കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഹപ്രവർത്തകയുമായി ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിമർശനങ്ങളെ തുടര്‍ന്ന് യു.കെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് രാജിവെച്ചു. ഹാൻകോകിൻെറ രാജി പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്വീകരിച്ചു.
കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവർത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിച്ചതാണ് രാജിയിലേക്ക് നയിച്ചത്.
തൻെറ ഓഫിസിലെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ യുവതിയെ ഹാന്‍കോക് ചുംബിക്കുന്ന ചിത്രം ‘ദി സണ്‍’ പത്രമാണ് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ ആരോഗ്യ സെക്രട്ടറി തന്നെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണം ഉയരുകയായിരുന്നു. തുടർന്ന് ആരോഗ്യ സെക്രട്ടറി മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.
മേയ് ആറാം തീയതിയിലെ സി.സി.ടി.വി ദൃശ്യമാണ് ചിത്രമെന്ന് പത്രം വ്യക്തമാക്കിയിരുന്നു. മേയ് ആറ് കഴിഞ്ഞ് 11 ദിവസത്തിന് ശേഷമാണ് ബ്രിട്ടനില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചിരുന്നത്.
ഇതോടെ ലോക്ഡൗണ്‍ മാനദണ്ഡങ്ങൾ ആരോഗ്യ സെക്രട്ടറി തന്നെ ലംഘിച്ചതിനാൽ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു. ഹാന്‍കോക്കിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് രാജി പ്രഖ്യാപനം.
യുകെയിൽ ഡെൽറ്റ വകഭേദം ബാധിച്ചുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ ദിവസങ്ങളിൽ 35,204 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 1,11,157 ആയി. ഡെൽറ്റ കേസുകളിൽ 46% വർധനയുണ്ടായെന്നു യുകെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു.
ഇന്ത്യയിൽ ആദ്യം തിരിച്ചറിഞ്ഞ ‘ആശങ്കാ വകഭേദമായ’ ഡെൽറ്റ, പിന്നീട് ഡെൽറ്റ പ്ലസ് ആവുകയും കൂടുതൽ രോഗവ്യാപന ശേഷി കൈവരിക്കുകയും ചെയ്തെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പിഎച്ച്ഇ) അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. വാക്സീന്റെ രണ്ടു ഡോസും സ്വീകരിക്കുന്നതു മികച്ച പ്രതിരോധം തീർക്കുന്നതായും പിഎച്ച്ഇ പറഞ്ഞു.
‘രാജ്യത്തെ വാക്സിനേഷന്റെ വിജയം, കോവിഡ് കേസുകളും ആശുപത്രി പ്രവേശവും തമ്മിലുള്ള അനുപാതം കുറച്ചുവെന്നാണു ഡേറ്റ സൂചിപ്പിക്കുന്നത്. ഒരു ഡോസിനേക്കാൾ രണ്ടു ഡോസ് വാക്സീൻ കോവിഡിനെതിരെ വളരെ ഫലപ്രദമാണ്. മികച്ച സംരക്ഷണമാണ് നൽകുന്നതെങ്കിലും വാക്സീനും പൂർണ പരിരക്ഷ നൽകാനാവില്ല. അതിനാൽ നിലവിലെ ജാഗ്രത തുടരണം’– യുകെ ആരോഗ്യ സുരക്ഷാ ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് പറഞ്ഞു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡയെ (Lambda– സി.37) വേരിയന്റ്സ് അണ്ടർ ഇൻവെസ്റ്റിഗേഷൻ (വിയുഐ) പട്ടികയിൽ ചേർത്തതായും പിഎച്ച്ഇ അറിയിച്ചു. രാജ്യത്താകെ ആറു ലാംബ്ഡ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണു ഈ കേസുകളെല്ലാം. പെറുവിൽ ആദ്യമായി റിപ്പോർട്ടു ചെയ്‌ത ലാംബ്ഡ 26 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സാമൂഹിക അകലം പാലിക്കണമെന്ന മാർഗ നിർദേശം ലംഘിച്ച് സെക്രട്ടറിയെ ചുംബിച്ച ആരോഗ്യ സെക്രട്ടറിയുടെ വിവാദ നടപടിയെ കുറിച്ചുള്ള ചർച്ചകളാണ് ബ്രിട്ടനിലെങ്ങും. ജനങ്ങളുടെമേൽ കോവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് സർക്കാരിൻറെ തന്നെ ഭാഗമായ ആരോഗ്യ സെക്രട്ടറി നിയമംലംഘിച്ചതിനുള്ള പ്രതിഷേധം ശക്തമാണ് . തൻറെ സെക്രട്ടറി ഗിന കൊളഡാഞ്ചലോയെ ചുംബിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ആരോഗ്യ സെക്രട്ടറി ക്ഷമ ചോദിച്ചിരുന്നു. ടോറി എംപിയായ ഡങ്കൻ ബേക്കർ മാറ്റ് ഹാൻകോക്ക് രാജിവെയ്ക്കണമെന്ന് പരസ്യമായ അഭിപ്രായ പ്രകടനം നടത്തി. പ്രതിപക്ഷ ലേബർ പാർട്ടിയും കോവിഡ്-19 ബ്രേവ്ഡ് ഫാമിലീസ് ഫോർ ജസ്റ്റിസ് ഗ്രൂപ്പും അദ്ദേഹത്തെ പുറത്താക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാറ്റ് ഹാൻകോക്കിൻെറ ക്ഷമാപണം സ്വീകരിച്ചതായും അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയതായും ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു.
ഇന്നലെയാണ് ബ്രിട്ടനെ ഞെട്ടിച്ച മാറ്റ് ഹാൻകോക്കിൻെറയും സെക്രട്ടറിയുടെയും ചുംബനദൃശ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായത്. കൊളഡാഞ്ചലോയുമായുള്ള ഹാൻകോക്കിന്റെ ചുംബനം സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. ഇരുവരും വിവാഹിതരും, മൂന്ന് മക്കളുടെ രക്ഷിതാക്കളുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തപ്പോൾ മുതൽ സുഹൃത്തായ എംഎസ് കൊളഡാഞ്ചലോയെ കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോഗ്യവകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാക്കി ഹാൻകോക്ക് നിയമിച്ചത് .
ജോൺസൺ കളപ്പുരയ്ക്കൽ
യുകെ : ഇന്ന് 26/6/21 സ്വിൻഡനിൽ നടത്താനിരുന്ന പതിമൂന്നാമത് കുട്ടനാട് സംഗമം മാറ്റിവെച്ചതായി സംഘാടകസമിതി അറിയിച്ചു. യുകെയിലെ കുട്ടനാട്ടുകാർക്ക് ഗൃഹാതുരത്വത്തിൻ്റെ ഇന്നലെകൾ സമ്മാനിച്ചു കൊണ്ട് കഴിഞ്ഞ പതിനൊന്ന് വർഷക്കാലം യുകെയിലെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും ജൂണിലെ അവസാന ശനിയാഴ്ച അഭംഗുരമായി നടന്നുകൊണ്ടിരുന്ന കുട്ടനാട് സംഗമം യുകെയിലെ കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലം നിലനിൽക്കുന്ന സാഹചര്യം മുൻനിർത്തിയാണ് മാറ്റി വച്ചത്. കഴിഞ്ഞ വർഷം സ്വിൻഡനിൽ നടത്താനിരുന്ന പന്ത്രണ്ടാമത് കുട്ടനാട് സംഗമവും കോവിഡ് 19 മുൻനിർത്തി മാറ്റി വച്ചിരുന്നു. പതിമൂന്നാമത് കുട്ടനാട് സംഗമവും സ്വിൻഡനിൽ നടത്താൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.
സാഹചര്യങ്ങൾ അനുകൂലമായാൽ വരുന്ന വർഷം ജൂണിലെ അവസാന ശനിയാഴ്ച സ്വിൻഡനിൽ തന്നെ കൂടുതൽ ഉൾക്കരുത്തോടെ യാഥാർത്ഥ ബോധത്തോടെ 14 മത് കുട്ടനാട് സംഗമം 2022 അണിയിച്ചൊരുക്കുo. ഒരിറ്റു വെള്ളം പൊങ്ങിയാൽ മുങ്ങുന്ന, വർഷാ വർഷം പാലായനം ചെയ്യപ്പെടുന്ന, ജലത്താൽ മുറിവേൽക്കപ്പെടുന്ന ഒരു ജനതയുടെ സ്വയരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും, രാഷ്ട്രീയ നിറം നോക്കാതെ കുട്ടനാടൻ ജനതയുടെ സമന്വയ മുന്നേറ്റങ്ങൾക്കൊപ്പം നിൽക്കാനും, യുകെയും മറ്റ് യുറോപ്യൻ രാജ്യങ്ങളും സാങ്കേതികവിദ്യയുടെ സഹായത്താൽ വെള്ളപ്പൊക്കങ്ങളെ അതിജീവിക്കുന്നത് സമഗ്ര റിപ്പോർട്ടായി കേരള ഗവൺമെൻറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും, കുട്ടനാടിൻെറ സംസ്കാരികതനിമയുടെ വിനിമയം അടുത്ത തലമുറയിലേക്ക് എത്തിക്കുന്ന പാലമായി വർത്തിക്കാൻ കുട്ടനാട് സംഗമം യുകെ പ്രതിജ്ഞാബദ്ധമാണെന്നും കുട്ടനാട് സംഗമം യുകെ സംഘാടക സമിതി കൺവീനർമാരായ സോണി പുതുക്കരിയും റ്റോമി കൊച്ചുതെള്ളിയും അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് പ്രതിസന്ധി നേരിടാൻ രാജ്യം പരിശ്രമിക്കുമ്പോൾ മുൻനിരയിലുള്ള ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് തന്റെ സഹായിയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്. 42കാരനായ ഹാൻകോക്കിന് ഒലിവർ ബോണസ് സ്ഥാപകന്റെ ഭാര്യ ലോബിയിസ്റ്റ് ഗിന കൊളഡാഞ്ചലോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2021 മെയ് 6 ന് വൈറ്റ്ഹാളിൽ വച്ച് ഹെൽത്ത് സെക്രട്ടറി, ഗിനയെ ചുംബിക്കുന്ന സിസിടിവി രംഗങ്ങൾ പുറത്തു വന്നിരുന്നു. 15 വർഷമായി ഭാര്യ മാർത്തയുമായി കുടുംബജീവിതം നയിക്കുന്ന ഹാൻകോക്കിന് മൂന്ന് മക്കളുണ്ട്. ആരോപണവിധേയനായ ഹെൽത്ത് സെക്രട്ടറിയെ പുറത്താക്കണമെന്ന് ലേബറും ലിബറൽ ഡെമോക്രാറ്റുകളും ബോറിസ് ജോൺസനോട് ആവശ്യപ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രിയപെട്ടവരെ ആലിംഗനം ചെയ്യാനും ചുംബിക്കാനും അനുവാദമില്ലെന്നിരിക്കെ ഹാൻകോക്കിന്റെ ഈ പ്രവൃത്തി പരക്കെ വിമർശിക്കപ്പെടുകയാണ്.
ഹാൻകോക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിനായി പോരാടുമ്പോൾ, ലേബറും ലിബറൽ ഡെമോക്രാറ്റുകളും അദ്ദേഹത്തെ കപടനാട്യക്കാരനായി മുദ്രകുത്തി. “ഈ സാഹചര്യങ്ങളിൽ ഞാൻ സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശം ലംഘിച്ചുവെന്ന് അംഗീകരിക്കുന്നു. ഞാൻ ആളുകളെ നിരാശപ്പെടുത്തി. ക്ഷമിക്കണം. ഈ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വ്യക്തിപരമായ വിഷയത്തിൽ എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് നന്ദിയുണ്ട്.” ഹാൻകോക്ക് പ്രതികരിച്ചു. അദ്ദേഹത്തെ പിന്തുണച്ച് ബോറിസ് ജോൺസന്റെ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു: “നിങ്ങൾ ഹെൽത്ത് സെക്രട്ടറിയുടെ പ്രസ്താവന കേട്ടു. അതിൽ കൂടുതലായി ഒന്നും പറയാനില്ല. സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി അദ്ദേഹം അംഗീകരിക്കുന്നു. പ്രധാനമന്ത്രി ആരോഗ്യ സെക്രട്ടറിയുടെ ക്ഷമാപണം സ്വീകരിച്ചു. ”
കമ്മ്യൂണിക്കേഷൻ ഡയറക്ടറായ കൊളഡാഞ്ചലോ മൂന്നു മക്കളുടെ അമ്മയാണ്. കൊളഡാഞ്ചലോയുമായുള്ള ഹാൻകോക്കിന്റെ ചുംബനം തിരഞ്ഞെടുപ്പ് ദിനമായ മെയ് 6 ഉച്ചകഴിഞ്ഞ് 3 മണിയോടെ സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായി ആരോപണമുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. അവിഹിതബന്ധകഥ കൂടി തെളിവ് സഹിതം പുറത്ത് വന്നതോടെ രോഗ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സെക്രട്ടറി കൂടുതൽ വെട്ടിലായിരിക്കുകയാണ്.
ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തിമേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.
ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാകപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി. സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.
കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്നത് ‘അപകടകരമായ’ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ ശകാരിച്ചു. ബ്രിട്ടന്‍ അടിസ്ഥാനരഹിതമായ നുണകള്‍ ആരോപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അത് നടപ്പാകാത്ത പക്ഷം ബോംബിടുമെന്നും വിദേശകാര്യസഹമന്ത്രി സെര്‍ഗെ റ്യായ്‌കോബ് പറഞ്ഞു.
ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്‌കോബ്. തുടര്‍ന്നും പ്രകോപനമുണ്ടായാല്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെഡിറ്ററേനിയനില്‍ തങ്ങളുടെ ആധിപത്യം വര്‍ധിപ്പിക്കാന്‍ കരിങ്കടലില്‍ റഷ്യ നടത്തുന്ന നീക്കങ്ങളാണ് നൂറ്റാണ്ടുകളായി ടര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ എതിരാളികളുമായുള്ള റഷ്യയുടെ ശത്രുതയുടെ ഒരു പ്രധാന കാരണം.
ദീക്ഷയുടെ വെബ് ലോഞ്ച് ഈ ശനിയാഴ്ച 4 .30ന് (UK) 9 മണിയ്ക്ക് (ഇന്ത്യ) നടക്കുന്നതാണ് . പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ് ആണ് ഉദ്ഘാടക. ഇത് ഒരു ലൈവ് പരിപാടിയായി നിങ്ങൾക്ക് ദീക്ഷയുടെ ഫേസ്ബുക്ക് പേജിൽ ( Deekshaa) കാണാം. വെബ് സൈറ്റ് ഒരുക്കിയത് ‘ Blive digital ‘ ആണ്.
വെബ് ലോഞ്ച് പരിപാടിയിലേക്ക് എല്ലാ പ്രേക്ഷകരെയും സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ദീക്ഷയുടെ ഡയറക്ടർമാരായ ആരതി അരുൺ, അരുൺ കുമാർ , അലൻ ആൻറണി , ബ്രയൻ എബ്രഹാം എന്നിവർ അറിയിക്കുന്നു.
യുകെയിലെ ആർട്സ് ഓർഗനൈസേഷനുകളിൽ മുൻനിരയിൽ ഏറ്റവും മികച്ച, സമാനതകളില്ലാത്ത, വൈവിധ്യമാർന്ന കലാപരിപാടികൾ കാഴ്ചവെച്ചു കൊണ്ട് ‘ദീക്ഷ ‘ തിളങ്ങിനിൽക്കുന്നു. ഈയിടെ ‘ ദീക്ഷ’ യ്ക്ക് യു.കെ യിലെ കലാ രംഗത്തെ, ഏറ്റവും അഭിമാനകരമായ ‘ ആർട്സ് കൗൺസിൽ ഓഫ് ഇംഗ്ലണ്ടിന്റ ഒരു പ്രോജക്ട് ചെയ്യാനുള്ള അവസരമുണ്ടായി.( Funded and supported by National Lottery via Arts Council England). ഇനിയും കലാസ്നേഹികൾക്കായി മികവേറിയ ഒരുപാട് കലാ വിരുന്നുകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു എന്ന് ദീക്ഷയുടെ ഡയറക്ടർമാർ പറയുന്നു.
Facebook Page: Deeksha a
Instagram: @ deekshaa . arts
Email: deeksha . arts @ gmail. com
Mobile: 07455276367
ഡെൽറ്റ വേരിയന്റിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം യുകെയിൽ നിന്നുള്ള യാത്രക്കാർ യൂറോപ്യൻ യൂണിയനിൽ എത്തുന്നിടത്തെല്ലാം ക്വാറൻ്റീനിൽ പോകണമെന്ന ഉറച്ച നിലപാടിലാണ് ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ. “ഞങ്ങളുടെ രാജ്യത്ത്, നിങ്ങൾ ഗ്രേറ്റ് ബ്രിട്ടനിൽ നിന്നാണ് വരുന്നതെങ്കിൽ, ക്വാ റൻ്റീൻ കൂടിയേ തീരൂ. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലും അങ്ങനെയല്ല, അതാണ് ഞാൻ ചൂണ്ടിക്കാട്ടുന്നത്,“ മെർക്കൽ ജർമ്മൻ പാർലമെന്റിൽ വ്യക്തമാക്കി.
എന്നാൽ സുരക്ഷിത രാജ്യങ്ങളുടെ യാത്രാ പട്ടിക പുതുക്കാൻ ഒരുങ്ങി യുകെ. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഈ വർഷത്തെ വേനൽക്കാല അവധി യാത്രകൾക്കുള്ള ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഏതൊക്കെ രാജ്യങ്ങളാണ് ക്വാറൻ്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റേണ്ടതെന്നും യാത്രാ നിരോധനം തുടരേണ്ടതെന്നും സർക്കാർ ഇന്ന് വെളിപ്പെടുത്തും.
വിദേശ യാത്രകൾക്കായുള്ള യുകെ സർക്കാരിൻ്റെ ട്രാഫിക് ലൈറ്റ് സംവിധാനത്തിന്റെ ഭാഗമായി ജനപ്രിയ ഹോളിഡേ ഹോട്ട്സ്പോട്ടുകളായ മാൾട്ട, ബലേറിക് ദ്വീപുകൾ – ഐബിസ, മല്ലോർക്ക, മിനോർക്ക, ഫോർമെൻറേറ എന്നിവ ഗ്രീൻ ലിസ്റ്റിൽ ഇടം നേടുമെന്നാണ് പ്രതീക്ഷ. സമീപ ഭാവിയിൽ രണ്ട് ഡോസുകളും എടുത്തവർക്ക് എല്ലാ ആമ്പർ ലിസ്റ്റ് രാജ്യങ്ങളിലേക്കും യാത്ര നടത്താമെന്ന് ആരോഗ്യ സെക്രട്ടറി സൂചന നൽകി.
ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന രണ്ട് ഡോസുകൾ എടുത്തവർക്ക് ക്വാറൻ്റീന് പകരം ദിവസേന കോവിഡ് ടെസ്റ്റ് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്.
അതിനിടെ ഇംഗ്ലണ്ടിലെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. കോവിഡ് ഉള്ളവരിൽ മൂന്നിലൊന്ന് പേരും കുറഞ്ഞത് 12 ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതായി റിയക്ട്-2 നടത്തിയ പഠനം പഠനം വ്യക്തമാക്കുന്നു.
രണ്ട് വിഭാഗം ആളുകളിലാണ് ലോംഗ് കോവിഡ് പ്രശ്നങ്ങൾ ഏറ്റവും പ്രകടമായത്. ആദ്യ വിഭാഗത്തിൽ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ ക്ഷീണം, പേശിവേദന എന്നിവയാണ്, രണ്ടാമത്തെ വിഭാഗത്തിൽ ശ്വാസം മുട്ടൽ, നെഞ്ചിലെ മുറുക്കം, നെഞ്ചുവേദന എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. 2020 സെപ്റ്റംബറിനും ഈ വർഷം ഫെബ്രുവരിക്കുമിടയിൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് ലണ്ടനിൽ നടത്തിയ റിയാക്ട്-2 പഠനത്തിൽ 508,707 മുതിർന്നവരാണ് പങ്കെടുത്തത്.
വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ടിലെ റിട്ട: ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് (72) മറ്റാര്‍ക്കും ഇല്ലാത്ത, കിട്ടരുതേ എന്നാരും ആഗ്രഹിച്ച് പോകുന്ന ഒരു റെക്കോര്‍ഡുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന് റെക്കോര്‍ഡ്.
പത്ത് മാസമാണ് ഡേവ് കോവിഡ് ചികിത്സയിലിരുന്നത്.തുടര്‍ച്ചയായി 43 തവണ കോവിഡ് സ്ഥിരീകരിച്ച ഡേവ് ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന ലോകത്തിലെ ഏക വ്യക്തിയാണ്.ഏഴ് തവണ രോഗം മൂര്‍ഛിച്ച് ഡേവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. ബന്ധുക്കള്‍ പലപ്പോഴും തന്റെ സംസ്‌കാരത്തിനൊരുങ്ങിയിരുന്നുവെന്നാണ് ഡേവ് പറയുന്നത്. 2020 മാര്‍ച്ചിലാണ് ഡേവിന് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.
ആദ്യം ബാധിച്ച വൈറസിന്റെ അവശിഷ്ടങ്ങളാണോ വീണ്ടും വീണ്ടും രോഗത്തിനിടയാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായിരുന്നുവെങ്കിലും ടെസ്റ്റുകളില്‍ ആക്ടീവ് വൈറസുകളാണ് ഡേവിന്റെ ശരീരത്തിലുണ്ടായിരുന്നത് എന്ന് കണ്ടെത്തി. സാധാരണ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ചികിത്സ ഫലിക്കാതെ വന്നതോടെ യുഎസ് ബയോടെക്ക് ഫേം ആയ റീജെനറോണ്‍ വികസിപ്പിച്ചെടുത്ത ആന്റിബോഡികളുപയോഗിച്ച് നടത്തിയ ചികിത്സയിലൂടെയാണ് ഡേവ് കോവിഡ് മുക്തനാകുന്നത്.ബ്രിട്ടനില്‍ ഈ ചികിത്സ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഡേവിന്റെ പ്രത്യേകാവസ്ഥ കണക്കിലെടുത്ത് ഈ ചികിത്സയ്ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.
305 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് റിസള്‍ട്ട് നെഗറ്റീവ് ആയതിന്റെ സന്തോഷം ഭാര്യ ലിന്‍ഡയുമൊത്ത് ഷാംപെയ്ന്‍ പൊട്ടിച്ചാണ് ഡേവ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം താനൊരിക്കലും മറക്കില്ലെന്നും ആര്‍ക്കും ഇത്തരമൊരു അവസ്ഥ വരരുതേ എന്നാണ് ആഗ്രഹിക്കുന്നതെന്നും ഡേവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യമായി കോവിഡ് ബാധിതനാകുമ്പോള്‍ ലുക്കീമിയയില്‍ നി്ന്ന് മോചിതനാകുന്നതേ ഉണ്ടായിരുന്നുള്ളു ഡേവ്. കോവിഡിന് മുമ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഡേവിനെ അലട്ടിയിരുന്നു.
ഡേവിന്റെ കേസ് നിലവില്‍ പഠനത്തിന് വിധേയമാക്കിയിരിക്കുകയാണ് ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് ആന്‍ഡ്രൂ ഡേവിഡ്‌സണ്‍. ഏറ്റവും നീണ്ട കാലം കോവിഡ് ചികിത്സയിലിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഡേവിഡിന്റെ ചികിത്സാറിപ്പോര്‍ട്ട് ജൂലൈയില്‍ നടത്താനിരിക്കുന്ന യൂറോപ്യന്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.
യുകെയിൽ നെഞ്ചിടിപ്പേറ്റി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം. ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ 41 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്.മുൻ ഗാമികളിൽ നിന്ന് വ്യത്യസ്തമായി ഡെൽറ്റ പ്ലസിന് ആശങ്കാജനകമായ മൂന്ന് സ്വഭാവങ്ങളുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്; അതിതീവ്ര വ്യാപന ശേഷി, ശ്വാസകോശ കോശങ്ങളുടെ റിസപ്റ്ററുകളിൽ ശക്തമായ ബൈൻഡിംഗ്, മോണോക്ലോണൽ ആന്റിബോഡി പ്രതികരണം കുറയ്ക്കൽ എന്നിവയാണ്.
ബ്രിട്ടനിൽ ഫെബ്രുവരി 19 ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇരുപത്തിനാലു മണിക്കൂറിനിടെ 11,625 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. 28 ദിവസത്തിനുള്ളിൽ 27 മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴു ദിവസങ്ങളിൽ 91 മരണങ്ങളുണ്ടായി, ആഴ്ചയിൽ ആഴ്ചയിൽ 44.4 ശതമാനം വർധന.
യുകെ വിദേശ യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ കോക്ക് കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.