കടുപ്പമേറിയ സമ്മറിന് ഇടക്കാല ആശ്വാസമായി യുകെയിലെ പലയിടങ്ങളിലും ശക്തമായ മഴ. കാലാവസ്ഥയിലുണ്ടായിരിക്കുന്ന നാടകീയ മാറ്റത്തോടെ ഹോസ്‌പൈപ്പ് ബാനില്‍ നിന്ന് വാട്ടര്‍ കമ്പനികള്‍ പിന്‍വാങ്ങുമെന്നാമണ് കരുതുന്നത്. സമീപകാലത്തെ ഏറ്റവും ചൂടേറിയ സമ്മറായിരുന്നു യുകെയില്‍ അനുഭവപ്പെട്ടത്. ചൂട് കൂടിയതോടെ ജലവിതരണത്തിലും ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് വാട്ടര്‍ കമ്പനികള്‍ അറിയിച്ചിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ ഹോസ്‌പൈപ്പ് നിരോധനം കൊണ്ടുവരാനായിരുന്നു കമ്പനികളുടെ തീരുമാനം.
നദികളിലെയും ജലസംഭരണികളിലെയും ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെയാണ് കമ്പനികള്‍ ഈ തീരുമാനത്തിലെത്തിയത്. സാധാരണ സമ്മറില്‍ ലഭിക്കുന്നതിനെക്കാളും കൂടിയ നിരക്കിലാണ് പലയിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിട്ടത്. അതേസമയം ഹീറ്റ് വേവ് അടുത്ത ദിവസങ്ങളില്‍ തിരികെയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീറ്റ് വേവ് തിരികെയെത്തുന്നതോടെ ജലക്ഷാമവും ഉണ്ടാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഭരണികളിലെ ജലനിരപ്പ് കുറഞ്ഞാല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ജലവിതരണ കമ്പനികള്‍ നിര്‍ബന്ധിതരാവും.
യുകെയിലെ ഏറ്റവും വലിയ ജലവിതരണക്കാരായ യുണൈറ്റഡ് യൂട്ടിലിറ്റീസാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 7 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഈ നിയന്ത്രണങ്ങള്‍ 5 മുതല്‍ 10 ശതമാനം വരെ ഉപഭോഗത്തില്‍ കുറവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദിവസം ഏകദേശം 100 മില്യണ്‍ ലിറ്ററിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴ സംഭരണികളിലെ ജലനിരപ്പ് ഉയര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസ് അധികൃതര്‍ പ്രതികരിച്ചു. ഹോസ്‌പൈപ്പ് നിരോധനത്തിന് മുന്‍പ് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റിന്റെ ഭീകര വിരുദ്ധ പദ്ധതിയായ പ്രിവന്റ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ഭീതി വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്താത്തതാണ് ഭീതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ശരിയായ സന്ദേശം സ്റ്റാറ്റിയൂട്ടറി ഏജന്‍സികള്‍ ഏറ്റവും കൂടുതല്‍ സംശയിക്കുന്ന കമ്യൂണിറ്റികള്‍ എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡ് ബേണ്‍ഹാമാണ് ദി ഇന്‍ഡിപ്പെന്‍ഡന്റ് പ്രിവന്റിംഗ് ഹെയ്റ്റ്ഫുള്‍ എക്‌സ്ട്രീമിസം ആന്‍ഡ് പ്രമോട്ടിംഗ് സോഷ്യല്‍ കൊഹിഷന്‍ റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തത്.
22 പേര്‍ കൊല്ലപ്പെട്ട മാഞ്ചസ്റ്റര്‍ അറീന ചാവേറാക്രമണത്തിനു ശേഷമായിരുന്നു ഇത്. ജനങ്ങള്‍ തീവ്രവാദത്തിലേക്കും തീവ്രവാദാശയങ്ങളെ പിന്തുണക്കുന്നതിലേക്കും നീങ്ങാതിരിക്കാനുള്ള പദ്ധതിയാണ് പ്രിവന്റ്. തീവ്രവാദാശയങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിനെതിരെ എംപിമാരും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും നേരത്തേ രംഗത്തെത്തിയിരുന്നു. മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും കൂടുതല്‍ ആളുകള്‍ തീവ്രവാദത്തിലേക്ക് തിരിയാനും മാത്രമേ ഈ പദ്ധതി ഉപകരിക്കൂവെന്നായിരുന്നു പ്രധാന വിമര്‍ശനം.
പ്രിവന്റിനെക്കുറിച്ച് ആളുകള്‍ക്ക് വ്യക്തത വരുത്തുകയാണ് വേണ്ടതെന്ന് ബേണ്‍ഹാം അഭിപ്രായപ്പെട്ടു. കമ്യൂണിറ്റിളെ ലക്ഷ്യമിടുന്നതായി തോന്നിക്കാതെ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാകുന്ന വിധത്തില്‍ പ്രാദേശികമാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലേക്ക് തിരികെ വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത രോഗികളുടെ ജീവന്‍രക്ഷാ ഉപകരണങ്ങളും മറ്റും നീക്കം ചെയ്യാന്‍ ഇനി മുതല്‍ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. മസ്തിഷ്‌കത്തിന് സാരമായി പരിക്കേറ്റ് 2017 മുതല്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന 52കാരന് ദയാ മരണം നല്‍കണമന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന തീരുമാനം. ഇദ്ദേഹത്തിന് ബോധം തിരികെ ലഭിക്കാനുള്ള സാധ്യതയില്ലെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയതോടെ ഭക്ഷണവും വെള്ളവും നല്‍കുന്ന ട്യൂബുകള്‍ മാറ്റാന്‍ കുടുംബാംഗങ്ങള്‍ അനുവാദം നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഹൈക്കോര്‍ട്ട് ഇതിന് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ വിധത്തില്‍ പ്രതികരണ ശേഷിയില്ലാതെ കഴിയുന്ന രോഗികളെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പുകള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. മിസ്റ്റര്‍ വൈ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രോഗി ഡിസംബറില്‍ മരിച്ചു. ഇന്നലെയാണ് സുപ്രീം കോടതി അപ്പീല്‍ തള്ളിക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികള്‍ക്ക് ലഭിച്ചിരുന്ന സുപ്രധാന നിയമ പരിരക്ഷയാണ് ഇതിലൂടെ ഇല്ലാതായതെന്ന് അഭിഭാഷകര്‍ വിമര്‍ശിച്ചു.
രോഗികളുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന തീരുമാനമാണ് ഡോക്ടര്‍മാരും ബന്ധുക്കളും സ്വീകരിക്കുന്നതെങ്കില്‍ അതിന് കോടതിയുടെ അനുവാദം ആവശ്യമില്ലെന്നാണ് ഉത്തരവ്. നിയമ നടപടികള്‍ക്ക് സാധാരണ ഗതിയില്‍ കാലതാമസമുണ്ടാകുകയും ഹെല്‍ത്ത് അതോറിറ്റികള്‍ക്ക് അപ്പീലുകള്‍ക്കും മറ്റുമായി പണച്ചെലവുണ്ടാകുകയും ചെയ്തിരുന്നു. ക്ലിനിക്കലി അസിസ്റ്റഡ് ന്യൂട്രീഷന്‍ ആന്‍ഡ് ഹൈഡ്രേഷന്‍ എന്ന പ്രക്രിയ പിന്‍വലിക്കുന്നതിന് കോടതിയുടെ ഉത്തരവ് ആവശ്യമില്ലെന്ന ഹൈക്കോടതി വിധി ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്തിരിക്കുന്നത്.
ലണ്ടന്‍ : ഹാംപ്ഷയറില്‍ 13 വയസുകാരിയെ പീഡനത്തിനിരയായി മരക്കൂട്ടങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത് 24-കാരനായ കെയറര്‍ . സ്റ്റിഫന്‍ നിക്കോള്‍സന്‍ എന്നയാളാണ് ലൂസി മക്ഹഗിന്‍ എന്ന പെണ്‍കുട്ടിയുടെ കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറയുന്നു. ഇയാള്‍ സമീപകാലത്തായി ലൂസിയുടെയും 33 കാരിയായ അമ്മയുടെയും ഒപ്പം സൗത്താംപ്റ്റനിലെ വീട്ടിലായിരുന്നു. മരണത്തിനു മുമ്പ് ലൂസി നിക്കോള്‍സനൊപ്പം ഉണ്ടായിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ലൂസി ജോഗിംഗിന് പോകാറുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ 7.45-ഓടെ ഹാംപ്ഷയറിലെ സൗത്താംപ്ടണ്‍ സ്‌പോര്‍ട്‌സ് സെന്ററിന് സമീപമുള്ള മരക്കൂട്ടങ്ങള്‍ക്കിടയിലാണ് ലൂസി മക്ഹഗിലിന്റെ ജഡം കണ്ടെത്തിയത്.
കൊലപാതകത്തിന് മുമ്പായി കുട്ടി പീഡനത്തിരയായി എന്നാണ് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെ വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബുധനാഴ്ച രാവിലെ 9.30ന് മാന്‍സെല്‍ റോഡ് ഈസ്റ്റിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ലൂസി പിന്നീട് തിരിച്ചെത്തിയില്ല. അന്വേഷണം നടന്നുവരവെയാണ് ജഡം കണ്ടെത്തുന്നത്. പൊതുജനങ്ങളില്‍ നിന്നും ഒരാളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്.
മകളെ കാണാനില്ലെന്ന വിവരം ലൂസിയുടെ അമ്മ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘ലൂസി വൈറ്റിനെ ആരെങ്കിലും കണ്ടോ. അവളെ കാണാതായി, പോലീസ് അന്വേഷിക്കുന്നുണ്ട്. എന്ത് സഹായം കിട്ടിയാലും ഉപകരിക്കും. നീല ജീന്‍സും, ബ്ലാക്ക്/വൈറ്റ് ജാക്കറ്റും, ഗ്രേ അല്ലെങ്കില്‍ ഗ്രീന്‍ ടോപ്പും, നീല ഡിജിറ്റല്‍ വാച്ചുമാണ് അണിഞ്ഞിരിക്കുന്നത്’- എന്നായിരുന്നു അവര്‍ കുറിച്ചത്. ലൂസിയുടെ ജഡം കണ്ടെത്തിയശേഷവും മാതാവ് ഈ വിവരം പങ്കുവച്ചിരുന്നു.
ദാരുണമായ സംഭവമാണ് നടന്നതെന്ന് ഹാംപ്ഷയര്‍ പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ ബാര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. എപ്പോഴും ചിരിച്ച് എല്ലാവരോടും അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ലൂസിയെന്ന് സുഹൃത്തുക്കള്‍ അനുസ്മരിച്ചു. സംഭവത്തിന്റെ ഞെട്ടലിലാണവര്‍.
ലണ്ടന്‍ : പലിശ നിരക്കുകള്‍ ദശാബ്ദത്തിലെ വര്‍ധനയ്ക്ക് ഒരുങ്ങവെ പൗണ്ട് മൂല്യം ഇടിയുമെന്ന് ആശങ്ക. മുമ്പ് പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന വാര്‍ത്തകള്‍ പൗണ്ടിന് തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ മലയാളികള്‍ ആശങ്കയിലായി. ഏറെനാളായി പൗണ്ട് മൂല്യം 88 -90 നിലയില്‍ ഏതാണ്ട് സ്ഥിരതയില്‍ തുടരുകയായിരുന്നു. ബ്രക്‌സിറ്റ് ഹിതപരിശോധനയോടെ വീണുപോയ പൗണ്ട് തിരിച്ചു കയറി വരുകയായിരുന്നു. ഏപ്രിലില്‍ 94.24 എന്ന നിലയില്‍ പൗണ്ട് എത്തിയിരുന്നു.
പലിശ നിരക്കുകള്‍ വര്‍ധിപ്പിയ്‌ക്കേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്. മിക്കവാറും അടുത്തയാഴ്ച പ്രതീക്ഷിക്കാം. പലിശ നിരക്കുകളില്‍ 0.75 ശതമാനം വരെ വര്‍ദ്ധനവ് ആണ് ഉണ്ടാവുക. 2009ല്‍ 0.5 ശതമാനം പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നിരക്കാണ് 2016 വരെ നിലനിന്നിരുന്നത്. ബ്രക്‌സിറ്റ് വോട്ടെടുപ്പിന് ശേഷം 0.25 ശതമാനം നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറവ് വേഗതയിലാണ് മുന്നോട്ട് പോകുന്നതെന്ന് കാര്‍ണി പറഞ്ഞിരുന്നു.
ബ്രക്‌സിറ്റ് ആശയക്കുഴപ്പവും പൗണ്ടിന്റെ തിരിച്ചടിക്ക് കാരണമാകാനിടയുണ്ട്. ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു.
ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഓണത്തോടു അനുബന്ധിച്ചിട്ടുള്ള കമ്മറ്റി മീറ്റിങ് ട്രഷര്‍ ബിനു വര്‍ക്കിയുുടെ ഭവനത്തില്‍ വെച്ച് നടന്നു. സെക്രട്ടറി ബിജു ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരുന്ന സെപ്തംബര്‍ 22 ശനിയാഴ്ച രാവിലെ വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷപരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ചു ഒരു മനസോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിലേക്കു വിവിധ കമ്മറ്റികളും അതിന്റെ കണ്‍വീനര്‍മാരെയും തെരെഞ്ഞെടുത്തു. കലാപരിപാടികളുടെ ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു.
ഈ വര്‍ഷത്തെ ഓണം പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഒരു ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരനുഭവമാക്കി തീര്‍ക്കാന്‍ ലിമ നേതൃത്വം കൈയും മെയ്യും മറന്നു രംഗത്തിറങ്ങി കഴിഞ്ഞു.
കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടുക
07886247099, 07463441725.
വൈവാഹിക ജീവിതത്തിന്‍റെ രജത ജൂബിലി ആഘോഷിക്കുന്ന നോബിള്‍ തെക്കേമുറിയ്ക്കും ലിസി നോബിളിനും ആശംസകള്‍ അറിയിക്കുന്നതായി സമീക്ഷ യുകെയിലെ സുഹൃത്തുക്കള്‍. ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷയുടെ സജീവ പ്രവര്‍ത്തകരായ നോബിളും ലിസിയും പൂളില്‍ താമസിക്കുന്നു. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടില്‍ പഠിക്കുന്ന സനല്‍ എബ്രഹാം, ബോണ്‍മൌത്ത് ഗ്രാമര്‍ സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പഠിക്കുന്ന സ്നേഹ മരിയ എബ്രഹാം എന്നിവര്‍ മക്കളാണ്.
ദിവസങ്ങളോളം നീണ്ടുനിന്ന ഹീറ്റ് വേവിന് അന്ത്യം കുറിച്ചുകൊണ്ട് യുകെയില്‍ ലഭിച്ചത് കനത്ത മഴ. ഒരു മാസം ലഭിക്കുന്ന അത്രയും അളവിലുള്ള മഴയാണ് ഏതാനും മണിക്കൂറുകളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പെയ്തിറങ്ങിയതെന്നാണ് വിവരം. ഇത് വാരാന്ത്യത്തെ സാരമായി ബാധിച്ചു. ഗതാഗത തടസങ്ങള്‍ പലയിടത്തും രൂക്ഷമായിരുന്നു. വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാലാവസ്ഥാ മുന്നറിയിപ്പ് ആംബര്‍ വാണിംഗ് ആക്കി മാറ്റിയിരുന്നു.
ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 88.2 മില്ലിമീറ്റര്‍ മഴയാണ് ശനിയാഴ്ച ഉച്ചക്കു ശേഷം രേഖപ്പെടുത്തിയത്. ജൂലൈ മാസം ഇവിടെ ശരാശരി ലഭിക്കാറുള്ളത് 81.2 മില്ലിമീറ്റര്‍ മഴയാണ്. ഗതാഗത തടസം അഞ്ചു മണിക്കൂറോളം നീണ്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫോക്ക്‌സ്‌റ്റോണില്‍ ഗതാഗതത്തില്‍ മൂന്നു മണിക്കൂറോളം താമസമുണ്ടായെന്നും സ്റ്റാന്‍സ്‌റ്റെഡില്‍ നിന്ന് റയന്‍ എയര്‍ വിമാനങ്ങള്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കടുത്ത ചൂട് മൂലം ഷട്ടര്‍ എയര്‍ കണ്ടീഷനിംഗില്‍ തകരാറുകള്‍ ഉണ്ടായതാണ് താമസത്തിന് കാരണമായതെന്ന് യൂറോടണല്‍ അറിയിച്ചു.
കനത്ത മഴയും കാറ്റും അതിനൊപ്പം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ കുറവുമാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് റയന്‍ എയര്‍ അറിയിച്ചത്. ലണ്ടനിലെ ബ്ലാക്ക് വെല്‍ ടണലില്‍ ഒരു വാഹനത്തിന് തീ പിടിച്ചത് ഗതാഗത തടസത്തിന് കാരണമായിരുന്നു. ആഴ്ചകളോളം നീണ്ട ചൂടു കാലാവസ്ഥയ്ക്ക് ശേഷം ശനിയാഴ്ച 24.0 ഡിഗ്രി സെല്‍ഷ്യസ് ആയി താപനില കുറഞ്ഞിട്ടുണ്ട്.
ചെംസ്ഫോര്‍ഡ് : തുടരെ എത്തുന്ന ആകസ്മിക മരണങ്ങളുടെ പരമ്പരയില്‍ ഏറ്റവും ഒടുവിലായി ഒരു യുകെ മലയാളിയുടെ പേര് കൂടി ഓര്‍മ്മച്ചെപ്പിലേക്ക്. ഇന്നലെ വൈകിട്ട് ചെംസ്‌ഫോര്‍ഡ് ആശുപത്രിയില്‍ അവസാന ശ്വാസം വരെ മരണത്തോട് പോരാടിയ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി ജോര്‍ജ് ജോസഫാണ് മരണ പരമ്പരയിലെ അവസാന കണ്ണി. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയില്‍ ആയിരുന്ന ജോര്‍ജ് ജോസഫ് കഴിഞ്ഞ ഏതാനും ആഴ്ചകളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു.
ഏതാനും ദിവസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റും നടത്തിയ പ്രാര്‍ത്ഥന വിഫലമാക്കിയാണ് ജോര്‍ജ് ജോസഫ് നിത്യതയിലേക്കു യാത്ര ആയിരിക്കുന്നത്. ഒരു ദശകത്തിലേറെയായി യുകെയില്‍ താമസിക്കുന്ന ജോര്‍ജ്ജ് ജോസഫിന്‍റെമൃതദേഹം അദ്ദേഹത്തിന്‍റെ താല്‍പ്പര്യ പ്രകാരം നാട്ടില്‍ കൊണ്ട് പോയി സംസ്കരിക്കും.
നീണ്ട പ്രവാസ ജീവിതത്തിനു കൂടിയാണ് ജോര്‍ജ് ജോസഫ് മരണത്തിലൂടെ അന്ത്യം കുറിച്ചിരിക്കുന്നത്. ഒരു ദശകത്തോളം ബഹറിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ പ്രവാസി ആയിരുന്ന ജോര്‍ജ് മറ്റൊരു ദശകം യുകെയില്‍ വസിച്ചതിനു ശേഷമാണു മരണത്തെ പുല്‍കിയിരിക്കുന്നത്. പ്രമേഹം അതിന്‍രെ മൂര്‍ധന്യാവസ്ഥയില്‍ കീഴ്‌പ്പെടുത്തിയെങ്കിലും പ്രമേഹ സംബന്ധിയായ അസുഖങ്ങളോട് നിരന്തരം പോരാടിയാണ് ജോര്‍ജ് ജോസഫ് ജീവിതത്തെ പിടിച്ചു നിര്‍ത്തിയിരുന്നത്. രോഗം കലശലായതോടെ ആന്തരിക അവയവ പ്രവര്‍ത്തനം തകരാറില്‍ ആകുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി ജോര്‍ജ് ജോസഫ് ജീവിത യാത്ര അവസാനിപ്പിച്ചത്.
അതിനിടെ മാതാപിതാക്കളുടെ ശവക്കല്ലറയ്ക്കു സമീപം നിത്യ നിദ്ര വേണമെന്ന പരേതന്റെ ആഗ്രഹം സാധിക്കാന്‍ കുടുംബ അംഗങ്ങള്‍ ശ്രമം ആരംഭിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗത്തില്‍ ജോര്‍ജ് ജോസഫിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമമാണ് ബന്ധുക്കള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജെസ്സിയുടെ സഹോദരിമാരും സഹോദരനും അടക്കമുള്ള ഉറ്റ ബന്ധുക്കള്‍ ചെംസ്‌ഫോഡില്‍ എത്തിയാണ് അനന്തര നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബത്തിന് സഹായമായി ചെംസ്‌ഫോഡ് മലയാളി സമൂഹവും കൂടെയുണ്ട്. സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെട്ടിരുന്ന ജോര്‍ജ് ജോസഫിനെ എളുപ്പം മറക്കാന്‍ കഴിയില്ലെന്ന് ചെംസ്‌ഫോര്‍ഡ് മലയാളികള്‍ ഏക സ്വരത്തില്‍ പറയുന്നു.
ചെംസ്‌ഫോര്‍ഡ് ബ്രൂംഫീല്‍ഡ് ഹോസ്പിറ്റലില്‍ വച്ചാണ് ജോര്‍ജിന്റെ മരണം നടന്നത് ഇതേ ഹോസ്പിറ്റലില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജെസി ജോര്‍ജ് ജോലി ചെയ്തിരുന്നതും. ഏക മകന്‍ ഡെറിക് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജിന്റെ ഓര്‍മ്മയില്‍ വിലപിക്കുന്ന കുടുംബാംഗങ്ങളോടും ചെംസ്‌ഫോര്‍ഡ് മലയാളി സമൂഹത്തോടുമൊപ്പം മലയാളം യുകെ ന്യൂസ് ടീമും അനുശോചനത്തില്‍ പങ്കു ചേരുന്നു.
സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പനയില്‍ 86 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. 5 പെന്‍സ് നിരക്കേര്‍പ്പെടുത്തിയതിനു ശേഷമാണ് ഇവയുടെ വില്‍പനയില്‍ കുറവുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏഴ് പ്രമുഖ റീട്ടെയിലര്‍മാര്‍ 2014ല്‍ 7.6 ബില്യന്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗുകളാണ് വിറ്റഴിച്ചതെങ്കില്‍ 2017-18 കാലയളവില്‍ 1.75 ബില്യന്‍ മാത്രമാണ് വിറ്റത്. പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കും ഡിസ്‌പോസബിള്‍ കോഫി കപ്പുകള്‍ക്കും ഇത്തരം നിരക്കുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ക്യാംപെയിനര്‍മാര്‍ ആവശ്യപ്പെടുന്നത്. ആസ്ഡ, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, സെയിന്‍സ്ബറീസ്, ടെസ്‌കോ, ദി കോ ഓപ്പറേറ്റീവ് ഗ്രൂപ്പ്, വെയിറ്റ്‌റോസ്, മോറിസണ്‍സ് എന്നീ റീട്ടെയിലര്‍മാര്‍ എല്ലാവരും ചേര്‍ന്ന് ഈ വര്‍ഷം വിറ്റഴിച്ചത് ഒരാള്‍ക്ക് ശരാശരി 19 ബാഗുകളാണ്.
കഴിഞ്ഞ വര്‍ഷം ഇത് ബാഗുകളായിരുന്നു. 249 റീട്ടെയിലര്‍മാര്‍ 2017-18 വര്‍ഷത്തില്‍ മൊത്തം വിറ്റത് 1.75 ബില്യന്‍ മാത്രമാണ്. ബാഗുകള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ നിന്ന് 58.5 മില്യന്‍ പൗണ്ടും നേടാനായി. രണ്ടില്‍ മൂന്ന് റീട്ടെയിലര്‍മാരാണ് ഈ വിവരങ്ങള്‍ നല്‍കിയത്. നമ്മുടെ ശീലങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഉദ്യമത്തില്‍ പങ്കാളികളാകാന്‍ സാധിക്കുമെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.
2015ല്‍ അവതരിപ്പിച്ച പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വിലയീടാക്കാനുള്ള തീരുമാനം ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതാണ് ഈ വലിയ മാറ്റത്തിന് കാരണമെന്ന് കോമണ്‍സ് എന്‍വയണ്‍മെന്റല്‍ ഓഡിറ്റ് കമ്മിറ്റി അധ്യക്ഷയും ലേബര്‍ എംപിയുമായ മേരി ക്രീഗ് പറഞ്ഞു. പരിസ്ഥിതിക്കും സമ്പദ് വ്യവസ്ഥയ്ക്കും ഇത് വളരെ ഗുണകരമാണെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ വിറ്റഴിച്ചു വരുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും മറ്റും ടേക്ക് ബാക്ക് സ്‌കീം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.