UK

യു.കെ യിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്സ്, അതിന്റെ മഹത്തായ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകുവാൻ പോകുന്ന ഒരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്.

സഹൃദയ അഭിമാന പുരസരം അണിയിച്ചൊരുക്കുന്ന ആദ്യ അഖില യു. കെ ഡ്രാഗൺ ബോട്ട് റേസ് 2022 ” കെന്റ് ജലോത്സവം ” ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച്ച കെന്റിലെ വാട്ട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിൽ നടക്കും.

ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ സഹൃദയ പുതു ചരിത്രം രചിക്കുമ്പോൾ അത് ബ്രിട്ടണിൽ ഉള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ആവേശം പകരുമെന്നതിൽ സംശയം ഇല്ല.

മുൻ കാലങ്ങളിൽ തുടർച്ചയായ അഞ്ചു വർഷം അഖില യു കെ വടം വലിയും, ഓൾ യു.കെ ക്രിക്കറ്റ് ടൂർണമെന്റും, ഓൾ യു.കെ അത്തപ്പൂക്കള മത്സരവും നടത്തി തഴക്കവും പഴക്കവും ഉള്ള വെസ്റ്റ് കെന്റിലെ ചുണക്കുട്ടന്മാർ വീണ്ടും വള്ളംകളി എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടന്നു വരുമ്പോൾ യു കെയിലെ എല്ലാ വള്ളം കളി പ്രേമികളും സഹൃദയയോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

കെന്റ് ജലോത്സവത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പ്രസിഡന്റ് അജിത് വെൺമണി, സെക്രട്ടറി ബിബിൻ എബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ വിജു വർഗീസ്, ട്രെഷറർ മനോജ് കോത്തൂർ , വൈസ് പ്രസിഡന്റ് ലിജി സേവ്യർ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ സാബു , സഹൃദയ ബോട്ട് ക്ലബ് ടീം ക്യാപ്റ്റൻ ജോഷി സിറിയക് , ബിജു ചെറിയാൻ, മജോ തോമസ് , ബേസിൽ ജോൺ, സ്‌നേഹ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

ഈ ജലമാമാങ്കത്തിലേക്ക് യു. കെയിലെ എല്ലാ വള്ളംകളി പ്രേമികളെയും ടീമുകളെയും സഹൃദയ ഈ ഉദ്യാന നഗരത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ്. ടീം രെജിസ്ട്രേഷനും ഉടൻ തന്നെ ആരംഭിക്കുന്നതായിക്കും.

മലയാളി വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലൻ ടോമി (24)യെയാണ് യോർക്ക്ഷെയറിലെ ഹാഡേഴ്സ് ഫീൽഡിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച മരണവാർത്ത മിലന്റെ സുഹൃത്തുക്കളിലൂടെ പുറത്തറിഞ്ഞത്.

ആറുമാസം മുമ്പാണ് ഹാഡേഴ്സ് ഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി മിലൻ ബ്രിട്ടനിലെത്തിയത്. സഹതാമസക്കാരായ വിദ്യാർഥികളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.

മുറിയില്‍ കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.  മിലന്റെ സഹോദരി ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഏക സഹോദരി സഹോദരന്റെ മരണം അറിയാതെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. നാട്ടിലെത്തിയശേഷം സഹോദരി സുഹൃത്തുക്കള്‍ വഴി അറിയിച്ചതിനെത്തുടർന്നാണ് വിദ്യാര്‍ത്ഥിയുടെ മരണം അവിടെയുള്ള മലയാളികളിൽ പലരും അറിഞ്ഞത്.

കഴിഞ്ഞ ജനുവരി ഇന്‍ ടേക്ക് വിദ്യാര്‍ത്ഥിയായാണ് യുവാവ് ഹാഡേഴ്‌സ് ഫീല്‍ഡിലെത്തിയത്. യുകെയില്‍ എത്തിയതിന് പിന്നാലെ നാട്ടില്‍ പിതാവ് രോഗബാധിതനായി കിടപ്പിലായത് വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദത്തിലാക്കി. താമസവും ജോലിയും സംബന്ധിച്ചും ആശങ്കകളുണ്ടായിരുന്നു.

