വീഡിയോ ഗാലറി

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തുർക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്നത് അതാതു രാജ്യങ്ങളിൽ വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. തുർക്കിയിലേയ്ക്ക് അയച്ച പ്ലാസ്റ്റിക് മാലിന്യം റോഡുകളിലും വയലുകളിലും ജലപാതകളിലും ചിതറിക്കിടക്കുന്നത് ഗ്രീൻപീസ് പ്രവർത്തകർ കണ്ടെത്തി. പുനരുപയോഗത്തിനെന്ന പേരിൽ കയറ്റി അയക്കുന്ന പ്ലാസ്റ്റിക്കിൻെറ നല്ലൊരു ശതമാനവും പുനരുപയോഗ സാധ്യതയില്ലാത്തതാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ.

കോവിഡ് 19 ആൻറിജൻ പരിശോധനയ്ക്കുള്ള പാക്കേജിങ് യുകെയിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള പ്ലാസ്റ്റിക് ബാഗുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയതാണ് ഗ്രീൻപീസിൻെറ റിപ്പോർട്ടിലുള്ളത് . 2020 യുകെയുടെ പ്ലാസ്റ്റിക് മാലിന്യ കയറ്റുമതിയുടെ 40 ശതമാനം അതായത് 2,10,000 ടൺ തുർക്കിയിലേയ്ക്കാണ് കയറ്റി അയച്ചത് . യൂറോപ്പിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപ കേന്ദ്രമായി തുർക്കി മാറുകയാണെന്ന് ഗ്രീൻപീസിൻെറ റിപ്പോർട്ട് മുന്നറിയിപ്പ് നൽകി . 3000 കിലോമീറ്റർ അകലെയുള്ള യുകെയിലെ സൂപ്പർമാർക്കറ്റുകളിലെ പ്ലാസ്റ്റിക് മാലിന്യം തുർക്കിയിലെ തെരുവുകളിൽ കത്തിക്കുന്നത് അതിഭീകരമാണെന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിൻെറ മുന്നണിപ്പോരാളിയും ഗ്രീൻപീസ്, യുകെ പ്രവർത്തകയുമായ നീന സച്ചരങ്ക പറഞ്ഞു .അമേരിക്കയ്ക്ക് തൊട്ടുപിന്നിലായി ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രിട്ടൻ.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ചില്ലറയല്ല. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ 300 വർഷത്തെ ഏറ്റവും വലിയ തകർച്ചയായ 9.9 ശതമാനമാണ് കോവിഡ്-19 നെ തുടർന്നുള്ള ലോക്ക്ഡൗണിലൂടെ സംഭവിച്ചത് . എന്നാൽ ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിന് വാക്സിൻ നൽകുകയും ലോക് ഡൗണിന് ശേഷം വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തതോടുകൂടി ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഉണർവ്വായ 7.25 ശതമാനമാണ് ഉണ്ടായിരിക്കുന്നത്. ഈ ഉണർവ്വ് നിലനിർത്താനുള്ള കഠിന പ്രയത്നത്തിലാണ് തങ്ങളെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ ആൻഡ്രൂ ബെയ്‌ലി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 70 വർഷത്തിനിടയിൽ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ 7 ശതമാനത്തിലധികം വളർച്ച നേടുന്നത് ആദ്യമാണ്. വ്യാപകമായി കോവിഡ് വാക്സിൻ നൽകിയതിനെ തുടർന്ന് ഉപഭോക്താക്കളിൽ ഉണ്ടായ ആത്മവിശ്വാസവും, ജോലികൾ സംരക്ഷിക്കുവാൻ ഗവൺമെൻറിൻറെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളുമാണ് സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകിയതെന്നാണ് നിരീക്ഷണം

ന്യൂസ് ഡെസ്ക് മലയാളം യുകെ

വരുന്ന സെപ്റ്റംബർ മുതൽ യുകെയിലെ പെട്രോൾ ഗുണനിലവാരത്തിൽ വളരെ നിർണായകമായ മാറ്റം ഉണ്ടാവുകയാണ്. E5 ഫ്യൂവലിൽ നിന്ന് E 10 ഫ്യൂവലിലേയ്ക്ക് യുകെ മാറുകയാണ്. E 10 പെട്രോൾ 10 ശതമാനത്തോളം റിന്യൂവബിൾ എനർജിയും E 5 പെട്രോൾ 5% റിന്യൂവബിൾ എനർജിയുമാണ് ഉപയോഗിക്കുന്നത്. E 10 പെട്രോൾ കാർബൺ മോണോക് സൈഡ് പുറന്തള്ളുന്നത് കാര്യമായി കുറയ്ക്കുമെന്നാണ് മേന്മ . ഈ മാറ്റം പരിസ്ഥിതിയെ സംരക്ഷിക്കാനും, കാലാവസ്ഥ മാറ്റത്തിൻ്റെ പരിണിത ഫലങ്ങൾ കുറയ്ക്കാനുള്ള യു കെ യുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്യും.

എന്നാൽ എല്ലാ കാറുകളിലും E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കില്ല . 2011 നു ശേഷം നിർമ്മിച്ച എല്ലാ കാറുകളിലും 2000ത്തിനുശേഷം നിർമ്മിച്ച ഭൂരിഭാഗം കാറുകളിലും E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കും . E 5 പെട്രോൾ തുടർന്നും തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ സ്റ്റേഷനുകളിൽ ലഭ്യമാണെങ്കിലും ഫുൾ ടാങ്ക് പെട്രോളിന് 8 പൗണ്ടോളം അധികം ചിലവഴിക്കേണ്ടി വരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആകസ്മികമായി E 5 പെട്രോളിന് പകരം E 10 പെട്രോൾ ഉപയോഗിച്ചാലും സ്ഥിര ഉപയോഗം എൻജിൻ തകരാറിന് കാരണമാകും. നമ്മുടെ ‘വാഹനങ്ങൾ E 10 പെട്രോൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് അറിയാൻ ഗവൺമെൻറ് ഓൺലൈൻ സർവീസ് ആരംഭിച്ചിട്ടുണ്ട് . താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വാഹനത്തിൽ E 10 പെട്രോൾ ഉപയോഗിക്കാമോ എന്ന് പരിശോധിക്കാം.

https://www.gov.uk/check-vehicle-e10-petrol

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മഹാമാരി ലോകമാകെ പടർന്നു പിടിച്ചതോടുകൂടി അത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സാമ്പത്തിക വിദ്യാഭ്യാസ മേഖലകളെയാണ് . ബ്രിട്ടീഷ് സർക്കാർ കുട്ടികളെ തിരികെ സ്കൂളുകളിൽ കൊണ്ടുവരുന്നതിൽ മുൻഗണന നൽകിയെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഒരുവർഷത്തിലേറെയായി കുട്ടികൾ വീട്ടിലാണ്. യുകെയിൽ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ട അധ്യയന ദിനങ്ങൾ എങ്ങനെ വീണ്ടെടുക്കാം എന്ന ചിന്തയിലാണ് അധികൃതർ.

വേനലവധിക്കാലത്ത് മുഖാമുഖമുള്ള സ്കൂൾ ദിനങ്ങൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആഴ്ചകൾ തോറും പ്രത്യേക ട്യൂഷൻ ക്ലാസുകൾ, പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ വീണ്ടും അതേ ക്ലാസ്സിൽ തന്നെ പഠിപ്പിക്കുക, സ്കൂൾ ദിനങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിക്കുക, കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിലൂടെ കൂടുതൽ അറിവ് നേടാനുള്ള കഴിവ് ആർജിക്കുക തുടങ്ങിയ അഞ്ചിന പദ്ധതികളാണ് വിദ്യാഭ്യാസ വിദഗ്ധർ ഗവൺമെൻ്റിന് മുൻപിൽ വച്ചിട്ടുള്ളത്.

പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസ് കയറ്റം നൽകാതിരിക്കുക എന്നത് യുഎസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും യുകെയിൽ പതിവില്ല. മാത്രമല്ല ക്ലാസ് കയറ്റം നൽകാത്ത ഒരു കുട്ടിയ്ക്കായി ഗവൺമെൻറ് 6000 പൗണ്ടോളം അധികം കണ്ടെത്തേണ്ടിവരും. എന്തായാലും നഷ്ടപ്പെട്ട സ്കൂൾ ദിനങ്ങൾ തിരിച്ചുപിടിക്കാനായി ഗവൺമെൻറ് വൻതോതിൽ തുക വകയിരുത്തിയെങ്കിലും പദ്ധതികൾ നടപ്പാക്കാൻ അധ്യാപക സംഘടനകളുടെയും, സ്കൂളുകളുടെയും സഹകരണം ആവശ്യമാണ്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

സമൂഹമാധ്യമങ്ങളിലൂടെ ആകർഷകമായ ഉത്പന്നങ്ങളുടെ പരസ്യം ചെയ്ത് പണം തട്ടിയെടുക്കുന്നതായുള്ള പരാതി വ്യാപകമാവുന്നു.499, 399, 299 തുടങ്ങിയ ആകർഷകമായ വിലയിടുന്ന ഉത്പന്നങ്ങൾ ഇതുവരെ ആർക്കും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. എല്ലാവരും ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്കിലൂടെ വരുന്ന പരസ്യങ്ങൾ വിശ്വസനീയമാണെന്ന് തെറ്റിദ്ധരിച്ചാണ് മലയാളികൾ ചതിക്കുഴിയിൽ വീഴുന്നത് . 399 രൂപയ്ക്ക് ലഭിക്കുന്ന എയർ സോഫയുടെ പരസ്യത്തിലാണ് കൂടുതൽ ആൾക്കാർ കബളിക്കപ്പെട്ടതായി മലയാളംയുകെയ്ക്ക് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓർഡർ ചെയ്ത് കഴിഞ്ഞാൽ പെയ്മെൻറ് റെസിപ്റ്റ് അയച്ചു തരുമെങ്കിലും പിന്നീട് യാതൊരുവിധ കമ്മ്യൂണിക്കേഷനും ഉണ്ടാവുകയില്ല. ലഭ്യമായതിലും കുറഞ്ഞവിലയ്ക്ക് പരസ്യങ്ങൾ വരുമ്പോൾ കബളിക്കപ്പെടാനുള്ള സാധ്യത ഉണ്ടെന്നുള്ളത് ഓൺലൈൻ സാധനങ്ങൾ മേടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. വിശ്വസനീയമായ വെബ്സൈറ്റുകളിൽ നിന്ന് മാത്രം ഓൺലൈൻ പർച്ചേസിന് വേണ്ടി ഉപയോഗിക്കുക.

ഇങ്ങനെയുള്ള സൈറ്റുകളിലേയ്ക്ക് ഓൺലൈനായി പണം അടയ്ക്കുമ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ തീരുമാനമായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ നീക്കത്തിലൂടെ രാജ്യത്തെ കീഴടക്കിയേക്കാവുന്ന ഒരു മൂന്നാം തരംഗത്തെ ഒഴിവാക്കാം എന്നാണ് കരുതുന്നത്. വേനൽക്കാലത്തിന് ശേഷം സെപ്റ്റംബറിൽ ക്ലാസിലേയ്ക്ക് മടങ്ങുമ്പോൾ സ്കൂൾ കുട്ടികൾക്ക് ഒരു ഡോസ് വാക്‌സിൻ നൽകാനുള്ള തീരുമാനത്തിൻെറ കോർ പ്ലാനിങ് ചോർന്നതിലൂടെയാണ് വിവരം പുറത്തായത് . പ്രായമായവരേക്കാൾ കുട്ടികൾക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും കുട്ടികൾ വഴിയായി വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യതയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനത്തിന് പിന്നിൽ.

ഇതിനിടെ യുകെയിൽ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ ലഭിച്ചവരുടെ എണ്ണം 11 ദശലക്ഷം കടന്നു. കോവിഡ് മഹാമാരിയുടെ പ്രയാസങ്ങൾ വളരെയധികം ഏറ്റു വാങ്ങിയ ഒരു രാജ്യമായിരുന്നു യുകെ എന്നാൽ യുദ്ധകാല അടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയും ലോക് ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചു. യുകെയിലെ മലയാളികളിൽ ഒട്ടുമിക്കവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ യുദ്ധം രാജ്യം ജയിച്ചത് യുകെ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടമായി. അധികം താമസിയാതെ കോവിഡിൽ നിന്നും ലോക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും രാജ്യം മുക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് ടെലികോം മേഖലയിലെ തന്നെ ഏറ്റവും വലിയ ചുവടുവയ്പ്പായി വിശേഷിപ്പിക്കാവുന്ന വെർജിൻ മീഡിയായും 02വും തമ്മിലുള്ള ലയനത്തിന് യുകെയിലെ കോമ്പറ്റീഷൻ വാച്ച് ഡോഗിന്റെ അംഗീകാരമായി. ബ്രിട്ടീഷ് ടെലികോമിന് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ലയനത്തിനെതിരെ കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ് അതോറിറ്റി കഴിഞ്ഞ ഡിസംബറിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 02 വിന് 34 മില്യൺ മൊബൈൽഫോൺ ഉപഭോക്താക്കളും വെർജിൻ മീഡിയായ്ക്ക് 6 മില്യൺ ബ്രോഡ്ബാൻഡ്, കേബിൾ ടിവി ഉപഭോക്താക്കളും ഉണ്ട്. 02 ആണ് ടെസ്കോ മൊബൈൽ, ഗിഫ് ഗാഫ്, സ്കൈ മൊബൈൽ തുടങ്ങിയ മൊബൈൽഫോൺ സേവനദാതാക്കൾക്കും നെറ്റ്‌വർക്ക് നൽകുന്നത്. വെർജിൻ ആണ് വോഡഫോൺ, ത്രീ മൊബൈൽ തുടങ്ങിയവയ്ക്കുള്ള ബ്രോഡ്ബാൻഡ് ലീസ്‌ഡ് ലൈൻ നൽകുന്നത്.

02 വും വെർജിനും തമ്മിലുള്ള ലയനം ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രോഡ്ബാൻഡ്, മൊബൈൽഫോൺ മേഖലയിലെ വലിയ രണ്ട് കമ്പനികൾ തമ്മിൽ ലയിക്കുമ്പോൾ മാർക്കറ്റിലെ മത്സരവും, ഗുണനിലവാരവും കാര്യമായി കുറയുന്നത് ഉപഭോക്താക്കൾക്ക് ദോഷകരമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആധുനിക ജീവിതത്തിലെ ഏറ്റവും ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മൊബൈൽഫോൺ മാറിയിട്ടുണ്ട്. മലയാളികൾ അടക്കമുള്ള മാതാപിതാക്കൾ കുട്ടികൾ ഹൈസ്കൂളിൽ എത്തുന്നതോടു കൂടി സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കുകയാണ് പതിവ്. അടിയന്തര സാഹചര്യങ്ങളിലും മറ്റും മാതാപിതാക്കളെ ബന്ധപ്പെടാനായാണ് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതെങ്കിലും കുട്ടികൾ ഫോണുകൾ കൂടുതലും ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയിലെ ഇടപെടലുകൾക്കാണ്. ഇതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ .

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സൈബർ ബുള്ളിഗിനും, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗത്തിനും കാരണമാകുന്നുണ്ട്. ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതിനാൽ സ്കൂളുകളിൽ മൊബൈൽഫോൺ നിരോധിക്കണമെന്നാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ പക്ഷം. എന്നാൽ ഓരോ സ്കൂളുകൾക്കും ഇക്കാര്യത്തിൽ സ്വന്തമായി തീരുമാനം എടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടികൾ സാമൂഹ്യമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഭാവിയിൽ അവരുടെ തൊഴിൽസാധ്യതകളെ ബാധിച്ചേക്കാം. പഴയ ട്വീറ്റുകളും ഫേസ്ബുക്കിൽ രേഖപ്പെടുത്തുന്ന  കമൻറുകളും ഭാവിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കാനും വിലയിരുത്താനും ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് . നേരിട്ട് കുറ്റകൃത്യത്തിൻെറ വിഭാഗത്തിൽ പെടുന്നില്ലെങ്കിൽ പോലും മതം, വംശം, ലിംഗമാറ്റം തുടങ്ങിയ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തിയ 16 വയസ്സിൽ താഴെയുള്ളവരുടെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡെയിലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. അതായത് ഒരു വ്യക്തി നേരിട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ പോലും സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഭാവിയിൽ ആ വ്യക്തിയുടെ കരിയറിനെ അപകടത്തിലാക്കാം.

ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ അഥവാ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വൻകിട കമ്പനികൾ തങ്ങളുടെ ഉദ്യോഗാർത്ഥികളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെക്കുറിച്ച് വിലയിരുത്തൽ നടത്തുന്ന കാര്യം നേരത്തെ തന്നെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ഉദ്യോഗാർത്ഥികൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ മാത്രമല്ല അവർ അംഗമായിരിക്കുന്ന വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, ആരെ ഫോളോ ചെയ്യുന്നതുൾപ്പെടെ വിശകലനം ചെയ്യപ്പെട്ടേക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ്-19 ന്റെ രണ്ടാം വ്യാപനത്തിന് ശമനം ഉണ്ടായതോടു കൂടി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് സർക്കാർ. കോവിഡ് -19 ന്റെ വരവോടുകൂടി ഏറ്റവുമധികം തിരിച്ചടികൾ നേരിട്ട ഒരു മേഖലയാണ് വ്യോമയാന രംഗം. അതിനാൽ തന്നെ വ്യോമയാന രംഗത്തെ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ ബ്രിട്ടീഷ് സർക്കാരിന്റെ പ്രഥമ പരിഗണനയിലാണ്. അതിന്റെ ഭാഗമായി മെയ് -16ന് ശേഷം ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റെയിൻ ആവശ്യമായി വരില്ല. എന്നാൽ യാത്രയ്ക്ക് മുൻപും പിൻപുമുള്ള കോവിഡ് ടെസ്റ്റ് നിർബന്ധമാണ്.

നിലവിൽ അടിയന്തര സാഹചര്യത്തിൽ മാത്രമേ വിദേശ യാത്രകൾ ചെയ്യാൻ അനുമതിയുള്ളൂ. എന്നാൽ കോവിഡ് ടെസ്റ്റിനുള്ള ചിലവ് ഫ്ലൈറ്റ് ടിക്കറ്റിനേക്കാൾ കൂടുതലാണെന്നുള്ള പരാതി ഈസി ജെറ്റ് മേധാവി ജോഹൻ ലുൻഡ്ഗ്രിനിനെ പോലുള്ളവർ ഉന്നയിച്ചിട്ടുണ്ട്. ഒരു കോവിഡ് ടെസ്റ്റിനുള്ള ചിലവ് 200 പൗണ്ട് വരെയാകാം. ചിലവ് കുറഞ്ഞ ലാറ്ററൽ ഫ്ലോ ടെസ്റ്റ് നടത്തിയാൽ മതിയാകുമെന്നാണ് വ്യോമയാന മേഖലയിലുള്ള കമ്പനികളുടെ ആവശ്യം. ഈ ആവശ്യത്തോട് അനുഭാവപൂർണമായ പ്രതികരണമാണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved