ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിക്കിടയിൽ ആകസ്മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യന് (45) വികാരനിർഭരമായ വിടവാങ്ങലാണ് യുകെ മലയാളികൾ നടത്തിയത്. ജൂലൈ -3 ദുക്റാന തിരുനാളിന്റെ അന്നായിരുന്നു സുമിത്ത് മരണമടഞ്ഞത്. പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ ഒരുക്കത്തിൽ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി എല്ലാവരും ഒത്തുകൂടിയത് യുകെ മലയാളികളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

യുകെയുടെ നാനാഭാഗത്തുനിന്നും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട സുമിത്തിന് ആദരാഞ്ജലികളർപ്പിക്കാനായി ഒത്തുചേർന്നത്. സുമിത്തിന്റെ മരണത്തിൽ പൊട്ടിക്കരയുന്ന ഭാര്യ മഞ്ജുവിനെയും മക്കളായ റെയ്മണ്ടിനെയും റിയയെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിങ്ങി പൊട്ടുന്ന അന്തരീക്ഷം.

പീൽഹാളിലെ ഒമ്പതാം നമ്പർ വീട്ടിലേയ്ക്ക് രാവിലെ 9 മണി കഴിഞ്ഞ് സുമിത്തിന്റെ ചേതനയറ്റ ശരീരം കൊണ്ടുവന്നപ്പോൾ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് മൃതദേഹം സ്വീകരിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു. വീട്ടിലെ തിരുക്കർമ്മങ്ങൾ നടന്നത് ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ മോൺ. സജി മലയിൽ പുത്തൻപുരയുടെയും ഫാ.ജോസ് അഞ്ചാനിക്കലിന്റെയും നേതൃത്വത്തിലാണ്. 10. 30 തോടു കൂടി ഇടവക ദേവാലയമായ വിഥിൻഷോ സെൻറ് ആൻറണീസ് ദേവാലയത്തിൽ എത്തിച്ച മൃതദേഹം ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ സ്വീകരിച്ചു. സുമിത്തിന്റെ ആത്മശാന്തിയ്ക്കുള്ള ദിവ്യബലിയ്ക്ക് നേതൃത്വം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ആണ് . രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര, മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ, സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മാടത്തിറമ്പിൽ, ഹോളി ഫാമിലി മിഷൻ ഡയറക്‌ടർ ഫാ വിൻസെന്റ് ചിറ്റിലപ്പള്ളി, ബ്ലാക്‌ബേൺ മിഷൻ ഡയറക്‌ടർ ഫാ ഡാനി മുളെപറമ്പിൽ, ഫാ ജോ മൂലേചേരി എന്നിവർ ദിവ്യബലിയിൽ കാർമ്മികരായി.

സുമിത്തിനെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അനുസ്മരിച്ച് സംസാരിച്ചത് കേൾവിക്കാരുടെ കണ്ണ് നനയിക്കുന്ന അനുഭവമായി. തൻറെ ചെറുപ്പം മുതൽ പപ്പ പാടിയ താരാട്ടുപാട്ടായ ലതാ മങ്കേഷ്കറിന്റെ പപ്പാ ജൽദി ആ ജാനാ ഡാഡി ജൽദി ആ ജാനാ മകൾ റിയ നിറകണ്ണുകളോടെ ആലപിച്ചപ്പോൾ മാഞ്ചസ്റ്റർ മലയാളികൾ എല്ലാവരും വിങ്ങിപ്പൊട്ടി. തങ്ങളെ എന്നും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പപ്പയെ കുറിച്ചായിരുന്നു മകൻ റെയ്മണ്ട് നിറകണ്ണുകളോടെ ഓർത്തെടുത്തത്. ആകാശത്തിലെ നക്ഷത്രങ്ങളിലൊരാളായി പപ്പയെ കാണാൻ കൊതിച്ച കുഞ്ഞു മനസ്സിന്റെ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ ആശ്വസിപ്പിക്കാൻ വാക്കുകൾ പരിമിതമായിരുന്നു. അതി വൈകാരികമായി ഭാര്യയും മക്കളും സുമിത്തിന് നൽകിയ യാത്രാമൊഴി ആ കുടുംബനാഥന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമായിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കെ സുമിത് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന നഴ്സുമാർ ഉടനടി ഉണർന്നു പ്രവർത്തിച്ചെങ്കിലും സുമിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.

യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ വളരെയേറെ ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സുമിത്തിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിച്ചേരാനായി.
മെട്രിസ് ഫിലിപ്പ്
മനുഷ്യ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം അവരുടെ യൗവനകാലഘട്ടമാണ്. 15 വയസ്സ് മുതൽ 30വയസ് വരെ നീണ്ടുനിൽക്കുന്ന അതി സുന്ദരമായ വർഷങ്ങൾ. ആ സമയങ്ങളിൽ നേടുന്ന വിദ്യാഭ്യാസവും, അറിവും, പരിശീലനങ്ങളും, കൂട്ടുകെട്ടും, മാതാപിതാക്കളുമൊത്തുള്ള ജീവിതവും, കുടുംബവും എല്ലാം ഒത്തുചേർന്ന്, അവർക്കു ലഭിക്കുന്ന ആ വലിയ അനുഭവസമ്പത്തുകൊണ്ടാണ്, പിന്നീട് ഉള്ള അവരുടെ ജീവിതം സന്തോഷകരമായി തീരുന്നത്. അപ്പോൾ ലഭിക്കുന്ന ഓർമ്മകളെ താലോലിച്ചുകൊണ്ട്, 50 ലും 60കളിലും, സഞ്ചരിക്കുമ്പോൾ അവർ പറയും, ഹൊ, എന്റെ യൗവനകാലഘട്ടമെത്ര രസമായിരുന്നു. അന്ന് ചെയ്ത കുസൃതികൾ ഓർത്തു ചിരിക്കും.
പ്രിയമുള്ളവരെ, ഇപ്പോൾ 40ന് മുകളിലോട്ട് ഉള്ളവർ ഒന്ന് ചിന്തിച്ചേ, തങ്ങളുടെ ആ പഴയ യൗവനകാലഘട്ടത്തെകുറിച്ച്. ജീവിതത്തിൽ, ഇപ്പോൾ നമ്മൾ ഓരോരുത്തരും വ്യത്യസ്ത ചുറ്റുപാടുകളിൽ ജീവിക്കുന്നവർ ആവാം,എങ്കിലും, ആ പഴയ കാലഘട്ടമെല്ലാവർക്കും, ഏതാണ്ട് ഒരുപോലെ ആയിരിക്കും.
ജനിച്ചാൽ മരിക്കും, അത് പ്രകൃതിയുടെ നിയമം ആണ്. എല്ലാ ജീവജാലങ്ങൾക്കും, സസ്യങ്ങൾക്കും എല്ലാം എല്ലാം ആ പ്രതിഭാസം ഉണ്ട് താനും. ഏതു ജീവജാലങ്ങൾക്കും, കരുത്തുള്ള വളർച്ചയുടെ സമയത്ത് നല്ല ഫുഡും, നല്ല അറിവും കൊടുത്താൽ, അവരുടെ മുന്നോട്ടുള്ള ജീവിതം സുന്ദരമാകും.
നാട്ടുരീതികൾ അനുസരിച്ച്, 12th പഠിച്ചതിന് ശേഷം,മാതാപിതാക്കൾ 3-4 വർഷങ്ങൾകൊണ്ട് അവരെ തൊഴിൽ അധിഷ്ഠിത കോഴ്സ് പഠിപ്പിച്ച് ഒരു ജോലിക്കാരാക്കി തീർക്കും. 21/23 വയസ്സിനുള്ളിൽ, ഒരു ജോലി അവർ നേടും. പിന്നെ ഈ പറഞ്ഞവർ ജോലിതിരക്കായി. ജീവിതത്തിന്റെ മറ്റ് enjoyments എല്ലാം മാറ്റിവെച്ചുകൊണ്ട് തന്റെ ജോലിയിൽ അവർ മുഴുകുന്നു. പണം സമ്പാദിക്കുന്നു. പിന്നെ ഒരു വിവാഹം ആണ് ലക്ഷ്യം.
ആധുനിക യുഗത്തിൽ ഒരു ജോലി ലഭിക്കുക എന്നതാണ് ഏറ്റവും പ്രദാനം. അതുകൊണ്ട് തന്നെ നഴ്സിംഗ്, മെഡിക്കൽ കോഴ്സസ്, ഐറ്റി IT കോഴ് സുകൾക്കാണ് കൂടുതലായി ചൂസ് ചെയ്യപ്പെടുന്നത്. അവ പഠിച്ചിറങ്ങിയാൽ ഉടൻ തന്നെ ജോലി ലഭിക്കും, കൂടാതെ വിദേശത്തേയ്ക്കും പറക്കാം.
ഒരു വ്യക്തിയുടെ 30 വയസിന് മുന്നേ തന്നെ വിവാഹം ചെയ്തു കുടുംബജീവിതം തുടങ്ങും. പിന്നെ കുട്ടികൾ ആയി. ഒരു വീട് ഉണ്ടാക്കണം, കുട്ടികളെ പഠിപ്പിക്കണം. അങ്ങനെ ഭാര്യയും ഭർത്താവും ഒന്ന് ചേർന്ന് കുടുംബത്തെ സംരക്ഷിക്കുന്നു. വിദേശത്തുള്ളവരിൽ, ഭാര്യ മിക്കവാറൂം നൈറ്റ് ഷിഫ്റ്റ് ആയിരിക്കും. രാവിലെ, അങ്ങകലെ ഭാര്യയുടെ കാർ കണ്ട്, ഉടനെ ഭർത്താവ് മറ്റൊരു കാറിൽ ജോലിക്കു പോകുന്നു. അങ്ങനെ അങ്ങനെ അവരുടെ ജീവിതചക്രം 50/60 ലും എത്തുമ്പോഴേക്കും, അവരൊക്കെ എന്തെങ്കിലും ഒക്കെ രോഗം പിടിപെടും. മക്കൾ ഒക്കെ മാര്യേജ് ചെയ്ത് വിട്ട് കഴിഞ്ഞു ഒന്ന് റെസ്റ്റ് ചെയ്യാം എന്ന് വിചാരിക്കുമ്പോഴേയ്ക്കും, ഇവർ അവശരായിരിക്കും. സമ്പാദിച്ചു കൂട്ടിയ പണം എല്ലാം കണ്ട് സന്തോഷിക്കാം എന്നല്ലാതെ, മറ്റൊന്നും ചെയ്യാൻ സാധിക്കാതെ ഇരിക്കുന്ന എത്രയോ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്.
അതിനാൽ ചെറുപ്പകാലത്തു മാക്സിമം എൻജോയ് ചെയ്യുവാൻ കുട്ടികൾ ശ്രദ്ധിക്കുക. പഠിക്കാൻ സാധിക്കുന്നിടത്തോളം പുതിയ പുതിയ കോഴ് സുകൾ ചെയ്യുക. പ്ലസ് 2 കഴിഞ്ഞു ഡിഗ്രി പഠിക്കുക. തുടർന്ന് യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുക. കൂടുതൽ അറിവ് നേടുന്നതിനൊപ്പം, നല്ല ഫ്രണ്ട്‌സിനെകൂടി നേടുക. അവരോടൊപ്പം യാത്രകൾ ചെയ്യുക. നല്ലതും ചീത്തയും ആയ അനുഭവങ്ങൾ ഉണ്ടായാൽ മാത്രമേ അതിൽ നിന്നും നന്മ തിന്മകളെ വേർതിരിച്ചെടുക്കാൻ കഴിയൂ .
ഈ കോവിഡ് കാലം ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിച്ചു. കെട്ടിപൊക്കിയ സ്വപ്‍നങ്ങൾ എല്ലാം തകർന്നു വീണില്ലേ. 40/50/60 കളിലൊക്കെ ഉള്ളവർ ഇപ്പോൾ യൗവന കാലഘട്ട ഓർമ്മകൾ താലോലിച്ചുകൊണ്ട് ജീവിതം മുന്നോട്ട് പോകുന്നു. ഇനിയും ഉള്ള കാലം നന്മകൾ ചെയ്ത്, ഉള്ളത് കൊണ്ട് അടിപൊളി ആയി ജീവിക്കാം. Life is beautiful എന്ന് ഉറക്കെ പറയാം.
യുകെയിൽ ട്രാഫിക് ലൈറ്റ് സംവിധാനത്തിലെ ആംബർ ലിസ്റ്റിൽ നിന്ന് ഫ്രാൻസിനെ മാറ്റാൻ നീക്കം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച അവലോകനത്തിൽ ഫ്രാൻസിൽ നിന്നുള്ള യാത്രാ ചട്ടങ്ങൾ പുതുക്കുമെന്നാണ് സൂചന. ഫ്രാൻസിൽ ബീറ്റ വേരിയൻറ് ഭീഷണി നിയന്ത്രണ വിധേയമായതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു.
കൂടാതെ കേസ് നിരക്കിൽ വർദ്ധനയുണ്ടെങ്കിലും ഗ്രീസിനെയും സ്‌പെയിനിനെയും ആംബർ പ്ലസ് പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്നാണ് സൂചന. ഓഗസ്റ്റ് 5 ന് ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. നിലവിൽ ഫ്രാൻസിൽ നിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിനും എടുത്തവർ പത്തുദിവസം വരെ ക്വാറന്റൈനിൽ കഴിയണം. എന്നാൽ രാജ്യം ആംബർ പ്ലസ് പട്ടികയിൽ നിന്ന് ആംബറിലേക്ക് മാറുമ്പോൾ ഈ നിബന്ധനയിൽ നിന്ന് യാത്രക്കാർക്ക് രക്ഷപ്പെടാം.
അതേസമയം ബ്രിട്ടനിൽ രൂക്ഷ വ്യാപനമുള്ള ഡെൽറ്റ വേരിയന്റ് യൂറോപ്പിലെ ബീറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുകയാണെന്നും വരും ആഴ്ചകളിൽ ഇത് വീണ്ടും ഉയരുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. സ്പെയിനിൽ ആശങ്ക പടർത്തുന്നതും കൂടുതൽ വാക്സിൻ പ്രതിരോധ ശേഷിയുമുള്ള ബീറ്റ അഥവാ ദക്ഷിണാഫ്രിക്കൻ വേരിയന്റ് ബ്രിട്ടനിൽ അത്ര പ്രബലമല്ല.
