Uncategorized

നെയ്മീന്‍ – 1/ 2 കിലോ
സബോള -2 എണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി – 1 പീസ് ചതച്ചത്
വെളുത്തുള്ളി – 1 കുടം ചതച്ചത്
പച്ചമുളക് – 4 എണ്ണം നീളത്തില്‍ കീറിയത്
കുഞ്ഞുള്ളി – 6 എണ്ണം
ഏലക്ക – 4 എണ്ണം
ഗ്രാമ്പൂ – 4 എണ്ണം
കറുവ പട്ട – 1 കഷണം
തക്കാളി – 2 എണ്ണം
തേങ്ങാപ്പാല്‍ -ഒന്നാം പാല്‍ -1 കപ്പ, രണ്ടാം പാല്‍ – 1 കപ്പ, മൂന്നാം പാല്‍ 1/ 2 കപ്പ്
കറിവേപ്പില – 1 തണ്ട്
കുരുമുളകു പൊടി – 1 ടി സ്പൂണ്‍
മഞ്ഞള്‍പൊടി 1/ 2 ടീ സ്പൂണ്‍
നാരങ്ങ നീര് – പകുതി നാരങ്ങയുടെ
ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മീന്‍ നന്നായി കഴുകി എടുത്ത് കുരുമുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങ നീര്, ഉപ്പ് എന്നിവ പുരട്ടി 1/ 2 മണിക്കൂര്‍ വയ്ക്കുക. ഓയില്‍ ചൂടാക്കി മീന്‍ പൊടിയാതെ 2-3 മിനുട്ട് വറുത്ത് എടുക്കുക. ഒരു പാനില്‍ ബാക്കിയുള്ള ഓയില്‍ ചൂടാക്കി കറി വേപ്പില വഴറ്റി എടുക്കുക. ഇതിലേയ്ക്ക് ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവ മൂപ്പിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഓയില്‍ വിട്ടു തുടങ്ങുമ്പോള്‍ സബോള, കുഞ്ഞുള്ളി ചേര്‍ത്ത് വീണ്ടും വഴറ്റുക. സബോള ലൈറ്റ് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മീനും മൂന്നാം പാലും ചേര്‍ത്ത് തിളപ്പിക്കുക. ഗ്രേവി ചെറുതായി കുറുകി വരുമ്പോള്‍ രണ്ടാം പാലും തക്കാളിയും ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തക്കാളി കുക്ക് ആയി കഴിയുമ്പോള്‍ ഒന്നാം പാലും ചേര്‍ത്ത് ചെറു തീയില്‍ ചൂടാക്കി വാങ്ങുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചേരുവകള്‍

മട്ടന്‍ – 1 കിലോ
സവാള – 1
കുഞ്ഞുള്ളി – 100 ഗ്രാം
വെളുത്തുള്ളി – 1തുടം
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് -3 എണ്ണം
മുളകുപൊടി -2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
ഇറച്ചി മസാല – 2 ടീസ്പൂണ്‍
ബീഫ് ഉലര്‍ത്ത് മസാല – 1ടേബിള്‍സ്പൂണ്‍
ഗരംമസാല – അര ടേബിള്‍സ്പൂണ്‍
പെരും ജീരകം പൊടിച്ചത് – 1 ടീസ്പൂണ്‍
കറിവേപ്പില, കടുക്
ഉപ്പ്, എണ്ണ – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മട്ടന്‍ വൃത്തിയായി കഴുകിയതില്‍ ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി, ഉപ്പ്, എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വെച്ചതിനുശേഷം നന്നായി വേവിച്ചു മാറ്റി വെക്കുക. ഫ്രയിംഗ്പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു അതില്‍ സവാള, കുഞ്ഞുള്ളി, വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ബാക്കിയിരിക്കുന്ന എല്ലാ മസാലകളും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന മട്ടന്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. തീ കുറച്ച് വച്ച് നന്നായി വരട്ടിയെടുക്കുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബേസില്‍ ജോസഫ്