ഒരാഴ്ച മുമ്പ് അസ്വസ്ഥനായി കണ്ടതിനാല്‍ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി മുറിയിലെത്തിയ യുവാവ് അസ്വസ്ഥതയിലായിരുന്നു. കോഴ്‌സും ജോലി ഭാരവും താങ്ങാനായിരുന്നില്ലെന്നു പറയപ്പെടുന്നു.

കടുത്ത ഡിപ്രഷൻ മൂലം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

ലോകകപ്പ് ഫുട്ബോളാണെന്നു കരുതി അടിച്ചുപൊളിക്കാന്‍ ഖത്തറിലേക്കു വരുന്നവര്‍ സൂക്ഷിക്കുക. ആഘോഷങ്ങള്‍ക്ക് അതിരുണ്ട്, ഖത്തര്‍ വരച്ച വര കടന്നാല്‍ എട്ടിന്റെ പണി കിട്ടും. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നത്. നിയമം ലംഘിക്കുന്നവര്‍ ജയിലിലാകാനും സാധ്യതയുണ്ട്. മയക്കുമരുന്നു കടത്തലും ഉപയോഗവും പോലെയുള്ള കാര്യങ്ങളാണ് ലോകകപ്പിനിടെ ചെയ്യുന്നതെങ്കില്‍ തലകാണില്ല എന്നാണ് സ്ഥിതി.

ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശന ലൈംഗികനിയന്ത്രണം നടപ്പാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തര്‍. നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ലോകകപ്പിനെത്തുന്നവര്‍ക്കും ഇളവുണ്ടാകില്ലെന്നാണ് സൂചന. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിങ്ങില്‍നിന്ന് വിലക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വവര്‍ഗലൈംഗികതയ്ക്കും ശിക്ഷയുണ്ടാകും.

പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാര്‍ട്ടികളും ഖത്തറില്‍ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാല്‍ കര്‍ശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍, ലോകകപ്പിന്റെ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദിക്കാന്‍ ആലോചനയുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തര്‍ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് 20 വര്‍ഷംവരെ തടവും 1,00,000 റിയാല്‍ (ഏകദേശം 21.50 ലക്ഷം രൂപ) മുതല്‍ 3,00,000 റിയാല്‍ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലര്‍ത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ അവരുടെ ഫുട്ബോള്‍ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാന്‍ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പോലീസും അറിയിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ യുവ തരംഗം ശ്രീനാഥ് ഭാസി ഭീഷ്മ പർവ്വം എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം മറ്റനവധി ചിത്രങ്ങളുടെ ഷൂട്ടിങ്ങിൽ നിന്നും ഒരു ചെറിയ ഇടവേളയെടുത്ത് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സംഗീത ആൽബം റീലീസ് ചെയ്യാനും ലൈവായി അത് ആദ്യമായി അവതരിപ്പിക്കുന്നതിനുമായി ജൂലൈ 2,3 തീയതികളിൽ യുകെയിൽ ലെസ്റ്റർ സിറ്റി, ലണ്ടൻ എന്നീ സ്ഥലങ്ങളിൽ എത്തി ച്ചേരുന്നു…

യുകെയിലെ ഇവൻ്റ് ഡാഡി എന്ന ഇവൻ്റ് മാനേജമെൻ്റ് കമ്പനിയും ശ്രീനാഥ് ഭാസിയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ മോഷ പാറായുമായി ഒത്തു ചേർന്നാണ് ഇംഗ്ലണ്ടിൽ ഇരുതലപക്ഷി ശ്രീനാഥ് ഭാസി ലൈവ് യുകെ എന്ന പേരിൽ അവതരിപ്പിക്കുന്നത് വിദേശ പഠന ഏജൻസി ആയ ഗ്ലോബൽ സ്റ്റടി ലിങ്ക് ഇതിൻ്റെ മുഖ്യ സ്പോൺസറാണ്.

തിരക്ക് നിയന്ത്രിക്കുന്നതിനായി ഇവൻ്റ് ബ്രൈറ്റ് എന്ന ടിക്കറ്റിങ്ങ് പ്ലാറ്റ്ഫോമിൽ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ലെസ്റ്റർ ക്വാർട്ടർ 25 എന്ന ക്ലബിൽ ജൂലൈ രണ്ട് ശനിയാഴ്ച വൈകിട്ട് ഒമ്പത് മണി മുതലും ലണ്ടൻ നഗരത്തിൽ ആർച് വേയിൽ സ്ഥിതി ചെയ്യുന്ന ബോൺ ബോൺ ക്ലബിൽ ജൂലായ് മൂന്ന് ഞായറാഴ്ച വൈകിട്ട് ഒമ്പത് മണി മുതലുമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്..

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- അമിതവേഗത്തിൽ വാഹനമോടിക്കുന്നവരുടെ പേടിസ്വപ്നമാണ് നിരീക്ഷണ ക്യാമറകൾ എന്നാൽ യാത്രക്കാരുടെ എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇത്തരം ക്യാമറകൾ വഹിക്കുന്ന പങ്ക് വലുതാണ്. യുകെയിൽ ഏറ്റവും കൂടുതലുള്ള ഡ്രൈവിംഗ് കുറ്റകൃത്യം അമിതവേഗമാണ്. എന്നാൽ ഇത്തരം അമിതവേഗം അപകടങ്ങൾ ക്ഷണിക്കുമെന്നതിനാലാണ് സ്പീഡ് ക്യാമറകൾ എല്ലാ സ്ഥലങ്ങളിലും പ്രവർത്തിപ്പിക്കുന്നത്. നിലവിലെ ടെക്നോളജിയുടെ വളർച്ച മൂലം ഒരു കിലോമീറ്റർ മുൻപ് വരെയുള്ള വാഹനത്തിന്റെയും ഡ്രൈവർമാരുടെയും ചിത്രങ്ങൾ ഇപ്പോഴത്തെ ക്യാമറകൾക്ക് ലഭിക്കും. മിക്ക ക്യാമറകളും റോഡിലെ അടയാളങ്ങൾ ഉപയോഗിച്ച് , വാഹനം നിശ്ചിത സമയത്തിനുള്ളിൽ എത്ര ദൂരം സഞ്ചരിച്ചു എന്നത് ആശ്രയിച്ചാണ് സ്പീഡ് കണക്കാക്കുന്നത്. കാർ ലീസ് സ്പെഷ്യൽ ഓഫറസ് നടത്തിയ അന്വേഷണങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ആക്ടീവായ ക്യാമറകൾ വെസ്റ്റ് യോർക്ഷെയറിലാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം പോലീസ് അധികൃതർക്ക് നൽകിയ അപേക്ഷയിലാണ് ജനുവരി 2019 മുതൽ വെസ്റ്റ് യോർക്ഷെയറിൽ മാത്രം 1,005,830 ആക്ടിവേഷനുകളാണ് നടന്നതെന്ന് വെളിപ്പെട്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 848 ഫ്ലാഷുകൾ ഉണ്ടാകുന്നുണ്ട് എന്ന രീതിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മെട്രോപോളിറ്റൻ, സസ്സെക്സ്, വെസ്റ്റ് മിഡ്ലാൻഡ്സ്, കെന്റ്, സറെ, എന്നിവിടങ്ങളാണ് ലിസ്റ്റിൽ തൊട്ടുപുറകിൽ ഉള്ളത്. ദീർഘദൂര യാത്രകൾക്ക് പോകുന്നവർ ഇത്തരം ക്യാമറകൾ ശ്രദ്ധിച്ച് സ്പീഡ് ലിമിറ്റ് കുറയ്ക്കണമെന്നും സർവ്വേ ആവശ്യപ്പെടുന്നു.

വിവാഹദിനത്തില്‍ ടോമിന് നഷ്ടമായത് പ്രിയപ്പെട്ട പ്രണയിനി ഡാനിയല്‍ ഹാംസണ്‍ന്റെ ജീവനാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ടോം തന്നെയാണ് ഈ ദു:ഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. എന്നാല്‍ മരണകാരണം എന്താണെന്ന് ടോം പോസ്റ്റില്‍ പറയുന്നില്ല.

ടോമും ഡാനിയലും 2020 സെപ്റ്റംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ അത് നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരുമിച്ചു ജീവിച്ച ഇരുവര്‍ക്കും 2021 ഒക്ടോബറില്‍ ഒരു ആണ്‍കുഞ്ഞും പിറന്നു.

എന്നാല്‍ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പെ ഡാനിയല്‍ ഈ ലോകത്തോട് വിട പറയുകയായിരുന്നു. കുഞ്ഞിനെ ചേര്‍ത്തുപിടിച്ചുള്ള ഡാനിയലിന്റെ ചിത്രത്തോടൊപ്പമാണ് പ്രിയപ്പെട്ടവളുടെ വേര്‍പാട് ടോം ആരാധകരെ അറിയിച്ചത്.

‘എനിക്കിത് വിശ്വസിക്കാനാകുന്നില്ല. എന്റെ പ്രിയപ്പെട്ട ഡാനീ…അവളായിരുന്നു എനിക്കെല്ലാം. എന്റെ ഉറ്റസുഹൃത്ത്, എന്റെ ജീവിതത്തിലെ സ്‌നേഹം. എന്റെ പ്രാണന്‍. ജൂണ്‍ 18 ശനിയാഴ്ച അവള്‍ എന്നെ വിട്ടുപോയി. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട ദിവസം ഹൃദയഭേദകമായി അവസാനിച്ചു. ഞാനിപ്പോള്‍ കണ്ണീര്‍ക്കടലിലാണ്.

ഞങ്ങള്‍ വിവാഹപ്പന്തലില്‍ എത്തിയില്ല. വിവാഹശേഷമുള്ള ഞങ്ങളുടെ ആദ്യത്തെ നൃത്തം ചെയ്തില്ല. നീ എന്റെ ലോകമായിരുന്നു. എന്റെ ജീവിതത്തിലെ അമ്യൂലമായ നിധി. അതെല്ലാം നിനക്കറിയാമല്ലോ? നീ അണിയിച്ച മോതിരം എന്റെ വിരലിലുണ്ട്. നിന്നോടുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെ അടയാളമായി ഞാന്‍ ജീവിതകാലം മുഴുവനും അതു ധരിക്കും.

ഞാന്‍ ഇപ്പോള്‍ പൂര്‍ണമായും തകര്‍ന്നുപോയൊരു മനുഷ്യനാണ്. എവിടേക്കാണ് പോകേണ്ടത് എന്നുപോലും എനിക്ക് മനസിലാകുന്നില്ല. പക്ഷെ നമ്മുടെ മകനായി ഞാന്‍ ശക്തി സംഭരിക്കും. നീ മികച്ച അമ്മയായിരുന്നു. അത്രത്തോളം എത്താന്‍ എനിക്ക് കഴിയുമോയെന്ന് അറിയില്ല. എങ്കിലും നീയും ഞാനും ആഗ്രഹിച്ചരീതിയില്‍ അവനെ വളര്‍ത്താന്‍ ഞാന്‍ ശ്രമിക്കും. ഉറപ്പ്. അവന്റെ എത്രത്തോളം മികച്ച സ്ത്രീയായിരുന്നെന്ന് അവന്‍ തിരിച്ചറിയും. അവന് എന്നും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം മാത്രമായിരിക്കും ഉണ്ടാകുക.

അകത്തും പുറത്തും ഏറ്റവും സുന്ദരിയായ വ്യക്തിയായിരുന്നു നീ. അവിശ്വസനീയമാം വിധം ജീവിച്ച ആത്മാവ്. അത്തരമൊരു സ്‌പെഷ്യല്‍ വ്യക്തിയെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. നിങ്ങളുടെ സന്ദേശങ്ങളിലും ആശ്വാസ വാക്കുകളിലും ഞാന്‍ സമാധാനം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്റെ പ്രിയപ്പെട്ട ഡാനി, എന്റെ വെളിച്ചമായിരുന്നു നീ. നീയില്ലാത്ത എന്റെ ലോകം ഇരുട്ടാണ്. ഞാന്‍ നിന്നെ എന്നെന്നും മിസ് ചെയ്യും’. ടോം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വെസ്റ്റ് യോർക്ക്ഷെയർ : വെയ് ക് ഫീൽഡ് , ഹോണിറ്റൺ മണ്ഡലങ്ങളിലെ മലയാളികൾ ഉൾപ്പെടുന്ന വോട്ടർമാർ നാളെ ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തങ്ങളുടെ എംപിയെ തിരഞ്ഞെടുക്കുന്നതിനായി സമ്മതിദാനവകാശം രേഖപ്പെടുത്തും. വെയ് ക് ഫീൽഡ് പരമ്പരാഗതമായി ലേബറിന്റെ കോട്ടയായിരുന്നു. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ബ്രിട്ടീഷ് ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത തരത്തിലുള്ള സാമുദായിക ദ്രുവീകരണം നടത്തിയാണ് മലയാളികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മേരി ക്രെയ്ഗിനെ പരാജയപ്പെടുത്തി കൺസർവേറ്റീവ് വെയ് ക് ഫീൽഡ് പിടിച്ചെടുത്തത്. മലയാളികൾ ഉൾപ്പെടുന്ന ലേബർ പാർട്ടി അനുഭാവികൾ വെയ് ക് ഫീൽഡ് തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ്. വെയ് ക് ഫീൽഡിലെ മുൻ കൺസർവേറ്റീവ് എംപി ഇമ്രാൻ അഹമ്മദ് ഖാൻ 2008-ൽ 15 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുകയാണ്. കോമൺസ് ചേമ്പറിൽ ഇരുന്ന് രണ്ടുതവണ തന്റെ ഫോണിൽ അശ്ലീലദൃശ്യം കണ്ടതായി സമ്മതിച്ച് ടോറി എംപി നീൽ പാരിഷ് രാജിവച്ചതോടെയാണ് ഹോണിറ്റണിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

വെസ്റ്റ് യോർക്ക്ഷെയറിലെ വെയ് ക് ഫീൽഡ് 1932 മുതൽ ലേബർ സീറ്റായിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഈ സീറ്റ് നഷ്ടമായത്. 2019ൽ 3,358 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടോറികൾ വിജയിച്ചത്. എന്നാൽ ഇത്തവണ മണ്ഡലം പഴയ പ്രതാപത്തിലേക്ക് തിരിച്ചു പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ലേബർ പാർട്ടി. രണ്ട് മണ്ഡലങ്ങളിലും കൺസർവേറ്റീവുകൾ പരാജയപ്പെട്ടാൽ അത് ബോറിസ് ജോൺസന് മേൽ കനത്ത സമ്മർദ്ദമുണ്ടാക്കുമെന്നത് മറ്റൊരു വസ്തുത.

 

അടുത്തിടെ വെയ് ക് ഫീൽഡിൽ നടന്ന സർവേഷൻ പോളിലും ജെഎൽ പാർട്ണർസ് പോളിലും ലേബർ പാർട്ടി മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പറയുന്നു. വെയ് ക് ഫീൽഡിൽ സൈമൺ ലൈറ്റ് വുഡ് ആണ് ലേബർ പാർട്ടി സ്ഥാനാർത്ഥി. നദീം അഹമ്മദ് ആണ് കൺസർവേറ്റീവ് സ്ഥാനാർത്ഥി . ഹോണിറ്റണിൽ ലിസ് പോൾ ആണ് ലേബർ പാർട്ടി സ്ഥാനാർത്ഥി . കൺസർവേറ്റീവിന്റെ ഹെലൻ ഹർഫോർഡും മത്സരരംഗത്തുണ്ട്. ജൂൺ 24 ന് അതിരാവിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

ടോം ജോസ് തടിയംപാട്

കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തിൽ മരണമടഞ്ഞ ലിവർപൂളിന്റെ പ്രിയ ഡോക്ടർ ജ്യോതിസ് മണലയിൽ (26 ) വരുന്ന ജൂലൈ മാസം 7 വ്യാഴാഴ്ച സെന്റ് . ഹെലൻസ് ഹോളി ക്രോസ് പള്ളിയിൽ വച്ച് മലയാളി സമൂഹം വിടനൽകും . പള്ളിയിലെ ചടങ്ങുകൾ രാവിലെ 10 .30 ന് ആരംഭിക്കും. മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ജ്യോതിസ് ലിവർപൂളിൽ എത്തിയത് അന്നുമുതൽ അൾത്താര ബാലനായി പ്രവർത്തിച്ച പള്ളിയിലാണ് അന്ത്യ കർമങ്ങൾ നടക്കുന്നത് . യു കെ യുടെ വിവിധഭാഗങ്ങളിൽ നിന്നും അന്ത്യ ഉപചാരം അർപ്പിക്കാൻ ആളുകൾ അവിടെ എത്തിച്ചേരും

കഴിഞ്ഞ ദിവസം ഞാനും സുഹൃത്ത് ജോസ് മാത്യുവും കൂടി ജ്യോതിസിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ പ്രാത്ഥന നടന്നുകൊണ്ടിരിക്കുകയായിരുന്നു, പിതാവ് ജോജപ്പൻ അവൻ കുട്ടിയായിരുന്നപ്പോൾ സ്വന്തമായി ഉണ്ടാക്കിയ mouse mat pad കാണിച്ചു .അതിൽ E = mc2 എന്നെഴുതി അതിൽ അവന്റെ ചെറുപ്പത്തിലേ ഫോട്ടോകളും ചേർത്ത് വച്ചിട്ടുണ്ടായിരുന്നു. അതുകാണിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു .

എ. ലെവലിനു പഠിക്കുമ്പോൾ മുതൽ അവൻ ഷോപ്പിൽ പോയാൽ കുറെയേറെ പാക്കറ്റ് സാധനങ്ങൾ വാങ്ങും അതുമുഴുവൻ education disabilities ഉള്ള കുട്ടികൾക്ക് വേണ്ടിയായിരുന്നു . ഡോക്ടർ ആയ ശേഷം തല മൊട്ടയടിച്ചു വീട്ടിൽ എത്തിയിരുന്നു ‘അമ്മ ഒരിക്കൽ വഴക്കു പറഞ്ഞു പക്ഷെ അത് ക്യൻസർ രോഗികൾക്ക് വേണ്ടിയായിരുന്നു ചെയ്തത് എന്നത് പിന്നീടാണ് അറിഞ്ഞത്. കൊറോണ മൂർഛിച്ച കാലത്ത് 7 ദിവസവും ജോലി ചെയ്തിരുന്ന ജ്യോതിസ് ഒരു അവധിപോലും എടുത്തിരുന്നില്ല, ചുറ്റും നിരന്തരം നടക്കുന്ന മരണങ്ങൾ കണ്ടു കൂടെ ജോലി ചെയ്തിരുന്ന ഡോക്ടർ സുഹൃത്തുക്കളോടു ഞാൻ മരിച്ചാൽ കത്തിച്ചു കളഞ്ഞാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് അറിയുന്നത് . ലിവർപൂളിൽ ജോജപ്പൻ, ജെസ്സി, ദമ്പതികൾ അറിയപ്പെട്ടിരുന്നത് ജ്യോതിസിന്റെ മാതാപിതാക്കൾ എന്നനിലയിൽ ആയിരുന്നു .ജ്യോതിസ് മരിച്ചത് വില്ലേജ് റോഡിൽ ജ്യോതിസ് ഓടിച്ചിരുന്ന കിയാ കാറും എതിരെ വന്ന റേഞ്ച് റോവറുമായി കൂട്ടിയിടിച്ചാണ് . ഇന്റേണൽ ബ്ലീഡിങ്‌ ആയിരിക്കാം മരണകാരണം എന്നാണ് കരുതുന്നത്. രണ്ടു വണ്ടിയും ഓവർ സ്പീഡീൽ ആയിരുന്നില്ല എന്നാണ് അറിയുന്നത് .

ജ്യോതിസ് ജോലി ചെയ്തിരുന്ന ലങ്കഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽനിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ ശേഷം മെഡിക്കൽ സ്റ്റുഡൻസിനു ക്ലാസ് എടുക്കാൻ ബ്ലാക്ക് പൂളിലേക്ക് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. വീടു മുഴുവൻ ജ്യോതിസിന്റെ ചെറുപ്പം മുതലുള്ള ഫോട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരുന്നത് കാണാമായിരുന്നു. ലിവിങ് റൂമിൽ ഒരു വലിയ ഫോട്ടോ വച്ചിട്ട് അതിനു മുൻപിലാണ് പ്രാർത്ഥന നടത്തിയിരുന്നത്. ലിവിങ് റൂമിലെ ഷോ കെയിസിൽ നിറയെ ജ്യോതിസ് നേടിയ ട്രോഫികൾ അടുക്കി വച്ചിരിക്കുന്നത് കാണാമായിരുന്നു . മരണവിവരം അറിഞ്ഞു അമേരിക്കയിൽ നിന്നും വന്ന ജോജപ്പന്റെ ചേട്ടനോടും ജോജപ്പനോടും അനുശോചനം അറിയിച്ചു പുറത്തിറങ്ങിയ ഞങ്ങളുടെയും കണ്ണ് നിറഞ്ഞിരുന്നു

രണ്ടായിരത്തോടുകൂടി യു കെയിലേക്ക് നടന്ന മലയാളി കുടിയേറ്റത്തിൽ ലിവർപൂളിൽ എത്തിയതായിരുന്നു ജ്യോതിസിന്റ കുടുംബം . ഒരു പക്ഷെ മലയാളികളുടെ ഇടയിൽ ലിവർപൂളിൽ നിന്നും ആദ്യ൦ MBBS കരസ്ഥമാക്കിയത് ജ്യോതിസ് ആയിരിക്കും . വളർന്നു വരുന്ന തലമുറയ്ക്ക് ജ്യോതിസ് ഒരു മാതൃകയായിരുന്നു

പഠിത്തത്തിലും കലാസാംസ്‌കാരിക മേഖലയിലും പ്രതിഭയായിരുന്നു ആ ചെറുപ്പക്കക്കാരൻ . ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നാണ് MBBS കരസ്ഥമാക്കിയത്. ജോജപ്പൻ, ജെസ്സി, ദമ്പതികൾക്ക് രണ്ടു ആൺ കുട്ടികളാണ് ഉള്ളത് അതിൽ മൂത്തയാളാണ് ജ്യോതിസ് . ജ്യോതിസിന്റെ കുടുംബം ചങ്ങനാശേരി സെന്റ് . മേരിസ് കത്തീഡ്രൽ ഇടവക മണലയില്‍ കുടുംബാംഗമാണ്.

അന്ത്യ കർമ്മങ്ങൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ് .

Holy Cross Church .St .Helens .Post Code WA 101LX .

ജ്യോതിസിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയുടെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ ,

ഹരിഗോവിന്ദ് താമരശ്ശേരി

ലണ്ടൻ : മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയും ആറാമത്തെ ഇന്ത്യാക്കാരനുമായ ശ്രീ അശോക് കുമാർ വർഷം തോറും നടത്തിവരാറുള്ള മാരത്തോൺ ചാരിറ്റി ഇവൻറ് ജൂൺ 11 ന് ക്രോയ്‌ഡോൺ ആർച്ച് ബിഷപ്പ് ലാൻഫ്രാങ്ക് സ്‌കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറി . ജൂൺ 11 ന് വൈകിട്ട് 4 മണിമുതൽ വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച പരിപാടിയിൽ ക്രോയ്ടോൻ സിവിക് മേയർ കൗൺസിലർ അലിസ ഫ്ലെമിംഗ്, ക്യാബിനെറ്റ് മെമ്പർ കൗൺസിലർ യെവെറ്റ് ഹോപ്ലി,മുൻ മേയറും നിലവിലെ കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് തുടങ്ങി ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.

ചാരിറ്റി ഈവന്റിലൂടെ ലഭിച്ച തുക യുകെ മലയാളികളുടെ പ്രിയങ്കരനായിരുന്ന ഹരിയേട്ടൻ എന്ന യശശ്ശരീരനായ ശ്രീ തെക്കുമുറി ഹരിദാസിൻ്റെ പേരിൽ ക്യാൻസർ റിസേർച്ച് സെന്റ്ററിനു കൈമാറുമെന്ന് ശ്രീ അശോക് കുമാർ അറിയിച്ചു. ഇതുവരെ അശോക് കുമാർ ചാരിറ്റി ഇവന്റുകളിലൂടെ £30,000 ത്തിൽ പരം പൗണ്ട് സമാഹരിച്ചു വിവിധ ചാരിറ്റി സംഘടനകൾക്ക് നൽകിയിട്ടുണ്ട്.

 

യുകെയിൽ ഇന്നും വ്യാഴാഴ്ചയും ശനിയാഴ്ചയും ട്രെയിൻ സമരം. ഇടവിട്ട ദിവസങ്ങളിൽ നടക്കുന്ന മൂന്നു ദിവസത്തെ സമരം ഫലത്തിൽ ഒരാഴ്ച മുഴുവൻ യാത്രക്കാരെ വലയ്ക്കും. നാഷനൽ യൂണിയൻ ഓഫ് റെയിൽ, മാറിറ്റൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ് (ആർഎംടി) ആണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഭൂരിപക്ഷം ജീവനക്കാരും സമരത്തിന് ഇറങ്ങുന്നതോടെ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങിൽ പൊതുഗതാഗതം താളം തെറ്റും. ലണ്ടൻ നഗരത്തിന്റെ ജീവനാഡിയായ ലണ്ടൻ ട്യൂബ് സർവീസ് ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഡിഎൽആർ ഒഴികെയുള്ള എല്ലാ അണ്ടർഗ്രൌണ്ട് ഡ്യൂബ് സർവീസും സമരത്തിൽ നിലയ്ക്കും.

സമരംമൂലം ലണ്ടൻ ട്യൂബ് സർവീസ് പൂർണമായും നിലച്ചേക്കുമെന്ന് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ ചീഫ് ഓപ്പറേറ്റിംങ് ഓഫിസർ ആൻഡി ലോർഡ് മുന്നറിയിപ്പു നൽകി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുന്നതാണ് സമരദിവസങ്ങളിൽ നല്ലതെന്നാണ് മുന്നറിയിപ്പ്. ജീവനക്കാരുടെ വാക്കൗട്ട് 24 മണിക്കൂറിനുശേഷം പുനരാരംഭിക്കുമെങ്കിലും സർവീസുകൾ സാധാരണ നിലയിലേക്കു മടങ്ങാൻ വീണ്ടും 24 മണിക്കൂർ സമയമെടുക്കും. അപ്പോഴേക്കും സമരത്തിന്റെ രണ്ടാം ഘട്ടം എത്തും. ഇത്തരത്തിൽ വാരാന്ത്യംവരെ രാജ്യത്തെ ട്രെയിൻ സർവീസ് താറുമാറാകുമെന്ന് ചുരുക്കം.

കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സമരത്തിനാണ് ട്രെയിൻ ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. സമരത്തിന് ഉത്തരവാദികൾ സർക്കാരും മാനേജ്മെന്റുമാണെന്ന് യൂണിയനുകളും യൂണിയന്റെ ദുർവാശിയാണ് സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സും ആരോപിച്ചു. സർക്കാർ നേതൃത്വത്തിന്റെ പിടുപ്പുകേടാണ് സമരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇന്നലെ അവസാനമായി നടന്ന ചർച്ചകളും ഫലം കാണാതെ വന്നതോടെയാണ് സമരത്തിന് തന്നെയെന്ന് ആർഎംടി യൂണിയൻ പ്രഖ്യാപിച്ചത്.

ലണ്ടൻ നഗരത്തിൽ ട്രെയിൻ സർവീസുകൾക്ക് പകരമായി അഡീഷനൽ ബസ് സർവീസുകൾ സർക്കാർ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണാൻ ഇതുകൊണ്ടാകില്ല.

ട്രെയിൽ സർവീസുകൾ നിലയ്ക്കുന്നതോടെ റോഡുകളിലും തിരക്കേറും. ദീർഘദുരയാത്രകൾ മുൻകരുതലോടെ നടത്തിയില്ലെങ്കിൽ മണിക്കൂറുകൾ മോട്ടോർവേകളിൽ കുടുങ്ങുന്ന സ്ഥിതിയുണ്ടാകും. ഓഫിസുകളിലും മറ്റു ജോലിസ്ഥലങ്ങളിലും ഏത്തിപ്പെടാൻ ആളുകൾ വലയും.

റെയിൽവേ മേഖലയ്ക്ക് സർക്കാർ നൽകുന്ന സഹായം ഏതാണ്ട് നാല് ബില്യൻ പൗണ്ടുവരെ കുറച്ചതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കാനിടയായത്. സർക്കാർ സഹായം കുറഞ്ഞതോടെ കമ്പനികൾ ആനുകൂല്യങ്ങളിൽ വരുത്തിയ കുറവുകളും ചെലവുചുരുക്കൽ നടപടികളുമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ജീവിതച്ചെലവ് മുൻപെങ്ങുമില്ലാത്തവിധം വർധിച്ച സാഹചര്യത്തിൽ മാന്യമായ വേതനവർധന വേണമെന്ന ആവശ്യവും അതേപടി അംഗീകരിക്കപ്പെട്ടില്ല. ടിക്കറ്റ് ഓഫിസുകൾ പൂട്ടാനും നിർബന്ധമായി ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമെല്ലാം ജീവനക്കാരുടെ സമരത്തിന് കാരണമായിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved