UK

സിപിഐഎം അന്താരാഷ്ട്ര ഘടകമായ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) , ലണ്ടനിലെ സൗത്താളിൽ പാർട്ടി കേരള സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംവി ഗോവിന്ദൻ മാസ്റ്റർക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത വൻ ജനാവലിയെ ഗോവിന്ദൻ മാസ്റ്റർ അഭിസംബോധന ചെയ്തു സംസാരിച്ചു.

എഐസിയും ബഹുജന കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (ഐ ഡബ്ല്യു എ) , കൈരളി യുകെ , പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ , എസ്.എഫ്.ഐ സംഘടനകൾ ചേർന്നാണ് കേരള വികസനവും പ്രവാസി സമൂഹവും എന്ന വിഷയത്തിൽ സെമിനാറും പൊതു സമ്മേളനവും സംഘടിപ്പിച്ചത്.

കേരളത്തിന്റെ വികസനത്തിന്റെ നാൾവഴികളെക്കുറിച്ചും ഇന്ത്യയിലെ പൊതുസംഭവവികാസങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട് കേരളത്തിന്റെ മുന്നേറ്റവും ഗോവിന്ദൻമാസ്റ്റർ തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു. കേരളവികസനത്തിൽ പ്രവാസിസമൂഹത്തിന്റെ പങ്കു വളരെ വലുതാണെന്നും കേരളത്തിന്റെ വികസനത്തിനും നവകേരളനിർമ്മിതിയ്ക്കും യുകെയിലെ പ്രവാസിസമൂഹം തുടർന്നും അണിചേരണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.

എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , ബ്രിട്ടീഷ് എംപി യും ലേബർ പാർട്ടി നേതാവുമായ വിരേന്ദർ ശർമ്മ , ഐ ഡബ്ല്യു എ(ജിബി) സെക്രട്ടറി ലിയോസ് പോൾ , കൈരളി സെക്രട്ടറി കുര്യൻ ജേക്കബ് , മലയാളം മിഷൻനെ പ്രതിനിധീകരിച്ചു മുരളി വെട്ടത്ത് , എസ്എഫ്ഐ യുകെ പ്രസിഡന്റ് ശ്വേത , പ്രവാസി കേരളാ കോൺഗ്രസ്സ് നേതാവ് ജിജോ അരയത്ത് തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ കൈരളി പ്രസിഡന്റ് പ്രിയ രാജൻ സ്വാഗതം ആശംസിച്ചു.

ചടങ്ങിൽ എഐസിയുടെ ഉപഹാരം പ്രീത്‌ ബെയിൻസ്‌ ഗോവിന്ദൻ മാസ്റ്റർക്ക്‌ കൈമാറി. എസ്എഫ്ഐ യുകെ എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം രഞ്ജിത്ത്‌ രാജൻ കോംപയറിങ്ങും, എഐസി എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗം ആഷിക്ക്‌ മുഹമ്മദ്‌ നാസർ പ്രഭാഷണത്തിന്റെ സംഗ്രഹവും അവതരിപ്പിച്ചു.

വിവിധ വിഷയങ്ങൾ ആസ്പദമാക്കി പ്രവാസിസംഘടനകൾ നൽകിയ നിവേദനങ്ങൾ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക്‌ സുജ ജോസഫ് നന്ദി പ്രകാശിപ്പിച്ചു .

അനാമിക കെന്റ് യു. കെ. യുടെ ഏറ്റവും പുതിയ സംഗീതആൽബം ‘സ്വരദലം’ റിലീസിനൊരുങ്ങുന്നു. നനുത്ത കാറ്റിന്റെ തണുപ്പുപോലെ മനസ്സിലേക്ക് കടന്നുവരുന്ന ഒരു സോഫ്റ്റ്‌ മെലഡിയാണ് ഇപ്രാവശ്യം സംഗീതാസ്വാദകർക്കായി ഒരുക്കുന്നത്.

യു.കെ. യുടെ ഭാവഗായകൻ റോയ് സെബാസ്റ്റ്യനാണ് ഈ ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിന്റെ മധുരിമകൊണ്ടും ഭാവതരളമായ ആലാപനത്താലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യൻ. അനൂപ് വൈറ്റ്ലാന്റിന്റെ ഹൃദയം തൊടുന്ന സംഗീതം ഈ ഗാനത്തിന്റെ മനോഹാരിത കൂട്ടുന്നു.

യു.കെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയുടേതാണ് സ്വരദലത്തിന്റെ വരികൾ. ഭാവസുന്ദരവും ആഴമാർന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. ‘ക്രോകസിന്റെ നിയോഗങ്ങൾ’, ‘പെട്രോഗ്രാദ് പാടുന്നു’ എന്ന രണ്ട് കവിതാസമാഹാരങ്ങളും, ‘സമയദലങ്ങൾ’, ‘സാരമധു’ എന്ന കാവ്യരസമിറ്റുന്ന രണ്ടു നോവലുകളും വായനക്കാർക്കിടയിൽ ഏറെ നല്ല റിവ്യുകൾ നേടിയിട്ടുണ്ട്.

അനാമിക കെന്റ് യു. കെ. യുടെ മുൻ ആൽബങ്ങളായ ‘സ്വരദക്ഷിണയും’, ‘ബൃന്ദാവനിയും’, ‘ഇന്ദീവരവും’ ‘നിലാത്തുള്ളിയും’ ‘സാവേരിയും’, സംഗീതമേന്മക്കൊണ്ടും, സുന്ദരമായ ആലാപനംകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ അനാമിക കെന്റ് ഒരുക്കുന്ന പതിന്നാലാമത്തെ ഗാനമായ ‘സ്വരദലം’ ഗർഷോം ടീവിയിൽ ജൂൺ രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് റിലീസ് ചെയ്യുന്നു.

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായ പ്രതിഭ കേശവൻ അന്തരിച്ചു.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തൽ

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയായിരുന്നു . കൈരളിയുടെ രൂപീകരണം മുതൽ സംഘടനയ്ക്ക് ദിശാബോധം നൽകി നേതൃത്വപരമായ പങ്കു വഹിച്ച പ്രതിഭയുടെ വേർപാട് കൈരളിയ്ക്കു തീരാനഷ്ടമാണ് ഏൽപ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ട പ്രതിഭയുടെ വളരെ ചെറുപ്രായത്തിലുള്ള ആകസ്മികമായ വേർപാടിൽ അനുശോചിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കൈരളി ദേശിയ സമിതി അറിയിച്ചു.
കോട്ടയം കുമരകം സ്വദേശിയാണ് പ്രതിഭ. മക്കൾ : ശ്രേയ, ശ്രേഷ്ഠ.

പ്രതിഭയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും കൈരളി യുകെ നിങ്ങളുടെയൊക്കെ സഹകരണം അഭ്യർത്ഥിക്കുകയാണ് . നിങ്ങളാൽ കഴിയുന്ന സംഭാവന നൽകി കുടുംബത്തെ സഹായിക്കണമെന്ന് കൈരളി യുകെ വിനീതമായി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സംഭാവന താഴെ കൊടുത്ത GoFundMe പേജിലൂടെ നൽകാവുന്നതാണ്.

https://gofund.me/4f13b99c

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

നന്ദി പറയുന്നത് എന്തോ ഒരു കുറച്ചിലായി കാണുന്നവരാണ് നാം അതുകൊണ്ടാണ് തിന്ന പട്ടിക്കുള്ള നന്ദിയെങ്കിലും കാണിക്കണമെന്ന പഴഞ്ചൊല്ല് ഉണ്ടാക്കി , നന്ദി കിട്ടാൻ വേണ്ടി വളർത്തുനായയെ വളർത്തേണ്ട അവസ്ഥ നമുക്കിന്ന് വന്നത് .

രൂപയുടെ മൂല്യം നോക്കി മാത്രം കണ്ണുതുറക്കുന്ന നമ്മളോട് നന്ദിയെകുറിച്ചു പറഞ്ഞാൽ എല്ലാവർക്കുമത്‌ അതേപോലെ ദഹിക്കാനോ അംഗീകരിക്കാനോ കഴിയണമെന്നില്ല . കാരണം നമ്മളെ സംബന്ധിച്ചു പോക്കറ്റിലുള്ള കാശുമുടക്കി ഒരു തുണ്ടു പേപ്പറിൽ എഴുതി അതിൽ പത്രാസുള്ള ആരെങ്കിലുമൊരാൾ ഒപ്പിട്ടാൽ അത് എന്റേതായി എന്റെതു മാത്രമായി എന്ന് ചിന്തിക്കുന്നവരാണ് നാം . നമുക്കെല്ലാം വേണം പക്ഷെ ആ മേടിക്കുന്നവയെ മനോഹരമായി മേടിക്കാൻ നമുക്കറിയില്ല .

ജപ്പാനീസിനിടയിൽ ഒരു ഗ്ലാസ് കാപ്പി എടുക്കുന്നതു കുടിക്കുന്നതിനു മുമ്പ് പോലും ബൗ ഡൌൺ ചെയ്യുന്ന ഒരു കൾച്ചർ ഉണ്ട് . എന്നാൽ എടുക്കാൻ മേലാത്തത്ര ഫീസുകൊടുത്തു പഠിപ്പിക്കുന്ന എത്ര വിദ്യാലയങ്ങളിൽ നമ്മൾ നമ്മുടെ കുട്ടികളെ താങ്ക്യു പറയുന്നതിന്റെ അല്ലെങ്കിൽ സോറി പറയുന്നതിന്റെ ഇമ്പോർട്ടൻസിനെ കുറിച്ച് പഠിപ്പിക്കുന്നുണ്ട് ?

നമ്മൾ ശ്വസിക്കുന്ന ഈ വായൂ ….
നമ്മൾ ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ വഴിമാറി തരുന്ന പക്ഷികൾ ….
നമ്മുടെ ശവ ശരീരം തിന്ന് തീർക്കുന്ന മണ്ണിരകൾ ..
അങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഏത് വശവും നോക്കൂ, അവയെല്ലാം നമ്മുടെ ജീവിതത്തെ പലതരത്തിൽ സപ്പോർട്ട് ചെയ്യുന്നുണ്ട് .
അവയോടെല്ലാം നമ്മൾ നന്ദി ഉള്ളവരായിരിക്കണം .

ഇനി വേറെ ചില ഉദാഹരണങ്ങൾ നോക്കുകയാണെങ്കിൽ , നമ്മൾ ഇപ്പോൾ ധരിച്ചിട്ടുള്ള വസ്ത്രം, അതിൽ തന്നെ എത്ര പേരുടെ അധ്വാനവും കഷ്ടപ്പാടും ഉൾപ്പെട്ടിട്ടുണ്ട് …പരുത്തി വിത്ത് നട്ട വ്യക്തി മുതൽ ചെടിയെ വളർത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ജീവികൾ വരെ….
പരുത്തി തയ്യാറാക്കിയ ആളുകൾ മുതൽ , നെയ്ത്ത് , വസ്ത്ര നിർമ്മാതാവ്, ഏജന്റ്, വിതരണക്കാരൻ , വിൽപ്പനക്കാരൻ അങ്ങനങ്ങനെ എത്ര പേർ ….

കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലായാലും, നമ്മുടെ ജീവൻ നിലനിർത്തുന്നതിന് വേണ്ടി, അതിൽ എത്രപേരുടെ അധ്വാനം അതിലുണ്ട് ? അവിടെ നന്ദിയുള്ളവനായിരിക്കുന്നതിന് പകരം ഞാൻ പൈസകൊടുത്തിട്ടല്ലേ മേടിച്ചത് എന്ന് വിചാരിച്ചാൽ തെറ്റി …

മറിച്ചു നമ്മൾ മനുഷ്യർ നമ്മൾ നിൽക്കുന്ന കാണുന്ന ശ്വസിക്കുന്ന എല്ലാത്തിനെക്കുറിച്ചും ബോധവാനായിരിക്കുകയും, അത് മാന്യമായി സ്വീകരിക്കുകയും ചെയ്താൽ, നമ്മൾ എത്ര നിസ്സാരരെന്ന് നമുക്ക് മനസിലാകും . കൃതജ്ഞത അതൊരു മനോഭാവമല്ല; അത് നമ്മിലെ ഒരു ക്വാളിറ്റി ആണ് .

“നന്ദി” എന്നത് ഒരു മാന്ത്രിക പദമാണ് .അത് നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നല്ല സ്വയമേ തോന്നുന്നതാണ് . മാത്രവുമല്ല നമ്മളതെപ്പോഴും വാക്കുകളാൽ പ്രകടമാക്കേണ്ടതില്ല . അത് പ്രകടമാക്കാൻ വേറെ ഒട്ടേറെ വഴികളുണ്ണ്ട് . അത് ഒരു നോട്ടം കൊണ്ടാകാം, സ്പർശനം കൊണ്ടാകാം, കണ്ണുനീർ തുള്ളി കൊണ്ടാകാം….

നമ്മൾ എടുക്കുന്ന ഓരോ ശ്വാസത്തിലും ദൈവത്തെ ഓർത്തിരുന്ന, ജപമാല / രുദ്രാക്ഷ മാല ഉരുട്ടി നന്ദി പറഞ്ഞിരുന്ന ഒരു സമൂഹം , കഴിച്ചിരുന്ന ഭക്ഷണത്തിന് നന്ദി സൂചകമായി ഭക്ഷണത്തിന് മുന്നേ കൈകൂപ്പുകയും, നിലത്തിരുന്ന്. ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഒരു ജനത നമുക്ക് മുന്നേ ഉണ്ടായിരുന്നു .

നമ്മുടെ ജീവൻ നിലനിർത്താൻ, നമ്മൾ എടുക്കുന്ന ശ്വാസം മുതൽ കഴിക്കുന്ന ഭക്ഷണം വരെ, സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെ ഒട്ടേറെ ശൃംഖല നമുക്ക് ചുറ്റും ഉൾപ്പെട്ടിരിക്കുന്നു. പക്ഷെ ഞാൻ രാജാവായത് കൊണ്ട് എല്ലാം എന്റേത് എന്ന് ചിന്തിച്ചാൽ , നമുക്ക് ഒന്നിനോടും നന്ദി പറയാൻ പറ്റില്ല ….

യോഗ അറിയുന്നവൻ മണ്ണിനോളം ലളിതമാകുന്നു . അവൻ അവന്റെ ഓരോ ശ്വാസത്തിനും കൃതജ്ഞത ഉള്ളവനാകുന്നു . നമുക്ക് മാത്രമേ യോഗയെ അതിന്റെതായ രീതിയിൽ ഇന്ന് വരെ സ്വീകരിക്കാൻ കഴിയാതെയുള്ളു . കാരണം നമ്മൾ കോട്ടും സ്യൂട്ടും ധരിക്കുന്ന , അല്ലെങ്കിൽ ധരിച്ചിരിക്കുന്നവർ ചെയ്യുന്നവ, അതേപടി ചെയ്തുകൂട്ടുന്ന തിരക്കിലാണ് . എന്നിരുന്നാലും ഇന്ന് പാശ്ചാത്യ രാജ്യങ്ങളിൽ പല സ്കൂളുകളിലും യോഗ പ്രാക്ടീസ് ചെയ്തു വരുന്നു .

നമ്മുടെ പ്രധാനമന്ത്രി ഒട്ടേറെ സ്ഥലങ്ങളിൽ കൃതാർതജ്ഞത അർപ്പിക്കുന്നത് കണ്ടിട്ടുണ്ട് . യോഗ അറിയാവുന്ന ഒരാൾ അയാൾ അയാളെത്ര ഉന്നതനാണെങ്കിലും അയാളുടെ ജീവിതത്തിലെ ഓരോ നിമിഷവും നന്ദി ഉള്ളവനായിരിക്കും …..

( ഇത് പറഞ്ഞത് കൊണ്ട് ഞാൻ ചാണകമാണ് എന്ന കമന്റ് നിരോധിച്ചിരിക്കുന്നു . ഇന്ത്യയിൽ വോട്ട് ചെയ്തിട്ട് 22 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു )

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യുകെയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഈ മലയാളിയും സ്ഥാനം പിടിച്ചു. കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായി മലയാളിയായ ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് യുകെയിൽ വന്ന് കേംബ്രിഡ്ജിന്റെ ഡെപ്യൂട്ടി മേയറായ ബൈജു വർക്കി തിട്ടാലയുടെ നേട്ടം സന്തോഷത്തോടെയാണ് യുകെ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.

സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി  തിട്ടാലയ്ക്കാണ് നൽകിയത് . കേരളത്തിലെ ഒരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് സാമ്പത്തിക പരാധീനതകളാൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുള്ള ബൈജു വർക്കി തിട്ടാല യുകെയിലെത്തിയ ശേഷം സ്വപ്രയത്നത്തിലൂടെ ഉയർന്ന് വന്ന അപൂർവ്വ വ്യക്തിത്വമാണ്. 2013 ൽ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൽ എൽ ബി ബിരുദം നേടിയായിരുന്നു തുടക്കം. പിന്നീട് ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്നും എംപ്ലോയ്മെൻറ് ലോയിൽ ഉന്നത ബിരുദം നേടി. ഇക്കാലയാളവിൽ തന്നെ യുകെയിലുടനീളം സഞ്ചരിച്ച് ജോലിസ്ഥലങ്ങളിൽ തൊഴിലാളികൾ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ബോധവത്കരണം നടത്തുകയും ചെയ്തു. തൊഴിൽ രംഗത്ത് നീതി നിഷേധിക്കപ്പെട്ട പലർക്കും ബൈജുവിന്റെ സേവനങ്ങൾ ഇക്കാലത്ത് തുണയായി മാറിയിരുന്നു.

2018 ൽ കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ മണ്ഡലത്തിൽ നിന്നും കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ട ബൈജു വർക്കി തിട്ടാല മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും 2022 -ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. കൗൺസിലർ ആയി പ്രവർത്തിക്കുന്നതിനിടയിൽ തന്നെ 2019 ൽ സോളിസിറ്റർ ആയി മാറിയ ബൈജു തിട്ടാല  ക്രിമിനൽ ഡിഫൻസ് ലോയർ ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ  നടത്തിയ ക്യാമ്പെയിനുകളിലും നിറ  സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി.

കേംബ്രിഡ്ജിലെ ഡെപ്യൂട്ടി മേയർ പദവി ലഭിച്ചതോടെ ബ്രിട്ടന്റെ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന ഏഷ്യൻ വംശജരായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെയും ലണ്ടൻ മേയറായ സാദിഖ് ഖാൻ ഉൾപ്പെടെയുള്ളവരുടെയും ഗണത്തിലേയ്ക്ക് മലയാളിയായ ബൈജു വർക്കി തിട്ടാലയും എത്തിച്ചേർന്നതിന്റെ സന്തോഷത്തിലാണ് യുകെ മലയാളികൾ . സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു .എല്ലാവർക്കും താങ്ങാനാവുന്ന ഭവന പദ്ധതികൾ, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തിന് കൂടുതൽ നിക്ഷേപം വകയിരുത്തുക എന്നീ മേഖലകൾക്കായി ഡെപ്യൂട്ടി മേയർ എന്ന നിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്. മലയാളം യുകെ.

ലിവർപൂളിലെ പ്രധാനപ്പെട്ട NHS ഹോസ്പിറ്റലുകൾ ആയ റോയൽ ഹോസ്പിറ്റൽ, ബ്രോഡ് ഗ്രീൻ ഹോസ്പിറ്റൽ, എയിൻട്രീ ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളുടെ എത്തിനിക് മൈനോരിറ്റി നേഴ്സസ് ഫോറത്തിന്റെ ചെയർമാനായി മലയാളിയായ ജിനോയ് തോമസ് മാടൻ തെരഞ്ഞെടുക്കപ്പെട്ടു. ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) യുടെ നിലവിലെ സെക്രട്ടറിയാണ് ജിനോയ് തോമസ് മാടൻ. ബാൻഡ് 8 നേഴ്സായി സേവനമനുഷ്ഠിക്കുന്ന ജിനോയി അങ്കമാലി, മഞ്ഞപ്ര സ്വദേശി ആണ്. ലിവർപൂളിൽ ബിർക്കിൻ ഹെഡിൽ താമസിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി നടന്ന റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കി. ഇനിമുതൽ നിരവധി രോഗികൾക്ക് ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കും. പ്രധാനമായും യൂറോളജി, വൻകുടൽ ക്യാൻസർ രോഗികളെ ചികിത്സിക്കാൻ റോബോർട്ട് അസിസ്റ്റഡ് സർജിക്കൽ സിസ്റ്റം സഹായകരമാകും .

കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് യൂറോളജിയ സർജൻ ഡോ. അസ്ഹർ ഖാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായി. ഒക്ടോബർ 8-ാം തീയതി യോർക്ക് ഷെയറിൽ വച്ച് നടത്തപ്പെട്ട മലയാളം യുകെ അവാർഡ് നൈറ്റിൽ നേഴ്സിംഗ് രംഗത്തെ മികവിനുള്ള 2022 -ലെ അവാർഡ് മിനിജാ ജോസഫിനാണ് ലഭിച്ചത് . നിലവിൽ കിംഗ്‌സ് കോളേജ് ആശുപത്രിയിൽ ലീഡ് നേഴ്‌സായി സേവനം ചെയ്യുന്ന മിനിജാ ഉരുളികുന്നം സ്വദേശിനിയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വിവിധ ആശുപത്രികളിലെ ജോലി പരിചയവുമായി 2000 – ത്തിലാണ് മിനിജാ യുകെയിലെത്തിയത് . 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഇതിനോടകം മിനിജാ ജോസഫിനെ തേടിയെത്തിയത്. 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്. മലയാളം യുകെയുടെ അവാർഡ് മിനിജാ ജോസഫിനെ തേടിയെത്തുമ്പോൾ ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാരുടെ സമർപ്പണമാണ് അംഗീകരിക്കപ്പെടുന്നത്.

ക്യാൻസർ രോഗ ചികിത്സയിൽ റോബോട്ടിക് അസിസ്റ്റഡ് സർജറി വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ആണ് യുകെയിൽ ആദ്യമായി ആർ എ എസ് സംവിധാനം ഉപയോഗിച്ചുള്ള ചികിത്സ നടപ്പിലാക്കിയത് . ഒരു സർജന്റെ കൈചലനങ്ങളെ അനുകരിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന റോബോർട്ടിനെ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. റോബോട്ടിക് സർജറി വളരെ അത്യാധുനികമാണെന്നും അത് ക്യാൻസർ രോഗികൾക്ക് മികച്ച ചികിത്സ പ്രദാനം ചെയ്യുമെന്നും ഡോ. അസ്ഹർ ഖാൻ പറഞ്ഞു. ആശുപത്രികളിൽ ചിലവഴിക്കുന്ന സമയം കുറയ്ക്കാം, വേഗത്തിൽ സുഖം പ്രാപിക്കാം എന്നിവയാണ് ആർ എഎസിന്റെ പ്രധാന നേട്ടങ്ങൾ .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നമ്മുടെ ഓൾഫ് മിഷനിലെ അംഗവും കപ്യാരും,സെന്റ് ട്രീസ ട്രെന്റ്‌വാലെ യൂണിറ്റ് മെമ്പറുമായ ശ്രീ തോമസ് ന്റെയും, സേക്രഡ് ഹാർട്ട്, ട്രെന്റ്‌വാലെ യൂണിറ്റ് അംഗമായ ആലീസ് ( ജെയ്സൺ) ന്റെയും ചേച്ചി
ട്രീസ വർഗീസ് (64) ഇന്നലെ നിര്യാതയായി . മൃത സംസ്കാരം മെയ് 24ന് ബുധനാഴ്ച വൈകീട്ട് 4.30ന് പള്ളിശ്ശേരി സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടും

ചേച്ചിയുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്ന തോമസിന്റെയും, ആലിസിന്റെയും മാതാപിതാക്കളെയും ബന്ധുക്കളെയും മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികളാണ് പഠനത്തിനായി ദിനംപ്രതി യുകെയിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ബിരുദ പഠനത്തിനു ശേഷമായിരുന്നു മിക്കവരും എത്തിയിരുന്നത്. എന്നാൽ ഇന്ന് പ്ലസ് ടു പഠനം കഴിഞ്ഞതിനു ശേഷവും കുട്ടികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. യുകെ പോലുള്ള രാജ്യങ്ങളിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.


ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിധിയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.


രാജ്യത്തിലേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ദശലക്ഷമായി കുടിയേറ്റം ഉയർന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന്റെ പിന്നാലെയാണ് നടപടി. പ്രധാനമന്ത്രി റിഷി സുനക് അധികാരമേറ്റെടുക്കുന്നതിന്റെ പിന്നാലെ കുടിയേറ്റം കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. സ്റ്റുഡൻറ് വിസയിൽ വരുന്നവരുടെ ബന്ധുക്കൾ യുകെയിലേക്ക് വരുന്നത് കഴിഞ്ഞവർഷം 135,788 ആയി ഉയർന്നിരുന്നു. 2019 – നെ അപേക്ഷിച്ച് ഇത് 9 മടങ്ങ് കൂടുതലാണ്. നാളെ പ്രഖ്യാപിക്കുന്ന പുതിയ തീരുമാനപ്രകാരം ബിരുദ വിദ്യാർത്ഥികൾക്ക് കുടുംബത്തെ കൊണ്ടുവരാൻ സാധിക്കില്ല. എന്നാൽ പി എച്ച് ഡി വിദ്യാർഥികൾക്ക് പുതിയ നിയമം ബാധകമായിരിക്കില്ല

RECENT POSTS
Copyright © . All rights reserved