UK

സ്റ്റീവനേജ്: യു കെ യിലെ പ്രഥമ ആസൂത്രിത നഗരിയായ സ്റ്റീവനേജിൽ നടന്ന യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയം കൈവരിക്കുകയും, കൗൺസിലർമാർക്ക് കിട്ടിയ വോട്ടുകളിൽ മുൻ‌തൂക്കം നേടുകയും ചെയ്ത അനീസ റെനി മാത്യു പക്ഷെ മലയാളി സമൂഹത്തിനു അഭിമാനം പകരുന്നത് സ്റ്റീവനേജ് യൂത്ത്കൗൺസിൽ ഭരണ ഘടനയെ തിരുത്തയെഴുതിച്ചു പുതിയ പദവി അവർക്കായി സൃഷ്‌ടിക്കേണ്ടി വരുത്തിയെന്നതിലാണ്.

അനീസയുടെ അതുല്യ പ്രതിഭക്കു അവസരം കൊടുക്കുന്നതിനു പുറമെ അവരുടെ കഴിവുകളും, വ്യക്തിഗത നേട്ടങ്ങളും പ്രയോജനപ്പെടുത്തി യുവജനങ്ങൾക്കിടയിൽ അവരുടെ സേവനങ്ങൾ ലഭ്യമാക്കുവാൻ കൗൺസിൽ ഭരണ നേതൃത്വം പുതിയ പദവി സൃഷ്‌ടിച്ചു അനീസാ റെനി മാത്യുവിനെ ചുമതലപ്പെടുത്തുകയായിരുന്നു.


അനീസയുടെ പിതാവ് തൊടുപുഴ, മാറിക സ്വദേശിയായ റെനി മാത്യു, ഇല്ലിക്കാട്ടിൽ കുടുംബാംഗമാണ്. സ്റ്റീവനേജ് സർഗം മലയാളി അസ്സോസ്സിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ റെനി മാത്യു സാമൂഹ്യ കായിക രംഗങ്ങളിൽ സജീവമാണ്. അനീസയുടെ മാതാവ് ലിജി റെനി ചക്കാംപുഴ, വടക്കേമണ്ണൂർ കുടുംബാംഗമാണ്. ഇരുവരും മെഡിക്കൽ രംഗത്തു ജോലി ചെയ്തു വരുന്നു.

അനീസക്കു രണ്ടു സഹോദരിമാരാണുള്ളത്. അനീസയുടെ മൂത്ത സഹോദരി ആൻ റെനി മാത്യു മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയും, ഇളയ സഹോദരി അഡോണ റെനി, ജോൺ ഹെൻറി ന്യൂമാൻ കാത്തലിക്ക് സ്‌കൂളിൽ എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയുമാണ്.

ജോൺ ഹെന്ററി ന്യൂമാൻ കാത്തലിക്ക് സ്‌കൂൾ AS ലെവൽ വിദ്യാർത്ഥിനിയായ അനീസ നെറ്റ് ബോൾ, ക്രിക്കറ്റ് എന്നിവയിൽ സ്‌കൂളിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇയർ 12 ൽ സിസ്ത് ഫോം പാർലിമെന്റ് മെമ്പറായ അനീസ സ്റ്റുഡൻറ്സ് ബോഡിയിൽ വിദ്യാർത്ഥി പ്രതിനിധിയുമാണ്.

അനീസ റെനി യൂത്ത് ക്രൈമിന് പ്രാമുഖ്യം നൽകി അവതരിപ്പിച്ച മാനിഫെസ്റ്റോയിലും,തുടർന്ന് നടത്തിയ അഭിമുഖത്തിലും പ്രതിഫലിച്ച ദീർഗ്ഗ വീക്ഷണം, സാമൂഹിക പ്രതിബന്ധത, നേതൃത്വ പാഠവം, യുവജനതയുടെ സുരക്ഷിതത്വത്തിലുള്ള താൽപ്പര്യം, സുരക്ഷാ വീഴ്ചകൾക്കുള്ള വ്യക്തതയാർന്ന പ്രതിവിധികൾ, അതോടൊപ്പം കലാ-കായിക തലങ്ങളിലുള്ള വ്യക്തിതല അംഗീകാരങ്ങളും ഏവരുടെയും ശ്രദ്ധ ആകർഷിക്കുവാനും, അവരിൽ സ്വാധീനം ചെലുത്തുവാനും കാരണമായി.

അനീസ കൈവരിച്ച ഈ നേട്ടവും പദവിയും, ഈ കൊച്ചു മിടുക്കിയുടെ അതുല്യ പ്രതിഭയെയും അംഗീകാരത്തെയുമാണ് വെളിവാക്കുന്നത്.

സ്റ്റീവനേജിലെ ആദ്യ ഡെപ്യൂട്ടി യൂത്ത് മേയറായ അനീസ റെനി മാത്യു, ഔദ്യോഗിക ചുമതലകളിൽ മേയറിനെ സഹായിക്കുകയും, യുവാക്കളുടെ സുരക്ഷിതത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും, മതിയായ ഭേദഗതികളും, നിർദ്ദേശങ്ങളും നൽകി അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനും ഉത്തരവാദിത്വമുണ്ട്.

സ്റ്റീവനേജ് ബോറോ കൗൺസിൽ യുവജനങ്ങൾക്കായി ഒരുക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ അവരെ ബോധവൽക്കരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഡെപ്യൂട്ടി മേയറുടെ ഉത്തരവാദിത്വത്തിൽപ്പെടും.

സ്റ്റീവനേജ് യൂത്ത് അംബാസഡർ എന്ന റോളിൽ യുവാക്കളെ പ്രതിനിധീകരിക്കുകയും,യാതൊരു വിഭാഗീയതയുമില്ലാതെ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കൗൺസിലുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതുമാണ്. അതോടൊപ്പം വിവിധ ജീവകാരുണ്യ, സാമൂഹ്യ, ചാരിറ്റി സംഘടനകളെയും, അവരുടെ പ്രവർത്തനങ്ങളെയും സഹായിക്കുന്നതിന് 2000 പൗണ്ട് വരെ ചിലവഴിക്കുവാനുമുള്ള വിവേചനാധികാരവും അനീസയിൽ നിക്ഷിപ്തമാണ്.

സ്റ്റീവനേജ് എംപി സ്റ്റീഫൻ മക് പർലാൻഡ്, സ്റ്റീവനേജ് മേയർ മൈല ആർസിനോ, ലേബർ പാർട്ടി ചെയർ ജിം കല്ലഗൻ, സർഗ്ഗം സ്റ്റീവനേജ് പ്രസിഡണ്ട് ബോസ് ലൂക്കോസ്, ലണ്ടൻ റീജണൽ ക്നാനായ കാത്തലിക്ക് കമ്മ്യുണിറ്റി പ്രസിഡണ്ട് ഷാജി ഫിലിപ്പ് എന്നിവർ അനീസയെ നേരിൽക്കണ്ട് അഭിവാദ്യങ്ങളും, ആശംസകളും നേരുകയും ചെയ്തു.

സ്റ്റീവനേജ്: ലണ്ടൻ ഹെർട്ഫോഡ്‌ഷെയർ കൗണ്ടിയിലെ സ്റ്റീവനേജിൽ ഏറെ വർണ്ണാഭവവും, ജനസഹസ്രങ്ങൾ ആഘോഷവുമാക്കിയ സ്റ്റീവനേജ് ദിനാഘോഷത്തിൽ സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കിയ ‘കേരള പവിലിയൻ’ പ്രത്യേകം ശ്രദ്ധ നേടി.

മലയാളത്തനിമയുടെ നൃത്താവിഷ്‌ക്കാരമായി ‘തിരുവാതിര’യും, ശാസ്ത്രീയ നർത്തനത്തിന്റെ വശ്യ ഭംഗി ചാലിച്ചെടുത്ത് ‘ഭരതനാട്യ’വും, മേമ്പൊടിയായി ബോളിവൂഡിനെ വെല്ലുന്ന നൃത്തനൃത്ത്യങ്ങളും കോർത്തിണക്കി അവതരിപ്പിച്ച നൃത്ത്യവിരുന്ന്‌ തദ്ദേശീയരടക്കം നിരവധി വിദേശികളും ആസ്വദിച്ചു. കേരളീയ നൃത്ത്യ പരിശീലനത്തിന്റെ സാധ്യതകൾ ആരാഞ്ഞും സ്റ്റീവനേജിലെ വെള്ളക്കാർ സർഗ്ഗത്തിന്റെ പവലിയൻ എത്തിയെന്നത് അഭിമാനം പകരുന്നതായി.

അന്തർദേശീയ കലാ വിഭവങ്ങൾ അരങ്ങു വാണ വേദിയിൽ ജോണി കല്ലടാന്തിയുടെ നേതൃത്വത്തിൽ നടത്തിയ ‘ചെണ്ടമേളം’ തദ്ദേശീയർ താളം പിടിച്ചും, ഹർഷാരവങ്ങൾ മുഴക്കിയും പ്രോത്സാഹിപ്പിക്കുകയായിരുന്നു. ചെണ്ടമേളത്തിന്റെ ഉയർന്ന നാദം വെള്ളക്കാരിൽ അപ്രീതിയുളവാക്കുന്നുവെന്ന അഭിപ്രായങ്ങൾക്കു കടകവിരുദ്ധമായ സമീപനമാണ് സ്റ്റീവനേജിൽ ദൃശ്യമായത്. സർഗ്ഗത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേള പരിശീലനം നടത്തുന്നുണ്ട്.പുതിയ ബാച്ചിലേക്കു ഇതിനകം 35 ഓളം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

കേരള പവലിയൻ സന്ദർശിച്ചു അനുമോദനങ്ങൾ അറിയിക്കുവാൻ സ്റ്റീവനേജ് മേയർ മൈലാ ആർസിനോ യൂത്ത് മേയർ എല്ലാ ലാസെ എന്നിവരെ സർഗ്ഗം പവിലിയനിലേക്കു ആനയിച്ചത് സ്റ്റീവനേജ് മലയാളികളുടെ അഭിമാനവും അടുത്ത ദിവസം പുതിയ യൂത്ത് കൗൺസിൽ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട അനീസ റെനി മാത്യു എന്നത് ഏറെ ശ്രദ്ധേയമായി.

വരും വർഷങ്ങളിൽ കേരള ദൃശ്യങ്ങളുടെ പ്ലോട്ടുകളും ടാബ്ലോയും ക്രമീകരിക്കുവാനും, കേരള ടൂറിസം പ്രോത്സാഹിപ്പിക്കുന്ന തലത്തിലേക്കുള്ള പ്ലാനുകളും ഒരുക്കുവാനും പരിപാടിയുണ്ടെന്നു സർഗ്ഗം ഭാരവാഹികൾ പറഞ്ഞു.

സർഗ്ഗം പ്രസിഡന്റ് ബോസ് ലൂക്കോസ്, സെക്രട്ടറി ആദർശ് പീതാംബരൻ എന്നിവർ നേതൃത്വം നൽകി.

 

 

 

 

 

 

 

 

 

 

പ്രവാസി സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന കോതമംഗലം സംഗമം ജൂലൈ എട്ടിന് യുകെയിലെ ബർമിങ്ങ്ഹാമിൽ സംഘടിപ്പിക്കുന്നു.

ഹൈറേഞ്ചിൻ്റെ പ്രവേശന കവാടവും, കാർഷിക മേഖലയുമായ കോതമംഗലത്തു നിന്ന് ഭാവി ജീവിതം കരുപിടിപ്പിക്കുന്നതിനായി യൂറോപ്പിൻ്റെ നാനാഭാഗങ്ങളിൽ കുടിയേറിയ കോതമംഗലംകാരുടെ സ്നേഹ സംഗമത്തിൻ്റെ മാമാങ്കമായിരിക്കും ജൂലൈ എട്ടിന് അരങ്ങേറുന്ന കോതമംഗലം സംഗമം – 2023.

കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒരു കാലത്ത് ജന്മദേശത്ത് നിന്ന് വിട്ടിട്ടുപോയ പഴയ കളിക്കൂട്ടുകാരെയും സഹപാഠികളെയും നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതിനുള്ള വേദിയായി കോതമംഗലം സംഗമം – 2023 മാറുമെന്ന കാര്യത്തിൽ സംശയമില്ല.
സിംഗിൾ ടിക്കറ്റ്‌ £ 10
ഫാമിലി ടിക്കറ്റ് £ 25

ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ
ഷോയ് – 00447709037035

എൽദോസ് സണ്ണി -00447908487239

ബിജു – 353894199647- അയർലൻഡ്

കോതമംഗലം സംഗമം ടിക്കറ്റ് വാങ്ങുവാൻ ഉള്ള ലിങ്ക്

കോതമംഗലം സംഗമം – 2023

ഞെട്ടിക്കുന്ന വാർത്തകളിലേക്കായിരുന്നു ഇംഗ്ലണ്ടിലെ നോട്ടിങാം പട്ടണം ഇന്നലെ ഉറക്കമുണർന്നത് . നഗരത്തിന്റെ മൂന്നു ഭാഗത്തായുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നുള്ളതായിരുന്നു ആ വാർത്ത.

19 വയസുമാത്രം പ്രായമുള്ള രണ്ട് വിദ്യാർഥികളും മധ്യവയസ്കനായ ഒരാളുമാണ് കഠാരയാക്രമണത്തിൽ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരായ മറ്റു മൂന്നുപേർക്കു നേരേ വാനിടിച്ചു കയറ്റിയായിരുന്നു അടുത്ത ആക്രമണം. ഒരാൾ തന്നെയാണ് മൂന്നു സംഭവങ്ങൾക്കു പിന്നിലും എന്ന നിഗമനത്തിലാണ് പോലീസ്.

ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് നോട്ടിങാം സിറ്റി സെന്ററിലെ ഇൽകെസ്റ്റൺ റോഡിൽ 19 വയസ്സുള്ള രണ്ട് വിദ്യാർഥികൾ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. തുടർന്ന് ഒന്നര മണിക്കൂറിനു ശേഷം 5.30നാണ് അടുത്തസംഭവം ഉണ്ടായത്. സിറ്റി സെന്ററിലെ മിൽട്ടൺ സ്ട്രീറ്റിൽ മൂന്നുപേർക്കു നേരേ ഒരാൾ വാൻ ഇടിച്ചുകയറ്റി. മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റു. വാനിനെ പിന്തുടർന്ന പോലീസ് മേപ്പിൾ സ്ട്രീറ്റിൽ വാൻ തടഞ്ഞ് ഡ്രൈവറായ യുവാവിനെ അറസ്റ്റുചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 31 വയസ്സുള്ള യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണമാണോ എന്നതുൾപ്പെടെയുള്ള സ്ഥിരീകരണത്തിനു ശേഷമാകും ഔദ്യോഗിക വിശദീകരണം ഉണ്ടാവുക .

ഇതിനുശേഷമാണ് മഗ്ദല റോഡിൽ 50 വയസ് പ്രായമുള്ള ഒരാളെ കുത്തേറ്റ് മരിച്ചനിലയിൽ പോലീസ് കണ്ടെത്തിയത്. ബിസിനസുകാരനായ ഇയാളെ അപായപ്പെടുത്തിയശേഷം അപഹരിച്ച വാനാണ് യുവാവ് മിൽട്ടൺ സ്ട്രീറ്റിൽ ആളുകൾക്കിടയിലേക്ക് ഓടിച്ചു കയറ്റിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. എന്നാൽ പോലീസ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ല.

മൂന്നു സംഭവങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു എന്നു മാത്രമാണ് പോലീസ് ഭാഷ്യം. നോട്ടിങാം യൂണിവേഴ്സിറ്റിയിലെ അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികളായ ബാൺബേ വെബ്ബർ (19) ഗ്രേയ്സ് കുമാർ (19) എന്നീ വിദ്യാർഥികളാണ് ആക്രമണത്തിൽ മരിച്ചവർ. യൂണിവേഴ്സിറ്റിയിലെ ക്രിക്കറ്റ് താരമാണ് ബാൺബേ വെബ്ബർ. മികച്ച ഹോക്കി താരമായ ഗ്രേയ്സ് കുമാർ ഇംഗ്ലണ്ടിന്റെ അണ്ടർ-16, അണ്ടർ-18 ഹോക്കി ടീമിലെ അംഗമായിരുന്നു.

ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന പട്ടണമാണ് ബ്രിട്ടണിലെ നോട്ടിങാം. നോട്ടിംങ്ങാം യൂണിവേഴ്സിറ്റിയിലും മലയാളികളായ നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവരെയെല്ലാം ആശങ്കയിലാഴ്ത്തുന്ന സംഭവമാണ് സിറ്റി സെന്ററിൽ നടന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത ആക്രമണ വാർത്തകളുടെ ഞെട്ടലിലാണ് നോട്ടിങാമിലെ മലയാളി സമൂഹം.

ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ . ന്യൂകാസിൽ മലയാളികളുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 നു നടക്കുമെന്ന് മലയാളി അസോസിയേഷൻ ഓഫ് ന്യൂകാസിൽ ഗവർണർ ജനറൽ ജിജോ മാധവപ്പള്ളി അറിയിച്ചു . എല്ലാ മലയാളികളുടെയും മനസ്സിൽ ഗൃഹാതുരത്വ സ്മരണകൾ സമ്മാനിക്കുന്ന ഓണം ഇത്തവണ ന്യൂ കാസിലിൽ പഠനത്തിനും ജോലിക്കും ആയി എത്തിയിരിക്കുന്ന എല്ലാവർക്കും പങ്കെടുക്കുവാൻ സാധിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . ഓണാഘോഷത്തിന്റെ എല്ലാ ചേരുവകളും കോർത്തിണക്കി മാൻ അസോസിയേഷൻ ഒരുക്കുന്ന ഓണആഘോഷ പരിപാടികളുടെ പോസ്റ്റർ പ്രകാശനവും , ആദ്യ കൂപ്പൺ വിതരണവും ന്യൂ കാസിൽ മലയാളികളുടെ അഭിമാനമായ മലയാളി കൗൺസിലർ ഡോ , ജൂണാ സത്യൻ നിർവഹിച്ചു.

മെഗാതിരുവാതിര , വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ , ഓണക്കളികൾ , വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം , എല്ലാ വിഭവങ്ങളും ഉൾപ്പടെ ഒരുക്കിയിരിക്കുന്ന ഓണസദ്യ ഉൾപ്പെടെ വിപുലമായ പരിപാടികൾ ആണ് ഓണത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്നത് .ഓണാഘോഷ പരിപാടികളുടെ ക്രമീകരണത്തിനായി പ്രത്യേക കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട് , കൂപ്പണുകൾ മാൻ അസോസിയേഷൻ ഭാര വാഹികളിൽ നിന്നോ ഫെനത്തിൽ ഉള്ള ന്യൂകാസിൽ കേരള സ്റ്റോറിൽ നിന്നോ ലഭ്യാമാകുന്നതാണ് .കൂപ്പണുകൾ വാങ്ങുന്നവർക്ക് ന്യൂകാസിൽ കേരള സ്റ്റോർ 10 ശതമാനം ഡിസ്‌കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട് , കൂടുതൽ വിവരങ്ങൾക്ക് ഈ വർത്തയോടൊപ്പം നൽകുന്ന പോസ്റ്ററിൽ ഉള്ള മാൻ ഭാരവാഹികളുമായി ബന്ധപ്പെടുക.

തീപാറുന്ന ബാഡ്മിൻറൺ മത്സരങ്ങൾക്ക് സംഘാടകരായി FOP …ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ.. രണ്ടാമത് എഫ്.ഒ .പി എവറോളിംഗ് ട്രോഫിക്കായി ആവേശകരമായ ആൾ യുകെ മലയാളി ബാഡ്മിൻ്റൺ ടൂർണമെൻറിന് പ്രസ്റ്റൺ വേദിയാവുന്നു .. ജൂൺ 17 ന് പ്രസ്റ്റൺ കോളേജ് ക്യാമ്പസിൽ ..FOP ഒന്നാമത് എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം 42 ടീമുകൾ പങ്കെടുത്ത ആവേശ പോരാട്ടമായിരുന്നു കഴിഞ്ഞവർഷം നടന്നത് എങ്കിൽ ‘ഈ വർഷം രണ്ടാമത് എഫ്.ഒപി എവറോളിംഗ് ട്രോഫിക്കായി 48 ടീമുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ മലയാളി അസോസിയേഷൻ .. യുകെയിലെ മലയാളി ബാഡ്മിൻറൺ ടീമുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ടൂർണമെന്റിന് വേദിയാവുന്നത് പ്രസ്റ്റൺ കോളജ് ക്യാമ്പസ് ആണ്. ജൂൺ 17 ശനിയാഴ്ച 17/06/23. രാവിലെ 9 മുതൽ 6 വരെയാണ് മൽസരം.

ഒന്നാം സ്ഥാനം നേടുന്നവർക്ക് ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൺ എവർ റോളിങ്ങ് ട്രാഫിയും. £501 രണ്ടാം സ്ഥാനം നേടുന്നവർക്ക് £301 മൂന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് £101. നൽകുന്നതായിരിക്കും ..FOP രണ്ടാം എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരം കടുത്തതായിരിക്കുമെന്നും ..ഒരുക്കങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായും സംഘാടകസമിതി അറിയിച്ചു. ടൂർണമെൻറിൻ്റ് വിജയത്തിനായ് സിന്നിജേക്കബ് .ബിജു മൈക്കിൾ .ബിജു സൈമൺ . ബെന്നി ചാക്കോ എന്നിവരുടെ നേതൃതത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തനം ആരംഭിച്ചു.

ബന്ധപ്പെടേണ്ട നമ്പറുകൾ ബിജു സൈമൺ : 07891590901, സിന്നി ജേക്കബ് : 07414449497, ബെന്നി ചാക്കോ : 07865119729

ബാർകോഡ് സ്കാൻ ചെയ്തും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

 https://docs.google.com/forms/d/e/1FAIpQLSefCzKUIxUQSUl-p-mlUEIVjuTOrhCHigpQCHQAP0l23LqH8A/viewform?vc=0&c=0&w=1&flr=0

പോർടസ്മോത്തിൽ വെച്ച് 11/06/23 ഞായറാഴ്ച നടന്ന ഓൾ യുകെ T-20 ക്രിക്കറ്റ് ടൂർണമെന്റിൽ അതികായൻകന്മാരായ എൽ.ജി.ആറിനെ ഞെട്ടിച്ചു കൊണ്ട് തുടക്കക്കാരായ ബെക്സില് സ്‌ട്രൈക്കേഴ്‌സ് കിരീടം ചൂടി . ക്യാപ്റ്റൻ സ്‌മിബിന്റെ കീഴിൽ വാശിയോടെ കളിച്ച സ്‌ട്രൈക്കേഴ്‌സ് എല്ലാ മത്സരങ്ങളിലും ആധിപത്യത്തോടെ ഉള്ള വിജയത്തിന് ഒടുവിൽ ആണ് ഇദംപ്രഥമായി കിരീടത്തിൽ മുത്തം ഇട്ടത്. വാശിയേറിയ ഫൈനലിൽ നിലവിലെ കരുത്തരായ എൽ.ജി.ആർ ലണ്ടനെ ആണ് ബെസ്കിൽ സ്‌ട്രൈക്കേഴ്‌സ് 26 റൺസിന്‌ മലർത്തിയടിച്ചത് .

മത്സരത്തിൽ ഉടനീളം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്ട്രൈക്കേഴ്സിലെ തന്നെ ജിബിൻ മിറാൻഡ ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാനും അസ്ഫാക് മികച്ച ബൗളർ ആയും തിരഞ്ഞെടുത്തത് ടീമിന്റെ കരുത്ത് വിളിച്ചു പറയുന്നതായിരുന്നു സൊലാന്റ് റേഞ്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റ് സംഘാടനത്തിൽ മികച്ചു നിന്നു . ടൂർണമെന്റിന്റെ കോ-ഓർഡിനേറ്റർ ശ്രീ ബിനീഷും , ക്ലബ് ചെയർമാനായ ഡിക്സ്ണും നേതൃത്വം നൽകിയാണ് ഒരുക്കങ്ങൾ ഭംഗിയാക്കിയത്. തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും കൈമാറി. സ്ട്രൈക്കേഴ്സിന് വേണ്ടി ക്യാപ്റ്റൻ സ്മിബിനും ടീം ഉടമ ശ്രീ എഡ്വിൻ ജോസും മറ്റു കളിക്കാരും ചേർന്ന് സമ്മാനങ്ങൾ എറ്റു വാങ്ങി.

അനീഷ് ജോർജ്

ലണ്ടൻ: യുകെ മലയാളികൾ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിധം സംഗീതത്തിന്റെ മാന്ത്രിക സ്പർശനം കൊണ്ട് കാണികളെ ആവേശഭരിതരാക്കി വിസ്മയിപ്പിച്ച മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷം ബോൺമൗത്തിലെ ബാറിംഗ്ടൺ തീയേറ്ററിൽ തിങ്ങിനിറഞ്ഞ കലാസ്വാദകർക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്കാരത്തിന്റെ അപൂർവ്വ അനുഭവമാണ് സമ്മാനിച്ചത്. മഴവിൽ സംഗീതമെന്ന പേരിന്റെ സൗന്ദര്യം പോലെ മഴവിൽ വർണ്ണങ്ങൾ ചാലിച്ച് കുളിർമഴയായി തുടങ്ങി പെരുമഴയായി പെയ്തിറങ്ങിയ സംഗീത-നൃത്ത പരിപാടിയായിരുന്നു മഴവിൽ സംഗീതത്തിൻറെ പത്താം വാർഷികാഘോഷം കാണികൾക്ക് സമ്മാനിച്ചത്.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും പ്രൗഡോജ്വലമായ വേദിയിൽ അവതരിപ്പിച്ചപ്പോൾ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികൾ സ്വീകരിച്ചത്. സംഘാടകർ പ്രതീക്ഷിച്ചതിനപ്പുറമാണ് യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ബാറിംഗ്ടൺ തീയേറ്റർ ഹാളിലേക്ക് ആളുകൾ ഒഴുകിയെത്തിയത്. ഹാൾ നിറഞ്ഞു കവിഞ്ഞപ്പോൾ വെളിയിൽ നിന്നും ആളുകൾക്ക് പരിപാടികൾ കാണേണ്ടി വന്നു.

ഇക്കഴിഞ്ഞ 10 വർഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നർത്തകരുമായ കലാപ്രതിഭകൾ വേദിയിൽ എത്തിയപ്പോൾ യുകെ മലയാളികൾക്ക് ഏറ്റവും വലിയ കലാവിരുന്നായി മഴവിൽ സംഗീതം മാറുകയാണുണ്ടായത്.

യുകെയിലെ അറിയപ്പെടുന്ന അനുഗ്രഹീതരായ പഴയ ഗായകരോടും നർത്തകരോടുമൊപ്പം പുതിയതായി യുകെയിലെത്തിയ മികച്ച ഗായകരും നർത്തകരും കൂടി ചേർന്നപ്പോൾ കാണികൾക്ക് കണ്ണിനും കാതിനും മനോഹാരിത നൽകിയ അപ്രതീക്ഷിതവും അത്ഭുതപൂർവവുമായ കലാവിരുന്നാണ് മഴവിൽ സംഗീതം സമ്മാനിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ സംഗീതത്തിന്റെയും നൃത്തരൂപങ്ങളുടെയും വൈഭവം സന്നിവേശിപ്പിച്ചുകൊണ്ടുള്ള വർണ്ണാഭമായ പരിപാടികളുടെ നേർസാക്ഷ്യമായിരുന്നു മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷം.

എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികൾ കൃത്യമായി ആസൂത്രണം ചെയ്തു കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുവാനായി കഴിഞ്ഞതിന് സംഘാടകരെ അഭിനന്ദിക്കാതെ വയ്യ. ഈ ആഘോഷത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞ ഓരോരുത്തരും സന്തോഷഭരിതരായി നിറഞ്ഞ മനസ്സോടെ കൃതാർത്ഥതയോടെയാണ് മടങ്ങിയത്. ഹർഷാരവത്തോടെയാണ് ഓരോ ഗാനങ്ങളും നൃത്തരൂപങ്ങളും നിറഞ്ഞു തുളുമ്പിയ സദസ്സ് മുഴുവനും സ്വീകരിച്ചത്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകിയപ്പോൾ അനുഗ്രഹീത ഗായകരം നർത്തകരും ചേർന്ന് അസുലഭമായ കലയുടെ മുഹൂർത്തങ്ങളാണ് കാണികൾക്ക് നൽകിയത്.

മഴവിൽ സംഗീതത്തിന്റെ അമരക്കാരും യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോർജിനോടും ടെസ്സ ജോർജിനോടുമൊപ്പം തോളോട് തോൾ ചേർന്ന് നിന്ന ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ, ഷിനു സിറിയക് , പ്രേംജിത് തോമസ് , ഉല്ലാസ് ശങ്കരൻ , റോബിൻസ് പഴുക്കയിൽ, പദ്മരാജ്, സൗമ്യ ഉല്ലാസ് , ഷീല വിവേകാനന്ദ്, ജിജി ജോൺസൻ , സിൽവി ജോസ് , തുടങ്ങിയ സംഘാടകർ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവിൽ സംഗീതത്തിന്റെ ഈ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങൾ നൽകി അവതാരകരായി എത്തിയ അനുശ്രീ, പദ്മരാജ്, ബ്രൈറ്റ് എന്നിവരും മഴവിൽ സംഗീതത്തിന്റെ വിജയത്തിന് മികവാർന്ന സംഭാവനയാണ് നൽകിയത്.

മഴവിൽ സംഗീതത്തിന്റെ പത്താം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തിയവർക്ക് മുഖ്യ സംഘാടകരിലൊരാളും സാമൂഹ്യപ്രവർത്തകനുമായ ഡാന്റോ പോൾ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി എത്തിയ ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് ടിവി ചെയർമാനുമായ എസ് ശ്രീകുമാർ, ബ്രാഡ്ലി സ്റ്റോക്ക് മുൻമേയറും ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം ചെയർമാനുമായ ടോം ആദിത്യ, ലോക കേരളസഭ മെമ്പറും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ്, യുക്മ മുൻ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് എന്നിവരോടൊപ്പം മഴവിൽ സംഗീതത്തിന്റെ പ്രധാന അമരക്കാരായ അനീഷ് ജോർജും ടെസ്സ ജോർജും ചേർന്ന് ഭദ്രദീപം തെളിച്ച് മഴവിൽ സംഗീതത്തിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

യുകെയിലെ ബിസിനസ് രംഗത്തെ നിസ്തുലമായ പ്രവർത്തന മികവിന് മലബാർ ഫുഡ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ ഷംജിത്ത് മലബാറിന് മഴവിൽ സംഗീതത്തിന്റെ ഉപഹാരം നൽകി വേദിയിൽ ആദരിച്ചു. കഴിഞ്ഞ പത്തുവർഷമായി യുകെയിൽ മലയാളി സമൂഹത്തിൽ സംഗീതത്തിന് നൽകിയ അവിസ്മരണീയ സംഭാവനകളെ മാനിച്ച് ബോൺമോത്ത് ക്രൈസ്റ്റ് ചർച്ച് പൂൾ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രത്യേക ഉപഹാരങ്ങൾ വേദിയിൽ വെച്ച് അനീഷ് ജോർജിനും ടെസ്സ ജോർജിനും നൽകിയും ആദരിച്ചു.

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും പത്നി ടെസ്സ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വർഷങ്ങളിൽ നടത്തിയ മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ദശ വാർഷികാഘോഷത്തിന്റെ ഭാഗമായി മാറുവാൻ എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിസ്മയം തീർത്തത് .

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന വോക്സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകർ അടിപൊളി ഗാനങ്ങൾ ആലപിച്ച് സംഗീതാസ്വാദകർക്ക് നവ്യാനുഭവം സമ്മാനിച്ചത്. മലയാള ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ് പി ബാലസുബ്രഹ്മണ്യം, ലതാമങ്കേഷ്കർ, ശ്രാവൺ റാത്തോട് എന്നിവർക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്തമായ ഗാനങ്ങളും നിരവധി ഗായകർ വേദിയിൽ ആലപിച്ചു.

കളർ മീഡിയ എൽ ഇ ഡി വാൾ പുതുപുത്തൻ സാങ്കേതികവിദ്യയോടെ വേദിയിൽ അവതരിപ്പിച്ചപ്പോൾ കാണികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. ബിനു നോർത്താംപ്ടൻ (ബീറ്റ്സ് ഡിജിറ്റൽ) ശബ്ദവും വെളിച്ചവും നൽകി. സന്തോഷ് ബെഞ്ചമിൻ, റോണി ജോർജ്, ബിജു മൂന്നാനപ്പള്ളി, മനു പോൾ എന്നിവർ ക്യാമറയും ജിസ്മോൻ പോൾ വീഡിയോയും, ജെയിൻ ജോസഫ് ഡെസിഗ്നേജ് ഗ്രാഫിക്സും മികവാർന്ന രീതിയിൽ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.

മഴവിൽ സംഗീതത്തിന്റെ അമരക്കാരായ അനീഷ് ജോർജ്ജ്, ടെസ്സ ജോർജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നർത്തകരും ചേർന്ന് കുറ്റമറ്റ സംഘാടക മികവിൽ സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതിശയകരമായ കലാവൈഭവങ്ങൾ സൃഷ്ടിച്ച സമ്പൂർണ്ണ നൃത്ത സംഗീത മാമാങ്കമായി മാറിയ മാസ്മരികമായ സായാഹ്നമായിരുന്നു മഴവിൽ സംഗീതത്തിന്റെ പത്താം വാർഷീകാഘോഷം യുകെ മലയാളികൾക്ക് നൽകിയത്.

ജോഷി സിറിയക്

യുകെയിലുടനീളമുള്ള, വടംവലി പ്രേമികളും കായിക പ്രേമികളും ഒറ്റനോക്കുന്ന, സഹൃദയ വടംവലി2023 ജൂലൈ രണ്ടിന്, കെൻറ്റിലെ ടെൺ ബ്രിഡ്ജ്, സാക്ക് വില്ലേ സ്കൂൾ അങ്കണത്തിൽ നടക്കും..

യുകെയിലെ കായിക പ്രേമികൾക്ക്, വടംവലി മത്സരവും, വള്ളംകളി മത്സരവും, ക്രിക്കറ്റ് ടൂർണമെന്റ്ഉം, സമ്മാനിച്ച, സഹൃദയ ദി വെസ്റ്റ് കെന്റ് കേരളത്തിന്റെ ആറാമത് വടംവലി മത്സരമാണ് നടക്കുന്നത്.
ഒന്നാം സമ്മാനം 1001 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 601 പൗണ്ട് ട്രോഫിയും , മൂന്നാം സമ്മാനം 401 പൗണ്ട് ട്രോഫിയും, നാലാം സമ്മാനം 201പൗണ്ട് ട്രോഫിയും അഞ്ചു മുതൽ 8 വരെയുള്ള എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസ് ട്രോഫിയുo സമ്മാനമായി നൽകുന്നു.

കേരളത്തനിമയുള്ള നാടൻ ഭക്ഷണവും, അതി വിശാലമായ പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. യുകെയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഈ വടംവലി മാമാങ്കത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ജൂൺ 20ന് മുൻപായി 07958236786, 0757700662, 07448368127 എന്നീ ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടുക. പരിപാടികളുടെ വിജയത്തിനായി, സഹൃദയ പ്രസിഡന്റ് ശ്രീ സാജു മാത്യുവിന്റെയും, സെക്രട്ടറി ശ്രീ നിയാസ് മൂത്തേടത്ത് പുരയ്ക്കലിനെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

മെയ് 28നു ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച പ്രതിഭാ കേശവന് യുകെയിലെ പ്രിയപ്പെട്ട സുഹൃത്തുക്കളും സഖാക്കളും കണ്ണീരോടെ യാത്രാമൊഴിയേകി. കേംബ്രിഡ്‌ജ്‌ ക്യൂയ് വില്ലേജ് ഹാളില്‍ പൊതുദർശനത്തിലും തുടർന്ന് നടന്ന അനുസ്മരണ യോഗത്തിലും പ്രതിഭയുടെ സഹോദരിയുൾപ്പെടെ അടുത്ത ബന്ധുക്കളും സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.

ശ്രീ നാരായണ ധർമ്മ സംഘം . സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റി, കേംബ്രിഡ്‌ജ്‌ മലയാളി അസ്സോസിയേഷൻ , കേംബ്രിഡ്‌ജ്‌ കേരള കൾച്ചറൽ അസോസിയേഷൻ ,കുമരകം കൂട്ടായ്മ തുടങ്ങിയ സംഘടനകളുടെയും പ്രതിഭയുടെ സഹപ്രവർത്തകരുടെയും സഹകരണത്തോടെയാണ് കൈരളി യുകെ ചടങ്ങു സംഘടിപ്പിച്ചത്. ഒരു ഭിന്നതകൾക്കും ഇടം കൊടുക്കാതെ ഒത്തൊരുമയോടെ ഈ സംഘടനകൾ പ്രതിഭയുടെ മരണാനന്തരം ഉള്ള രേഖകൾ ശരിയാക്കുവാനും ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ മാതൃകാപരമായി ഏറ്റെടുത്തു നടത്തി.

കേംബ്രിഡ്‌ജ്‌ ആഡൻബ്രൂക്ക്സ് ആശുപത്രിയിൽ നഴ്‌സായിരുന്ന പ്രതിഭ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ കൈരളി യുകെയുടെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്‌ജ്‌ യൂണിറ്റ് പ്രസിഡന്റുമായിരുന്നു .
പ്രതിഭയുടെ സഹപ്രവർത്തകരും വിവിധ സംഘടനാപ്രതിനിധികളും പ്രതിഭയെ ചടങ്ങിൽ അനുസ്മരിച്ചു സംസാരിച്ചു . പ്രതിഭയുടെ സാമൂഹ്യപ്രതിബദ്ധയും സഹജീവികളോടുള്ള കരുണയും സേവനതല്പരതയും ശ്ലാഘനീയമാണെന്നു അനുസ്മരണ യോഗത്തിൽ എല്ലാവരും എടുത്തുപറഞ്ഞു.

ജൂൺ 10 ശനിയാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെയാണ് പ്രതിഭയുടെ അന്തിമ ദർശനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുവാനുമായി അവസരം ഒരുക്കിയിരുന്നത്. കൈരളി യുകെ നാഷണൽ കമ്മിറ്റി അംഗം ജെറി വല്യറ ചടങ്ങുകൾ നിയന്ത്രിച്ചു.

ശ്രീനാരായണ ധർമ്മ സംഘം ചടങ്ങിൽ യുകെ പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു. പ്രതിഭയെ അനുസ്മരിച്ചുകൊണ്ട് കുടുംബത്തിനുവേണ്ടി കൈരളി യുകെ പ്രസിഡന്റ് പ്രിയരാജൻ സംസാരിച്ചു. പ്രതിഭയുടെ ജീവിതവും സാമൂഹ്യപ്രവർത്തനങ്ങളും അനുസ്മരിച്ച പ്രിയ അകാലത്തിലുള്ള ഈ വേർപാട് പ്രതിഭയുടെ കുടുംബത്തെപ്പോലെ കൈരളിയ്ക്കും നികത്താനാവാത്ത നഷ്ടം ആണെന്ന് പറഞ്ഞു.

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) നു വേണ്ടി രാജേഷ് ചെറിയാൻ പ്രിയ സഖാവിനു അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

റെവ. ഫാദർ John Mihn പ്രാർത്ഥനകൾക്കും അന്ത്യോപചാര പ്രാർത്ഥനകൾ ചൊല്ലി. തുടർന്ന് ശ്രീ നാരായണ ധർമ്മ സംഘം പ്രവർത്തകർ പ്രതിഭയ്ക്ക് യാത്രാമൊഴിയേകി. പ്രതിഭയ്ക്ക് പ്രിയപ്പെട്ട ലാൽസലാം വിളിച്ചാണ് പ്രിയ സഖാക്കൾ അന്തിമ വിട നൽകിയത്.

തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ കൈരളിയുടെ കേംബ്രിഡ്‌ജ്‌ യുണിറ്റ് അംഗവും പ്രതിഭയുടെ പ്രിയ സുഹൃത്തുമായിരുന്ന രഞ്ജിനി ചെല്ലപ്പൻ സ്വാഗതം ആശംസിച്ചു. ആഡൻബ്രൂക്ക്സ് ഹോസ്പിറ്റലിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും വേണ്ടി സംസാരിച്ച ലിസ ഡൺലപ് , ദീപ ചെറിയാൻ എന്നിവർ പ്രതിഭയുടെ ജോലിയിലെ ആത്മാർത്ഥതയും സ്നേഹത്തോടെയുള്ള പെരുമാറ്റവും അനുസ്മരിച്ചു.

തുടർന്ന് സ്വാസ്റ്റൻ മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടി ജോജോ ജോസഫ് , കേംബ്രിഡ്‌ജ്‌ മലയാളി അസ്സോസിയേഷനുവേണ്ടി മഞ്ജു ടോം , കൈരളി യുകെ നാഷണൽ കമ്മിറ്റിയിൽ പ്രതിഭയോടൊപ്പം പ്രവർത്തിച്ച എൽദോ പോൾ , ലിനു വർഗ്ഗീസ് , ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജ. സെക്രട്ടറി ലിയോസ് പോൾ , കേംബ്രിഡ്‌ജ്‌ കേരള കൾച്ചറൽ അസോസിയേഷൻ പ്രതിനിധി റോബിൻ കുര്യാക്കോസ് , കുമരകം കൂട്ടായ്മ പ്രതിനിധി ജോമോൻ കുമരകം , പ്രതിഭ പ്രസിഡന്റ് ആയ കൈരളി യുകെ കേംബ്രിഡ്‌ജ്‌ ബ്രാഞ്ച് സെക്രട്ടറി വിജേഷ് കൃഷ്ണൻകുട്ടി എന്നിവർ പ്രതിഭയെ അനുസ്മരിച്ചു സംസാരിച്ചു. യുകെ യിൽ പുതിയതായി എത്തിയ സമയത്തു ഒരു അത്യാവശ്യ ഘട്ടത്തിൽ തനിക്കു താങ്ങായിനിന്നു സഹായിച്ച പ്രതിഭയുടെ കരുണയും സഹായിക്കാനുള്ള മനസ്സും സ്വന്തം അനുഭവത്തിലൂടെ ഷഹാന വിവരിച്ചു.

പ്രതിഭയുടെ ബന്ധുവും നാട്ടുകാരനുമായ പ്രമോദ് കുമരകം പ്രതിഭയുമായുള്ള പരിചയവും , ബാല്യകാലവും പ്രതിഭയുടെ എളിമയെയും അവർ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായി സംസാരിച്ചു.

പ്രതിഭ ഏറ്റെടുക്കുകയും തുടങ്ങിവെയ്ക്കുകയും ചെയ്ത സൽപ്രവർത്തികൾ കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോവും എന്ന് പ്രതിഭയോടൊപ്പം പ്രവർത്തിച്ചവർ ഉറപ്പുനല്കി.

പ്രതിഭയുടെ ഭൗതികശരീരം ശനിയാഴ്ച രാത്രിയിലെ എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേയ്ക്ക് കൊണ്ടുപോയി. കുമരകത്തുള്ള സ്വവസതിയിൽ ഞായറാഴ്ച പ്രതിഭയുടെ അന്തിമ കർമ്മങ്ങൾ നടന്നു

RECENT POSTS
Copyright © . All rights reserved