കഴിഞ്ഞ നാല് ആഴ്ചയ്ക്കിടെ ഫ്രാൻസിലെ 3.7 ശതമാനം കേസുകളും ബീറ്റ വേരിയന്റ് മൂലമാണ്. സ്പെയിനിൽ ഇത് 6.9 ശതമാനമാണ്. ഫ്രാൻസിലും കരീബിയൻ പ്രദേശങ്ങളിലെ മാർട്ടിനിക്, ഗ്വാഡലൂപ്പ് ദ്വീപുകൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ റീയൂണിയൻ എന്നിവ ഉൾപ്പെടുന്ന മേഖല എന്നിവിടങ്ങളിൽ ബീറ്റയുടെ വ്യാപനവും ആംബർ ലിസ്റ്റ് പുതുക്കാാനൊരുങ്ങുന്ന യുകെ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
അതിനിടെ ഇംഗ്ലണ്ടിൽ അതിശക്തമായ മഴ പെയ്തിറങ്ങിയതോടെ തലസ്ഥാന നഗരമായ ലണ്ടനിലെ റോഡുകളും വീടുകളും ട്യൂബ് സ്റ്റേഷനുകളും വെള്ളത്തില്‍ മുങ്ങി. ഇടിമിന്നലോട് കൂടിയ കൂടുതല്‍ മഴയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലണ്ടനിലും ഏതാനും ഹോം കൗണ്ടികള്‍ക്കും കൊടുങ്കാറ്റിന് സാധ്യതയുള്ള ആംബര്‍ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്.
നോര്‍വിച്ച് മുതല്‍ പ്ലൈമൗത്ത് വരെയുള്ള മേഖലകള്‍ക്ക് ഗതാഗത തടസ്സവും, വൈദ്യുതി തകരാറിനും കാരണമാകുന്ന കൊടുങ്കാറ്റിന് സാധ്യതയുള്ളതിനാല്‍ യെല്ലോ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
ഈസ്റ്റ് ലണ്ടനിലെ ന്യൂഹാം ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ചികിത്സ ആവശ്യമുള്ളവര്‍ മറ്റേതെങ്കിലും ആശുപത്രിയില്‍ പോകാൻ അധികൃതർ ആവശ്യപ്പെട്ടു. വിപ്‌സ് ക്രോസ് ഹോസ്പിറ്റല്‍, ന്യൂഹാം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിളും കനത്ത മഴയില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായി ബാര്‍ത്സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റ് അറിയിച്ചു.
സൗത്തെൻഡ് ഓൺ സീ: ലോകം നേരിട്ട മഹാമാരിയിൽ നിന്ന് കാത്തു രക്ഷിച്ച ദൈവത്തിനു നന്ദിയേകികൊണ്ട് ഇന്നലെ സൗത്തെൻഡ് ഓൺ സീയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ ശനിയാഴ്ച്ച കുഞ്ഞുങ്ങളുടെ ദിവ്യകാരുണ്യ സ്വീകരണവും ഫാദർ ജോസഫ് മുക്കാട്ടിന്റെയും ഫാദർ ജോഷി തുമ്പക്കാട്ടിന്റെയും മുഖ്യ കാർമികത്വത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.
ഇത്രയും നാൾ ആപത്തൊന്നുമേശാതെ നോക്കി നടത്തിയ നല്ല നാഥന്റെ കാരുണ്യവും സ്നേഹവുമെല്ലാം ഉച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ട് സൗത്തെൻഡ് ഓൺ സീയിൽ അനുഗ്രഹ പെരുമഴയിൽ പങ്കെടുക്കുവാൻ പരിശുദ്ധാത്മാവിന്റെ സ്നേഹവായ്പ്പിൽ മുങ്ങി നിവർന്ന് കുഞ്ഞുണ്ണികളുടെ മാമ്മോദീസ സ്വീകരണവും യേശുവാകുന്ന മുന്തിരിച്ചെടിയുടെ ശാഖകളിലേക്ക് ഒട്ടിച്ചേർക്കപെട്ടു കൂടുതൽ ഫലം നൽകുവാനായി ഒത്തുചേർന്ന കുഞ്ഞുമക്കളുടെ കുർബാന സ്വീകരണവും എല്ലാത്തിനും താളവും മേളവും തിളക്കവും നൽകാനായി വിശുദ്ധ അൽഫോൻസമ്മയുടെ പെരുന്നാളും ഭക്തിയാദരപൂർവ്വം കൊണ്ടാടി.
റീനു ട്രീസ റോയി, ജോവിറ്റ സാബു സെബാസ്റ്റ്യൻ, മെറിൻ അഞ്ചാണ്ടിൽ, ആൻഡ്രിൻ സെബാൻ ജെയ്‌സൺ, ആരോൺ മാത്യു ടോജി, ആഷെർ എനോച് കുറ്റിക്കാടൻ തോമസ് ……. എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങി എത്തിയത്. ഇതിടൊപ്പം റൂബൻ കുറ്റിക്കാടൻ തോമസിന്റെ മാമ്മോദീസായും നടക്കുകയുണ്ടായി.

വല്യപ്പന്മാരുടേയും വല്യമ്മമാരുടെയുമൊക്കെ അനുഗ്രഹാശിസുകളോടെ നടത്തപെടാൻ ഏറെ ആഗ്രഹിച്ചിരുന്ന കുഞ്ഞുങ്ങൾക്ക് നമ്മുടെ നാടിൻറെ വീര്യം ഒട്ടും തന്നെ കളയാതെ വേദോപദേശങ്ങൾ അതിന്റെതായ ചൈതന്യത്തിൽ പകർന്നു കൊടുക്കാൻ യത്നിച്ച ജിഷ നൈസും ഈ ഒരു നിമിഷത്തെ സ്വർഗ്ഗതുല്യമാക്കാൻ ശ്രുതിമധുരഗാനമാലപിച്ച ഗായഗസംഗത്തിനും ജോലിഭാരമെല്ലാം മാറ്റിവച്ചു എല്ലാ ഇടവക അംഗങ്ങളുടെയും സാരധിയായ് നിന്ന് യെത്നിച്ച ട്രസ്റ്റി ടീമിനും ഏറ്റവുമുപരി എല്ലാത്തിനും ചുക്കാൻ പിടിച്ചു മുന്നോട്ടു നടത്തിയ ഞങ്ങളുടെ ബഹുമാനപെട്ട ജോസഫ് അച്ഛനും ഞങ്ങൾ ഇടവകയുടെ സ്‌നേഹാദരവുകൾ…..
വാർത്ത
ജോസ്‌ന സാബു സെബാസ്റ്റ്യൻ
സൗദിയിൽ നഴ്സാണ് മിന്നു. ദുബായിലാണ് ഇമ്മാനുവേലിൻ്റെ ജോലി. ഇരിങ്ങാലക്കുട രൂപത, മാള ഇടവകയിലെ മഞ്ഞളി കുടുംബാംഗമാണ് ഇമ്മാനുവേൽ. എറണാകുളം രൂപതയിലെ കൊരട്ടി ഇടവക, ചിറങ്ങര കുന്നത്തുപറമ്പിൽ കുടുംബാംഗമാണ് മിന്നു. ഇവരുടെ വിവാഹ ആലോചന കൊണ്ടുവരുന്നത് ബന്ധുക്കൾ തന്നെയാണ്.
2019 നവംബർ മാസം രണ്ടു പേരും വീഡിയോ കോൾ വഴി പരിചയപ്പെട്ട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ എത്തുന്നു. നാട്ടിലുള്ള വീട്ടുകാർ പരസ്പരം വീടുകളിൽ ചെന്നു കണ്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. 2021 ജനുവരിയിൽ വിവാഹം നടത്താമെന്നായിരുന്നു വാക്ക് . 2020 ആഗസ്റ്റ് 26. മനുവിൻ്റെ ബർത്ത് ഡേ. വിഷ് ചെയ്യാൻ വിളിച്ച മിന്നുവിനോട് മനു പറഞ്ഞു: “എൻ്റെ വയറിന് വല്ലാത്ത അസ്വസ്ഥത.” അതൊരു തുടക്കമായിരുന്നു. ഗുളികകൾ പലതും കഴിച്ചിട്ടും അസുഖം മാറിയില്ല. ആശുപത്രിയിലെത്തി. പരിശോധനയിൽ ചെസ്റ്റിന് താഴെ ഒരു ട്യൂമർ കണ്ടെത്തി.
ബയോപ്സി റിസൽട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു: അക്യുട്ട് ലിംഫോസൈറ്റിക് ലുക്കേമിയ! എല്ലാവർക്കും വിഷമമായി. നിശ്ചയിച്ച വിവാഹം നടത്തണമോ വേണ്ടയോ എന്നുള്ള ചർച്ചകളായി. മനുവിനെ സ്വീകരിക്കണമോ വേണ്ടയോ എന്ന ചർച്ചകൾക്കിടയിൽ മിന്നു സ്വയം പറഞ്ഞു: ”ഈ അസുഖം വിവാഹത്തിനു ശേഷം വന്നാൽ ഞാനത് ഫെയ്സ് ചെയ്യണം. ഈ അസുഖം എനിക്കും വരാം. അതു കൊണ്ട് വിവാഹവുമായ് മുന്നോട്ടു പോകുക തന്നെ.”
2020 സെപ്തംബറിൽ ഇമ്മാനുവേൽ നാട്ടിൽ എത്തി. ലൂക്കേമിയ തന്നെയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഏത് രോഗത്തെയും പ്രാർത്ഥനകൊണ്ടും ആത്മധൈര്യം കൊണ്ടും നേരിടാം എന്ന വിശ്വാസം ഇമ്മാനുവേലിനുണ്ടായിരുന്നു. രോഗത്തെക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: ”എനിക്ക് ക്യാൻസറല്ലേ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ ഡോക്ടർ ഞെട്ടി. എൻ്റെ അമ്മയ്ക്ക് ഇതേ രോഗമായിരുന്നു. ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല എന്നും ഞാൻ ഡോക്ടറോട് പറഞ്ഞു….” ഉറച്ച ബോധ്യത്തോടെ ഇമ്മാനുവേൽ തുടർന്നു:
“ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. പഠിക്കാൻ ആവറേജ് ആയ എന്നെ ദൈവം ദുബായിൽ എത്തിച്ചു. എനിക്ക് ജോലി നൽകി. ചികിത്സയ്ക്ക് ലക്ഷങ്ങളാണ് ചെലവായത്. എന്നാൽ കുറേയൊക്കെ ഇൻഷുറൻസ് വഴി ലഭിച്ചു. എൻ്റെ അപ്പച്ചനോ, വിവാഹിതയായ ചേച്ചിക്കോ ഈ അസുഖം നൽകാതെ, ദൈവം എനിക്ക് തന്നതിൽ സന്തോഷമേയുള്ളൂ. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ലെന്ന ദൃഢവിശ്വാസം അന്നും ഇന്നും എനിക്കുണ്ട്….”
2021 ഏപ്രിൽ അവസാനം മിന്നു നാട്ടിലെത്തിയതിനു ശേഷമാണ് ഇരുവരും നേരിൽ കാണുന്നത് തന്നെ. മെയ് 9 ന് മനസമ്മതവും 12 ന് വിവാഹവും കഴിഞ്ഞു. “എന്തിനെയും പോസിറ്റീവായ് സമീപിക്കണം” എന്നതാണ് ഇമ്മാനുവേലിൻ്റെ ആപ്തവാക്യം. ആ ധൈര്യം കണ്ടപ്പോൾ കൂടെ നിൽക്കണമെന്ന് മിന്നുവിനും തോന്നി. നിസാര കാര്യത്തിനുപോലും വിവാഹബന്ധം വേർപെടുത്താൻ തയ്യാറാകുന്ന ദമ്പതികൾക്കും
ജീവിതസുഖത്തിന് ഉദരശിശു തടസമാണെന്ന് വാദിക്കുന്നവർക്കും ഈ യുവ ദമ്പതികൾ വെല്ലുവിളി തന്നെ!
ഒപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏത് രോഗത്തെയും ശാപമായും പാപത്തിൻ്റെ പ്രതിഫലമായുമെല്ലാം കാണുന്നവരുണ്ടല്ലോ? യഹൂദർക്കിടയിലും അത്തരം ചിന്താഗതിക്കാർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ജന്മനാ അന്ധനായ ഒരുവനെ നോക്കിക്കൊണ്ട്; ഇവൻ അന്ധനായ് ജനിച്ചത് ആരുടെ പാപം കൊണ്ടാണെന്ന് അവർ ചോദിക്കുന്നതും. “…ആരുടെയും പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ് ” (യോഹ 9 : 3) എന്നായിരുന്നു ക്രിസ്തുവിൻ്റെ മറുപടി.
വ്യക്തിപരമായ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രതിസന്ധികളും രോഗാവസ്ഥകളും ദൈവത്തിന് ഇടപെടാനുള്ള അവസരങ്ങളായ് കാണുമ്പോൾ മാത്രമേ വിശ്വാസ ജീവിതം സഫലമാകൂ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. രണ്ട് പേരെയും നന്നായി അറിയുന്ന ഫാദർ ജെൻസൺ പറഞ്ഞു നിർത്തുന്നു സോഷ്യൽ മീഡിയയിൽ.
വീഡിയോ കാണാം
യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.
ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷംവരെ ഉയരാം. പ്രശ്നക്കാരാകോവിഡ് വകഭേദങ്ങൾ അതിവേഗത്തിൽ വ്യാപിക്കുന്നവയാണ്. ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയൻറ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ യഥാർത്ഥ രൂപത്തേക്കാൾ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്നതായിരുന്നു എന്നത് ഉദാഹരണം.
അതിനിടെ ബ്രിട്ടനിലെ പ്രതിദിന കൊറോണ വൈറസ് കേസുകൾ തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. കഴിഞ്ഞയാഴ്ചയിൽ നിന്ന് 41 ശതമാനം ഇടിവ്. മൂന്നാം തരംഗം അടുത്തയാഴ്ച കേസുകൾ വീണ്ടും ഉയർത്തുമെന്ന മുന്നറിയിപ്പിനിടെ ഉണ്ടാകുന്ന സ്ഥിരമായ ഇടിവ് പ്രതീക്ഷകൾ നൽകുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണക്കുകൾ പ്രകാരം യുകെയിൽ 31,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 46,519,998 പേർക്ക് ഇപ്പോൾ ഒരു വാക്സിൻ ആദ്യ ഡോസും 36,953,691 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.
വടക്കൻ അയർലണ്ടിൽ 1,520 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ 163 കോവിഡ് പോസിറ്റീവ് രോഗികളാണ് ഉണ്ടായിരുന്നത്. വടക്കൻ അയർലണ്ടിൽ ആകെ 2,200,125 പേർക്ക് ഇതുവരെ വാക്സിനുകൾ നൽകി. ശരത്കാലം വരെ രാജ്യത്തുടനീളം കേസുകൾ തുടരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രോഗം പടരുന്നത് തുടരുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) എന്നിവയിലെ പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു.
യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എംപിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും.
രണ്ട് പിസിആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ ഉൾപ്പെടുന്ന താമസത്തിനായി യാത്രക്കാർ നിലവിൽ ഒരാൾക്ക് 1,750 പൗണ്ട് നൽകുന്നു. നിരക്കുകൾ വർദ്ധിപ്പിച്ചാൽ ഒരാൾക്ക് 2,250 പൗണ്ട് വീതം നൽകേണ്ടി വരും.
സിംബാബ്‌വെ, ക്യൂബ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളെ ഇപ്പോൾ ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ലിസ്റ്റിലുണ്ടായിരുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 30,000 ത്തോളം ഹോളിഡേ മേക്കർമാർ സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളിൽ ക്വാറന്റൈനിൽ താമസിച്ചിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കരുതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സർക്കാർ ക്വാറന്റൈനിലേക്ക് മടങ്ങിവരേണ്ട ഒരേയൊരു ആളുകൾ ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പൗരന്മാരാണ്, അല്ലെങ്കിൽ സ്ഥിരമായി താമസിക്കാനുള്ള അവകാശമുള്ള ആളുകൾ മാത്രമാണെന്നും കോമൺസിൽ സംസാരിക്കവെ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
കോവിഡിന്റെ അപകട സാധ്യത കുറയ്ക്കുന്നതിനുള്ള മൂർച്ചയുള്ള ഉപകരണമായി ഹോട്ടൽ ക്വാറന്റൈൻ 2021 ഫെബ്രുവരിയിലാണ് നടപ്പിലാക്കിയത്. കൂടാതെ ഏതെങ്കിലും പുതിയ വകഭേദങ്ങളും യുകെയിലേക്ക് കൊണ്ടുവരുന്നത് തടയുന്നതിനുമുള്ള മാർഗ്ഗമായും കൂടിയാണ് സർക്കാർ ഹോട്ടൽ ക്വാറന്റൈൻ അവതരിപ്പിച്ചത്.
ഡബ്ലിന്‍: അയർലണ്ടിലെ മലയാളികൾക്ക് ദുഃഖം നൽകി ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ജിഷ സൂസന്‍ ജോണ്‍ (39) മരണമടഞ്ഞു. ഡബ്ലിന്‍ ബ്‌ളാക്ക് റോക്ക് കോണല്‍സ്‌കോട്ടിലെ രജീഷ് പോളിന്റെ ( സെന്റ് ഗബ്രിയേല്‍ അപ്പാര്‍ട്ട്‌മെന്ട്) ഭാര്യയാണ് പരേത. മൂവാറ്റുപുഴ പാലക്കുഴ ഓലിക്കൽ പുത്തൻപുരയിൽ കുടുംബാംഗമാണ് ജിഷ സൂസൻ.
തിരുവനന്തപുരം തിരുമല തെന്നടിയിൽ നവമന്ദിരം ജോൺ ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകളാണ് ജിഷ. ബ്ളാക്ക്റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജിഷ. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയോളമായി ഹോസ്പിറ്റലില്‍ ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചാണ് ജിഷ മരണമടഞ്ഞത്.
ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് ജിഷയുടെ ഭർത്താവ് രജീഷ് പോൾ. അയർലണ്ടിലെ അത്ലോണിലും,ഡബ്ലിനിലെ സെന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലിലും ജിഷ സൂസൻ ജോൺ നഴ്‌സായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യവേ ആണ് അയർലണ്ടിലേക്ക് കുടിയേറിയത്.
ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്. ശവസംസ്ക്കാരം സംബന്ധിച്ച വിവരം തീരുമാനമായിട്ടില്ല. ജിഷയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനങ്ങൾ ബന്ധുമിത്രാദികളെ അറിയിച്ചുകൊള്ളുന്നു.
യുകെയിൽ 16 മേഖലകളിലെ ജീവനക്കാർക്ക് സെൽഫ് ഐസോലേഷനിൽ ചട്ടങ്ങളിൽ ഇളവ്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കമുണ്ടായതിന് ശേഷം ക്വാറൻ്റീനിൽ പോകുന്നതിൽ നിന്ന് 2 ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ഊർജ്ജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ ഉൽപാദനവും വിതരണവും, മാലിന്യങ്ങൾ, വെള്ളം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അവശ്യ ഗതാഗതം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ വിതരണങ്ങൾ, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, അവശ്യ പ്രതിരോധ സേവനങ്ങൾ, തദ്ദേശ സ്വയംഭരണം എന്നീ മേഖലകൾക്കാണ് പുതിയ ഇളവ് ബാധകം.
ഈ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സെൽഫ് ഐസോലേഷൻ മതിയാക്കി ജോലിസ്ഥലത്തേക്ക് പോകാനും ദിവസേനയുള്ള കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ ജോലി തുടരാനും അനുമതിയുണ്ട്. എന്നാൽ ടെസ്റ്റിൽ പോസിറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ വീട്ടിൽ തന്നെ തുടരുകയും ക്വാറൻ്റീൻ ചട്ടങ്ങൾ പാലിക്കുകയും വേണം.
പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഇളവുകൾ ബാധകമാകൂ. മാത്രമല്ല ഇവർ രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ക്വാറൻ്റീനിൽ നിന്ന് ഒഴിവാക്കാവുന്ന നിർണായക ജോലികളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മേൽപ്പറഞ്ഞ മേഖലകൾ ഒഴികെ ജോലികളെക്കുറിച്ച് ഉത്തരവിൽ ഒന്നും പറയുന്നില്ല.
ഉത്തരവിലെ അവ്യക്തത മൂലം നിർണായക സേവനങ്ങളിൽ പരിമിതമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാത്രമേ ഈ ഇളവുകൾ ലഭ്യമാകൂ എന്നാണ് സൂചന. മാത്രമല്ല, ഓഗസ്റ്റ് 16 വരെ മാത്രമാണ് ഈ ഇളവുകൾക്ക് പ്രാബല്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നലെ ബ്രിട്ടനിൽ ഔദ്യോഗിക കണക്കുപ്രകാരം 39,906 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ വ്യാഴാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 17.8 ശതമാനം കുറവാണ്. എന്നാൽ കോവിഡ് ബാധിതരുടെ എണ്ണത്തിലെ കുറവ് താൽക്കാലികം മാത്രമാണെന്ന് വിദഗ്ധർ മുന്നറിയിപ്പുനൽകി. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് പ്രൊഫസർ പോൾ ഹണ്ടറിൻെറ അഭിപ്രായത്തിൽ പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവ് കാണിക്കുന്നുണ്ട്. പക്ഷേ ജൂലൈ 19 -ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിനുശേഷമുള്ള രോഗവ്യാപനം നിലവിലെ കണക്കുകളിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വരും ആഴ്ചകളിൽ രോഗവ്യാപനം ക്രമാതീതമായി ഉയരാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടെ എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്നുള്ള സുരക്ഷാ മുന്നറിയിപ്പ് മൂലം ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നതു മൂലമുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് 16 മേഖലകളിൽ ജോലി ചെയ്യുന്നവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി ഗവൺമെൻറ് മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ഭക്ഷ്യോല്പാദനവും വിതരണവും, ജലം, വെറ്റിനറി മരുന്നുകൾ, അവശ്യ രാസവസ്തുക്കൾ, അത്യാവശ്യ ഗതാഗതം , മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, ക്ലിനിക്കൽ ഉപഭോഗ സപ്ലൈസ്, അടിയന്തര സേവനങ്ങൾ, അതിർത്തി നിയന്ത്രണം, ഊർജം, സിവിൽ ന്യൂക്ലിയർ, ഡിജിറ്റൽ ഇൻഫ്രാസ്‌ട്രക്ചർ, വേസ്റ്റ്, ആവശ്യമായ പ്രതിരോധ പ്രവർത്തനം, പ്രാദേശിക ഗവൺമെന്റ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഇളവുകൾ ബാധകം. ഈ മേഖലകളിലെ ജോലിക്കാർക്ക് ഐസൊലേഷൻ ഉപേക്ഷിച്ച് ജോലിസ്ഥലത്തേയ്ക്ക് പോകാനും ദൈനംദിന പരിശോധനയ്ക്ക് ശേഷം ജോലി ചെയ്യാനും കഴിയും. പക്ഷേ പരിശോധന ഫലം പോസിറ്റീവ് ആണെങ്കിൽ നേരിട്ട് വീട്ടിലേക്ക് തന്നെ പോകുകയും ക്വാറന്റീനിൽ പ്രവേശിക്കുകയും വേണം.