ഒരു മാഗ്ലൂരിയന്‍ സ്ട്രീറ്റ് ഫുഡ് ആണ് ഈയാഴ്ച വീക്കെന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ചിക്കന്‍ 65 പോലെ ഒരു സ്റ്റാര്‍ട്ടര്‍ ആയോ സ്‌നാക് ആയോ അല്ലെങ്കില്‍ വീക്കെന്‍ഡില്‍ രണ്ട് പെഗ് അടിക്കുന്നവര്‍ക്ക് ഒരു ‘ടച്ചിങ്ങ്‌സ്’ ആയോ ഒക്കെ നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ്. (ഈ ഡിഷിന്റെ പേരില്‍ ഇനി എല്ലാ വീക്കെന്‍ഡിലും 2 എണ്ണം അടിച്ചോ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല കേട്ടോ!) കുക്കിംഗ് എളുപ്പത്തില്‍ എന്ന് പറഞ്ഞു എങ്കിലും മസാല ചിക്കനില്‍ നന്നായി പിടിക്കാന്‍ അല്പം കാത്തിരിക്കണം കേട്ടോ.

ചേരുവകള്‍

1 ചിക്കന്‍ -500 ഗ്രാം (ബോണ്‍ ഉള്ളതോ ബോണ്‍ലെസോ)
2 മല്ലിയില -1 ചെറിയ കെട്ട്
കറിവേപ്പില – 2 തണ്ട്
ഇഞ്ചി – 1 പീസ്
വെളുത്തുള്ളി -5 അല്ലി
പച്ചമുളക് -3 എണ്ണം
3 ഗരം മസാല – 1 ടീസ്പൂണ്‍
4 മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
5 റെഡ് ഫുഡ് കളര്‍ – 2 തുള്ളി (optional )
6 നാരങ്ങാനീര് 1 നാരങ്ങയുടെ
7 കട്ടത്തൈര്- 1 ടീസ്പൂണ്‍
8 അരിപ്പൊടി – 1 ടി സ്പൂണ്‍
9 പ്ലയിന്‍ ഫ്‌ലൗര്‍ -1 ടീസ്പൂണ്‍
10 ഉപ്പ് – ആവശ്യത്തിന്
11 ഓയില്‍ -വറക്കുവാന്‍ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ ചെറിയ പീസായി മുറിച്ച് നന്നായി കഴുകി എടുക്കുക. രണ്ടാമത്തെ ചേരുവകള്‍ ഒരു മിക്‌സിയില്‍ അരച്ച് എടുക്കുക. അരച്ചെടുത്ത മിശ്രിതത്തിലേയ്ക്ക് ഗരം മസാല, മുളകുപൊടി, റെഡ് ഫുഡ് കളര്‍ (optional) ഉപ്പ്, കട്ടത്തൈര്, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നല്ല പേസ്റ്റ് ആക്കി എടുക്കുക. ചിക്കനിലേയ്ക്ക് ഈ മസാല നന്നായി തേച്ചുപിടിപ്പിച്ച് കുറഞ്ഞത് 2 മണിക്കൂര്‍ എങ്കിലും ഫ്രിഡ്ജില്‍ വയ്ക്കുക. കൂടുതല്‍ സമയം വച്ചാല്‍ അത്രക്കും നല്ലത്. ചിക്കന്‍ പുറത്തെടുത്ത് അതിലേയ്ക്ക് അരിപ്പൊടിയും പ്ലയിന്‍ ഫ്‌ലൗറും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ഫ്രയിംഗ് പാനില്‍ ഓയില്‍ നന്നായി ചൂടാക്കി വറത്ത് കോരി ഓണിയന്‍ റിങ്ങ്‌സ് കൊണ്ടോ മുളക് വറത്തത് വച്ചോ ഗാര്‍നിഷ് ചെയ്ത് ഒരു ലെമണ്‍ വെഡ്ജും വച്ച് ചൂടോടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജാപ്പനീസ് ഭക്ഷണം രുചിലോകത്ത് പേരുകേട്ടതാണ് ;എന്നാല്‍ ജാപ്പനീസ് ഭക്ഷണങ്ങളില്‍ താരം ആകുകയാണ് ഒരു മഴത്തുള്ളി ഡെസേര്‍ട്ട്.ഇതിന്റെ ചേരുവകള്‍ മിനറല്‍ വാട്ടറും അഗറുമാണ്(ആല്‍ഗയില്‍ നിന്നെടുക്കുന്ന ജെല്ലി പോലുള്ള വസ്തു) എന്നതാണ് ഏറ്റവും രസകരം .

സാധാരണ കേക്ക് എന്ന് കേള്‍കുമ്പോള്‍ മൈദാ ,ധന്യപൊടി പഞ്ചസാര, മുട്ട, വെമ്ണ എന്നൊക്കെയാണ് മനസില്‍ വരിക. എന്നാല്‍ ജപ്പാനിലെ ഈ മഴത്തുള്ളി കേക്ക് വായില്‍ വെച്ചാല്‍ അലിയുന്ന മട്ടിലുള്ള കട്ടിയാക്കപ്പെട്ട അല്ലെങ്കില്‍ ജെല്ലിയാക്കപ്പെട്ട വെള്ളമാണ്.മിഷു ഷിംഗന്‍ മോച്ചി എന്നാണ് ജപ്പാനില്‍ ഈ കേക്ക് അറിയപെടുന്നത് . ചൂടാക്കിയ ശേഷം വെള്ളം പ്രത്യേക ആകൃതിയിലുള്ള പാത്രങ്ങളില്‍ വെച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ജെല്ലിയാക്കിയെടുക്കുന്നു. ഇതിന് ശേഷമാണ് ചക്കരപ്പാവ് പോലെ പഞ്ചസാരയും സോയാബീന്‍ മാവും ഇതിന് മുകളിലേക്ക് സെര്‍വിങ്ങിന് മുമ്പ് മാത്രം ചേര്‍ക്കുന്നു. കേക്ക് വാങ്ങും മുന്പ് ഒരു കാര്യം മാത്രം ശ്രദ്ധിക്കണം സംഭവം ഓര്‍ഡര്‍ ചെയ്തു അരമണിക്കൂറിനുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ വെള്ളമായി പോകുമെന്ന് മാത്രം.

വളരെ സ്‌പൈസി അയ ഒരു ഗോവന്‍ ഡിഷ് ആണ് ചിക്കന്‍ കഫ്‌റിയല്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പോര്‍ച്ചുഗീസ് കോളനീകളില്‍ ആണ് ഈ ഡിഷിന്റെ ഉത്ഭവം. ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണകാലത്ത് ആഫ്രിക്കന്‍ / പോര്‍ച്ചുഗീസ് സൈനികര്‍ ആണ് ഈ ഡിഷ് ഇവിടെ അവതരിപ്പിച്ചത്. ഗോവയിലെ ഒട്ടു മിക്ക ഭോജനശാലകളിലെയും മെനുവിലെ ഒരു മുഖ്യ ഇനം ആണ് ചിക്കന്‍ കഫ്‌റിയല്‍. അല്‍പം ഡ്രൈ ആയ ഒരു ഡിഷ് ആണ ഇത്.

ചേരുവകള്‍

1 ചിക്കന്‍ 500 ഗ്രാം (ബ്രെസ്റ്റ്/ലെഗ്‌സ് )
2 മല്ലിയില 1 കെട്ട്
3 പുതിനയില 1/4 കെട്ട്
4 ഇഞ്ചി 2 പീസ്
5 വെളുത്തുള്ളി 5 അല്ലി
6 കുരുമുളകുപൊടി 1 ടീസ്പൂണ്‍
7 കറുവപ്പൊടി 1/ 2 ടീസ്പൂണ്‍
8 ഗ്രാമ്പൂ 5 എണ്ണം
9 ഏലക്ക 4 എണ്ണം
10 നാരങ്ങ 1 എണ്ണം പിഴിഞ്ഞത്
11 ഉപ്പ്
12 ഓയില്‍ 50 ml

പാചകം ചെയ്യുന്ന വിധം

ചിക്കന്‍ നന്നായി കഴുകി ഡ്രൈ ആക്കി എടുക്കുക. 2 മുതല്‍ 11 വരെ ഉള്ള ചേരുവകള്‍ ഒരു മിക്‌സിയില്‍ നന്നായി അരച്ച് എടുക്കുക. ചിക്കന്‍ നന്നായി വരഞ്ഞ് ഈ അരപ്പ് പീസുകളില്‍ തേച്ചു പിടിപ്പിച്ച് കുറഞ്ഞത് 2 മണിക്കൂര്‍ വയ്ക്കുക. ഒരു ഫ്രൈയിംഗ് പാനില്‍ ഓയില്‍ ചൂടാക്കി മസാല തേച്ച ചിക്കന്‍ നന്നായി വറുത്തെടുക്കുക (ഷാലോ ഫ്രൈയിംഗ്). ഒരു സെര്‍വിംഗ് പ്ലേറ്റിലേയ്ക്ക് മാറ്റി ഒനിയന്‍ റിംഗ്‌സും നാരങ്ങ വെഡ്ജ്‌സും കൂട്ടി വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചിക്കന്‍ കബാബ്, ബീഫ് കബാബ് തുടങ്ങി കബാബ് ഇനങ്ങള്‍ നിരവധിയാണ് . എന്നാല്‍ ഐഫോണിനേക്കാള്‍ വിലയുള്ള ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കബാബിനേ പറ്റി കേട്ടിട്ടുണ്ടോ .’റോയല്‍ വണ്‍’ എന്ന ഇരട്ടപ്പേരില്‍ അറിയപെടുന്ന കബാബ് ആണ് ലോകത്തിലെ ഏറ്റവും മുന്തിയ ഇനം കബാബ് . ഇതിലെ ചേരുവകളാണ് റോയല്‍ വണ്ണിനെ വിലപിടിച്ചതാക്കുന്നത്. ലണ്ടനിലെ കനാറി വാര്‍ഫിലെ ഹവസ് റസ്റ്റോറന്റിലെ ഹെഡ് ചെഫ് ഒണ്‍ഡര്‍ സഹാന്‍ ആണ് റോയല്‍ വണ്‍ കബാബിന് പിന്നില്‍. ഏറ്റവും വിലപിടിപ്പുള്ളത് മാത്രമല്ല കൃത്രിമമായ ഒന്നും ചേരാത്തത് കൂടിയാണ് ഈ കബാബ്. 925 പൗണ്ടാണ് ലണ്ടനില്‍ ഇതിന്റെ വില (87,119 രൂപ). ഐഫോണ്‍ സിക്‌സ് എപ്പോഴേ വാങ്ങാമല്ലേ ഇത്രയും രൂപയുണ്ടെങ്കില്‍!

ഗ്രേഡ് നൈന്‍ ജാപ്പനീസ് വാഗ്യു ബീഫാണ് കബാബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മോറല്‍ മഷ്‌റൂമിനൊപ്പം 25 വര്‍ഷം പഴക്കമുള്ള ഇറ്റാലിയന്‍ വിനാഗിരിയാണ് ഇതിന്റെ പ്രത്യേകത. ഒരു മില്ലി ലിറ്ററിന് 1.84 പൗണ്ടാണ് ഇതിന്റെ വില.

വിവിധ തരത്തിലും രുചിയിലുമുള്ള ചിക്കന്‍ വിഭവങ്ങള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ട് അല്ലേ…. എന്നാല്‍ നിങ്ങള്‍ ചിക്കന്‍ തോരന്‍ കഴിച്ചിട്ടുണ്ടോ ,ഈ വിഭവം അതിന്റെ തനതായ രുചിയോടു കൂടെ കഴിക്കണമെങ്കില്‍ നാട്ടിലെ ചില ചെറിയ ഹോട്ടലുകള്‍ ,ഷാപ്പുകള്‍ എന്നിവടങ്ങളില്‍ നിന്നൊക്കെ കഴിക്കണം ,ഇരുമ്പ് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയില്‍ ചിക്കനും തേങ്ങാ ചതച്ചതും കൂടി ഇളക്കി ഇളക്കി ഒടുവില്‍ നല്ല ബ്രൌണ്‍ നിറത്തില്‍, കൊതിപ്പിക്കുന്ന മണവുമായി നമ്മുടെ മുന്നില്‍ … ആഹാ !!! അതിന്റെ സ്വാദ് ഒന്ന് വേറെതന്നെയാണ്‌,നമ്മള്‍ എല്ലാവരും ചെയ്യുന്നത് പോലെ മസാല കൂട്ട് സ്പൂണ്‍ അളവില്‍ ചേര്‍ക്കാതെ കൈക്കണക്കില്‍ അല്ലേ അവര്‍ എല്ലാം പാകം ചെയ്യുന്നത്. നമ്മള്‍ ഒരിക്കല്‍ രുചിച്ചാല്‍ അതിന്റെ രുചി നാവില്‍ നിന്നും പോകില്ല.നമ്മുടെ വീട്ടില്‍ ഏകദേശം അതേ പോലെയൊക്കെ എങ്ങനെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം….

ഒരു കിലോ എല്ലോടു കൂടിയതോ എല്ലില്ലാത്തതോ ആയ ചിക്കന്‍ ചെറുതായി മുറിച്ചു കഴുകി വൃത്തിയാക്കി ഒരു നുള്ള് ഗരം മസാലയും ഒരു നുള്ള് ഉപ്പും പൊടിയ്ക്കു ഇത്തിരി മഞ്ഞള്‍പ്പൊടിയും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.
ഈ സമയം കൊണ്ട് ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് എന്നിവ മിക്സറില്‍ ഒന്ന് കറക്കി ചതച്ചു എടുക്കുക
ഒന്നര സവാള അല്ലെങ്കില്‍ ഒരു കപ്പ്‌ ചെറിയ ഉള്ളി എടുത്തു അരിഞ്ഞു വയ്ക്കുക .ഒരു മുറി തേങ്ങ ചിരകിയത് മിക്സറില്‍ ഒന്ന് കറക്കി മാറ്റി വയ്ക്കുക.

ഇനിഒരു വിസ്താരമുള്ള പരന്ന പാനില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ രണ്ടു തണ്ട് കറി വേപ്പിലയും അര ടീസ്പൂണ്‍ കടുകും കൂടി ചേര്‍ത്ത് താളിയ്ക്കുക.അതിനു ശേഷം സവാള / കൊച്ചുള്ളി അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക,ഇനി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേര്‍ത്ത് വഴറ്റിക്കോ,പച്ചമണം മാറുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക്പൊടി ,ഒരു ടീസ്പൂണ്‍ ചിക്കന്‍ മസാല ,ഒരു നുള്ള് പെരുംജീരകം,അര ടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കൂടി ചേര്‍ത്ത് നന്നായി മൂത്ത് വരുമ്പോള്‍ ചിക്കന്‍ കഷങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കി എല്ലാം കൂടി യോജിപ്പിച്ച് ചെറിയ തീയില്‍ അടച്ചു വയ്ക്കുക.ചിക്കന്‍ കഷണങ്ങളില്‍ നിനും വെള്ളം ഇറങ്ങി ചിക്കന്‍ മുക്കാലും വേവാകുമ്പോള്‍ വീണ്ടും തുറന്നു വെച്ച് വെള്ളം വറ്റിച്ചു എടുക്കണം,വെള്ളം വറ്റാറാകുമ്പോള്‍ ചതച്ച തേങ്ങയും പ്പകത്തിനു ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും രണ്ടു തണ്ട് കറി വേപ്പിലയും കൂടി ചേര്‍ത്ത് നന്നായി ഇളക്കുക, ,ഇളക്കുമ്പോള്‍ ചിക്കന്‍ ഒക്കെ വെന്തു ഇളകി വരും ,തോരന്‍ ആയതിനാല്‍ ചിക്കന്‍ നന്നായി വെന്തു തോരന്‍ പോലെ നല്ല ബ്രൌണ്‍ നിറത്തില്‍ ആകുന്നതിനാണ് കൂടുതല്‍ രുചി, രുചി കൂട്ടാന്‍ ഇടയ്ക്ക് പാനിന്റെ വശങ്ങളില്‍ നിന്നും അല്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു നന്നായി ഇളക്കി എടുക്കണം,തേങ്ങ മുഴുവനും ചിക്കനില്‍ പിടിച്ചു എണ്ണയില്‍ കിടന്നു മസാലകള്‍ എല്ലാം മിക്സ് ആയി വരുമ്പോള്‍ ഉള്ള കാര്യം പറയാമല്ലോ…അറിയാതെ കയ്യിട്ടു തിന്നാന്‍ തോന്നും…രുചി നോക്കി സാധനം പെട്ടെന്ന് ഫിനിഷ് ആകരുത്……ഇനി ഒന്ന് കൂടി ഇളക്കി ഒരു തണ്ട് കറി വേപ്പില കൂടി തൂകി തീയ് ഓഫാക്കാം.ചിക്കന്‍ തോരന്‍ ദാ തയ്യാറായി കഴിഞ്ഞു…ഇനി ഒരു പ്രത്യേക കാര്യം..ഈ ഡിഷ്‌ പലരും പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്‌ ,ചിലര്‍ ചിക്കന്‍ വറുത്തു ഉണ്ടാക്കും,മറ്റു ചിലര്‍ തേങ്ങാക്കൂട്ടു ചിക്കനില്‍ ഇളക്കി വെച്ച് കുറെ നേരം വെച്ച ശേഷം ഉണ്ടാക്കും. എന്തായാലും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.

വളരെ സിമ്പിള്‍ ആയ ഒരു ഡിഷ് ആണ് ഇന്ന് വീക്ക് എന്‍ഡ് കുക്കിംഗ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവിടെയുള്ള ഏതു റെസ്റ്റോറന്റില്‍ പോയാലും കാണാന്‍ പറ്റുന്ന ഒരു വിഭവം ആണ് പൈ ഡിഷുകള്‍. ഇത് പല ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നു എന്ന് മാത്രം. ഇവിടെ ഞാന്‍ പരിചയപെടുത്തുന്നത് ചിക്കന്‍ മഷ്രൂം പൈ ആണ്.

ചേരുവകള്‍

ചിക്കന്‍ 500 ഗ്രാം
മഷ്രൂം 150 ഗ്രാം
സ്പ്രിംഗ് ഓനിയന്‍ 1 ബഞ്ച്
Thyme 1 പിഞ്ച്
ക്രീം fraiche 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ ഗ്രാം
ഒലിവ് ഓയില്‍ 10ml
ജാതിക്കാ (nutmeg) 1/ 4 എണ്ണം േ്രഗറ്റ് ചെയ്തത്
ഫ്‌ളോര്‍ 20 ഗ്രാം
ചിക്കന്‍ സ്റ്റോക്ക് 200 ml
പെപ്പര്‍ 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
പഫ് പാസ്ട്രി 1 റോള്‍

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി അതിലേക്ക് ചിക്കന്‍ ഇട്ടു കുക്ക് ചെയ്യുക. ചിക്കന്‍ പകുതി കുക്ക് ആയി കഴിയുമ്പോള്‍ സ്പ്രിംഗ് ഒനിയന്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് Thyme, ബേലീഫ്, ജാതിക്കാ േ്രഗറ്റ് ചെയ്തത്, പെപ്പര്‍ പൗഡര്‍, ബട്ടര്‍, ഫ്‌ലൗര്‍, ക്രീം fraiche എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ചിക്കന്‍ സ്റ്റോക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറഞ്ഞ തീയില്‍ നല്ല കട്ടിയുള്ള ഒരു മിശ്രിതം ആക്കി എടുക്കുക. ഓവന്‍ 200 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക. ഈ മിശ്രിതം ഒരു ബേക്കിംഗ് ഡിഷിലേയ്ക്ക് മാറ്റി പഫ് പാസ്ട്രി കൊണ്ട് കവര്‍ ചെയ്യുക. അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പാസ്ട്രിക്ക് മുകളില്‍ പുരട്ടുക. ചൂടായ ഓവനില്‍ 15 മിനുട്ട് ബേക്ക് ചെയ്തു ഒരു സെര്‍വിംഗ് പ്ലേറ്റിലേയ്ക്ക് മുറിച്ചു മാറ്റി സൈഡ് സലാഡിന്റെ കൂടെ വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈവിധ്യമാര്‍ന്ന സംസ്‌കാരത്തോടൊപ്പം ഓരോ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ ഭക്ഷണ വൈവിധ്യവും ഉള്ള രാജ്യമാണ് ഇന്ത്യ. 29 സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ഭാഷ എന്നാ പോലെ തന്നെയാണ് ഭക്ഷണ പാരമ്പര്യവും.കേരളത്തിലെ ഭക്ഷണമല്ല നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലും. ദൂരം കൂടും തോറും ഇന്ത്യയുടെ വൈവിധ്യങ്ങളും പലവിധമാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ പ്രത്യേകതകളുമുണ്ട്. ഈ പ്രത്യേകതകള്‍ ഭക്ഷണ കാര്യത്തില്‍ പ്രതിഫലിക്കാറുമുണ്ട്. ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു ഭൂപടമാണിത്. സ്വാദിഷ്ടമായ ഭക്ഷണത്തിന്റെയും രുചിയുടേയും അടിസ്ഥാനത്തില്‍ കാശ്മീര്‍ തൊട്ടു കേരളം വരെ നീളുന്ന ഒരു ഭൂപടം. കേരളത്തില്‍ നിന്നും ഈ ഭൂപടത്തില്‍ ഇടം പിടിച്ച വിഭവങ്ങള്‍ഏതൊക്കെ ആണെന്നോ? നമ്മുടെ നാടന്‍ സാദ്യ തന്നെ ഒന്നാമന്‍.അവിയല്‍, അപ്പം, ഇറച്ചി സ്റ്റൂ എല്ലാം പിന്നാലെ തന്നെയുണ്ട് . ദോശ, ഇഡ്‌ലി, പൊങ്കല്‍, ചെട്ടിനാട് ചിക്കന്‍ എന്നിവയാണ് തമിഴ്നാട്ടിലെ താരങ്ങള്‍. മറ്റു സംസ്ഥാനങ്ങളിലെ രുചിവീരന്മാര്‍ ആരൊക്കെ ആണെന്ന് നോക്കാം.
ഗുജറാത്ത്
തേപ്ല, ധോക്ല, ഖാണ്ഡവി, ഹാന്‍ഡ്വോ, പാങ്കി.

മഹാരാഷ്ട്ര
ഷീര്‍ഖണ്ഡ്, താലീപീത്, വട പാവ്, മോദക്

ഗോവ
വിന്‍ഡാലൂ, ക്‌സാകുട്ടി, ബിബിന്‍കാ, പ്രോണ്‍ ബല്‍ചാവ്

കര്‍ണാടക
ബിസി ബേലെ ഭട്ട്, കേസരി ബാത്, മൈസൂര്‍ പാക്, ധര്‍വാഡ് പേത, ചിരോട്ടി

രാജസ്ഥാന്‍
ദാല്‍ ഭട്ടി ചുര്‍മ്മ, കേര്‍ സങ്ഗ്രി, ലാല്‍ മാസ്, ഗട്ടേ, പ്ലാസ് കി കച്ചോ

ഛത്തീസ്ഗഡ്
ബേഫൂരി, കുസ്ലി, റെഡ് ആന്റ് ചഡ്‌നി

ആന്ധ്രപ്രദേശ്
തെലങ്കാന
ഹൈദരാബാദി ബിരിയാണി, മിര്‍ച്ച് കാ സാലന്‍, ഗോംഗുര, കോരികൂര

ഒഡീഷ
ഫിഷ് ഓര്‍ലി, ഖീര്‍മോഹന്‍, രസബൊലി,ഛേനപോടാപിതാ

ത്രിപുര
ചക്ക്വി, മിവ്ക്വി, മൂയ്ത്രൂ

മേഘാലയ
ജൈഡോ, ക്വാട്ട്

മിസോറാം
സൂ

മണിപ്പൂര്
ഇരോമ്പ, കബോക്, ചക്കൗ

നാഗാ ലാന്റ്
മോമോസ്, റൈസ് ബിയര്‍, ചെറി വൈന്‍

ആസാം
മസൂര്‍ ടേങ്ക, പിത

സിക്കിം
മോമോസ്, തുക്പ, ഗുണ്ട്രുക്,ഫാഗ്ഷാപാ, സേയ്ല്‍ റോട്ടി

അരുണാചല്‍ പ്രദേശ്
അപോങ്(പ്രാദേശികമായ മദ്യം)

ജമ്മു കാശ്മീര്‍
ഗുസ്തബ തമക് മാസ്, ദം ആലൂ ഹാക്- കരം കാ സാഗ്

ഹിമാചല്‍ പ്രദേശ്
സിഡു, അക്ടോരി

ഛണ്ഡീഗഡ്
ബട്ടര്‍ ചിക്കന്‍, തണ്ടൂരി ചിക്കന്‍, മട്ടണ്‍ പുലാവ്

പഞ്ചാബ്
ദാല്‍ മക്കനി, മക്കേ ഡി രോട്ടി, സര്‍സോ ദ സാഗ്, ചന്ന ഭട്ടുരേ, അമൃത് സരി മച്ഛി, കുല്‍ച

ഹരിയാന
കച്രി കി സബ്‌സി, ഛോലിയ, ബേ്രജ കി ഖിച്ചടി

ഡല്‍ഹി
ഛാട്ട്, പരാന്തേ, നഗാരി ഹല്‍വ, ഛോല ഭട്ടുരെ

ഉത്തരാഖണ്ഡ്
ആലു കേ ഗുട്‌കെ, കാപ, ജംഗോരാ കി ഗീര്‍, ചെയ്ന്‍സൂ

ഉത്തര്‍പ്രദേശ്
ബദ്മി ആലൂ കച്ചോരി, ബിരിയാണി, ഹല്‍വ, ബനാറസി ചാട്ട്, കേബാസ്

ബീഹാര്‍
ലിട്ടി,സാട്ടു, ഖാജ,തില്‍കട്ട്, അനാറസാ, ഖുബി കാ ലായ്

ജാര്‍ഖണ്ഡ്
തേകുഅ, പുവ, പിത്ത, മരുവ കാ റോട്ടി

പശ്ചിമ ബംഗാള്‍
ബപാ ഇല്ലിഷ്. രസഗോള, മിഷ്ടി ദോയ്

ബേസില്‍ ജോസഫ്

ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോല പ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.

അന്ത്യ അത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.

കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു. പെസഹ അടുത്തു വരുന്ന ഈ സമയത്ത് പെസഹ അപ്പവും പാലും ഉണ്ടാക്കുന്ന വിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.

ചേരുവകള്‍

അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.

പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍

pal

ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍

പാല്‍ ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved