Uncategorized

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കീത്തിലിയിലെ ആദ്യകാല മലയാളിയായ സുനിൽ ജോസിന്റെ മൃതസംസ്കാര ചടങ്ങുകൾ ജൂൺ ഒന്നാം തീയതി വെട്ടിമുകൾ സെന്റ് മേരിസ് പള്ളിയിൽ വച്ച് നടക്കും. നാളെ മെയ് മുപ്പത്തൊന്നാം തീയതി 5 മണിക്ക് ഭൗതികശരീരം ഭവനത്തിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒന്നാം തീയതി രാവിലെ 10 . 30നാണ് മൃതസംസ്കാര ശുശ്രൂഷകൾ സ്വഭവനത്തിൽ ആരംഭിക്കുന്നത്.

അൻപത് വയസ്സ് മാത്രം പ്രായമുള്ള സുനിൽ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സുനിൽ കേരളത്തിൽ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് അകാലത്തിൽ വിടവാങ്ങിയത്.

ഭാര്യ റെജിമോൾ . മക്കൾ ആര്യ ഒലീവിയ.

യുകെയിൽ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവകാംഗമാണ് സുനിൽ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷൻറെ സജീവ പ്രവർത്തകനായിരുന്നു നിര്യാതനായ സുനിൽ.

താഴെ കൊടുത്തിരിക്കുന്ന യൂട്യൂബിൽ ലിങ്കിൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം.

 

കേരളത്തില്‍ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ഇടതുപക്ഷത്തിന് ലഭിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നില്‍ പരസ്യ അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു.

‘ജോസ് കെ. മാണിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എം.പിയായി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട സീറ്റാണിത്. എല്‍.ഡി.എഫ്. ഉചിതമായ തീരുമാനം എടുക്കും’, സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

അതേസമയം, ഇത്തരം ചര്‍ച്ചകള്‍ നടത്തേണ്ടത് പൊതു ഇടത്തിലല്ലെന്ന് കേരള കോണ്‍ഗ്രസ് എം. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ ജോസ് കെ. മാണി പറഞ്ഞു. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. എല്‍.ഡി.എഫില്‍ ആദ്യംചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. മുന്നണിയിലാണ് ചര്‍ച്ച ചെയ്യേണ്ടത്, പൊതുഇടത്തിലല്ല. സി.പി.എമ്മും എല്‍.ഡി.എഫും ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലായ് ഒന്നിനാണ് സി.പി.എം. നേതാവ് എളമരം കരീം, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നത്. ഇടതുമുന്നണിയുടെ മൂന്നുപേര്‍ ഒഴിയുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍, എം.എല്‍.എ.മാരുടെ എണ്ണമനുസരിച്ച് രണ്ടുപേരെയേ മുന്നണിക്ക് ജയിപ്പിക്കാനാവൂ. സി.പി.ഐ.യുടെയും കേരള കോണ്‍ഗ്രസ് എമ്മിന്റെയും ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ ഒഴിയുന്ന സീറ്റ് വീണ്ടും നിലനിര്‍ത്തേണ്ടത് രണ്ടുപാര്‍ട്ടികളുടെയും ആവശ്യമാണ്.

അതേസമയം, മൂന്ന് സീറ്റില്‍ ഒന്ന് തങ്ങളുടേതാണെന്നും അതില്‍ വിട്ടുവീഴ്ച വേണ്ടെന്നുമുള്ള നിലപാടാണ് സി.പി.ഐക്ക്. മുന്നണി യോഗത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം.

വിഷയം ഇതുവരെ ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക് രണ്ട് സീറ്റില്‍ വിജയിക്കാനാകും. ഇതില്‍ ഒന്ന് സി.പി.എമ്മിനും മറ്റൊന്ന് ഘടക കക്ഷിക്കുമായാണ് പോവുക.

ശാസ്താംകോട്ടയിൽ എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. ഇടക്കാട് മുണ്ടുകുളഞ്ഞി പള്ളിപ്പറമ്പിൽ ഡെന്നി ഡാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. കുടുംബാംഗങ്ങൾ പള്ളിയിൽ പോയ സമയത്താണ് തീപിടുത്തം ഉണ്ടായത്. അതുകൊണ്ട് വൻ ദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു.

പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടോ ആകാം പൊട്ടിത്തെറിക്കു കാരണം അല്ലെങ്കിൽ മിന്നലേറ്റ് തീപിടുത്തം ഉണ്ടായതെന്ന് അഗ്നി രക്ഷാസേനയുടെ പ്രാഥമിക നിഗമനം.

മോഹൻദാസ്

ജീവിതം വിജയകരമാക്കാൻ വേണ്ട ടിപ്സുകൾ സുലഭമായി വിരൽത്തുമ്പിൽ വിടരുന്ന കാലമാണ് സമൂഹമാധ്യമ കാലം. ശല്യമാകുന്ന പൂച്ചയെ കളയുന്നതു മുതൽ വൃദ്ധയായ അമ്മയെ എങ്ങനെ വിജയകരമായി ഉപേക്ഷിക്കാം എന്നു വരെ ഗൈഡൻസ് തരുന്ന സക്സസ്ഫുൾ ടിപ്സ് ഇന്ന് ലഭ്യമാണ്. തമാശയുടെ ആവരണമണിഞ്ഞ നീറുന്ന സത്യങ്ങളാണ് വിനോദ് ‘നായർ മിണ്ടാട്ടം എന്ന പുതിയ പുസ്തകത്തിലൂടെ പറയുന്നത്.

ഈ കുറിപ്പിൻ്റെ ശീർഷകത്തിന് ഉള്ളുപൊള്ളിക്കുന്ന ചൂടുണ്ട്.

ഗുരുവായൂരമ്പലനടയിലെ വഴിപാട് കൗണ്ടറിനു സമീപം വൃദ്ധയായ അമ്മയെ ഇരുത്തുക. ഇപ്പോൾ വരാമെന്നു പറഞ്ഞ ശേഷം മുങ്ങുക. ക്രൂരമായ ഒരു കറുത്ത ഫലിതം പോലെ അമ്മ.

വൃദ്ധമാതാവിനെ ഉപേക്ഷിക്കൽ എന്ന ലളിതമായ ടിപ്പ് വായിക്കുമ്പോൾ മന:സാക്ഷി മരിച്ചു പോയ സമൂഹത്തിൻ്റെ കാപട്യത്തിനും പൊങ്ങച്ചത്തിൻ്റെയും മുഖത്തിനുള്ള ഒരടി തന്നെയാണ്.

മനസ്സിൽ നന്മയുള്ളവർക്കേ കരയാൻ പറ്റു എന്നൊരു വരി മിണ്ടാട്ടത്തിന് അവതാരികയെഴുതിയ സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്.

ഋഷിരാജ് സിങ്ങ് മൂലം കല്യാണദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ശില്പയും കള്ളിയങ്കാട്ട് നീലിയുമൊക്കെ വായനയ്ക്കു ശേഷവും മനസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ മടിക്കുന്ന കഥാപാത്രങ്ങളാണ്.

നാൽപ്പത്തിരണ്ടോളം ഓർമ്മക്കുറിപ്പുകൾ , (ഓർമ്മശലഭങ്ങൾ എന്നു പറയാനാണ് എനിക്കിഷ്ടം) മിണ്ടാട്ടത്തിലുണ്ട്.

ജീവിതം തൊട്ടറിഞ്ഞ അനുഭവങ്ങളാണ് വിനോദ് നായർ നമുക്കു മുന്നിൽ വയ്ക്കുന്നത്. വായന കഴിഞ്ഞാലും ഈ ഓർമ്മശലഭങ്ങൾ നമ്മുടെ ഓർമ്മകളോടു മിണ്ടാട്ടം നിർത്തില്ല.

മിണ്ടാട്ടം : വിനോദ് നായർ
ഓർമ്മ
പ്രസാ: ഡി. സി ബുക്സ്
വില : 230 രൂപ

കോട്ടയം ജില്ലയിലെ അരീപ്പറമ്പിൽ ജനിച്ച വിനോദ് നായർ ഇപ്പോൾ മലയാള മനോരമ കോട്ടയം യൂണിറ്റിൽ ചീഫ് ന്യൂസ് എഡിറ്റർ ആണ് .. പിതാവ്: പി.ജി. പരമേശ്വരൻ നായർ. മാതാവ്: എൻ. രാധമ്മ. കോട്ടയം സി.എം.എസ്. കോളേജിലും ബസേലിയസ് കോളേജിലും കൊച്ചി മീഡിയ അക്കാദമിയിലുമായിരുന്നു വിദ്യാ ഭ്യാസം.

 

മോഹൻദാസ് കോട്ടയം മുട്ടമ്പലം സ്വദേശി.  കൊച്ചിയിൽ പരസ്യ കോപ്പി റൈറ്ററായി പ്രവർത്തിക്കുന്നു. ഫ്രീലാൻസ് ജേർണ്ണലിസ്റ്റുമാണ് എഴുത്തും വായനയും പാട്ടും ഏറെയിഷ്ടം.

സാൻ ഫ്രാൻസിസ്‌കോ ബേ ഏറിയക്കടുത്ത് പ്ലസന്റണിൽ നാലംഗ മലയാളി കുടുംബം ഇലക്ട്രിക് കാർ അപകടത്തിൽ മരിച്ചത് സമൂഹത്തെയാകെ ഞെട്ടിച്ചു. പത്തനംതിട്ട കൊടുമൺ ചെറുകര സ്വദേശി ടെക്ക് കമ്പനി ഉദ്യോഗസ്ഥനായ ശ്രീ തരുൺ ജോർജ്, ഭാര്യ ശ്രീമതി റിൻസി, രണ്ടു മക്കൾ എന്നിവരാണ് മരണമടഞ്ഞത്. ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ശ്രീ ജോർജ് സി ജോർജ് (ജോർജി) ശ്രീമതി അനിത ദമ്പതികളുടെ മകനാണ് ശ്രീ തരുൺ ജോർജ്.

ശ്രീ തരുൺ ജോർജിന്റെ കുടുംബം നിരവധി വർഷങ്ങളായി ചെന്നൈയിലാണ്. ചെന്നൈ അണ്ണാ നഗർ മാർത്തോമാ ഇടവക അംഗങ്ങളാണ്. പിതാവ് ജോർജ് സി ജോൺ പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡിൽ ഏപ്രിൽ 24 ബുധനാഴ്ച രാത്രി 9.30 മണിക്കായിരുന്നു അപകടം സംഭവിച്ചത്. വഴിവക്കിലെ ഓക്ക് മരത്തിൽ കാർ ഇടിച്ചു കത്തുകയായിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. അപകടത്തിന് പിന്നാലെ തീ പിടിച്ച ഇലക്ട്രിക് കാർ പൂർണമായും കത്തി നശിച്ചു. വേഗത ഒരു ഘടകമായിരിക്കാം. എന്നാൽ മദ്യവും മറ്റു പ്രശ്നങ്ങളും അപകടത്തിന് കാരണമായതായി വിശ്വസിക്കുന്നില്ലെന്ന് പോലീസ് സാൻ ഫ്രാൻസിസ്കോ ക്രോണിക്കിളിനോട് പറഞ്ഞു. ഫൗൾ പ്ലേ സംശയിക്കുന്നില്ല. അപകടത്തെ തുടർന്ന് കുടുംബത്തിൻ്റെ ഇലക്ട്രിക് കാറിന് തീ പിടിക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോഴും വീണ്ടും കത്തുകയും ചെയ്തു. കാർ തുറക്കാൻ കഴിഞ്ഞില്ലെന്നു കരുതുന്നു.

“ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല” പോലീസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. “കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും.” കുട്ടികൾ തങ്ങളുടെ സ്‌കൂളിലെ വിദ്യാർത്ഥികളാണെന്ന് പ്ലസൻ്റൺ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് പറഞ്ഞു. കുട്ടികളിൽ ഒരാൾ മിഡിൽ സ്കൂളിലും മറ്റൊരാൾ എലിമെൻ്ററിയിലും ആയിരുന്നുവെന്ന് പ്ലസൻ്റൺ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റ് പറയുന്നു.

കാർ മരത്തിൽ ഇടിക്കുന്നതിന് മുമ്പ് ഒരു പോളിൽ ഇടിക്കുകയും തീപിടിക്കുകയും ചെയ്തതായി വീഡിയോയിൽ കാണുന്നതായി ക്രോൺ 4 റിപ്പോർട്ട് പറയുന്നു. വളവുകളും മരങ്ങൾ നിറഞ്ഞതുമായ ഫുട്ട്ഹിൽ റോഡിലൂടെ നിരവധി ഡ്രൈവർമാർ അമിത വേഗതയിൽ സഞ്ചരിക്കുന്നതായി പരിസര വാസികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി മാരകമായ അപകടങ്ങൾ ഈ റോഡിൽ പതിവായി നടക്കുന്നു.

ഡോ. വർഗീസ് കെ. ചെറിയാൻ , എം ജി സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിധി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നാം അഭിമുഖികരിക്കാൻ പോകുന്നത്. പ്രധാനമായും ഒരു പക്ഷത്ത് ബി.ജെ.പി നയിക്കുന്ന എൻ. ഡി. എ മുന്നണിയും മറു പക്ഷത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയുമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാർട്ടികൾ കേരളത്തിൽ കോൺഗ്രസിനെതിരെ പോരാടുമ്പോഴും വിശാലാടിസ്ഥാനത്തിൽ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഭാഗമായിട്ടുള്ള ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. പ്രാദേശിക തലത്തിലും ദേശിയ തലത്തിലും പാർട്ടി പ്രവർത്തകർക്കിടയിലും വിശദീകരിക്കാൻ പറ്റാത്ത തരത്തിലുള്ള വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കേണ്ട സാഹചര്യമാണ് അതുകൊണ്ട് തന്നെ സി. പി. എം, സി. പി. ഐ, കോൺഗ്രസ്‌ എന്നീ കക്ഷികൾക്ക് നേരിടേണ്ടി വരുന്നത്. കേരളത്തിൽ സുശക്തമായ ജനകീയ അടിത്തറ ഉണ്ടെങ്കിലും ഒരു ദേശീയ പാർട്ടി എന്ന നിലയിൽ വ്യക്തിത്വം കാത്തുസൂക്ഷിക്കേണ്ടി വരുന്നതിന്റെ ജീവൻ മരണ പോരാട്ടം ആണ് ഈ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ പാർട്ടികളായസി. പി. എം, സി പി. ഐ എന്നീ പാർട്ടികൾ നേരിടുന്നത്.

ഭൂരിപക്ഷ ആളുകളും തൊഴിലാളികളായ നമ്മുടെ രാജ്യത്ത് ഒരു തൊഴിലാളി വർഗ പാർട്ടിയായ സി പി. എം ന് എന്തുകൊണ്ട് വേരോട്ടം ശക്തമാക്കാൻ സാധിച്ചില്ല എന്ന സാഹചര്യം നമ്മൾ പരിശോധിക്കേണ്ടതാണ്. ഇന്ത്യൻ ജനതയുടെ സാംസ്കാരിക,ഭാഷ,പ്രാദേശിക വൈവിധ്യങ്ങൾ ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർന്നുവരുന്നതിന് വെല്ലുവിളി ഉയർത്തിയതായി കണക്കാക്കാം. ജന്മി കുടിയാൻ വ്യവസ്ഥയിൽ നിലനിന്നിരുന്ന സാമൂഹിക സാഹചര്യങ്ങളും തൊഴിലാളി പ്രസ്ഥാങ്ങളുടെയും തൊഴിലാളി യൂണിയനുകളുടെയും അഭാവവും കമ്മ്യൂണിസത്തിനുള്ള അടിത്തറ രാജ്യത്ത് വേരോടുന്നതിന് തടസമായി നിന്നതായി കാണാം. മറ്റു പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ചിന്ന ഭിന്നമായ തൊഴിലാളി പ്രസ്ഥാനങ്ങളും ഒരു ഏകികൃതമായ നേതൃത്വവും ഇല്ലാതിരുന്നതും മാർക്സിസ്റ്റ്‌ ആശയങ്ങൾ രാജ്യം ഒട്ടാകെ സ്വീകാര്യത ലഭിക്കാതിരിക്കുന്നതിന് കാരണമായിട്ടുണ്ട്. കോൺഗ്രസ്‌ പാർട്ടിയുടെ സുവർണ കാലഘട്ടത്തിൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വവും അവരുടെ സ്വാധീനവും മറ്റു പാർട്ടികൾ വളർന്നു വരുന്നതിന് ഒരു പരിധിവരെ തടസമായിട്ടുണ്ട്. കോൺഗ്രസ്‌ ദുർബലമായപ്പോൾ ഇടത് പക്ഷ പാർട്ടികൾ ശക്തി പ്രാപിക്കാതിരിക്കുവാൻ അത്തരം സ്ഥലങ്ങളിൽ വർഗീയ, പ്രാദേശിക കാഴ്ചപ്പാടുകളുള്ള പല പാർട്ടികളും ഉയർന്ന് വന്നതിന്റെ നേർ കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.

ഇ. എം. എസ് ഉൾപ്പെടെയുള്ള താത്വിക ആചാര്യന്മാർ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി പാർട്ടിയുടെ നയങ്ങളിൽ വെള്ളം ചേർക്കുന്നതിനു സമ്മതിച്ചിരുന്നില്ല. മറ്റുള്ള പാർട്ടികൾ പ്രാദേശിക സ്വാർത്ഥ വർഗീയ താല്പര്യങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചപ്പോൾ തത്വാധിഷ്ഠിത നിലപാടിൽ അടിയുറച്ച് മുന്നോട്ട് പോകുന്ന പാർട്ടി ആയിരുന്നു കമ്മ്യൂണിസ്റ്റ്‌ മാർക്സിസ്റ്റ്‌ പാർട്ടി. ഇന്ത്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെയും ജാതിമതങ്ങളുടെയും അഭിലാഷങ്ങളെയും ആശങ്കകളെയും ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടത് പല സ്ഥലങ്ങളിലും അവരുടെ സ്വാധീനത്തെ ദുർബലപ്പെടുത്തി. ആഴത്തിൽ വേരോടിയ ജാതി വ്യവസ്ഥയും സാമൂഹിക വിഭജനവും വർഗസമരത്തിൻ്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് കാര്യമായ വെല്ലുവിളികൾ ഉയർത്തി.

രണ്ട് പാർട്ടികളായി വേർപിരിഞ്ഞ സി. പി എം ഉം സി. പി. ഐ. ഉം ഒന്നാകാനുള്ള നിർദേശം പലപ്പോഴും ഉയർന്ന് വന്നിരുന്നു. ഈ നിർദ്ദേശം പതിറ്റാണ്ടുകളായി ഉണ്ടെങ്കിലും ആശയപരവും സംഘടനാപരവുമായ ഭിന്നതകൾ കാരണം യാഥാർത്ഥ്യമായില്ല. ഒരുപക്ഷേ ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും ഇടതുപക്ഷ മനോഭാവമുള്ള മറ്റു പാർട്ടികളും ഒന്നിക്കുന്ന സാഹചര്യം ഉണ്ടായാൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വർഗീയ പാർട്ടികളുടെയും ശക്തമായ സ്വാധീന വലയത്തിൽ നിന്ന് മധ്യവർഗത്തിന് ആശ്രയിക്കാൻ പറ്റുന്ന ഒരു പാർട്ടിയായി കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് ഉയരുവാൻ കഴിഞ്ഞേനെ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാധാന്യം അർഹിക്കുന്നത് പല രീതിയിലാണ്. ഇടത് പക്ഷ പാർട്ടികളുടെ പരാജയം പലപ്പോഴും പ്രാദേശിക മത വർഗീയ കോഓപ്പറേറ്റ് സ്വാധീനമുള്ള പാർട്ടികളുട വളർച്ചയ്ക്ക് കാരണം ആയേക്കും. ഇത്‌ ഭൂരിപക്ഷ മധ്യവർഗ ജനതയുടെ താല്പര്യ സംരക്ഷണത്തിന് അനുകൂലമല്ലാത്ത ഒരു സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുവാനുള്ള സാധ്യത ഒട്ടേറെയാണ്. അതുകൊണ്ടൊക്കെയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഇത്തരം സങ്കുചിത മനോഭാവം ഇല്ലാത്ത സ്ഥാനാർഥികൾക്കായിവോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത ഉയർന്ന് വരുന്നത്.

ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കാൻ വേണ്ട മാനദണ്ഡങ്ങളിൽ പലതും ഇടത് പക്ഷ പാർട്ടികൾക്ക് നിലവിലെ സാഹചര്യത്തിൽ നേടിയെടുക്കേണ്ടതുണ്ട്. 1964 ൽ ആശയപരമായ അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസ് പാർട്ടിയോടുള്ള നിലപാടും കാരണമാണ് ഇടതുപക്ഷ പാർട്ടികളിൽ വിള്ളൽ സംഭവിച്ചത്. അതിനുശേഷം 1980-കളിൽ പുനരേകീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഈ വിഷയത്തിൽ കൊണ്ടുവരാൻ ഇരു പാർട്ടികൾക്കും സാധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടി ആയി അംഗീകരിക്കണമെങ്കിൽ ഒരു സംസ്ഥാന പാർട്ടിയായി നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ പാർട്ടി അംഗീകരിക്കപ്പെടുകയോ അല്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ഏതെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ മൊത്തം വോട്ടിൻ്റെ 6% എങ്കിലും പാർട്ടിയുടെ സ്ഥാനാർഥികൾ നേടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് നാല് എംപിമാരെങ്കിലും വിജയിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ ലോക് സഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് സഖാവ് എ. കെ. ജി ആയിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക കക്ഷി ആയിരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തി ശോഷണത്തിന്റെ പ്രധാന കാരണം ഇടത് പക്ഷ ചിന്താഗതിയുള്ളവർ സി. പി. ഐ, സി. പി. എം., ആർ. എസ്. പി, ആർ. എസ്. പി (ലെനിനിസ്റ്റ് ), സി. പി. ഐ. (എം. എൽ ), തുടങ്ങിയ പാർട്ടികളായി വിഭജിച്ചതാണ്. ഒന്നിച്ചു നിന്നിരുന്നെങ്കിൽ വലതുപക്ഷ വർഗീയ മേൽകോയ്മയ്‌ക്കെതിരെ ഏറ്റവും ശക്തമായ ശബ്ദമാകാൻ കഴിയുന്നത് ഇടതുപക്ഷത്തിന് തന്നെയാണ് അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പ് നോക്കികാണുമ്പോൾ ഒരു ദേശീയ പാർട്ടിയായി സി. പി. എം നിലനിൽക്കേണ്ടതിന്റെ ആവശ്യകത ഏറി വരികയാണ്. സി. പി. എം പോലുള്ള ദേശീയ പാർട്ടികളുടെ ശോഷണം വഴി വയ്ക്കുന്നത് രാജ്യ താല്പര്യങ്ങൾക്കനുസരിച്ച് വികസനത്തിനുവേണ്ടിയും ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുവാനുമായുള്ള മുന്നേറ്റങ്ങളുടെ ശക്തിക്ഷയം ആണ്  . പ്രാദേശിക തലത്തിലുള്ള പാർട്ടികളുടെ വളർച്ചയും ഇതിന്റെ ഉപോൽപ്പന്നം ആണ്. പലപ്പോഴും പ്രാദേശിക സാമൂഹിക താല്പര്യങ്ങൾക്കപ്പുറം രാജ്യത്തിന്റെ പൊതു നിലപാടുകളെ വളർത്തി കൊണ്ടു വരാൻ പ്രാദേശിക പാർട്ടികൾക്കു കഴിയാറില്ല. ഈ സാഹചര്യമൊക്കെയാണ് ഒരു ദേശീയ പാർട്ടി ആയി സി. പി. എം നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് വിരൽ ചൂണ്ടുന്നത് .

യുഎഇയിൽ അടുത്ത ആഴ്ച കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് യുകെ മലയാളികളുടെ ചങ്കിടിപ്പ് ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ മഴയിൽ വിമാനഗതാഗതം ആകെ താറുമാറായിരുന്നു. ഇതിനെ തുടർന്ന് യുകെ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരുടെ യാത്രയാണ് തടസ്സപ്പെട്ടത്.

യു.എ.ഇ.യിൽ അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും മഴപെയ്യുമെന്ന് ദേശീയ കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത് . തിങ്കളാഴ്ച നേരിയ മഴയും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്രം നൽകുന്ന വിവരം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

പുതിയന്യൂനമർദം രൂപപ്പെടുന്നതുകൊണ്ട് ഒമാനിൽ 24 മുതൽ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാലാവസ്ഥയിൽ വലിയമാറ്റം സംഭവിക്കുമെന്ന് കാലാവസ്ഥാകേന്ദ്രം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഖാദൂരി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത പേമാരിയിൽ ഒമാനിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്. യു.എ.ഇ.യിൽ നാലുപേരും മരിച്ചു .

രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് ഭരണ തുടർച്ച കിട്ടിയത് കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഇടതുമുന്നണിക്കാണ് . എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഒട്ടേറെ പ്രശ്നങ്ങളെയാണ് അവർ അഭിമുഖീകരിക്കുന്നത്. ഒന്നാമത് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തന്നെ. ക്ഷേമ പെൻഷനും സപ്ലൈകോയും തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ സർക്കാരിനെതിരെയാണ് ജനം. കേരളത്തിലെ പ്രധാന എതിരാളിയായ കോൺഗ്രസിന്റെ തന്നെ മുന്നണിയുടെ ഭാഗമായാണ് കേരളത്തിലും വെളിയിലുമുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കേണ്ടി വരുന്നതെന്ന വിരോധാഭാസം ജനങ്ങളെ എങ്ങനെ ബോധിപ്പിക്കും എന്ന കാര്യം എൽഡിഎഫിനെ പോലെ തന്നെ യുഡിഎഫിനെയും വേട്ടയാടുന്നുണ്ട്.

ഒരു പരിധിവരെ അഴിമതി വിരുദ്ധ പ്രതിച്ഛായ നിലനിർത്തിയിരുന്ന ഇടതുപക്ഷത്തിനെ സംബന്ധിച്ചിടത്തോളം നിലവിൽ കേൾക്കുന്ന വാർത്തകൾ നല്ലതല്ല. കരവന്നൂർ സഹകരണ ബാങ്ക് ഇടപാടുകളുടെ പേരിലുള്ള ഇ ഡി അന്വേഷണവും തൃശ്ശൂർ ജില്ലയിലെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെയുള്ള ആരോപണങ്ങളുമെല്ലാം എതിർപക്ഷങ്ങൾ വാർത്തയാക്കി കൊണ്ടിരിക്കുകയാണ്.

പക്ഷേ കഴിഞ്ഞ ലോക്സഭാ ഇലക്ഷനേക്കാൾ എൽഡിഎഫിന് കൂടുതൽ സീറ്റ് കിട്ടാനുള്ള സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ വിലയിരുത്തുന്നത്. ബെർമിംഗ്ഹാം മലയാളിയും കോൺഫിഡൻസ് ഗ്രൂപ്പിന്റെ സിഇഒയും കേരളത്തിൽ തൃശൂർ സ്വദേശിയുമായ മാർട്ടിൻ കെ ജോസഫ് ഇടതുപക്ഷ സഹയാത്രികനാണ്. സ്വർഗീയശക്തികൾ പരാജയപ്പെട്ട് ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടതിൻ്റെ ആവശ്യകതയാണ് മാർട്ടിൻ വ്യക്തമാക്കിയത്.

ചുവരെഴുത്ത്

മലയാളം യുകെയുടെ അസോസിയേറ്റ് എഡിറ്റർ   ഷിബു മാത്യു തൻറെ കേരള സന്ദർശനത്തിൽ കേരള സർക്കാരിനെതിരെയുള്ള ഭരണപക്ഷ വികാരത്തെ കുറിച്ച് അറിയപ്പെടുന്ന ഒരു ഇടതുപക്ഷ സഹയാത്രികനുമായി ചർച്ച നടത്തിയിരുന്നു. ഭരണവിരുദ്ധ വികാരത്തെ കുറിച്ച് പ്രതിപക്ഷത്തേക്കാളും കൂടുതൽ ബോധവാന്മാരാണ് ഭരണത്തെ നയിക്കുന്ന സിപിഎം എന്നാണ് അദ്ദേഹത്തിന് കിട്ടിയ മറുപടി . അടുത്ത നിയമസഭാ ഇലക്ഷനിലെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ആത്മവിശ്വാസം നിറഞ്ഞതായിരുന്നു. അടുത്ത നിയമസഭയും എൽഡിഎഫ് ഭരിക്കും. അതിനുള്ള ചരടു വലികൾ തുടങ്ങി കഴിഞ്ഞു. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞുള്ള രാഷ്ട്രീയ കോളിളക്കത്തിൽ ലീഗ് ഇടതുപക്ഷത്തിൻ്റെ ഭാഗമാകാനുള്ള സാധ്യതയാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടി കാണിച്ചത്. അതെ ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗമായി നിലനിൽക്കും. പക്ഷേ അധികം താമസിയാതെ മുസ്ലീം ലീഗ് കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമായേക്കാം

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ മരണം കൊലപാതകം. പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയും പ്രതിയും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു.മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. ഇയാൾ മറ്റൊരു വിവാഹം കഴിച്ചെങ്കിലും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്.

കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ വിവരം പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരം; രണ്ടു പേരുടെയും പ്രസ്താവന
തയാറാക്കുന്നത് ഒരേ സ്ഥലത്ത്; പിണറായിയ് ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ടു പേരുടെയും പ്രസ്താവന തയാറാക്കുന്നത് ഒരേ സ്ഥലത്താണെന്നും ആരോപിച്ചു. മുസ്ലിം ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധംദേശീയതലത്തിൽ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന് കേരളത്തിൽ മാത്രമല്ല കോൺഗ്രസുമായി ബന്ധമുള്ളത്. ഇന്ത്യ മുന്നണിയിലും അംഗമാണ്. നാല് പതിറ്റാണ്ടുകാലമായി യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് മുസ്ലിംലീഗ്. ആ ബന്ധം മറച്ചുവയ്ക്കേണ്ട ആവശ്യം കേരളത്തിലെയോ ദേശീയതലത്തിലെയോ കോൺഗ്രസിനില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപം ഉന്നയിച്ച് മണിക്കൂറുകൾക്കകം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അതേ ആരോപണം ഉന്നയിച്ചത് അദ്ഭുതകരമാണെന്ന് സതീശൻ കൂട്ടിച്ചേർത്തു. സ്മൃതി ഇറാനിക്കും പിണറായി വിജയനും ഒരേ സ്വരവും ഒരേ വാദങ്ങളുമാണ്. രണ്ടു പേരുടെയും പ്രസ്താവന ഒരു സ്ഥലത്താണോ തയാറാക്കിയതെന്ന് സംശയം തോന്നുന്ന തരത്തിലാണ് രാഹുൽ ഗാന്ധിക്കെതിരായ ആക്ഷരപം. രാജ്യത്താകെ സഞ്ചരിച്ച് രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിയാൻ ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്ന ആളാണ് സ്മൃതി ഇറാനി. ബിജെപി നേതൃത്വം ചെയ്യുന്നതു പോലെ തന്നെ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ആളായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ പ്രതീക്ഷയും ശക്തിയുമാണ് രാഹുൽ ഗാന്ധി. രാഹുൽ ഗന്ധിയെ ആക്ഷേപിച്ചാൽ ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താമെന്നും അതിലൂടെ ബിജെപിയുടെ പ്രീതി സമ്പാദിക്കാനുമാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. മാസപ്പടിയും കരുവന്നൂർ കൊള്ളയും ഉൾപ്പെടെ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെട്ട അഴിമതി കേസുകൾ അന്വേഷിക്കുമെന്ന ഭീതിയിലാണ് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകളുമായി പിണറായി വിജയൻ രംഗത്തിറങ്ങിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved