികച്ച സംരക്ഷണമാണ് നൽകുന്നതെങ്കിലും വാക്സീനും പൂർണ പരിരക്ഷ നൽകാനാവില്ല. അതിനാൽ നിലവിലെ ജാഗ്രത തുടരണം’– യുകെ ആരോഗ്യ സുരക്ഷാ ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് പറഞ്ഞു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡയെ (Lambda– സി.37) വേരിയന്റ്സ് അണ്ടർ ഇൻ‌വെസ്റ്റിഗേഷൻ (വി‌യു‌ഐ) പട്ടികയിൽ ചേർത്തതായും പി‌എച്ച്ഇ അറിയിച്ചു. രാജ്യത്താകെ ആറു ലാംബ്ഡ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണു ഈ കേസുകളെല്ലാം. പെറുവിൽ ആദ്യമായി റിപ്പോർട്ടു ചെയ്‌ത ലാംബ്ഡ 26 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സാമൂഹിക അകലം പാലിക്കണമെന്ന മാർഗ നിർദേശം ലംഘിച്ച് സെക്രട്ടറിയെ ചുംബിച്ച ആരോഗ്യ സെക്രട്ടറിയുടെ വിവാദ നടപടിയെ കുറിച്ചുള്ള ചർച്ചകളാണ് ബ്രിട്ടനിലെങ്ങും. ജനങ്ങളുടെമേൽ കോവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് സർക്കാരിൻറെ തന്നെ ഭാഗമായ ആരോഗ്യ സെക്രട്ടറി നിയമംലംഘിച്ചതിനുള്ള പ്രതിഷേധം ശക്തമാണ് . തൻറെ സെക്രട്ടറി ഗിന കൊളഡാഞ്ചലോയെ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ആരോഗ്യ സെക്രട്ടറി ക്ഷമ ചോദിച്ചിരുന്നു. ടോറി എംപിയായ ഡങ്കൻ ബേക്കർ മാറ്റ് ഹാൻകോക്ക് രാജിവെയ്ക്കണമെന്ന് പരസ്യമായ അഭിപ്രായ പ്രകടനം നടത്തി. പ്രതിപക്ഷ ലേബർ പാർട്ടിയും കോവിഡ്-19 ബ്രേവ്ഡ് ഫാമിലീസ് ഫോർ ജസ്റ്റിസ് ഗ്രൂപ്പും അദ്ദേഹത്തെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാറ്റ് ഹാൻകോക്കിൻെറ ക്ഷമാപണം സ്വീകരിച്ചതായും അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയതായും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.

ഇന്നലെയാണ് ബ്രിട്ടനെ ഞെട്ടിച്ച മാറ്റ് ഹാൻകോക്കിൻെറയും സെക്രട്ടറിയുടെയും ചുംബനദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത്. കൊളഡാഞ്ചലോയുമായുള്ള ഹാൻ‌കോക്കിന്റെ ചുംബനം  സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. ഇരുവരും വിവാഹിതരും, മൂന്ന് മക്കളുടെ രക്ഷിതാക്കളുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തപ്പോൾ മുതൽ സുഹൃത്തായ എം‌എസ് കൊളഡാഞ്ചലോയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോഗ്യവകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി ഹാൻ‌കോക്ക് നിയമിച്ചത് .

ജോൺസൺ കളപ്പുരയ്ക്കൽ

യുകെ : ഇന്ന് 26/6/21 സ്വിൻഡനിൽ നടത്താനിരുന്ന പതിമൂന്നാമത് കുട്ടനാട് സംഗമം മാറ്റിവെച്ചതായി സംഘാടകസമിതി അറിയിച്ചു. യുകെയിലെ കുട്ടനാട്ടുകാർക്ക് ഗൃഹാതുരത്വത്തിൻ്റെ ഇന്നലെകൾ സമ്മാനിച്ചു കൊണ്ട് കഴിഞ്ഞ പതിനൊന്ന് വർഷക്കാലം യുകെയിലെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും ജൂണിലെ അവസാന ശനിയാഴ്ച അഭംഗുരമായി നടന്നുകൊണ്ടിരുന്ന കുട്ടനാട് സംഗമം യുകെയിലെ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലം നിലനിൽക്കുന്ന സാഹചര്യം മുൻനിർത്തിയാണ് മാറ്റി വച്ചത്. കഴിഞ്ഞ വർഷം സ്വിൻഡനിൽ നടത്താനിരുന്ന പന്ത്രണ്ടാമത് കുട്ടനാട് സംഗമവും കോവിഡ് 19 മുൻനിർത്തി മാറ്റി വച്ചിരുന്നു. പതിമൂന്നാമത് കുട്ടനാട് സംഗമവും സ്വിൻഡനിൽ നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.

സാഹചര്യങ്ങൾ അനുകൂലമായാൽ വരുന്ന വർഷം ജൂണിലെ അവസാന ശനിയാഴ്ച സ്വിൻഡനിൽ തന്നെ കൂടുതൽ ഉൾക്കരുത്തോടെ യാഥാർത്ഥ ബോധത്തോടെ 14 മത് കുട്ടനാട് സംഗമം 2022 അണിയിച്ചൊരുക്കുo. ഒരിറ്റു വെള്ളം പൊങ്ങിയാൽ മുങ്ങുന്ന, വർഷാ വർഷം പാലായനം ചെയ്യപ്പെടുന്ന, ജലത്താൽ മുറിവേൽക്കപ്പെടുന്ന ഒരു ജനതയുടെ സ്വയരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും, രാഷ്ട്രീയ നിറം നോക്കാതെ കുട്ടനാടൻ ജനതയുടെ സമന്വയ മുന്നേറ്റങ്ങൾക്കൊപ്പം നിൽക്കാനും, യുകെയും മറ്റ് യുറോപ്യൻ രാജ്യങ്ങളും സാങ്കേതികവിദ്യയുടെ സഹായത്താൽ വെള്ളപ്പൊക്കങ്ങളെ അതിജീവിക്കുന്നത് സമഗ്ര റിപ്പോർട്ടായി കേരള ഗവൺമെൻറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, കുട്ടനാടിൻെറ സംസ്കാരികതനിമയുടെ വിനിമയം അടുത്ത തലമുറയിലേക്ക് എത്തിക്കുന്ന പാലമായി വർത്തിക്കാൻ കുട്ടനാട് സംഗമം യുകെ പ്രതിജ്ഞാബദ്ധമാണെന്നും കുട്ടനാട് സംഗമം യുകെ സംഘാടക സമിതി കൺവീനർമാരായ സോണി പുതുക്കരിയും റ്റോമി കൊച്ചുതെള്ളിയും അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് പ്രതിസന്ധി നേരിടാൻ രാജ്യം പരിശ്രമിക്കുമ്പോൾ മുൻനിരയിലുള്ള ഹെൽത്ത്‌ സെക്രട്ടറി മാറ്റ് ഹാൻകോക്ക് തന്റെ സഹായിയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്‌. 42കാരനായ ഹാൻകോക്കിന് ഒലിവർ ബോണസ് സ്ഥാപകന്റെ ഭാര്യ ലോബിയിസ്റ്റ് ഗിന കൊളഡാഞ്ചലോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2021 മെയ് 6 ന് വൈറ്റ്ഹാളിൽ വച്ച് ഹെൽത്ത്‌ സെക്രട്ടറി, ഗിനയെ ചുംബിക്കുന്ന സിസിടിവി രംഗങ്ങൾ പുറത്തു വന്നിരുന്നു. 15 വർഷമായി ഭാര്യ മാർത്തയുമായി കുടുംബജീവിതം നയിക്കുന്ന ഹാൻകോക്കിന് മൂന്ന് മക്കളുണ്ട്. ആരോപണവിധേയനായ ഹെൽത്ത്‌ സെക്രട്ടറിയെ പുറത്താക്കണമെന്ന് ലേബറും ലിബറൽ ഡെമോക്രാറ്റുകളും ബോറിസ് ജോൺസനോട്‌ ആവശ്യപ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രിയപെട്ടവരെ ആലിംഗനം ചെയ്യാനും ചുംബിക്കാനും അനുവാദമില്ലെന്നിരിക്കെ ഹാൻകോക്കിന്റെ ഈ പ്രവൃത്തി പരക്കെ വിമർശിക്കപ്പെടുകയാണ്.

ഹാൻ‌കോക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിനായി പോരാടുമ്പോൾ, ലേബറും ലിബറൽ ഡെമോക്രാറ്റുകളും അദ്ദേഹത്തെ കപടനാട്യക്കാരനായി മുദ്രകുത്തി. “ഈ സാഹചര്യങ്ങളിൽ ഞാൻ സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശം ലംഘിച്ചുവെന്ന് അംഗീകരിക്കുന്നു. ഞാൻ ആളുകളെ നിരാശപ്പെടുത്തി. ക്ഷമിക്കണം. ഈ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വ്യക്തിപരമായ വിഷയത്തിൽ എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് നന്ദിയുണ്ട്.” ഹാൻകോക്ക് പ്രതികരിച്ചു. അദ്ദേഹത്തെ പിന്തുണച്ച് ബോറിസ് ജോൺസന്റെ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു: “നിങ്ങൾ ഹെൽത്ത്‌ സെക്രട്ടറിയുടെ പ്രസ്താവന കേട്ടു. അതിൽ കൂടുതലായി ഒന്നും പറയാനില്ല. സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി അദ്ദേഹം അംഗീകരിക്കുന്നു. പ്രധാനമന്ത്രി ആരോഗ്യ സെക്രട്ടറിയുടെ ക്ഷമാപണം സ്വീകരിച്ചു. ”

കമ്മ്യൂണിക്കേഷൻ ഡയറക്ടറായ കൊളഡാഞ്ചലോ മൂന്നു മക്കളുടെ അമ്മയാണ്. കൊളഡാഞ്ചലോയുമായുള്ള ഹാൻ‌കോക്കിന്റെ ചുംബനം തിരഞ്ഞെടുപ്പ് ദിനമായ മെയ്‌ 6 ഉച്ചകഴിഞ്ഞ് 3 മണിയോടെ സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായി ആരോപണമുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത്‌ ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. അവിഹിതബന്ധകഥ കൂടി തെളിവ് സഹിതം പുറത്ത് വന്നതോടെ രോഗ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സെക്രട്ടറി കൂടുതൽ വെട്ടിലായിരിക്കുകയാണ്.

ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന്‌ റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തിമേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.

ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാകപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി. സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്നത് ‘അപകടകരമായ’ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ ശകാരിച്ചു. ബ്രിട്ടന്‍ അടിസ്ഥാനരഹിതമായ നുണകള്‍ ആരോപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അത് നടപ്പാകാത്ത പക്ഷം ബോംബിടുമെന്നും വിദേശകാര്യസഹമന്ത്രി സെര്‍ഗെ റ്യായ്‌കോബ് പറഞ്ഞു.

ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്‌കോബ്. തുടര്‍ന്നും പ്രകോപനമുണ്ടായാല്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെഡിറ്ററേനിയനില്‍ തങ്ങളുടെ ആധിപത്യം വര്‍ധിപ്പിക്കാന്‍ കരിങ്കടലില്‍ റഷ്യ നടത്തുന്ന നീക്കങ്ങളാണ് നൂറ്റാണ്ടുകളായി ടര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ എതിരാളികളുമായുള്ള റഷ്യയുടെ ശത്രുതയുടെ ഒരു പ്രധാന കാരണം.

ദീക്ഷയുടെ വെബ് ലോഞ്ച് ഈ ശനിയാഴ്ച 4 .30ന് (UK) 9 മണിയ്ക്ക് (ഇന്ത്യ) നടക്കുന്നതാണ് . പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ് ആണ് ഉദ്ഘാടക. ഇത് ഒരു ലൈവ് പരിപാടിയായി നിങ്ങൾക്ക് ദീക്ഷയുടെ ഫേസ്ബുക്ക് പേജിൽ ( Deekshaa) കാണാം. വെബ് സൈറ്റ് ഒരുക്കിയത് ‘ Blive digital ‘ ആണ്.

വെബ് ലോഞ്ച് പരിപാടിയിലേക്ക് എല്ലാ പ്രേക്ഷകരെയും സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ദീക്ഷയുടെ ഡയറക്ടർമാരായ ആരതി അരുൺ, അരുൺ കുമാർ , അലൻ ആൻറണി , ബ്രയൻ എബ്രഹാം എന്നിവർ അറിയിക്കുന്നു.

യുകെയിലെ ആർട്സ് ഓർഗനൈസേഷനുകളിൽ മുൻനിരയിൽ ഏറ്റവും മികച്ച, സമാനതകളില്ലാത്ത, വൈവിധ്യമാർന്ന കലാപരിപാടികൾ കാഴ്ചവെച്ചു കൊണ്ട് ‘ദീക്ഷ ‘ തിളങ്ങിനിൽക്കുന്നു. ഈയിടെ ‘ ദീക്ഷ’ യ്ക്ക് യു.കെ യിലെ കലാ രംഗത്തെ, ഏറ്റവും അഭിമാനകരമായ ‘ ആർട്സ് കൗൺസിൽ ഓഫ് ഇംഗ്ലണ്ടിന്റ ഒരു പ്രോജക്ട് ചെയ്യാനുള്ള അവസരമുണ്ടായി.( Funded and supported by National Lottery via Arts Council England). ഇനിയും കലാസ്നേഹികൾക്കായി മികവേറിയ ഒരുപാട് കലാ വിരുന്നുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ദീക്ഷയുടെ ഡയറക്ടർമാർ പറയുന്നു.

Facebook Page: Deeksha a
Instagram: @ deekshaa . arts
Email: deeksha . arts @ gmail. com
Mobile: 07455276367

RECENT POSTS
Copyright © . All rights reserved